Wednesday, July 30, 2008

മരണവു(?)മായി ഒരുമുഖാമുഖം : അനുഭവം

തിങ്കളാഴ്ചരാവിലെ (രാവിലെ എന്നു പറഞ്ഞാല്‍ വെളുപ്പിനെ അഞ്ചേകാല്‍ മണി) എഴുന്നേറ്റ് ചെന്ന് മോട്ടോര്‍ഓണ്‍ ചെയ്തു.ഞായറാഴ്ച് സന്ധ്യയ്ക്ക് വെള്ളം തീര്‍ന്നപ്പോള്‍ പള്ളിയില്‍ പോകേണ്ട സമയം ആയതുകൊണ്ട്കുറച്ചു സമയം ആണ് മോട്ടോര്‍ ഓണ്‍ ചെയ്തത് . അതുകൊണ്ടാണ് എഴുന്നേറ്റപ്പോള്‍ തന്നെ മോട്ടോര്‍ ഓണ്‍ ചെയ്തത് . പല്ലുതേച്ച് കഴിയാറയപ്പോള്‍ ടാങ്കില്‍ നിന്ന് വെള്ളം പോകുന്ന ശബ്ദ്ദം.വൈദ്യുതിയും വെള്ളവും അമൂല്യമാണ് അത് പാഴാക്കികൂടാ.മോട്ടോര്‍ നിര്‍ത്താനായി അടുക്കളയിലേക്ക് ഓടി.അടുക്കളയുടെകട്ടിളയ്ക്ക് ഉയരം കുറവാണന്ന കാര്യം ഓര്‍മ്മയില്‍ വന്നില്ല.ജനിച്ചപ്പോള്‍ മുതല്‍ ഓടിക്കളിക്കുന്ന വീടല്ലേ.എപ്പോഴും അടുക്കളയിലേക്ക് കടക്കുന്നത് തലകുനിച്ചാണ്.പ്ക്ഷേ ഇപ്പോള്‍ അതൊന്നും ഓര്‍ത്തില്ല.

അടുക്കളയിലേക്ക് ഓടിക്കയറുകയും വലിയ ഒരു ശബ്ദ്ദവും കേട്ടു.എന്താണ് സംഭവിച്ചത്?കണ്ണുകളിലേക്ക്ഇരുട്ട് കയറുന്നു.തല പെരുക്കുന്നു.തലതെറിച്ചുപോയോ?തല കട്ടിളയില്‍ അടിച്ചതാണ്.പുറകോട്ട് വീഴാതെ മുന്നോട്ട് അടുക്കളയിലേക്ക് പുറം അടിച്ചാണ് വീണത്. ഭാഗ്യത്തിന് വീണപ്പോള്‍ തല അടിച്ചല്ല വീണത്.മൂക്കും കുത്തിയാണ് വീണിരുന്നതെങ്കിലോ കണ്ണാടി പൊട്ടി മുഖത്ത് തുളച്ച് കയറിയേനെ.അതും ഉണ്ടായില്ല.ദൈവം അവിടേയും കാത്തു.

കണ്ണുകളില്‍ ഇരുട്ട് കയറി.എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല.ബോധം മറഞ്ഞോ ?ഇല്ല.ഇല്ലേ?അറിയില്ല.ജീവന്‍ പോയോ..ഒന്നും അറിയുന്നില്ല.കണ്ണുകളില്‍ ഇരുട്ട് മാത്രം.തലയിലെ പെരുപ്പ് കൂടുന്നു.എവിടേക്കോ ഞാന്‍ പറന്നു പോകുന്നു.ആരക്കയോ നിലവിളിക്കുന്നു.മരണത്തിന്റെ ഗന്ധം.പറന്നുപോകുന്നഎന്നെ ആരോ പിടിക്കുന്നു. ആരക്കയോ എന്റെ അടുത്തേക്ക് ഓടിവരുന്നു.മരണത്തിന്റെ മണം ഇല്ലാതാവുന്നു.കണ്ണിലെ ഇരുട്ട് മാറുന്നു.മോട്ടോര്‍ ഓടുന്ന ശബ്ദ്ദം കേള്‍ക്കാം.ഇല്ല ..കുഴപ്പമൊന്നും പറ്റിയിട്ടില്ല.കൈ എടുത്ത്തലയില്‍ തൊട്ടുനോക്കി.തല അവിടെതന്നെയുണ്ട്.തലയില്‍ തൊട്ട കൈയിലേക്ക് നോക്കി.കൈ നിറയെചോര.ചോര തലയില്‍ കൂടി ഒഴുകി ഇറങ്ങുകയാണ്.പതിയെ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു.പതിയെ എഴുന്നേറ്റ്മോട്ടോര്‍ ഓഫ് ചെയ്തു. ടാങ്ക് നിറഞ്ഞ് ഒഴുകുന്ന വെള്ളത്തിന്റെ ശബ്ദ്ദം കേള്‍ക്കാനില്ല.അപ്പോള്‍ കുറച്ചുമുമ്പ്കേട്ട ശബ്ദ്ദം,ടാങ്ക് നിറഞ്ഞ് വെള്ളം പോകുന്ന ശബ്ദ്ദം എന്താണ് ?

പതിയെ എഴുന്നേറ്റ് കുളിമുറിയിലേക്ക്.പൈപ്പില്‍ നിന്ന് വെള്ളം തലയിലേക്ക് ഒഴിച്ചു.ചോര കലര്‍ന്ന വെള്ളംതറയിലേക്ക് പരന്നു.തോര്‍ത്ത് എടുത്ത് തല ഒപ്പി.മുറിവ് എത്രയുണ്ടന്ന് അറിയാന്‍ കൈകൊണ്ട് ശ്രമിച്ചുവെങ്കിലും പരാജയ്പ്പെട്ടു.കുറേ സമയം വെള്ളം ഒഴിച്ചപ്പോള്‍ ചോരനിന്നു.ഞാന്‍ വാതിലും ഗ്രില്ലും തുറന്നിട്ടു.ബോധം പോയിക്കിടന്നാലും ആരെങ്കിലും അകത്ത് കയറണ്മല്ലോ? വാതിലും ഗ്രില്ലും തുറന്നിട്ടിട്ട് കൂട്ടുകാരനെവിളിച്ചു. അവരെ ഭയപ്പെടുത്തേണ്ട എന്ന് വിചാരിച്ച് തലമുറിഞ്ഞതൊന്നും പറയാതെ എത്രയും പെട്ടന്ന്വീട്ടിലേക്ക് വരാന്‍ മാത്രം പറഞ്ഞു.കൂട്ടുകാരനെ വിളിച്ചു കഴിഞ്ഞയുടനെ പപ്പായുടെ ഫോണ്‍.അപ്പ, അമ്മ,ഫോണ്‍ കൈമാറി അവസാനം ചേച്ചിയുടെ കൈയ്യിലേക്ക്.ചേച്ചിയോട് കട്ടിളയില്‍ തലയിടിച്ചന്ന് പറഞ്ഞയുടനെ ബാക്ക്ഗ്രൌണ്ട് മ്യൂസീക്കായി അമ്മയുടെ കരച്ചിലിനുള്ള ആരംഭശബ്ദ്ദം കേട്ടു.അതോടെ തലപൊട്ടിയകാര്യം ഞാന്‍ പറഞ്ഞില്ല.വീണ്ടും ഫോണ്‍ പപ്പായുടെ കൈയ്യിലേക്ക്.നിനക്ക് നോക്കി നടന്നുകൂടേ എന്ന ഉപദേശം.

കൂട്ടുകാരന്റെ കൂടെ ആശുപത്രിയിലേക്ക്.മൂന്ന് കുത്തിക്കെട്ടോടെ തലയില്‍ ഒരു മിനിക്കുപണി കഴിഞ്ഞപ്പോള്‍ആശ്വാസം.തലയില്‍ പോപ്പിന്റെ തലയിലെ തൊപ്പിപോലെ ഒരു വെച്ച് കെട്ട്.ചിലര്‍ക്ക് ഈ വെച്ച്കെട്ട്സിക്കുകാരന്റെ തൊപ്പിപോലെയാണത്രെ തോന്നുന്നത്. വീട്ടിലെത്തി ചേച്ചിയ്ക്ക് വിശദമായി ഒരു മെയില്‍അയച്ചു.

രണ്ട് ദിവസം കൂടുമ്പോള്‍ പാച്ച് വര്‍ക്കിനായി ആശുപത്രിയില്‍ എത്തണമെന്ന് ഡോക്ടരുടെ നിര്‍ദ്ദേശം.എല്ലാം കേട്ട് വീട്ടിലേക്ക് .ചാരുകസേരയില്‍ തലയിണവെച്ച് ചാരിക്കിടക്കൂമ്പോള്‍ തലയ്ക്ക് വേദനയില്ല.പക്ഷേ ഇടത്തേ ഏണിന് നല്ല വേദന.റ്റിറ്റി എടുത്തതാണ്.കുറച്ചു ദിവസം കൂടി ഈ ചാരുകസേര എന്നെതാങ്ങേണ്ടിവരും....

ഇപ്പോഴും മനസിലാവാത്ത ഒന്നുണ്ട്. ഞാന്‍ കേട്ട ടാങ്ക് നിറഞ്ഞ് വെള്ളം പോകുന്ന ശബ്ദ്ദം എന്താണ് ?എന്താണങ്കിലും ഒന്നെനിക്കറിയാം.ഒരിക്കല്‍ കൂടി എന്നെ ദൈവം കാത്തു.ഒരിക്കല്‍ വെള്ളത്തില്‍കൂടി ഒഴുകിപ്പോയ എന്നെ കാത്ത ദൈവം ഒരിക്കല്‍ കൂടി എന്നെ രക്ഷിച്ചു.അങ്ങനങ്ങ് കൈവിടാന്‍ദൈവത്തിന് കഴിയുമോ ?????



Monday, July 28, 2008

കഴുകന്മാര്‍ വീടിനുള്ളില്‍ കൂടുകൂട്ടുമ്പോള്‍ :

പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമം വീണ്ടും വീണ്ടും കൂടി വരുന്നതായി പത്രങ്ങളില്‍ നിന്ന് നമ്മള്‍മനസിലാക്കുമ്പോള്‍ ചിന്തിക്കുക;നമ്മുടെ സമൂഹത്തിന് ,മനുഷ്യര്‍ക്ക് എന്ത് സംഭവിച്ചു.മനുഷ്യനുംമൃഗവും തമ്മിലുള്ള പ്രധാന വെത്യാസം വിവേചനബുദ്ധിയാണ് .എന്നാല്‍ ചില പത്രവാര്‍ത്തകള്‍കാണുമ്പോള്‍ ഈ പ്രധാനവെത്യാസത്തിന്റെ അതിര്‍ വരമ്പ് നേര്‍ത്ത്നേര്‍ത്ത് വരുന്നതായി തോന്നുന്നു.മനുഷ്യന്‍ മൃഗമായിത്തീരുകയാണ് ഇപ്പോള്‍.

കഴിഞ്ഞ ആഴ്ചയില്‍ തിരുവല്ല /കുണ്ടറ യില്‍ നിന്നുള്ള വാര്‍ത്തയില്‍ ഒരു പെണ്‍കുട്ടി തന്നെ പിതാവുംപിതൃസഹോദരനും പീഡിപ്പിച്ചതായി പരാതി നല്‍കിയതായി വായിക്കുന്നു.സ്വന്തം വീട്ടില്‍ പിതാവിന്റെഅടുക്കല്‍ പോലും മകള്‍ക്ക് സുരക്ഷിതത്വം ലഭിക്കാതായി എന്ന ഭയാനകമായ അവസ്ഥയിലേക്ക്സാക്ഷരതയില്‍ പ്രബുദ്ധര്‍ എന്ന് അഭിമാനിക്കുന്ന കേരളസമൂഹം അധപതിച്ചു എന്നല്ലേ ഇത്തരംവാര്‍ത്തകളില്‍ നിന്ന് മനസ്സിലാക്കേണ്ടത്.?

സ്വന്തം പിതാവില്‍ നിന്നേറ്റ പീഡനങ്ങള്‍ ഇത്രയും കാലം പെണ്‍കുട്ടിക്ക് തുറന്നുപറയാനുള്ള ചുറ്റുപാട് ഉണ്ടായില്ല എന്ന് പറയുന്നത് നമ്മുടെ സമൂഹത്തിന്റെ ബ്ലാക്ക് പോയിന്റാണ്.കൂട്ടുകുടുംബത്തില്‍ നിന്ന്അണുകുടുംബത്തിലേക്ക് സമൂഹം മാറിയപ്പോള്‍ നമ്മള്‍ നമ്മുടെ വീടിനുചുറ്റും മതില്‍ കെട്ടി ഉയര്‍ത്തുന്നതിനോടോപ്പം നമ്മുടെ ഹൃദയങ്ങളുടെ ചുറ്റിനും ഒരു വേലി സ്ഥാപിച്ചു.മറ്റുള്ളവരുടെ പ്രയാസങ്ങള്‍ക്കുംദുഃഖങ്ങള്‍ക്കും നമ്മുടെ വീടുകളില്‍ സ്ഥാനമില്ലാതായി. A+കളുടേയും ക്യാപംസ് ഇന്റ്ര്വ്യൂകളുടേയും പ്ലേസ്മെന്റുകളുടേയും സമൂഹത്തില്‍ കൂടെ പഠിക്കുന്ന ഒരാളുടെ വിഷമം അവനെ ചവിട്ടിമെതിച്ച് കടന്നുപോകാനുള്ള പടിയായി മാറുകയല്ലേ?കുട്ടികളുടെ അക്കാഡമിക് റിപ്പോര്‍ട്ടില്‍ മാത്രം ശ്രദ്ധിക്കുന്ന അദ്ധ്യാപകരുടെ മനോഭാവം മാറേണ്ടിയിരിക്കുന്നു.അതിനേക്കാള്‍ മുമ്പ് മാറേണ്ടത് മാതാപിതാക്കള്‍ആണ്.

കുഞ്ഞ് ജനിക്കുമ്പോള്‍ തന്നെ അവന് വിദേശത്ത് എം‌ബി‌എ സീറ്റ് ഉറപ്പിക്കുന്ന മാതാപിതാക്കള്‍നമ്മുടെ ഇടയില്‍ ഉണ്ടോ?ഏതായാലും ഇത്തരം ആളുകളെ ലക്ഷ്യമാക്കി ബേബിഫുഡ് നിര്‍മ്മാതക്കള്‍പരസ്യങ്ങള്‍ ഇറക്കിയിട്ടുണ്ടല്ലോ?പണം മാത്രം ലക്ഷ്യമാക്കി ജീവിക്കൂന്ന ഒരു സമൂഹത്തില്‍ നിന്ന്ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല.പെട്ടന്ന് പണമുണ്ടാക്കാന്‍ സ്വന്തം മകളെവരെ പെണ്‍ വാണിഭ സംഘത്തിന് നല്‍കിയ പിതാവിനെക്കുറിച്ച് നമ്മള്‍ വായിച്ചു.സ്വന്തം കുട്ടിയെവച്ച്മറ്റാരാക്കയോ മുതലെടുക്കൂന്നത് ഒരമ്മയ്ക്ക് മനസ്സിലാക്കാ‍ന്‍ എന്തുകൊണ്ട് കഴിയുന്നില്ല.ഇതാണ് പൂവരണിയിലെരാജി എന്ന പെണ്‍കുട്ടിക്ക് സംഭവിച്ചത്.അവളുടെ അദ്ധ്യാപകര്‍ക്കും അവളിലെ മാറ്റം കണ്ടത്താന്‍കഴിഞ്ഞില്ല.

ആധുനിക വാര്‍ത്താവിനിമയ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന പെണ്‍ ‌വാണിഭ ശൃംഖല തകര്‍ക്കാന്‍പ്രയാസമാണ്.കുട്ടികള്‍ക്ക് മൊബൈല്‍ വാങ്ങി നല്‍കുമ്പോള്‍ അതിന്റെ ഉത്തരവാദിത്തവും മാതാപിതാക്കള്‍ഏറ്റെടുക്കണം.തിരുവല്ലയില്‍ കാജല്‍ ശര്‍മ്മ എന്ന പെണ്‍കുട്ടി കൊല്ലപെട്ടപ്പോള്‍(?) കേസ് അന്വേഷിച്ചപോലീസിനെതിരേ ഉയര്‍ന്ന വന്ന ഒരു ആരോപണം അവര്‍ പെണ്‍കുട്ടിയുടെ ഫോണിലേക്ക് വന്നകോളുകള്‍ പരിശോധിച്ചില്ല എന്നതായിരുന്നു.ആ പെണ്‍കുട്ടിയുടെ ഫോണ്‍‌വിളികളില്‍ അസ്വാഭാവികതഉണ്ടായിരുന്നുവെങ്കില്‍ എന്തുകൊണ്ട് ആ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്ക് അവളുടെ ഫോണ്‍ പരിശോധിച്ചു കൂടായിരുന്നു.???അന്നവര്‍ അങ്ങനെ ചെയ്തിരുന്നു വെങ്കില്‍ ആ പെണ്‍കുട്ടി ഇപ്പോഴുംജീവിച്ചിരുന്നേനെ...പക്ഷേ അങ്ങനെയൊന്ന് ആ ബന്ധുക്കള്‍ ചെയ്തില്ല....

എവിടെയാണ് പെണ്‍കുട്ടി സുരക്ഷിത എന്ന ചോദ്യം വീണ്ടും ഉയരുന്നു.ആരാധനായലങ്ങളും.വാഹനങ്ങളും,സ്കൂളും,വീടും ,ആഘോഷങ്ങളും എല്ലാം അവള്‍ക്ക് അരക്ഷിതാവസ്ഥ നല്‍കുന്നു.മാതാപിതാക്കളുംകൂട്ടുകാരായപ്പോള്‍ അവരുടെ ഇടയിലുള്ള ആശയവിനിമയത്തിന് ഒരു വലിയ വിടവ് വന്നുകഴിഞ്ഞു.

വംശം നിലനിര്‍ത്താന്‍ ഈശ്വരന്‍ കഴിവ് നല്‍കിയ സ്ത്രിയെ സംരക്ഷിക്കേണ്ട ചുമതല സ്മൂഹത്തിനാണ്.ഈശ്വരന്‍ നല്‍കിയ ഈ കഴിവ് അവള്‍ക്കൊരു ഭാരമാകാതിരിക്കേണ്ടത് പ്രകൃതിയുടെ നിലനില്‍പ്പിന്ആവിശ്യമാണ്.അവളൊരിക്കലും വേട്ടയാടപ്പെടാന്‍ പാടില്ല.ബോധവത്ക്കരണമല്ല ആവിശ്യം.പഠ്യപദ്ധതിയുംഅല്ല നമുക്ക് ആവിശ്യം.എന്തിനേയും ഉപഭോഗവസ്തുവായി കാണുന്ന കാഴ്ചപ്പാടാണ് മാറേണ്ടത്. നിയമം(ശിക്ഷ)കൂടുതല്‍ കര്‍ശനമാക്കിയാല്‍ ഇത്തരം കൊള്ളരുതായ്മകള്‍ നമ്മുടെ സമൂഹഠില്‍ നിന്ന് മാറ്റാന്‍ കഴിയും.കല്ലെറിഞ്ഞ് കൊല്ലേണ്ടിയവരെ കല്ലെറിഞ്ഞുതന്നെ കൊല്ലണം...

പച്ച മാംസം കൊത്തിപ്പറിക്കാന്‍ കാത്തിരിക്കൂന്ന കഴുകന്മാര്‍ക്ക് നല്‍‌കേണ്ടത് മരണം ആണ്.


............................................................................................................................................

ഈ കഥകള്‍ കൂടി ഒന്നു വായിക്കൂ ..........

http://smeaso.blogspot.com/2007/11/blog-post_25.html

http://shibupta46.blogspot.com/2007/11/blog-post.html


Wednesday, July 23, 2008

ലോക്‍സഭയില്‍ തോറ്റതിന് ജനങ്ങളുടെ നെഞ്ചത്ത് ??:

കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ ഭരണം നടത്തുന്ന കേന്ദ്രസര്‍ക്കാരിനെതിരെ ഇടതു -യുന്‍‌പി‌എ-ബീസ്‌പിസഖ്യം രാജ്യവ്യാപകമായ പ്രക്ഷോഭം ആരംഭിക്കുകയാണന്ന് ഇന്ന് പ്രഖ്യാപിച്ചു.ഇന്നലെ ലോക്‍സഭയില്‍ഏറ്റ തിരിച്ചടിക്ക് ഏത് വിധേനയേയും ഒരു മറുപിടി നല്‍കുക എന്നതുമാത്രമാണ് ഇവരുടെ ലഷ്യമെന്ന്തോന്നുന്നു. നാണയപ്പെരുപ്പം, വിലവര്‍ദ്ധന, ആണവക്കരാര്‍ തുടങ്ങിയവ മുന്‍ നിര്‍ത്തിയാണ് പ്രക്ഷോഭംനടത്തുന്നത്.

പ്രക്ഷോഭത്തിന്റെ ആദ്യപടിയായി ആഗസ്റ്റ് 20-ന് രാജ്യവ്യാപകമായി പണിമുടക്ക് നടത്തുകയാണ്.എന്നു പറഞ്ഞാല്‍ വീണ്ടും ഒരു ബന്ദ് പോലെയുള്ള ഒരു ഹര്‍ത്താല്‍. ഇതൊരു തുടക്കം ആയതുകൊണ്ട്വരുന്ന ഒരു വര്‍ഷം കുറേ പണിമുടക്കുകള്‍ പ്രതീക്ഷിക്കാം.എന്താണങ്കിലും പണിമുടക്കുകള്‍ കേരളത്തില്‍വന്‍ വിജയമായിരിക്കും.

എങ്ങനേയും ജനങ്ങളെ ബുദ്ധിമുട്ടീക്കുക എന്നത് മാത്രമാണ് പ്രക്ഷോഭങ്ങളില്‍ നിന്ന് മനസിലാക്കേണ്ടത്.ലക്ഷ്യം രാഷ്ട്രീയ ലാഭം തന്നെ.വില വര്‍ദ്ധനവിനെതിരെ ഇടതുപക്ഷം സമരം നടത്തുമ്പോള്‍ ഒരുകാര്യം കൂടി സമരകാരണങ്ങളില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം.ബസ് ചാര്‍ജ് വര്‍ദ്ധനയും ,പാല്‍ വില വര്‍ദ്ധനയും ഈ കാരണങ്ങളില്‍ ഉള്‍പെടുത്തണം.ജനങ്ങളെ ബ്ദ്ധിമുട്ടിക്കാത്ത പ്രക്ഷോഭങ്ങള്‍ആയിരിക്കണം സംഘടിപ്പിക്കപെടേണ്ടത്.......................

വിശ്വാസ വോട്ടിനുശേഷം :

അങ്ങനെ വിശ്വാസവോട്ട് കഴിഞ്ഞു.കുറച്ചുകാശുപൊടിച്ചാലും ‘വിശ്വാസം‘ കാത്തു സൂക്ഷിക്കാന്‍ മോഹന്‍‌ജിക്ക്കഴിഞ്ഞു.മുടക്കിയകാശിനു പ്രയോജനമില്ലാതായ മായാവതിയും കാരാട്ടും സംഘവും കുറച്ചുനാളത്തേക്ക്പലതും പറഞ്ഞ് നടക്കും.(കാശ് പോകുന്നവന്റെ വിഷമം വിജയ്‌മല്യ ഐ.പി.എല്‍.ലില്‍ കാണിച്ചുതന്നതാണല്ലോ?)വോട്ട് വാങ്ങിയവരും മറിച്ചവരും അതിന് ഇടവരത്തിയവരെല്ലാം കുറേ കാശ് മുടക്കിയെന്നത് പരസ്യമായ ഒരു രഹസ്യമായി അവശേഷിക്കും.ആരൊക്കെ എത്രൊക്കെ മുടക്കി എന്നത്മാത്രം രഹസ്യമായി ശേഷിക്കും.

കോണ്‍ഗ്രസ്സിനുവേണ്ടി ചുക്കാന്‍ പിടിച്ച അമര്‍സിംങ്ങ് പണ്ടേ കൌശലക്കാരനാണല്ലോ?കോണ്‍ഗ്രസ്സില്‍നിന്ന് അകന്നു തുടങ്ങിയ ബച്ചനെ സ്വന്തം പാളയത്തില്‍ എത്തിച്ചത് മറന്നുകൂടാ.കൌശലബുദ്ധിയോടൊപ്പംഅംബാനിമാമനുംകൂടി ചേരുമ്പോള്‍ ഏതൊരു പരുന്തും പണത്തില്‍ തന്നെ വന്ന് കൊത്തും.എന്തെല്ലാംആവിശ്യങ്ങളാണ് മുലായം-അമര്‍സിംങ്ങ് ചേട്ടന്മാരുടെ SP കോണ്‍ഗ്രസ്സില്‍ നിന്ന് ആവിശ്യപ്പെട്ടതെന്ന്കാത്തിരുന്ന് കാണുകതന്നെവേണം.

കൊടുക്കല്‍ വാങ്ങലുകളുടെ കുറച്ചുപണം കറങ്ങിത്തിരിഞ്ഞ് ലോക്‍സഭയില്‍ എത്തി.ഏത് വഴിയൊക്കെ അത്കറങ്ങിത്തിരിഞ്ഞു എന്ന് കാണേണ്ടിയിരിക്കുന്നു.പണം കൊടുക്കുന്നതുമാത്രമാണോ കുതിരക്കച്ചവടം???മന്ത്രിക്കസേരാ വാഗ്ദാനങ്ങളും ഓക്കെ കുതിരക്കച്ചവടത്തിന്റെയകത്ത് പെടുന്നതല്ലേ?ദേഷ്യം കൊണ്ട്അന്ധനായ സോറനങ്കിള്‍ ഉപതെരഞ്ഞെടുപ്പില്‍ എട്ടുനിലയില്‍ പൊട്ടിയെങ്കിലും കിട്ടിയ സീറ്റില്‍നല്ലവണ്ണം വിലപേശി.ആവിശ്യത്തിലധികവും നേടിയെടുത്തു.

ഉത്തരത്തിലുള്ളത് കിട്ടിയതുമില്ല ,കക്ഷത്തിലുള്ളതുപോവുകയും ചെയ്തു എന്ന അവസ്ഥയിലായികാരാട്ടണ്ണനും ബര്‍ദ്ദനണ്ണനും സംഘവും.ഈ സംഘത്തില്‍ മലയാളി എന്ന് പറഞ്ഞുകേള്‍ക്കുന്നവരദരാജനണ്ണനും ഉണ്ട്.അണ്ണന്‍ ഫോര്‍വേഡാ.പ്ക്ഷേ ഇപ്പോള്‍ ബാക്ക് വേഡായില്ലേ എന്നൊരുസംശയം ഇല്ലാതില്ല.മായാവതി അമ്മച്ചിയാണങ്കില്‍ നാട്ടിലുള്ള സ്വപ്നങ്ങളെല്ലാം ഹോള്‍സെയിലായിഎടുത്ത് രണ്ടാഴ്ച് പ്രധാനമന്ത്രി കസേര സ്വപനം കണ്ടുറങ്ങിയതാണ്.അതിനുവേണ്ടി കുറേ SPക്കാരെ കാലേക്കൂട്ടി ചാക്കില്‍ കയറ്റിയതാണ്.അതും കാരാട്ടണ്ണന്റെ അനുഗ്രഹത്തോടെ .!!അതെല്ലാംഒരൊറ്റ നിമിഷം കൊണ്ട് തട്ടി തെറിപ്പിക്കപെട്ടില്ലേ?

ആവനാഴിയിലെ എല്ല്ലാ ആയുധങ്ങളും എല്ലാവരും എടുത്ത് തലങ്ങും വിലങ്ങും പ്രയോഗിച്ചു.ചിലതൊക്കെതിരിച്ചടിച്ചു എങ്കിലും ആയുധം ഉപയോഗിച്ചവര്‍ക്കെല്ലാം വളരെ സന്തോഷം.അദ്വാനിജി കത്തിക്കയറിയെങ്കിലും പിന്തുണയ്ക്കാന്‍ ആളില്ലാതായി.പത്രക്കാരുടെ മൈക്കിന്റെ മുന്നില്‍ വായില്‍ തോന്നുന്നത്കോതയ്ക്ക് പാട്ടെന്നമട്ടില്‍ തട്ടിവിടുന്ന കാരാട്ടിന്റെ പിള്ളാര്‍ക്കാണങ്കില്‍ തൊട്ടതെല്ലാം പിഴച്ചു.ഇത്രയുംനാളും തങ്ങള്‍ താങ്ങിയ മൂട് പെട്ടന്നെങ്ങനെ പൊട്ടായി എന്ന് പറയാന്‍ പിള്ളാര്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും എവിടെ ഏശാന്‍? തീപ്പൊരികളൊക്കെ സുരക്ഷിതമായ രാജ്യസഭയില്‍ കുത്തി ഇരിപ്പാണല്ലോ?തീപ്പൊരികളീല്‍ ഒരാളെങ്കിലും പേരിനെങ്കിലും ലോക്‍സഭയില്‍ ഉണ്ടായിരുന്നെങ്കില്‍ പിന്തുണപിന്‍‌വലിക്കല്‍എന്ന് ഫൌള്‍ പ്ലേയ്ക്ക് കാരാട്ടണ്ണനെ വിലക്കുമായിരുന്നു.അതുണ്ടായില്ല.കാരണം ഇലക്ഷന്‍ വന്നാലുംതീപ്പൊരികളൊക്കെ സുരക്ഷിതരാണ്.നേര്‍ച്ചക്കോഴികളെപ്പോലെ അങ്കത്തട്ടില്‍ കയറേണ്ടത് പാവം ലോകന്മാരാണല്ലോ?

ഇഷ്ടമല്ലാത്ത അച്ചി തൊടുന്നതെല്ലാം കുറ്റം എന്ന് കേട്ടിട്ടില്ലേ..വേലിയില്‍ ഇരുന്ന പാമ്പിനെ കോണകത്തില്‍എടുത്ത് കെട്ടുക എന്നുകൂടി കേള്‍ക്കുക.ഇന്നലെ BJP ആ പരിപാടി നടത്തി.പപ്പുയാദവിന് വോട്ട് ചെയ്യാന്‍ ധാര്‍മ്മികമായ അവകാശമില്ലന്ന് പറഞ്ഞ് പപ്പുവിനെ ചൂട് പിടിപ്പിച്ചാണ് ഈ പണി BJP ചെയ്തത്.പപ്പുവിന്റെവോട്ട് കോണ്‍ഗ്രസ്സിനു അനുകൂലമാണല്ലോ?തന്നെ തീഹാറില്‍ വന്നുക്ണ്ടവരുടെ സന്ദര്‍ശകലിസ്റ്റ് വരുത്താംഎന്ന് പറഞ്ഞപ്പോള്‍ BJP അണ്ണന്മാര്‍ റിവേഴ്സ് ഗിയറിലെത്തി.ഒരു ‘പപ്പുവിചാരം’ നടന്നിരുന്നു വെങ്കില്‍ പലരുംഉരുകിയേനെ.

അവിശ്വാസം പത്രക്കാര്‍ക്കും ചാനലുകാര്‍ക്കും ചാകരയായിരുന്നു.ഏഷ്യാനെറ്റ് ന്യൂസ് ആണങ്കില്‍ പ്രവചനമത്സരം വരെ നടത്തിക്കളഞ്ഞു.ഇന്നത്തെ പത്രങ്ങളിലെ വാര്‍ത്തകളും മുഖപ്രസംഗങ്ങളെല്ലാം ‘വിശ്വാസ’മയംആയിരുന്നു.മുഖപ്രസംഗങ്ങള്‍ നോക്കുക; വിശ്വാസ്യത ചോര്‍ന്ന വിശ്വാസവോട്ട് :മംഗളം; മന്മോഹന്‍ സിങ്ങിന്റെ ചരിത്രമുഹൂര്‍ത്തം :മനോരമ ; ഈ വിജയം സാര്‍ഥകമാകാന്‍ :മാതൃഭൂമി ; മന്മോഹന്‍സിംഗിന്റെ ദിനം :ദീപിക; What price the 'victory'? :ഇന്ത്യന്‍ എക്സ്‌പ്രസ്സ് ; (ദി ഹിന്ദുവില്‍ വിശ്വാസത്തിന്റെ മുഖപ്രസംഗം ഇല്ല.).ഇന്ത്യന്‍ എക്സ്‌പ്രസ്സിന്റെ ആദ്യപേജ് കണ്ടാല്‍ തന്നെ വിശ്വാസപ്രമേയത്തിന്റെ വിധി ആരൊക്കെയാണ് നിര്‍ണ്ണയിച്ചത് എന്ന് മനസ്സിലാക്കാന്‍ സാധിക്കും.(ഇന്ത്യന്‍ എക്സ്‌പ്രസ്സിന്റെ ആദ്യപേജില്‍ ആയിരത്തിന്റെഒരു ഗാന്ധിത്തല പറന്നു നടക്കുന്നുണ്ട്.... പാവം നമുക്ക് സ്വാതന്ത്രം വാങ്ങിത്തന്നതില്‍ വിഷമിക്കുന്നുണ്ടാവും)

വീണ്ടും ഒരു മൂന്നാം മുന്നണി രൂപീകരിക്കാന്‍ ശ്രമം ആരംഭിച്ചിരിക്കുന്നു.അത് എത്രമാത്രം നടക്കുമെന്ന് മാത്രംചോദിക്കരുത്. പഴയകക്ഷികളൊക്കെതന്നെയാണ് , ബിജെപിയോ ടൊപ്പം മധുവിധു ആഘോഷിച്ച് നായിഡു,കോണ്‍ഗ്രസ്സിനോടൊപ്പം നാലുവര്‍ഷക്കാലം കഴിഞ്ഞ ഇടതുപക്ഷം ,പിന്നെ നമ്മുടെ കുമാരി മായാവതിയും.പ്രധാനമന്ത്രി പദം ആര്‍ക്കാണന്ന് മാത്രം ചോദിക്കരുത്? അതിനും അവകാശികള്‍ ഉണ്ട് ....നമ്മുടെ നാട്ടിലെ ഈഴവ-നായര്‍ ഐക്യത്തെപ്പോലെ ആകാതിരുന്നാല്‍ മതി.(നമ്മുടെ നാട്ടിലെ NCP യും മൂന്നാം മുന്നണിയില്‍ഉണ്ടാവും..ഇല്ലങ്കില്‍ മുരളീധരന്‍ സഖാവ് പറയട്ടെ.)

അവസാനം കേട്ടത് :

ഒരു ദലിത് അംഗം പ്രധാനമന്ത്രി ആവുന്നത് കോണ്‍ഗ്രസ്സിനും ബിജെപിക്കും ഇഷ്ടമല്ലന്ന് കുമാരി മായാവതിപറഞ്ഞിരിക്കുന്നു.ഇന്നുമുതല്‍ താന്‍ പ്രധാനമന്ത്രി ക്കസേരയില്‍ ഇരിക്കുന്നത് പാവം മായാവതി ബഹന്‍‌ജി എത്രയോസ്വപ്നം കണ്ടതാണ്. അതിനുവേണ്ടി രണ്ടാഴ്ചയായി ഡല്‍ഹിയില്‍ കിടന്നു കറങ്ങിയതുമാണ്. എന്നിട്ടവസാനംഇങ്ങനേയും ആയി.കിട്ടാത്ത മുന്തിരിങ്ങ കുറക്കനുമാത്രമല്ല പുളിക്കുന്നതന്ന് മനസ്സിലായില്ലേ?

(പ്രിയപ്പെട്ടവരുടെ ഇത് എന്റെ അഭിപ്രായം മാത്രമാണ് ..... .... ഇനി ഒരു വര്‍ഷക്കാലം സമരങ്ങളുടെ വേലിയേറ്റം ആയിരിക്കും... ആര് വന്നാലും കോഴിക്ക് കിടക്ക്പ്പൊറുതി ഇല്ലന്ന് പറഞ്ഞതുപോലെഅടുത്ത ഒരു വര്‍ഷം മലയാളിക്ക്(കേരളത്തില്‍ താമസിക്കുന്നവര്‍ക്കെല്ലാം) സമരങ്ങള്‍കൊണ്ട് കിടക്കപ്പൊറുതി ഉണ്ടാവില്ല എന്നത് നമ്മള്‍ അംഗീകരിക്കുക...)




ജെയിംസ് മാഷും ഏലിയാസ് പോലീസും :

മലപ്പുറത്ത് ജെയിംസ് മാഷ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് തിങ്കളാ‍ഴ്ച് ഇടതുപക്ഷ സര്‍വ്വീസ് സംഘടനകള്‍പണിമുടക്ക് നടത്തി പരേതനോടുള്ള തങ്ങളുടെ ആത്മാര്‍ത്ഥത പ്രകടമാക്കി. കൊലപാതകികളെ അറസ്റ്റ്ചെയ്യണമെന്ന് ആവിശ്യപ്പെട്ട് കനത്ത പ്രക്ഷേഭങ്ങളും സംഘടിപ്പിച്ചു.ഈ പ്രക്ഷോഭങ്ങളിലും പണിമുടക്കിലുംഎന്തെങ്കിലും ആത്മാര്‍ത്ഥത ഉണ്ടോ ?ഉണ്ടങ്കില്‍ നന്ന് .....

ജെയിംസ് മാഷിന്റെ കൊലപാതകികള്‍ ആരാണന്ന് വിദ്യാഭ്യാസമന്ത്രിവരെ പറഞ്ഞു കഴിഞ്ഞു.സ്വന്തംജോലിയില്‍ ഏര്‍പ്പെട്ടിരുന്ന ജെയിംസ് മാഷിന്റെ കൊലപാതകത്തോടൊപ്പം ഏലിയാസ് പോലീസിന്റെകൊലപാതകവും ചേര്‍ത്ത് വായിക്കേണ്ടിയിരിക്കുന്നു.ഏലിയാസ് പോലീസിനെ ആരാണ് കൊലപ്പെടുത്തിയതെന്ന് ആഭ്യന്തരമന്ത്രിയും ഡിജിപിയും പ്രഖ്യാപിച്ചത് മറന്നിട്ടുണ്ടാവത്തില്ലല്ലോ?സഹപ്രവര്‍ത്തകനെതലക്കടിക്കുന്നത് കണ്ടു എന്ന് പറഞ്ഞ പോലീസുകാര്‍ മൊഴിമാറ്റിയതും മറക്കാന്‍ പാടില്ല.ഇപ്പോള്‍ഏലിയാസ് പോലീസിന്റെ കേസില്‍ എന്താണ് സംഭവിച്ചത്.പോലീസ് അറസ്റ്റ് ചെയ്ത നിരപരാധികളെവിട്ടയിക്കേണ്ടിവന്നു.അപ്പോള്‍ ഏലിയാസ് പോലീസിന്റെ തലയ്ക്ക് അടിച്ചവര്‍ എവിടെ?ആരാണവര്‍?അവരെ കണ്ട പോലീസ് എന്തുകൊണ്ട് അവരെ അറസ്റ്റ് ചെയ്തില്ല????

ജെയിംസ് മാഷിന്റെ കൊലപാതകികളും ശിക്ഷിക്കപ്പെടുകയില്ലന്ന് ഉറപ്പാണ്.കാരണം എല്ലാം രാഷ്ട്രീയമാണ്.ഏലിയാസ് പോലീസിന്റെ മരണത്തീന്റെ പേരില്‍ എല്‍ഡി.‌എഫും ബിജെപിയും പരസ്പരം ആരോപണപ്രത്യാരോപണങ്ങള്‍ ഉയര്‍ത്തീ സമരം നടത്തി.എന്നിട്ടെന്തായി?കലക്കവെള്ളത്തീല്‍ മീന്‍പിടിക്കുന്നതുപോലെകെ.എസ്.യു. എസ്.എഫ്,ഐ. , എ.ബി.വി.പി കലാപകലാലയരാഷ്ട്രീയത്തിനെതിരായി ഏലിയാസ് പോലീസിന്റെമൃതശരീരത്തിനു മുന്നില്‍ പൊട്ടിക്കരയുന്ന അദ്ദേഹത്തിന്റെ മക്കളുടെ പോസ്റ്റര്‍ നാടുനാടാന്തരം ഒട്ടിച്ചു.എന്നിട്ടെന്തായി????ഏലിയാസ് പോലീസിന്റെ കുടുംബത്തിന് ഇതുവരെ നീതി ലഭിച്ചിട്ടില്ല.അതൊരിക്കലുംഇനി ഉണ്ടാവുമെന്നും തോന്നുന്നില്ല.

ജെയിംസ് മാഷിന്റെ കൊലപാതകികളെ അറസ്റ്റ് ചെയ്യാതിരിക്കാന്‍ നമ്മുടെ പോലീസിന് കഴിയില്ല,കാരണംപ്രതിസ്ഥാനത്ത് ഇടതുപക്ഷപ്രവര്‍ത്തകരില്ല എന്നതു തന്നെ.കേരളത്തിലെ ഏറ്റവും വലിയ സര്‍വ്വീസ്സംഘടന ഇടതുപക്ഷത്തിന്റേതാണന്ന് അറിയാമല്ലോ?ജെയിംസ് മാഷിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയവരെഅറസ്റ്റ് ചെയ്യണമെന്ന് ആവിശ്യപ്പെട്ട് സമരം നടത്തുന്ന ഇവര്‍ ചില കാര്യങ്ങള്‍ കണ്ടില്ലന്ന് നടീക്കുന്നു.തിരുവന്തപുരത്ത് വൈദ്യുതി,ജലസേജന വകുപ്പ് ജീവനക്കാരെ ഇടതുപക്ഷ പ്രവര്‍ത്തകര്‍ ഓഫീസില്‍കയറി ആക്രമിച്ചപ്പോള്‍ എന്തുകൊണ്ട് ഈ സര്‍വ്വീസ് സംഘടനകള്‍ സമരം നടത്തിയില്ല.??? ജലസേജന വകുപ്പ് ജീവനക്കാര്‍ക്കും വൈദ്യുതി വകുപ്പ് ജീവനക്കാര്‍ക്കും പലയിടങ്ങളില്‍ മര്‍ദ്ദനംഏറ്റ റിപ്പോര്‍ട്ടുകള്‍ വന്നിട്ടും ഇവിടെ ഒരു പണിമുടക്കിനും ആരു ആഹ്വാനം നല്‍കിയില്ല.അതോ മരിക്കുന്നവരുടെ പേരിലേ ഇവിടെ സമരങ്ങള്‍ നടത്തുകയുള്ളോ?

മരണങ്ങളെപ്പോലും രാഷ്ട്രീയവല്‍ക്കരിച്ച് കുറ്റവാളികളെ രക്ഷപെടുത്തുന്ന രഷ്‌ട്രീയ സമരാഭാസങ്ങള്‍ക്ക്ഇനി എന്നാണ് ഒരു അറുതി വരിക.???ഇവിടെ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും ഒരുപോലെ കുറ്റക്കാരാണ്.എന്താണങ്കിലും ജെയിംസ് മാഷിന്റെ കുടുംബത്തിന് നീതി ലഭിക്കണം.അത് ഏലിയാസ് പോലീസിന്റെകുടുംബത്തിന് ലഭിച്ചതുപോലെയുള്ള ഒരു നീതി ആയിരിക്കരുത്..

ഗുരുദക്ഷിണയായി സ്വന്തം ജീവിതം‌പോലും കളയാന്‍ തയ്യാറായ ശിഷ്യരില്‍ നിന്ന് ,പുരാണ കാ‍ലഘട്ടത്തില്‍നിന്ന് ;ഗുരുദക്ഷിണയായി ഗുരുവിന്റെ ജീവന്‍ എടുക്കാന്‍ പോലും തയ്യാറാവുന്ന ശിഷ്യരിലേക്ക്,ആധുനിക കാ‍ലഘട്ടത്തിലേക്ക് നമ്മളും മുന്നേറി എന്നതില്‍ നമുക്ക് അഭിമാനിക്കാം....

Monday, July 14, 2008

കര്‍ക്കടകം പെയ്‌തൊഴിയുമോ?

ഇടമുറിയാതെ പെയ്യേണ്ട ഇടവപ്പാതി ഇടയ്‌ക്കെപ്പോഴോ പെയ്യുന്ന മഴയായി പെയ്‌തു.മിഥുനത്തിലുംമഴ ഒളിച്ചുകളിച്ചു.ഇനി കര്‍ക്കടകം. കള്ളകര്‍ക്കിടകം!. തോരാതെപെയ്യുന്ന മഴയിലപ്പോഴോ സൂര്യനൊന്ന്തലകാണിച്ചാലായി.പെരും മഴയത്ത് വീട്ടിനുള്ളില്‍ തന്നെ ഇരിപ്പ്.വീടുകളില്‍ പട്ടിണിയുടെ നാളുകള്‍.കര്‍ക്കിടക ചീനിമാത്രം ആഹാരം.ഭീതിയോടെ മാത്രം കാണ്ടിരുന്ന പഞ്ഞകര്‍ക്കടകം.ഇത് പണ്ടെത്തെകഥ.ഇന്നോ...??????

നമുക്ക് ലഭിക്കേണ്ട മഴയുടെ ഏറിയ പങ്കും ലഭിക്കുന്നത് മണ്‍സൂണ്‍ എന്ന് നമ്മള്‍ വിളിക്കുന്ന ഇടവപ്പാതിമുതല്‍ കര്‍ക്കടകം വരെയുള്ള നാളുകളില്‍ ആയിരുന്നു.പക്ഷേ ഇതുവരെ നമുക്ക് ലഭിച്ചുകൊണ്ടിരുന്നമഴയുടെ ഇരുപത് ശതമാനത്തോളം മാത്രമാണ് ലഭിച്ചത്.ഡാമുകളില്‍ വെള്ളം ഇല്ലാത്തതുകൊണ്ട്വര്‍ഷങ്ങള്‍ക്ക് ശേഷം ലോഡ്‌ഷെഡിങ്ങും വേണ്ടി വന്നു.കള്ളകര്‍ക്കടകം കൂടി പറ്റിച്ചാല്‍ കേരളംപരിപൂര്‍ണ്ണ അന്ധകാരത്തിലേക്ക് മാറും.

കാലം തെറ്റിവന്ന വേനല്‍മഴകൂടി ഇല്ലായിരുന്നുവെങ്കില്‍ നമ്മുടെ അവസ്ഥ എന്തായേനേ?കാലാവസ്ഥാ വെത്യിയാനവും ആഗോളതാപനവും നമ്മളേയും ബാധിച്ചുതുടങ്ങിയന്ന് സാരം. കേരളത്തില്‍ ഇത്രയുംകാലം സമ്പന്നമായിരുന്ന മഴയും സ്വപ്നങ്ങളായി മാറുകയാണോ?മഴയെ അടിസ്ഥാനമാക്കി നമ്മുടെപൂര്‍വ്വികര്‍ അനുവര്‍ത്തിച്ചുപോന്നിരുന്ന ഞാറ്റുവേലകള്‍ ചരിത്രപുസ്തകങ്ങളി ലേക്ക് മാറ്റപ്പെട്ടു കഴിഞ്ഞു.

നാളെമുതല്‍(15/07/08,ബുധന്‍) നമ്മുടെ വീടുകളില്‍ നിന്ന് മുഴങ്ങികേള്‍ക്കേണ്ട രാമായണശീലുകള്‍ക്ക്പകരം മുഴങ്ങുന്നത് സീരിയലുകളുടെ ടൈറ്റില്‍ സോങ്ങുകള്‍ ആയിരിക്കും.രാമായണകഥകള്‍ പറഞ്ഞുകൊടുക്കേണ്ട മുത്തശ്ശിമാര്‍ എവിടെ?മുത്തശ്ശിയുടെ കാല്‍ക്കലിരുന്ന് രാമായണകഥകേള്‍ക്കാന്‍കുഞ്ഞുങ്ങളെവിടെ?കാലാവസ്ഥാവ്യതിയാനത്തോടൊപ്പം നമ്മുടെ സമൂഹത്തീന്റെ മനസ്സും എന്നേമാറിക്കഴിഞ്ഞു.

കര്‍ക്കടകത്തില്‍ ആകാശം കാര്‍മേഘങ്ങള്‍കൊണ്ട് മൂടട്ടെ.മേഘങ്ങള്‍ പെയ്‌തൊഴിയുമ്പോള്‍ സുര്യന്‍തലനീട്ടുമ്പോള്‍ വീണ്ടും മഴമേഘങ്ങള്‍ എത്തി സൂര്യനെ മറക്കട്ടെ.ചീറിയടിക്കുന്ന കാറ്റും നിമിഷങ്ങള്‍കൊണ്ട്ആര്‍‌ത്തലച്ച് പെയ്യുന്ന മഴയും വീണ്ടും വരട്ടെ.അതോ ചിറാപ്പുഞ്ചിയെപ്പോലെ നമ്മളും ഇനി മഴമേഘങ്ങളെകാണാന്‍ കാത്തിരിക്കേണ്ടിവരുമോ? കേരളം മറ്റൊരു ചിറാപ്പുഞ്ചി ആകുമോ???

നമ്മുടെ സന്ധ്യകളെ ഇനി രാമായണശീലുകള്‍ ഭക്തിസാന്ദ്രമാക്കട്ടെ.കോരിച്ചൊഴിയുന്ന മഴയുടെശബ്ദ്ദത്തിന്റെ താരാട്ടില്‍ മുത്തശ്ശിയുടെ രാമായണക്കഥകള്‍ കേട്ട് ഉമ്മറപ്പടിയില്‍ ഇരുന്ന നാളുകള്‍ഇന്നത്തെ തലമുറയ്ക്ക് അന്യമാകുന്നോതോടൊപ്പം നമുക്ക് മഴയും അന്യമാവുകയാണോ?

നമ്മുടെ സന്ധ്യകളെ ഭക്തിസാന്ദ്രമാക്കി മുഴങ്ങുന്ന രാമായണ പാരായണത്തോ ടൊപ്പം മഴയുടെ സംഗീതവുംമുഴങ്ങട്ടെ.നമ്മുടെ ദുഷിച്ച മനസ്സും ശരീരവും ശുദ്ധമാക്കാന്‍ ഈശ്വരന്‍ സഹായിക്കട്ടെ.ഈ രാമായണമാസത്തില്‍ എല്ല്ലാവിധമായ ആശംസകളും നേരുന്നു.



Monday, July 7, 2008

‘മാടമ്പി‘യും പത്തനംതിട്ടയും :

മാടമ്പിയുടെ കഥ നടക്കുന്നത് പത്തനംതിട്ടയിലെ ‘ഇലവട്ടം‘ എന്ന സ്ഥലത്താണന്ന് സിനിമ തുടങ്ങുമ്പോള്‍ സുരേഷ്‌ഗോപിപറഞ്ഞുതരുന്നുണ്ട്.പക്ഷേ പത്തനംതിട്ടയില്‍ ‘ഇലവട്ടം’ എന്നൊരു ഗ്രാമം ഈ കഥ നടക്കുന്നു എന്ന്പറയുന്ന പ്രദേശത്ത് ഇല്ല.ബാക്കി എല്ലാ സ്ഥലങ്ങളും ഉണ്ടുതാനും.ഗോപാലകൃഷ്ണ പിള്ള (മോഹന്‍ലാല്‍)അനുജന്‍, രാമകൃഷ്ണന്‍ (അജ്മല്‍) സിനിമകാണാന്‍ പോകുന്ന സ്ഥലങ്ങള്‍ പറയുന്നത് അടൂരും പത്തനംതിട്ടയിലും ആണ്.രാമകൃഷ്ണന്‍ തുണിക്കട നടത്തിയതും ,കമ്പ്യ്യൂട്ടര്‍ സെന്റ്ര് തുടങ്ങാന്‍ ആഗ്രഹിക്കുന്നതുംപത്തനംതിട്ടയിലാണ്.

ഗോപാലകൃഷ്ണ പിള്ള രാമകൃഷ്ണന്റെ പേരില്‍ ഒന്നരക്കോടിരൂപയ്ക്ക് സൂപ്പര്‍മാര്‍ക്കറ്റ് വാങ്ങുന്നത് പ്രക്കാനത്താണ്.ആറന്മുളയും പ്രക്കാനവും ഒക്കെ പത്തുപതിനഞ്ച് കിലോമീറ്ററുകളുടെ വെത്യാസമേയുള്ളു.അപ്പോള്‍ ഈ‘ഇലവട്ടം’ എവിടെയാണ്?ഇലവുംതിട്ട എന്നൊരു സ്ഥലമുണ്ട് പത്തനംതിട്ടയില്‍.ഈ സ്ഥലം(ഇലവുംതിട്ട ) പ്രക്കാനത്തിന്റെ അടുത്തുമാണ്.

കഥ പത്തനംതിട്ടയിലെ ‘ഇലവട്ട’ത്താണ് നടക്കുന്നതെങ്കിലും പത്തനംതിട്ടയിലെ ഒരൊറ്റ സ്ഥലം‌പോലുംസിനിമയില്‍ ഇല്ല.കണ്ടിട്ട് പാലക്കാടോ ഒറ്റപ്പാലമോ ആണന്നാണ് തോന്നുന്നത്.ചില സീനുകളീല്‍കാണുന്ന പനകള്‍ പത്തനംതിട്ടയില്‍ ഇല്ല.കഥ പത്തനംതിട്ടയില്‍ തന്നെയാണ് നടക്കുന്നതന്ന്കാണിക്കാന്‍ ‘ചിലസ്ഥലങ്ങളില്‍‘ പത്തനംതിട്ട എന്ന് ഉപയോഗിച്ചിട്ടുണ്ട് എന്ന് മാത്രം.ബസിന്റെ ബോര്‍ഡുംബാനറിലെ സമ്മേളന സ്ഥലവും,ഇലവട്ടം പോലീസ് സ്റ്റേഷനിലെ ഫോണ്‍ നമ്പരും(04682 ല്‍ ആണ്ഈ നമ്പര് തുടങ്ങുന്നത്‍),വാഹനങ്ങളുടെ നമ്പരും(KL-3 ...) ഒക്കെ....

സിനിമയുടെ തുടക്കത്തില്‍ നായകന്റെ വീടിന്റെ മുറ്റത്ത് കൂട്ടി ഇട്ടിരിക്കുന്ന തേങ്ങകള്‍ ക്ലൈമാക്സ് ആകുമ്പോള്‍റബര്‍ ഷീറ്റുകള്‍ക്ക് വഴിമാറുന്നുണ്ട്.ക്ലൈമാക്സില്‍ നായകന്റെ വീടിന്റെ മുറ്റത്തെ അഴയില്‍ നിറച്ച് റബര്‍ ഷീറ്റുകള്‍.പത്തനംതിട്ടയില്‍ തേങ്ങയെക്കാള്‍ കൂടുതല്‍ റബറാണന്ന് ക്ലൈമാക്സിലാണ് ആര്‍ക്കോ ഓര്‍മ്മ വന്നത്.

ഏതായാലും പത്തനംതിട്ടയിലെ ‘ഇലവട്ടം‘ ഒരു സാങ്കല്പിക ഗ്രാമം മാത്രമാണ്.പടം കണ്ടിട്ട് പത്തനംതിട്ടഇങ്ങനെയാണോ ഇരിക്കുന്നത് എന്ന് പത്തനംതിട്ടക്കാരോട് ദയവായി ചോദിക്കരുത്,പത്തനംതിട്ട കാണാന്‍ചാടി പുറപ്പെടുകയും അരുത്.നിങ്ങള്‍ കണ്ടത് പത്തനംതിട്ട അല്ല.പാലക്കാടോ ഒറ്റപ്പാലമോ ആണ് ഇലവട്ട’മായി നിങ്ങളുടെ മുന്നില്‍ എത്തിയത്.

പത്തനംതിട്ട കാണണമെങ്കില്‍ നിര്‍ബന്ധമാണങ്കില്‍ പോന്നോളൂ.... ഞങ്ങളുടെ നാട് ‘ഇലവട്ട’ത്തെക്കാള്‍സുന്ദരമാണ്.