Wednesday, May 28, 2008

ദൈവങ്ങളെ ഹോള്‍സെയിലായി വിറ്റ് ദൈവമാകാന്‍ ശ്രമിക്കുന്നവര്‍ ?

ന്യാസ ഇത്യാഹുര്‍മനീഷിണോ ബ്രഹ്മാണം
ബ്രഹ്മാ വിശ്വഃ കതമഃ സ്വയംഭൂഃ
പ്രജാപതിഃ സംവത്സര ഇതി
സംവത്സരോfസാവാദിത്യോ
യ ഏഷ ആദിത്യേ പുരുഷഃ
സ പരമഷ്ഠീ ബ്രഹ്മാത്മാ.

സര്‍വ്വവും ന്യാസം-ത്യാഗം-ചെയ്ത സന്യാസി സര്‍വ്വാന്തര്‍‌യ്യാമിയും സൂര്യ ചന്ദ്രാദികളുടെ ശക്തികാരണവുമായിരിക്കുന്ന പരമാത്മാവിന്റെ പരമോപാസകനാകുന്നു.സൂര്യന്റെ തപനശക്തി ഈശ്വരപ്രസാദത്താലുണ്ടാകുന്നു.സൂര്യയ്യതപസ്സിനാല്‍ വര്‍‌ഷവും ,വര്‍ഷത്താല്‍ ഔഷധസസ്യാധികളും ,അതില്‍ നിന്ന് അന്നവുംഅന്നത്തില്‍ നിന്ന് പ്രാണനും ,പ്രാണനില്‍ നിന്ന് ബലവും,ബലത്തില്‍ നിന്ന് തപസ്സും,അതില്‍ നിന്ന്ശ്രദ്ധയും,സത്യജിജ്ഞാസയും ബുദ്ധിയും,ബുദ്ധിയില്‍ നിന്ന് വിചാര ശക്തിയും,വിചാര ശക്തിയില്‍ നിന്ന്ജ്ഞാനവും,ജ്ഞാനത്തില്‍ നിന്ന് ശാന്തിയും അതില്‍നിന്ന് ചേതനാശക്തിയും ചിത്തത്തില്‍ നിന്ന്സ്‌മൃതിയും,സ്മരണശക്തിയാല്‍ പൂര്‍വ്വാപരജ്ഞാനവുമുണ്ടാകുന്നു.പൂര്‍വ്വാപരജ്ഞാനത്തില്‍നിന്ന്ഉളവാകുന്ന വിജ്ഞാനത്താല്‍ സന്ന്യാസി ആത്മാവിനെ അറിയുകയും അറിയിക്കുകയും ചെയ്യുന്നു.(ഹിന്ദുധര്‍മ്മ പരിചയം :സാധുശീലന്‍ കെ.പരമേശ്വരന്‍ പിള്ള ,പേജ് 53)സന്യാസി ആരണന്നും അയാളുടെ ചുമതല എന്താണന്നും ഈ തൈത്തിരീയ സൂകതത്തില്‍ നിന്ന് മനസിലായിട്ടുണ്ടാവുമല്ലോ?

സര്‍വ്വവും വെടിഞ്ഞ് ആത്മാവിനെ അറിയുകയും അറിയിക്കുകയും ചെയ്യേണ്ട(ജനങ്ങളെ മോക്ഷത്തിലേക്ക് നയിക്കുക) ആളാണ് സന്ന്യാസി .പക്ഷേ കലികാലത്തില്‍ കള്ളവേഷം പൂണ്ട ചിലര്‍ സന്ന്യാസിയായി സ്വയം അവരോധിച്ച് സാമ്പത്തികലാഭത്തിനു വേണ്ടി ഇറങ്ങിത്തിരിക്കുമ്പോള്‍സര്‍വ്വത്യാഗികളായ സന്ന്യാസികളേയും ജനങ്ങള്‍ സംശയത്തോടെ മാത്രം നോക്കുന്നു.ഒരു പാത്രത്തിലെപാലില്‍ ഒരു തുള്ളി പെട്രോള്‍ വീഴുമ്പോള്‍ പാല്‍‌മുഴുവനായി ചീത്തയാകുന്നതുപോലെ കള്ള സന്ന്യാസിമാര്‍ സന്ന്യാസമൂഹത്തിനു മുഴുവനായി കളങ്കം ആകുന്നു.

ഇപ്പോള്‍ ഓരോ ദിവസവും പുതിയ കള്ള സന്ന്യാസിമാരുടേയും,സന്ന്യാസിനികളുടേയും,ആള്‍ ദൈവങ്ങളുടേയും ,ഹൈടെക് ദൈവദാസ്ന്മാരുടേയും തട്ടിപ്പിന്റേയും വഞ്ചനയുടേയും കഥകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.അവര്‍ക്കെതിരെ രാഷ്ട്രീയ പാര്‍ട്ടികളുടേയും,മതസംഘടനകളുടേയും,ജാതിസംഘടനകളുടേയുംയുവജനവിഭാഗങ്ങള്‍ സമരങ്ങള്‍ നടത്തുകയും ചെയ്യുന്നു.ഈ സമരങ്ങള്‍ അപകടകരമായ ഒരു നിലയിലേക്കാണ് പൊയ്ക്കൊണ്ടിരിക്കുന്നത്.ഇത്തര സമര മാര്‍ഗ്ഗങ്ങളില്‍ നിന്ന് പിന്മാറുന്നില്ലങ്കില്‍ കേരളം മറ്റൊരുവര്‍ഗ്ഗീയ കലാപത്തിലേക്കാണ് പതിക്കുന്നത്.

പിടിയിലായ കള്ളസന്ന്യാസി,ആള്‍ ദൈവങ്ങളില്‍ എല്ലാവരും ജീവിക്കാന്‍ വേണ്ടി വേഷം കെട്ടിയവരാണ്.ഇതില്‍ പലരും പല ക്രിമിനല്‍,സിവില്‍ കേസുകളില്‍ പ്രതിയായി നാടുവിട്ട് ഓടിപ്പോയതിനു ശേഷംദൈവവേഷം കെട്ടിയവരാണ്.ഇവരെല്ലാവരും തന്നെ സ്വന്തം പേരില്‍ ട്രസ്റ്റുകള്‍ രൂപീകരിച്ച് പണപ്പിരിവ്നടത്തി കോടികളാണ് സ്വന്തമാക്കിയത്.സന്തോഷ് മാധവനും ,ഹിമവല്‍ ഭദ്രാനന്ദയും,സുനില്‍ സ്വാമിയും,അമ്മേതായും,തങ്കു ബ്രദറും എല്ലാം ഒരു നാണയത്തിന്റെ വശങ്ങള്‍ തന്നെ.ജനങ്ങളെ പറ്റിച്ച് ജീവിക്കുകഎന്ന ലക്ഷ്യത്തിനു വേണ്ടി പലമാര്‍ഗ്ഗങ്ങള്‍ തിരഞ്ഞെടുത്തവരാണിവര്‍.സ്വന്തം പേരില്‍ കോടിക്കണക്കിന്രൂപയുടെ വസ്തുക്കളാണിവരില്‍ പലരും വാങ്ങിക്കൂട്ടിയത്.ജനങ്ങള്‍ ഇവരുടെ തട്ടിപ്പില്‍ വീണുപോവുകയാണ്.വായ് നല്‍കിയ ദൈവം പട്ടിണിക്കിടത്തില്ലന്ന് പറഞ്ഞത് ഇവരുടെ കാര്യത്തീല്‍ സത്യമാണ്.സ്വന്തംനാക്കിന്റെ ബലത്തില്‍ പിടിച്ചു നില്‍ക്കുന്നവരാണിവര്‍.

എന്തുകൊണ്ട് ജനങ്ങള്‍ ഇവരുടെ അടുക്കല്‍ ഓടിയെത്തുന്നു.അതിനുള്ള കാരണങ്ങള്‍ എന്താണ് ?ജീവിത സാഹചര്യങ്ങള്‍ വര്‍ദ്ധിച്ചപ്പോള്‍ ഉണ്ടായ അരക്ഷിതാവസ്ഥയില്‍ നിന്ന് മോചനം ലഭിക്കുന്നതിനുവേണ്ടിയാണ് പലരും ആള്‍ ദൈവങ്ങളില്‍ അഭയം പ്രാപിക്കുന്നത്.എത്രയും പെട്ടന്ന് കഷ്ടങ്ങള്‍ സഹിക്കാതെ,പ്രയാസ്സങ്ങളിലൂടെ കടക്കാതെ സമ്പത്തിന് ഉടമയാവുക എന്ന ജനങ്ങളുടെ മനശാസ്ത്രം ആണ് ആള്‍ദൈവങ്ങള്‍ ചൂഷ്‌ണം ചെയ്യുന്നത്. പ്രവചനങ്ങളും,വെളിപ്പെടുത്തലുകളും,ജ്യോതിഷവും ഒക്കെ ചേര്‍ത്ത്ഒരു കണ്‍കെട്ട് നടത്തുമ്പോള്‍ ജനങ്ങള്‍ അതിന് അടിമകളാകുന്നു.ആള്‍ ദൈവങ്ങള്‍ കരുതിക്കൂട്ടിനടത്തൂന്ന അത്ഭുതങ്ങള്‍ കണ്‍കെട്ടാണന്നോ,ഗിമ്മിക്കുകള്‍ ആണന്നോ അവര്‍ വിശ്വസിക്കുന്നില്ല.അവിശ്വാസത്തിന് ആള്‍ദൈവങ്ങള്‍ ഇടനല്‍കുകയും ചെയ്യുന്നില്ല.


ക്രിസ്തീയമായ ചുറ്റുപാടുകളില്‍ ആള്‍ദൈവങ്ങള്‍ ആയവരെക്കുറിച്ചും തട്ടിപ്പുകള്‍ നടത്തുന്നവരെ കുറിച്ചുംസ്വയം പ്രഖ്യാപിത സഭകളെക്കുറിച്ചും ആണ് ഞാനിവിടെ സൂചിപ്പിക്കുന്നത്.ഞാനൊരു വര്‍ഗ്ഗീയ വാദിആയതുകൊണ്ടല്ല ഇപ്രകാരം ചെയ്യുന്നത്.സ്വന്തം കണ്ണിലെ കോല്‍ എടുക്കാതെ സഹോദരന്റെകണ്ണിലെ കരട് എടുക്കാന്‍ ശ്രമിക്കരുത് എന്ന് ബൈബിള്‍ തന്നെ പഠിപ്പിക്കുന്നുണ്ട്.ഇതുമാത്രമല്ലഎനിക്കറിയാവുന്നത് ‘ദൈവദാസന്മാരുടെ’ തട്ടിപ്പുകളെക്കുറിച്ചാണ്.(പ്രാര്‍‌ത്ഥനകളില്‍ കൂടി ലഭിക്കുന്നരോഗശാന്തി ശുശ്രൂഷകളെക്കുറിച്ച് ഞാനിവിടെ വിശകലനം ചെയ്യുന്നില്ല.ശാസ്ത്രീയമായ കണ്ടെത്തലില്‍കൂടി തെളിയക്കപെട്ടില്ലങ്കിലും പ്രാര്‍‌ത്ഥനകളില്‍ കൂടി പലര്‍ക്കും രോഗശാന്തികിട്ടിയിട്ടുണ്ട് . എല്ലാ മതങ്ങളിലുംപ്രാര്‍ത്ഥനകളില്‍ കൂടി അത്ഭുതങ്ങള്‍ നടന്നിട്ടുണ്ട്.പലരും രോഗങ്ങള്‍ മാറി ജീവിതത്തിലേക്ക് തിരിച്ചുവന്നിട്ടുണ്ട്.)

പത്തുവര്‍ഷത്തിനുമുമ്പ് ക്രിസ്തീയ സഭകളില്‍ കരിസ്‌മാറ്റിക് പ്രസ്ഥാനങ്ങളുടെ ചാകര കാലമായിരുന്നു.ഇന്നത്തെ ക്രിസ്തീയ അത്ഭുത ദൈവദാസന്മാരുടെ ഉദയകാലമായിരുന്നു ഇത്.വേദപുസ്തകത്തെക്കുറിച്ചുള്ളകുറച്ച് അറിവും നന്നായി സംസാരിക്കാന്‍ അറിയാവുന്നവരും അല്പം ‘ഗിമ്മിക്കുകള്‍’ കാണിക്കാന്‍ കഴിവുള്ളവരും ദൈവദാസന്മാരായി ജനങ്ങളുടെ ഇടയിലേക്ക് കടന്നു വന്നു.ആത്മമാരി,വചനമാരി,ആത്മാവില്‍ തീമഴ,വിടുതല്‍ മഹായോഗം, തുടങ്ങിയ പേരുകളില്‍ ഇവരില്‍ പലരും സുവിശേഷ യോഗങ്ങളില്‍ കൂടി ജനങ്ങളിളേക്ക് ഇറങ്ങി.ഇത്തരം യോഗങ്ങളില്‍ നടന്നു എന്ന് അവകാശപ്പെടുന്ന രോഗശാന്തി(?) പരസ്യതന്ത്രങ്ങളിലൂടെ തങ്ങളുടെ മേധാവിത്വം ഉറപ്പിക്കാന്‍ ദൈവദാസ്ന്മാര്‍ തന്നെ പരസ്പരംമത്സരിക്കുകയാണ്.

ഇത്തരം ദൈവദാസന്മാരുടെ പ്രധാന ഇര സ്ത്രികള്‍ തന്നെയാണ്.വിധവമാരുടേയും ഭര്‍ത്താക്കന്മാര്‍വീടുകളില്‍ ഇല്ലാത്ത സ്ത്രികളേയും ആണ് ഇവര്‍ ആദ്യം ടാര്‍ഗറ്റ് ആക്കുന്നത്.സ്ത്രികളെ പെട്ടന്ന് പറഞ്ഞ്പറ്റിക്കാം എന്ന മനശാസ്ത്രം തന്നെ ആണിവര്‍ പ്രയോഗിക്കുന്നത്.സ്ത്രികളില്‍ കൂടി അവരുടെ കുടുംബത്തെപടിപടിയായി തങ്ങളുടെ കൂട്ടായ്മകളിലേക്കും സഭകളിലേക്കും അവര്‍ എത്തിക്കുന്നു.ഇത്തരം ദൈവദാസന്മാരുടെ പ്രധാന ആയുധം പ്രാര്‍ത്ഥന തന്നെയാണ്.എന്തെങ്കിലും പ്രയാസങ്ങള്‍ വീടുകളില്‍സംഭവിക്കുമ്പോള്‍ പ്രാര്‍ത്ഥനകള്‍ക്കായി ഇവര്‍ ഓടിയെത്തും.തങ്ങളുടെ പ്രയാസങ്ങള്‍ ‘ഷെയര്‍’ ചെയ്യാന്‍ഒരാള്‍ക്കൂടി ഉണ്ട് എന്നുള്ള അറിവ് വീട്ടുകാരില്‍ ഒരല്പം ആശ്വാസം പകരുന്നു.അതവര്‍ മുതലാക്കുകയുംചെയ്യുന്നു.ഇത്തരം ദൈവദാസന്മാര്‍ ഉണ്ടാകുമെന്ന് യേശുക്രിസ്തുവിനു തന്നെ തോന്നിയിരിക്കാം.അതുകൊണ്ടാണ് യേശു തന്നെ ഇത്തരം ആളുകളെക്കുറിച്ച് പറഞ്ഞത്.“നിലയങ്കികളോടെ നടപ്പാന്‍ഇച്ഛിക്കുകയും അങ്ങാടിയില്‍ വന്ദനവും പള്ളിയില്‍ മുഖ്യാസനവും അത്താഴത്തില്‍ പ്രധാനസ്ഥലവുംപ്രിയപ്പെടുകയും ചെയ്യുന്ന ശാസ്ത്രിമാരെ സൂക്ഷിച്ചുകൊള്‍വിന്‍.അവര്‍ വിധവമാരുടെ വീടുകളെ വിഴുങ്ങുകയുംഉപായരൂപേണ ദീര്‍ഘമായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.”(വി.ലൂക്കോസ് 20:46-47)

കൂണുപോലെയാണ് ദൈവദാസന്മാരും പ്രാര്‍ത്ഥനാകൂട്ടായ്മകളും മുളച്ച് പൊങ്ങുന്നത്.ധരിക്കാന്‍ കോട്ടുംസ്യ്യൂട്ടും,ടൈയും,കൈയ്യിലൊരു വേദപുസ്തകവും,മുന്നിലൊരു മൈക്കും ആണ് ദൈവദാസന്മാരുടെട്രേഡ് മാര്‍ക്ക്.ഇന്ന് ഫ്ലെക്‍സുകളിലെ പരസ്യങ്ങളിലും ,ടെലിവിഷന്‍ ചാനലില്‍ പ്രത്യക്ഷപെടുന്ന ഒട്ടുമിക്കദൈവ ദാസന്മാരും ഇട്ടിരിക്കുന്നത് ആയിരങ്ങള്‍ വിലയുള്ള കോട്ടും സ്യൂട്ടും!! സഞ്ചരിക്കാന്‍ വിദേശനിര്‍മ്മിത കാറും,താമസിക്കന്‍ പഞ്ചനക്ഷത്ര സൌകര്യങ്ങള്‍ ഉള്ള വീടുകളും!!.ഉണ്ണിയേശു ജനിച്ചത്കാലിത്തൊഴിത്തിലും,കിടന്നത് കീറത്തുണികണ്ടത്തിലും ആണ്.പക്ഷേ ചില ദൈവദാസന്മാരുടെജീവിതം കണ്ടാല്‍ ഉണ്ണിയേശു ജനിച്ചത് ഹെരോദാവിന്റെ കൊട്ടാരത്തില്‍ അണന്ന് തോന്നും.


ദൈവദാസന്മാര്‍ സ്വന്തമായിട്ട് ട്രസ്റ്റുകള്‍ രൂപീകരിക്കുകയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നപേരില്‍ പണം പിരിക്കുകയും ചെയ്യും.അതിലൊരു മുക്കാല്‍‌പങ്കും സ്വന്തം ഫണ്ടിലേക്ക് തന്നെയാണ്വീഴുന്നത്.കുറച്ചു പാവങ്ങള്‍ക്കും നല്‍കും.എന്ത് പോക്രിത്തരവും കാണിച്ച് നാടുവിട്ട് ഒരു സുപ്രഭാതത്തില്‍പാസ്റ്ററായി തിരിച്ച് പൊങ്ങുന്ന ചില വിരുതന്മാര്‍ നമ്മുടെ ഇടയില്‍ ഉണ്ട്.അവരുടെ പുറകെ പോകാനുംകുറേ ആളുകള്‍ ഉണ്ടാവും.ഞങ്ങളുടെ നാട്ടില്‍ ഇപ്പോഴൊരു പ്രാര്‍ത്ഥനാകൂട്ടായ്മയുണ്ട്.പ്രാര്‍ത്ഥനാകൂട്ടായ്മഎന്നല്ല ഒരു സഭ ആണന്നാണ് അവര്‍ പറയുന്നത്.ഇതിനു നേതൃത്വം നല്‍കുന്ന പാസ്റ്റ്‌ര്‍ പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് മണലുവാരലും വാറ്റുപരിപാടികളും ഒക്കെയായി നടന്നതാണ്.ഇയാളുടെ തരികിട പണികള്‍സഹിക്കാനാവാതായപ്പോള്‍ നാട്ടുകാര്‍ ഇടപെട്ടു.അടിവീഴുമെന്ന് ഉറപ്പായപ്പോള്‍ പുള്ളിക്കാരന്‍ നാടുവിട്ടു.കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ തിരിച്ചെത്തിയത് മാനസാന്തരപെട്ട് പാസ്റ്റ്‌റായിട്ടാണ്.ഇപ്പോള്‍ കാറായി,രണ്ടുനില വീടായി,ഇടയ്ക്കിടെ ഗള്‍ഫ് യാത്രകളായി എന്തിന് സ്വന്തമായിട്ട് ഒരു സഭയും ആയി.

പാവങ്ങളെ സഹായിക്കാന്‍ പിരിക്കുന്ന പണം എന്തിനൊക്കെ വേണ്ടി ഇവര്‍ ഉപയോഗിക്കുന്നുഎന്ന് ആരേയും കണക്ക് കാണിക്കേണ്ടി വരുന്നില്ല.കോടിക്കണക്കിന് രൂപയുടെ സ്വത്താണ് ഇവര്‍വാങ്ങികൂട്ടുന്നത്.കെ.പി.യോഹന്നാന്റെ ബിലീവേഴ്സ് ചര്‍ച്ച് ഹാരിസണ്‍ മലയാളത്തിന്റെ കൈയ്യില്‍നിന്ന്ആയിരക്കണക്കിന് ഏക്കറുള്ള ചെറുവള്ളി എസ്‌റ്റേറ്റ് വങ്ങിയത് കോടിക്കണക്കിന് രൂപ മുടക്കിയാണ്.കെ.പി.യോഹന്നാന്റെ ട്രസ്റ്റിലേക്ക് ഒഴുകി എത്തുന്നത് കോടിക്കണക്കിന് വിദേശപണമാണ്.ട്രസ്റ്റിന്റെപേരില്‍ നടത്താവുന്ന പണമിടപാടുകളെ പരിധി കടക്കാ‍ന്‍ സ്വന്തമായിട്ട് ഒരു സഭയും ഉണ്ടാക്കി.എന്തെങ്കിലും പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായാല്‍ ന്യൂനപക്ഷപീഡനം എന്ന് വിളിച്ചുകൂവിയാല്‍ നാലാളു കൂവലു ഏറ്റെടുക്കാന്‍ കാണുമെന്ന് വിചാരിച്ചിട്ടുണ്ടാവും.

ഹെവന്‍ലി ഫീസിറ്റിന്റെ തങ്കു ബ്രദറും കോടികളാണ് സ്വന്തം പേരില്‍ ആക്കിയിരിക്കുന്നത്.ഇദ്ദേഹംപണിയുന്ന വീടിന് അഞ്ചുകോടി രൂപയാണത്രെ ചിലവ്.പാവം ദൈവദാസന്‍!!!!കര്‍ത്താവേ നീദാവീദിന്റെ കൊട്ടാരത്തിലങ്ങാണം ജനിച്ചിരുന്നെങ്കില്‍ ദൈവദാസന് അഞ്ചുകോടി രൂപയുടെവീട് മതിയാകാതെ വന്നേനെ!!!ഉഡായൊപ്പു പരിപാടുകളുമായി ഇറങ്ങിയിരിക്കുന്ന എല്ലാ ദൈവദാസന്മാരുടേയും പേരിന്റെ കൂടെ ‘ഡോ.’എന്ന് കാണുന്നുണ്ട്.എന്ത് വിഷയത്തിലാണാവോ ഇവരെല്ലാം ഡോക്ടറേറ്റ് നേടിയിരിക്കുന്നത്.ജനങ്ങളെ എങ്ങനെ മണ്ടന്മാരാക്കാം എന്ന വിഷയത്തില്‍ പി.എച്ച്.ഡി.എടുക്കാനാണ് സാധ്യത.അതോ ചന്തപ്പുറത്തുനിന്ന് വാങ്ങിയതാവുമോ ഡോ‌ക്‍ടറേറ്റ്...

ഒട്ടുമിക്ക ആള്‍ ദൈവങ്ങളും സ്വന്തം പേരില്‍ കെട്ടിടങ്ങള്‍ കെട്ടി ഉയര്‍ത്തുന്നതോടൊപ്പം വിദ്യാഭ്യാസസ്ഥാപനങ്ങളും ഉണ്ടാക്കുന്നുണ്ട്.പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പോലെ ആദായകരമായമറ്റൊരു ബിസ്‌നസ്സ് ഇല്ലന്ന് ആര്‍ക്കാണ് അറിയാന്‍ പാടില്ലാത്തത്.

ഇന്നലത്തെ മഴയില്‍ പൊട്ടിവിടര്‍ന്ന കൂണ്‍ പോലെ മുളച്ചുപൊന്തിയ ആള്‍ദൈവങ്ങളും അവരുടെആത്മീയപ്രസ്ഥാനങ്ങളും നമ്മുടെ രാജ്യത്തിനു തന്നെ ഭീക്ഷിണി ആവുകയാണ്.ഇവര്‍ സൃഷ്ടിച്ചെടുക്കുന്നഉദ്യോഗസ്ഥ-ആള്‍ദൈവ കോക്കസ് സമൂഹത്തിലുണ്ടാക്കുന്ന അരാജകത്വം എത്ര വലുതായിരുന്നുഎന്ന് നമ്മള്‍ മനസിലാക്കികൊണ്ടിരിക്കുകയാണ്.ഇത്തരം ആള്‍ദൈവങ്ങളുടെ ഉഡായിപ്പ്പ്രസ്ഥാനങ്ങള്‍ക്ക് നമ്മുടെ മണ്ണില്‍ വളക്കൂറുണ്ടാവാന്‍ കാരണം സാമ്പത്തിക,മനശാസ്ത്ര,സാമൂഹിക പരമായകാര്യങ്ങളാണ്.ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കൂടുമ്പോള്‍ ഉള്ളവന്‍ കൂടുതല്‍ ഉണ്ടാക്കാനുംഇല്ലാത്തവന്‍ എന്തങ്കിലും ഒക്കെ ഉണ്ടാക്കാനും ശ്രമിക്കും.അനുദിനം മത്സരങ്ങള്‍ കൂടുമ്പോള്‍ജീവിതത്തില്‍ നിന്ന് പുറം തള്ളപെടാതിരിക്കാനും മറ്റും ആളുകള്‍ ശ്രമിക്കും.അതു തന്നെയാണ് ആള്‍ദൈവങ്ങള്‍ കൂടാനുള്ള കാരണവും.തങ്ങള്‍ വിശ്വസിക്കുന്ന മതങ്ങളിലെ മൂല്യച്യുതിയും മൂല്യശോഷണവുംജനങ്ങളെ ഇത്തരം ആള്‍ദൈവങ്ങളിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നു.

യേശുക്രിസ്തു പറഞ്ഞ വാക്കുകള്‍ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കട്ടെ...
“നിലയങ്കികളോടെ നടപ്പാന്‍ ഇച്ഛിക്കുകയും അങ്ങാടിയില്‍ വന്ദനവും പള്ളിയില്‍ മുഖ്യാസനവും അത്താഴത്തില്‍ പ്രധാനസ്ഥലവുംപ്രിയപ്പെടുകയും ചെയ്യുന്ന ശാസ്ത്രിമാരെ സൂക്ഷിച്ചുകൊള്‍വിന്‍.അവര്‍ വിധവമാരുടെ വീടുകളെ വിഴുങ്ങുകയുംഉപായരൂപേണ ദീര്‍ഘമായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.”(വി.ലൂക്കോസ് 20:46-47)


വിധിക്കുറിപ്പ് :
കോട്ടയത്തെ ഒരു ബാര്‍ ഹോട്ടല്‍ വാങ്ങാന്‍ തങ്കു ബ്രദര്‍ അഡ്വാന്‍സ് കൊടുത്തുവത്രെ! കര്‍ത്താവ് പച്ചവെള്ളം വീഞ്ഞാക്കി കല്യാണപന്തലില്‍ വിളമ്പിയെങ്കില്‍ തനിക്ക് എന്തുകൊണ്ട് മദ്യം തന്നെ വിളമ്പിക്കൂടാ എന്നദ്ദേഹം ചിന്തിച്ചിട്ടുണ്ടാവും. കര്‍ത്താവേ നിന്റെ
ഇത്തരം ദൈവദാസന്മാര്‍ക്കായി നീ എന്താണാവോ അവസാന വിധിയില്‍ കാത്തുവച്ചിരിക്കുന്നത് ???????????




6 comments:

സൂര്യോദയം said...

നല്ല വിലയിരുത്തല്‍... നല്ല ലേഖനം

Anonymous said...

"vidhikkuruppu" vendayirunnu.

because you have no proof, It may be a gossip.
and remember the bible quote "don't judge anyone.."

elo said...

super

saneesh vp said...

kollaam..........
nannayittundu...

Anonymous said...

കൊള്ളാം വളരെ ആധികാരികമായ ലേഖനം.
പണം മാത്രമല്ല ഇതുപോലുള്ള കള്ളന്മാരുടെ ലക്ഷ്യം,കൂടെ സുന്ദരികളായ സ്ത്രീകളേയും ഇവർ തങ്ങളുടെ ആത്മനിർവൃതിക്ക് ഉപയൊഗിക്കുന്നു.
അതാരും അറിയുന്നില്ലെന്ന് മാത്രം.
വീണ്ടും എഴുതുക.....

Anonymous said...

തെക്കേടന്‍, താങ്കള്‍ തെറ്റായി ധരിച്ചതല്ല എന്ന് ഇപ്പൊ മനസ്സിലായി, കഴിഞ്ഞ കെ പി യോഹന്നാന്റെ പോസ്റ്റ് ഇട്ടതിനു ഞാന്‍ എഴുതിയ കമന്റ് കണ്ടിട്ടും താങ്കള്‍ എഴുത്തിന്റെ ശൈലി മാറ്റിയില്ല എന്നത് ആശ്ചര്യമുണ്ടാക്കുന്നു. അതില്‍ നിന്നും മനസ്സിലാവുന്നത് ബോധപൂര്‍വം കരിവാരിത്തേക്കാന്‍ തന്നെയുള്ള താങ്കളുടെ ശ്രമമണെന്നതാ‍ണ്.
കെപി യോഹന്നാന്റെ പണത്തിന്റെ സോഴ്സിനെ ഇനിതാങ്കളോട് പറഞ്ഞ് മനസ്സിലാക്കാനില്ല ഇഷ്ടം പോലെ എഴുതുക!
പിന്നീട് എഴുതിയത്, താങ്കളുടെ വീടിനടുത്ത് താമസിച്ച ഒരു സാമൂഹ്യ ദ്രോഹി, പെട്ടെന്ന് നാടുവിട്ടുപോയി തിരിച്ചു വന്നപ്പോള്‍ പാസ്റ്ററായി അയാള്‍ നാട്ടില്‍ മോശമാ‍യി ജീവിച്ചപ്പോള്‍ (വാറ്റും മറ്റുമായി) താങ്കള്‍ക്ക് പരാതി ഇല്ലായിരുന്നു, അയാളെ പോലെ മോശമായി ജീവിക്കുന്ന ആരേയും പറ്റി പരാതി ഇല്ലല്ലൊ അല്ലേ? പക്ഷേ അയാള്‍ ഇപ്പൊ രണ്ട് നില വീടൊക്കെ വച്ച് കാറുമൊക്കെയായി ജീവിക്കുമ്പോ എന്തോ ഒരിത് തോന്നുന്നു അല്ലേ , അതിന്റെ സത്യാവസ്ഥ അറിയാന്‍ ഒരിക്കല്‍ അവിടെ പോയി നോക്കൂ അപ്പോള്‍ മനസ്സിലാവും അയാള്‍ തട്ടിപ്പ് നടത്തിയതായിട്ട് താങ്കളോട് ആരെങ്കിലും പരാതി പറഞ്ഞോ എങ്കില്‍ ഈ എഴുതിയതിനൊക്കെ ഒരു ‘ഇത്’ ഉണ്ടായിരുന്നു ഇത് എന്തോ താങ്കള്‍ക്ക് ഇഷ്ടപ്പെടാത്ത അയാള്‍ നന്നായതിലുള്ള അസൂയ പോലെ തോന്നുന്നു,
നെക്സ്റ്റ്, തങ്കു ബ്രദറിന്റെ കാര്യം ഈ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് മൂവായിരത്തോളം ഹിന്ദുമതത്തില്‍ പെട്ട അംഗങ്ങളാണ് അയാളുടെ ചര്‍ച്ചില്‍ അംഗങ്ങളായിട്ടുള്ളത്. അതിന്റെ എതിര്‍പ്പ് അവിടെ എസ് എന്‍ ഡി പിയും യുവമോര്‍ച്ചയും കാണിച്ചിരുന്നല്ലൊ, അല്ലാതെ റെയിഡ് നടത്തിയിട്ട് കണക്കില്‍ പെടാത്ത ഒന്നും കാണാന്‍ കഴിഞ്ഞില്ല എന്നു തന്നെയും അല്ല ഇന്നലെ അയാള്‍ പാസ്പോര്‍ട്ട് തിരികെ വാങ്ങി തായ്‌വാന് പോയി കണ്‍‌വെന്‍ഷനില്‍ പ്രസംഗിക്കുവാന്‍, ഇന്നത്തെ പ്രക്ഷുബ്ധമായ സാമൂഹിക ചുറ്റുപാടില്‍ എന്തെങ്കിലും ചെറിയ സംശയം അയാളുടെ ഇടപാടില്‍ ഉണ്ടെങ്കില്‍ പാസ്പോര്‍ട്ടുകള്‍ വിട്ടുകൊടുക്കുമെന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടോ?
ഒന്നൂടേ ഞാന്‍ സ്വന്ത മതത്തെ ആദ്യമേ അങ്ങ് ശുദ്ധീകരിച്ചുകളയാം എന്ന് പറഞ്ഞിട്ട് എന്ത്യേ പോട്ടയെപറ്റിയും മഞ്ഞിനിക്കര, മണര്‍കാട് പള്ളിയിലും ആളുകളെ കബളിപ്പിക്കുന്നതിനെ പറ്റി എഴുതിയില്ല അതൊന്നും പെന്തക്കോസ്ത്കാരല്ലല്ലൊ അല്ലേ , മനസ്സിലായി ചങ്ങാതി ആദ്യം അനോണി പറഞ്ഞതേ എനിക്കും പറയാനുള്ളൂ
ആരേയും വിധിക്കരുത്!
ആ എഴുത്ത് ആത്മാര്‍ത്ഥതയുള്ളതായിരുന്നെങ്കില്‍ ആദ്യം സ്വന്ത സമുദായത്തില്‍ നിന്ന് തുടങ്ങ് ഷിബൂ, പിന്നെ പെന്തക്കോസ്ത്കാരെപറ്റി പറയൂ
(ഇതിനെപറ്റി ഇനിയും എഴുതാന്‍ തയാറാണ്!)
- വിനു