Wednesday, October 20, 2010

അമ്പതു ശതമാനം സംവരണം ചൂതാട്ടമോ??

കഴിഞ്ഞ ആഴ്ച നാട്ടില്‍ പോയപ്പോള്‍ കുറേ സ്ഥലങ്ങളിലൂടെ സഞ്ചരിച്ചപ്പോള്‍ തിരഞ്ഞെടുപ്പ് പോസ്‌റ്ററുകള്‍ കാണാന്‍ ഇടയായി. എനിക്കറിയാവുന്ന, ഞാന്‍ സ്കൂളില്‍ പഠിക്കുന്ന സമയത്ത് ആ സ്കൂളില്‍ പഠിച്ച അഞ്ചാറു പെണ്‍കുട്ടികളുടെ പോ‌സ്‌റ്ററുകളും കണ്ടു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് അമ്പതു ശതമാനം സംവരണം ആക്കിയതിന്റെ പ്രതിഫലനമാണ് ആ പെണ്‍‌കുട്ടികളുടെ സ്ഥാനാര്‍ത്ഥിത്വം. ആ കുട്ടികള്‍ക്ക് ഇന്നുവരെ എന്തെങ്കിലും രാഷ്‌ട്രീയം ഉണ്ടതായിട്ടോ അവറ് ഏതെങ്കിലും രാഷ്‌ട്രീയ പാര്‍‌ട്ടികളില്‍ പ്രവര്‍ത്തിക്കുന്നതേയായി ഞാന്‍ അറിഞ്ഞിട്ടേ ഇല്ലേ. പക്ഷേ ഇന്നവര്‍ പഞ്ചായത്ത് ബ്ലോക്ക് തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികള്‍ ആണ്. ജയിച്ചുകഴിഞ്ഞാല്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ഇരുന്നു കൊണ്ട് നമ്മളെ ഭരിക്കേണ്ടിയവര്‍. പക്ഷേ അവര്‍ അധികാര കസേരയില്‍ ഇരിക്കുമെങ്കിലും ഭരണം മറ്റാരെങ്കിലും ആയിരിക്കുമോ എന്ന് ഉത്തരം നല്‍‌കേണ്ടത് അവരുടെ ഭരണത്തിന്റെ ദിനങ്ങളാണ്.

ഒരു രാഷ്‌ട്രീയ പാരമ്പര്യമോ, ജനസേവന പാരമ്പര്യമോ എന്തിന് നാലാള്‍ കൂടുന്നിടത്ത് പ്രത്യക്ഷപ്പെടാന്‍ തന്നെ മടിക്കുന്ന ആളുകളാണ് സ്ഥാനാര്‍ത്ഥികളായി നമ്മുടെ മുന്നില്‍ എത്തിയിരിക്കുന്ന പലരും. “എന്നെ ജയിപ്പിക്കണം” എന്നല്ലാതെ മറ്റെന്തെങ്കിലും പറയാന്‍ ഈ സ്ഥാനാര്‍ത്ഥികളില്‍ പലര്‍ക്കും അറിയില്ല. വീട്ടുകാരുടയോ ബന്ധുക്കളുടയോ പാര്‍ട്ടികളുടയോ നിര്‍ബന്ധം കൊണ്ട് മാത്രം സ്ഥാനാര്‍ത്ഥി വേഷം കെട്ടേണ്ടി വന്നവരാണ് പലരും. ഈ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചാല്‍ തങ്ങള്‍ക്ക് ഈ വാര്‍ഡില്‍ എന്ത് ചെയ്യാന്‍ കഴിയുമെന്നോ, തങ്ങളുടെ അധികാരം എന്തായിരിക്കുമെന്നോ എന്നോ ഇവരില്‍ ഭൂരിപക്ഷത്തിനും അറിയില്ല. രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഓടിച്ചിട്ട് പിടിച്ച് സ്ഥാനാര്‍ത്ഥി വേഷം കെട്ടിച്ചവരാണ് ഇവരില്‍ മിക്കവരും. എന്ത് കൊണ്ട് ഞാന്‍ ഈ വാര്‍ഡില്‍ മത്സരിക്കുന്നു എന്ന് പറയാന്‍ ഇവര്‍ക്കിപ്പോഴും കഴിയില്ല.

മത്സരിക്കാത്ത രാഷ്ട്രീയക്കാര്‍.
നിങ്ങളുടെ പഞ്ചായത്തോ ബ്ലോക്കോ ജില്ലാ പഞ്ചായത്തോ സ്ത്രി സംവരണം ആണോ? എങ്കില്‍ ആ പഞ്ചായത്ത് /ബ്ലോക്ക്/ജില്ലാ പഞ്ചായത്തില്‍ മത്സരിക്കുന്നവരുടെ ലിസ്റ്റ് ഒന്നു പരിശോധിക്കുക. നമ്മള്‍ രാഷ്ട്രീയ നേതാവ് എന്ന് പറയുന്ന വിഭാഗത്തില്‍ പെട്ടവരുടെ എണ്ണം എത്രയുണ്ടന്ന് നോക്കുക. വളരെ വളരെ കുറവായിരിക്കും. തന്നിലേക്ക് അധികാരം എത്തില്ല എന്ന് ഉറപ്പായതുകൊണ്ട് ഇല്ലാത്ത അധികാരത്തിന് മത്സരിക്കുന്നതില്‍ കാര്യമില്ല എന്ന് മനസിലാക്കിയിട്ടാണ് അവര്‍ മത്സരങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്നത്. സ്ത്രി സംവരണം ആയ കാലാവധി തീരുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ഇപ്പോള്‍ പ്രസിഡണ്ട് സ്ഥാനത്ത് ഇരിക്കുന്ന പലരും ഞാന്‍ ഈ പ്രാവിശ്യം മത്സരിക്കുന്നില്ല എന്ന് പറഞ്ഞ് സ്വയം ഒഴിയാന്‍ നോക്കിയതും ഒരിക്കല്‍ താന്‍ ഇരുന്ന കസേരയില്‍ ഒരു സ്ത്രി ഇരിക്കുന്നതുകാണാനുള്ള ശക്തിയില്ലായ്മ കൊണ്ടുതന്നെയാണ്. രാഷ്‌ട്രീയം എന്നത് രാഷ്‌ട്രത്തെ സേവിക്കുന്നതിനെക്കാള്‍ സ്വയം സേവനം ആയി. തിരഞ്ഞെടുപ്പില്‍ മത്സരിച്ചില്ലങ്കിലും ഞാനെന്നും ജനസേവകന്‍ ആയി ഇരുന്നോളാം എന്ന് ഈ ഇലക്ഷന്‍ കാലം മുതല്‍ ആണ്‍‌രാഷ്ട്രീയക്കാര്‍ പറഞ്ഞു തുടങ്ങി.

ഒരു സ്ഥാനാര്‍ത്ഥിയുടെ ജനനം 
സ്ഥാനാര്‍ത്ഥി മോഹികളുടെ മനസില്‍ തീ കോരിയിട്ടാണ് വാര്‍ഡ് പുനര്‍ വിഭജനം നടന്നത്. കണ്ണ്‌വെച്ച വാര്‍ഡ് ഒന്നുകില്‍ സ്ത്രി സംവരണം അല്ലങ്കില്‍ പിന്നോക്ക സംവരണം. മത്സരിക്കാന്‍ പറ്റുന്ന ജനറല്‍ സീറ്റില്‍ അയില്‍‌വക്ക വാര്‍ഡില്‍ നിന്നുവരെ സീറ്റ് മോഹികള്‍ എത്തുന്നു. ഞാന്‍ ഈ വാര്‍ഡില്‍ നിന്നാല്‍ പുല്ലു പോലെ ജയിക്കും എന്ന് വാര്‍ഡില്‍ കാലുകുത്തിയിട്ടില്ലാത്തവന്മാര്‍ വരെ വലിയ നേതാക്കള്‍ക്ക് എഴുത്തും എഴുതി കാത്തിരുന്നു. ചിലവന്മാര്‍ പത്രിക തന്നെ സമര്‍പ്പിച്ചു. പാറ്ട്ടി മീറ്റിംങ്ങ് കൂടിയപ്പോള്‍ ജനറല്‍ വാര്‍ഡിലേക്ക് പത്തോളം പേരുടെ അവകാശ വാദം. ആകെ ആ വാര്‍ഡില്‍ താമസിക്കുന്നത് പത്ത് സീറ്റു മോഹികളില്‍ ഒരാള്‍ മാത്രം. പറഞ്ഞ് പറഞ്ഞ് അവസാനം സീറ്റിനു മൂന്നു പേരായി.“സൊസൈറ്റി ഇലക്ഷനില്‍ നിന്ന് തോറ്റാല്‍ പഞ്ചായത്ത് ഇലക്ഷനില്‍ നിര്‍ത്തി ജയിപ്പിക്കാം“ എന്ന് നിങ്ങളല്ലേ പറഞ്ഞത് എന്ന് ഒരാള്‍. ഈ വാര്‍ഡില്‍ നമ്മുടെ പാര്‍ട്ടിക്കാരനായി ഷര്‍ട്ടിട്ട് നടക്കുന്നത് ഞാന്‍ മാത്രമേ ഉള്ളൂ എന്ന് വേറെ ഒരാള്‍. യുവാക്കള്‍ മത്സരിക്കണമെന്നാ വലിയ നേതാവ് പറഞ്ഞത് എന്ന് മൂന്നാമന്‍. അവസാനം രണ്ടാമന് സീറ്റ് ഉറപ്പിച്ചപ്പോള്‍ മൂന്നാമന്‍ റിബലായി. റിബലായി നില്‍ക്കണ്ടായെങ്കില്‍ ബ്ലോക്ക് സീറ്റ് മൂന്നാമന്റെ ഭാര്യയ്ക്ക് നല്‍കണം. അങ്ങനെ മൂന്നാമന്റെ ഭാര്യ സ്‌ഥാനാര്‍ത്ഥി ആകുന്നു.  ആ സ്ത്രിക്ക് രാഷ്ട്രീയം ഇല്ല.. എന്തെങ്കിലും ജനകീയ പ്രശ്നത്തില്‍ ഇടപെട്ട് അറിവില്ല. എന്തിന് തനിക്കെങ്ങനെ സ്ഥാനാര്‍ത്ഥിത്വം കിട്ടിയെന്ന് തന്നെ ആ പെണ്‍‌കുട്ടിക്ക് അറിയില്ല... ഇനി ആ കുട്ടി ഇലക്ഷനില്‍ ജയിച്ചാല്‍ തന്നെ എന്തായിരിക്കും ഭരണം??? സമൂഹത്തില്‍ സാ‍മൂഹികമായ ഇടപെടലുകള്‍ നടത്തുകയും ജനങ്ങള്‍ക്കു‌വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മറ്റ് സ്ത്രികള്‍ ഉള്ളപ്പോഴാണ് ഇങ്ങനെയൊരു സ്ഥാനര്‍ത്ഥിയെ ഒരു രാഷ്‌ട്രീയ പാര്‍ട്ടി കണ്ടെത്തുന്നത്. രാഷ്ട്രീയ പാര്‍ട്ടിയുടെ ലേബല്‍ ഇല്ലാതെ സാമൂഹിക സേവനം നടത്തുന്ന സ്ത്രികള്‍ ജയിച്ചു കഴിഞ്ഞാലും ‌പാര്‍ട്ടിയെ ഗൌനിക്കില്ല എന്നതുകൊണ്ടായിരിക്കാം  രാഷ്ട്രീയ പാര്‍ട്ടി ഇങ്ങനെയുള്ളവരെ സ്ഥാനാര്‍ത്ഥികള്‍ ആക്കാന്‍ മടിക്കുന്നത്.

കുടും‌ബശ്രിയും ജനശ്രിയും
കുടുംബശ്രി/അയല്‍‌ക്കൂട്ടവും ജനശ്രിയും ഉള്ളതുകൊണ്ട് നമ്മുടെ രണ്ട് പ്രമുഖ രാഷ്ട്രീയ മുന്നണികള്‍ക്കും വനിതാ സ്ഥാനാര്‍ത്ഥികളേ തിരക്കി വിടൂ വീടാന്തരം കയറി ഇറങ്ങേണ്ടി വന്നില്ല. കുടുംബശ്രി/അയല്‍‌ക്കൂട്ടത്തില്‍ നിന്ന് ഇടതുപക്ഷവും ജനശ്രിയില്‍ നിന്ന്‍ വലതു‌പക്ഷവും തങ്ങള്‍ക്ക് ആവീശ്യമുള്ള സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുത്തു. ചിലയിടങ്ങളില്‍ ജനശ്രിയില്‍ നിന്ന് ഇടതു‌പക്ഷവും അയല്‍‌കൂട്ടത്തില്‍ നിന്ന് വലതുപക്ഷവും സ്ഥാനാര്‍ത്ഥികളെ എടുത്തിട്ടുണ്ട്. അയല്‍‌ക്കൂട്ടം ജനശ്രിയില്‍ നിന്ന് ഉള്‍ക്കൊണ്ട് നേതൃപാടവും ഭരണപരിശീലനവും അവര്‍ക്ക് എത്രമാത്രം തദ്ദേശഭരണസ്ഥാപനങ്ങളില്‍ പ്രായോഗികമാക്കാന്‍ കഴിയും എന്നത് അവരവരുടെ തന്നെ ഇച്ഛാശക്തിയെ ആശ്രയിച്ചിരിക്കും. ഒരു അയല്‍ക്കൂട്ടത്തെ നയിക്കുന്നതുപോലെ എളുപ്പമുള്ള ഒന്നായിരിക്കില്ല  പഞ്ചായത്ത് ഭരണം. കുടുംബശ്രിയില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും ഉള്‍പ്പെട്ടവര്‍ ഉണ്ട് എന്നുള്ളതുകൊണ്ട് തീരുമാനങ്ങളിലേയും അവയുടെ നടപ്പാക്കലുകളുടേയും നയതന്ത്രപരമായ ഒരു അറിവ് അയല്‍‌ക്കൂട്ടത്തില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ലേബലില്‍ അവര്‍ സ്പോണ്‍‌സര്‍ചെയ്യുന്നത് മാത്രം കൈയ്യടിച്ച് നടപ്പാക്കാന്‍ വിധിക്കപെട്ട ജനശ്രീയില്‍ നിന്ന് പഞ്ചായത്ത് ഭരണ സംവിധാനത്തിലേക്ക് എത്തപ്പെടുന്ന ഒരാള്‍ക്ക് രാഷ്‌‌ട്രീയ നയതന്ത്രത്തിന്റെ മാര്‍ഗ്ഗങ്ങള്‍ സ്വന്തമാക്കാന്‍ കുറേ സമയം എടൂക്കേണ്ടി വരുമായിരിക്കും.

അഴിമതിയും ഭരണവും
സ്ത്രികള്‍ ഭരണത്തില്‍ എത്തിയാല്‍ അഴിമതിക്ക് കുറവുണ്ടാകും എന്ന് പലരും അഭിപ്രായപ്പെട്ട് കണ്ടിട്ടുണ്ട്. ഇന്ന് ഇന്ത്യയില്‍ ഇടയ്ക്കിടെ കേള്‍ക്കുന്ന അഴിമതി ആരോപണങ്ങളി ഉള്ളത് മായാവതി ആണ്. കുമാരി ജയലളിതയ്ക്ക് എതിരേയും അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കപെട്ടിട്ടുണ്ട്. സ്ത്രികള്‍ ഭരിക്കുന്നതുകൊണ്ട് അഴിമതി ഉണ്ടാകില്ല എന്ന് കരുതുന്നതില്‍ കാര്യമില്ലന്ന് ഇതില്‍ നിന്ന് മനസിലാക്കാവുന്നതാണ്. പക്ഷേ കേരളത്തിലെ സ്ത്രികള്‍ സ്വയം അഴിമതി നടത്തുമെന്ന് കരുതുന്നതില്‍ കാര്യവുമില്ല. പാര്‍ട്ടിക്കോ വീട്ടുകാരോ നിര്‍ബന്ധിച്ചാല്‍ അവര്‍ക്ക് അഴിമതിയില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ എത്രകണ്ട് കഴിയും എന്നതിനെ ആശ്രയിച്ചിരിക്കും അഴിമതിയുടെ അളവ്.

അടുക്കളയില്‍ നിന്ന് ഭരണത്തിലേക്ക് 
സ്ത്രി ശാക്തീകരണത്തിന് 50 ശതമാനം സംവരണം ഇടയാക്കുമെന്ന് തന്നെ കരുതുക. പല പുരുഷ നേതാക്കളിലും പെരുന്തച്ചന്‍ കോമ്പ്ലക്സ് ഉണ്ടാകും എന്നതില്‍ സംശയം വേണ്ട. അവര്‍ മാനസികമായി ഭരണം നടത്തുന്ന സ്ത്രികളെ വിഷമിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കും. ഇപ്പോഴുള്ള പഞ്ചായത്ത് ഭരണത്തിലുള്ള സ്ത്രികളില്‍ കുറച്ചാളുകള്‍ തങ്ങള്‍ക്ക് രാഷ്ട്രീയ - ഉദ്യോഗസ്ഥരില്‍ നിന്ന് നേരിടേണ്ടിവരുന്ന നിസഹകരണത്തെക്കുറിച്ച്  പരാതിപറഞ്ഞിട്ടുണ്ട്. ഒന്നു രണ്ടു വനിതാ പ്രസിഡണ്ടുമാര്‍ രാജിവെയ്ക്കുകയും ചെയ്തിട്ടുണ്ട്. ഒരു പക്ഷേ സ്ത്രികള്‍ക്ക് നേരിടേണ്ടി വരുന്ന പല പ്രശ്നനങ്ങള്‍ക്കും വളാരെ വേഗത്തില്‍ പരിഹാരം ഉണ്ടാക്കാന്‍ ഒരു സ്ത്രി പ്രസിഡണ്ടിന് കഴിയും. എന്താണ് സ്ത്രികളുടെ പ്രശ്നം അതിന് എന്താണ് പരിഹാര മാര്‍ഗം എന്നൊക്കെ മനസിലാക്കാന്‍ അയല്‍‌ക്കൂ പ്രവര്‍ത്തന പരിചയം ഉള്ള ഒരു സ്ത്രിക്ക് പെട്ടന്ന് കഴിയും. ഒരു കുടുംബത്തെ നയിക്കുന്നതുപോലെ എളുപ്പപണിയൊന്നും അല്ല പഞ്ചായത്ത് ഭരണം എന്ന് ആര്‍ക്കും അറിയാം. പ്രതിപക്ഷത്തിന്റേയും ജനങ്ങളുടേയും സഹകരണം ഉണ്ടങ്കില്‍ അവര്‍ക്ക് വികസനത്തിലെക്ക് തന്റെ നാടിനെ ഉയര്‍ത്താന്‍ കഴിയും. സ്ത്രികളുടെ ഉന്നമനത്തിനായി ചെയ്യുന്ന കാര്യങ്ങള്‍ക്കെങ്കിലും പ്രതിപക്ഷത്തെ വനിതാംഗങ്ങളും രാഷ്‌ട്രീയ വൈരം മറന്ന് വനിതാ പ്രസിഡണ്ടിനെ പിന്തുണയ്ക്കും എന്ന് നമുക്ക് പ്രതീക്ഷീകാം. ചില പ്രതീക്ഷകള്‍ ആണല്ലോ നമ്മളെ മുന്നോട്ട് നയിക്കുന്നത്.

സംവരണം ചൂതാട്ടം ആകുമോ?
ഭരിക്കാന്‍ നമ്മള്‍ തിരഞ്ഞെടുക്കപെട്ടവര്‍ തന്നെയാണ് നമ്മള്‍ ഭരിക്കുന്നതെങ്കില്‍ ഈ ചൂതാട്ടം വിജയിച്ചു എന്നു തന്നെ പറയാം. അതിനു നമ്മുടെ രാഷ്ട്രീയക്കാര്‍ തയ്യാറാകുമോ എന്നാണ് അറിയേണ്ടത്. പാര്‍ട്ടിയുടേയും കുടുംബത്തിന്റേയും സമ്മര്‍ദ്ദം ചിലപ്പോള്‍ ഉണ്ടാകുമ്പോള്‍ അതിനെ അതിജീവിക്കാന്‍ സ്ത്രിക്ക് കഴിയുന്നില്ലങ്കില്‍ സംവരണം എന്ന ചൂതാട്ടം പരാജയമാവും.

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറായ എല്ലാ സ്ത്രികള്‍ക്കും അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു കൊണ്ടും നമ്മളേ ഭരിക്കേണ്ടിയവരെ നമ്മള്‍ തന്നെ തിരഞ്ഞെടുക്കുന്ന ഈ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാതെ ആരും മാറിനില്‍ക്കരുതെന്നും പറഞ്ഞുകൊണ്ടും ഈ കുറിപ്പ് അവസാനിപ്പിക്കുന്നു. 

Sunday, October 17, 2010

ബ്ലോഗ് മോഷ്ണം അഥവാ കോപ്പി പേസ്റ്റ് : എനിക്ക് പറയാനുള്ളത്

ഒരാളുടെ ബ്ലോഗ് കോപ്പി പേസ്റ്റ് ചെയ്ത് സ്വന്തം ബ്ലോഗിലിടുന്നവരോറ്റ് പറയാനുള്ളത് ആദ്യം തന്നെ പറയട്ടെ. വളരെ മോശമാണ് ആ കോപ്പി പേസ്റ്റ്. മെയിലില്‍ കിട്ടുന്നത് ബ്ലോഗില്‍ ഇടുന്നവരോടും പറയാനുള്ളതും പറയട്ടെ. ആദ്യം തന്നെ അത് മെയില്‍ വഴി കിട്ടിയതാണന്ന് പറയുക. ആ ബ്ലോഗിന്റെ ഒറിജിനല്‍ ലിങ്ക് ആരെങ്കിലും കമന്റായി ഇട്ടാല്‍ ആ‍ കമന്റ് ഡിലീറ്റ് ചെയ്യുന്നത് അല്പത്തരം ആണ്. ഞാനെഴുതുന്ന ഓരോ ചവറിനും അതിന്റേതായ സമയവും സ്‌ട്രയിനും എടുക്കുന്നുണ്ട്. ഒരു ബ്ലോഗ് കോപ്പി പേസ്റ്റ് ചെയ്യുമ്പോള്‍ അത് എഴുതിയ ആള്‍ എടുത്ത സ്ട്രയിന്‍ എങ്കിലും മാനിക്കപ്പെടണം. ആമുഖത്തില്‍ നിന്ന് ഒഴിഞ്ഞ് കാര്യത്തിലേക്ക് കടക്കട്ടെ... 

കഴിഞ്ഞ ദിവസം എന്റെ ക്യാമറ ദുരന്തങ്ങള്‍ എന്ന ബ്ലോഗ് പോസ്റ്റ് പെട്രോമാക്സ് + ചാക്ക് =തവള (ഒളിക്യാമറ + ബ്ലൂടൂത്ത് = പെണ്‍കുട്ടികള്‍) എന്ന പേരില്‍ മറ്റൊരു ബ്ലോഗില്‍ കണ്ടതിനെ തുടര്‍ന്ന് ഒരു പരാതി ഗൂഗിള്‍ ബസില്‍ അവതരിപ്പിക്കുകയുണ്ടായി.(സമയക്കുറവ് കൊണ്ട് ഒരു ബ്ലോഗ് പോസ്റ്റ് ആക്കാന്‍ സാധിച്ചില്ല). അതിനെ തുടര്‍ന്ന് പല ബ്ലോഗ് സുഹൃത്തുക്കളും ആ ബ്ലോഗ് പോസ്റ്റില്‍ കമന്റ് ഇടുകയുണ്ടായി. പക്ഷേ പ്രസ്തുത കമന്റുകള്‍ എല്ലാം ആ ബ്ലോഗ് ഉടമ നീക്കം ചെയ്യുകയാണ് ഉണ്ടായത്. അവര്‍ കോപ്പി പേസ്റ്റ് ചെയ്തിരിക്കുന്ന ബ്ലോഗിന്റെ ഒറിജിനല്‍ ലിങ്ക് അവിടെ ഇട്ടിട്ടും അവര്‍ അതൊരിക്കലും അവരെ ബാധിക്കില്ല എന്ന രീതിയിലാണ് പ്രതികരിച്ച് കണ്ടത്. ആ ബ്ലോഗ് പോസ്റ്റ് ഉടമയെ എനിക്കറിയില്ലങ്കില്‍ കൂടിയും ഞാന്‍ പറഞ്ഞതുകൊണ്ടാണ് അവര്‍ അത് കോപ്പി പേസ്റ്റ് ചെയ്തത് എന്നുള്ള രീതിയില്‍ കമന്റ് ഇടുകയും  ആ പോസ്റ്റില്‍ കമന്റ് ഇട്ടവരെ കളിയാക്കാന്‍ ശ്രമിക്കുകയും കോപ്പി പേസ്റ്റ് ചെയ്ത് ഇട്ടത് ശരിയായില്ല എന്ന് പറഞ്ഞ കമന്റുകളും ബ്ലോഗ് ഉടമ ഇട്ട കമന്റുകളും ഡിലീറ്റ് ചെയ്യുകയും ചെയ്തു. തെറ്റുകള്‍ ആര്‍ക്കും സംഭവിക്കാം. ചെയ്ത തെറ്റിനെ ന്യായീകരിക്കാതെ ആ തെറ്റ് ചൂണ്ടിക്കാണിക്കുന്നവരെ പുച്ഛിക്കുകയും ചെയ്യതെ തെറ്റ് ചൂണ്ടിക്കാണിച്ചവരെ ബഹുമാനിക്കുകയും ചെയ്തത് തെറ്റാണന്ന് സമ്മതിക്കുകയും ചെയ്യുന്നതാണ് മനുഷ്യര്‍ ചെയ്യേണ്ടൂന്നത്. വിവേകവും ബുദ്ധിയും തിരിച്ചറിവും മനുഷ്യര്‍ക്ക് മാത്രമാണല്ലോ ദൈവം നല്‍കിയിരിക്കുന്നത്. 

പലരും ആ ബ്ലോഗ് പോസ്റ്റ് കോപ്പി പേസ്റ്റ് ചെയ്തിട്ടും മിണ്ടാതിരുന്ന ഞാന്‍ എന്തിന് ഈ ബ്ലോഗ് ഉടമയെക്കിതിരെ പരാതി പറയുന്നു എന്ന് ചോദിക്കുന്നവരോട് എനിക്ക് പറയാനുള്ളത് ഇതാണ്. അത്താഴപട്ടിണിക്കാരന്‍ എന്റെ പോക്കറ്റില്‍ നിന്ന് ഒരു നൂറു രൂപ എടുത്തുകൊണ്ട് ഓടിയാല്‍ ഞാന്‍ ചിലപ്പോള്‍ ബഹളം വെയ്ക്കില്ലായിരിക്കും. പക്ഷേ ആഡംബര കാറില്‍ വന്നിറങ്ങിയ ഒരുത്തന്‍ എന്റെ പോക്കറ്റില്‍ നിന്ന് നൂറ് രൂപ എടുത്തുകൊണ്ട് ഓടിയാല്‍ കള്ളന്‍ കള്ളന്‍ എന്ന് ഞാന്‍ നിലവിളിക്കും. I'm honoured in academic as Bachelor of Education,M.A Economics,Diploma in Computer Application from NIT Delhi. Ph.D in Ethics in war observed during Prophet's (PBUH) sirat from Muslim World League Makkah.10 years experience in teaching & 2 years in administration.Hobby -: Writing articles in news paper& magazines. എന്ന് ആ ബ്ലോഗ് പോസ്റ്റ് ഉടമയുടെ ഫേസ് ബുക്കില്‍ കണ്ടതുകൊണ്ട് മാത്രമാണ് ഞാന്‍ ഒരു പരാതി ഉന്നയിച്ചത്. (അവരുടെ ബ്ലോഗ് ലിങ്ക് ഫെസ് ബുക്കില്‍ നിന്നാണ് എന്റെ സുഹൃത്തിന് കിട്ടിയത്. വായിച്ചു നോക്കി പ്രയോജനപ്പെടുത്ത് എന്ന് പറഞ്ഞാണ് ആ സുഹൃത്ത് ഞങ്ങള്‍ക്ക് ആ ലിങ്ക് അയച്ചു തരുന്നത്.). 

ഈ ബ്ലോഗ് കോപ്പി പേസ്റ്റിനെതിരെ എഴുതിയ നിരക്ഷരനും , കാന്താരി യും എഴുതിയ ബ്ലോഗ് പോസ്റ്റുകള്‍.


മെയിലില്‍ കിട്ടുന്നതെല്ലാം ബ്ലോഗില്‍ എടൂത്തിട്ടാലും പണിയാവും. അങ്ങനെ ഒരു അനുഭവം എനിക്ക് തന്നെ പറ്റിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം നവംബറില്‍ തിരുവനതപുരത്ത് ലോഫ്ലോര്‍ ബസിന്റെ ഉദ്‌ഘാടനം കഴിഞ്ഞപ്പോള്‍ എന്റെ ഒരു കൂട്ടുകാരന്‍ നാലഞ്ച് ലോ ഫ്ലോര്‍ ബസിന്റെ ഫോട്ടോ അയച്ചു തന്നു. ഞാനുടനെ എറിയാന്‍ പുതിയ ബസ് വന്നു എന്ന പേരില്‍ പോസ്റ്റിട്ടു. മനോരമയിലെ ബ്ലോഗിലും അതിട്ടു. മനോരമ അത് ഹോം പേജില്‍ സ്ലൈഡ് ഷോയ്ക്കുള്ളില്‍ ഇട്ടു. നാലഞ്ച് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എന്നെ ഒരുത്തന്‍ ബാഗ്ലൂരില്‍ നിന്ന് വിളിക്കുന്നു. ആ ഫോട്ടോ അവനെടുത്തതാണന്നും പറഞ്ഞ്. ഞാന്‍ പറഞ്ഞു കുഞ്ഞേ എനിക്കൊരു ഫ്രണ്ട് അയച്ചു തന്നതാ എന്ന്. അങ്ങനെയൊന്നും പറഞ്ഞാല്‍ പറ്റില്ല. എനിക്ക് ക്രെഡിറ്റ് തരണം. ഞാന്‍ മനോരമയിലെ ബ്ലോഗില്‍ കമന്റ് ഇട്ടിട്ടൂണ്ടന്ന് പറഞ്ഞു. ഞാന്‍ മനോരമയില്‍ ചെന്ന് നോക്കുമ്പോള്‍ അവന്റെ കമന്റ് അവിടെ ഉണ്ട്. ആ ഫോട്ടോ അവനെടുത്തതാ. ഞാനവന്റെ അനുവാദം ഇല്ലാതെ മോഷ്ടിച്ചു എന്ന് പറഞ്ഞ്. ആപോസ്റ്റ് ഡിലീറ്റ് ചെയ്യണമെന്ന് അഡ്‌മിന് ഒരു അഭ്യര്‍ത്ഥനയും അവന്‍ നടത്തിയിട്ടുണ്ട് .ഞാനവനെ വീണ്ടും ഫോണ്‍ വിളിച്ച് അവന്റെ മെയില്‍ ഐഡി വാങ്ങിച്ചിട്ട് എനിക്ക് വന്ന ഫോട്ടോ  അയച്ചു കൊടുത്തിട്ട് പറഞ്ഞു നീ എടുത്ത ഫോട്ടോ ആണോ ഇതെന്ന് നോക്കാന്‍. കുറച്ചു കഴിഞ്ഞിട്ടും അവന്‍ വിളിക്കാതിരുന്നപ്പോള്‍ ഞാനവനെ തിരിച്ചു വിളിച്ചു. ചേട്ടാ അത് ഞാന്‍ എടുത്ത ഫോട്ടോയല്ല എന്നൊക്കെ പറഞ്ഞ് എന്നോട് സോറി പറഞ്ഞു. ഞാനവനോട് പറഞ്ഞു..മോന്‍ ആ മനോരമയില്‍ എഴുതിയിരിക്കുന്ന കമന്റൊന്നു ഡിലീറ്റകയോ അത് ഞാന്‍ എടുത്ത ഫോട്ടോ അല്ല എന്ന് പറഞ്ഞ് ഒരു കമന്റ് ഇടുകയോ ചെയ്യാന്‍.(മനോരമയില്‍ ബ്ലോഗ് ഇടുന്ന ആള്‍ക്ക് അതില്‍ കമന്റ് ഇടാന്‍ അന്ന് പറ്റില്ലായിരുന്നു.ഇപ്പോള്‍ പറ്റുമോന്ന് അറിയില്ല). അവനത് കേട്ട ഭാവം കാണിച്ചില്ല. പത്തുരണ്ടായിരത്തിലധികം ആള്‍ക്കാര്‍ കണ്ട ആ ബ്ലോഗ് പോസ്റ്റ് അഡ്‌മിന്‍ അവന്റെ കമന്റിന്റെ പേരില്‍  ഡിലീറ്റ് ചെയ്തു.


ബ്ലോഗ് കോപ്പിയടിയിലെ മറ്റൊരു പരാതി
അശ്വമേഥം എന്നൊരു സൈറ്റിനെതിരെ ‘ഐറ്റിക്കാരന്റെ പെണ്ണുകാണല്‍‘ എന്ന പോസ്റ്റ് അടിച്ചുമാറ്റിയതില്‍  ഞാനൊരിക്കല്‍ പരാതിപെട്ടിട്ടൂണ്ട്. അന്ന് അവരുടെ സൈറ്റിലെ കമന്റില്‍ തന്നെ എന്നോടൊത്ത് പല ബ്ലോഗര്‍മാരും കമന്റ് രേഖപ്പെടുത്തുകയും മോഷ്ടിച്ച പോസ്റ്റ് അവര്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ താഴെകൊടുത്തിരിക്കുന്ന ബ്ലോഗ് പോസ്റ്റില്‍ വായിക്കാം.

വിവാദങ്ങള്‍ അവസാനിപ്പിക്കുന്നു
ബ്ലോഗ് മോഷ്ണത്തിനെതിരെ പ്രതികരിച്ച എല്ലാവരോടും നന്ദി രേഖപ്പെടുത്തുന്നു. ചെയ്തത് തെറ്റാണന്ന് മറ്റൊരാള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ തെറ്റ് തിരുത്താനുള്ള മാന്യത കാണിക്കുമ്പോഴാണ് മനുഷ്യന് തന്റെ വിവേചന ബുദ്ധി പ്രയോജനകരമാവുന്നത്. ആരോപണാങ്ങള്‍ ഉന്നയിക്കപെട്ട ബ്ലോഗ് ഉടമയുടെ ചില കമന്റുകള്‍ ആണ് ബ്ലോഗ് പോസ്റ്റ് കോപ്പി ചെയ്തു എന്നതിനെക്കാള്‍ പ്രകോപനകരമായത് എന്ന് പറയാതിരിക്കാന്‍ വയ്യ. ചിലരില്‍ നിന്ന് പ്രതീക്ഷിക്ക് വിരുദ്ധമായി ചിലത് കാണുമ്പോള്‍ പ്രതികരിക്കാതിരിക്കുന്നത് ശരിയല്ല എന്ന് തോന്നിയതുകൊണ്ട് മാത്രമാണ് പ്രതികരിച്ചത്. ഈ വിഷയത്തെ സംബന്ധിച്ചുള്ള എല്ലാ അഭിപ്രായ‌പ്രകടനങ്ങളും ഞാന്‍ നിര്‍ത്തുകയാണ്.

Wednesday, October 6, 2010

ഒരമ്മയോട് ഇങ്ങനെ പെരുമാറാന്‍ എങ്ങനെ കഴിയുന്നു

വളരെ യാദൃശ്ചികമായാണ് ഇന്നലെ ഒരു വാര്‍ത്ത കണ്ണില്‍ പെട്ടത്. ആന്ധ്രയില്‍ മാതാപിതാകളുടെ സ്വത്ത് കിട്ടുന്നതിനുവേണ്ടി പെണ്‍‌മക്കള്‍ അമ്മയ്ക്ക് HIV രക്തം കുത്തിവെച്ചന്ന്. പണത്തിനു വേണ്ടി മനുഷ്യര്‍ എത്രയും ക്രൂരന്മാരാകാം എന്നതിന് ഉദാഹരണമായി ഇതിനെക്കാള്‍ മറ്റൊന്ന് ചൂണ്ടിക്കാണിക്കാന്‍ ഇല്ല. ആന്ധ്രയിലെ ഹൈദരാബാദില്‍ നിന്ന് 325 കിലോമീറ്റര്‍ അകലെയുള്ള ഗുണ്ടൂര്‍ പട്ടണത്തിലാണ് സംഭവം. രചകൊണ്ട രംഗ റാവു (62) അദ്ദേഹത്തിന്റെ  ഭാര്യ ഭാരതി(59) എന്നിവരാണ്  ഇത് സംബന്ധിച്ച പരാതി നല്‍കിയിരിക്കുന്നത്....

രചകൊണ്ട രംഗ റാവു തന്റെ ആദ്യ ഭാര്യ മരിച്ചതിനുശേഷമാണ് ഭാരതിയെ വിവാഹം കഴിക്കുന്നത്. രചകൊണ്ടയ്ക്ക് രണ്ട് പെണ്‍കുട്ടികളാണ് ഉള്ളത് ആദ്യഭാര്യയിലെ ദുര്‍ഗ്ഗയും(35) ഭാരതിയില്‍ ജനിച്ച കാമേശ്വരിയും(32). ഇദ്ദേഹത്തിന്റെ ആദ്യഭാര്യയുടെ പേരായിരുന്നത്രേ കാമേശ്വരി എന്ന്. രചകൊണ്ട രംഗ റാവു , ഭാര്യ ഭാരതി എന്നിവരോട് മക്കള്‍ സ്വത്ത് ചോദിക്കുന്നു. തങ്ങളില്‍ ആരെങ്കിലും ഒരാള്‍ മരിച്ചു കഴിഞ്ഞാലേ സ്വത്ത് ഭാഗം വയ്ക്കൂ എന്ന് ഇവര്‍ മക്കളോട് പറയുന്നു. മക്കള്‍ സ്വത്തിനു വേണ്ടി മാതാപിതാക്കളെ നിര്‍ബന്ദിച്ചു കൊണ്ടിരുന്നു. 25 ഏക്കര്‍ പറമ്പും രണ്ട് വീടും സ്വര്‍ണ്ണാഭാരണങ്ങളും ഉള്‍പ്പെടെ ഏകദേശം 50 ലക്ഷം രൂപായുടെ സ്വത്ത് എഴുതി കിട്ടാന്‍ വേണ്ടിയായിരുന്നു മക്കളുടെ ശ്രമം എന്നാണ് രംഗ റാവുവും ഭാരതിയും പറയുന്നത്.  ഒക്‍ടോബര്‍ രണ്ടാം തീയതി ഗാന്ധിജയന്തി ദിനത്തില്‍ നടന്ന ഒരു മെഡിക്കല്‍ ക്യാമ്പില്‍ വെച്ച് ഭാരതിയുടെ രക്തം പരിശോധിച്ചപ്പോഴാണ് താന്‍ HIV ബാധിതയാണന്ന് മനസിലാക്കിയത്. ഇതിനെത്തുടര്‍ന്ന് അവര്‍ മറ്റ് ചില ഡോകടര്‍മാരേയും കൂടി കണ്ടു. കഴിഞ്ഞ വര്‍ഷവും കുറച്ചു മാസങ്ങള്‍ക്ക് മുമ്പും സമാനമായ പരിശോധനകള്‍ നടന്നിരുന്നു എങ്കിലും ഇവരില്‍ HIV വൈറസ് കണ്ടെത്തിയിരുന്നില്ല. വൈറസ് ബാധ അടുത്ത സമയത്താണ് ഉണ്ടായത് എന്ന ഡോക്‍ടര്‍മാരുടെ അഭിപ്രായത്തെ തുടര്‍ന്നാണ് തനിക്ക് മക്കള്‍  HIV രക്തം കുത്തിവെച്ചതിനെ തുടര്‍ന്നാണ് ശരീരത്തില്‍ HIV വൈറസ് കടന്ന്ത് എന്ന് പരാതി നല്‍കിയത്.

കഴിഞ്ഞ മാസം പനിയും ചുമയും വന്ന ഭാരതിയെ സര്‍ക്കാര്‍ ആശുപത്രിയിലെ നേഴ്സായ മകള്‍ കാമേശ്വരി അമ്മയെ ഡോകടറെ കാണിക്കുകയും അവര്‍ ഏറ്റവും പുതിയ ആന്റി‌ബയോട്ടിക് ആണന്ന് പറഞ്ഞ് ഒരു മരുന്ന് കുത്തിവയ്ക്കുകയും ചെയ്തത്രെ. അതിനു ശേഷം പനി കുറഞ്ഞെങ്കിലും ക്ഷീണവും സന്ധികളില്‍ വേദനയും ഉണ്ടായിരുന്നു എന്നാണ് ഭാരതി പറയുന്നത്. ഇതിനെ തുടര്‍ന്നാണ് ഇവര്‍ ഒക്‍ടോബര്‍ രണ്ടിലെ മെഡിക്കല്‍ ക്യാമ്പില്‍ എത്തുന്നതും താന്‍ HIV വൈറസ് ബാധിത ആണന്ന് അറിയുന്നതും. കഴിഞ്ഞ മാസം തനിക്ക് പനിവന്നപ്പോള്‍ ഏറ്റവും പുതിയ ആന്റി‌ബയോട്ടിക് ആണന്ന് പറഞ്ഞ് കുത്തിവെച്ചത് ചുവന്ന മരുന്നാണ് എന്നാണ് ഭാരതി പറയുന്നത്. ഇങ്ങനെയാണ് അവര്‍ പരാതിയും നല്‍കിയിരിക്കുന്നത്. ഒരു പക്ഷേ ചുവന്ന നിറത്തിലുള്ള മരുന്ന് എന്ന് പറയുന്നത് HIVവൈറസ് ഉള്ള രക്തം ആയിരിക്കാം എന്നാണ് പോലീസ് കരുതുന്നത്. രംഗറാവുവും ഭാരതിയും ജില്ലാ കളക്‍ടര്‍ക്കും പൊലീസ് സൂപ്രണ്ടനും പരാതി നല്‍കുകയും  കളക്‍ടര്‍ കാമേശ്വരിയെ സര്‍വീസില്‍ നിന്ന് സ‌സ്‌പെന്‍ഡ് ചെയ്യുകയും ചെയ്‌തു. “ഈ സംഭവം ഞങ്ങളേ ഞെട്ടിച്ചു”എന്നാണ് പോലീസ് സൂപ്രണ്ടായ രവിചന്ദ്ര പറഞ്ഞത്. പെണ്‍കുട്ടികള്‍ രണ്ടും ഇപ്പോള്‍ ഒളിവിലാണ്.

ഈ ദമ്പതികള്‍ പറയുന്നത് വിശ്വസിക്കാമെങ്കില്‍ ഏറ്റവും നികൃഷ്ടമായ ഒരു ഗൂഡാലോചനയാണ് നടന്നത്. ഒരു എ‌യിഡ്‌സ് രോഗിയോട് സമൂഹം എങ്ങനെയാണ് പെരുമാറുന്നത് എന്നത് നമുക്കറിയാം. സ്വന്തം മകളുടെ ക്രൂരതയ്ക്ക് ഇരയാകേണ്ടിവന്ന ആ അമ്മയ്ക്ക് ഇനി മരണത്തില്‍ നിന്ന് രക്ഷപെടാന്‍ സാധിക്കുകയില്ലന്ന് ഉറപ്പാണ്. പണത്തിനും സ്വത്തിനും വേണ്ടി ചിലര്‍ ഏത് ഹീനമാര്‍ഗ്ഗവും സ്വീകരിക്കും എന്ന് ഈ സംഭവം ഉദാഹരണമാണ്. 

വൈറസ് പ്രവേശിച്ചിട്ട് ഒരു മാസം കൊണ്ട് HIV വൈറസ് ബാധ ടെസ്റ്റുകളില്‍ നിന്ന് തിരിച്ചറിയാന്‍ പറ്റുമോ എന്ന് സംശയമാണ്. പക്ഷേ രചകൊണ്ട രംഗ റാവു- ഭാരതി ദമ്പതികളുടെ പരാതി പോലീസ് സ്വീകരിച്ച് അന്വേഷ്ണം നടക്കുന്നതുകൊണ്ട് എന്താണ് സംഭവിച്ചത് എന്ന് അറിയാന്‍ സാധിക്കും എന്ന് കരുതാം. സ്വത്തിനു വേണ്ടി മാതാപിതാക്കളെ കൊല്ലുന്നതൊക്കെ നമ്മള്‍ പലപ്പോഴും വായിച്ചിട്ടുണ്ടങ്കിലും ഇതുപോലൊരു ക്രൂരത ആദ്യമായിട്ടാണ് കേള്‍ക്കുന്നത്.

ഇവിടെനിന്നൊക്കെയാണ് വിവരങ്ങള്‍ കിട്ടിയത് :
http://gatturadha.wordpress.com/2010/10/04/daughters-inject-aged-mother-with-hiv-blood-for-property/
http://expressbuzz.com/cities/hyderabad/daughters-inject-hiv-infected-blood-to-mother/212522.html
http://www.digitaljournal.com/article/298539
http://www.telegraphindia.com/1101005/jsp/nation/story_13019492.jsp
http://thatsmalayalam.oneindia.in/news/2010/10/06/india-daughters-inject-hiv-blood-to-mother.html


ഈ സംഭവം ആണന്ന് തോന്നുന്നു... ഒരു യുട്യൂബ് ലിങ്ക് :