Saturday, January 10, 2009

സാംസ്‌കാരിക ബമ്പര്‍ : bumber

“ഗാന്ധര്‍വ്വം ചേഹ നാട്യം ച
യഃ സ‌മ്യക് പരിപാലയേത്
ലഭതേ സദ്‌ഗതിം പുണ്യാം
സമം ബ്രഹ്മര്‍ഷിഭിര്‍ നരഃ “
[സംഗീതത്തേയും നാട്യത്തേയും ആരാണോ വേണ്ടതുപോലെ പരിപാലിക്കുന്നത് ആ ആള്‍ക്ക് ബ്രഹ്മര്‍ഷികളെപ്പോലെ പുണ്യമായ സദ്‌ഗതി ലഭിക്കും]

ഇത് ഞാന്‍ പറഞ്ഞതല്ല. നമ്മുടെ സാംസ്കാരിക ബമ്പര്‍ ഭാഗ്യക്കുറിയുടെ പരസ്യത്തില്‍ കണ്ടതാണ്. ഇന്ത്യയിലാദ്യമായി കലാ-സാംസ്കാരിക മേഖലകളീലെ പ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തുന്ന ക്ഷേമനിധിയുടെ ധനശേഖരണാര്‍ത്ഥം നടത്തുന്ന ബമ്പര്‍ഭാഗ്യക്കുറിയുടെ വില്പന ഇന്നു മുതല്‍ ആരംഭച്ചിരിക്കൂന്നു. ടിക്കറ്റ് വില വെറും നൂറു രൂപ. ഒന്നാം സമ്മാനമോ രണ്ടു കോടിരൂപ.നിങ്ങള്‍ക്ക് പതിനായിരം രൂപയുടെ ടിക്കറ്റ് വാങ്ങണമെങ്കില്‍ അത് ചലിച്ചിത്രതാരങ്ങള്‍ നേരിട്ട് തരും എന്നാണ് പരസ്യത്തില്‍പറയുന്നത്. അങ്ങനെ നമ്മുടെ കേരളം ക്ഷേമനിധിത്തുടങ്ങാനും ലോട്ടറിതുടങ്ങി ചരിത്രം സൃഷ്ടിച്ചിരിക്കൂന്നു. ആരാണ് പറഞ്ഞത്കേരളത്തില്‍ നിന്ന് നൂതന ആശയങ്ങള്‍ ഒന്നും വരുന്നില്ലന്ന് ?????

2005 ല്‍ നടത്തിയ സ്പോര്‍ട്സ് ലോട്ടറിയുടെ നറുക്കെടുപ്പ് കഴിഞ്ഞതുമുതല്‍ കേരളത്തിലെ കായികപ്രേമികള്‍ ഒരു ഒളിമ്പിക്സ് മെഡല്‍ സ്വപ്നം കണ്ടതാണ് . സ്പോര്‍ട്സ് ലോട്ടറി നടത്തിയപ്പോള്‍ എന്തല്ലാമാണ് പറഞ്ഞത് . കേരളത്തില്‍ സ്പോര്‍ട്സ് അങ്ങനെ വികസിച്ച് വികസിച്ച് മാനം മുട്ടുമെന്നൊക്കെയാണ് പറഞ്ഞത് . ലോട്ടറിയുടെ പിരിവും കഴിഞ്ഞു കാശും തീര്‍ന്നുഎന്നു പോലല്ലേ കാര്യങ്ങള്‍ ഇപ്പോഴും. ഇപ്പോഴും നമ്മുടെ കുട്ടികള്‍ ലോക്കല്‍ കമ്പാര്‍ട്ടുമെന്റില്‍ കയറി അന്യനാടുകളില്‍ പോയിസമ്മാനം വാങ്ങുന്നു. റോഡില്‍ക്കൂടി ഓറ്റി പരിശീലിക്കുന്നു. 2008 ല്‍ ഒരു ഒളിമ്പിക്സ് മെഡല്‍ ആയിരുന്നു സ്പോര്‍ട്സ് ലോട്ടറിയുടെ ലക്ഷ്യം . നമ്മുടെ ആ മെഡല്‍ ബിന്ദ്ര വെടിവച്ചിട്ടപ്പോള്‍ നമ്മുടെ സ്പോര്‍ട്സ് ലോട്ടറി ആളുകള്‍ ബിന്ദ്രചേട്ടനെ കേരളത്തില്‍ കൊണ്ടുവന്ന് ഉപഹാരം കൊടുത്തീല്ലേ. ഒളിമ്പിക്സില്‍ പങ്കെടുത്ത കേരളതാരങ്ങള്‍ക്ക് പിന്നീട് സ്വീകരണം നല്‍കുമെന്ന് അവര്‍വലിയ വാഗ്‌ദാനം നല്‍കിയില്ലേ ? ഈ വാഗ്‌ദാനം പോരെ നമ്മുടെ നാട്ടിലെ സ്പോര്‍ട്സിന് ???

സ്പോര്‍ട്സ് ലോട്ടറിക്കഴിഞ്ഞപ്പോള്‍ അതാ വരുന്നു അടുത്ത ലോട്ടറി. മുഖ്യമന്ത്രിയുടേ ദുരിതാശ്വാസനിധി ലോട്ടറി. ലോട്ടറിക്കഴിഞ്ഞതില്‍ പിന്നെ ആരുടെയെങ്കിലും ഒക്കെ ദുരിതത്തിന് ആശ്വാസമായോ എന്നറിയില്ല. ഭാരിച്ച കാര്യങ്ങള്‍ അന്വേഷിക്കേണ്ട എന്നാണല്ലോ ? സുനാമിയില്‍ തകര്‍ന്ന വീടുകള്‍ ഇപ്പോഴും നിര്‍മ്മിച്ചിട്ടില്ലന്നാണ് പറയുന്നത്. കഴിഞ്ഞില്ല അടുത്ത ബമ്പര്‍ എത്തി ഉടനെ. ലക്ഷം വീട് പുനരുദ്ധാരണ ലോട്ടറി. ലോട്ടറിയുടെ നറുക്കെടുപ്പ് കഴിഞ്ഞിട്ടും ലക്ഷം വീട് ഇപ്പോഴും ലക്ഷം വീടായിതന്നെ നിലനില്‍ക്കുന്നുണ്ട്. ലക്ഷം വീട് പുനരുദ്ധരിച്ചില്ലങ്കിലും മന്ത്രിമന്ദിരങ്ങളുടെ പുനരുദ്ധാരണം മുറയ്ക്ക് നടക്കുന്നുണ്ട്. രാജാവ് നന്നായിട്ടുവേണമല്ലോ പ്രജകളെ നന്നാക്കാന്‍ !!!! പിന്നെയും വന്നു അടുത്ത ലോട്ടറി. സഹകരണ ലോട്ടറി. സഹകരണ മേഖലയെ താങ്ങാന്‍ ഒരു കൊച്ചു കൈതാങ്ങല്‍ . എല്ലാ ലോട്ടറികളും നന്നായി വിറ്റുപോയി. കാരണം വില്പന സ്ഥലങ്ങളുടെ തിരഞ്ഞെടുപ്പ് തന്നെ. പോലീസ് സ്റ്റേഷന്‍ , സഹകരണ സ്റ്റോറുകള്‍ , പഞ്ചായത്ത് ,വില്ലേജ് ഓഫീസുകള്‍,ട്രഷറികള്‍ ... തുടങ്ങി സാധാരണക്കാരന്‍ ചെന്നുകയറുന്നിടത്തെല്ലാം ലോട്ടറി കച്ചവടം പൊടിപോടിച്ചു.

അവസാനം സാം‌സ്കാരിക ബമ്പറും എത്തി. സാം‌സ്കാരിക ബമ്പറിന്റെ പരസ്യത്തില്‍ സിനിമാക്കാരുടെ നിര തന്നെയുണ്ട്. ഈ സിനിമാക്കാര്‍ തങ്ങളില്‍ അവശത ബാധിച്ചവരെ സഹായിക്കാനല്ലേ 20-20 ഉണ്ടാക്കിയത്. ഒരു കോടി രൂപ ‘അമ്മ’യ്ക്ക് കൊടുത്താണത്രെ ദിലീപ് സിനിമ നിര്‍മ്മിച്ചത് . അതില്‍ നിന്ന് കിട്ടിയ ലാഭമെടുത്ത് ഈ കലാ-സാംസ്കാരിക കേരളത്തിനൊരു കൈത്താങ്ങ്നടത്തിക്കൂടെ ??? അല്ലങ്കില്‍ നമ്മുടെ സാംസ്കാരിക വകുപ്പിനുതന്നെ സിനിമയോ , സീരിയലോ, ഡാന്‍‌സോ, നാടകമോ ഒക്കെനിര്‍മ്മിച്ച് കളിച്ചുകൂടെ ???? ഭാഗ്യക്കൂറി എന്ന ആശയം നല്ലതുതന്നെ അതിന്റെ വില്പനയാണ് പ്രശ്നം... സര്‍ക്കാര്‍ ഓഫീസുകള്‍മാര്‍ച്ച് 8 വരെ ലോട്ടറി വില്പനംകേന്ദ്രങ്ങള്‍ ആകും എന്നതില്‍ സംശയമില്ല.

ഏതായാലും സാംസ്കാരിക ലോട്ടറി വില്‍ക്കാന്‍ സിനിമാതാരങ്ങള്‍ റോഡ് ഷോകള്‍ ഒക്കെ നടത്തുന്നുണ്ടത്രേ. മമ്മൂട്ടി 5000 ടിക്കറ്റുകള്‍ ഉദ്ഘാടനവില്പനസമയത്ത് തന്നെയെടുത്തു. അതുപോലെ ബാക്കിയുള്ളവരും അതില്‍ പങ്കാളികള്‍ ആകുമത്രെ!!സ്പോര്‍ട്സ് ലോട്ടറിപോലയോ ,ദുരിതാശ്വാസനിധി ലോട്ടറി പോലയോ ഈ ലോട്ടറിയും ആകാതിരുന്നാല്‍ മതി.(ലോട്ടറിയുടെനടത്തിപ്പല്ല.. ലക്ഷ്യപ്രാപ്തിയാണ് )

സൂപ്പര്‍ ലോട്ടറി :
നഷ്ടത്തിലോടുന്ന നമ്മുടെ കോര്‍പ്പറേഷനുകളെ രക്ഷപ്പെടുത്താനും ഒരു ലോട്ടറി‌ വേണം. എല്ല്ലാ ക്ഷേമനിധികളുടേയും ധനശേഖരണാര്‍ത്ഥം ഓരോരോ ലോട്ടറികൂടി നടത്തിയാല്‍ നന്നായിരിക്കും. ലൈഗിംക തൊഴിലാളികള്‍ക്ക് ക്ഷേമനിധി തുടങ്ങാനും അതിനു ലോട്ടറി തുടങ്ങാനും ആ ലോട്ടറിയുടെ വില്പനയ്ക്കുവേണ്ടി റോഡുഷോകള്‍ സംഘടിപ്പിക്കാനും ആര്‍ക്കെങ്കിലും
തോന്നുമോ ആവോ??????????

2 comments:

പ്രിയ said...

ഗാംബ്ലിംഗും ഈ ലോട്ടറിയും തമ്മിലുള്ള വ്യത്യാസമെന്താണ്?

ലോട്ടറി എന്നത് തന്നെ നിരോധിക്കേണ്ടതാണെന്ന് തോന്നിയിട്ടുണ്ട്. വെയ് രാജാ വെയ് പറഞ്ഞു മോഹിപ്പിച്ച് പട്ടിണിപാവങ്ങളുടെ പോക്കറ്റിലെ തുട്ടിനെ അവന്റെ സ്വപ്നത്തിന്റെ ബലത്തില്‍ കൈയിട്ടു വാരുക. ലജ്ജാവഹം, അതേത് "പോസ്റ്റ് കാര്ഡ് മില്ല്യനര് " ആണെന്കിലും

(ബിലീവ് മി, യൂ പി സ്കൂളില്‍ പഠിക്കുമ്പോ ഒരു രൂപക്കെടുത്ത കേരള ലോട്ടറി അടിക്കാത്തതിന്റെ കെറുവല്ല;)

തെക്കേടന്‍, ബാക്കിയുള്ള കാര്യത്തില്‍ അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല | അറിയില്ല.ലോകമലയാളത്തില്‍ ഒരു കാര്‍ട്ടൂണ്‍ കണ്ടു
ബ്രഹ്മര്‍ഷി‍

ശിവ said...

അപ്പോള്‍ ഇന്‍ ഐ.ടി. കാര്‍ക്കുവേണ്ടിയും ഒരു ലോട്ടറി പ്രതീക്ഷിക്കാം......