Monday, January 28, 2013

ജനാധിപത്യത്തിലെ സമുദായഭ്രാന്ത് : കേരള മോഡൽ


ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടൂന്ന ജനപ്രതിനിധികൾ ജനങ്ങളെ ഭരിക്കുന്നതാണ് ജനാധിപത്യം !!! എത്ര മനോഹരമായ ജനാധിപത്യ സങ്കല്പം!!! പക്ഷേ ചിലർ ഈ ജനങ്ങളെയും തിരഞ്ഞെടൂക്കപ്പെടൂന്ന ജനപ്രതിനിധികളേയും മതത്തിന്റെയും സമുദായത്തിന്റെയും പേരിൽ വർഗ്ഗീകരിക്കുകയും സ്വന്തം താല്പര്യത്തിനു വേണ്ടി അവരെ ഉപയോഗിക്കുകയും വിലപേശൂകയും ചെയ്യുമ്പോൾ ജനാധിപത്യത്തെ മാതാധിപത്യമെന്നോ സമുദായാധിപത്യമെന്നോ വിളിക്കെണ്ടി വരും, പ്രത്യേകിച്ച് കേരളത്തിൽ. കേരളത്തിലെ ഇന്ന് ഭരിക്കുന്ന യുഡിഎഫ് സർക്കാർ ഒരു ജനാധിപത്യ സർക്കാരാണോ അതോ സമുദായാധിപത്യസർക്കാരാണോ എന്ന് ഓരോ ജനാധിപത്യ വിശ്വാസിയും ചോദിക്കുന്നുണ്ടങ്കിൽ അതിനു ഉത്തരം നൽകേണ്ട ബാധ്യത സർക്കാരിനു നേതൃത്വം നൽകുന്ന കോൺഗ്രസുകൂടി ഉണ്ട്. കോൺഗ്രസ് ഭരിക്കുമ്പോൾ ഇത്രയേറെ സമുദായ/മത സംഘടനകൾ അവകാശങ്ങളും മുന്നറിയിപ്പുകളുമായി ഭരിക്കുന്ന സർക്കാരിനെയും മുഖ്യമന്ത്രിയേയും ഭീക്ഷണിപ്പെടൂത്തുന്നത് എന്തുകൊണ്ടാണ് എന്ന് ചിന്തിക്കേണ്ടത് കോൺഗ്രസ് തന്നെയാണ്. അവർ കുഴിച്ച വീഴിയിൽ അവർ തന്നെ വീണുപോയി എന്നു പറയാൻ കഴിയും. ജാതി-മത-സമുദായ കുഴിയിൽ നിന്ന് രക്ഷപെടണമെങ്കിൽ കോൺഗ്രസ് തന്നെ വിചാരിക്കണം അല്ലങ്കിൽ ആ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മരണം അകലെയല്ല.

മതത്തിന്റെയും സമുദായത്തിന്റെയും പേരിൽ മത-സമുദായ നേതാക്കൾ വിലപേശൽ നടത്തുമ്പോൾ കോൺഗ്രസിനു അതിനെ എതിർക്കാൻ ഒരു ചെറു വിരൽ പോലും അനക്കാൻ കഴിയുന്നില്ല. കാരണം സീറ്റ് മോഹിച്ചവരും അധികാരം വേണ്ടിയവരും എല്ലാം തങ്ങൾ ആഗ്രഹിച്ച സ്ഥാനത്ത് എത്തിയത് ഈ മത-സമുദായത്തിന്റെയും അവരുടെ നേതാക്കളുടേയും ആശിർവാദത്തോടെ ആയിരുന്നു. എന്തിനു പാർട്ടിയിലെ സ്ഥാനങ്ങൾ പോലും മത-സമുദായ പരിഗണനകൾ മാത്രം പരിഗണിച്ച് വിതരണം ചെയ്യുന്ന പാർട്ടിയായി കോൺഗ്രസ് മാറി. അതിൽ നിന്ന് എന്ന് മോചനം നൽകാൻ കോൺഗ്രസ് പാർട്ടിക്കു കഴിയുന്നോ അന്നേ മത-സമുദായ ഭീക്ഷണിയിൽ നിന്ന് രക്ഷപെടാൻ പാർട്ടിക്കു കഴിയൂ. സമുദായ നേതാക്കളെ തൃപതിപ്പെടുത്തിയും വാഗ്ദാനങ്ങൾ നൽകിയും ഭരണം പിടിക്കാൻ ശ്രമിച്ച് വിജയിക്കുമ്പോൾ മത-സമുദായ നേതാക്കൾ കൂടുതൽ കരുത്തുകാട്ടാൻ തുടങ്ങും. അത് തങ്ങളുടെ സമുദായത്തിനു വേണ്ടിയല്ലന്നും സ്വന്തം താല്പര്യത്തിനു വേണ്ടിയാണന്നും ആർക്കാണ് അറിഞ്ഞു കൂടാത്തത് !!!

ഇന്ന് വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ നടത്തിയ ഒരു പ്രസ്താവനയാണ്. കെ.പി.സി.സി. പ്രസിഡന്‍റ് രമേശ് ചെന്നിത്തലയെ സര്‍ക്കാരിന്റെ പ്രധാനസ്ഥാനത്ത് കൊണ്ടുവന്നില്ലെങ്കില്‍ സര്‍ക്കാരിന് അധികകാലം തുടരാനാവില്ലെന്ന് പറഞ്ഞാണ് അദ്ദേഹം വാർത്തകളിൽ ഇടം തേടിയത്. അതിന് അദ്ദേഹത്തെ പ്രകോപിപ്പിച്ചത് മുഖ്യമന്ത്രി ഒരു വാർത്താ ചാനലിൽ നടത്തിയ ഒരു പരാമർശവും. ഇനി മന്ത്രിസഭാ പുനഃസംഘടന ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതാണ് സുകുമാരൻ നായരെ പ്രകോപിപ്പിച്ചത്. അങ്ങനെ പറഞ്ഞത് മുഖ്യമന്ത്രിയുടേ ധാര്‍ഷ്‌ട്യവും ഭൂരിപക്ഷത്തോടുള്ള നിന്ദയും ആണന്നാണ് അദ്ദേഹത്തിന്റെ ആരോപണം. താൻ നേതൃത്വം നൽകുന്ന സർക്കാരിൽ പുനഃസംഘടന ഇല്ലന്ന് ഒരു മുഖ്യമന്ത്രി പറഞ്ഞാൽ അതെങ്ങനെ ധാർഷ്‌ട്യം അകും? അതെങ്ങനെ ഭൂരിപക്ഷത്തോടുള്ള നിന്ദയാകും?? ജനങ്ങൾ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത് ഏതെങ്കിലും സ്ഥാനാർത്ഥിയുടെ ജാതിയും മതവും സമുദായവും നോക്കിയാണോ? അങ്ങനെയെങ്കിൽ ജനാധിപത്യത്തിന് മറ്റെന്തെങ്കിലും പേരു വിളിക്കുന്നതല്ലേ നല്ലത്?

സമുദായത്തെക്കാൾ സ്വന്തം താൽപര്യം സംരക്ഷിക്കാൻ വേണ്ടിയല്ലേ ജി. സുകുമാരന്‍ നായര്‍ ശ്രമിക്കുന്നതെന്ന് സംശയിക്കേണ്ടി ഇരിക്കുന്നു.കാരണം അദ്ദേഹം ഇന്നും ഇന്നലും ഒന്നും തുടങ്ങിയതല്ല ഈ ഭീക്ഷ്ണി പരിപാടി. സുകുമാരൻ നായർ എന്തു പറഞ്ഞാലും പിറ്റേന്ന് കെ.പി.സി.സി യിൽ നിന്ന് ചങ്ങനാശ്ശേരിയിൽ ആളെത്തും. പിന്നീട് അവർ ഭായി-ഭായി!!! കോൺഗ്രസ് കഴിഞ്ഞ ലോക്സഭാ ഇലക്ഷനു ശേഷം മന്ത്രിസഭാപ്രഖ്യാപനം നടന്നപ്പോള് നായർക്ക് മന്ത്രി സ്ഥാനം കിട്ടിയില്ലന്ന് പറഞ്ഞ് എന്തായിരുന്നു പ്രസ്താവനകൾ. ശശി തരൂർ നായരല്ലേ എന്ന് ചോദിച്ചപ്പോൾ ,അത് ഡൽഹി നായർ ആണന്നായിരുന്നു മറുപിടി. നായർ സമുദായത്തിൽ തന്നെ പ്രാദേശികാടിസ്ഥാനത്തിലും നായർ സമുദായം ഉണ്ടന്ന് അങ്ങനെ കേരളം അറിഞ്ഞു. സമുദായത്തെക്കാൾ തങ്ങളുടെ ചൊൽപ്പടിക്കു നിൽക്കുന്നവരെയാണല്ലോ സമുദായ നേതാക്കൾക്ക് ആവശ്യം. അതു തന്നെയാണ് ഇപ്പോഴും സംഭവിച്ചിരിക്കുന്നത്. ഭൂരിപക്ഷ സമുദായത്തെ 'താക്കോല് സ്ഥാനത്ത്' എത്തിക്കാൻ ശ്രമിക്കുന്ന സുകുമരൻ നായരോട് ആഭ്യന്തരമന്ത്രി നായർ സമുദായ അംഗമല്ലേ എന്ന് ചോദിച്ചപ്പോൾ നൽകിയ ഉത്തരം തിരുവഞ്ചൂർ മുഖ്യമന്ത്രിയുടേ ഗ്രൂപ്പിൽ പെട്ട അളാണ് എന്നായിരുന്നു. ഇപ്പോൽ മനസിലായില്ലേ സമുദായ അംഗത്തയോ ഭൂരിപക്ഷ അംഗത്തയോ 'താക്കോൽ സ്ഥാനത്ത്' എത്തിക്കുകമാത്രമല്ല ആ സ്ഥാനം തങ്ങൾ പറയുന്നത് മാത്രം കേൾക്കുന്ന ഒരാൾക്ക്  നൽകണം എന്നു കൂടിയാണന്ന്...

കോൺഗ്രസ് 72 സീറ്റിൽ വിജയിച്ച് നേരിയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തിയത് രമേശ് ചെന്നിത്തലയെ തങ്ങൾ ആവശ്യപ്പെട്ട് മത്സരിപ്പിച്ചതുകൊണ്ടാണന്നാണ് ജി.സുകുമാരൻ നായരുടെ അവകാശ വാദം. നായന്മാർ മാത്രം വോട്ട് ചെയ്താൽ രമേശ് ചെന്നിത്തലയോ കോൺഗ്രസോ വിജയിക്കുകയോ എൽഡിഎഫ് പരാജയപ്പെടുകയോ ചെയ്യില്ലല്ലോ? മാധ്യമങ്ങൾ ആണ് സ്ഥാനാർത്ഥിയുടേ ജയപരാജയങ്ങളിൽ സമുദായ-മത അംഗങ്ങളുടെ കണക്കെടൂത്ത് പരിശോധിച്ച് ഒരു തീർപ്പ് കൽപ്പിക്കുന്ന പരിപാടി തുടങ്ങിയത്. ഏതെങ്കിലും ഒരു ജനാധിപത്യ വിശ്വാസി മതമോ സമുദായമോ നോക്കി വോട്ട് ചെയ്യുമെന്ന് തോന്നുന്നില്ല.( സമൂഹത്തിലെ എല്ലാം മതാധിഷ്ഠിതമായി മാറി കൊണ്ടിരിക്കുമ്പോൾ ഒരു ചെറിയ വിഭാഗം ആളുകൾ മതം നോക്കി വോട്ടു ച്ചെയ്യുമായിരിക്കും). കോൺഗ്രസിനു വേണ്ടി ഇത്തയേറെ അധ്വാനിച്ച ഒരു സമുദായത്തെ കോൺഗ്രസിനു തള്ളിക്കളയാനും  പറ്റില്ലല്ലോ!!!! സ്വന്തമായി ഒരു രാഷ്ട്രീയ പാർട്ടി ഉണ്ടായിരുന്ന സമുദായമാണ് നായർ സമുദായം. അതിൽ വലിയ ഭാവി ഇല്ലാതായതുകൊണ്ട് സ്വന്തം താല്പര്യം സംരക്ഷിക്കാൻ (സമുദായത്തിന്റെ അല്ല) വിലപേശൽ തന്ത്രവും സമദൂരവും ശരിയായ ദൂരവും ഒക്കെയായി  പ്രസ്താവനകളിലും ടെലിവിഷൻ ചാനലുകളിലും നേതാക്കൾ എത്തുന്നു എന്നുമാത്രം. ഇനി ഏതായാലും ഒരാഴ്ചത്തേക്ക് ചങ്ങനാശേരിയിലേക്ക് കോൺഗ്രസ് നേതാക്കളുടേയും ചാനൽ റിപ്പോർട്ടർ മാരുടേയും ഒഴുക്കായിരിക്കൂം... ഈ തിരക്ക് ഒന്നടങ്ങിയാൽ അടുത്ത തിരക്ക ആലപ്പുഴയിലേക്ക് ആയിരിക്കൂം... താമസംവിനാ ആ വഴിയിൽ നിന്നു എന്തെങ്കിലും പ്രസ്താവനകൾ ഉടൻ വരും !! അതാണല്ലോ അതിന്റെ ഒരു പോക്ക് !!!

ഇടതുപക്ഷം അധികാരത്തിൽ എത്തുമ്പോൾ അവകാശ വാദങ്ങളുമായി എത്താൻ ഈ സമുദായ നേതാക്കളെ കാണാൻ പറ്റാത്തതു എന്തുകൊണ്ടാണന്ന് കോൺഗ്രസുകാർ തന്നെ ചിന്തിക്കുന്നത് നല്ലതായിരിക്കും.. സമുദായമോ ജാതിയോ പാർട്ടി കാര്യങ്ങളിൽ ഇടപെടേണ്ട അത് പാർട്ടി തീരുമാനിച്ചോളും എന്ന് ഇടതുപക്ഷനേതാക്കളെ പോലെ   പറയാൻ കോൺഗ്രസിൽ ഒരു നേതാവു പോലും ഇല്ലേ?? സമുദായത്തിന്റെ മതത്തിന്റെയോ പേരിൽ മാത്രം നേതാക്കന്മാർ ആയവരാണല്ലോ അവരിൽ പലരും. അതുകൊണ്ട് അവർ മൗനികൾ ആവും. എന്നാലും കോൺഗ്രസേ, നട്ടല്ലുള്ള ഒരുത്തൻ പോലും ആ പാർട്ടിയിൽ ഇല്ലാതായിപ്പോയോ?? ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടി എന്ന് അഭിമാനം കൊള്ളുന്ന കോൺഗ്രസ് പ്രവർത്തകർ എങ്കിലും ഒന്നു പ്രതികരിക്കരുതോ? ക്ഷമിക്കണം, ഞാൻ ചോദ്യം പിൻവലിച്ചിരിക്കൂന്നു, കോൺഗ്രസിൽ പ്രവർത്തകർ ഇല്ലല്ലോ എല്ലാവരും നേതാക്കൾ ആണന്ന് ഞാൻ ഓർത്തില്ല....

ഏതായാലും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കിത് ബെസ്റ്റ് ടൈമാണന്ന് തോന്നുന്നു. ആരുവന്നാലും കോഴിക്ക് കിടക്കപ്പെറുതി ഇല്ലന്ന് പറഞ്ഞതുപോലെയാണ് അദ്ദേഹത്തിന്റെ കാര്യങ്ങൾ. ഭൂരിപക്ഷം അദ്ദേഹത്തെ ന്യൂനപക്ഷത്തിന്റെ മുഖ്യമന്ത്രിയാക്കുമ്പോൾ, ന്യൂനപക്ഷത്തിലെ പാത്രിയർക്കീസ്(യാക്കോബായ) വിഭാഗം അദ്ദേഹത്തെ ഓർത്തഡോക്സ് മുഖ്യമന്ത്രിയാക്കുന്നു, ഓർത്തഡൊക്സുകാർ ഇത് ഞന്ങടെ മുഖ്യമന്ത്രിയല്ലന്ന് പറഞ്ഞ് വീടിനു മുന്നിൽ ഉപരോധം നടത്തുന്നു.... ജനാധിപത്യ രീതിയിൽ തിരഞ്ഞെടൂക്കപ്പെട്ട ഒരു നിയമസഭയിലെ ,ജനാധിപത്യ സർക്കാരിലെ മുഖ്യമന്ത്രിയാണ് ഇങ്ങനെ ജാതിയുടേയും മതത്തിന്റെയും സമുദായത്തിന്റെയും പേരിൽ തട്ടിക്കളിക്കപ്പെടൂന്നത്. ഇതു തന്നെയാണ് ജനാധിപത്യത്തിന്റെ വെല്ലുവിളിയും. 


മതവും രാഷ്ട്രീയവും സമാന്തരമാണന്നാണ് കുറേക്കാലം മുമ്പുവരെയും പറഞ്ഞു കൊണ്ടിരുന്നത്. പക്ഷേ ഇന്നത് ഡിഎൻഎ പോലെ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന ഇഴപിരിയൻ ഗോവേണിപോലെ ആയിരിക്കുന്നു. സമുദായത്തിന്റെയും മതത്തിന്റെയും പേരിൽ വിലപേശാൻ കഴിയുന്നവർ സ്ഥാനങ്ങൾ നേടുമ്പോൾ വിലപേശാൻ കഴിയാത്തവർ ഇപ്പോഴും ജനാധിപത്യത്തിൽ വിശ്വസിച്ച് കഴിയുന്നു. ആ വിലപേശൽ ശക്തി ഇല്ലാത്തവരാണ് ജനാധിപത്യത്തിന്റെ ശക്തിയും ദൗർബല്യവും, ജനാധിപത്യത്തെ താങ്ങി നിർത്തുന്നതും!!!!

Thursday, January 10, 2013

ആത്മീയ വ്യാപാര മേഖലയിലും വിദേശ നിക്ഷേപം വേണ്ടേ??

ആത്മീയത വിപണനം ചെയ്യുന്നതില്‍ തെറ്റില്ല എന്ന് ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞ സ്ഥിതിക്ക് കോടികൾ മറിയുന്ന ഇന്ത്യൻ  ആത്മീയവിപണിയിലും വിദേശ നിക്ഷേപം ആകാം. ഇന്ത്യൻ വിപണിയിൽ വിദേശ നിക്ഷേപം ആകർഷിക്കുന്നതിന്റെ ഭാഗമായി വിദേശ രാജ്യങ്ങളിൽ റോഡ് ഷോകൾ സംഘടിപ്പിക്കുകയും ഇന്ത്യൻ ആത്മീയ വിപണിയുടെ സാധ്യതകളെകുറിച്ച് വിദേശികളെ അറിയിക്കുകയും വേണം.. (ഇന്ത്യയിലെ ആത്മീയ വ്യാപാരികൾ ഇന്ത്യയിൽ വില്പന ഇല്ലാതത്തുകൊണ്ടല്ല വിദേശങ്ങളിൽ കച്ചവടത്തിനായി ഇറങ്ങുന്നതന്ന് അവർക്ക് മനസിലാകണം).. സ്നേഹവും സാഹോദര്യവും ജീവനവും ഒക്കെ ആത്മീയതയുടെ ഇന്ത്യൻ പ്രതീകങ്ങൾ ആകുമ്പോൾ പടിഞ്ഞാറു നിന്നും എന്തെങ്കിലും ഒക്കെ എത്താതിരിക്കില്ല... നമ്മുടെ ആത്മീയത പടിഞ്ഞാറുകാർക്ക് നൽകുമ്പോൾ അവരുടെ ആത്മീയതയിൽ എന്തെങ്കിലും ഒക്കെ നമുക്കും കിട്ടേണ്ടേ?

ഇറക്കാൻ കുറച്ച് കാശും മിനക്കെടാൻ ഇഷ്ടംപോലെ സമയവും സംസാരിക്കാൻ നല്ല കഴിവും ഉണ്ടങ്കിൽ ആർക്കും ആത്മീയ വ്യാപാരി ആകാം. കച്ചവടം ലാഭത്തിലേക്കുള്ള പോക്കാണന്ന് കണ്ടാൽ വ്യാപാരിക്ക് ആവശ്യമായ നിർദ്ദേശങ്ങളുമായി മാനേജ്മെന്റ് വിദഗ്ദ്ദർ എത്തിക്കോളും. പിന്നെ എല്ലാം പരസ്യത്തിന്റെ കളികൾ തന്നെ.. പരസ്യം തന്നെയാണ് ആത്മീയ വിപണിയിൽ 'മാർക്കറ്റ്' പിടിച്ചെടുക്കാൻ ആവശ്യവും... മുഖ,തലമുടി സൗന്ദര്യ സംരക്ഷണവസ്തുക്കളുടെ പരസ്യം പോലെ ഗുണഭോക്താക്കളെവെച്ച് ആത്മീയ പരസ്യവും ചെയ്താൽ സംഗതി ഉഷാർ.. കച്ചവടം പൊടിപൊടിക്കും..ലാഭം ഒഴുകിയെത്തും...അതു എന്തുവേണമെന്ന് ആത്മീയ വ്യാപാരിക്കോ ആത്മീയ വ്യാപാര സംഘടനയ്ക്കോ തീരുമാനിക്കാം.ആശുപത്രിയോ കോളേജോ അനാഥാലയങ്ങളൊ ഒക്കെയായി ഇൻവെസ്റ്റ്‌മെന്റ് നടത്താം. പക്ഷേ വ്യാപാരി ഒന്നു കണ്ണടച്ചാൽ നിയന്ത്രണം ആത്മീയ സംഘടനയ്ക്കാകും എന്നുള്ളതുകൊണ്ട് ആത്മീയ സംഘടനയെ അത്രയ്ക്കങ്ങ് വിശ്വസിക്കരുത്. അല്ലങ്കിൽ ആത്മീയ കോർപ്പറേറ്റ് മാനേജ്മെന്റിലെ വെറും കളിപ്പാവയായി വ്യാപാരി മാറും....

ഇന്നത്തെ ലോക സാഹചര്യങ്ങളിൽ ജനങ്ങൾ ആത്മീയതയിലേക്ക് ഒന്നു ചാഞ്ഞു. ആ 'ചായൽ' എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് കച്ചവടം പൊട്ടി നാടുവിട്ടവരും പ്രൊഫസർമാരും സാറുമാരും ഒക്കെ ചിന്തിച്ചതിന്റെ ഭാഗമായി ഓരോ ദിവസവും പുതിയ പുതിയ ആത്മീയ കച്ചവടക്കാർ ആത്മീയ വിപണിയിലേക്ക് കടന്നു വന്നു. രോഗസൗഖ്യവും,കടത്തിൽ നിന്നുള്ള വിടുതലും,ശത്രു വിജയവും,ധനസമ്പാദനവും,ബിസ്‌നസ് വിജയവും,ടെൻഷൻ ഫ്രിയും ഒക്കെ ഓഫറുകളായി വന്ന ആത്മീയ കച്ചവടക്കാരെ ഓഫറുകൾ നോക്കി 'ആത്മീയ ദാഹികൾ' എത്തി. ആത്മീയ്തയുടെ കുത്തക വ്യാപാരം ഇല്ലാതായി ചെറുകിട വ്യാപാരം ആയി. ആത്മീയതയ്ക്ക് ചെറുകിട വ്യാപാരം ആണങ്കിലും ഇതിനിടയിൽ വമ്പൻ കോർപ്പറേറ്റ് ഭീകരന്മാരും ഉണ്ട്. ആത്മീയ കോർപ്പറേറ്റ് ഭീകരന്മാർ ചെറുകിട ആത്മീയ വ്യാപാരികളെ വിപണിയിൽ നിന്ന് ഓടിക്കാൻ ചെറുകിടക്കാരുടെ ആത്മീയ കച്ചവട സ്ഥാപനങ്ങളുടെ മൂട്ടിനു മൂട്ടിനു ബ്രാഞ്ചുകൾ തുടങ്ങിയെങ്കിലും പക്ഷേ വിജയിക്കാൻ പറ്റിയില്ല.. വിപണിയിൽ പിടിച്ചു നിൽക്കാനും വിജയിക്കാനും രണ്ടും മൂന്നും ചെറുകിട ആത്മീയ വ്യാപാരികൾ ഒന്നിക്കുകയും ഒക്കെ ചെയ്യുന്ന 'ബിസ്നസ് തന്ത്രങ്ങൾ' കേരളത്തിലെ ആത്മീയ വിപണിയിൽ ആത്മീയ വ്യാപാരികൾ പരീക്ഷിക്കുകയും ചെയ്തു.

ആത്മീയതയുടെ മൊത്ത കച്ചവടവുമായി വന്ന് ആത്മീയതയുടേയും യോഗയുടേയും സങ്കരണത്തിന് മാർക്കറ്റ് കണ്ടെത്തി ആയുർവേദ ഉല്പന്നങ്ങളുമായി വിപണി പിടിച്ചടക്കിയ ബാബാ രാംദേവ്!! ആത്മീയത മാത്രമല്ല ജീവിതം എന്ന് വേഷം മാറി ഓടേണ്ടി വന്നപ്പോൾ അദ്ദേഹം ഓർത്തുകാണണം. ഏതായാലും അണ്ണാഹസാരയുടെ കൂടെയും അല്ലാതയും നടത്തിയ 'അഴിമതി വിരുദ്ധ' സമരം അദ്ദേഹത്തിന്റെ ബ്രാൻഡ് വാല്യു കൂട്ടി. അഴിമതി വിരുദ്ധ സമരമാണ് ആത്മീയ ആചാര്യൻ നടത്തിയതെങ്കിലും വെട്ടിപ്പും തട്ടിപ്പും നടത്തിയതിനു കേസെക്കെയായതു മിച്ചം. ആത്മീയ ആചാര്യന്റെ കമ്പനിയിൽ നിന്ന് ഇറങ്ങുന്ന ആയുർവേദമരുന്നുകളെ കുറിച്ചും അത്ര നല്ല അഭിപ്രായം ഒന്നും അല്ല ഉണ്ടായിരുന്നതു. ആത്മീയതയും യോഗയും ഒക്കെയായി ബാബാ രാം ദേവും ഇന്ത്യൻ ആത്മീയ വിപണിയിൽ ഇപ്പോഴും ഉണ്ട്.

ജീവന കലയിലൂടെ ശ്രിശ്രി രവിശങ്കറും ആത്മീയതയുടെ കച്ചവടത്തില് ഉണ്ട്. ആത്മീയത വിപണനം ചെയ്യുന്നതിൽ തെറ്റില്ല എന്ന് അദ്ദേഹം പറയുമ്പോൾ തല കുലുക്കുകയോ  നിവൃത്തിയുള്ളൂ, കാരണം അദ്ദേഹം വിതരണം ചെയ്യുന്ന ആത്മീയതയ്ക്കായി ലക്ഷങ്ങൾ കാത്തു നിൽക്കുകയാണ്.(മനുഷ്യന്റെ ജിവിതം ഒരു ശ്വാസത്തിലാണന്ന് പറയുന്നത് സത്യം തന്നെയാണ്.വലിച്ചെടുക്കുന്ന വായുവിനെപ്പോലും നിയന്ത്രിക്കാൻ പഠിപ്പിച്ച് അതിലെ കലയെ വിപണനം ചെയ്യുന്നതിനെ കുറ്റം പറയാൻ പറ്റുമോ??). ലാഭം മനുഷ്യ പുഞ്ചിരിയാണങ്കിലും ആ പുഞ്ചിരിയിൽ 'മണി കിലുക്കം' ഇല്ലാതിരിക്കില്ലല്ലോ...

ആത്മീയ വിപണനം നടത്തുന്ന ആൾ ഒരു പ്രസ്ഥാനം ആവുകയും(ഈ ആൾ പതിയെ ആൾ ദൈവം ആവുകയും ചെയ്യും) ചെയ്തുകഴിയുമ്പോൾ ആളിന്റെ മരണ ശേഷം ആത്മീയതയാണൊ സമ്പത്ത് ആണോ ആ ആളിനേയും പ്രസ്ഥാനത്തേയും മുന്നോട്ടു കൊണ്ടുപോയത് എന്ന് ചിന്തിക്കണമെങ്കിൽ സായിബാബയുടെ മരണ ശേഷം അവിടെ സംഭവിച്ച 'പ്രസ്ഥാന നിയന്ത്രണം' എന്തായിരുന്നു എന്ന് ഓർമ്മകളെ പിന്നോട്ട് കൊണ്ടുപോയാൽ മതി. (എല്ലാ ആൾ ദൈവങ്ങളുടേയും ആൾ ദൈവ പ്രസ്ഥാനങ്ങളുടേയും അവസ്ഥ ഇങ്ങനെയൊക്കെ തന്നെയായിരിക്കും)
 
നമുക്കിനി നമ്മുടെ കൊച്ചു കേരളത്തിലേക്ക് വരാം.
ദൈവത്തിന്റെ സ്വന്തം നാട് എന്നു പോലെ ആൾ ദൈവങ്ങളുടേയും സ്വന്തം നാട്!!
ആത്മീയ വിപണനത്തിന്റെ കേന്ദ്ര സ്ഥാനം !!!
ഇവിടെ ആർക്കും എന്ത് ആത്മീയതയുമായി കടന്നു വരാം... മതത്തിന്റെ വേർതിരിവില്ലാതയും(എല്ലാ മതസ്ഥർക്കും) മതത്തിന്റെ വേർതിരിവിൽ നിന്നു കൊണ്ടൂമുള്ള ആത്മീയ വ്യാപാരം ആണ് കേറളത്തിന്റെ വിപണയിൽ. വ്യാപാരം നടത്തുന്ന ആൾക്ക് തന്റെ ആത്മീയ വ്യാപാരം ഏത് രീതിയിലുള്ളതാണന്ന് തീരുമാനിക്കാം. കേരളത്തിലെ മതഭ്രാന്ത് കണ്ടിട്ട്  കേരളത്തെ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച സ്വാമി വിവേകാനന്ദൻ ഇപ്പോൾ കേരളത്തിൽ എത്തിയാലും ആ അഭിപ്രായത്തിൽ നിന്ന് മാറാൻ പോകുന്നില്ല. മതത്തെ അടിസ്ഥാനമാക്കിയുള്ള ആത്മീയ വ്യാപാരം കേരളത്തെ മതഭ്രാന്താലയം ആക്കുന്നതിൽ വലിയ പങ്ക് തന്നെ വഹിക്കുന്നുണ്ട്.

വിജയം നേടിയ ആത്മീയ വ്യാപാരികളെപ്പോലെ തന്നെ പരാജയപ്പെട്ട ഒരു കൂട്ടം ആത്മീയ വ്യാപാരികളും നമ്മുടെ കേരളത്തിൽ ഉണ്ട്. ആത്മീയ വിപണനം നടത്തുന്നവരെ അത്ര കണ്ടങ്ങ് വിശ്വസിക്കരുതെന്ന് മലയാളികൾ കുറച്ച് സമയത്തേക്ക് പഠിപ്പിച്ചത് 'സന്തോഷ് മാധവൻ' ആണ്. സ്വാമി ഹിമവൽ ഭദ്രാനന്ദ തോക്ക് സ്വാമി ആയതും അവസാനം ആത്മീയതയിൽ നിന്ന് പിന്മറിയതും നമ്മൾ കണ്ടു. ചില ആൾ ദൈവങ്ങൾ ആത്മഹത്യയിലും അവസാനിച്ചു. ജനങ്ങൾ എല്ലാം മറന്നു തുടങ്ങുമ്പോൾ പുതിയ ആത്മീയ വ്യാപാരികൾ വിപണിയിൽ എത്തും.(കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ ഭരണം ഇല്ലാതാക്കാൻ ആൾ ദൈവങ്ങളും ആത്മീയ വ്യാപാരികളും എന്തെങ്കിലും ഒക്കെ 'കൂടോത്രം' ചെയ്തിട്ടൂണ്ടാവണം)....

കോട്ടയത്തെ തങ്കു ബ്രദറിന്റെ വീട്ടില് അന്വേഷ്ണത്തിനു കയറിയ പോലീസ് വീടിന്റെ സെറ്റപ്പ് കണ്ട് അന്തം വിട്ടു പോയന്ന് ആ സമയത്തെ പത്ര വാർത്തകളിൽ ഉണ്ടായിരുന്നു. കാലിത്തൊഴിത്തിൽ ജനിക്കുകയും കഴുതപ്പുറത്ത് സഞ്ചരിക്കുകയും ഒക്കെ ചെയത് ഒരു മനുഷ്യന്റെ പേരിൽ നടത്തുന്ന ആത്മീയ വ്യാപരത്തിന്റെ മുതലാളിത്വത്തിന്റെ മുഖം ആണ് ഇത്തരം ആത്മീയ വ്യാപരികളിൽ കാണുന്നത്. സാമ്പത്തിക പ്രയാസങ്ങളിൽ നിന്നുള്ള വിടുതൽ ഉപഭോക്താക്കൾക്ക് ഉണ്ടായില്ലങ്കിലും ആത്മീയ വ്യാപാരിക്ക് ഉണ്ടാവും എന്ന് ഉറപ്പ് !!!
പല ആത്മീയ വ്യാപാര കേന്ദങ്ങളിലും നടക്കുന്ന മരണങ്ങളും നിയമവിരുദ്ധകാര്യങ്ങളും അധികാരികൾ കണ്ടില്ലന്ന് നടിക്കുകയും ചെയ്യുന്നു.

ഇന്ത്യൻ നീതി ന്യായ വ്യവസ്ഥകളെ പോലും വെല്ലു വിളിച്ചാണ് പല കോർപ്പറേറ്റ് ആത്മീയ വ്യാപര സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ വിദേശ ഫണ്ടുകൾ വാന്ങുന്ന മാതാ അമൃതാനന്ദമയി മഠവും , ബിലീവേഴ്സ് ചർച്ചും ആ പണം എങ്ങനെയൊക്കെയാണ് ഉപയോഗിക്കുന്നത്?? ബിലീവേഴ്സ് ചർച്ചിനെതിരായി നടന്നു കൊണ്ടിരിക്കുന്ന പോലീസ് അന്വേഷ്ണങ്ങൾക്ക് ഒരവസാനം എന്നെങ്കിലും ഉണ്ടാവുമോ?? ദൈവത്തിന്റെ നന്മകളും കരുണുകളും  ദൈവനീതിയും പറയുന്ന സ്വയം പ്രഖ്യാപിത ബിഷപ്പായ കെ.പി.യോഹന്നാൻ എന്ന കോർപ്പറേറ്റ് ആത്മീയ കച്ചവടക്കാരന് ഇന്ത്യൻ നിയമങ്ങൾ ഒന്നും ബാധകം അല്ലന്ന് തോന്നുന്നു. സർക്കാർ പാട്ടത്തിനു നൽകിയ ചെറുവള്ളി എസ്റ്റേറ്റ് 'ദൈവ നീതിക്ക്' അനുസരണമായി പാട്ടക്കാരന്റെ കൈയ്യിൽ നിന്ന് വാന്ങിയ ആളാണ് അദ്ദേഹം !!!

ഇന്ത്യൻ നിയമം പിടിമുറുക്കും എന്നുള്ള തോന്നൽ തുടങ്ങിയതുകൊണ്ടാണന്ന് തോന്നുന്നു കെ.പി.യോഹന്നാൻ ബിലീവേഴ്സ് ചർച്ച് മറ്റ് സഭകളിൽ ലയിപ്പിക്കാൻ ശ്രമിച്ചത്. ബിലീവേഴ്സ് ചർച്ച്-പാത്രിയർക്കീസ് വിഭാഗം ലയനം ഏതാണ്ട് നടക്കുമെന്ന് ഉറപ്പായി എങ്കിലും ആ ശ്രമം പൂർണ്ണമായി വിജയിക്കൂന്നതിനു മുമ്പ് വാർത്ത ചോർന്നു. ബിലീവേഴ്സ് ചർച്ച് തങ്ങളുടെ കൂടെ സ്വതന്ത്ര്യ സഭയായി നിൽക്കുമെന്ന് പാത്രിയർക്കീസ് വിഭാഗത്തിന്റെ കേരളത്തിലെ ശ്രേഷ്ഠ ബാവ പറഞ്ഞെങ്കിലും എതിർപ്പ് ഉയർന്നതോടെ ആ ലയനം ഇല്ലാതായി. എന്തിനും ഒരു മതത്തിന്റെ പുറം കവചം ഉണ്ടങ്കിൽ 'മത പീഡനം' (ഇവിടെ ന്യൂനപക്ഷ പീഡനം) ആരോപിച്ച് അന്വേഷ്ണങ്ങളിൽ നിന്ന് രക്ഷപെടാൻ കേരളത്തിൽ സാധിക്കുമല്ലോ?(കോൺഗ്രസ് ഭരിക്കുമ്പോള് മത-സമുദായിക ശക്തികൾ എന്തെല്ലാം വിലപേശീ വാന്ങുന്നുണ്ടന്ന് നമ്മൾ കാണുന്നുണ്ടല്ലോ).

ജനങ്ങളുടെ വിശ്വാസത്തെ ചൂഷ്ണം ചെയ്താണ് നമ്മുടെ നാട്ടിലെ ആത്മീയ വ്യാപാരികൾ വിപണിയിൽ പിടിച്ച് നിൽക്കുന്നത്. ആ വിശ്വാസത്തെ ബേസ് ചെയ്ത് അന്ധവിശ്വാസം അടിച്ചേൽപ്പിക്കാൻ ആത്മീയ വ്യാപാരികൾക്ക് കഴിയുന്നുണ്ട്. എന്തുമാത്രം അന്ധവിശ്വാസങ്ങൾ ആണ് ഇവർ ജനങ്ങളിൽ പടർത്തുന്നത് എന്നു കാണാൻ ചില പത്രങ്ങളിലെ അകം പേജുകളിലെ പരസ്യങ്ങൾ നോക്കിയാൽ മതി.

ഇന്ന് മതവും ആത്മീയതയും ഒക്കെ പറയുന്നത് പരസ്യമായ ഒരു പ്രകടനം തന്നെയാണ്. കോടികൾ മുടക്കി പണിയുന്ന ആരാധനാലയങ്ങളും കൊടിമരങ്ങളും , ലക്ഷങ്ങൾ മുടക്കി നടത്തുന്ന ഉത്സവങ്ങളും പെരുന്നാളുകളും, പരസ്യത്തിന്റെ പിൻബലത്തോടെ നടത്തുന്ന നേർച്ചകളും ആചാരങ്ങളും അനുഷ്ഠാനങ്ങളും,മത സമ്മേളനങ്ങളും... ഒക്കെ ഇന്ന് മതം-ആരാധനാലയങ്ങൾ-ആത്മീയ വ്യാപാരികൾ വിപണിയിൽ പിടിച്ച് നിൽക്കാൻ (കൂടുതൽ പണം ഉണ്ടാക്കാൻ)ശ്രമിക്കുന്നതിന്റെ ഫലങ്ങൾ ആണ്. ഒരു ആവശ്യവും ഇല്ലാതെ പള്ളികൾ/അമ്പലങ്ങൾ പൊളിച്ചു പണിയാൻ ശ്രമിക്കുക അതിനു ലോകം മുഴുവൻ കറങ്ങി പിരിവു നടത്തുക എന്നൊക്കെ ഇന്ന് സാധാരണമാണ്. ദൈവത്തിൽ വിശ്വസിക്കുക എന്നുള്ളതിനെക്കാൾ വലിയ ആരാധനസ്ഥലങ്ങളിൽ വിശ്വസിക്കുക എന്നുള്ള മനോഭാവം ആണ് ജനങ്ങൾക്കും. അതിനു മത നേതൃത്വവും കൂട്ടു നിൽക്കുകയാണ്. തങ്ങളുടെ ആരാധന സ്ഥലം എത്രയും വലുതാക്കാമോ അത്രയും വലുതാക്കി 'ലോക റിക്കാർഡ്' ഇടുക എന്നുള്ള ഒരു മത്സരബുദ്ധിയാണ് ഇന്ന് ജനങ്ങൾക്ക്. അതിനെ മത നേതൃത്വത്തിൽ ഉള്ളവർ നിരുത്സാഹപ്പെടുത്താറുമില്ല.

ഇ മത്സരം ഇന്ന് ക്രിസ്ത്യൻ ആത്മീയ വിപണിയിൽ ആണ് വലുതായിട്ടുള്ളത്.വലിയപള്ളി,മഹാ ഇടവക,കത്തീഡ്രൽ തുടങ്ങിയ 'ബഹുമതികൾ' നൽകി പള്ളികളെ വേണ്ട രീതിയിൽ ആദരിച്ചാൽ ബഹുമതി വാന്ങുന്നവരും മതനേതൃത്വത്തിൽ ഉള്ളവരെ വേണ്ട രിതിയിൽ ബഹുമാനിക്കുമെന്ന് നേതൃത്വത്തിന് അറിയാം. മറ്റുള്ളവരുടെ മുമ്പിൽ തങ്ങൾക്ക് ലഭിച്ച 'ബഹുമതികൾ' പ്രദർശിപ്പിച്ച് ഇടവകക്കാർക്ക് നിർവൃതി അടയുകയും ചെയ്യാം.!!! (അഞ്ചു വർഷം മുമ്പ് ഞാൻ കാണുമ്പോൽ മുതൽ ഒരു പള്ളി പണിയുകയാണ്.എല്ലാ ദിവസവും വൈകിട്ട് അവിടെ മൂന്നാലു ആൾക്കാർ ഏതോ അന്വേഷ്ണം ആവശ്യപ്പെട്ട് ഒരു ബാനറും പിടിച്ച് നിൽക്കുന്നതും കാണാറുണ്ട്. ഇതുവരെ പണി കഴിഞ്ഞിട്ടില്ല. നമ്മുടെ PWD ക്കാരെ പള്ളി പണി ഏൽപ്പിച്ചായിരുന്നെങ്കിൽ ഈ സമയം കൊണ്ട് പണി കഴിഞ്ഞേനെ!!!)

ഏറ്റവും കൂടുതൽ സംഘടിതവും വിപണിമൂല്യം ഉള്ളതും ക്രിസ്ത്യൻ ആത്മീയ വ്യാപാരത്തിനാണ്.വ്യാപാരത്തിനായി ടിവി ചാനലുകൾ പോലും ഉണ്ട്.(ജനസംഖ്യ അനുപാതം എടുത്താൽ ഏറ്റവും കൂടുതൽ ആത്മീയ വ്യാപാര ചാനലുകൾ (ഇതിൽ മതവും ഉൾപ്പെടുത്താം) ഉള്ളത് മലയാളികൾക്ക് ആയിരിക്കും). ഏതു കച്ചവട വിപണിയെപ്പോലെ ഈ ആത്മീയ വിപണിയിലും ആരോപണ-പ്രത്യാരോപണങ്ങളും പാരവയ്പ്പുകളും കടകം മറച്ചിലുകളും ഒക്കെയുണ്ട്. പിടിച്ചു നിന്നാൽ കിട്ടൂന്നത് ലക്ഷങ്ങൾ ആണ്. ലക്ഷങ്ങൾ കോടികളാകാൻ അധികം സമയവും വേണ്ട. ക്രിസ്ത്യൻ ആത്മീയ വ്യാപരത്തിന്റെ തുറുപ്പ് ചീട്ട് എന്നു പറയുന്നത് 'രോഖ സൗഖ്യം' ആണ്. യേശു വിടുവിക്കുന്നു,യേശു സൗഖ്യമാക്കുന്നു എന്നൊക്കെയാണ് ആത്മീയ വ്യാപാര കേന്ദ്രങ്ങളുടേയും വ്യാപാരികളിടേയും പരസ്യ പലകകളിലെ പ്രധാന പരസ്യ വാചകം. ഈ പരസ്യങ്ങളുടെ ഗുണം പോലെ ഇരിക്കും ഉപഭോക്താക്കളുടെ വരവും ആത്മീയ വ്യാപാരിക്ക്/സ്ഥാപനത്തിനു കിട്ടുന്ന വരവും !!!

ചാനലുകളിൽ പ്രത്യക്ഷപെടൂന്നവർക്കാണ് ആത്മീയ വിപണിയിൽ ഡീമാൻഡ്. അതുകൊണ്ട് ചാനലുകാർക്ക് അങ്ങോട്ട് കാശുകൊടുത്ത് 'സ്പോൺസേർഡ് പ്രോഗ്രാം' ആക്കി ദൈവ വേല ആത്മിയ വ്യാപാരി/വ്യാപാര സംഘം അതിരാവിലെ ടെലിവിഷനിൽ കൂടി ആത്മീയ വിശ്വാസികൾക്ക് 'ഡയറക്റ്റ് മാർക്കറ്റിങ്ങ്' ആയി എത്തിക്കും. ലക്ഷങ്ങൾ മുടക്കി എയറിൽ വിടൂന്ന അനുഗ്രഹങ്ങൾ പലിശ സഹിതം ഈടാക്കുന്നത് എങ്ങനെയായിരിക്കും??? ആത്മീയ വ്യാപാരിയുടെ കച്ചവട പരസ്യങ്ങളിൽ രണ്ട് ചാനലിന്റെ പേരും സമയവും ഉണ്ടങ്കിൽ കച്ചവടം പൊടിപൊടിക്കും!!! ഏതൊരു ബിസ്‌നസ്സ് വിജയിക്കണമെങ്കിൽ അതിലെ ഉപഭോക്താക്കളുടെ സംതൃപ്തിയും പ്രധാനമാണല്ലോ? അതുപോലെ തന്നെയാണ് ആത്മീയ വിപണനവും..പക്ഷേ ആത്മീയ വിപണിയിൽ കാശു പോയ ഉപഭോക്താവ് നാണക്കേടുകാരണം കാശുപോയത് പുറത്ത് പറയാൻ മടിക്കും. അവിടെയാണ് ആത്മീയ വ്യാപാരിയുടെ വിജയം...

മധ്യതിരുവതാംകൂറിലെ ഒരു പള്ളി ചെയ്തത് അവിടെ ഒരു പറമ്പിൽ കിടന്ന കല്ലിന്റെ ഒരു തൊട്ടി തങ്ങളുടെ കുരിശുമൂട്ടിന്റെ അടുത്ത് കെണ്ടു വന്ന് വെച്ചു. അതിനുമുമ്പ് പശുവിനെ കെട്ടാൻ പോകുന്ന ആൾക്കാർ പശുവിനു കാടി ഒഴിച്ചു കൊടുത്തത് അതിലായിരുന്നു.. (പണ്ട് കാൽനടയാത്രക്കാർക്കായി ദാഹജലം ഒഴിച്ചു വെച്ചിരുന്ന തൊട്ടിയായിരിക്കണം അത്). ഏതായാലും കൽത്തൊട്ടി കൊണ്ടൂവന്ന് പ്രതിഷ്ഠിച്ച് അതിനു ചുറ്റും ചങ്ങലയും ഇട്ട് 'അതിപുരാതന്മായ കൽത്തൊട്ടി' എന്നു എഴുതി വയ്ക്കുകയും തീർത്ഥാടകർ അതിൽ മെഴുകുതിരി കത്തിച്ച് നിർവൃതി അടയുകയും ചെയ്യുന്നു... ഇങ്ങനെ എന്തെല്ലാം തന്ത്രങ്ങൾ പയറ്റിയാണ് ആത്മീയ വിപണിയിൽ ഒന്നു പിടിച്ചു നിൽക്കുന്നത് !!!

Wednesday, January 9, 2013

ട്രയിൻ യാത്രാ നിരക്ക് കൂടി(ട്ടി)യാൽ മലയാളിക്കെന്ത് കിട്ടും???

ട്രയിൻ യാത്രാ നിരക്ക് വർദ്ധിപ്പിച്ചത് യാത്രാ സൗകര്യം കൂട്ടാൻ വേണ്ടിയാണന്നാണ് മന്ത്രി പറയുന്നത്... യാത്രക്കാർക്ക് പ്രത്യേകിച്ച് കേരളത്തിലെ യാത്രക്കാർക്ക് എന്തെങ്കിലും സൗകര്യങ്ങൾ കൂടുതൽ കിട്ടൂമോ എന്ന് കണ്ടറിയണം. ഏതായാലും സൗകര്യങ്ങൾ കൂടുതലായി കിട്ടിയില്ലങ്കിലും അസൗകര്യങ്ങൾ ആവശ്യത്തിലധികം കിട്ടുമെന്ന് ഇതുവരെയുള്ള അനുഭവങ്ങൾ വെച്ച് ഉറപ്പിക്കാം...
യാത്രാടിക്കറ്റുകൾ 120 ദിവസം മുമ്പ് ഇപ്പോൾ ടിക്കറ്റ് ബുക്ക ചെയ്യാം.സീസൺ സമയങ്ങളിൽ(ഉത്സവം,വെക്കേഷൻ) ആദ്യ ദിവസങ്ങളിൽ തന്നെ കേരളത്തിലേക്കും തിരിച്ചുമുള്ള ടിക്കറ്റ് തീരും(മലയാളികൾ കൂടുതലുള്ള ബാംഗ്ലൂർ,മുംബൈ,ഡൽഹി എന്ന സ്ഥലങ്ങളിലേക്ക്).ഇങ്ങനെ യാത്രക്കാരനു സേവനം ലഭിക്കുന്നതുവരെയുള്ള സമയത്ത്(നാലുമാസ സമയത്ത്)അയാൾ ടിക്കറ്റിനായി മുടക്കിയ തുകയ്ക്കുള്ള പലിശകൂടി റയിൽവേയ്ക്ക് ലഭിക്കുന്നുണ്ട്.ടിക്കറ്റ് നിരക്ക് കൂടുമ്പോൾ  റയിൽവേയ്ക്ക് ലഭിക്കുന്ന പലിശയും കൂടുമല്ലോ!!!

മലയാളികൾ കൂടുതൽ ടിക്കറ്റ് നിരക്ക് നൽകിയാൽ അതിന്റെ എന്തെങ്കിലും പ്രയോജനം മലയാളികൾക്ക് ലഭിക്കുമോ??

കേരളത്തിൽ തന്നെ ഓടുന്ന പാസഞ്ചർ ട്രയിൻ മുതൽ ഡൽഹിക്കുപോകുന്ന കേരള വരെ മലയാളികൾക്ക് നൽകുന്നത് ദുരിതം തന്നെയാണ്. ടിക്കറ്റ് എടുക്കുന്ന യാത്രക്കാരോട് ചിലപ്പോൾ റയിൽവേ കാണിക്കുന്നത് കണ്ണിൽ ചോരയില്ലാത്ത ഇടപാടും ആണ്. മാസങ്ങൾക്ക് മുമ്പ് ബുക്ക് ചെയ്ത് കൺഫേം ആയ ടിക്കറ്റുമായി ചെല്ലുമ്പോൾ ചിലപ്പോൾ ആ ബോഗി തന്നെ അപ്രത്യക്ഷമാക്കുന്ന വിദ്യ റയിവേ കേരളത്തിൽ കാണിച്ചിട്ടൂണ്ട്.. 1600 മുടക്കി നാലുമാസം മുമ്പും 1950 മുടക്കി തത്ക്കാലിലും  തേർഡ് എസിയിൽ ഡൽഹിയാത്രയ്ക്ക് കേരളയിൽ ബുക്ക് ചെയ്ത ഒരു ബോഗിയിലെ യാത്രക്കാര്ക്ക് സാധാര സ്ലീപ്പർ ക്ലാസ് 'അനുവദിച്ച്' യാത്രാസൗകര്യം നൽകിയ റയിൽവേ അതിൽ പ്രതിഷേധിച്ച യാത്രക്കാർക്ക് എതിരെ കേസ് എടുക്കുകയും ചെയ്തത് അടുത്ത സമയത്താണ്... കേരളത്തിലൂടെ ഓടുന്ന പാസഞ്ചർ ട്രയിനിന്റെ ഒരു ബോഗിയുടെ പ്ലാറ്റ് ഫോം തെറിക്കുകയും, എസി കമ്പാർട്ടുമെന്റിന്റെ അടിവശം ഇളുകുകയും ഒക്കെ ചെയ്തത് റയിൽവേയ്ക്ക് ഒറ്റപ്പെട്ട സംഭവം മാത്രം !!!!

ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് ദിവസവും ഉള്ളത് രണ്ട് ട്രയിനുകളാണ്. ന്യൂഡൽഹി-തിരുവന്തപുരം കേരളയും,നിസാമുദ്ദീൻ-എറണാകുളം മംഗളയും.ഈ രണ്ട് ട്രയിനുകളിലും മാർച്ച്/ഏപ്രിൽ മാസത്തിലെ ചില ദിവസങ്ങളിലെ ടിക്കറ്റ് ആർ.എ.സി.യും വെയ്റ്റിമ്ങും ആയിട്ടുണ്ട്. ഈ ട്രയിനുകളിലെല്ലാം ദിവസവും കുറഞ്ഞത് 100-150 വെയ്റ്റിംങ് ടിക്കറ്റുകൾ ഉണ്ടാവും. അതിലെ 100 രണ്ട് ട്ടിക്കറ്റുകാർ എങ്ങനെയെങ്കിലുമൊക്കെ യാത്ര ചെയ്ത് നാട്ടിൽ പോകും. അതായത് 550 വെച്ച് 100 യാത്രക്കാർക്ക് 55,000 രൂപ റയിൽവേയ്ക്ക്(ഒരു ട്രയിനിൽ) പ്രത്യേകം സീറ്റോ ബർത്തോ നൽകാതെ തന്നെ ലഭിക്കും.(ട്രയിനിൽ വെയ്റ്റിംങ് ലിസ്റ്റുകാരുടെ എണ്ണം എത്രയോ കൂടിയാൽ പുതിയ കോച്ച് നൽകണമെന്നോ മറ്റോ നിയമം ഉണ്ടന്ന് തോന്നുന്നു). ഏതായാലും ഇന്ത്യയുടെ വടക്കേ അറ്റത്തുനിന്ന് തെക്കേ അറ്റത്ത് വരെ യാത്ര ചെയ്യാൻ യാത്രക്കാർ 'എങ്ങനെയും' തയ്യാറാകുമെന്ന് റയിൽവേയ്ക്ക് അറിയാം.

ആരും അറിയാതെ ട്രയിനിലെ ഭക്ഷണത്തിന്റെ ചാർജും ഇപ്പോൾ കൂട്ടിയിട്ടുണ്ട്. ഒരു കാപ്പി/ചായ്ക്ക് ഇപ്പോൾ ട്രയിനിൽ(കേരളയിൽ) എട്ടും ഏഴും രൂപയും ആണ്.(നേരത്തെ അഞ്ചായിരുന്നു) അതുപോലെ എല്ലാ ഭക്ഷണത്തിനും കൂട്ടിയിട്ടുണ്ട്. ചില റയിൽവേ സ്റ്റേഷനുകളിലെ കൗണ്ടറുകളിൽ നിന്ന് പായ്ക്ക് ചെയ്ത ഭക്ഷണ വസ്തുക്കൾ വാന്ങിയാൽ പ്രിന്റ് ചെയ്ത വിലയെക്കാൾ 2രൂപ മുതൽ 10 രൂപ വരെ കൂടുതലും വാന്ങുന്നുണ്ട്.

കേരളത്തിലൂടെ ഓടുന്ന ദീർഘദൂര ട്രയിനുകളിലെ ബോഗികളുടെ അവസ്ഥ വളരെ പരിതാപകരമാണ്.ബാത്ത്റൂമുകളുടെ കാര്യവും തഥൈവ!! പലപ്പോഴും വെള്ളം കാണില്ല. ചിലപ്പോൾ ആവശ്യം കഴിഞ്ഞ് നോക്കുമ്പോൾ ഫ്ലെഷിൽ വെള്ളം വരുന്നുണ്ടാവില്ല. അടുത്ത വൃത്തിയാക്കൽ സ്ഥലം വരെ ആ ബാത്ത്രൂം പിന്നെ ഉപയോഗിക്കാൻ പറ്റില്ല. ബോഗികളിൽ ആവശ്യത്തിനു എലികൾ ഉണ്ടാവും. അത് ചിലപ്പോള് നിങ്ങളുടെ ബാഗ് അറക്കുകയോ തുണികൾ കരളുകയോ കാലിൽ കൂടി ഓടുകയോ; ഭക്ഷണം കഴിക്കാൻ തുറന്ന് വെച്ചതിൽ പാറ്റാ കുഞ്ഞുന്ങൾ വീഴുകയോ ഒക്കെ ചെയ്തെന്നിരിക്കും. അതിനോക്കെ റയിൽവേയ്ക്കാണോ കുറ്റം യാത്രക്കാരനാണോ കുറ്റം??? സ്ലീപ്പർ ക്ലാസിൽ മാത്രമല്ല എസി കോച്ചുകളിലും ഇതൊക്കെ തന്നെയാണ് അവസ്ഥ. എസി കോച്ചുകളിൽ ആണങ്കിൽ അതിലെ കർട്ടന്റെ നാറിയ മണം കൂടി യാത്രക്കാർ സഹിക്കണം. യാത്രക്കാർക്ക് നൽകുന്ന കമ്പിളിയും പുതപ്പും ഒക്കെ അണുനാശിനികൾ ഉപയോഗിച്ച് കഴുകുന്നുണ്ടാവുമോ ആവോ??

കേരളത്തിലൂടെ പുതിയ ട്രയിനുകൾ ഓടിച്ചാൽ അത് താന്ങാനുള്ള ശേഷി പാളങ്ങൾക്ക് ഇല്ലന്നാണ് റയില്വേ പറയുന്നത്. വർഷങ്ങളായി നടക്കുന്ന എറണാകുളം -കായംകുളം പാത ഇരട്ടിപ്പിക്കൽ നീളാനുള്ള കാരണം സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുത്ത് നൽകാത്തതാണന്നാണ് റയിൽവേ പറയുന്നത്. ആവശ്യത്തിനു ഭൂമി ഏറ്റെടുത്ത് നൽകാൻ കഴിയാത്ത സർക്കാർ ആണ് തിരുവനന്തപുരം മുതൽ മംഗലാപുരം വരെ അതിവേഗ പാത നിർമ്മിക്കാൻ പോകുന്നത്... ഇപ്പോൾ ഉള്ള പാത രണ്ടുവരിയോ അതിനു ശേഷം മൂന്നുവരിയോ ആക്കിയാൽ ഈ അതിവേഗപാതയുടെ ആവശ്യം ഉണ്ടോ??? കേന്ദ്രസർക്കാരും റയിവേയും ഒരുവശത്തും സംസ്ഥാന സർക്കാർ മറുവശത്തു നിന്നും കേരളത്തിലെ ട്രയിൻ യാത്രക്കാരെ തട്ടിക്കളിക്കുകയാണ്...

കേരളത്തിൽ നിന്ന് ദിവസേനെ കൂടുതൽ യാത്രക്കാർ യാത്രചെയ്യുന്ന ബാംഗ്ലൂരിലേക്ക് ദിവസേനെ രണ്ടു ട്രയ്നുകൾ കൂടി ഓടിയാലും അതിലും യാത്രക്കാർ വെയ്റ്റിമ്ങ് ലിസ്റ്റ് ആയിരിക്കും(പക്ഷേ ട്രാവൽസുകളുകളുടേ എണ്ണം ഇപ്പോഴുള്ളതിന്റെ പതിന്മടങ്ങ് കൂടിയാലും ട്രയിൻ വരാൻ പോകുന്നില്ല.. )

ട്രയിനിലെ ഭക്ഷണത്തിന്റെ കാര്യം പറയാതിരിക്കുകയാണ് ഭേദം.. തുരന്തോ യാത്രകൾ പലപ്പോഴും ദുരന്തം ആകുന്നത് ഭക്ഷണം മൂലം ആണ്. രുചിക്ക് കൊള്ളാത്ത ഭക്ഷണം കഴിക്കാൻ വിധിക്കപെട്ടവരാണ് കേരളത്തിൽ നിന്നുള്ള(വടക്കേ ഇന്ത്യയിലേക്കൂള്ള) ട്രയിൻ യാത്രക്കാർ.പ്ലയിനിൽ കേരളം ഭക്ഷണം ഒക്കെ വിളിമ്പാൻ നിർദ്ദേശം നൽകുന്ന മന്ത്രിമാരും എംപിമാരും ട്രയിനിൽ നല്ല ഭക്ഷ്ണം എങ്കിലും വിതരണം ചെയ്യാൻ റയിൽവേയൊടൊന്ന് പറയണം.

ഏതായാലും ഭാരതത്തിന്റെ വടക്കെ അറ്റത്ത് കിടക്കുന്ന മലയാളിക്ക് ഒരു ടിക്കറ്റിൽ 100-150 ഒക്കെ കൂടുമായിരിക്കുമെങ്കിലും കൃത്യസമയത്ത് നല്ല രീതിയിൽ ട്രയിനിൽ യാത്ര ചെയ്യാനുള്ള സൗകര്യം(യാത്രാ ടിക്കറ്റിന് അനുസരിച്ചുള്ള) എങ്കിലും ചെയ്ത് തരാൻ റയിൽവേ സന്മനസ് കാണിക്കണം(മലയാളിക്ക് മാത്രമല്ല എല്ലാ ട്രയിൻ യാത്രക്കാരോടും ഈ സന്മനസ് കാണിക്കണം...)

തത്ക്കാലിൽ ടിക്കറ്റ് എടുക്കുന്നവർ ഐഡി പ്രൂഫ് നൽകണം എന്നുള്ളതുപോലെ റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവരും ടിക്കറ്റ് എടുക്കുമ്പോൾ ഐഡി പ്രൂഫ് നൽകണം എന്നാവശ്യപ്പെട്ടാൽ ടിക്കറ്റിന്റെ കരിഞ്ചത്ത കുറച്ചെങ്കിലും കുറയ്ക്കാൻ പറ്റും..(ഇന്ങനെ ഐഡി പ്രൂഫ് നൽകുന്നവർ ഐഡി നമ്പർ അടിക്കാൻ എളുപ്പമുള്ള പാൻകാർഡും കൃത്യം തുകയും നൽകിയാൽ തത്ക്കാൽ ടിക്കറ്റിന്റെ വിതരണം പെട്ടന്നാവും)

പറ്റുമെങ്കിൽ റയിൽവേ(യെകൊണ്ട്) ഈ റയിൽവേ ബഡ്ജറ്റിൽ ഒരു ഡൽഹി-തിരുവനന്തപുരം ട്രയിൻ (ദിവസേനെ) അനുവദി(പ്പി)ക്കണം. (ഈ വർഷം ക്രിസ്തുമസിനു ഓടിച്ച സ്പെഷ്യൽ ട്രയിനിൽ യാത്രക്കാർക്ക് ഒരു കുറവും ഇല്ലായിരുന്നു എന്ന് റയിൽവേ ഓർക്കണം.). ഇതിനായി നമ്മുടെ എട്ട് കേന്ദ്ര മന്ത്രിമാരും എംപിമാരും ഒന്ന് ഒരുമിച്ച് ശ്രമിക്കണം.(സ്പെഷ്യൽ ട്രയിൻ ഒക്കെ അനുവദിപ്പിക്കാൻ പറ്റുമെങ്കിൽ ഇതും പറ്റും.. പറ്റണം...പറ്റിക്കണം.(പക്ഷേ ഞങ്ങളെ പറ്റിക്കരുത്). റയിൽവേ ബഡ്ജറ്റ് വായിക്കുന്ന തലേ രാത്രിയിൽ ചെന്ന് ഞങ്ങൾക്ക് നാലു ട്രയിനും രണ്ട് പുതിയ പാതയും മൂന്നു പുതിയ സർവേയും വേണമെന്ന് പറയുന്നതിനു പകരം ഇപ്പോഴേ വേണ്ടത് എന്താണന്ന് സംസ്ഥാനത്തെ മന്ത്രിമാരും മുഖ്യമന്ത്രിയും എംപിമാരും എംഎൽഎമാരും ഒക്കെയായി ആലോചിച്ച് (ആലോചിച്ച് ആലോചിച്ച് ഉള്ളതുകൂടി കളയിക്കരുത്) എട്ടു കേന്ദ്രമന്ത്രിമാരേയും കൂട്ടി  മുഖ്യമന്ത്രിയും കേരളത്തിന്റെ റയിൽവേ മന്ത്രിയായ ആര്യാടൻ മുഹമ്മദും (സത്യം!! കേരളത്തിനും റയിൽവേ മന്ത്രിയുണ്ട്) എംപി സംഘവും കൂടി കേന്ദ്ര റേയിൽവേ മന്ത്രി കോൺഗ്രസുകാരനായ പവൻകുമാർ ബൻസ്വാലെ കണ്ടാൽ എന്തെങ്കിലും കിട്ടാതിരിക്കില്ല..  

Tuesday, January 8, 2013

കൃഷ്ണപ്രിയയിൽ നിന്ന് ജ്യോതിയിലേക്കുള്ള ദൂരം

2001 ഫെബ്രുവരി 9
മഞ്ചേരിയിൽ കൃഷ്ണപ്രിയ എന്ന ഏഴാം ക്ലാസുകാരി കൊല്ലപ്പെടുന്നു

2010 ഫെബ്രുവരി 1
എറണാകുളം ഷൊർണ്ണൂർ ട്രയിൻ യാത്രക്കിടയിൽ സൗമ്യ എന്ന പെൺകുട്ടി കൊല്ലപ്പെടുന്നു

2012 ഡിസംബർ 16
ഡൽഹിയിലെ ബസിൽ വെച്ചുള്ള അക്രമത്തെ തുടർന്ന് ജ്യോതി എന്ന പെൺകുട്ടി കൊല്ലപ്പെടുന്നു

ഈ മരണങ്ങൾക്ക് മുമ്പും പിമ്പുമായി നൂറുകണക്കിനു പെൺകുട്ടികൾ/സ്ത്രികൾ ലൈംഗീക അത്രിക്രമങ്ങളെ തുടർന്ന് കൊല്ലപ്പെട്ടിരിക്കുന്നു...ചിലർ ആത്മഹത്യയിൽ അഭയം തേടി..ചിലർ ഇന്നും ജീവിക്കുന്നു

പലരും നമ്മുടെ മറവികളിലേക്ക് കൂടുമാറിയിരിക്കുന്നു... ..
മരണപ്പെട്ടവരിൽ ചിലർക്ക് പേരില്ല..........
ചിലർക്ക് സ്ഥലത്തിന്റെ പേർ........
പക്ഷേ അവരുടെ നിലവിളികൾ അവസാനിക്കുന്നില്ല... 
മരണത്തിനു ശേഷവും അവർ നിലവിളിക്കുന്നു...
നീതിക്കായുള്ള നിലവിളി... 
അവരുടെ നിലവിളിയിൽ നമ്മൾ നിശബദ്ദരായിരുന്നു... 
നിശബദ്ദർ ആയിരുന്നു എന്നല്ല ആ നിലവിളി നമ്മൾ മനപൂർവ്വം കേട്ടതായി നടിക്കാതെ ഒഴിഞ്ഞുമാറി...

പക്ഷേ...
ഡിസംബർ 17 മുതൽ നമ്മൾ നിലവിളികൾക്ക് കാതുനൽകാൻ തുടങ്ങി..ഡൽഹിയിൽ ഉയർന്ന നിലവിളി ഇന്ത്യയിലെ യുവജനത ഏറ്റെടുത്തു.. ഡൽഹിയിൽ മാത്രമല്ല ഇന്ത്യയിലെ പലയിടങ്ങളിലും യുവജനത തെരുവിൽ ഇറങ്ങി..അനേകായിരം പെൺകുട്ടികളുടെ നിലവിളിയിൽ കാതു നൽകാതിരുന്നവർ അവളുടെ നിലവിളിക്ക് കാത് നൽകിയെങ്കിൽ അതൊരു പ്രകാശമാണ്...ഒരു പെണ്ണിന്റെ നിലവിളിയിൽ പ്രതികരിക്കാൻ പഠിച്ച(പഠിക്കേണ്ടിവന്ന)യുവത്വത്തിനു അവൾ പ്രകാശമായി മുനിൽ നിൽക്കുന്നു...അതിനവൾക്ക് സ്വന്തം ജീവൻ നൽകേണ്ടി വന്നെങ്കിലും 'ജ്യോതി'യായി തന്നെ അവൾ ഈ മണ്ണിൽ ഉണ്ടാവും.

കൃഷ്ണപ്രിയ,ശാരി,അനഘ,ജസ്ന,അമ്പിളി,ഖൈറുന്നിസ,ആര്യ,സൗമ്യ,സ്ഥലപ്പേരുകളിൽ അറിയപ്പെടുന്ന പെൺകുട്ടികൾ; തോപ്പുംപടി, പൂവരണി, സൂര്യനെല്ലി, പറവൂർ, പന്തളം,വരാപ്പുഴ,വിതുര,മരട്... ഓച്ചിറയിൽ ജോലി കഴിഞ്ഞ് തിരികെ വന്ന സ്ത്രി,സിസ്റ്റർ അഭയ(?)..... ഇവരിൽ പലരേയും നമ്മൾ മറന്നു കഴിഞ്ഞു... നമ്മുടെ കേരളത്തിൽ ബലാത്സംഗ/പീഡനത്തിന് ഇരയായാവരുടെ ലിസ്റ്റ് ഇന്ങനെ നീണ്ടു പോവുകയാണ്...പത്രങ്ങളിലെ അകം പേജിലെ പീഡനവാർത്തകൾ നമുക്കീന്ന് 'ഷോക്കിംങ്/(ഹാർട്ട്)ബ്രേക്കിംങ്' ന്യൂസുകൾ ആവുന്നില്ല...നിസംഗതയോടെ ആ വാർത്തകൾ നമ്മൾ വായിച്ചു വിടുന്നു....
പക്ഷേ 'ഡൽഹിയിലെ പെൺകുട്ടി' നമുക്ക് തന്നത് ഷോക്ക് തന്നെ ആയിരുന്നു !!! ആ ഷോക്കിന്റെ പെരുപ്പ് നമ്മുടെ അധികാരികളിലും ജനങ്ങളിലും എത്രനാൾ ഉണ്ടാവും??

ബാലാത്സംഗത്തിനു ശിക്ഷയായി തൂക്കുകയർ എന്ന് ജനവികാരത്തോടൊപ്പം നിന്ന രാഷ്ട്രീയ കക്ഷികൾ ദിവസങ്ങൾ കഴിയുന്തോറും പിന്നോട്ടായി. തൂക്കുകയറിനു പകരം ലൈംഗീക ശേഷി നശിപ്പിക്കലും ജീവിതാവസാനം വരെ തടവും എന്ന നിർദ്ദേശങ്ങൾ രാഷ്ട്രീയ പാർട്ടികൾ മുന്നോട്ടു വയ്ക്കുന്നു. കാരണം തങ്ങളുടെ പാർട്ടിനേതാക്കൾക്ക് കൊലക്കയർ ലഭിക്കുന്ന നിർദ്ദേശങ്ങളൊന്നും അവർ മുന്നോട്ട് വയ്ക്കില്ലല്ലോ!!! സ്ത്രികളുടെ മാനം സംരക്ഷിക്കാനും അവർക്കെതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കാനും ജനങ്ങളോടൊത്ത് പോരാടുന്ന രാഷ്ട്രീയ പാർട്ടികളുടെ പൊയ്മുഖം നമുക്ക് കേരളത്തിൽനിന്നു തന്നെ കാണാവുന്നതാണല്ലോ!! പെൺവാണിഭകേസിൽ ആരോപണ വിധേയനായ വ്യക്തിയെ ലോക്സഭാതിരഞ്ഞെടുപ്പിൽ ജനങ്ങൾ പരാജയപ്പെടുത്തിയപ്പോൾ രാജ്യസഭയിൽ കൂടി എംപിയാക്കുകയും, നേതാവിനെതിരെ അതിക്രമത്തിന് നൽകിയ പരാതി പോലീസിനു കൈമാറാതെ പാർട്ടിതന്നെ 'പുറത്താക്കൽ ശിക്ഷ' വിധിക്കുക്കയും ഒക്കെ ചെയ്യുന്നത് നമ്മൾ കണ്ടിട്ടുണ്ട്,,,,ബലാത്സംഗക്കേസുകളിൽ പ്രതികൾ ആയിട്ടുള്ളവർ ഇന്ന് ഭാരതത്തിൽ ജനപ്രതിനിധികളായി നിയമ നിർമ്മാണ സഭകളിൽ ഇരിക്കുന്നു.

ഏതായാലും ഡൽഹിയിലെ ദുരന്തം പല രാഷ്ട്രീയ-മത-സമുദായ നേതാക്കളുടെ ഉള്ളിലിരുപ്പ് പുറത്ത് വരാൻ കാരണമായി.പീഡനങ്ങൾക്ക് കാരണം സ്ത്രിയുടെ വസ്ത്രധാരണം ആണന്നും,സ്ത്രി വീട്ടിൽ ഇരിക്കേണ്ടവളാണന്നും,ഒരുമിച്ചുള്ള വിദ്യാഭ്യാസം പാടില്ലന്നും,വിവാഹം പെട്ടന്നാക്കണം എന്നൊക്കെയുള്ള അഭിപ്രായങ്ങൾ നേതാക്കൾ പ്രകടിപ്പിക്കാൻ ഇടയായി. ഭാരതവും ഇന്ത്യയും തമ്മിലുള്ള വേർതിരിവും ഒക്കെ അഭിപ്രായങ്ങളായി വന്നു...

ഡൽഹി,യുപി,ഹരിയാന,പഞ്ചാബ്,രാജസ്ഥാൻ തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ താപ നില ഇപ്പോൽ പത്ത് ഡിഗ്രിയിലും താഴെയാണ്.
തണുപ്പുകാലം!!
ഇപ്പോൾ ഇവിടങ്ങളിൽ അതി ശൈത്യം..
അതി ശൈത്യം കൊണ്ടുള്ള മരണം നൂറ്റമ്പതു കവിഞ്ഞു
നാലും അഞ്ചും വസ്ത്രങ്ങൾ ഇട്ട് അതിനു പുറത്ത് സ്വെവറ്ററും ജാക്കറ്റും ഇട്ട് കമ്പിളികൊണ്ട് പുതച്ച് ആണ് ആണും പെണ്ണും നടക്കുന്നത്..
കണ്ണ് മറച്ചാൽ സഞ്ചരിക്കാൻ പറ്റില്ല എന്നുള്ളതുകൊണ്ട് കണ്ണിനു മാത്രം മറവില്ല....
ഇനി കാര്യത്തിലേക്ക് വരാം...

സ്ത്രികൾക്ക് എതിരെയുള്ള ബലാത്സംഗത്തിനു കാരണം പ്രകോപനമായ വസ്ത്ര ധാരണം ആണന്ന് പറയുന്നു. ഈ അതി ശൈത്യകാലത്ത് കണ്ണുമാത്രം പുറത്ത് കാണുന്ന രീതിയിൽ വസ്ത്രം ധരിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സ്ത്രികൾ എങ്ങനെയാണ് പ്രലോഭിപ്പിക്കുന്നത്????

ഇന്നത്തെ പത്രത്തിലെ 'ബലാത്സംഗവാർത്തകൾ' ഒന്നു നോക്കുക.അതിശൈത്യം കൊണ്ട് വിറങ്ങലിച്ചു നിൽക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഒറ്റ/കൂട്ട മാനഭംഗ ശ്രമങ്ങളും,ബലാത്സംഗവാർത്തകളും ,തീ കൊളുത്തൽ വാർത്തകളും നിങ്ങൾക്ക് കാണാൻ കഴിയും...

'പ്രകോപനം സൃഷ്ടിക്കുന്ന' വസ്ത്രധാരണം അല്ല ബലാത്സംഗത്തിനു കാരണം എന്നു പറഞ്ഞുകൊണ്ട് മറ്റ് കാരണങ്ങളെക്കുറിച്ച് ചർച്ച ചെയ്യാം... (ഇനി കണ്ണു പുറത്ത് കാണിക്കുന്നതാണ് പ്രകോപനം എന്നു പറയരുത്)

ഡൽഹിയിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ മരണവും അതിനിടയാക്കിയ സംഭവങ്ങളിലും പ്രതിഷേധിച്ച് നടന്ന/നടക്കുന്ന സമര പരമ്പരകളെ 'ക്ലാസു'മായി ബന്ധിപ്പിച്ച് നടന്ന/നടക്കുന്ന ചർച്ചകളെ അനുകൂലിച്ചു കൊണ്ടല്ല ഇത് എഴുതുന്നത് ....

വടക്കേ ഇന്ത്യയിൽ ഇപ്പോഴും ജാതി/സമുദായ/രാഷ്ട്രീയ/അധികാര/പദവി വിവേചനം ഇപ്പോഴും നിലനിൽക്കുന്നുണ്ട് എന്നുള്ളത് ഒരു സത്യമാണ്. ജീവിത നിലവാരത്തെ മാത്രം അടിസ്ഥനമാക്കി ഇവിടങ്ങളിലെ 'ക്ലാസ്' നിർവചിക്കാൻ പറ്റില്ല. ഈ ക്ലാസിൽ ജാതിയും മതവും കൂടി ഉൾപ്പെടും. ഉയർന്ന ജാതിയിൽ പെട്ട ഒരാൾ സാമ്പത്തികമായി പിന്നോക്കമാണങ്കിലും അയാൾ ഉയർന്ന ക്ലാസിൽ തന്നെ ആയിരിക്കും.(നമ്മുടെ നാട്ടിലു ഇതിനു വലിയ വെത്യാസം ഇല്ലല്ലോ). നമ്മുടെ നാട്ടിലേതിനെക്കാൾ ജാതി ഇവിടങ്ങളിൽ വലിയ കാര്യം തന്നെയാണ്. താണ ജാതിക്കാർ താമസിക്കുന്ന സ്ഥലത്ത് വെച്ചിരിക്കുന്ന ട്രാൻസ്‌ഫോർമറിൽ നിന്നുള്ള വൈദ്യുതി ലൈൻ വഴിയുള്ള വൈദ്യുതി തങ്ങൾക്ക് വേണ്ടാ എന്ന് പറഞ്ഞ് വേറെ സ്ഥലത്തുനിന്നുള്ള വൈദ്യുതി ലൈൻ തങ്ങളുടെ ഇടങ്ങളിലേക്ക് എത്തിച്ച ഉയർന്ന ജാതിക്കാർ താമസിക്കുന്ന സ്ഥലം ഉണ്ട്.(ജാതിരാഷ്ട്രീയത്തിൽ ജാതി തന്നെയാണ് ജയിക്കുന്നതും). 

ജനങ്ങൾ ഒരു പൊതുവായ കാര്യത്തിനു വേണ്ടി ഒത്തൊരുമിക്കുന്നത് അപൂർവ്വം തന്നെയാണ്. ഒത്തൊരുമിച്ചാൽ തന്നെ ആ ഒരുമ പൊളിക്കാൻ ജാതി/വർഗ്ഗ/'ക്ലാസ്' കാർഡുകൾ 'ആവശ്യക്കാർ'  ഇറക്കുകയും ചെയ്യും...

ഗലികൾ(തെരുവുകൾ) തമ്മിലുള്ള വേർതിരിവും ഇവിടങ്ങളിൽ കാണാം. ഉദാഹരണത്തിനു ഒന്നാം ഗലിയിൽ നിന്നുള്ള ഒരാളെ രണ്ടാം ഗലിയിൽ നിന്നുള്ള ഒരാൾ എന്തെങ്കിലും പറഞ്ഞാൽ രണ്ട് ഗലിയിൽ ഉള്ളവരും രണ്ട് ഭാഗം ആകും. ആര് തെറ്റ് ചെയ്തു എന്നല്ല നോക്കുന്നത്. അതുമാത്രമല്ല തെറ്റ് ചെയ്ത ആളിന്റെ ജാതിയിൽ പെട്ട ആരെങ്കിലും ഒന്നാം ഗലിയിൽ ഉണ്ടങ്കിൽ അവരെ രണ്ടാം ഗലിയിൽ പെട്ടവന്റെ ന്യായത്തിൽ കൊണ്ടു വരുകയും ചെയ്യും. ഇങ്ങനെയുള്ള ഒരു പ്രത്യേക സാഹചര്യമാണ് ഉത്തരേന്ത്യയിൽ മിക്കയിടത്തും ഉള്ളത്..

ഡൽഹിയിലെ പെൺകുട്ടിക്ക് നേരെയുള്ള അതിക്രമത്തിനെതിരെ മധ്യവർഗ്ഗം സമരത്തിനിറങ്ങിയെങ്കിൽ അതിനവരെ കുറ്റം പറയാൻ പറ്റില്ല. തങ്ങൾക്ക് നേരെ/തങ്ങളെപോലുള്ള ഒരാൾക്കെതിരെ അതിക്രമം ഉണ്ടാകുമ്പോഴാണല്ലോ ആരാണങ്കിലും സമരത്തിനിറങ്ങുന്നത്.(ഉദാഹരണത്തിന് നമ്മുടെ നാട്ടിലെ പല സമരങ്ങളേയും കണ്ടതായി നടിക്കാത്ത മധ്യവർഗ്ഗം 'ഗ്യാസ് വില' വർദ്ധനവിനെതിരെയുള്ള സമരങ്ങളിൽ പങ്കെടുത്തത്). അതുപോലെയൊന്നാണ് ഡൽഹിയിലും സംഭവിച്ചത്. മാതാപിതാക്കളുടെ കൂടെ നിന്ന കുട്ടികളെ പോലും തട്ടിക്കോണ്ടു പോയി ബലാത്സംഗം ചെയ്യുകയും, ഉത്തരേന്ത്യയിലെ ഗ്രാമങ്ങളിൽ താഴ്ന്ന ജീവിത നിലവാരം ഉള്ള വരുടെ പെൺകുട്ടികളെ ക്രൂരമായി ബലാത്സംഗം ചെയ്യുകയ്യും കൊലപ്പെടുത്തുകയും ചെയ്തപ്പോൾ(പ്രതികൾ അധികാരം ഉള്ളവരും ഉയർന്നവരും ആയിരുന്നു) ജനം അവരെ ശിക്ഷിക്കാനായി തെരുവിൽ ഇറങ്ങിയിരുന്നില്ല എന്നത് ഒരു സ്ത്യമാണ്.

പക്ഷേ എപ്പോഴും ജനങ്ങൾ നിശബദ്ദരാവും എന്ന് കരുതുന്നതും ശരിയല്ല.അതിക്രമങ്ങൾക്ക് എതിരെ ജനങ്ങൾ തെരുവിൽ ഇറന്ങി എന്ന് പറയുന്നത് ഭരണ കൂടത്തിൻ മേൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടു എന്നുള്ളതിനുള്ള തെളിവാണ്. ആ വിശ്വാസം വീണ്ടെടുക്കാൻ ഭരണകൂടത്തിനു കഴിയണം.പക്ഷേ നിർഭാഗ്യമെന്ന് പറയട്ടെ ഭരണകൂടത്തിന്റെ ഭാഗമായവരും പലപ്പോഴും അതിക്രമങ്ങൾക്ക് കൂട്ട് നിൽക്കുന്നു.

ജനവികാരം ഉയരാൻ മാധ്യമങ്ങളും നല്ലൊരു പങ്ക് വഹിച്ചിട്ടൂണ്ട്. സമരം വിജയിക്കണമെങ്കിൽ മാധ്യമങ്ങളുടെ പിന്തുണ വേണമെന്ന് ഡൽഹി സമരം വീണ്ടും ഓർമ്മിപ്പിക്കുന്നു. അണ്ണാഹസാരയുടെ ഡൽഹി സമരം വിജയിച്ചതും മുംബൈ സമരം പൊളിഞ്ഞതും ഓർക്കുക. ഡൽഹിയിലെ യുവാക്കളുടെ സമരത്തിനു മാധ്യമങ്ങൾ പ്രാധാന്യം നൽകുന്നു എന്നറിഞ്ഞപ്പോൾ 'പുത്തൻ സമരനേതാക്കൾ'(ബാബാരാംദേവ് പോലുള്ളവർ) സമരത്തിനു നേതൃത്വം ഏറ്റെടുക്കാൻ എത്തിയെങ്കിലും മാധ്യമങ്ങൾ ഡൽഹി ജനതയ്ക്ക് തന്നെ പ്രാധാന്യം നൽകിയതോടെ 'പുത്തൻ സമര നേതാക്കൾ പിൻവലിയുകയും ചെയ്തു....

അവളുടെ ജീവൻ ഒരു പുത്തൻ മുന്നേറ്റത്തിനായി 'ജ്യോതി'യായി നിൽക്കും എന്നതിൽ സംശയം ഇല്ലങ്കിലും ഇന്ത്യൻ ജനതയുടെ ഉള്ളിൽ ചോദ്യം ഉയർത്തുന്ന അവളുടെ ജീവൻ കരിന്തിരിയാകാതെ നോക്കേണ്ടത് നീതിന്യായവ്യവസ്ഥകൾ ആണ്...

വീണ്ടും കൃഷ്ണപ്രിയയിലേക്ക് വരാം....
2001 ഫെബ്രുവരി 9 നു കൃഷ്ണപ്രിയ അയൽവാസിയുടെ ലൈംഗീക അതിക്രമത്തിനു ഇരായി കൊല്ലപ്പെടുന്നു.കോടതി ശിക്ഷിച്ച അയാൾ ശിക്ഷക്കിടയിൽ ജയിലിൽ നിന്ന് ഇറങ്ങിയപ്പോള് കൊല്ലപ്പെട്ടു.കൃഷ്ണപ്രിയയുടെ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും കോടതി തെളിവുകളുടെ അഭാവത്താൽ കുറ്റ വിമുക്തനാക്കി. പൊന്നുമകളുടെ ജീവൻ പിച്ചി ചീന്തിയ ഒരു മനുഷ്യമൃഗത്തിന്റെ ജീവൻ ഒരച്ഛൻ എടുത്തെങ്കിൽ തന്നെ മനുഷ്യന്റെ മനസാക്ഷിയുടെ മുന്നിൽ അയാൾ കുറ്റക്കാരനാകുമോ??

പെൺഉടലുകൾ കാമവെറിയിൽ കൊത്തിക്കീറുന്ന മനുഷ്യകഴുകന്മാർക്കു വേണ്ടിയും വക്കാലത്തിനായി ആളുകൾ എത്തുന്നു. സൗമ്യയുടെ കൊലയാളി,ഗോവിന്ദചാമിക്കുവേണ്ടി ലക്ഷങ്ങൾ പ്രതിഫലം വാന്ങുന്ന വക്കീലുമാരാണ് കോടതിയിൽ ഹാജരായത്. ഇപ്പോൽ ഡൽഹിയിലെ പെൺകുട്ടിയെ പിച്ചിചീന്തിയവർക്കു വേണ്ടി ഹാജരാകാൻ അഭിഭാഷകൻ എത്തിയെങ്കിലും മറ്റുള്ളവർ തടയുകയും ബഹളം ആവുകയും ചെയ്തപ്പോൾ കേസ് രഹസ്യവാദം നടത്താനായി കോടതി നിർദ്ദേശിക്കുകയും ചെയ്തു ....

തന്റെ മകൾ തെറ്റൊന്നും ചെയ്യാത്തതുകൊണ്ട് അവളുടെ പേര് മറച്ചു വെയ്ക്കേണ്ടതില്ലന്നും തന്റെ മകളുടെ പേര് പുറത്തറിയുന്നത് ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടൂള്ളവർക്ക് ഊർജ്ജം പകരുകയും അവരുടെ പോരാട്ടന്ങൾക്ക് ശക്തി നൽകുകയും ചെയ്യും എന്ന് ജ്യോതിയുടെ പിതാവ് വിശ്വസിക്കുന്നു.സ്വയം രക്ഷക്കായി ജീവൻ ബലികഴിച്ച അവളെ ഓർത്ത് ആ പിതാവ് അഭിമാനിക്കുകയും ചെയ്യുന്നു...

 പക്ഷേ അവളുടെ ജീവന്റെ നീതിക്കായി പോരാടുമ്പോഴും സമരം നടത്തുമ്പോഴും അവളോട് നീതി പുലർത്താൻ നമുക്ക് കഴിഞ്ഞിട്ടുണ്ടോ?? ഡൽഹിയിലെ തണുപ്പിൽ ഒരു തരി തുണിക്കായി അവളും സുഹൃത്തും നിലവിളിച്ചപ്പോൾ മുഖം തിരിച്ച് കടന്നു പോയത് നമ്മളെപോലുള്ളവരാണ്... ആ നിലവിളി നമ്മുടെ ഉള്ളിൽ എപ്പോഴും നിലനിൽക്കണം.ഇനി ഒരാൾക്കും ഇങ്ങനെ ഒരു അനുഭവം വരാതിരിക്കാൻ ചെവിയും കണ്ണും തുറന്ന് വെയ്ക്കുക തെന്നെ ചെയ്യണം....

ഒരുമിച്ചുള്ള വിദ്യാഭ്യാസം നിരോധിച്ചും ശൈശവ വിവാഹം തിരിച്ചു കൊണ്ടുവന്നും 'ബലാത്സംഗങ്ങളും' പീഡനങ്ങളും ഇല്ലാതാകുന്ന ഒരു ഇന്ത്യയ്ക്കായി അല്ല ഭാരതത്തിനായി കാത്തിരിക്കുന്ന ഒരു ഭാരതീയഇന്ത്യക്കാരൻ ആകരുത് ഞാനും നിങ്ങളും

Sunday, January 6, 2013

ആധാറും ഫ്രി ആയി കിട്ടുന്ന ബാങ്ക് അക്കൗണ്ടും !!

aaaaaaaഡിസംബർ അവസാന ആഴ്ച ബാങ്കിൽ നിന്ന് ഒരു നോട്ടീസ്(നോട്ടീസിന്റെ ആദ്യഭാഗം ഫോട്ടോയിൽ) വീട്ടിൽ എത്തി. അന്ന് വൈകിട്ട് വീട്ടിൽ ചെന്നപ്പോൾ ആദ്യത്തെ ചോദ്യം
'നീ പുതിയ അക്കൗണ്ട് തുടങ്ങിയിട്ട് എന്താ പറയാഞ്ഞത്?"

"ഞാനെങ്ങും പുതിയ അക്കൗണ്ട് തുടങ്ങിയില്ലല്ലോ"

{ഉള്ള അക്കൗണ്ട് തന്നെ കാശില്ലേ കാശില്ലേ എന്ന് പറഞ്ഞ് നിലവിളിക്കുമ്പോൾ ഞാനെന്തിനാ പുതിയ അക്കൗണ്ട് തുടങ്ങുന്നത്?}

ബാങ്കിൽ നിന്ന് വന്ന നോട്ടീസ് എന്റെ കൈയ്യിൽ തന്നു.


ആധാറിലെ വിവരങ്ങൾ കൊണ്ട് ഇന്ത്യൻ ഓവർസീസ് ബാങ്ക് തന്നെ ഒരു അക്കൗണ്ട് തുടങ്ങി എന്നോട് ഫോട്ടോയും കൊണ്ട് ചെല്ലാൻ പറഞ്ഞിരിക്കുന്നു. ഏതായാലും പിറ്റേന്ന് ആ നോട്ടീസും കൊണ്ട് ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ ശാഖയിൽ ചെന്നു. ആ നോട്ടീസ് അവിടെ ഇരിക്കുന്ന ഒരാളിന്റെ കൈയ്യിൽ കൊടുത്തു. അങ്ങേരത് വാന്ങി അവിടെ വെച്ചിട്ട് അനങ്ങിയില്ല. പത്തുമിനിട്ട് കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞു.
"എനിക്ക് കുറെ ധൃതി ഉണ്ട്. ഞാൻ ഇവിടെ അക്കൗണ്ട് തുടങ്ങാനൊന്നും പറഞ്ഞിട്ടില്ല.ഇതെന്താണ് സംഭവം എന്ന് പറഞ്ഞാൽ എനിക്കങ്ങ് പോകാമായിരുന്നു"
ചന്ദ്രനിൽ നിന്ന് വന്ന അന്യഗൃഹ ജീവിയെ നോക്കുന്നത് പോലെ അയാൾ എന്നെ നോക്കിയിട്ട് വീണ്ടും വേറെന്തോ ചെയ്യാൻ തുടങ്ങി.(ആ നോട്ടീസിൽ ബാങ്കിന്റെ മനോഹരമായ മോഹനവാഗ്ദാനങ്ങൾ അയാൾ വായിച്ചിട്ടൂണ്ടാവില്ല) എന്റെ നിൽപ്പും സംസാരവും കേട്ടിട്ട് അയാൾക്ക് തൊട്ടപ്പുറത്ത് ഇരുന്ന ആൾ ആ പേപ്പർ വാന്ങി. അയാളോടും ഞാൻ പറഞ്ഞു
"ഞാൻ ഈ ബാങ്കിൽ അക്കൗണ്ട് ഒന്നും തുടങ്ങാൻ പറഞ്ഞിട്ടില്ല"
അയാൾ എന്നോട് സഹതാപത്തോട് പറഞ്ഞു
"ഇന്നും വേറെ രണ്ടു മൂന്നു പേർ ഇങ്ങനെ വന്നായിരുന്നു. അഡ്രസങ്ങാണം തെറ്റി അയച്ചതായിരിക്കും..."
ഞങ്ങളുടെ സംസാരം കേട്ടിട്ടായിരിക്കണം ബാങ്കിലെ മറ്റൊരു ഉദ്യോഗസ്ഥൻ വന്നു.. അയാൾ ആ നോട്ടീസ് എന്താണന്ന് പറഞ്ഞു...

ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്ക് ആധാർ നമ്പർ വെച്ച് ബാങ്ക് തന്നെ അക്കൗണ്ട് തുടന്ങുമത്രെ!!(നമ്മുടെ വിവരങ്ങളൊക്കെ UIDAI കാർ കൊടൂത്തതാണത്രെ) അക്കൗണ്ട് തുടങ്ങിയിട്ട് ഫോട്ടോയും തിരിച്ചറിയൽ കാർഡൂം കൊണ്ടു ചെല്ലണമെന്ന് നോട്ടീസ് അയക്കും.ഫോട്ടോയും തിരിച്ചറിയല് കാർഡും കൊടുക്കുന്നവർക്ക് അക്കൗണ്ട് ആക്റ്റീവ് ആക്കും. ഇല്ലങ്കിൽ അക്കൗണ്ട് ഇൻ ആക്റ്റീവ് ആകുമെന്ന്

ഞാൻ വീട്ടില് ഇല്ലാതിരിക്കുകയും ഫോൺ വിളിച്ചാല് കിട്ടാൻ പ്രയാസമുള്ള സ്ഥലത്തോ ആയുരുന്നാൽ വീട്ടൂകാർ എന്റെ ഫോട്ടോയും തിരിച്ചറിയൽ കാർഡിന്റെ കോപ്പിയും കൊണ്ടു പോയി കൊടുത്ത് അക്കൗണ്ട് ഉണ്ടാക്കുമായിരുന്നു.

ഇന്ന് ഈ ബാങ്ക് എന്റെ പേരിൽ അക്കൗണ്ട് തുടങ്ങി.മറ്റ് ബാങ്കുകളും അക്കൗണ്ട് തുടങ്ങില്ലന്ന് എന്താ ഉറപ്പ്? UIDAI എന്റെ വിവരങ്ങൾ മറ്റ് ബങ്കിനോ/ഇൻഷുറൻസ് കമ്പിനികൾക്കോ നൽകില്ലന്ന് എന്താ ഉറപ്പ്?? ഇൻഷുറൻസ് കമ്പിനികൾ എന്റെ പേരിൽ പോളിസികൾ തുടങ്ങിയന്ന് പറഞ്ഞ് നോട്ടീസ് അയിച്ചാൽ എന്തായിരിക്കും???

വീട്ടിൽ നിന്ന് ഞങ്ങൾ മൂന്നു പേർ ഒരുമിച്ചാണ് തത്ക്കാൽ എടുത്തത്. എനിക്ക് മാത്രമാണ് ബാങ്ക് അക്കൗണ്ട് ബാങ്കുകാർ സ്വയം ഉണ്ടാക്കിയത്... അതിനർത്ഥം ആളിന്റെ വിവരങ്ങൾ(ആധാർ അപേക്ഷയിലെ) അനലൈസ് ചെയ്തതിനു ശേഷമാണ് ബാങ്ക് അക്കൗണ്ട് തുടങ്ങിയതെന്ന് അല്ലേ???

നമ്മൾ ആധാറിനു നൽകിയ വിവരങ്ങൾ സുരക്ഷിതമല്ലന്നല്ലേ ഇതിനർത്ഥം???

2

*ആധാർ - വീണ്ടും ചില സംശയങ്ങൾ*

ആധാർ കേന്ദ്ര സർക്കാരിന്റെ പരിപാടിയല്ലന്നും പ്ലാനിംങ് കമ്മീഷന്റെ ആണന്നും സർക്കാർ നേരത്തെ പറഞ്ഞത്. അങ്ങനെയെങ്കിൽ കേന്ദ്ര സർക്കാർ നൽകുന്ന സബ്‌സിഡി ആസൂത്രണ വകുപ്പ് നൽകുന്ന ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നത് എന്തിനാണ്???? (കേന്ദ്ര സർക്കാരിന്റെ NPR-ദേശീയ തിരിച്ചറിയൽ കാർഡ് പിന്നെ എന്തിനാണ്?? )

ആധാർ നിയമ വിധേയമല്ലന്ന് പറഞ്ഞ സർക്കാർ സബ്സിഡികൾ ആധാർ കാർഡിന്റെ ബന്ധപ്പെടുത്തൽ വരുത്തിയ ബാങ്ക് അക്കൗണ്ടുകളിലൂടെ വിതരണം ചെയ്യുന്നത് നിയമവിധേയമായിട്ടോണോ?ആധാർ നിയമ വിധേയമാണന്ന് സർക്കാർ പറഞ്ഞിട്ടുണ്ടോ??(NPR-ദേശീയ തിരിച്ചറിയൽ കാർഡ് നിയമ വിധേയമാണന്ന് സർക്കാർ പറഞ്ഞിട്ടുണ്ട്)

കേന്ദ്ര ആഭ്യന്തര മന്ത്രി ആയിരുന്നപ്പോൾ ആധാർ കാർഡ് സുരക്ഷാ ഭീക്ഷണിയാണന്ന് പറഞ്ഞ പി.ചിദംബരം ധനകാര്യ വകുപ്പിൽ വന്നപ്പോൾ ആധാർ ആവശ്യമാണന്ന് പറയുന്നു.. വകുപ്പുമാറിയപ്പോൾ ആധാർ വിവരശേഖരണത്തിന്റെ സുരക്ഷാ ഭീക്ഷ്ണി എങ്ങനെയാണ് മാരിയത്??

ആരയും ആധാർ എടുക്കാൻ നിർബന്ധിക്കില്ലന്ന് പറഞ്ഞ സർക്കാർ എന്തുകൊണ്ടാണ് സബ്സിഡികൾ ബാങ്ക് അക്കൗണ്ടുകൾ വഴി ആക്കാൻ ആധാർ നമ്പറുകൾ ബാങ്ക് അക്കൗണ്ടിൽ ചേർക്കാൻ ആവശ്യപ്പെടുന്നത്?? ഇങ്ങനെ ചെയ്യുന്നത് ആധാർ എടുക്കാൻ നിർബന്ധിക്കൽ തന്നെയല്ലേ??

NPR-ദേശീയ തിരിച്ചറിയൽ കാർഡ് ആണ് നിയമ വിധേയമെങ്കിൽ,ദേശീയ തിരിച്ചറിയൽ കാർഡ് നൽകുന്നതിനു മുമ്പ് നിയമ വിധേയമല്ലാത്ത ആധാർ കാർഡ് ഉപയോഗിച്ച് ബാങ്ക് ആക്കൗണ്ട് തുടങ്ങിയാൽ ആ ബാങ്ക് അക്കൗണ്ട് നിയമ വിധേയമായ ഒന്നാകുമോ?? നിയമ വിധേയമായ ദേശീയ തിരിച്ചറിയൽ കാർഡ് വരുമ്പോൾ ആ കാർഡ് ഉപയോഗിച്ച് വീണ്ടും ബാങ്ക് അക്കൗണ്ട് തുടങ്ങാനോ ദേശീയ തിരിച്ചറിയൽ കാർഡ് നമ്പർ ബാങ്ക് അക്കൗണ്ടിൽ ചേർക്കാനോ ആവശ്യപ്പെടുമോ??

ആധാർ കാർഡ് എടുത്ത ഒരാളുടെ വിവരങ്ങൾ ബാങ്കുകൾക്ക് നൽകിയതുപോലെ (ബാങ്ക് അക്കൗണ്ട് തുറക്കൽ സമ്മതം, വിവരം പങ്കുവയ്ക്കൽ സമ്മതം : യെസ് ആധാർ കാർഡ് എടുക്കുന്ന ഒരാൾ 'മൗന സമ്മതത്തോടെ' സമ്മതം നൽകുന്നത്) മറ്റുള്ളവർക്കും(ഇൻഷുറൻസ്/മാർക്കറ്റിംങ്.. കമ്പിനികൾ)നൽകുമോ???? 


{എനിക്ക് ആധാർ കാർഡ് ഉണ്ട്}