Sunday, July 31, 2011

മുത്തച്ഛനേയും മുത്തശ്ശിയേയും ഇങ്ങനെ സ്നേഹിക്കരുത്

ജൂലൈ 29 വെള്ളിയാഴ്ച മലയാളമനോരമയില്‍ കണ്ട ഒരു പരസ്യമാണ് ഇതെഴുതാന്‍ കാരണം....
തലമുറകളുടെ കണ്ണികള്‍ ഇണക്കിച്ചേര്‍ക്കുവാന്‍ , മഹത്തായ പാരമ്പര്യങ്ങള്‍ കൈമാറിവരുവാന്‍ നിങ്ങളുടെ സ്നേഹവും കരുതലും പ്രകടിപ്പിക്കുവാന്‍ ഇതാ ഒരു അവസരം അവര്‍ക്കായുള്ള നിങ്ങളുടെ സ്നേഹ സ്ന്ദേശങ്ങള്‍ പ്രസിദ്ധീകരിച്ചു കൊണ്ട്....... ഇങ്ങനെ ഒരു വാചകം ആ പരസ്യത്തില്‍ പറയുന്നുണ്ട്. കൊച്ചുമക്കള്‍ തങ്ങളുടെ മുത്തച്ഛനേയും മുത്തശ്ശിയേയും പത്രത്തില്‍ സ്നേഹ സന്ദേശങ്ങള്‍ നല്‍കിയാണോ അവരോടുള്ള സ്നേഹവും കരുതലും പ്രകടിപ്പിക്കേണ്ടത്.??? ഓള്‍ഡേജ്ജ് ഹോമുകളിലെ ചുവരുകള്‍ക്കുള്ളില്‍ ഗതകാല സ്മരണകള്‍ അയവിറക്കി ജീവിക്കുന്ന ഒരു കൂട്ടം മുത്തശ്ശ-മുത്തശ്ശിമാര്‍ നമ്മുടെ സമൂഹത്തിലുണ്ട്. മാസാദ്യം വരുന്ന പണത്തിന്റെ തിളക്കത്തിനപ്പുറം അവരുടെ കണ്ണുകള്‍ തിളങ്ങുന്നത് കുഞ്ഞുമക്കളുടെ ഒരു സ്പര്‍ശ്നം ഏല്‍ക്കുമ്പോഴായാരിക്കും എന്നതില്‍ സംശയം ഇല്ല. തങ്ങള്‍ വളര്‍ത്തിയ കൊച്ചുമക്കളുടെ സ്പര്‍ശനവും ശബദ്ദവും അവര്‍ പ്രതീക്ഷിക്കുന്നു.......


ചിലരുടെ മരണശേഷം മക്കള്‍ നടത്തുന്ന മരണാനന്തര കര്‍മ്മങ്ങളില്‍ പങ്കെടുത്തതിനു ശേഷം ചിലര്‍ പറയുന്നത് കേട്ടീട്ടുണ്ട്, “ അവന്മാരീ കാശ് തന്ത/തള്ള മരിക്കുന്നതിനു മുമ്പ് അവര്‍ക്കായി ചില വഴിച്ചിരുന്നെങ്കില്‍ അവര്‍ കുറേക്കാലം കൂടി ജീവിച്ചിരുന്നേനെ” എന്ന്. മരണശേഷം മരണ/ മരണാനന്തര വേളകളില്‍  പത്രത്താളുകളില്‍ നല്‍കുന്ന കാല്‍/പകുതി/മുഴുവന്‍ പേജുകളിലെ  ഫോട്ടോകള്‍ മരിച്ചവരും തങ്ങളുമായിട്ടുള്ള ബന്ധം നാലാള്‍ അറിയും അവര്‍ തങ്ങളെഓര്‍ത്ത് അഭിമാനിക്കും എന്നൊക്കേ കരുതുന്ന ഒരു ന്യൂനപക്ഷം നമ്മുടെ ഇടയില്‍ ഉണ്ട്. എന്തും ഏതും പ്രകടമായ ഒരു പരസ്യം പ്രകടനം മാത്രമായി കരുതുന്ന ഈ ലോകത്ത് ‘എല്ലാം ഒരു ദിനമായി മാറുന്നു’.


ബൈബിളില്‍ സഭാപ്രസംഗി മൂന്നാം അദ്ധ്യായത്തില്‍ ചില കാലങ്ങളേക്കുറിച്ച് പറയുന്നുണ്ട്. ജനിപ്പാന്‍ ഒരു കാലം,മരിപ്പാന്‍ ഒരു കാലം എന്നു തുടങ്ങുന്ന ഒരു ഭാഗം. നമുക്ക് ഇപ്പോള്‍ ഈ കാലങ്ങള്‍ ദിനങ്ങളായി മാറിയിരിക്കുന്നു.
അപ്പനെ ഓര്‍ക്കാന്‍ ഒരു ദിവസം...
അമ്മയെ ഓര്‍ക്കാന്‍ ഒരു ദിവസം...
സുഹൃത്തുക്കളെ ഓര്‍ക്കാന്‍ ഒരു ദിവസം...
പ്രണയനികളെ ഓര്‍ക്കാന്‍ ഒരു ദിവസം......
മുത്തച്ഛനേയും മുത്തശ്ശിയേയും ഓര്‍ക്കാന്‍ ഒരു ദിവസം....
എല്ലാം സ്‌പെഷ്യലൈസേഷന്‍ ആയ ഈ കാലത്ത് വരും വര്‍ഷങ്ങളില്‍ മുത്തച്ഛനേയും മുത്തശ്ശിയേയും വേര്‍‌പെടുത്തി മുത്തച്ഛനെ ഓര്‍ക്കാന്‍ സെപ്‌റ്റംബറിലെ രണ്ടാം ഞായറും (ഗ്രാന്‍ഡ് ഫാദര്‍ ഡേ)   മുത്തശ്ശിയെ ഓര്‍ക്കാന്‍ ഒക്‍ടോബറിലെ രണ്ടാം ഞായറും (ഗ്രാന്‍ഡ് മദര്‍ ഡേ) ആഘോഷിക്കാവുന്നതാണ്. ഇപ്പോള്‍ ഇതും രണ്ടും കൂടി ഒരുമിച്ച് (ഗ്രാന്‍ഡ് പേരന്റ്സ് ഡേ - സെപ്‌റ്റംബര്‍ രണ്ടാം ഞായര്‍) ആഘോഷിക്കുമ്പോള്‍ പരസ്യ സമ്മാന വിപണിയില്‍ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ നമ്മള്‍ കാണാതിരുന്നു കൂടാ.!!!!!


നമുക്ക് നമ്മുടെ അപ്പനേയും അമ്മയേയും അപ്പൂപ്പനേയും അമ്മൂമ്മയേയും ഒക്കെ ഓര്‍ക്കാന്‍ ഒരു പ്രത്യേക ദിനങ്ങളൊക്കെ വേണമെന്ന് വരുന്നത് വളരെ കഷ്ടമാണ്. (താന്‍ പിന്നെന്താ അദ്ധ്യാപക ദിനത്തെക്കുറിച്ച് ഇങ്ങനെ പറയാത്തത് എന്ന് ചോദിക്കരുത്. അദ്ധ്യാപക ദിനവും ശിശുദിനവുമൊക്കെ ഫാദേഴ്സ് ഡെ / മദേഴ്സ ഡേ / ഗ്രാന്റ് ‌പേരന്റ് ഡേയുമായി ഒക്കെ താരതമ്യപ്പെടുത്തരുത്.). ജന്മം നല്‍കിയവരേയും നമ്മളെ വളര്‍ത്തി വലുതാക്കിയവരേയും ഒക്കെ ഓര്‍ക്കാനും അവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കാനും സന്ദേശങ്ങള്‍ നല്‍കാനും ഒക്കേ നമുക്ക് പ്രത്യേക ദിനങ്ങള്‍ വേണോ? ദിവസവും അവരോട് സംസാരിക്കാന്‍,  അവര്‍ക്കായി 24 മണിക്കൂറിലെ ഒരു മിനിറ്റെങ്കിലും മാറ്റിവെയ്ക്കാന്‍ നമുക്ക് കഴുയുന്നില്ലങ്കില്‍ പിന്നെന്താണ് നമുക്ക് കഴിയുന്നത് ???? ഭയങ്കര തിരക്കായിരുന്നു സംസാരിക്കാന്‍ സമയം കിട്ടിയില്ല എന്ന് അപ്പനോടും അമ്മയോടും പറയുമ്പോള്‍ അവരുടെ അവസ്ഥയിലേക്ക് നമ്മളേ കാലം കൊണ്ട് ചെന്നെത്തിക്കും എന്നൊരു ഓര്‍മ്മ മനസിന്റെ കോണില്‍ എവിടെയെങ്കിലും നമുക്കുണ്ടാവണം.


മാതാപിതാക്കളോടുള്ള നമ്മുടെ സ്നേഹം നമ്മള്‍ കാണിക്കേണ്ടത് നാലാളേ അറിയിക്കാന്‍ വേണ്ടിയാകരുത്. നമ്മളും അവരും തമ്മിലുള്ള സ്നേഹം നാലാളെ അറിയിക്കണമെന്ന് നിര്‍ബന്ധം ഉണ്ടങ്കില്‍ പത്രങ്ങളില്‍ പരസ്യം കൊടുക്കാം. വേണമെങ്കില്‍ പത്തോ ആയിരമോ മുടക്കി നാല് ഫ്ലക്സ് അടിച്ച് കവലകളില്‍ വലിച്ചു കെട്ടിക്കാം. അപ്പൂപ്പന്റേയും അമ്മൂമ്മയുടേയും മങ്ങിയ കണ്ണുകളില്‍ തിളക്കം ഉണ്ടാവുന്നത് നിങ്ങളുടെ സ്നേഹ സന്ദേശങ്ങള്‍ കാണുമ്പോഴോ മൂന്നാമതൊരാള്‍ അയച്ചു കൊടുക്കുന്ന സമ്മാന പൊതികള്‍ കാണുമ്പോഴോ അല്ല. അതവരുടെ കണ്ണുകളിലെ കാഴ്ചകള്‍ക്ക് കൂടുതല്‍ മങ്ങല്‍ ഉണ്ടാക്കുകയേ ഉള്ളൂ. നാലാളേ അറിയിച്ച്  100 രൂപയ്ക്ക് നല്‍കുന്ന പത്തുവാക്കുകള്‍ ഉള്ള സന്ദേശങ്ങള്‍ക്ക് പകരം ആ പണത്തിനു അവരുമായി അഞ്ചു മിനിട്ട് സംസാരിച്ചു കൂടേ.. (ലോകത്തിന്റെ എവിടെ നിന്നാണങ്കിലും മിനിട്ടിന് ഇരുപതുരൂപയില്‍ കൂടുതല്‍ ഇന്ത്യയിലേക്ക് സംസാരിക്കാന്‍ ചിലവാകുമോ?). അതായിരിക്കും അവര്‍ നിങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നതും.


ഇത്തരം പരസ്യ സന്ദേശങ്ങളില്‍ നിന്ന് വഴിമാറി നില്‍ക്കാന്‍ നമ്മള്‍ ഓരോരുത്തരം ശ്രമിക്കണം.
കാലം ആരേയും കാത്തു നില്‍ക്കാതെ കടന്നു പോകുമ്പോള്‍
നമ്മളുടെ തലയിലെ മുടയിഴകളില്‍ കാലത്തിന്റെ നിറങ്ങള്‍ പകര്‍ന്നാടും....
തൊലികളില്‍ ചുളുവുകള്‍ വീഴും ...
കണ്ണുകളില്‍ ഭൂതകാലത്തിന്റെ ഓര്‍മ്മകളില്‍ തെളിഞ്ഞു നില്‍ക്കും....
കാതുകള്‍ അകന്നുപോയ ശബ്‌ദ്ദങ്ങള്‍ക്കായി കാതോര്‍ക്കും...
ശരീരം ഒരു സ്പര്‍ശനത്തിനായി കൊതിക്കും....
അന്ന് നമ്മുടെ മക്കളും കൊച്ചു‌മക്കളും നമ്മളോട് എങ്ങനെ ആയിരിക്കണമെന്ന് നമ്മള്‍ ആഗ്രഹിക്കുന്നുവോ അതേ പോലെതന്നെ നമ്മുടെ മാതാപിതാക്കളോടും മുത്തശ്ശനോടും മുത്തശ്ശിയോടും നമുക്ക് പെരുമാറാം.....

2 comments:

വെള്ളരി പ്രാവ് said...

എല്ലാം സ്‌പെഷ്യലൈസേഷന്‍ ആയ ഈ കാലത്ത്...
" ഇങ്ങനെ സ്നേഹിക്കരുത് "

Anonymous said...

Good Post Shibu...
Very valuable message...
Keep on writing.