Sunday, January 4, 2009

ജാതിമത സംഘടനകളുടെ രാഷ്ട്രീയ നിലപാട് :

.
അടുത്തുവരുന്ന ലോകസഭ തിരഞ്ഞെടുപ്പിനുമുന്നോടിയായി രാഷ്ട്രീയപാര്‍ട്ടികള്‍ ജാതിസമുദായങ്ങളുടെ പിന്തുണ ഉറപ്പാക്കാന്‍ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സ്നേഹിച്ചും, തല്ലിയും തലോടിയും ഒക്കെ സമുദായികസംഘടനകളെ തങ്ങളുടെ പിന്നില്‍അണിനിര ത്താന്‍ ശ്രമിക്കുകയാണ്. മാറുന്ന രാഷ്ട്രീയ സമവാക്യങ്ങളില്‍ തങ്ങളുടെ സമുദായത്തി നും തങ്ങള്‍ക്കും (നേതാക്കള്‍ക്കും)കൂടുതല്‍ നേടിയെടുക്കുക എന്നതാണ് ഈ ജാതിമത സമുദായ സംഘടനകള്‍ അനിവര്‍ത്തിക്കുന്ന നയം . സമദൂര സിദ്ധാന്തത്തിന്റെ ഉപേക്ഷ യിലൂടെ എന്‍.എസ്.എസും , രാഷ്ട്രീയ നേതാക്കളെ പ്രകീര്‍ത്തീച്ചുകൊണ്ട് എസ്.എന്‍.ഡി. പി യും , മഹാറാലിനടത്തിക്കൊണ്ട് ഓര്‍ത്തഡോക്സ് സഭയും , ഇടയലേഖനങ്ങളിലൂടെ കത്തോലിക്കാ സഭയും ഒക്കെ തങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ അറിയിച്ചുകഴിഞ്ഞു ... ആ നിലപാടുകളിലേക്ക് ...

എന്‍.എസ്.എസ്. :
പി.എസ്.സി യുടെ സംവരണ പ്രശ്നത്തോടെ ഇടതുപക്ഷത്തോടെ പൂര്‍ണ്ണ വിയോജിപ്പി ലേക്ക് എന്‍.എസ്.എസ്. എത്തിയിരിക്കുന്നു. കുറച്ചുകാലങ്ങളായി അനുവര്‍ത്തിച്ചുപോരുന്നു എന്ന് അവകാശപ്പെടുന്ന ‘സമദൂര’ത്തിന്റെ പിന്‍‌വലിക്കലിലൂടെഎന്‍.എസ്.എസ്. സംഘട നയുടെ രാഷ്ട്രീയം എന്തെന്ന് വ്യക്തമാകുന്നു. എന്‍.എസ്.എസിനെ യുഡി‌എഫ് പാളയ ത്തില്‍ എത്തിക്കാന്‍ കേരളകോണ്‍‌ഗ്രസിന്റെ ബാലകൃഷ്ണപിള്ളയും ഒഴിച്ചുകൂടാനാവാത്ത സംഭാവന നല്‍കി. എന്‍.എസ്.എസിന്റെ പോസറ്ററുകളില്‍ ബാലകൃഷ്ണപിള്ളയും പ്രത്യക്ഷ പെട്ടതോടെ സംഘടനയുടെ രാഷ്ട്രീയ നിലപാട് വ്യക്തമായിക്കഴിഞ്ഞിരുന്നു. കഴിഞ്ഞ എന്‍.എസ്.എസ്. സമ്മേളനത്തില്‍ യുഡി‌എഫിനെ ഞോണ്ടുകയും എല്‍‌ഡി‌എഫിനെ തല്ലുകയും ചെയ്‌തതോടെ സിപിഐ(എം) നേതാക്കള്‍ എന്‍.എസ്.എസിനെതിരെ പടപ്പുറപ്പാട് തന്നെ നടത്തുന്നു. എന്‍.എസ്.എസിന് പിണറായിവിജയന്‍ നല്‍കിയ മറുപി ടിക്ക് അതേ നാണ്യത്തില്‍ നാരായണപണിക്കരും ഉത്തരം നല്‍കിക്കഴിഞ്ഞു. കുറച്ചുമാസ ങ്ങള്‍ക്ക് മുമ്പ് ജി.സുധാകരനുംസുകുമാരപ്പുറുപ്പുമായിരുന്നു കൊമ്പ് കോര്‍ത്തീരുന്നെതെങ്കില്‍ ഇപ്പോള്‍ രണ്ടു പ്രസ്ഥാനങ്ങളുടേയും തലവന്മാര്‍ തമ്മില്‍ പോരാട്ടംതുടങ്ങി. ( വന്യമൃഗങ്ങള്‍ ഏറ്റുമുട്ടുമ്പോള്‍ ആരും വീണാലും മാംസം കൊത്തിപ്പറിക്കാം എന്ന സന്തോഷത്തില്‍ വന്നിരിക്കുന്നകഴുകന്മാരെപ്പോലെ ചില വിദ്വാന്മാര്‍ എന്‍.എസ്.എസ്.- എല്‍‌ഡി‌എഫ് പോരാട്ടം കാണാന്‍ ഇരിക്കുന്നുണ്ട്.).

എസ്.എന്‍.ഡി.പി. :
എസ്.എന്‍.ഡി.പി.യുടെ രാഷ്ട്രീയ നിലപാട് വ്യക്തം. ഇടതുപക്ഷനേതാക്കളെ പുകഴ്‌ത്തിയും ഭരണത്തെ സ്തുതിച്ചും വെള്ളാപ്പള്ളിനടത്തുന്ന പ്രസ്താവനകളില്‍ നിന്ന് എസ്.എന്‍.ഡി. പി.യുടെ ചായ്‌വ് വ്യക്തമാകുന്നു. ഇടയ്ക്ക് ചില ഇടതുനേതാക്കളുടെ ജാതി‌ ഓര്‍മ്മപ്പെടുത്തി സമുദായവുമായിട്ടുള്ള ബന്ധം സ്വയം പ്രഖ്യാപിച്ച് സായൂജ്യം അടയാന്‍ വെള്ളാപ്പള്ളി ശ്രമിക്കുന്നുണ്ട്. വലതുപക്ഷത്തുനിന്ന് കിട്ടാവുന്നതെല്ലാം നേടിക്കഴിഞ്ഞതിനുശേഷം ഇടതു പാളയത്തിലേക്ക് കടക്കുന്നു. എം.ബി ശ്രീകുമാറിന് യുഡിഎഫ് നല്‍കിയ തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്ഥാനത്തിന് എസ്.എന്‍.ഡി.പി. ‘ഉപകാരസ്മരണ’ ചെയ്തുവോ എന്നുള്ള സംശയം ബാക്കി നില്‍ക്കുന്നു. ഇടതുപ്രീതി സമ്പാദിക്കാന്‍ സ്ഥാനത്തും അസ്ഥാ നത്തും ‘ഇടതുപുകഴ്ച ‘ നടത്തുന്നു. വെള്ളാപ്പള്ളിക്ക് മറ്റെന്തോ ‘ഹിഡന്‍അജണ്ട’ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്രത്യേകിച്ച് ഗോകുലം ഗോപാലന്‍സമുദാ യത്തില്‍ പ്രബലനായിത്തീരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വരുമ്പോള്‍.

കത്തോലിക്ക സഭ :
സ്വാശ്രയ പ്രശ്നത്തില്‍ തുടങ്ങിയ പ്രശ്നങ്ങള്‍ കത്തോലിക്കാ സഭയും ഇടതുപക്ഷവുമായി ട്ടുള്ള വിടവ് കൂട്ടി. കത്തോലിക്കാസഭയുമായി ബന്ധപ്പെട്ടിരിക്കുന്ന കേരളകോണ്‍‌ഗ്രസിലെ പി.ജെ. ജോസഫിനിപ്പോള്‍ മുന്നണി പുറമ്പോളില്‍ മാത്രം സ്ഥാനം ഉള്ളതുകൊണ്ട് ബന്ധത്തിന്റെ വിള്ളല്‍ അടയ്ക്കാന്‍ പി.ജെ. ജോസഫ് മുന്നിട്ടറങ്ങിയും ഇല്ല. രൂപതാമെത്രാ ന്മാരും ഇടതുപക്ഷനേതാക്കളും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചു നിന്നതോടുകൂടി ഇടതുപക്ഷത്തിനെതിരെ ഇടയലേഖനംവരെ ഇറക്കാന്‍ ബിഷപ്പുമാര്‍ തയ്യാറായി. അതിനെ പ്രതിരോധിക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞതുമില്ല. ഇടതുമന്ത്രിമാര്‍ അരമനകളില്‍ചെന്ന് സന്ധി സംഭാഷണം നടത്തിയെങ്കിലും അത് വിജയിച്ചില്ല. വലതുപക്ഷത്തിന് അനുകൂലമാ യി ഒരു നിലപാട് എടുക്കുന്നില്ലങ്കിലും ഇടതുപക്ഷത്തിന് ഒരു ‘ഷോക്ക് ‘ നല്‍കണമെങ്കില്‍ വോട്ട് വലതുപക്ഷത്തിനു തന്നെ കൊടുക്കണം. പാഠപുസ്തക വിവാദവും , സ്വാശ്രയപ്രശ്നവും ...ഒക്കെ ഇടതുപക്ഷവുമായിട്ടൂള്ള കത്തോലിക്കാ സഭാബന്ധത്തിന് വിടവുണ്ടാക്കിയതേ യുള്ളു. ഇടതുപക്ഷപ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സഭയുടേതായിട്ടൂള്ള ഒരു സ്ഥാനത്തിനും അര്‍ഹതയുണ്ടായിരിക്കുകയില്ലഎന്ന് കൂടി സഭാനേതൃത്വം പറഞ്ഞുകഴിഞ്ഞു.

ഓര്‍ത്തഡോക്സ് സഭ :
പാത്രിയര്‍ക്കീസ്-ഓര്‍ത്തഡോക്സ് തര്‍ക്കത്തില്‍ കോടതിവിധി അട്ടിമറിക്കാന്‍ പാത്രിയര്‍ക്കീ സ് പക്ഷത്തിന് സര്‍ക്കാര്‍ പിന്തുണനല്‍കുന്ന് എന്ന് ആരോപിച്ച് ഓര്‍ത്തഡോക്സ് സഭ ഇടതുമന്ത്രിസഭയിലെ മന്ത്രിമാരെ ബഹിഷ്‌ക്കരിച്ചു. തങ്ങളുടെ ആവിശ്യങ്ങള്‍ക്ക് പിന്തുണ സര്‍ക്കാരിന്റെ പക്ഷത്തുനിന്ന് കിട്ടുന്നില്ല എന്ന് പറഞ്ഞ് കോട്ടയത്ത് മഹാറാലി നടത്തിയ ഓര്‍ത്തഡോക്സ് പക്ഷത്തിന് സമ്മേളനത്തിന് സമ്മേളനം നടത്താന്‍ നെഹ്രു സ്റ്റേഡിയും കോട്ടയം നഗരസഭ വിട്ടുകൊടുക്കാതിരുന്നത് സഭയും ഇടതുപക്ഷവും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷ്‌ളാക്കി. സംസ്ഥാനംനേതൃത്വം ഇടപെട്ട് അവസാന നിമിഷംനെഹ്രു സ്റ്റേഡിയും വിട്ടുകൊടുക്കാം എന്ന് പറഞ്ഞിട്ടും സഭ അത് അംഗീകരിച്ചില്ല. ഇടതുപക്ഷം കാട്ടിയ ‘ഷോക്കില്‍ ‘ വീഴാതിരുന്നഓര്‍ത്തഡോക്സ് സഭ അടുത്ത ലോക്സഭാ ഇലക്ഷനില്‍ ഒരു ഷോക്ക് തന്നെ നല്‍കും. പ്രത്യേകിച്ച് കോട്ടയം ലോക്‍സഭാമണ്ഡലത്തില്‍ സഭയ്ക്ക് ഭൂരിപക്ഷമുള്ളതുകൊണ്ട് അവിടെയെങ്കിലും ആ ഷോക്ക് നല്‍കും. ഈ ഷോക്കില്‍ നിന്ന് രക്ഷപെടാന്‍ പിണറായിവിജയന്‍ തന്നെ ദേവലോകത്തേക്ക് ചെല്ലേണ്ടിവരികയും സന്ധിസംഭാഷണത്തിന് തയ്യാറാവുകയും ചെയ്തു. കോട്ടയം പ്രദേശങ്ങളില്‍ നടന്ന കുരിശും‌മൂട് ആക്രമണങ്ങളിലെ പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്യാഞ്ഞതോടെ വീണ്ടും പ്രശ്നങ്ങള്‍ ഉടലെടുക്കുന്നു.


പാത്രിയര്‍ക്കീസ് സഭ :
ചായ്‌വ് ഇടതു പക്ഷത്തേക്ക് തന്നെ. എറണാകുളം മേഖലകളില്‍ നല്ല വോട്ട് ബാങ്കുള്ള തങ്ങളെ അവഗണിച്ച് ഇടതുപക്ഷത്തിന്മുന്നോട്ട് പോകാന്‍ ആവില്ലന്ന് അവര്‍ വിശ്വസി ക്കുന്നു. ന്യൂനപക്ഷങ്ങള്‍ ഇടതുപ്രസ്ഥാനത്തോടെ അകന്നു എന്നുള്ള റിപ്പോര്‍ട്ടുകള്‍ വന്നു തുടങ്ങിയ ഈ സമയത്ത് തങ്ങളുടെ കൂടെ നില്‍ക്കുന്ന ഏക ക്രിസ്തീയ സഭാ വിഭാഗമായ പാത്രിയര്‍ക്കീസ് സഭാ വിഭാഗത്തെ പിണക്കാന്‍ ഇടതുപക്ഷവും തയ്യാറാവില്ല.

പട്ടികജാതിപട്ടികവിഭാഗ സംഘടനകള്‍ :
പട്ടികജാതിപട്ടികവിഭാഗങ്ങളില്‍ പെട്ട സംഘടനകള്‍ പ്രത്യേകിച്ച് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ആഭിമുഖ്യം പ്രകടിപ്പിക്കുന്നില്ല.എന്നാല്‍ ചെങ്ങറസമരം ഒത്തുതീര്‍പ്പാക്കാന്‍ പറ്റാത്തത് ഇടതുപക്ഷത്തെ അലോസരപ്പെടുത്തുന്നുണ്ട്. ചെങ്ങറസമരം ഉയര്‍ത്തുന്ന വെല്ലുവിളി ഉയര്‍ത്താന്‍ കൊച്ചിയില്‍ ട്ടികജാതിപട്ടികവിഭാഗങ്ങളുടെമാത്രമായ ഒരു കണ്‍‌വന്‍‌ഷനും സിപി‌ഐ(എം) നടത്തി.

മുസ്ലീം‌സംഘടനകള്‍ :
വര്‍ഗ്ഗീയ കക്ഷികളോട് കൂട്ടുകൂടുകയില്ല എന്നതാണ് ഇടതുപക്ഷത്തിന്റെ പ്രഖ്യാപനമെങ്കിലും വോട്ട് വീഴണമെങ്കില്‍ അല്പം വിട്ടുവീഴ്ചകള്‍ ആവണം എന്ന് അഭിപ്രായത്തിന് മുന്‍ തൂക്കം. മുസ്ലീലീഗ് വലതുപക്ഷത്തും മറ്റ് മുസ്ലീം സംഘടനകള്‍ ഇടതുപക്ഷത്തുംചുവടുറപ്പിച്ചു കഴിഞ്ഞു. ഒരു മുസ്ലീം നേതാവിന്റെ അഭാവം തങ്ങള്‍ക്ക് ഉണ്ടന്നുള്ള തിരിച്ചറിവില്‍ സിപി‌ഐ(എം) മുസ്ലീം‌ലീഗില്‍നിന്ന് പുറത്തുവന്ന ജലീലിനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നു.

ഈ സംഘടനകളെല്ലാം തങ്ങളുടെ സമുദായത്തിന് അഥവാ സംഘടനയ്ക്ക് ലഭിക്കാവുന്ന ലാഭക്കണക്കില്‍ മാത്രം ലക്ഷ്യമിട്ടാണ് രാഷ്ട്രീയ പിന്തുണ നല്‍കുന്നത്. രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കള്‍ ഇല്ലന്ന് പറയുന്നതുപോലെ ഈ സംഘടനകളുടെ പിന്തുണയും മാറിമറിയാം. അവസാന നിമിഷം കിട്ടുന്ന ഉറപ്പുകളില്‍ അവര്‍ തങ്ങളുടെ നിലപാടുകളില്‍ മാറ്റം വരുത്തുകയും ചെയ്യും.

No comments: