Monday, September 15, 2008

മനസിനു മുറിവേല്‍ക്കുമ്പോള്‍ : ജീവിതം

“കൈവിട്ട ആയുധവും വാവിട്ട വാക്കും ഒരേപോലെ“ എന്ന് സത്‌ജനങ്ങള്‍ നമുക്ക് പറഞ്ഞു തന്നിട്ടുണ്ട്.കൈവിട്ട ആയുധം ശരീരത്തിനാണ് മുറിവേല്‍പ്പിക്കുന്നതെങ്കില്‍ വാവിട്ട വാക്ക് മനസ്സിനെയാണ് മുറിവേല്‍പ്പിക്കുന്നത്.ശരീരത്തിനേല്‍ക്കുന്ന മുറിവ് മരുന്നുകള്‍ക്ക് സുഖപ്പെടുത്താന്‍ കഴിയുമെങ്കില്‍മനസ്സിനേല്‍ക്കുന്ന മുറിവിന് ഒരു മരുന്നിനും സുഖപ്പെടുത്താന്‍ കഴിയുന്നതല്ല.പലരുടേയും മനസ്സിനേല്‍ക്കുന്ന മുറിവുകള്‍ ഒരിക്കലും ഉണങ്ങാതെപകയുടെ കനലുകളായി ഉള്ളില്‍ കിടക്കും.ഈ പക ശാരീരികമായ ആക്രമണത്തില്‍ അവസാനിക്കുകയാണ് പതിവ്.അതുമല്ലങ്കില്‍ മനസ്സിനേല്‍ക്കുന്നമുറിവ് കൂടുതല്‍ വൃണപ്പെട്ട് മാനസികമായ തകര്‍ച്ചയിലേക്ക് നയിച്ചെന്ന് വരാം.പ്രത്യേകിച്ച് തങ്ങളുടെ വൈകല്യങ്ങളെക്കുറിച്ച് മറ്റുള്ളവര്‍ പറയുന്നകളിയാക്കല്‍ ഒരാളിന്റെ മനസിനെ മുറിവേല്‍പ്പിക്കുകയും അയാള്‍ സമൂഹത്തില്‍ നിന്ന് ഉള്‍വലിഞ്ഞ് സ്വയം തീര്‍ത്ത ഒരു തടവറയിലേക്ക് ബന്ധനത്തില്‍ ആവുകയും ചെയ്യും.തന്റെ കുറ്റംകൊണ്ടല്ലാതെ തനിക്ക് സംഭവിച്ച വൈകല്യത്തില്‍ സ്വയം പരിതപിക്കുകയും ജീവിതത്തെ തന്നെ വെറുക്കുകയുംവൈകല്യങ്ങള്‍ ഇല്ലാത്ത ജീവിതത്തിലേക്ക് കടന്നുപോവുകയും ചെയ്യും.

നമ്മുടെ ക്രൈം റിക്കോര്‍ഡുകള്‍ പരിശോധിച്ചാല്‍ കുറ്റവാളികളില്‍ പകുതിപ്പേരയും നമ്മള്‍ തന്നെ സൃഷ്ടിച്ചെടുത്തതാണന്ന് മനസ്സിലാക്കാന്‍ പറ്റും.സമൂഹത്തിന്റെ കുത്തുവാക്കുകളില്‍ മനസ് മുറിപ്പെട്ട് സമൂഹത്തെ വെല്ലുവിളിച്ച് സമൂഹത്തെ ജയിക്കുന്നതിനായി,തന്നെ അടച്ചാ‍ക്ഷേപിക്കുന്നസമൂഹത്തിന്റെ മുന്നില്‍ താന്‍ ആരാണന്നും തനിക്ക് എന്തും ചെയ്യാന്‍ കഴിയും എന്ന് സമൂഹത്തെ കാണിക്കുന്നതിനും വേണ്ടി അവന്‍ കുറ്റകൃത്യങ്ങളിലേക്ക് തിരിയുന്നു. (നമ്മുടെ ഒട്ടുമിക്ക ആന്റിഹീറോ സിനിമകളുടേയും ഇതിവൃത്തം ഈ വണ്‍ലൈന്‍ സ്റ്റോറി ആണ്.). ദുര്‍ഗുണ പരിഹാര പാഠശാലകളില്‍ നിന്ന് ഇറങ്ങുന്ന ‘കുട്ടികുറ്റവാളികളില്‍‘ (ഇത്തരം പദപ്രയോഗം പാടില്ല എന്നും ,അവരേയും സാധാരണകുട്ടികളായി കാണണം എന്നുംപലയിടത്തു നിന്നും പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടുണ്ട്) പലരും വീണ്ടും കുറ്റകൃത്യങ്ങളില്‍ ചെന്ന് അകപ്പെടുകയാണ് പതിവ്. ദുര്‍ഗുണപരിഹാര പാഠശാലയിലും കുട്ടികളെ കുറ്റവാളികളായിട്ടാണ് പലപ്പോഴും കാണുന്നത്.അവിടെ നിന്നും സമൂഹത്തില്‍ നിന്നും ഏല്‍ക്കുന്ന കുറ്റപ്പെടുത്തലുകളും കളിയാക്കലുംഒറ്റപ്പെടുത്തലുകളും ഒക്കെ അവന്റെ മനസ്സിനെ മുറിപ്പെടുത്തുന്നു.ഒരിക്കലും ഉണങ്ങാതെവണ്ണം ആ മുറിവിനെ നമ്മുടെ സമൂഹംതന്നെ വളര്‍ത്തുകയും ചെയ്യുന്നു.

നമുക്കും നമ്മുടെ നിത്യജീവിതത്തില്‍ പലപ്പോഴും മനസ്സിന് മുറിവേല്‍ക്കാറുണ്ട്.വാക്കുകൊണ്ടോ,പ്രവൃത്തികൊണ്ടോ ഒക്കെ ഒരാളുടെ മനസ്സിനെമുറിപ്പെടുത്താവുന്നതാണ്.വാക്കുകൊണ്ട് തന്നെയുള്ള മുറിപ്പെടുത്തലുകള്‍ തന്നെ പലതുണ്ട്. കളിയാക്കല്‍, സമൂഹമധ്യത്തില്‍ ഒരാളുടെ ഇല്ലായ്മാകളെക്കുറിച്ചുള്ള പരാമര്‍ശം, ഭൂതകാലത്തില്‍ അബദ്ധത്തിലോ, അറിവില്ലായ്മകൊണ്ടോ സംഭവിച്ച കാര്യങ്ങളെക്കുറിച്ചുള്ള കുത്തികുത്തിയുള്ളഓര്‍മ്മപ്പെടുത്തലുകള്‍, ഒരാളുടെ ജീവിതത്തില്‍ ഉണ്ടായ പരാജയങ്ങളുടെ ഓര്‍മ്മപ്പെടുത്തലുകള്‍ ഒക്കെ വാക്കുകൊണ്ടുള്ള മുറിപ്പെടുത്തലുകളില്‍ഉള്‍പ്പെടുത്താവുന്നതാണ്.പ്രവൃത്തികൊണ്ടുള്ള മുറിപ്പെടുത്തലില്‍ , ഒരാള്‍ അയാളുടെ പെരുമാറ്റം കൊണ്ട് തങ്ങളെ മനഃപൂര്‍വ്വം അവഗണിക്കുന്നുഎന്ന് മനസ്സിലാക്കുമ്പോള്‍ ഉണ്ടാകുന്ന മാനസികവിഷമം‌മൂലം ഉണ്ടാകുന്ന മനസ്സിലെ മുറിപ്പാടുകള്‍ പലപ്പോഴും കാലത്തിനുപോലും ഉണക്കാന്‍പറ്റാതെ വരും.ഈ മുറിപ്പെടുത്തല്‍ ആണ് മാനസികപിരിമുറുക്കങ്ങളില്‍ കൂടി മാനസികാരോഗ്യത്തിന്റെ തകര്‍ച്ചയില്‍ എത്തിക്കുന്നത്.ഇതില്‍ നിന്ന്ഒരു കരകയറ്റല്‍ പലപ്പോഴും വിഷമം നിറഞ്ഞതാണ്.

കുട്ടികളിലെ ആത്മഹത്യയ്ക്ക് പ്രധാനകാരണം മാനസികമായമുറിപ്പെടലുകള്‍ ആണ്.പരീക്ഷയിലെ തോല്‍വിയില്‍ മറ്റുള്ളവരുടെ പ്രതികരണത്തെക്കുറിച്ച് ചിന്തിച്ച് കുട്ടി ആത്മഹത്യയെക്കുറിച്ച് ചിന്തിക്കൂന്നു.ക്ലാസ് മുറികളില്‍ താന്‍ ചെയ്യാത്ത കുറ്റം(‘വികൃതികളെ‘ ആയിരിക്കും മിക്കവാറും കുറ്റമായിട്ട്പര്‍വ്വതീകരിക്കുന്നത്.) തന്റെമേല്‍ ആരോപിക്കപ്പെട്ടു എന്നതുകൊണ്ട് മാത്രം ആത്മഹത്യയിലേക്ക് നടന്നുപോയ അനേകം കുട്ടികളുടെ അകാലജീവിതകഥകള്‍ നമ്മുടെ ഇടയില്‍ നിന്നുതന്നെ നമുക്ക് കണ്ടെത്താവുന്നതാണ്.കുട്ടികളെ തമ്മില്‍ താരതമ്യപ്പെടുത്തുന്നതും കുട്ടികളില്‍ മാനസിക സംഘര്‍ഷംഉണ്ടാക്കുകയും മനസിന് നൊമ്പരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.ചെറിയകുട്ടികളില്‍ മാത്രമല്ല പ്രൊഫഷണല്‍ കോഴ്സ് വിദ്യാര്‍ത്ഥികളും ഇത്തരംമാനസികസംഘര്‍ഷങ്ങള്‍ക്ക് അടിമപ്പെടുകയും ആത്മഹത്യയുടെ വഴിതേടുകയും ചെയ്യുന്നു.തിരുവല്ലയിലെ ഒരു പ്രോഫഷണല്‍ കോളേജില്‍ഈ അടുത്തസമയത്ത് നടന്ന ഒരു ആത്മഹത്യയുടെ കാരണം ഹോസ്റ്റലില്‍ നിന്ന് നഷ്ടപ്പെട്ടുപോയ ഒരു ലാപ്ടോപ്പിനെക്കുറിച്ചുള്ള പരാതിയായിരുന്നു.കുട്ടികളില്‍ മാനസികസംഘര്‍ഷം വര്‍ദ്ധിക്കുകയും അവരിലെ ആത്മഹത്യ നിരക്ക് ക്രമാതീതമായ വര്‍ദ്ധനവാണ് വര്‍ഷം കഴിയുന്തോറും കാണിക്കുന്നത്.

നമുക്കും പലപ്പോഴും മനസ്സിന് മുറിവേല്‍ക്കാറുണ്ട്.നമ്മടെ ഏറ്റവും അടുത്ത ബന്ധുക്കള്‍, കൂട്ടുകാര്‍ തുടങ്ങിയവരില്‍ നിന്നുള്ള പ്രവര്‍ത്തികളോ വാക്കുകളോ ആണോ കൂടുതലും മനസ്സില്‍ മുറിവുകള്‍ സൃഷ്ടിക്കുന്നത്. വാക്കുകൊണ്ട് ഉണ്ടാകുന്ന മുറിപ്പെടുത്തലുകളെക്കാള്‍ പ്രവൃത്തികൊണ്ട് ഉണ്ടാകുന്ന മുറിപ്പാടുകള്‍ പലപ്പോഴും ഉണങ്ങാറില്ല.സ്വാന്തനങ്ങള്‍ക്കോ ,ആശ്വാസവാക്കുകള്‍ കൊണ്ടോ ,പശ്ചാത്താപം കൊണ്ടോ ,ഫോണ്‍കോളുകള്‍ കൊണ്ടോഒന്നും ഇത്തരം മുറിപ്പാടുകള്‍ ഉണക്കാന്‍ സാധിക്കാറില്ല.നമ്മളെ മനഃപൂര്‍വ്വം ഒഴിവാക്കി എന്ന തോന്നല്‍ നമുക്ക് എപ്പോള്‍ ഉണ്ടാകുന്നോ ആ സമയംമുതല്‍ ആ പ്രവൃത്തി ചെയ്ത വ്യക്തിയില്‍ നിന്ന് മാനസികമായി അകലാന്‍ തുടങ്ങുന്നു.നമ്മളെ എന്തുകൊണ്ട് അയാള്‍ ഒഴിവാക്കി എന്ന് ചിന്തിച്ചുതുടങ്ങുകയും, നമുക്ക് പകരം ആരാണ് ആ സ്ഥാനത്ത് എത്തിയത് എന്ന് അറിയുകയും ചെയ്തുകഴിയുമ്പോള്‍ ആണ് നമ്മുടെ മനസ്സില്‍ നീറ്റല്‍ ഉണ്ടാകുന്നതുംമാനസികമായ ഒരു അകലം പാലിക്കാന്‍ നമ്മള്‍ നിര്‍ബന്ധിതമാവുകയും ചെയ്യുന്നത്. ഉദാഹരണമായി നമ്മുടെ അടുത്ത ബന്ധുവീട്ടിലെ ഒരുവിവാഹം നടക്കുന്നു.വിവാഹംവരെ എല്ലാറ്റിനും മുന്നില്‍ നിന്ന നമ്മളെ വിവാഹശേഷമുള്ള ചടങ്ങുകളില്‍ നിന്ന് ഒഴിവാക്കുമ്പോള്‍ ആ സമയത്ത്വിഷമം തോന്നുന്നില്ല എങ്കിലും നമുക്ക് പകരം അകന്ന ബന്ധമുള്ള ഒരാളെ വിവാഹനന്തരചടങ്ങുകളില്‍ ക്ഷണീച്ചു എന്നറിയുമ്പോഴാണ് മനസ്സ് പിടയുന്നത്.എന്തുകൊണ്ട് നമ്മളെ ഒഴിവാക്കി എന്ന ചിന്തകള്‍ക്ക് നമുക്ക് ഒരു ഉത്തരം ലഭിക്കുകയും ഇല്ല.ചൂടുവെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളംകണ്ടാലും അറയ്ക്കും എന്ന് പറയുന്നതുപോലെ ഇത്തരം ഒഴിവാക്കല്‍ നടത്തിയ വ്യക്തിയുമായി പിന്നീടുള്ള പെരുമാറ്റങ്ങള്‍ നമ്മള്‍ പലപ്പോഴുംഒഴിവാക്കാന്‍ ശ്രമിക്കും.

ഭാര്യ-ഭര്‍ത്തൃ ബന്ധത്തിലും കാമുകി-കാമുക പെരുമാറ്റങ്ങളിലും ഇത്തരം മുറിപ്പെടുത്തലുകള്‍ പലപ്പോഴും അപകടകരമായ നിലയില്‍ മനുഷ്യരെഎത്തിക്കാറുണ്ട്. തന്നെ മറ്റെയാള്‍ ഒഴിവാക്കിത്തുടങ്ങി അല്ലങ്കില്‍ തന്നില്‍ നിന്ന് പലതും മറച്ചുവയ്ക്കുന്നു എന്നതോന്നലില്‍ നിന്ന് ഉണ്ടാകുന്നമാനസികവികാരങ്ങളില്‍ നിന്ന് ഉണ്ടാകുന്ന പൊട്ടിത്തെറികള്‍ വേര്‍പിരിയലില്‍വരെ എത്തിച്ചേരാം.അടുത്തകൂട്ടുകാരന്‍ / കൂട്ടുകാരി നടുത്തുന്നചിലകുറ്റപ്പെടുത്തലുകള്‍ മനസ്സിനെ ആഴമായി മുറിവേല്‍പ്പിക്കാറുണ്ട്. ഒന്നും ആലോചിക്കാതെ നടത്തുന്ന ഇത്തരം പ്രസ്താവനകള്‍ സുഹൃദ് ബന്ധംതകര്‍ക്കുക തന്നെ ചെയ്യും.

മാനസിക മുറിപ്പെടലുകളില്‍ നിന്ന് പെട്ടന്നൊരു വിടുതല്‍ ഉണ്ടാകാറില്ല.കാലത്തിനു മാത്രമേ ഇത്തരം മുറിപ്പാടുകള്‍ ഉണക്കാന്‍ പറ്റുകയുള്ളു.ഈശ്വരന്‍ കനിഞ്ഞു നല്‍കിയ മറവിയും കാലവും ചേര്‍ന്ന് മാനസികമായി ഉണ്ടായ മുറിവുകള്‍ ഉണക്കാന്‍ ശ്രമിക്കുമെങ്കിലും പലപ്പോഴുംജീവിതാവസാനം വരെ ഈ മുറിപ്പാടുകള്‍ ഉണങ്ങാതെ ഇടയ്ക്കിടെ പൊട്ടിക്കൊണ്ടിരിക്കും. നമ്മുടെ സുഹൃത്തിനയോ ബന്ധുവിനയോ .... ഒക്കെനമുക്ക് നഷ്ടപ്പെടാതിരിക്കണമെങ്കില്‍ നമ്മുടെ വാക്കും പ്രവൃത്തിയും സൂക്ഷിക്കുക.“കൈവിട്ട ആയുധവും വാവിട്ട വാക്കും“തിരിച്ചെടുക്കാന്‍പറ്റുകയില്ലന്ന് ഓര്‍ക്കുക.

3 comments:

SHAJNI said...

hai,
enta line potiyo?haa...ha...ha...

മാന്മിഴി.... said...

കൊള്ളാം നല്ല പോസ്റ്റ്.........

siva // ശിവ said...

നല്ല ചിന്തകള്‍ക്ക് നന്ദി...