(ഈ അഭിമുഖവും അഭിമുഖത്തിലുള്ളവരും സാങ്കല്പികം ആണ്. ആളുകള്‍ക്ക് ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ ആരോടെങ്കിലും സാമ്യം തോന്നുന്നുണ്ടങ്കില്‍ അതൊരു തോന്നല്‍ മാത്രമാണ്)
ഇന്റര്‍ പള്ളി യൂണിയന്‍ ട്രഷറര്‍ ഫാദര്‍ യൂദാ ചാമ്പത്തറയുമായി നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം
ആ സ്വാഗതം ഞാന്‍ വരവു വെച്ചിരിക്കുന്നു. എന്നോട് കര്‍ത്താവിന് നിരക്കാത്തതൊന്നും ചോദിക്കരുതെന്ന് ഞാന്‍ ആദ്യം തന്നെ ആവിശ്യപ്പെടുകയാണ്.
അങ്ങ് ഇന്റര്‍ പള്ളി യൂണിയന്‍ ട്രഷറര്‍ ആണല്ലോ.. എന്തുകൊണ്ടാണ് ഇങ്ങനെ ഒരു പേര്.
അതായത് ഈ യൂണിയന്‍ എന്ന് പറഞ്ഞാല്‍ എന്താണന്ന് അറിയാമല്ലോ.. ഈ യൂണിയന്‍ എന്ന് പേര് കേട്ടാല്‍ ഒരുമാതിരി പെട്ടവരോക്കെ നമ്മളൊടൊന്നും ചോദിക്കാതെ നമ്മള്‍ പറയുന്നത് കേട്ട് നമ്മള്‍ ചോദിക്കുന്നത് തന്നിട്ടങ്ങ് പൊയ്‌ക്കോളും. അതുമാത്രവുമല്ല ഇപ്പോള്‍ ഞങ്ങള്‍ അച്ചന്മാര്‍ക്കും ബിഷപ്പുമാര്‍ക്കും അത്ര നല്ല സമയം അല്ലന്ന് അറിയാമല്ലോ.. കുഞ്ഞാടുകളൊക്കെ കന്നം തിരിവ് കാണിച്ചു തുടങ്ങി. പണ്ട് ഞങ്ങളൊന്നു വായിക്കും കുഞ്ഞാടുകള്‍ അതുകേട്ട് അനുസരിക്കുമായിരുന്നി. ഇപ്പോള്‍ അതൊക്കേ മാറി. ഞങ്ങളൊരു ഇടയ ലേഖനം ഇറക്കിയാല്‍ കുഞ്ഞാടുകള്‍ അതിനെ എതിര്‍ത്ത് രണ്ട് പത്ര പ്രസ്താവന ഇറക്കും. ഈ യൂണിയന്‍ എന്ന് പേരെങ്കിലും കേട്ടാന്‍ അവന്മാര്‍ അടങ്ങിക്കോളും എന്ന് ഞങ്ങള്‍ കരുതി, മാത്രവുമല്ല ഞങ്ങളുടെ അവകാശം നേടിയെടുക്കാന്‍ ഞങ്ങള്‍ക്കും ഒരു യൂണിയന്‍ ഒക്കെ ആവിശ്യമാണല്ലോ.
അപ്പോ ഒരു പക്ക യൂണിയന്‍ സെറ്റപ്പാണോ സംഘടന കൊണ്ട് ഉദ്ദേശിക്കുന്നത്.
പിന്നല്ലാതെ. ഇപ്പോള്‍ തന്നെ ഞങ്ങള്‍ കൂദാശകള്‍ അനുഷ്ഠിക്കുന്നതിന് വാങ്ങുന്നത് കൈക്കൂലി ആണന്ന് ചില കമ്യൂണിസ്റ്റുകാര്‍ പറയുന്നുണ്ട്. നമ്മളൊരു യൂണിയന്‍ ഉണ്ടാക്കി കഴിഞ്ഞാല്‍ ഇനി കൈക്കൂലിയുടെ പ്രശ്നം ഇല്ലല്ലോ. യൂണിയന്‍ വാങ്ങുന്ന കാശ് കൈക്കൂലി ആണന്ന് ഈ നാട്ടില്‍ ആരും പറയത്തില്ല. മാത്രവുമല്ല നമ്മളിപ്പോള്‍ ഒരിടത്ത് ഒരു പരിപാടിക്ക് വിളിച്ചിട്ട് ചെല്ലാന്‍ പറ്റിയില്ലങ്കിലും പിന്നീട് ചെല്ലുമ്പോള്‍ കിട്ടാനുള്ളത് കിട്ടും.
ഒരു നോക്കു കൂലി സെറ്റപ്പ്.
ആര്‍ക്കും എന്തും കരുതാം.
ഇപ്പോള്‍ പള്ളി യൂണിയനെക്കുറിച്ചുള്ള ഏറ്റവും വലിയ പരാതി വിദ്യാഭ്യാസ കച്ചവടത്തെക്കുറിച്ചാണല്ലോ. പൊയ്‌ക്കോണം കോളേജില്‍ ഇപ്പോള്‍ അഡ്‌മിഷനു വേണ്ടി ലക്ഷങ്ങള്‍ കോഴ വാങ്ങിയന്നുള്ള പരാതിയൊക്കെ ഉയര്‍ന്ന സാഹചര്യത്തില്‍ കച്ചവടത്തെക്കുറിച്ച് എന്താണ് അഭിപ്രായം.
ആ പൊയ്‌ക്കോണം കോളേജുകാര്‍ ഭയങ്കര മണ്ടന്മാരാണന്നേ.. അവന്മാര്‍ ഞങ്ങളുടെ യൂണിയനില്‍ ചേരാതെ വേറെ കുറേ പേരുടെ കൂടെ കൂടിയതിന്റെ ശിക്ഷയാ കിട്ടിയത്. കര്‍ത്താവ് തന്നെ പറഞ്ഞത് . വിശ്വാസം ഉണ്ടങ്കില്‍ ഈ മലയോട് ഇവിടെ നിന്ന് മാറി ദൂറെക്ക് പോകാന്‍ പറഞ്ഞാല്‍ ദൂരേക്ക് പോകുമെന്നാ. അങ്ങനെ വിശ്വസിക്കുന്ന ഞങ്ങളെ വിശ്വസിക്കാതെ അവരുടെ കൂടെ പോയില്ലേ.. എന്നിട്ടെന്തായി അവസാനം. പൊയ്‌ക്കോണം കാരുതമ്മില്‍ തല്ലായി. കാശ് കിട്ടാത്തവന്മാര്‍ കിട്ടിയവന്മാര്‍ക്കിട്ട് പാര വെച്ചു. കാശ് കിട്ടിയവന്മാര്‍ കിട്ടാത്തവന്മാര്‍ക്കിട്ട് കൈയ്യും വെച്ചു. കാശ് കിട്ടാത്തവന്മാരുടെ വാക്കുകേട്ട് ഉണ്ണാന്‍ ചെന്ന ആഫ്രിക്കന്‍ നെറ്റുകാര്‍ക്കിട്ട് കാശ് കിട്ടിയവന്മാര്‍ കൈയ്യിലുള്ളത് കൊടുക്കുകയും ചെയ്തു.
താങ്കള്‍ പറഞ്ഞല്ലോ വിശ്വാസം ഉണ്ടങ്കില്‍ മലയോട് ദൂരേക്ക് പോകാന്‍ പറഞ്ഞാല്‍ പോകുമെന്ന്.. ശരിക്കും അങ്ങനെ പോകുമോ?
ഹഹഹഹഹ്.. പിന്നില്ലാതെ. ഇങ്ങനെ ദൂരേക്ക് ദൂരേക്ക് പറഞ്ഞു വിട്ടല്ലേ ഞങ്ങള്‍ ഇത്രയും നാള്‍ മെഡിക്കല്‍ കോളേജൊക്കെ നടത്തിയത്.
ആരെയാണ് ദൂരേക്ക് പറഞ്ഞ് വിട്ടത്. ഏജന്റുമാരെയാണോ.
അല്ലന്നേ. സര്‍ക്കാരിനെ ആണ് ഞങ്ങള്‍ ഇങ്ങനെ ദൂരേക്ക് ദൂരേക്ക് പറഞ്ഞ് വിട്ടത്. പണ്ട് ഒരു പുണ്യാളന്‍ ഏതാണ്ട് രണ്ട് സമം ഏതാണ്ട് ഒന്നു പറഞ്ഞ് വന്നു. ആ പുണ്യാളനെ ഞങ്ങള്‍ ആദ്യം ദൂരേക്ക് പറഞ്ഞു വിട്ടു. കണ്ടില്ലേ ഇപ്പോള്‍ അങ്ങ് ദൂരയാ. പിന്നെ വേറെ കുറെ ആള്‍ക്കാര്‍ വന്നു. അവരേയും ഞങ്ങള്‍ പറഞ്ഞു വിട്ടു. വേറെ കുറേ ആള്‍ക്കാര്‍ വന്നു. അവരെ ഞങ്ങള്‍ ഭരണത്തില്‍ നിന്ന് പറഞ്ഞു വിട്ടു. എല്ലാ വര്‍ഷവും സര്‍ക്കാരെന്ന് പറയുന്ന സാത്താന്‍ ഞങ്ങളേ പരീക്ഷിക്കാനായി സാശ്രയ നിയമം എന്നൊക്കെ പറഞ്ഞ് വരും. എല്ലാ വര്‍ഷവും ഈ സാത്താന്‍ വരുന്നത് ജൂണ്‍ ജൂലൈ മാസത്തിലാ. ഓഗസ്റ്റാകുമ്പോഴേക്കും കര്‍ത്താവിനുള്ളത് കര്‍ത്താവിനും സീസര്‍ക്കുള്ളത് സീസര്‍ക്കും കൊടുത്ത് ഓഗസ്റ്റ് ആകുമ്പോഴേക്കും ഞങ്ങളാ സാത്താനെ ദൂരേക്ക് പറഞ്ഞ് വിടും. വീണ്ടും അടുത്ത ജൂണ്‍ ആകുമ്പോഴേ അവര്‍ തിരിച്ചു വരൂ.. വീണ്ടൂം അവരെ ഞങ്ങള്‍ പറഞ്ഞു വിടൂം. ഇതെല്ലാം നടക്കുന്നത് ഞങ്ങളുടെ വിശ്വാസം കൊണ്ടാ. വിശ്വാസം അതല്ലേ എല്ലാം !!!! മല പോലെ വരുന്ന സര്‍ക്കാര്‍ എലിപോലെ അല്ലേ തിരിച്ചു പോകുന്നത്
നിങ്ങള്‍ക്ക് സാമൂഹ്യനീതി നടപ്പാക്കാന്‍ ബാധ്യത ഇല്ലേ?
ഉണ്ട് .. എന്ന് കരുതി നാട്ടാരുടെ ബാധ്യത ഞങ്ങള്‍ ഏറ്റെടുക്കണോ? ഞങ്ങളെപ്പോലെ സാമൂഹിക നീതി നടപ്പാക്കുന്ന വേറെ ആരുണ്ട് ഈ സ്വാശ്രയ കച്ചവടത്തില്‍. ഏറ്റവും കൂടുതല്‍ കാശ് തരുന്നവന് ആദ്യം സീറ്റ് കൊടുക്കും. നൂറ് തരുന്നവനോടും പത്ത് തരുന്നവനോടും നമുക്ക് ഒരേ പോലെ പെരുമാറാന്‍ പറ്റുമോ? പത്ത് തരുന്നവനെ നൂറ് തരുന്നവന്റെ കൂടെ ഇരുത്താന്‍ പറ്റുമോ? പത്ത് തരുന്നവനെ നൂറ് തരുന്നവന്റെ കൂടെ ഇരുത്തുന്നതല്ല സാമൂഹിക നീതി. പത്ത് തരുന്നവനെ പത്തിന്റെ സ്ഥാനത്തും നൂറ് തരുന്നവനെ നൂറിന്റെ സ്ഥാനത്ത് ഇരുത്തുന്നതും ആണ് സാമൂഹിക നീതി. അല്ലാതെ പത്തു തരുന്നവനെ നൂറിന്റെ സീറ്റിലും നൂറ് തരുന്നവനെ പത്തിന്റെ സീറ്റിലും ഇരുത്തുന്നതല്ലെ സാമൂഹിക നീതി.
ഇടനിലക്കാരെ വെച്ച് കോളേജിലേക്ക് ആളെ പിടിക്കുന്നത് ശരിയാണൊ?
ഞങ്ങള്‍ കര്‍ത്താവ് പറയുന്നത് അനുസരിച്ച് ജീവിക്കുന്നവരാ. കര്‍ത്താവ് തന്നയാ പറഞ്ഞത് . എന്റെ പിന്നാലെ വരുവീന്‍ ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവര്‍ ആക്കാമെന്ന്. ഞങ്ങള്‍ എങ്ങനാ ആള്‍ക്കാരെ പിടിക്കാന്‍ പോകുന്നതെന്ന് കരുതിയാ പിള്ളാരെ പിടിക്കാന്‍ ആള്‍ക്കാരെ വിട്ടിരിക്കുന്നത്. ചെയ്യുന്ന ജോലിക്ക് ഞങ്ങള്‍ കാശും കൊടുക്കുന്നുണ്ട്. കര്‍ത്താവ് പിന്നേം പറഞ്ഞിട്ടുണ്ട്. കലപ്പയ്ക്ക് കൈ വെച്ചിട്ട് തിരിഞ്ഞു നോക്കരുതെന്ന്. ഏതായാലും ഞങ്ങള്‍ കോളേജ് തുടങ്ങി. ഇനി തിരിഞ്ഞു നോക്കുന്ന പ്രശ്നം ഇല്ല.
നിങ്ങള്‍ ആത്മീയ കാര്യങ്ങള്‍ നോക്കാതെ കച്ചവടം നടത്തുവാണന്ന് പലര്‍ക്കും പരാതി ഉണ്ടല്ലോ?
പരാതി എല്ലാവരും പറയും. അതില്‍ കാര്യമാക്കേണ്ടതില്ല. ഏതായാലും കുഞ്ഞാടുകളുടെ ഒരു ആത്മീയ കാര്യത്തിനും ഒരു മുടക്കവും വന്നിട്ടില്ല. ഉദാഹരണത്തിന് ആ കിഴക്കേപറമ്പിലെ മത്തായി മാപ്പിള മരിച്ചു. അവരെന്നോട് പറഞ്ഞ് ശനിയാഴച ശവം അടക്കണമെന്ന്. ശനിയാഴ്ച എനിക്ക് കോളെജില്‍ മീറ്റിംങ്ങ് ഉണ്ടായിരുന്നു. അതുകൊണ്ട് ഞാന്‍ പറഞ്ഞു ശവമടക്ക് ശനിയാഴ്ച ഒക്കില്ല ഞായറാഴ്ച നടത്താമന്ന്. ആ വറീതിന്റെ മോന്റെ കല്യാണം തിങ്കളാഴ്ച നടത്തണമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ സമ്മതിച്ചില്ല. തിങ്കളാഴ്ച എല്‍കെജി പിള്ളാരുടെ ഇന്റ്‌ര്‍വ്യൂ വെച്ച്രുന്ന ദിവസമാ. അതുകൊണ്ട് ആ കല്യാണം ഞായറാഴ്ച ആക്കി. നമ്മളു തന്നെ എല്ലാം നടത്തണമെന്നാ കര്‍ത്താവിന്റെ വിധി.
(ആത്മഗതം) : അങ്ങയെപ്പോലെയുള്ളവരെ സഹിക്കണമെന്നുള്ളത് ഞങ്ങളുടെ വിധിയും.
നിങ്ങളുടെ യൂണിയനില്‍ പെട്ട കോളേജുകളില്‍ പ്രവേശനത്തിന് കൈക്കൂലി വാങ്ങുന്നുണ്ടോ?
നിങ്ങളുടെ യൂണിയനില്‍ പെട്ട കോളേജുകളില്‍ പ്രവേശനത്തിന് കൈക്കൂലി വാങ്ങുന്നുണ്ടോ?
അതൊക്കെ പാപമാണ്. ഇനി ആരെങ്കിലും സംഭാവനയായിട്ട് ഇരുപതോ മുപ്പതോ അമ്പതോ ലക്ഷം തന്നാല്‍ ഞങ്ങളത് വേണ്ടാന്ന് പറയുകയും ഇല്ല. ആരുടേയും മനസ് വേദനിപ്പിക്കുന്നത് ഞങ്ങള്‍ക്ക് ഇഷ്ടമല്ല.
നിങ്ങളുടെ സഭയിലെ പിള്ളാര്‍ സഭാ സ്കൂളില്‍ തന്നെ പഠിക്കണമെന്നുള്ള ഇടയ ലേഖനത്തെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ?
അങ്ങനെ പറയുന്നതില്‍ എന്താണ് തെറ്റ്. ഏതായാലും ഞങ്ങള്‍ ഇഷ്ടം പോലെ സ്കൂളും കോളേജും ഉണ്ടാക്കി ഇട്ടിട്ടൂണ്ട്. പിള്‍ലാരെ പ്ലേ സ്കൂളില്‍ ചേര്‍ത്ത് കഴിഞ്ഞിട്ട് വര്‍ഷാവര്‍ഷാദ്യം കാശ് എത്തിച്ചാല്‍ പിള്ളാരെ എന്‍ഞ്ചിനീയറോ ഡോക്‍ടറോ ഒക്കെ ആക്കി ഇരുപതുവര്‍ഷം കഴിഞ്ഞ് ഇറക്കി വിടും. മാതാപിതാക്കള്‍ ഒന്നും അറിയേണ്ട കാര്യമേ ഇല്ല. നമ്മള്‍ ഈ കണ്ട സ്ഥാപനങ്ങള്‍ ഓകെ ഉണ്ടാക്കിയിട്ടിട്ട് ഈ യൂണിയനില്‍ പെട്ട പിള്ളാര് വേറെ എവിടെങ്കിലും ഒക്കെ പോയി പടിച്ചാല്‍ നഷ്ടം ആര്‍ക്കാ? ഞങ്ങള്‍ക്ക് തന്നെ.. നമുക്ക് കിട്ടാനുള്ള കാശ് എന്തിനാ വേറെ ആര്‍ക്കെങ്കിലും ഒക്കെ കൊണ്ടു പോയി കൊടുക്കുന്നത്?
ഇങ്ങനെ കാശ് വാങ്ങി അഡ്‌മിഷന്‍ വാങ്ങി പഠിച്ചിറക്കുന്നവര്‍ക്ക് സമൂഹത്തോട് എന്തെങ്കിലും പ്രതിബദ്ധത ഉണ്ടാവുമോ?
ഏതായാലും വാങ്ങുന്ന കാശിന് ഞങ്ങള്‍ക്ക് പ്രതിബദ്ധത ഉണ്ടാവും.. തല്ലി പഠിപ്പിച്ചാണങ്കിലും ഞങ്ങള്‍ അവരെ എല്ലാം കോളെജിന് പുറത്തിറക്കിയിരിക്കും. പിന്നെ അവര്‍ തീരുമാനിക്കും ആരോടാ പ്രതിബദ്ധത വേണ്ടതെന്ന്.. കാശ് മുടക്കിയ വീട്ടുകാരോടോ മരുന്നു കമ്പ്നിക്കാരോടോ ശവപ്പെട്ടിക്കടക്കാരനോടോ മൊബൈല്‍ മോര്‍ച്ചറിക്കാരനോടോ ഒക്കെ അവര്‍ക്ക് പ്രതിബദ്ധത ഉണ്ടാവും. ഇവരൊക്കയും സമൂഹത്തില്‍ പെട്ടവരാണല്ലോ. അതുകൊണ്ട് തീര്‍ച്ചയായും ഞങ്ങളുടെ കോളേജില്‍ നിന്ന് പഠിച്ചിറങ്ങുന്നവര്‍ക്ക് സാമൂഹിക പ്രതിബദ്ധത ഉണ്ടാവും. ഞങ്ങളുടേത് ഒരു മിഷന്‍ പ്രവര്‍ത്തനമാണ്.
ഇപ്പോള്‍ യൂണിയനില്‍ പെട്ടവര്‍ നടത്തുന്നത് മിഷന്‍ പ്രവര്‍ത്തനം ആണോ?
മിഷനെക്കാള്‍ വലുത് വിഷനാണ്. വിഷന്‍ 2020 എന്ന ഒരു പദ്ധതി തന്നെ ഞങ്ങള്‍ക്കുണ്ട്. 2020 ആകുമ്പോഴേക്കും കേരളത്തിലെ എല്ലാ പഞ്ചായത്തിലും ഒരു മെഡിക്കല്‍ / എന്‍ഞ്ചനീയറിംഗ് കോളേജുകള്‍ സ്ഥാപിച്ച് കുട്ടികള്‍ക്ക് തങ്ങളുടെ പഞ്ചായത്തുകളില്‍ തന്നെ തുടര്‍ പഠനം നടത്താനുള്ള സാഹചര്യം ഉണ്ടാക്കുക എന്നുള്ളതാണ് ഞങ്ങളുടെ വിഷന്‍. പിന്നെ ഇതിനിടയ്ക്ക് എപ്പോഴെങ്കിലും സമയം കിട്ടുവാണങ്കില്‍ മിഷന്‍ പ്രവര്‍ത്തനങ്ങളും ചെയ്യും. പിന്നെ സെന്‍ട്രലൈസഡ് ത്രി സ്റ്റാര്‍ വൃദ്ധസദനം ഞങ്ങളുടെ മിഷന്‍ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തി ഉടന്‍ തന്നെ ആരംഭിക്കുന്നുണ്ട്. മാസം പതിനഞ്ചായിരം രൂപ മാത്രമേ ഞങ്ങള്‍ ഈടാക്കാന്‍ ഉദ്ദേശിക്കുന്നുള്ളൂ.
ഈ സ്ഥാപനങ്ങള്‍ ആരംഭിക്കാനുള്ള മുടക്കു മുതലൊക്കെ എവിടെ നിന്നാണ്..
അതൊക്കെ ഞങ്ങളുടെ കുഞ്ഞാടുകള്‍ സംഭാവനായിട്ട് തരുന്നതാ.. ദൈവത്തിനുള്ളത് ദൈവത്തിനായി അവര്‍ നല്‍കുന്നു.
എന്നിട്ട് വിശ്വാസികളായ കുഞ്ഞാടുകളെ ആരേയും സ്ഥാപനങ്ങളുടെ ഭരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലല്ലോ..
ഫലം ഇച്ഛിക്കാതെ കര്‍മ്മം ചെയ്യണമെന്നാണല്ലോ പ്രമാണം. അതുകൊണ്ട് കുഞ്ഞാടുകള്‍ സംഭാവനകള്‍ നല്‍കുക എന്ന കര്‍മ്മം മാത്രം തത്ക്കാലം ചെയ്താല്‍ മതി. സ്കൂളും കോളേജും ഒക്കെ നടത്താന്‍ എന്നെപ്പോലുള്ളവര്‍ ഇവിടെയുണ്ട്. പിന്നെ ഈ കുഞ്ഞാടുകളെ ഇതിനകത്തേക്ക് വലിച്ചു കയറ്റിയാല്‍ തൊന്തരവാണ്. പൊയ്‌ക്കോണംക്കാര്‍ക്ക് പറ്റിയത് അതാ. കുഞ്ഞാടുകളേ പിടിച്ച് ആശുപത്രി ഭരണത്തില്‍ കയറ്റി. ഒരുത്തന്‍ കാശടിച്ചു മാറ്റുന്നത് വേറെ ഒരുത്തന് ഇഷ്‌ടപ്പെട്ടില്ല. ഇഷ്ടപ്പെടാത്തവന്‍ ലിസ്റ്റ് ചോര്‍ത്തി ചാനലുകാര്‍ക്ക് കൊടുത്തു. എന്നിട്ടടിയായി. അവസാനം കാശുമില്ല ലിസ്റ്റുമില്ല സീറ്റും ഇല്ല. അതുപോലെ സംഭവിക്കാതിരിക്കാനാണ് ഞങ്ങളുടെ യൂണിയനിലെ കോളേജ് ഭരിക്കാന്‍ ഞങ്ങളെപ്പോലുള്ളവര്‍ മതി എന്ന് തീരുമാനിച്ചത്.
ഇനി മുതല്‍ മെഡിക്കല്‍ കോളേജുകളും ഗവണമെന്റ് കോളേജുകളും സര്‍ക്കാര്‍ തന്നെ നടത്തിയാല്‍ മതി എന്ന് സര്‍ക്കാര്‍ ഒരു തീരുമാനം എടുക്കുന്നു എന്ന് കരുതുക. എന്തായിരിക്കും പ്രതികരണം.
സര്‍ക്കാര്‍ എന്തിന് അങ്ങനെ ചെയ്യണം. അതൊക്കെ ചെയ്യാന്‍ ഞങ്ങളെപ്പോലുള്ള സമുദായക്കാര്‍ ഇല്ലേ? സര്‍ക്കാരിന് കോളേജുകള്‍ തുടങ്ങാന്‍ ഉപയോഗിക്കുന്ന പണം പാവങ്ങള്‍ക്ക് വേണ്ടി വിതരണം ചെയ്തു കൂടേ.. ഇവിടെ എത്രയോ ആളുകള്‍ വീടും ഭക്ഷണവും ഇല്ലാതെ നരകിക്കുന്നു. അവര്‍ക്ക സഹായം ചെയ്തു കൂടേ സര്‍ക്കാരിന്.
നിങ്ങള്‍ക്കും അങ്ങനെ ചെയ്തു കൂടേ..
സര്‍ക്കാര്‍ പണം തന്നാല്‍ അത് ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് വലിയ സന്തോഷമേയുള്ളൂ..
താങ്കള്‍ യോഹന്നാന്റെ സുവിശേഷം 12 ആം അദ്ധ്യായം വായിച്ചിട്ടൂണ്ടോ... അതില്‍ താങ്കളെപോലുള്ളവരെക്കുറിച്ച് പറയുന്നുണ്ട്..
ഞാന്‍ നേരത്തെ പറഞ്ഞില്ലേ.. ബൈബിള്‍ അനുസരിച്ച് ജീവിക്കുന്നവരാ ഞങ്ങളെന്ന്. അതുകൊണ്ട് ബൈബിളില്‍ എഴുതിയിരിക്കുന്നത് പലതും ഞങ്ങളെക്കുറിച്ചാണന്ന് തോന്നും. എന്താണ് യോഹന്നാന്റെ സുവിശെഷം 12 ആം അദ്ധ്യായത്തില്‍ ഞങ്ങളെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.?
യോഹന്നാന്റെ സുവിശേഷം 12ന്റെ 6 ല്‍ പറയുന്നുണ്ട്. “ഇതു ദരിദ്രന്മാരെക്കുറിച്ചു വിചാരം ഉണ്ടായിട്ടല്ല, അവന്‍ കള്ളന്‍ ആക കൊണ്ടും പണസഞ്ചി തന്റെ പക്കല്‍ ആകയാല്‍ അതില്‍ ഇട്ടതു എടൂത്തു വന്നതുകൊണ്ടും അത്രേ പറഞ്ഞതു.“
നമ്മളെ വിളിച്ചു വരുത്തി കളിയാക്കുന്നോ?
നിങ്ങള്‍ എല്ലാവരും കൂടി മലയാളികളെ ഇട്ട് കളിയാക്കുന്നതിന് ഒരു കുഴപ്പവും ഇല്ലിയോ...?
താന്‍ നോക്കിക്കോ അടുത്ത മെത്രാന്‍ യോഗത്തില്‍ യോഹന്നാന്റെ 12 ആം അദ്ധ്യായം ബൈബിളില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനം എടുക്കും. തന്നെ പോലുള്ളവരെ അങ്ങനെ ഒരു പാഠം പഠിപ്പിക്കും.
7 comments:
ഈശോയെ നീ തന്നെ ഒരു യൂദാസ്
ആയി മാറിയോ? നീ, തന്നെ തൂങ്ങേണ്ടി വരില്ല.
ഞങ്ങള്‍ നിന്നെ തല്ലി കൊന്നു കെട്ടിത്തൂക്കും...അങ്ങനെ ഒരു പുതിയ യുഗം പിറക്കും...
അടി പൊളി..ഷിബു..അഭിനന്ദനങ്ങള്‍..
അടിപൊളി .....വളരെ നന്നായി അവതരിപിച്ചു ..........
ഹ ഹ ഹ :) നല്ല കൊട്ട് തെക്കേടാ..!
എന്റമ്മോ ഇതൊരു ഒന്ന ഒന്നര കൊട്ടാണല്ലോ പള്ളി ക്കാര്‍ക്ക്
കത്തോലിക്കാ സഭയുടെ ഏതു കോളേജില്‍ ആണ് ഷിബു Donation കൊടുത്തത് ..?
സ്വന്തമായി ഒരു കോളേജു പോലുമില്ലാത്ത സഭയില്‍ പെട്ടുപോയതുകൊണ്ടുള്ള സങ്കടവും മറ്റു സഭകലോടുള്ള വിരോധവുമോക്കെയാണ് താങ്കളുടെ പോസ്റ്റില്‍ നിഴലിച്ചു നില്‍ക്കുന്നത് ..താങ്കളുടെ പല പോസ്റ്റുകളിലായി ഈ സഭാ വിരോധം വ്യകതമയതാണ് ...അതുകൊണ്ടാണ് ചില നുണകള്‍ ആവര്‍ത്തിച്ച് പറഞ്ഞു താങ്കള്‍ തെറ്റിധാരണ പരത്താന്‍ ശ്രമിക്കുന്നത് എന്ന് കരുതുന്നു ..."ഏറ്റവും കൂടുതല്‍ കാശ് തരുന്നവന് ആദ്യം സീറ്റ് കൊടുക്കും. ഇനി ആരെങ്കിലും സംഭാവനയായിട്ട് ഇരുപതോ മുപ്പതോ അമ്പതോ ലക്ഷം തന്നാല്‍ ഞങ്ങളത് വേണ്ടാന്ന് പറയുകയും ഇല്ല. " എന്ന് താങ്കള്‍ ഇന്റര്‍ ചര്ച്ച് സ്ഥാപനങ്ങളെക്കുറിച്ചു എഴുതിയിരിക്കുന്നത് ശരിയല്ല ...നിശ്ചിത ഫീസ് ആണ് ആ സ്ഥാപനങ്ങളില്‍ നിലവില്‍ ഉള്ളത് ..ഇത് ന്യായവും കോടതി അംഗീകരിച്ചതുമാണ് ...
പത്ത് ശതമാനം കുട്ടികളെ സ്വ്ജന്യമായി പഠിപ്പിക്കുന്നുമുണ്ട് ..തലവരി ഇനത്തില്‍ ഒരു രൂപ പോലും മേടിക്കുന്നില്ല ..
ഷിബു ഏതു സഭാ വിശ്വാസിയനെങ്കിലും കൊള്ളാം "കള്ളം പറഞ്ഞു പരത്താന്‍" ആ സഭ പഠിപ്പിക്കുന്നുടോ ?!
സ്വാശ്രയ സ്ഥാപങ്ങള്‍ പാവപ്പെട്ടവന് ഉപകാരപ്പെടുന്നില്ല എന്നതാണ് സഭയുടെ സ്വാശ്രയ സ്ഥാപങ്ങളെ എതിര്‍ക്കാനുള്ള ഒരു പ്രധാന കാരണം ..പക്ഷെ സഭക്ക് സ്വാശ്രയ സ്ഥാപങ്ങക്കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാടുകളുണ്ട് ...അത് അന്വേഷിച്ചു മനസ്സിലാക്കാന്‍ ശ്രമിക്കാതെ നാല് നേരവും മറ്റു സഭകളെക്കുറിച്ചു പരദൂഷണം പറയുന്നത് ക്രിസ്ത്യാനികള്‍ക്ക് ചേരുന്ന പണിയല്ല ..അതൊക്കെ ചെയ്യാന്‍ ഇവിടെ വേറെ ആളുകളുണ്ടല്ലോ ...
പണ്ട് യൂദാസ് പറഞ്ഞ താങ്കള്‍ സൂചിപ്പിച്ച വാചകം ഏറ്റവും ചേരുന്നത് ഷിബുവിന് തന്നെയാണ് ...സംശയമുണ്ടെങ്കില്‍ വായിച്ചു നോക്കിക്കൊള്ളൂക
യോഹന്നാന്‍ 12
1 മരിച്ചവരില്‍നിന്നു താന്‍ ഉയിര്‍പ്പിച്ച ലാസര്‍ താമസിച്ചിരുന്ന ബഥാനിയായിലേക്കു പെസഹായ്ക്ക് ആറു ദിവസം മുമ്പ് യേശു വന്നു.
2 അവര്‍ അവന് അത്താഴം ഒരുക്കി. മര്‍ത്താ പരിചരിച്ചു. അവനോടുകൂടെ ഭക്ഷണത്തിനിരുന്നവരില്‍ ലാസറും ഉണ്ടായിരുന്നു.
3 മറിയം വിലയേറിയതും ശുദ്ധവുമായ ഒരു കുപ്പി നാര്‍ദിന്‍ സുഗന്ധതൈലമെടുത്ത് യേശുവിന്റെ പാദങ്ങളില്‍ പൂശുകയും തന്റെ തലമുടികൊണ്ട് അവന്റെ പാദങ്ങള്‍ തുടയ്ക്കുകയും ചെയ്തു. തൈലത്തിന്റെ പരിമളംകൊണ്ടു വീടു നിറഞ്ഞു.
4 അവന്റെ ശിഷ്യന്‍മാരിലൊരുവനും അവനെ ഒറ്റിക്കൊടുക്കാനിരുന്നവനുമായ യൂദാസ് സ്കറിയോത്താ പറഞ്ഞു:
5 എന്തുകൊണ്ട് ഈ തൈലം മുന്നൂറു ദനാറയ്ക്കു വിറ്റു ദരിദ്രര്‍ക്കു കൊടുത്തില്ല?
6 അവന്‍ ഇതു പറഞ്ഞത് അവനു ദരിദ്രരോടു പരിഗണനയുണ്ടായിരുന്നതുകൊണ്ടല്ല, പ്രത്യുത, അവന്‍ ഒരു കള്ളനായിരുന്നതുകൊണ്ടും പണസഞ്ചി അവന്റെ കൈയിലായിരുന്നതുകൊണ്ടും അതില്‍ വീഴുന്നതില്‍നിന്ന് അവന്‍ എടുത്തിരുന്നതുകൊണ്ടുമാണ്
ഈ വിഷയത്തിൽ പലരും കധ അറിയാതെ ആട്ടം കാണുന്നവരാണു. കഷ്ട്ടം..............
Post a Comment