Thursday, May 29, 2008

ഭൂപരിഷ്‌കരണനിയമവും മുളച്ചുപൊന്തുന്ന ട്രസ്റ്റുകളും :

തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ നിയമചരിത്രങ്ങളില്‍ഇടം പിടിച്ചത് ഭൂപരിഷ്‌കരണ നിയമം എന്ന ധീരമായ ചുവടു വയ്‌പ്പിലൂടെ ആണ്.1957 ലെ ഇ.എം.എസ്. മന്ത്രിസഭ ഭൂപരിഷ്‌കരണം നടപ്പിലാക്കാന്‍ ശ്രമം ആരംഭിച്ചെങ്കിലും വിമോചന സമരത്തെതുടര്‍ന്ന് മന്ത്രിസഭയ്ക്ക് പുറത്തുപോകേണ്ടി വന്നു.ഭൂപരിഷ്‌കരണ നിയമം പാസാക്കി എന്നതുകൊണ്ടുകൂടിആണല്ലോ വിമോചന സമരം കേരളത്തില്‍ പച്ചപിടിച്ചത്.പക്ഷേ ഈ ഭൂപരിഷ്‌കരണനിയമം വെറുംഒരു നിയമമായി തന്നെ നോക്കികുത്തിയാവുന്നതാണ് പിന്നെ കണ്ടത്.

1957 ലെ ഇ.എം.എസ്. മന്ത്രിസഭയ്ക്കും 60 ലെ പട്ടം താണുപിള്ളയ്ക്കും,62 ലെ ആര്‍.ശങ്കറിനും,67 ല്‍വീണ്ടും അധികാരത്തില്‍ എത്തിയ ഇ.എം.എസ്. മന്ത്രിസഭയ്ക്കും ഭൂപരിഷ്‌കരണം നടപ്പിലാക്കാന്‍കഴിഞ്ഞില്ല.1970 ല്‍ സി.അച്യുതമേനോന്‍ മന്ത്രിസഭ ഭൂപരിഷ്‌കരണം നടപ്പിലാക്കിയെങ്കിലും നിയമത്തിന്റെ പഴുതിലൂടെ രക്ഷപെടാനുള്ള മാര്‍ഗ്ഗങ്ങള്‍ ജന്മിമാര്‍ക്കും ഭൂ‍ഉടമകള്‍ക്കും ലഭിച്ചു.57ല്‍ പാസാക്കിയ ഒരു നിയമം നടപ്പിലാക്കി തുടങ്ങാല്‍ 13 വര്‍ഷമാ‍ണ് എടുത്തത്.

1957 ലെ ഇ.എം.എസ്. മന്ത്രിസഭയിലെ അംഗമായിരുന്ന ഗൌരിയമ്മയായിരുന്നു ഭൂപരിഷ്‌കരണനിയമം തയ്യാറാക്കാനും നിയമസഭയില്‍ നിയമം അവതരിപ്പിക്കാനും നിയോഗിക്കപെട്ടിരുന്നത്.താന്‍ അവതരിപ്പിച്ച നിയമത്തിന് വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടന്ന് അവര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്.ജന്മികളുടെകൈയ്യില്‍ നിന്ന് അധികഭൂമി പിടിച്ചെടുത്ത് അടിയാന്മാര്‍ക്ക് കുടികിടപ്പവകാശം നല്‍കുന്ന രീതിയിലുള്ളതായിരുന്നു നിയമം.ഈ നിയമത്തിലെ കാതലായ മറ്റൊരു വ്യവസ്ഥ കൈവശം വയ്ക്കാവുന്ന ഭൂമിയുടെപരമാവധി പരിധി ആയിരുന്നു.ഒരു ചെറിയ കുടുംബത്തിന് പരമാവധി കൈവശം വയ്ക്കാവുന്ന ഭൂമിയുടെപരിധി 15 ഏക്കറായി നിജപ്പെടുത്തി..ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പിടിച്ചെടുക്കുന്ന ഭൂമിഭൂരഹിതര്‍ക്ക് വിതരണം ചെയ്യാന്‍ കഴിയുമെന്നായിരുന്നു കരുതിയിരുന്നത്.പക്ഷേ അതു ഇന്നുവരെനടപ്പായില്ല.അതുകൊണ്ടാണല്ലോ മുത്തങ്ങ,ആറളം,ചെങ്ങറ സമരങ്ങള്‍ ആവര്‍ത്തിക്കപെടുന്നത്.

നിയമം തയ്യാറാക്കിയ ഇ.എം.എസ്. മന്ത്രിസഭയില്‍ തന്നെയുള്ള അംഗങ്ങള്‍ എങ്ങനെ ഈ നിയമത്തില്‍നിന്ന് രക്ഷപെടാന്‍ കഴിയുമെന്ന് കാണിച്ചുകൊടുത്തു.നിയമത്തിന് ഇ.എം.എസ് മാതൃക കാണിച്ചുവെങ്കില്‍ആദ്യ മന്ത്രിസഭയിലെ അംഗവും പിന്നീട് സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുകയും ചെയ്ത ജസ്റ്റിസ് വി.ആര്‍.കൃഷ്‌ണയ്യര്‍ ഈ നിയമത്തില്‍ നിന്ന് എങ്ങനെ വസ്തുവകകള്‍ സംരക്ഷിക്കാംഎന്ന് കാണിച്ചുതന്നു.തന്റെയും കുടുംബാംഗങ്ങളുടേയും പേരിലുള്ള വസ്തുവകകള്‍ ഒരു ട്രസ്റ്റിന്റെപേരിലേക്ക് ഇദ്ദേഹം മാറ്റി.(ഈ വിവാദം ഇപ്പോഴും അദ്ദേഹത്തെ വിട്ടൊഴിഞ്ഞിട്ടില്ല.മുന്‍ മന്ത്രികെ.ബി.ഗണേശ് കുമാറും ജസ്റ്റിസ് വി.ആര്‍.കൃഷ്‌ണയ്യറും തമ്മില്‍ അടുത്തിടെയുണ്ടായ ‘തുറന്നകത്ത് ‘പ്രസ്താവന യുദ്ധത്തില്‍ കെ.ബി.ഗണേശ് കുമാറിന്റെ പ്രധാന ആയുധം ഈ ഭൂമിമാറ്റല്‍ആയിരുന്നു.)ട്രസ്റ്റുകളുടെ പേരിലുള്ളതും തോട്ടങ്ങളും ഭൂപരിഷ്‌കരണ നിയമത്തിന്റെ പരിധിയില്‍പെടുന്നതല്ലായിരുന്നു.

മന്ത്രിതന്നെ കാണിച്ചുകൊടുത്ത മാര്‍ഗ്ഗത്തിലൂടെ വസ്തുക്കള്‍ ബന്ധുക്കളുടേയും,ബിനാമികളുടേയുംപേരിലാക്കാനും,തോട്ടങ്ങളാക്കാനും,വസ്തുക്കള്‍ ട്രസ്റ്റിന്റെ പേരിലാക്കാനും ഭൂ‍ഉടമകള്‍ക്ക് 13 വര്‍ഷമാണ്ലഭിച്ചത്.അതായത് ഭൂപരിഷ്‌കരണനിയമത്തിന്റെ ഏറ്റെടുക്കല്‍ ശക്തികുറയ്ക്കാനും പഴുതുകള്‍ കണ്ടെത്തി തങ്ങളുടെ ഇഷ്‌ടങ്ങള്‍ സാ‍ധിക്കാനും ജന്മിമാര്‍ക്കും ഭൂ‍ഉടമകള്‍ക്കും ആവിശ്യത്തിലധികംസമയം കിട്ടി.തങ്ങളുടെ സ്വത്തുക്കള്‍ ട്രസ്റ്റുകളുടെ കീഴില്‍ സുരക്ഷിതമായിരിക്കും എന്നതുകൊണ്ട്അനേകം ട്രസ്റ്റുകള്‍ രൂപീകരിക്കപെട്ടു.കുടുബാംഗങ്ങളെ മാത്രം ചേര്‍ത്ത് ഉണ്ടാക്കുന്ന കുടുംബട്രസ്‌റ്റുംചരിറ്റബിള്‍ ട്രസ്റ്റും കേരളത്തിലങ്ങോളം ഇങ്ങോളം രൂപീകരിക്കപെട്ടു.

വ്യക്തികളും സംഘടനകളും പ്രത്യേക ലക്ഷ്യങ്ങളോടു കൂടി ട്രസ്റ്റുകള്‍ രൂപീകരിച്ചു.ഇതില്‍ പകുതിയിലധികവും ചില ഗൂഡലക്ഷ്യങ്ങളോടു കൂടി രൂപീകരിക്കപെട്ടതാണ്.ബൈലോയില്‍ പറയുന്ന പ്രവര്‍ത്തനമണ്ഡലങ്ങളില്‍ ആയിരിക്കില്ല ഇവയുടെ പ്രവര്‍ത്തനം.ചാരിറ്റബള്‍ ട്രസ്റ്റുകള്‍ക്ക് നികുതി ഇളവ് ഉള്ളതുകൊണ്ട് ഇപ്പോള്‍ രൂപീകരിക്കപെടുന്ന ട്രസ്റ്റുകളില്‍ അധികവും ചാരിറ്റബള്‍ ട്രസ്റ്റായിട്ടാണ് രജിസ്റ്റര്‍ചെയ്യപെടുന്നത്.നികുതി ഇളവിന് പുറമേ ഗവണ്‍‌മെന്റില്‍ നിന്ന് സാമ്പത്തികസഹായങ്ങളും ഇത്തരംട്രസ്റ്റുകള്‍ക്ക് ലഭിക്കാറുണ്ട്.അതിലൊക്കെ ഉപരിയായി ട്രസ്റ്റുകളുടെ മറവില്‍ ഭൂമി വാങ്ങിച്ചുകൂട്ടാംഎന്നുള്ളതും ട്രസ്റ്റുകള്‍ പെരുകാന്‍ കാരണമാകുന്നു.

ട്രസ്റ്റുകള്‍ രൂപീകരിച്ച് അതിന്റെ മറവില്‍ റിയല്‍ എസ്‌റ്റേറ്റ് ബിസ്‌നസ്സ് നടത്തുന്നവരും ഉണ്ടാവും.പേരിനു വേണ്ടി ആര്‍ക്കെങ്കിലും തയ്യില്‍ മെഷ്യിനോ,വീടുവയ്ക്കാന്‍ പതിനായിരം രൂപയോ നല്‍കിയിട്ട്ചില ചാരിറ്റബള്‍ ട്രസ്റ്റുകള്‍ മറ്റുചിലകാര്യങ്ങളാണ് നടത്തുന്നത്.സ്വദേശത്തുനിന്നും വിദേശത്തുനിന്നുംപണവും ഇത്തരം ട്രസ്റ്റിലേക്ക് ഒഴുകി എത്തുന്നു.ഇത്തരം പണം കൊണ്ട് ട്രസ്റ്റിന്റെ പേരില്‍ വസ്തുക്കള്‍വാങ്ങിച്ചു കൂട്ടുകയാണ്.ട്രസ്റ്റുകളുടെ പേരിലും വാങ്ങിക്കുന്ന വസ്തുക്കള്‍ക്ക് ഒരു പരിധി ഏര്‍പ്പെടുത്തിയാല്‍പല ട്രസ്റ്റുകളും അടച്ചുപൂട്ടി പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടും.

ആള്‍ദൈവങ്ങളെല്ലാം ഇങ്ങനെയാണ് സ്വന്ത് സമ്പാദിച്ചിരിക്കുന്നത്.തങ്ങളുടെയും കുടുംബാംഗങ്ങളുടേയുംപേരില്‍ രജിസ്റ്റ്‌ര്‍ ചെയ്തിട്ടുള്ള ട്രസ്റ്റുകളുടെ പേരിലാണ് ഇവര്‍ സ്വത്ത് സമ്പാദിച്ചിരിക്കുന്നത്.

രണ്ടാം ഭൂപരിഷ്‌കരണം നടത്തും എന്ന് പറയുന്ന അച്യുതാനന്ദന്‍ സര്‍ക്കാര്‍ മാതൃകാപരമായ ഒരു നിയമംതയ്യാറാക്കും എന്ന് വിചാരിക്കുകയാണ്.അടുത്ത നിയമസഭാ സമ്മേളനത്തില്‍ സമഗ്രഭൂപരിഷ്‌കരണനിയമം അവതരിപ്പിക്കും എന്ന് വകുപ്പു മന്ത്രി പറഞ്ഞിട്ടുണ്ട്.ഈ നിയമത്തിലെങ്കിലും ട്രസ്റ്റുകളുടെപേരില്‍ കൈവശം വയ്ക്കാവുന്ന ഭൂമിയുടെ പരിധി നിശ്ചയിക്കണം.ഇങ്ങനെ പരിധി ഏര്‍പ്പെടുത്തുന്നതോടൊപ്പം ഇപ്പോള്‍ ട്രസ്റ്റുകളുടെ കൈവശം ഉള്ള അനധികൃത സ്വത്തുക്കള്‍ കണ്ടുകെട്ടി ഭൂരഹിതരായവര്‍ക്ക്നല്‍കുകയും വേണം.1957 ലെ ഒന്നാം ഭൂപരിഷ്‌കരണം പോലെ 13 വര്‍ഷത്തെ ഇടവേള നല്‍കികൊണ്ട്ആകരുത് നിയമം നടപ്പാക്കേണ്ടത്.സമഗ്രഭൂപരിഷ്‌കരണ നിയമം ഉടന്‍ തന്നെ നിയമമാക്കി പ്രാബല്യത്തില്‍ വരുത്താന്‍ എല്ല്ലാവരും ശ്രമിക്കണം.

3 comments:

ഫസല്‍ ബിനാലി.. said...

തെക്കേടന്‍ വളരെ ഗൌരവതരമായ കുറിപ്പാണ്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ലൂപ്പ് ഹോള്‍സില്ലാതെ നിയമങ്ങളില്ല, നിയമങ്ങള്‍ തന്നെ ലൂപ്പ് ഹോള്‍സിനു വേണ്ടി സൃഷ്ടിക്കപ്പെടുന്നതാണ്‍ എന്ന് സംശയിക്കേണ്ടി വരും ചില നിയമങ്ങളുടെ പ്രാഥമിക കാഴ്ച്ചയില്‍ തന്നെ. സമീപ കാലത്ത് ഉണ്ടായിട്ടുള്ള സ്വാശ്രയ നിയമമടക്കം പ്രധാനപ്പെട്ട ചില നിയമങ്ങള്‍ ഇതിനുദാഹരണമാണ്. അതിനുള്ള പ്രധാനപ്പെട്ട ചില കാര്യങ്ങളിതൊക്കെയാണ്. ഒന്ന്, വ്യക്തമായ മുന്‍ധാരണയില്ലാതെ, വേണ്ടത്ര ചര്‍ച്ചകളില്ലാതെ ആവേശത്തില്‍ അവതരിപ്പിക്കപ്പെടുന്ന നിയമങ്ങള്‍. രണ്ട്, നിയമം ഉണ്ടാക്കുന്നതിലൂടെ ഉണ്ടാക്കി എന്ന് പേര്‍ വരുത്തുകയും വേണം എന്നാല്‍ അത് നടപ്പിലാവുകയുമരുത്. മറ്റൊന്ന് ഇത് നടപ്പിലാക്കുന്നവരുടെ മനസ്സിലിരുപ്പ് പിന്നെ അതിനു ശേഷമുണ്ടാകുന്ന സാഹചര്യങ്ങള്‍. ഭൂ പരിഷ്ക്കരണ നിയമം പാസ്സാക്കുന്ന കാല്ഘട്ടത്തില്‍ അത് കൊണ്ട് വന്ന ഗവണ്മെന്‍റിനെ പിന്തുണച്ചിരുന്നവരും അവരുടെ നേതാക്കളും പാവപ്പെട്ടവരുടെ പ്രധിനിധികളായിരുന്നു, എന്നാല്‍ ഭരണം കയ്യില്‍ കിട്ടിയതു മുതലുള്ള അവരുടെ വളര്‍ച്ചയും നിലപാടുകളിലെ വെള്ളം ചേര്‍ക്കലും അവരില്‍ പലരും അവര്‍ തന്നെ ആരോപിക്കപ്പെട്ടിരുന്ന മുതലാളിമാരേക്കാള്‍ വലിയ മുതലാളിമാരയി എന്നുള്ളതാണ്. വേറെ ചില കാര്യങ്ങളില്‍ പ്രധാനപ്പെട്ടത് നിയമം അറിയുന്നവരും അല്ലാത്തവരുമായ ബുദ്ധി ജീവികളെന്ന് സ്വയം വിശേഷിക്കപ്പെടുന്നവര്‍ വിരിച്ച വലയില്‍ ഇടതു നേതാക്കള്‍ വീണതും അവര്‍ക്ക് ഭരണത്തിലുണ്ടായ സ്വാധീനവുമാണ്. ഇങ്ങനെ വളരെ വലിയ ഒരു കാന്‍വാസില്‍ ചിന്തിച്ചാലെ, ചര്‍ച്ച നടന്നാലെ എളിയ രീതിയിലുള്ള ഏതെങ്കിലും രീതിയിലുള്ള വിലയിരുത്തല്‍ സാധ്യമാകൂ. വിലയിരുത്തലല്ലാതെ മറ്റേതെങ്കിലും ഗുണപരമായ ഒന്ന് നടക്കും എന്ന ആശ നിരാശയേ ഉണ്ടാക്കൂ.

Anonymous said...

നല്ല ലേഖനം....
ട്രസ്റ്റുകളുടെ പേരിലുള്ള സ്വത്തിന് നിയന്ത്രണം വേണം എന്നത് ഇവിടത്തെ ഒരു മുന്നണിയും നടപ്പിലാക്കില്ല.അക്കാര്യത്തിൽ അവർ എല്ലാവരും പിന്നണിയിലാണ്.കാരണം അവരിൽ പലരും ചിലപ്പോൾ പെടും.
അക്കാര്യത്തിൽ വലതും ഇടതു ഒരുമിക്കും,എം.എൽ.എ യുടേയും മന്ത്രിമാരുടേയും ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുന്ന കാര്യത്തിലെന്നപോലെ.......

രാജേഷ്.കെ.വി. said...

തെക്കെടന്
ലേഖനം നന്നായിട്ടുണ്ട്`.
വിശദമായ അവലോഗനമ്.
എന്നാല്‍ ഭൂപരിഷ്കരണത്തിന്` നിര്ബന്ധിതമാക്കിയ
ദേശിയവും സാര്‍വ്വദേശീയവുമായ കാരണങ്ങളന്വേഷിച്ചു കണ്ടില്ല.
ഭൂവിതരണതിന്റെ കാര്യത്തില്‍ ഭൂമി ലഭിച്ച വിഭാഗത്തേയുമ് ബോധപൂര്‍വ്വം ഒഴിവാക്കിയ വിഭാഗത്തേയും സ്പര്‍ശിച്ചു കണ്ടില്ല.
ഭൂവിതരണതിന്റെ മേഖലയില്‍ പെടാതെ പോയ ദലിതരും കര്‍ഷക തൊഴിലാളികളും ഇന്നും അഞ്ചുസെന്റിലും ലക്ഷം വീടുകളിലും കഴിയുകയാണ്`.
തെക്കെടന്, ഇനിയും പ്രതീക്ഷവെക്കണോ!
സമയം കിട്ടുകയാണെങ്കില്‍ വിശദമായി പോസ്റ്റ് ചെയ്യാമ്‌‌