Thursday, March 26, 2009

സഭകളും അരാഷ്‌ട്രീയവാദവും : 1

തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നമ്മുടെ കൊച്ചുകേരളത്തിലെ ക്രിസ്ത്യന്‍ സഭകള്‍ തങ്ങളുടെ രാഷ്‌ട്രീയ നിലപാടുകള്‍ തങ്ങളുടെ വിശ്വാസികളില്‍അടിച്ചേല്‍‌പ്പിക്കാന്‍ ശ്രമിച്ചുകൊണ്ട് രാഷ്‌ട്രീയ പാര്‍ട്ടികളെ തങ്ങളുടെ വരുതിയില്‍ എത്തിക്കാന്‍ ശ്രമിച്ചുകൊണ്ട് ഇരിക്കുകയാണ്. മറ്റ് സഭകളെ കടത്തിവെട്ടിക്കൊണ്ട് ഓര്‍ത്തഡോക്സ് സഭ എല്ലാ ക്രിസ്‌ത്യീയ മൂല്യങ്ങളേയും ഉപേക്ഷിച്ച് പരസ്യമായ തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിലേക്ക് കടന്നു വന്നിരിക്കുന്നു. തങ്ങള്‍ നിര്‍ദ്ദേശിച്ചവര്‍ക്ക് രാഷ്‌ട്രീയ പാര്‍ട്ടികള്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ഓര്‍ത്തഡോക്സ് സഭ നാലു സീറ്റുകളില്‍സ്ഥാ നാര്‍ത്ഥി കളെ പ്രഖ്യാപിച്ചത്. പതിവുപോലെ കോണ്‍ഗ്രസുകാര്‍ അരമനയില്‍ ഓടിയെത്തി. കമ്മ്യൂണിസ്റ്റുകാര്‍ ആ വഴി തിരിഞ്ഞുനോക്കിയതും ഇല്ല. മതവും രാഷ്‌ട്രീയവും രണ്ടാണന്ന് ഇത്രയും നാളും പറഞ്ഞുകൊണ്ടിരുന്ന സഭകള്‍ എന്തുകൊണ്ടാണ് ഇപ്പോള്‍ പരസ്യമായ രാഷ്‌ട്രീയ നിലപാടുകളുമായി മുന്നോട്ട് വന്നത് ? ഇടതുപക്ഷഗവണ്‍‌മെന്റ് ക്രിസ്തീയ സഭകളെ പീഡിപ്പിക്കുക യാണന്നും അതുകൊണ്ട് സഭയ്ക്ക് അനുകൂലമായവര്‍ക്ക്മാത്രം വോട്ട് ചെയ്യാനുമാണ് കത്തോലിക്കാ സഭയിലെ ബിഷപ്പുമാരുടെ ആഹ്വാനം. സഭ രാഷ്ട്രീയത്തില്‍ ഇടപെടരുതെന്ന് മാര്‍ വര്‍ക്കി വിതയത്തിലിനെപോലുള്ളവര്‍ പറയുന്നുണ്ടങ്കിലും തങ്ങള്‍ ഇത്രയും നാളും അനുഭവിച്ചുകൊണ്ടിരുന്ന പലതും നഷ്ടപ്പെടുന്നതില്‍ വേവലാതിപൂണ്ട ബിഷപ്പുമാര്‍ ഇത് അംഗീകരിച്ചിട്ടില്ല. തങ്ങള്‍ക്ക് വേണ്ടപെട്ടവരെ സ്ഥാനാര്‍ത്ഥികള്‍ ആക്കാന്‍ അവര്‍ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ക്ക് കത്ത് വരെ നല്‍കിയത് പുറത്തുവന്നല്ലോ? തങ്ങള്‍ക്ക് വിധേയമായവരെ വിജയിപ്പിച്ച് വിടാന്‍ ബിഷപ്പുമാര്‍ എന്തിന് ശ്രമിക്കുന്നു.???
എല്ലായ്‌പ്പോഴും ക്രിസ്‌ത്യന്‍ സഭകളുടെ രാഷ്‌ട്രീയ ചായ്‌വ് വലതുപക്ഷത്തോട് ആയിരുന്നു. കമ്യൂണിസ്റ്റ്കാര്‍ മത വിരോധികള്‍ ആണന്നായിരുന്നു സഭകളുടെ ആരോപണം. സഭകളില്‍ നിന്ന് കമ്യൂണിസ്റ്റുകാരെ ഒഴിച്ചു നിര്‍ത്താന്‍ സഭാനേതൃത്വം എന്നും ശ്രമിച്ചിട്ടുണ്ട്. തങ്ങളെ വിമര്‍ശിക്കുന്നവരെ അടിച്ചമര്‍ത്തി അവര്‍ക്ക് കൂദാശകള്‍ നിഷേധിക്കുക എന്ന നയമായിരുന്നു സഭകള്‍ അനുവര്‍ത്തിച്ചു പോന്നിരുന്നത്. (പൊന്‍‌കുന്നം വര്‍ക്കി ഉദാഹരണം). കഴിഞ്ഞ നിയമാസഭാതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം അധികാരത്തില്‍ എത്തിയതോടെ സഭകളും ഇടതുപക്ഷവും തമ്മിലുള്ള അന്തരം വര്‍ദ്ധിച്ചു. തങ്ങളുടെ പല അവകാശങ്ങളും ഇടതുപക്ഷ ഗവണ്മെന്റ് കവര്‍ന്നെടുത്തു എന്നായിരുന്നു സഭകളുടെ പരാതി. സ്വാശ്രയ പ്രശ്‌നത്തില്‍കത്തോലിക്കാസഭ ഇടതുപക്ഷ ഗവണ്‍‌മെന്റിന് എതിരെ പരസ്യമായ പോരാട്ടത്തിന് തയ്യാറാവുകയും സര്‍ക്കാരിനെതിരെ തെരുവില്‍ ഇറങ്ങുകയും
ചെയ്തു. പക്ഷേ സ്വാശ്രയ പ്രശ്‌നത്തില്‍ സര്‍ക്കാരിനുതന്നെയായിരുന്നു വിജയം. സ്വാശ്രയ പ്രശ്‌നം തീര്‍ന്നയുടനെ ഏഴാംക്ലാസിലെ ‘മതമില്ലാത്തജീവന്‍ ‘ പ്രശ്നമായി. ആ പാഠഭാഗം പിന്‍‌വലിച്ച് സര്‍ക്കാര്‍ തടിതപ്പിയതോടെ ആ പ്രശ്നം അവസാനിച്ചു. അടുത്ത പ്രശ്നത്തിന് തുടക്കമിട്ടത് വനിതാ കമ്മീഷനാ യിരുന്നു. കന്യാസ്ത്രിയാകുനുള്ള പ്രായത്തെക്കുറിച്ചുള്ള വിവാദം സഭയോടൊപ്പം കോണ്‍ഗ്രസും ഏറ്റുപിടിച്ചതോടെ കത്തോലിക്കാസഭയും ഇടതുപക്ഷ സര്‍ക്കാരും തമ്മിലുള്ള അന്തരം വര്‍ദ്ധിച്ചു. ജസ്റ്റിസ് കൃഷണയ്യരുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ നിയമപരിഷ്‌ക്കരണ റിപ്പോര്‍ട്ടിലെ ചില നിര്‍ദ്ദേശങ്ങളില്‍ സഭ തങ്ങളുടെ വിജോയിപ്പ് പ്രകടിപ്പിച്ചു.( സഭാ സ്വത്തുക്കളുടെ അവകാശത്തെ ക്കുറിച്ചുള്ള നിര്‍ദ്ദേശമാണ് സഭകളെ ചൊടിപ്പിച്ചത് ). സിസ്റ്റര്‍ അഭയയുടെ കേസുമാ‍യി ബന്ധപ്പെട്ടുള്ള ആരോപണ പ്രത്യാരോപണങ്ങളിലേക്ക് സ്വാഭാവികമായി കത്തോലിക്ക(ക്‍നാനായ) സഭയും സര്‍ക്കാരും കടന്നു വന്നു. അവസാനമായി ക്ലസ്റ്റ്‌ര്‍ പരിശീലനത്തിനു നല്‍കിയ സിഡിയില്‍ ബിഷപ്പുമാരെ അവഹേളിക്കുന്ന തരത്തിലുള്ള ലഘുചിത്രവും ഉണ്ടന്ന് ആക്ഷേപിച്ച് സഭ പരസ്യമായി ഇടതുപക്ഷത്തിനെതിരെ യുദ്ധപ്രഖ്യാപനം നടത്തി. സര്‍ക്കാരും കത്തോലിക്കാസഭയും തമ്മിലുള്ള ഒട്ടുമിക്ക പ്രശ്നങ്ങളുടേയും തുടക്കം വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ടതായിരുന്നു. വിദ്യാഭ്യാസ വകുപ്പ് ഏര്‍പ്പെടുത്തിയ ഏകജാലക സംവിധാനവും സര്‍ക്കാരും ക്രിസ്ത്യന്‍ സഭകളുമായുള്ള തര്‍ക്കത്തിലാണ് അവസാനിച്ചത്. ഏകജാലകം,സ്വാശ്രയപ്രശ്നം തുടങ്ങിയവയില്‍ജനങ്ങള്‍ സര്‍ക്കാരി നോടൊപ്പമാണ് നിലയുറപ്പിച്ചത്.
കത്തോലിക്ക സഭയെക്കാള്‍ ഓര്‍ത്തഡോക്സ് സഭ സര്‍ക്കാരിനെതിരെയുള്ള യുദ്ധപ്രഖ്യാപനത്തില്‍ ഒരടികൂടി മുന്നേറി. ഓര്‍ത്തഡോക്സ് - പാത്രിയര്‍ക്കീസ് സഭാതര്‍ക്ക ത്തില്‍ ‍(സ്വത്തുതന്നെ പ്രശ്നം) സര്‍ക്കാര്‍ പാത്രിയര്‍ക്കീസ് സഭയുടെ പക്ഷം പിടിക്കുന്നു എന്ന് ആരോപിച്ച് ഓര്‍ത്തഡോക്സ് സഭ കോട്ടയത്ത് ഒരു പ്രതിഷേധ റാലി തന്നെ നടത്തി. പ്രതിഷേധ സമ്മേളനത്തിന് കോട്ടയം നെഹ്‌റു സ്റ്റേഡിയം നഗരസഭവിട്ടു കൊടുക്കാതിരു ന്നതിനെത്തുടര്‍ന്ന് ഓര്‍ത്തഡോക്സ് സഭയും സര്‍ക്കാരും തമ്മില്‍ ഇടഞ്ഞു. അതിനു മുമ്പുതന്നെ ഇടതുപക്ഷഗവണ്മെന്റ് മന്ത്രിമാരെ ഓര്‍ത്തഡോക്സ് സഭ ബഹിഷ്ക്കരിച്ചിരുന്നു. ഓര്‍ത്തഡോക്സ് സഭയിലെ ചില പള്ളികളുടെ കുരിശടികള്‍ തകര്‍ത്തവരെ അറസ്റ്റ് ചെയ്യാത്തതും ഓര്‍ത്തഡോക്സ് സഭയെ ചൊടിപ്പിക്കുകയും ഓര്‍ത്തഡോക്സ് സഭയും സര്‍ക്കാരിനെതിരെ പരസ്യമായി രംഗത്ത് വരികയും ചെയ്തു.
സര്‍ക്കാരിനെതിരെ സഭകള്‍ നടത്തിയ സമരങ്ങളും സമരപ്രഖ്യാപനങ്ങളും കേരള ജനതയ്ക്ക് മുന്നില്‍ സഭകളെ അപഹാസ്യമാക്കുകയാണ് ചെയ്തത്.സഭകള്‍ക്ക് നഷ്ടപ്പെടുന്ന മുഖങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുകയും ചെയ്തു. സഭകള്‍ തമ്മില്‍ സ്വത്തിനുവേണ്ടി നടത്തുന്ന തര്‍ക്കവും , അഭയക്കേസും, ബിഷപ്പ് തട്ടുങ്കലിന്റെ ‘ദിവ്യഗര്‍ഭവും’ , സിസ്റ്റര്‍ ജസ്‌മിയുടെ ആത്മകഥയും ഒക്കെ സാമാന്യജനങ്ങളുടെ മുന്നില്‍ സഭകളുടെ മറ്റൊരു മുഖമാണ്തുറന്നു കാട്ടിയത്. പൊതുജനങ്ങളുടെ ഇടയില്‍ ഒരു തുറന്ന ചര്‍ച്ചയ്ക്ക് തന്നെ ഇവ ഒരു തുടക്കമായി. തങ്ങളുടെ വികൃതമായ മുഖം നന്നാക്കുന്നതിനു പകരം സഭകള്‍ സര്‍ക്കാരിനെതിരെ ഇടയലേഖനങ്ങള്‍ വഴി വിശ്വാസികളെ തിരിച്ചു വിടാനാണ് ശ്രമിച്ചത്. ഇതിനെതിരെ സഭകള്‍ക്കുള്ളില്‍ നിന്നുതന്നെ എതിര്‍ ശബ്ദ്ദങ്ങള്‍ ഉയര്‍ന്നു.
ഓരോ പൌരനും അവന് ഇഷ്ടപ്പെട്ട മതത്തില്‍ വിശ്വസിക്കാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന നല്‍കുന്നുണ്ട്. അതുപോലെതന്നെ ഏതൊരുപൌരനും അവന് ഇഷ്ട്മുള്ള രാഷ്‌ട്രീയ പാര്‍ട്ടിയില്‍ വിശ്വസിക്കാം. മതവും രാഷ്‌ട്രീയവും സമാന്തരമാണന്നായിരുന്നു ഇത്രയും നാളത്തെ സങ്കല്പം.ഈ സമാന്തരരേഖകള്‍ കൂട്ടിമുട്ടുമ്പോള്‍ നമ്മുടെ മതേതര സങ്കല്പം തന്നെയാണ് ഇല്ലാതെയാകുന്നത്. അതാണിപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കൂന്നതും. സഭകള്‍ രാഷ്‌ട്രീയത്തില്‍ പരസ്യമായി ഇടപെടുന്ന അപകടകരമായ അവസ്ഥയിലേ ക്കാണ് ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. സഭകള്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പരസ്യമായി രംഗത്ത് വരുന്നത് നമ്മള്‍ കണ്ടു. തൃശ്ശൂരില്‍ ടോം വടക്കനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കണമെന്ന്കത്തോലിക്കാസഭ പരസ്യമായി ആവിശ്യപ്പെട്ടു. എറണാകുളത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കാന്‍ ഒരു പാനല്‍ തന്നെ കത്തോലിക്കാ സഭ സോണിയാഗാന്ധിക്ക് അയച്ചു കൊടുത്തു. സഭകള്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പരസ്യമായി രംഗത്ത് വരരുതെന്നും ഇന്നവരെ സ്ഥാനാര്‍ത്ഥികള്‍ ആക്കണമെന്ന് ആവിശ്യപ്പെടരുതെന്നും മാര്‍ വര്‍ക്കി വിതയത്തില്‍ തന്നെ ആവിശ്യപ്പെടുന്നതുവരെ കാര്യങ്ങള്‍ എത്തി.

1 comment:

അരങ്ങ്‌ said...

I appreciate your loyalty and obedience towards H.E. Mar Varckey Vithalathil!