Sunday, July 24, 2011

ചില ജീവിതങ്ങള്‍ ഇങ്ങനേയും

ചിലരുടെ ജീവിതം ചില കെട്ടുകഥകളേക്കാള്‍ അവിശ്വസിനീയമായിരിക്കും. ചിലരെ തുടര്‍ച്ചയായി ദുരന്തങ്ങള്‍ വേട്ടയാടുമ്പോള്‍ , അവര്‍ ചിലപ്പോള്‍ ആ സമൂഹത്തില്‍ നിന്ന് അപ്രത്യക്ഷമാകും. ചിലര്‍ ഈ ലോകത്തില്‍ നിന്നു തന്നെ അപ്രത്യക്ഷരാകും. ആരോരും അവരെ അറിയാത്ത നാട്ടില്‍ പുതിയ പേരിലും ഭാവത്തിലും അവര്‍ ചിലപ്പോള്‍ ജീസിച്ചെന്നിരിക്കും. അല്ലങ്കില്‍ തങ്ങളുടെ ജീവിതത്തിനു സ്വയം വിരാമം ഇട്ട് അവര്‍ എന്നന്നേക്കുമായി ലോകത്തില്‍ നിന്ന് പറന്നകലും.

ജീവിതം 1 : പോരാട്ടത്തില്‍ തളര്‍ന്ന അമ്മ

ഒരമ്മ. ഈ അമ്മയ്ക്ക് മൂന്നു മക്കളാണുള്ളത്. രണ്ട് ആണ്മക്കളും ഒരു പെണ്‍‌കുട്ടിയും. ഇളയകുട്ടിയുടെ ചെറിയ പ്രായത്തില്‍ തന്നെ അവരുടെ ഭര്‍ത്താവ് മരിച്ചു പോയി. തന്നെ ഏല്‍‌പ്പിച്ച മക്കളെ ആ അമ്മ വളര്‍ത്തി വലുതാക്കി. പെണ്‍‌മക്കളുള്ള ഏതൊരു മാതാപിതാക്കളുടേയും സ്വപനമാണല്ലോ തങ്ങളുടെ പെണ്‍‌കുഞ്ഞുങ്ങളുടെ വിവാഹം. ഈ അമ്മയും സ്വ‌പ്നങ്ങള്‍ കണ്ടു. അപ്പന്‍ ഇല്ലാത്ത കുറവ് മക്കള്‍ക്ക് ഒരിക്കലും തോന്നരുത് എന്നുള്ള ചിന്തയില്‍ ആ അമ്മ മക്കളെ വളര്‍ത്തി. പെണ്‍‌കുട്ടിക്ക് വിവാഹ പ്രായം എത്തിയപ്പോള്‍ ആ അമ്മയും സ്വപ്‌നങ്ങള്‍ കാണാന്‍ തുടങ്ങി. തന്റെ മകളെ അനുയോജ്യനായ ഒരുത്തനെ ഏല്‍പ്പിക്കുന്നതും അവര്‍ സ്ന്തോഷത്തോടെ ജീവിക്കുന്നതും ഒക്കെ ആ അമ്മ സ്വപ്നം കണ്ടിരിക്കണം.പല ആലോചനകള്‍ക്ക് ശേഷം ആ അമ്മയുടെ മകളുടെ വിവാഹം കഴിഞ്ഞു.

ആ മകള്‍ക്ക് രണ്ടു കുട്ടികളായി. മകള്‍ ഭര്‍ത്താവിനോടൊപ്പം മംഗലാപുരത്ത് ആയിരുന്നു. ഒരു ദിവസം ആ അമ്മ കേള്‍ക്കുന്നത് തന്റെ മകള്‍ രണ്ടു കുഞ്ഞുങ്ങളോടൊപ്പം കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു എന്നുള്ള വാര്‍ത്ത ആയിരുന്നു. ആ അമ്മയ്ക്ക് അത് വിശ്വസനീയമായി തോന്നിയില്ല. തന്റെ മകള്‍ ഒരിക്കലും ആത്മഹത്യചെയ്യില്ലന്ന് ആ അമ്മയ്ക്ക് ഉറപ്പായിരുന്നു. വീടും മക്കളുമായി മാത്രം കഴിഞ്ഞിരുന്ന ആ അമ്മയുടെ നിയമ പോരാട്ടം ഇവിടെ ആരംഭിക്കുകായായിരുന്നു. സാഹചര്യത്തെളിവുകള്‍ കൊലപാതകത്തിലേക്ക് വിരല്‍ ചൂണ്ടിയിരുന്നു. കോടതി വിധികള്‍ അമ്മയ്ക്ക് അനുകൂലമായിരുന്നു. മകളുടെയും മക്കള്‍ഊടേയും മരണം ആത്മഹത്യ അല്ല കൊലപാതകം ആണന്ന് മാത്രം ആ അമ്മയ്ക്ക് ലോകത്തോട് വിളിച്ചു പറഞ്ഞാല്‍ മതിയായിരുന്നു.

ആ അമ്മയെ വേട്ടയാടുന്ന ദുരന്തങ്ങള്‍ അവിടേയും അവസാനിച്ചില്ല. ഇതിനിടയില്‍ മൂത്തമകന്റെ വിവാഹം കഴിഞ്ഞിരുന്നു. ആ മൂത്തമകന്‍ അമ്മയെ തള്ളിപ്പറഞ്ഞ് ഭാര്യയുടോപ്പം ആ വീട്ടില്‍ നിന്നിറങ്ങി. തന്റെ ചിറകുകള്‍ ഓരോന്നായി അരിഞ്ഞു വീഴുന്നത് ആ അമ്മ അറിഞ്ഞു. തന്റെ ചിറകില്‍ കീഴില്‍ ഒളിപ്പിച്ച് തന്റെ ചൂടേറ്റ് വളര്‍ന്ന മക്കളില്‍ ഒരാളും അവളുടെ മക്കളും ഈ ലോകത്തില്‍ നിന്നുതന്നെ പറന്നു പോയി. ആരോ അവരുടെ ജീവിതം ഒരു കിണറ്റിനുള്ളില്‍ അവസാനിപ്പിച്ചു. തനിക്ക് താങ്ങായി തന്റെ പോരാട്ടങ്ങളില്‍, തന്റെ മകളുടെ ആത്മാവിന്റെ നിലവിളിയുടെ ഉത്തരം തേടിയുള്ള യാത്രയില്‍ തനിക്ക് താങ്ങായി നില്‍ക്കുമെന്ന് കരുതിയ മൂത്തമകനും ഇപ്പോള്‍ വീടിന്റെ പടി ഇറങ്ങിയിരിക്കുന്നു... ആ അമ്മയുടെ മുഖത്ത് നിന്ന് അവശേഷിച്ചിരുന്ന പുഞ്ചിരിയും മാഞ്ഞു..
*************************************************
കഴിഞ്ഞ ആഴ്ച ഞങ്ങള്‍ ഈ വീടിന്റെ മുന്നിലൂടെ പോയപ്പോള്‍ ഗെയ്റ്റ് താഴിട്ട് പൂട്ടിയിട്ടിരിക്കുന്നത് കണ്ടു. അപ്പോഴാണ് അമ്മ പറഞ്ഞത്, അവര്‍ ആ വീടും വസ്തുവും വിറ്റിട്ട് പോയന്ന്. അവരെങ്ങോട്ടാണ് പോയതെന്ന് ആ നാട്ടിലുള്ള ആര്‍ക്കും അറിയില്ല. ആ നാട്ടിലെ ആരോടും അവര്‍ യാത്ര പറഞ്ഞില്ല. ആ അമ്മയ്ക്ക് ഒരു പക്ഷേ ആരോടും യാത്ര പറയാന്‍ കഴിയില്ലായിരിക്കും. അമ്മക്കിളികൂട്ടില്‍ നിന്ന് പറന്നുപോയ ആണ്‍‌കിളിയുടേയും കൊല്ലപ്പെട്ട പെണ്‍കിളിയുടേയും പക്ഷി കുഞ്ഞുങ്ങളുടെയും ഓര്‍മ്മകള്‍ ആ അമ്മയെ യാത്രപറച്ചില്‍ നിന്ന് തടഞ്ഞതായിരിക്കാം. ഇളയമകനൊടൊപ്പം എവിടെയെങ്കിലും ആ അമ്മ കഴിയുന്നുണ്ടാവും. വേട്ടയാടിയ ദുരന്തങ്ങളില്‍ നിന്ന് ആ അമ്മയ്ക്ക് പുതിയ ഇടം ആശ്വാസം നല്‍കുന്നുണ്ടാവും. കാലം മായ്ക്കാത്ത ഓര്‍‌മ്മകള്‍ ഉണ്ടോ എന്ന് ചോദിക്കാമെങ്കിലും ചിലരില്‍ ആ ഓര്‍മ്മകള്‍ നശിക്കണമെങ്കില്‍ അവരുടെ ജീവിതം മണ്ണോട് മണ്ണായിത്തീരണം....

എങ്കിലും ആ അമ്മയെപ്പോലെ ഒരവസ്ഥ ഒരമ്മയ്ക്കും വരാതിരിക്കട്ടെ......
ഉള്ളിലെ സങ്കട കടല്‍ ചുണ്ടിലെ ചിരിയില്‍ ഒളിപ്പിച്ച ഒരായിരം ആളുകള്‍ നമ്മുടെ ഇടയില്‍ ഉണ്ടാവാം .....


ജീവിതം 2 : അമ്മയും വേശ്യയും ഒരാളാകുമ്പോള്‍
കോട്ടയത്ത് കറങ്ങിനടക്കുന്ന സമയം.
പകല്‍ സമയത്ത് സ്വന്തം ശരീരത്തിന് വിലപേശി കസ്റ്റമറോട് കച്ചവടം ഉറപ്പിക്കുന്നത് ജീവിതത്തില്‍ ആദ്യമായി ഞാന്‍ കാണുന്നത് കോട്ടയത്ത് വെച്ചാണ്. നിശാസുരഭികള്‍ എന്നൊക്കെ വായിച്ചിട്ടൂണ്ടന്നല്ലാതെ ഇവരെ അടുത്ത് കാണുന്നത് ആ കാലത്താണ്. നിശാസുരഭികള്‍ എന്നൊക്കെ പണ്ട് എപ്പോഴോ ആരക്കയോ ഇവര്‍ക്ക് ചാര്‍ത്തി നല്‍കിയ പേരായിരിക്കണം. സൂര്യന്‍ തിളച്ചു മറിയുന്ന നട്ടുച്ചയ്ക്കും ഇവര്‍ വഴി അരികില്‍ തങ്ങളെ തേടി വരുന്നവര്‍ക്കായി കാത്തു നില്‍ക്കുന്നു. ചന്തയില്‍ നിന്ന് ട്രാന്‍സ്‌പോര്‍ട്ട് ബസ് സ്റ്റാന്‍ഡിലേക്ക് വരുന്ന വഴിയിലും ട്രാന്‍സ്‌പോര്‍ട്ട് ബസ് സ്റ്റാന്‍ഡിനു മുമ്പായി പ്രൈവറ്റ് ബസ് നിര്‍ത്തുന്നിടത്തും ആയിരിക്കും ഇവര്‍ നില്‍ക്കുന്നത്. (ഇവിടങ്ങളിലാണ് ഞാന്‍ ഇവരെ കണ്ടിട്ടുള്ളത്).

ഒരു ദിവസം വൈകിട്ട് ജോലി കഴിഞ്ഞ് (അഞ്ചേമുക്കാലായിട്ടുണ്ടാവും) നടക്കാനായി ഇറങ്ങിയത് ട്രാന്‍സ്‌പോര്‍ട്ട് ബസ് സ്റ്റാന്‍ഡിലേക്കാണ്. അനുപമ തിയേറ്ററിന്റെ ബസ് സ്റ്റോപ്പില്‍ നില്‍ക്കുന്ന ഒരു സ്‌ത്രിയുടെ അടുത്തേക്ക് നിലത്തുറയ്ക്കാത്ത കാലോടെ ഒരുത്തന്‍ ചെല്ലുന്നത് കണ്ടൂ. അവരെന്തക്കയോ പറഞ്ഞതിനു ശേഷം അടൂത്തുകൊണ്ടുവന്ന് നിര്‍ത്തിയ ഓട്ടോയില്‍ കയറി പോയി. ആ സ്ത്രിക്ക് ഏറിയാല്‍ ഒരു ഇരുപന്തഞ്ച് വയസിനപ്പുറത്തേക്ക് കാണാന്‍ വഴിയില്ല. ഒരു കൈയ്യില്‍ മൊബൈലും മറുകൈയ്യില്‍ ചുരുട്ടിപ്പിടിച്ച പേഴ്സുമായി ഞാന്‍ പലപ്പോഴും ആ സ്ത്രിയേ ആ വഴിവക്കുകളില്‍ കണ്ടിട്ടൂണ്ട്.

പത്തുപതിനഞ്ച് മിനിട്ടത്തെ നടത്തം മതിയാക്കി പുളിമൂട് ജംഗ്‌ക്ഷനിലൂടെ തിരുനക്കര മൈതാനത്ത് കുറച്ച് സമയം ഇരുന്നതിനു ശേഷം ബസ് കയറാനായി പഴയ ബസ് സ്റ്റാന്‍ഡിലേക്ക് നടന്നു. പോസ്റ്റോഫീസ് റോഡിലൂടെ ബസ്‌സ്റ്റാന്‍ഡിലേക്ക് കയറുമ്പോള്‍ ജ്യൂസ്കടയുടെ വശത്തുകൂടിയുള്ള ഹോട്ടലിലേക്കുള്ള ഗോവേണിപ്പടിയുടെ താഴെ നിന്ന് ഒരു കുഞ്ഞ് കരയുന്നു. രണ്ട് രണ്ടരവയസ് പ്രായമുള്ള കുഞ്ഞ്. അതിന്റെ കൈയ്യില്‍ എന്തോ ഒരു കളിപ്പാട്ടം. ഗോവേണിപ്പടിയുടെ താഴെ നിന്ന് ഒരു വൃദ്ധ ആ കുഞ്ഞിന്റെ കരച്ചില്‍ മാറ്റാന്‍ ശ്രമിക്കുന്നുണ്ട്. കുഞ്ഞ് കരച്ചില്‍ നിര്‍ത്തുന്ന ലക്ഷണം ഇല്ല. ഞാനല്പം മാറി ആ വൃദ്ധയും കുഞ്ഞിനേയും നോക്കി നിന്നു.

ഞാനങ്ങനെ അവരെ നോക്കി നില്‍ക്കുമ്പോള്‍ എന്നെ കടന്ന് പോയ ഒരു സ്ത്രിയെ ഞാന്‍ ശ്രദ്ധിച്ചു. അനുപമ തീയേറ്ററിന്റെ മുന്നില്‍ നിന്ന് ഒരുത്തന്റെ കൂടെ ഓട്ടോയില്‍ കയറി പോയ ആ സ്ത്രി. അവള്‍ ആ ഗോവേണിപ്പടിയുടെ അടുത്തു ചെന്ന് കരയുന്ന കുഞ്ഞിനെ വാരിയെടുത്തു. ആ ഗോവേണിപ്പടിയിലേക്ക് കുഞ്ഞിനേയും മടിയില്‍ വെച്ച് ഇരുന്നിട്ട് മാറിനു കുറകേ കിടന്ന സാരി മാറ്റി ബ്ലൌസിന്റെ ഹുക്കുകള്‍ വിടുവിച്ച് മുല ഞെട്ട് ആ കുഞ്ഞിന്റെ വായിലേക്ക് വെച്ചു. ആ അമ്മയുടെ മാറിന്റെ ചൂടില്‍ ആ കുഞ്ഞ് മുലപ്പാല്‍ വലിച്ചു കുടിച്ചു.


ജീവിതം 3 : വായിച്ചെടുക്കാന്‍ പറ്റാത്ത മനസ്

ഒരു മനുഷ്യന്റെ മനസ് ഒരിക്കലും മറ്റൊരാള്‍ക്കും വായിച്ചെടുക്കാന്‍ പറ്റില്ലന്ന് തോന്നുന്നു. മനസിലുള്ളിലെ വികാരങ്ങളെയും അവസ്ഥയേയും പലരും ഒരു മൂടുപടം കൊണ്ട് മൂടിയാണ് ജീവിക്കുന്നത്. ഉള്ളിലെ സങ്കടകടലിലെ കോളിളക്കം മറ്റാരും അറിയാതിരിക്കാന്‍ ചിലര്‍ ചുണ്ടില്‍ പുഞ്ചിരി എപ്പോഴും നിലനിര്‍ത്തുന്നു. ചിലര്‍ക്ക് ഉള്ളിലെ സ്നേഹം പ്രകടിപ്പിക്കാന്‍ ജീവിതകാലത്ത് കഴിയാതെ വരുന്നു. .....

ഒരു ഭാര്യയും ഭര്‍ത്താവും അവര്‍ക്ക് ഒരു മകള്‍. വിവാഹം കഴിഞ്ഞ് അഞ്ചാറു വര്‍ഷത്തിനകം അവര്‍ രണ്ടു വീടുകളിലായി താമസം. ചില നിസാര പ്രശ്നങ്ങളുടെ പേരിലായിരുന്നു അവരുടെ പിരിയല്‍.മകള്‍ക്ക് നാലോ അഞ്ചോ വയസുള്ളപ്പോഴായിരുന്നു അവരുടെ വേര്‍‌പിരിയല്‍ .മകളെ അമ്മ തന്റെ വീട്ടിലേക്ക് കൊണ്ടു പോയി. രണ്ടു പേരും രണ്ടാമത് വിവാഹംകഴിച്ചില്ല. രണ്ടു പേരേയും രണ്ടു കൂട്ടരുടേയും ബന്ധുക്കള്‍ രണ്ടാമതൊരു വിവാഹത്തിന് നിര്‍ബന്ധിച്ചു എങ്കിലും രണ്ടു പേരും മറ്റൊരു വിവാഹത്തിന് സമ്മതിച്ചില്ല. മകളുടെ വിവാഹം ഒക്കെ ഉറപ്പിച്ച് കഴിഞ്ഞപ്പോള്‍ മകളെകൊണ്ട് അപ്പനെ അമ്മ വിളിപ്പിച്ചു. ആ അപ്പന്‍ പരാതിയോ പരിഭവമോ ഒന്നും ഇല്ലാതെ ഒരപ്പന്റെ സ്ഥാനത്തു നിന്നുതന്നെ ആ മകളുടെ വിവാഹം നടത്തി.

മകള്‍ ഭര്‍ത്താവിനോടൊപ്പം കേരളത്തിനു വെളിയിലേക്ക് പോയപ്പോള്‍ അമ്മയേയും കൊണ്ടു പോയി.
രണ്ടു വര്‍ഷത്തിനു മുമ്പ് ......
ഒരു ദിവസം അപ്പനെത്തേടി മകളുടെ ഫോണ്‍ എത്തി. അമ്മയ്ക്ക് തീരെ വയ്യാതായി എന്നായിരുന്നു ഫോണ്‍. ഞാന്‍ രണ്ടു ദിവസത്തിനകം എത്താം എന്ന് ആ അപ്പന്‍ മകളോട് പറഞ്ഞു. പിറ്റേന്ന് വീണ്ടും മകളുടെ ഫോണ്‍.
“അമ്മ മരിച്ചു. മൃതശരീരം നാട്ടില്‍ കൊണ്ടു വന്ന് അടക്കിക്കോട്ടേ...”
അയാള്‍ ഒരു മൂളലില്‍ സമ്മതം നല്‍കി.
“അമ്മ അങ്ങനെ പറഞ്ഞിരുന്നല്ലേ?” അയാള്‍ ചോദിച്ചു.
“ഉം...” അവള്‍.

പിറ്റേന്ന് മൃതശരീരം നാട്ടില്‍ എത്തി. അയാള്‍ മകളെ അകത്തേക്ക് വിളിച്ചു അലമാരയില്‍ നിന്ന് ഒരു സാരി എടുത്തു കൊടുത്തു.
“നിന്റെ അമ്മ പിണങ്ങി പോയതിനു ശേഷമുള്ള ഞങ്ങളുടെ ആദ്യ വിവാഹ വാര്‍ഷകത്തിനു വാങ്ങിയ സാരിയാ ഇത്. അവള്‍ എന്നെങ്കിലും തിരിച്ചു വരുമ്പോള്‍ അവള്‍ക്ക് കൊടുക്കണമെന്ന് കരുതി സൂക്ഷിച്ച് വെച്ചിരുന്നതാ.അവളീ സാരി ഉടുത്ത് എന്റെ കൂടെ പള്ളിയില്‍ പോകുന്നത് ഞാന്‍ പലപ്പോഴും സ്വപ്നം കണ്ടതാ... മോള്‍ ഈ സാരി അമ്മയെ പുതപ്പിക്കണം....” അയാള്‍ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ പൊട്ടിക്കരഞ്ഞു.

ആ അമ്മയുടെ മൃതശരീരം പള്ളിയിലേക്ക് കൊണ്ടു പോയത് ആ സാരി പുതപ്പിച്ചായിരുന്നു


ജീവിതം 4 : ഒരു ലൈംഗിക തൊഴിലാളി ജനിക്കുന്നു
എനിക്ക് ആ പെണ്‍കുട്ടിയെ ചെറുപ്പം മുതലേ അറിയാം. യു‌പി സ്കൂളില്‍ എന്റെ ക്ലാസില്‍ ആണോ അത് പഠിച്ചതെന്ന് ഞാനിപ്പോള്‍ ഓര്‍ക്കുന്നില്ല. ഹൈസ്ക്കൂള്‍ ക്ലാസില്‍ അവള്‍ എന്റെ ക്ലാസില്‍ തന്നെ ആയിരുന്നു. ഒരു സാധാരണ പെണ്‍കുട്ടി.അവളെ നാട്ടിലെ പിള്ളാര് ഒരു സിനിമാ നടിയുടെ പേരായിരുന്നു വിളിച്ചിരുന്നത്. അവളുടെ ആകാരം കൊണ്ടോ മറ്റ് എതെങ്കിലും പ്രത്യകതകള്‍ കൊണ്ടോ ആയിരിക്കണം അവര്‍ അവളെ അങ്ങനെ വിളിച്ചത് .ഓട്ടത്തിലും ചാട്ടത്തിലും ഒക്കെ സമ്മാനം വാങ്ങിച്ചിരുന്നതുകൊണ്ടായിരിക്കാം ഒരു പക്ഷേ ആ പെണ്‍കുട്ടിയെ ശ്രദ്ധിച്ചിരുന്നത്. അവളുടെ വീട് യു‌പി സ്കൂളിന് അടുത്തായിരുന്നു. ഹൈസ്ക്കൂളില്‍ പഠിക്കുമ്പോള്‍ ആ കുട്ടിയും ഞങ്ങളുടേ ഒക്കെ കൂടെ ആയിരുന്നു പാട വരമ്പത്തൂടെ വന്നു കൊണ്ടിരുന്നത്.

പത്താം ക്ലാസില്‍ പഠിച്ചു കൊണ്ടിരുന്നപ്പോള്‍ ആ കുട്ടി ഇടയ്ക്കിടയ്ക്ക് ക്ലാസില്‍ വരാതിരിക്കും. രണ്ടു മൂന്നും ദിവസം കഴിയുമ്പോള്‍ വീണ്ടും വരും. എവിടെ പോയന്നോ എവിടേക്ക് പോയന്നോ ആരെങ്കിലും ചോദിച്ചാല്‍ എന്തെങ്കിലും ഒക്കെ പറയും. പത്തം ക്ലാസിലെ മോഡല്‍ പരീക്ഷ കഴിഞ്ഞിട്ട് ഒരാഴ്ചത്തേക്ക് ആ പെണ്‍കുട്ടി ക്ലാസില്‍ വന്നില്ല. കുറെ ദിവസം കഴിഞ്ഞപ്പോള്‍ ചില അദ്ധ്യാപകര്‍ ക്ലാസിലെ ചില്‍ അകുട്ടികളെ വിളിച്ച് ആ കുട്ടിയെക്കുറിച്ച് ചിലതൊക്കെ ചോദിച്ചു. ആ പെണ്‍കുട്ടിയെ കാണാനില്ലന്ന് . ആ കുട്ടി എവിടേക്ക് പോയന്ന് ആര്‍ക്കും അറിയില്ല.

ഒന്നു രണ്ടു ദിവസം കൂടി കഴിഞ്ഞപ്പോള്‍ കുറേ കുട്ടികള്‍ റോഡില്‍ നിന്നപ്പോള്‍ രണ്ട് മൂന്ന് ആള്‍ക്കാര്‍ വണ്ടിയില്‍ എത്തി അവളെക്കുറിച്ച് ചോദിച്ചു. അവള്‍ ക്ലാസില്‍ വരാറില്ലന്ന് അവര്‍ പറഞ്ഞു.
“അവള്‍ വരുമ്പോള്‍ പറഞ്ഞേക്ക് ഞങ്ങളുടെ അടുത്ത് അവള്‍ വന്നില്ലങ്കില്‍ അവളുടെ തുണിയില്ലാത്ത പടം ഞങ്ങളുടെ കൈയ്യിലുണ്ട്. അത് എല്ലായിടത്തും കൊണ്ടു പോയി ഒട്ടിച്ചു വെയ്ക്കുമെന്ന്”. വന്നവര്‍ ആരന്നോ അവരെന്തിനാണ് ആ പെണ്‍‌കുട്ടിയെ തിരക്കുന്നതെന്നോ ആ കുട്ടിയുടെ ഫോട്ടോ എങ്ങനെ അവരുടെ കൈയ്യില്‍ കിട്ടിയന്നോ ഒന്നും ആര്‍ക്കും അറിയില്ലായിരുന്നു. ആ കുട്ടികള്‍ സാറുന്മാരോട് ഈ വിവരം പറയുകയും ചെയ്തു.

പിന്നീട് ആ പെണ്‍കുട്ടിയെക്കുറിച്ച് കുറെക്കാലത്തേക്ക് ഒന്നും കേട്ടില്ല. കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ട് ഞാന്‍ ആ പെണ്‍‌കുട്ടിയെ പത്തനം‌തിട്ടയില്‍ വെച്ച് കണ്ടു. അന്നവളുടെ കൈയ്യില്‍ ഒരു കുഞ്ഞ് ഇരിപ്പുണ്ടായിരുന്നു. ഞാന്‍ നാട്ടിലെത്തിയിട്ട് പിള്ളാരോട് അവളെക്കുറിച്ച് ചോദിച്ചു. അവരാണ് അവളെക്കുറിച്ച് പറഞ്ഞത്....

അവള്‍ സുഖം തേടി എത്തുന്നവരുടെ കൂടെ അവര്‍ നല്‍കുന്ന കാശിന് അവര്‍ക്ക് സുഖം നല്‍കാനായി പോയി. ഒരിക്കല്‍ വഴി തെറ്റിയാല്‍ പിന്നീടൊരിക്കലും ഒരു പെണ്ണിന് തിരിച്ച് കയറാന്‍ പറ്റില്ലല്ലോ? അവളേ വഴി തെറ്റിച്ചിവര്‍ തല്‍ ഉയര്‍ത്തി നടക്കുമ്പോള്‍ പകല്‍ വെളിച്ചത്തില്‍ ആ മാന്യന്മാരുടെ വാക്കുകള്‍ കേട്ട് അവള്‍ തല കുനിച്ചു നടന്നു. ഇരുട്ടിലും ആ മാന്യന്മാരുടെ വാക്കുകള്‍ കേട്ട് തലകുനിക്കേണ്ടി വന്നു. പക്ഷേ ആ ഇരുട്ടത്തെ വാക്കുകള്‍ കേള്‍ക്കുന്ന അവള്‍ക്ക് അവര്‍ പച്ച നോട്ടുകള്‍ നല്‍കി. .അവളുടെ അമ്മ വേറെ ഒരുത്തന്റെ ഭാര്യയെപ്പോലെ കഴിയുകയായിരുന്നു. അച്‌ഛനാണങ്കില്‍ മദ്യപാനി. അയാളിപ്പോള്‍ എവിടാണന്ന് ആര്‍ക്കും അറിയില്ല. അവള്‍ക്ക് ഒരു അനുജത്തി ഉണ്ടായിരുന്നു. അവളെ അവളുടെ വീട്ടില്‍ നിന്ന് പോലീസ് അറസ്റ്റു ചെയ്തു കൊണ്ടു പോയി. കേസ് വ്യഭിചാര കുറ്റം. അതോടെ നാട്ടുകാര്‍ അവരെ അവിടേക്ക് കയറ്റാതായി.

മറ്റുള്ളവര്‍ക്ക് സ്വന്തം ശരീരം നല്‍കുന്നതിനിടയില്‍ ആരോ അവളില്‍ പുതു ജീവന്റെ ബീജം നിക്ഷേപിച്ചു. അപ്പന്‍ ആരാണന്ന് അറിയാത്ത അതോ ആരാണന്ന് അറിയാമായിരുന്നിട്ടും അവള്‍ പറയാത്തതാണോ, ഒരു കുഞ്ഞിന് അവള്‍ ജന്മം നല്‍കി. ‘പിഴച്ചവള്‍‘(?) അങ്ങനെ നാടു വിട്ടൂ. അവള്‍ ആ കുഞ്ഞിനെ വളര്‍ത്തുന്നു.

ഞാന്‍ ആ പെണ്‍കുട്ടിയെ അവസാനമായി കണ്ടത്, കഴിഞ്ഞ നിയമ സഭാ ഇലക്ഷന്‍ ദിവസം ആയിരുന്നു. വോട്ട് ചെയ്യാനായി പോയപ്പോള്‍ നാട്ടിലേക്കൂള്ള സ്റ്റോപ്പില്‍ ഇറങ്ങിയപ്പോള്‍ ആ കുട്ടിയും അമ്മയും ഉണ്ടായിരുന്നു ആ ബസില്‍ നിന്ന് ഇറങ്ങാന്‍. അവള്‍ എന്നെ കണ്ട് ഒന്നു ചിരിച്ച് കാണിച്ചെങ്കിലും ആ കുട്ടിയുടെ രൂപം എന്റെ മനസില്‍ അങ്ങനെ ഒന്നു അല്ലായിരുന്നു എന്നുള്ളതുകൊണ്ട് ഒരു അപരിചതന്/അപരിചിതയ്ക്ക് നല്‍കുന്ന ചിരി നല്‍കി ഞാന്‍ നടന്നു. എന്നെ വിളിക്കാനായി എത്തിയവനോട് ഞാന്‍ ചോദിച്ചു , ആ കുട്ടി ഏതാണന്ന്. അവന്‍ ആ കുട്ടിയെ കുറിച്ച് പറഞ്ഞപ്പോഴാണ് വീണ്ടും അവളെക്കുറിച്ച് ചിന്തിച്ചത്.

ജീവിതത്തില്‍ വഴി പിഴച്ചവളായി മുദ്ര കുത്തപ്പെട്ട് മാറ്റപ്പെട്ട ആ പെണ്‍‌കുട്ടിയെ ഓര്‍ത്തെടുക്കാന്‍ പറ്റാതെപോയത് എന്റെ തെറ്റ്..... അവള്‍ എന്റെ ക്ലാസില്‍ പഠിച്ചതാണന്നും ഞങ്ങള്‍ ഒരുമിച്ച് പഠിച്ചതാണന്നും പറയാന്‍ ഞാന്‍ മടിക്കുന്നില്ല...

പ്രിയപ്പെട്ട പെണ്‍‌കുട്ടി നിന്നെ തിരിച്ചറിയാതിരുന്നത് എന്റെ തെറ്റാണ്. ഒരു പക്ഷേ എനിക്ക് നിന്നെ മനസിലായിരുന്നെങ്കിലും ഞാന്‍ നിന്നോട് സംസാരിക്കുമോ എന്ന് എനിക്കറിയില്ല....

എങ്കിലും പ്രിയ സുഹൃത്തേ, നമ്മള്‍ ഒരു ക്ലാസില്‍ പഠിച്ചവര്‍ തന്നെ ആണ് ആ സൌഹൃദം എപ്പോഴും കാണിക്കാന്‍ ഞാന്‍ ബാധ്യസ്ഥനുമാണ്...
നിന്നെ തിരിച്ചറിയാതെ പോയതില്‍ മാപ്പ്.....


2 comments:

Unknown said...

ഷിബു...വളരെ നന്നായിരിക്കുന്നു..ജീവിതയാ ഥാർത്ഥ്യങ്ങൾക്കുനേരെ കണ്ണടച്ച് ഇരുട്ടാക്കി ജീവിക്കുന്നവരുടെ ഈ സമൂഹത്തിൽ, ഇത്തരം ജീവിതങ്ങൾ സ്വന്തം കുടുംബങ്ങളിൽ പോലും നമുക്ക് കാണുവാൻ സാധിക്കും...അവയ്ക്കുനേരെ കണ്ണടച്ച് വിമർശനങ്ങൾ മാത്രം വിളമ്പാനിഷ്ടപ്പെടുന്ന വ്യക്തികൾക്കുമുൻപിൽ വരച്ചിടുവാനുതകുന്ന ഈ രേഖാചിത്രം ഒരേ സമയം മനോഹരവും വേദനാജനകവും തന്നെ..

Anonymous said...

നമ്മള്‍ മലയാളികള്‍ മറ്റുള്ളവരെ കുറ്റം മാത്രം പറയാന്‍ ശീലിച്ചവരാന്. മറ്റുള്ളവരുടെ വേദനകളും വ്യഥകളും ആര്‍ക്കും അറിയണ്ട.ആരാന്‍റെ അമ്മക്ക് ഭ്രാന്തു വന്നാല്‍ കണ്ടു നില്‍ക്കാന്‍ നല്ല ചേല് ആണല്ലോ. വളരെ നല്ല പോസ്റ്റ്‌.