Saturday, May 31, 2008

മഴ വന്നേ........ഓര്‍മ്മകളും പെയ്യുന്നേ.........:

അങ്ങനെ കാത്തുകാത്തിരുന്ന മഴ എത്തി.വലിയ ആഘോഷമൊന്നും ഇല്ലാതെയാണ് കാലവര്‍ഷംഎത്തിയത്.പെയ്തിറങ്ങുന്ന മഴത്തുള്ളികള്‍ കാണാന്‍ എന്ത് ഭംഗി...കാര്‍‌മേഘങ്ങള്‍ നിറയാതെ ,വീശിയടിക്കുന്ന കാറ്റില്ലാതെ,പേടിപ്പിക്കുന്ന കൊല്ലിയാന്‍ ഇല്ലാതെ അവള്‍ ,മഴ വന്നെത്തി.
ഒരുവിരുന്നുകാരിയായി വന്ന് ആതിഥേയനായി മാറുന്ന മഴ....
മഴത്തുള്ളികള്‍ മുഖത്തേക്ക് വീഴുമ്പോള്‍ എന്തൊരു അനുഭൂതിയാണ് ...
ഇടവപ്പാതി അതിന്റെ സംഹാരശക്തി എടുക്കാന്‍ കുറച്ചു ദിവസങ്ങള്‍ കഴിയും...അതുവരെ മഴ സുന്ദരിയാണ്..
പട്ടുപാവാടയും ബ്ലൌസും ഇട്ട സുന്ദരി...
നാണത്തോടെ ചെറുപുഞ്ചിരി നല്‍കി കടന്നു പോകുന്ന ഒരു സുന്ദരി..........
അവള്‍ കുറച്ചുകഴിഞ്ഞാല്‍ സംഹാരദുര്‍ഗ്ഗയാവും..നാണത്തോടെ പുഞ്ചിരി സമ്മാനിച്ച അവള്‍ രുദ്രതാണ്ഡവം നടത്തി പൊട്ടിച്ചിരിക്കും.....ആ ചിരിയില്‍ പലരും ????

സ്കൂള്‍ തുറക്കുമ്പോള്‍ പുത്തന്‍ ഉടപ്പാകെ നനഞ്ഞ് സ്കൂളിലെ ആടുന്ന ബഞ്ചിലിരുന്ന തുറന്നിട്ട ജനലിലൂടെമഴയോട് കിന്നാരം പറഞ്ഞ നാളുകള്‍....പെയ്തിറങ്ങുന്ന മഴയില്‍ നിന്ന് രക്ഷപെടാന്‍ വാഴയിലയുടെതണലില്‍ അഭയം തേടിയത് .....മഴ്യില്‍ നിന്ന് രക്ഷപെടാന്‍ പല്ലുകൊണ്ട് വാഴക്കൈ കടിച്ച് പറിച്ച് കുടയാക്കിയത്...ആനചേമ്പിലയുടെ തണലില്‍ മഴയില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിച്ചത്.....വാഴയിലയില്‍പൊട്ടല്‍ വീണ് മഴവെള്ളം എല്ലാം തലയിലേക്ക് തന്നെ...........

നിറഞ്ഞ് കിടക്കുന്ന പാടത്തെ ചേറ് വെള്ളത്തില്‍ ഓടിക്കളിച്ചത് ....പെയ്‌ത്തുവെള്ളം നിറഞ്ഞ തോടുകളില്‍ കണ്ണന്‍ ചെമ്പിലകൊണ്ട് വള്ളമുണ്ടാക്കി ഒഴുക്കിവിട്ടത് ...... പുസ്തകങ്ങള്‍ പ്ലാസ്റ്റിക് കവറിലാക്കിഉടുപ്പിനുള്ളിലൂടെ നിക്കറിനകത്തേക്ക് പൂഴ്‌ത്തി പുസ്തകങ്ങള്‍ക്ക് സംരക്ഷണം നല്‍കിയത്...കണ്ടത്തിന്‍വരമ്പിലൂടെ മഴ നനഞ്ഞ് സ്കൂളിലേക്ക് പോയതും വന്നതും...കാറ്റടിക്കുമ്പോള്‍ കുടപിടച്ച് വരമ്പിലൂടെ നടക്കുന്ന പെണ്‍കുട്ടികളുടെ പാവാടപൊങ്ങുമ്പോള്‍ കൂവിവിളിച്ച നാളുകള്‍ .....പാവം പെണ്‍കുട്ടിപാവാടയെ അനുസരിപ്പിക്കുന്നോ കുടയെ അനുസരിപ്പിക്കുന്നോ ????അവസാനം കുടമടക്കിഅവരും നനയുമ്പോള്‍ ആര്‍പ്പുവിളികള്‍....സൌഹൃദത്തിന്റെ ആര്‍പ്പുവിളികള്‍...

പെയ്‌ത്തുവെള്ളത്തില്‍ നിറഞ്ഞൊഴുകുന്ന തോട് കടക്കാനാവാതെ മഴ തോരുന്നതുവരെ കാത്തുനിന്നത് ...കാറ്റത്ത് ശക്തിയായി മുഖത്ത് വന്നടിക്കുന്ന മഴത്തുള്ളികള്‍ സമ്മാനിച്ച വേദനകള്‍ ...അസമയത്ത്വെട്ടിയ മിന്നലില്‍ പേടിച്ച് നിലവിളിച്ച് ഒരുമിച്ച് കെട്ടിപ്പിടിച്ച് നിന്ന നാളുകള്‍ .....പെട്ടന്ന് പെയ്യുന്നമഴയെ ആര്‍പ്പുവിളികളോടെ സ്വീകരിച്ച നാളുകള്‍... ഇരുണ്ട് കൂടുന്ന കാര്‍മേഘങ്ങളില്‍ ഇരുട്ട്പരക്കുമ്പോള്‍ സന്തോഷം കൊണ്ട് മതിമറന്നത് ....കയ്യാലകളില്‍ തൂങ്ങിക്കിടക്കുന്ന മഴത്തുള്ളികള്‍പറിച്ച് കണ്ണുകളെ തണുപ്പിച്ചത്.....

മഴയത്ത് പണ്ട് നടന്ന് ചേറ്റു വരമ്പുകളിലൂടെ ഒരിക്കല്‍‌കൂടി നടക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍???....ഇന്ന് കണ്ടത്തിന്‍ വരമ്പുകളില്‍ മഴയത്ത് ആര്‍പ്പുവിളിക്കുന്ന കുട്ടികള്‍ ഇല്ല....മഴ നനയാന്‍ ഇറങ്ങി നില്‍ക്കുന്നവരില്ല...പക്ഷേ മഴ ഇപ്പോഴും പെയ്യുന്നു...തന്റെ സൌന്ദര്യം ആരെങ്കിലും ഒക്കെകാണുന്നുണ്ടന്നവള്‍ പ്രതീക്ഷിക്കുന്നുണ്ടാവാം....ക്യാമറക്കണ്ണുകള്‍ക്ക് ഒപ്പിയെടുക്കാവുന്നതിലുംഅപ്പുറമാണവളുടെ സൌന്ദര്യം... കസേരയില്‍ ചാരിക്കിടന്ന് മഴ കാണുമ്പോള്‍ അവള്‍ വിളിക്കുന്നുണ്ടാവാം,അവളുടെ അടുത്തേക് ചെന്ന് അവളെ ഒന്നു തൊടാന്‍......പക്ഷേ , അവള്‍ക്ക് മാറ്റം ഒന്നുംവന്നിട്ടില്ലങ്കിലും നമ്മള്‍ക്ക് മാറ്റം സംഭവിച്ചത് അവള്‍ അറിഞ്ഞിട്ടില്ലായിരിക്കുമോ? അതോ അറിഞ്ഞിട്ടുംഅറിയാത്ത ഭാവം കാണിക്കുകയാണോ ????അതോ
അവളുടെ മുന്നില്‍ എല്ലാവരും കുട്ടികളാണോ ?

തുറന്നിട്ടിരിക്കുന്ന ജനാലകളിലൂടെ അവള്‍ അടുത്തേക്ക് കടന്നുവരാന്‍ നോക്കുന്നു...ഒരിക്കലും നിത്യയൌവനംമാറാത്ത അവള്‍ കൂടുതല്‍ കൂടുതല്‍ സുന്ദരി ആവുകയല്ലേ?????

Friday, May 30, 2008

+1ഏകജാലകത്തെ എന്തുകൊണ്ട് ചിലര്‍ എതിര്‍ക്കുന്നു. ?:

ഏകജാലക സംവിധാനം ന്യൂനപക്ഷ വിരുദ്ധമാണന്നായിരുന്നു ന്യൂനപക്ഷ മാനേജ്മെന്റുകളുടെ വാദം.അത് ശരിയല്ലന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.ഏകജാലകം തങ്ങളുടെ ന്യൂനപക്ഷാവകാശംകവര്‍ന്നെടുക്കുന്നു എന്നായിരുന്നു മറ്റൊരു ആരോപണം.മെറിറ്റ് സീറ്റില്‍ മാത്രമാണ് ഏകജാലകംനടപ്പിലാക്കുന്നത് .കമ്മ്യൂണിറ്റി കോട്ട്വായിലോ മാനേജ്മെന്റ് കോട്ട്വായിലോ ഏകജാലകം നടപ്പിലാക്കുന്നില്ല.പിന്നെങ്ങനെയാണ് ഏകജാലക സംവിധാനം ന്യൂനപക്ഷാവകാശം കവര്‍ന്നെടുക്കുന്നത്.?ഇതിന്വ്യക്തമായ ഒരു മറുപിടി മാനേജ്മെന്റുകള്‍ നല്‍കുന്നില്ല.മറ്റെന്തക്കയോ കാര്യങ്ങളാണ് മാനേജ്മെന്റുകള്‍ഈ നിയമത്തെ എതിര്‍ക്കാന്‍ കാരണം.

ഒന്നാമതായി ഇടതുപക്ഷ ഗവണ്മെന്റ് വിദ്യാഭ്യാസ മേഖലയില്‍ അടുത്തകാലത്ത് നടത്തിയ എല്ലാപരിഷ്‌ക്കരണങ്കിലും തികഞ്ഞ സംശയത്തോടെ ആണ് അവര്‍ നോക്കി കണ്ടത്.അദ്ധ്യാപക നിയമനങ്ങള്‍ പി.എസ്.സി.ക്ക് വിടും എന്ന പ്രസ്താവനയും,പാഠ്യപദ്ധതി പരിഷ്‌ക്കരണവും എല്ലാം സംശയത്തോടെ ആണ് മാനേജ്‌മെന്റ് നോക്കി കണ്ടത്.സ്‌കൂള്‍ നടത്തിപ്പ് (മേല്‍നോട്ടം / ഇവാല്യുവേഷന്‍)പഞ്ചായത്തുകളെഏല്‍പ്പിക്കുന്നു എന്നത് വളരെയേറെ സംശയം ഉളവാക്കി.വാര്‍ഡ് മെംബര്‍ക്ക് എന്തുംസ്കൂളില്‍ കാണിക്കാം എന്ന നിലയിലായിരുന്നു പ്രചാരണം.ചിലയിടങ്ങളില്‍ വാര്‍ഡ് മെംബര്‍മാര്‍പലതും കാട്ടികൂട്ടുകയും ചെയ്തു.ഇതെല്ലാം തങ്ങളുടെ അവകാശത്തിന്‍‌മേലുള്ള കടന്നുകയറ്റമായിമാനേജ്‌മെന്റ് കണ്ടു.മാനേജ്‌മെന്റുകളുടെ ഭയം ഒരു പരിധിവരെ ശരിയും ആയിരുന്നു.
ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ക്ക് എതിരെ ഇടതുപക്ഷത്തെ ചില നേതാക്കള്‍ കനത്ത വിമര്‍ശനങ്ങള്‍ഉയര്‍ത്തി.അതിനെല്ലാം അവര്‍ കടത്ത രീതിയില്‍ മറുപിടിയും നല്‍കി.ബിഷപ്പുമാര്‍‌വരെ ഇടതുപക്ഷത്തിനെതിരെ രംഗത്ത് വന്നു.ചില രൂപതകള്‍ വിദ്യാഭ്യാസ സംരക്ഷണറാലി വരെ നടത്തി.വേണമെങ്കില്‍ ഒരു രണ്ടാം വിമോചനസമരത്തിന് തയ്യാറാണന്ന് ചില ബിഷപ്പുമാര്‍ പ്രഖ്യാപിച്ചത്ഇടതുപക്ഷവും ക്രിസ്ത്യന്‍സഭയും തമ്മിലുള്ള ബന്ധത്തിന് കൂട്ടിചേര്‍ക്കാനാവാത്ത വിള്ളലുണ്ടാക്കി.ക്രിസ്ത്യകുട്ടികളെ ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്കൂളില്‍ തന്നെ പഠിപ്പിക്കണമെന്ന നിര്‍ദ്ദേശം വര്‍ഗ്ഗിയതഉണര്‍ത്തുന്നതാണന്ന് ഇടതുപക്ഷം ആരോപിച്ചു.

ഇങ്ങനെ ആരോപണപ്രത്യാരോപണങ്ങളും തെരുവില്‍ ശക്തിപ്രകടനങ്ങളും രണ്ടുകൂട്ടരും നടത്തിവരുമ്പോഴാണ് +1പ്രവേശനത്തിന് ഏകജാലകം എന്ന നിര്‍ദ്ദേശം ഗവണ്‍‌മെന്റ് നടപ്പിലാക്കുന്നത്.കാളപെറ്റു എന്ന് അറിഞ്ഞ ഉടനെ കയറെടുക്കുന്നതുപോലെ ഒരുകൂട്ടര്‍ കയറുമായി ഗവണ്‍‌മെന്റിനെപിടിച്ചുകെട്ടാന്‍ ഇറങ്ങിത്തിരിച്ചു.+1 സീറ്റുകളിലെ മെറിറ്റ് സീറ്റുകളിലേക്ക് മാത്രമാണ് ഏകജാലകസംവിധാനം എന്നതൊന്നും കയറുമായി ഇറങ്ങിയവരെ പിന്തിരിപ്പിക്കുന്നതല്ലായിരുന്നു.

+1 പ്രവേശനം വേണ്ട കുട്ടികള്‍ ‘ഏകജാലക‘പ്രവേശന ഫോം പൂരിപ്പിച്ച് ഒരു സെന്റ്‌റില്‍നല്‍കിയാന്‍ മതി.ഫോമില്‍ ഏതെല്ലാം സ്കൂളിലേക്കാണ് അപേക്ഷിക്കുന്നതന്ന് കാണിച്ചാല്‍ മതി.ഓരോ സ്കൂളിനും പ്രത്യേക പ്രത്യേക ഫോം നല്‍കേണ്ടതില്ല.അതായത് ഫോം വില്‍പ്പന വഴിയുള്ളപണവരവ് മാനേജ്‌മെന്റിന് നഷ്ടപെട്ടു.(ഫോം എങ്ങനെയൊക്കെ പൂരിപ്പിക്കണമെന്ന് മാര്‍ഗ്ഗ നിര്‍ദ്ദേശംനല്‍കാന്‍ ആളുകള്‍ സ്കൂളില്‍ ഉണ്ടാവും.ഫോം പൂരിപ്പിക്കലില്‍ അല്പം സങ്കീര്‍ണ്ണതയുണ്ട് എന്ന് മാധ്യമങ്ങള്‍ റിപ്പോട്ട് ചെയ്തതാണ്.ഇതു മാത്രമല്ല അലോട്ട്മെന്റ് നടക്കുന്നത് കമ്പ്യൂട്ടര്‍ വഴി ആയതുകൊണ്ട്സാധാരണക്കാരന് അതെല്ലാം മനസിലാക്കി എടുക്കുവാന്‍ അല്പം ബുദ്ധിമുട്ടാണ് ).

+1 പ്രവേശനത്തിലെ ഫോം വിതരണത്തിലൂടെയുള്ള ആദ്യ ധനാഗമമാര്‍ഗ്ഗം മാനേജ്‌മെന്റുകള്‍ക്ക് നഷ്ടപെട്ടു.കഴിഞ്ഞകാലങ്ങളില്‍ ഫോം തിരിച്ച് കൊടുക്കുമ്പോള്‍ തന്നെ നല്ല മാര്‍ക്കുള്ള കുട്ടികള്‍ക്ക്മാനേജ്‌മെന്റ് അഡ്‌മിഷന്‍ നല്‍കും.അവരുടെ കൈയ്യില്‍ നിന്ന് SSLC കാര്‍ഡും വാങ്ങി വയ്ക്കും.തങ്ങളുടെ സ്കൂളിന് ഉയര്‍ന്ന റിസല്‍ട്ട് വരുത്താനുള്ള ആദ്യപടി.അഡ്മിഷന്‍ ലിസ്റ്റ് ഇടുന്നതിനു മുമ്പുതന്നെ നല്ലമാര്‍ക്കുള്ള കുട്ടികള്‍ പ്രവേശനം നേടിയിരിക്കും.ഏകജാലക സംവിധാനം മൂലം ഈ പരിപാടിയും നഷ്ടപെട്ടു.കുട്ടികള്‍ക്ക് അലോട്ട്‌മെന്റ് നടത്തൂന്നത് ഗവണ്മെന്റാണ്(സോഫ്റ്റ്‌വെയറിന്റെസഹായത്തോടെ).മെറിറ്റ് മാത്രമാണ് പ്രവേശനത്തിനുള്ള ജാലകം.

കഴിഞ്ഞ വര്‍ഷംവരേയും മെറിറ്റ്സീറ്റുകളുടെ പരമാധികാരം മാനേജ്‌മെന്റുകള്‍ക്കായിരുന്നു.ആരെവേണമെങ്കിലും ലിസ്റ്റില്‍ കയറ്റി ഇരുത്താമായിരുന്നു.ഇതുമാത്രമല്ല മാനേജ്‌മെന്റിന്റെ മെറിറ്റ് ലിസ്റ്റില്‍കയറിക്കൂടിയാലും സംഭാവന നല്‍കിയാല്‍ മാത്രമേ അഡ്മിഷന്‍ കിട്ടുകയുള്ളായിരുന്നു.പണംകൊടുക്കാന്‍ ഇല്ലാത്തവന്‍ പടിക്ക് പുറത്തുതന്നെ ആയിരുന്നു.(പള്ളിവേറെ പള്ളിക്കൂടം വേറെ എന്ന്ആരെയെങ്കിലും പഠിപ്പിക്കണോ ?അഞ്ചാറുവര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ക്രിസ്ത്യന്‍ മാനേജ്മെന്റ് സ്കൂളില്‍ഒരു കുട്ടിക്ക് +1 സയന്‍സ് ഗ്രൂപ്പിന് ചോദിച്ച സംഭാവന 3000രൂപ.ഈ കുട്ടിക്കായിരുന്നു ആ ക്രിസ്ത്യന്‍സഭയിലെ സണ്‍‌ഡേസ്കൂളിലെ പത്താം ക്ലാസിലെ രണ്ടാം റാങ്ക്.പള്ളിവേറെ പള്ളിക്കൂടം വേറെ!!!)ഇത്തരം സംഭാവന വരവും ഈ വര്‍ഷം മുതല്‍ നഷ്ടപെടുകയാണ്....

ഇത്രയും നാളുകളായി കിട്ടികൊണ്ടിരുന്ന പണം ഒരു സുപ്രഭാതത്തില്‍ നഷ്ടപെടുമ്പോള്‍ വിഷമം ആര്‍ക്കുംഉണ്ടാവും.പണം വരവ് തിരികെ കൊണ്ടുവരാന്‍ അവര്‍ ശ്രമിക്കും.ഇല്ലാത്ത അവകാശങ്ങള്‍ പറഞ്ഞ്ബഹളം ഉണ്ടാക്കും.ഇതു തന്നെയാണ് +1ഏകജാലകത്തെ എതിര്‍ക്കുന്നവരുടെ മാനസികാവസ്ഥ.അല്ലാതെ കുട്ടികളോടുള്ള സ്‌നേഹമല്ല ഈ എതിര്‍പ്പിന് പിന്നില്‍.ന്യൂനപക്ഷങ്ങളുടെ അനാവിശ്യമായപിടിവാശിക്ക് നിന്നുകൊടുത്തുകൊണ്ടിരുന്നവരാണ് ഒരു പരിധിവരെ ഈ എതിര്‍പ്പിന് ഉത്തരവാദികള്‍.തങ്ങള്‍ എന്തുപറഞ്ഞാലും അത് ഗവണ്മെന്റ് കേട്ടുകൊള്ളണം എന്ന നിലപാട് ആരുടെ ഭാഗത്ത് നിന്ന്ഉണ്ടായാലും അതിന് വഴങ്ങി കൊടുക്കരുത്.

സാത്വികനായ ആന്റ്ണി പോലും സഹികെട്ടിട്ട് ന്യൂനപക്ഷങ്ങളുടെ നിലപാടിനെ എതിര്‍ത്തില്ലേ ?ന്യൂനപക്ഷങ്ങള്‍ അര്‍ഹിക്കാത്തതിനും വാശിപിടിക്കുന്നതായി അദ്ദേഹത്തിന് തോന്നി തുടങ്ങിയപ്പോള്‍അത് വിളിച്ചു പറഞ്ഞതുകൊണ്ട് അധികാരം നഷ്ടപെട്ടു.ആന്റ്‌ണിയെ ന്യൂനപ്ക്ഷ വിരുദ്ധനായിചിത്രീകരിക്കാന്‍ പോലും ഇവിടെ ആളുകള്‍ ഉണ്ടായി.അനാവിശ്യമായ അവകാശങ്ങള്‍ക്കു വേണ്ടിയുള്ളപിടിവാശി മാനേ‌ജ്‌ന്റുകള്‍ ഉപേക്ഷിക്കുകയാണ് വേണ്ടത്.+1ഏകജാലക സംവിധാനത്തില്‍എന്തങ്കിലും പോരായ്മകള്‍ ഉണ്ടങ്കില്‍ അത് ചൂണ്ടികാണിച്ചാല്‍ പരിഹരിക്കാവുന്നതേയുള്ളു.


ഇതും കൂടി വായിച്ചോളൂ ...........Kunhammad ന്റെ പോസ്റ്റ് :
http://newsatnet-kunhammad.blogspot.com/2008/05/blog-post_29.html

Thursday, May 29, 2008

ഭൂപരിഷ്‌കരണനിയമവും മുളച്ചുപൊന്തുന്ന ട്രസ്റ്റുകളും :

തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ നിയമചരിത്രങ്ങളില്‍ഇടം പിടിച്ചത് ഭൂപരിഷ്‌കരണ നിയമം എന്ന ധീരമായ ചുവടു വയ്‌പ്പിലൂടെ ആണ്.1957 ലെ ഇ.എം.എസ്. മന്ത്രിസഭ ഭൂപരിഷ്‌കരണം നടപ്പിലാക്കാന്‍ ശ്രമം ആരംഭിച്ചെങ്കിലും വിമോചന സമരത്തെതുടര്‍ന്ന് മന്ത്രിസഭയ്ക്ക് പുറത്തുപോകേണ്ടി വന്നു.ഭൂപരിഷ്‌കരണ നിയമം പാസാക്കി എന്നതുകൊണ്ടുകൂടിആണല്ലോ വിമോചന സമരം കേരളത്തില്‍ പച്ചപിടിച്ചത്.പക്ഷേ ഈ ഭൂപരിഷ്‌കരണനിയമം വെറുംഒരു നിയമമായി തന്നെ നോക്കികുത്തിയാവുന്നതാണ് പിന്നെ കണ്ടത്.

1957 ലെ ഇ.എം.എസ്. മന്ത്രിസഭയ്ക്കും 60 ലെ പട്ടം താണുപിള്ളയ്ക്കും,62 ലെ ആര്‍.ശങ്കറിനും,67 ല്‍വീണ്ടും അധികാരത്തില്‍ എത്തിയ ഇ.എം.എസ്. മന്ത്രിസഭയ്ക്കും ഭൂപരിഷ്‌കരണം നടപ്പിലാക്കാന്‍കഴിഞ്ഞില്ല.1970 ല്‍ സി.അച്യുതമേനോന്‍ മന്ത്രിസഭ ഭൂപരിഷ്‌കരണം നടപ്പിലാക്കിയെങ്കിലും നിയമത്തിന്റെ പഴുതിലൂടെ രക്ഷപെടാനുള്ള മാര്‍ഗ്ഗങ്ങള്‍ ജന്മിമാര്‍ക്കും ഭൂ‍ഉടമകള്‍ക്കും ലഭിച്ചു.57ല്‍ പാസാക്കിയ ഒരു നിയമം നടപ്പിലാക്കി തുടങ്ങാല്‍ 13 വര്‍ഷമാ‍ണ് എടുത്തത്.

1957 ലെ ഇ.എം.എസ്. മന്ത്രിസഭയിലെ അംഗമായിരുന്ന ഗൌരിയമ്മയായിരുന്നു ഭൂപരിഷ്‌കരണനിയമം തയ്യാറാക്കാനും നിയമസഭയില്‍ നിയമം അവതരിപ്പിക്കാനും നിയോഗിക്കപെട്ടിരുന്നത്.താന്‍ അവതരിപ്പിച്ച നിയമത്തിന് വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടന്ന് അവര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്.ജന്മികളുടെകൈയ്യില്‍ നിന്ന് അധികഭൂമി പിടിച്ചെടുത്ത് അടിയാന്മാര്‍ക്ക് കുടികിടപ്പവകാശം നല്‍കുന്ന രീതിയിലുള്ളതായിരുന്നു നിയമം.ഈ നിയമത്തിലെ കാതലായ മറ്റൊരു വ്യവസ്ഥ കൈവശം വയ്ക്കാവുന്ന ഭൂമിയുടെപരമാവധി പരിധി ആയിരുന്നു.ഒരു ചെറിയ കുടുംബത്തിന് പരമാവധി കൈവശം വയ്ക്കാവുന്ന ഭൂമിയുടെപരിധി 15 ഏക്കറായി നിജപ്പെടുത്തി..ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പിടിച്ചെടുക്കുന്ന ഭൂമിഭൂരഹിതര്‍ക്ക് വിതരണം ചെയ്യാന്‍ കഴിയുമെന്നായിരുന്നു കരുതിയിരുന്നത്.പക്ഷേ അതു ഇന്നുവരെനടപ്പായില്ല.അതുകൊണ്ടാണല്ലോ മുത്തങ്ങ,ആറളം,ചെങ്ങറ സമരങ്ങള്‍ ആവര്‍ത്തിക്കപെടുന്നത്.

നിയമം തയ്യാറാക്കിയ ഇ.എം.എസ്. മന്ത്രിസഭയില്‍ തന്നെയുള്ള അംഗങ്ങള്‍ എങ്ങനെ ഈ നിയമത്തില്‍നിന്ന് രക്ഷപെടാന്‍ കഴിയുമെന്ന് കാണിച്ചുകൊടുത്തു.നിയമത്തിന് ഇ.എം.എസ് മാതൃക കാണിച്ചുവെങ്കില്‍ആദ്യ മന്ത്രിസഭയിലെ അംഗവും പിന്നീട് സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുകയും ചെയ്ത ജസ്റ്റിസ് വി.ആര്‍.കൃഷ്‌ണയ്യര്‍ ഈ നിയമത്തില്‍ നിന്ന് എങ്ങനെ വസ്തുവകകള്‍ സംരക്ഷിക്കാംഎന്ന് കാണിച്ചുതന്നു.തന്റെയും കുടുംബാംഗങ്ങളുടേയും പേരിലുള്ള വസ്തുവകകള്‍ ഒരു ട്രസ്റ്റിന്റെപേരിലേക്ക് ഇദ്ദേഹം മാറ്റി.(ഈ വിവാദം ഇപ്പോഴും അദ്ദേഹത്തെ വിട്ടൊഴിഞ്ഞിട്ടില്ല.മുന്‍ മന്ത്രികെ.ബി.ഗണേശ് കുമാറും ജസ്റ്റിസ് വി.ആര്‍.കൃഷ്‌ണയ്യറും തമ്മില്‍ അടുത്തിടെയുണ്ടായ ‘തുറന്നകത്ത് ‘പ്രസ്താവന യുദ്ധത്തില്‍ കെ.ബി.ഗണേശ് കുമാറിന്റെ പ്രധാന ആയുധം ഈ ഭൂമിമാറ്റല്‍ആയിരുന്നു.)ട്രസ്റ്റുകളുടെ പേരിലുള്ളതും തോട്ടങ്ങളും ഭൂപരിഷ്‌കരണ നിയമത്തിന്റെ പരിധിയില്‍പെടുന്നതല്ലായിരുന്നു.

മന്ത്രിതന്നെ കാണിച്ചുകൊടുത്ത മാര്‍ഗ്ഗത്തിലൂടെ വസ്തുക്കള്‍ ബന്ധുക്കളുടേയും,ബിനാമികളുടേയുംപേരിലാക്കാനും,തോട്ടങ്ങളാക്കാനും,വസ്തുക്കള്‍ ട്രസ്റ്റിന്റെ പേരിലാക്കാനും ഭൂ‍ഉടമകള്‍ക്ക് 13 വര്‍ഷമാണ്ലഭിച്ചത്.അതായത് ഭൂപരിഷ്‌കരണനിയമത്തിന്റെ ഏറ്റെടുക്കല്‍ ശക്തികുറയ്ക്കാനും പഴുതുകള്‍ കണ്ടെത്തി തങ്ങളുടെ ഇഷ്‌ടങ്ങള്‍ സാ‍ധിക്കാനും ജന്മിമാര്‍ക്കും ഭൂ‍ഉടമകള്‍ക്കും ആവിശ്യത്തിലധികംസമയം കിട്ടി.തങ്ങളുടെ സ്വത്തുക്കള്‍ ട്രസ്റ്റുകളുടെ കീഴില്‍ സുരക്ഷിതമായിരിക്കും എന്നതുകൊണ്ട്അനേകം ട്രസ്റ്റുകള്‍ രൂപീകരിക്കപെട്ടു.കുടുബാംഗങ്ങളെ മാത്രം ചേര്‍ത്ത് ഉണ്ടാക്കുന്ന കുടുംബട്രസ്‌റ്റുംചരിറ്റബിള്‍ ട്രസ്റ്റും കേരളത്തിലങ്ങോളം ഇങ്ങോളം രൂപീകരിക്കപെട്ടു.

വ്യക്തികളും സംഘടനകളും പ്രത്യേക ലക്ഷ്യങ്ങളോടു കൂടി ട്രസ്റ്റുകള്‍ രൂപീകരിച്ചു.ഇതില്‍ പകുതിയിലധികവും ചില ഗൂഡലക്ഷ്യങ്ങളോടു കൂടി രൂപീകരിക്കപെട്ടതാണ്.ബൈലോയില്‍ പറയുന്ന പ്രവര്‍ത്തനമണ്ഡലങ്ങളില്‍ ആയിരിക്കില്ല ഇവയുടെ പ്രവര്‍ത്തനം.ചാരിറ്റബള്‍ ട്രസ്റ്റുകള്‍ക്ക് നികുതി ഇളവ് ഉള്ളതുകൊണ്ട് ഇപ്പോള്‍ രൂപീകരിക്കപെടുന്ന ട്രസ്റ്റുകളില്‍ അധികവും ചാരിറ്റബള്‍ ട്രസ്റ്റായിട്ടാണ് രജിസ്റ്റര്‍ചെയ്യപെടുന്നത്.നികുതി ഇളവിന് പുറമേ ഗവണ്‍‌മെന്റില്‍ നിന്ന് സാമ്പത്തികസഹായങ്ങളും ഇത്തരംട്രസ്റ്റുകള്‍ക്ക് ലഭിക്കാറുണ്ട്.അതിലൊക്കെ ഉപരിയായി ട്രസ്റ്റുകളുടെ മറവില്‍ ഭൂമി വാങ്ങിച്ചുകൂട്ടാംഎന്നുള്ളതും ട്രസ്റ്റുകള്‍ പെരുകാന്‍ കാരണമാകുന്നു.

ട്രസ്റ്റുകള്‍ രൂപീകരിച്ച് അതിന്റെ മറവില്‍ റിയല്‍ എസ്‌റ്റേറ്റ് ബിസ്‌നസ്സ് നടത്തുന്നവരും ഉണ്ടാവും.പേരിനു വേണ്ടി ആര്‍ക്കെങ്കിലും തയ്യില്‍ മെഷ്യിനോ,വീടുവയ്ക്കാന്‍ പതിനായിരം രൂപയോ നല്‍കിയിട്ട്ചില ചാരിറ്റബള്‍ ട്രസ്റ്റുകള്‍ മറ്റുചിലകാര്യങ്ങളാണ് നടത്തുന്നത്.സ്വദേശത്തുനിന്നും വിദേശത്തുനിന്നുംപണവും ഇത്തരം ട്രസ്റ്റിലേക്ക് ഒഴുകി എത്തുന്നു.ഇത്തരം പണം കൊണ്ട് ട്രസ്റ്റിന്റെ പേരില്‍ വസ്തുക്കള്‍വാങ്ങിച്ചു കൂട്ടുകയാണ്.ട്രസ്റ്റുകളുടെ പേരിലും വാങ്ങിക്കുന്ന വസ്തുക്കള്‍ക്ക് ഒരു പരിധി ഏര്‍പ്പെടുത്തിയാല്‍പല ട്രസ്റ്റുകളും അടച്ചുപൂട്ടി പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടും.

ആള്‍ദൈവങ്ങളെല്ലാം ഇങ്ങനെയാണ് സ്വന്ത് സമ്പാദിച്ചിരിക്കുന്നത്.തങ്ങളുടെയും കുടുംബാംഗങ്ങളുടേയുംപേരില്‍ രജിസ്റ്റ്‌ര്‍ ചെയ്തിട്ടുള്ള ട്രസ്റ്റുകളുടെ പേരിലാണ് ഇവര്‍ സ്വത്ത് സമ്പാദിച്ചിരിക്കുന്നത്.

രണ്ടാം ഭൂപരിഷ്‌കരണം നടത്തും എന്ന് പറയുന്ന അച്യുതാനന്ദന്‍ സര്‍ക്കാര്‍ മാതൃകാപരമായ ഒരു നിയമംതയ്യാറാക്കും എന്ന് വിചാരിക്കുകയാണ്.അടുത്ത നിയമസഭാ സമ്മേളനത്തില്‍ സമഗ്രഭൂപരിഷ്‌കരണനിയമം അവതരിപ്പിക്കും എന്ന് വകുപ്പു മന്ത്രി പറഞ്ഞിട്ടുണ്ട്.ഈ നിയമത്തിലെങ്കിലും ട്രസ്റ്റുകളുടെപേരില്‍ കൈവശം വയ്ക്കാവുന്ന ഭൂമിയുടെ പരിധി നിശ്ചയിക്കണം.ഇങ്ങനെ പരിധി ഏര്‍പ്പെടുത്തുന്നതോടൊപ്പം ഇപ്പോള്‍ ട്രസ്റ്റുകളുടെ കൈവശം ഉള്ള അനധികൃത സ്വത്തുക്കള്‍ കണ്ടുകെട്ടി ഭൂരഹിതരായവര്‍ക്ക്നല്‍കുകയും വേണം.1957 ലെ ഒന്നാം ഭൂപരിഷ്‌കരണം പോലെ 13 വര്‍ഷത്തെ ഇടവേള നല്‍കികൊണ്ട്ആകരുത് നിയമം നടപ്പാക്കേണ്ടത്.സമഗ്രഭൂപരിഷ്‌കരണ നിയമം ഉടന്‍ തന്നെ നിയമമാക്കി പ്രാബല്യത്തില്‍ വരുത്താന്‍ എല്ല്ലാവരും ശ്രമിക്കണം.

Wednesday, May 28, 2008

ദൈവങ്ങളെ ഹോള്‍സെയിലായി വിറ്റ് ദൈവമാകാന്‍ ശ്രമിക്കുന്നവര്‍ ?

ന്യാസ ഇത്യാഹുര്‍മനീഷിണോ ബ്രഹ്മാണം
ബ്രഹ്മാ വിശ്വഃ കതമഃ സ്വയംഭൂഃ
പ്രജാപതിഃ സംവത്സര ഇതി
സംവത്സരോfസാവാദിത്യോ
യ ഏഷ ആദിത്യേ പുരുഷഃ
സ പരമഷ്ഠീ ബ്രഹ്മാത്മാ.

സര്‍വ്വവും ന്യാസം-ത്യാഗം-ചെയ്ത സന്യാസി സര്‍വ്വാന്തര്‍‌യ്യാമിയും സൂര്യ ചന്ദ്രാദികളുടെ ശക്തികാരണവുമായിരിക്കുന്ന പരമാത്മാവിന്റെ പരമോപാസകനാകുന്നു.സൂര്യന്റെ തപനശക്തി ഈശ്വരപ്രസാദത്താലുണ്ടാകുന്നു.സൂര്യയ്യതപസ്സിനാല്‍ വര്‍‌ഷവും ,വര്‍ഷത്താല്‍ ഔഷധസസ്യാധികളും ,അതില്‍ നിന്ന് അന്നവുംഅന്നത്തില്‍ നിന്ന് പ്രാണനും ,പ്രാണനില്‍ നിന്ന് ബലവും,ബലത്തില്‍ നിന്ന് തപസ്സും,അതില്‍ നിന്ന്ശ്രദ്ധയും,സത്യജിജ്ഞാസയും ബുദ്ധിയും,ബുദ്ധിയില്‍ നിന്ന് വിചാര ശക്തിയും,വിചാര ശക്തിയില്‍ നിന്ന്ജ്ഞാനവും,ജ്ഞാനത്തില്‍ നിന്ന് ശാന്തിയും അതില്‍നിന്ന് ചേതനാശക്തിയും ചിത്തത്തില്‍ നിന്ന്സ്‌മൃതിയും,സ്മരണശക്തിയാല്‍ പൂര്‍വ്വാപരജ്ഞാനവുമുണ്ടാകുന്നു.പൂര്‍വ്വാപരജ്ഞാനത്തില്‍നിന്ന്ഉളവാകുന്ന വിജ്ഞാനത്താല്‍ സന്ന്യാസി ആത്മാവിനെ അറിയുകയും അറിയിക്കുകയും ചെയ്യുന്നു.(ഹിന്ദുധര്‍മ്മ പരിചയം :സാധുശീലന്‍ കെ.പരമേശ്വരന്‍ പിള്ള ,പേജ് 53)സന്യാസി ആരണന്നും അയാളുടെ ചുമതല എന്താണന്നും ഈ തൈത്തിരീയ സൂകതത്തില്‍ നിന്ന് മനസിലായിട്ടുണ്ടാവുമല്ലോ?

സര്‍വ്വവും വെടിഞ്ഞ് ആത്മാവിനെ അറിയുകയും അറിയിക്കുകയും ചെയ്യേണ്ട(ജനങ്ങളെ മോക്ഷത്തിലേക്ക് നയിക്കുക) ആളാണ് സന്ന്യാസി .പക്ഷേ കലികാലത്തില്‍ കള്ളവേഷം പൂണ്ട ചിലര്‍ സന്ന്യാസിയായി സ്വയം അവരോധിച്ച് സാമ്പത്തികലാഭത്തിനു വേണ്ടി ഇറങ്ങിത്തിരിക്കുമ്പോള്‍സര്‍വ്വത്യാഗികളായ സന്ന്യാസികളേയും ജനങ്ങള്‍ സംശയത്തോടെ മാത്രം നോക്കുന്നു.ഒരു പാത്രത്തിലെപാലില്‍ ഒരു തുള്ളി പെട്രോള്‍ വീഴുമ്പോള്‍ പാല്‍‌മുഴുവനായി ചീത്തയാകുന്നതുപോലെ കള്ള സന്ന്യാസിമാര്‍ സന്ന്യാസമൂഹത്തിനു മുഴുവനായി കളങ്കം ആകുന്നു.

ഇപ്പോള്‍ ഓരോ ദിവസവും പുതിയ കള്ള സന്ന്യാസിമാരുടേയും,സന്ന്യാസിനികളുടേയും,ആള്‍ ദൈവങ്ങളുടേയും ,ഹൈടെക് ദൈവദാസ്ന്മാരുടേയും തട്ടിപ്പിന്റേയും വഞ്ചനയുടേയും കഥകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.അവര്‍ക്കെതിരെ രാഷ്ട്രീയ പാര്‍ട്ടികളുടേയും,മതസംഘടനകളുടേയും,ജാതിസംഘടനകളുടേയുംയുവജനവിഭാഗങ്ങള്‍ സമരങ്ങള്‍ നടത്തുകയും ചെയ്യുന്നു.ഈ സമരങ്ങള്‍ അപകടകരമായ ഒരു നിലയിലേക്കാണ് പൊയ്ക്കൊണ്ടിരിക്കുന്നത്.ഇത്തര സമര മാര്‍ഗ്ഗങ്ങളില്‍ നിന്ന് പിന്മാറുന്നില്ലങ്കില്‍ കേരളം മറ്റൊരുവര്‍ഗ്ഗീയ കലാപത്തിലേക്കാണ് പതിക്കുന്നത്.

പിടിയിലായ കള്ളസന്ന്യാസി,ആള്‍ ദൈവങ്ങളില്‍ എല്ലാവരും ജീവിക്കാന്‍ വേണ്ടി വേഷം കെട്ടിയവരാണ്.ഇതില്‍ പലരും പല ക്രിമിനല്‍,സിവില്‍ കേസുകളില്‍ പ്രതിയായി നാടുവിട്ട് ഓടിപ്പോയതിനു ശേഷംദൈവവേഷം കെട്ടിയവരാണ്.ഇവരെല്ലാവരും തന്നെ സ്വന്തം പേരില്‍ ട്രസ്റ്റുകള്‍ രൂപീകരിച്ച് പണപ്പിരിവ്നടത്തി കോടികളാണ് സ്വന്തമാക്കിയത്.സന്തോഷ് മാധവനും ,ഹിമവല്‍ ഭദ്രാനന്ദയും,സുനില്‍ സ്വാമിയും,അമ്മേതായും,തങ്കു ബ്രദറും എല്ലാം ഒരു നാണയത്തിന്റെ വശങ്ങള്‍ തന്നെ.ജനങ്ങളെ പറ്റിച്ച് ജീവിക്കുകഎന്ന ലക്ഷ്യത്തിനു വേണ്ടി പലമാര്‍ഗ്ഗങ്ങള്‍ തിരഞ്ഞെടുത്തവരാണിവര്‍.സ്വന്തം പേരില്‍ കോടിക്കണക്കിന്രൂപയുടെ വസ്തുക്കളാണിവരില്‍ പലരും വാങ്ങിക്കൂട്ടിയത്.ജനങ്ങള്‍ ഇവരുടെ തട്ടിപ്പില്‍ വീണുപോവുകയാണ്.വായ് നല്‍കിയ ദൈവം പട്ടിണിക്കിടത്തില്ലന്ന് പറഞ്ഞത് ഇവരുടെ കാര്യത്തീല്‍ സത്യമാണ്.സ്വന്തംനാക്കിന്റെ ബലത്തില്‍ പിടിച്ചു നില്‍ക്കുന്നവരാണിവര്‍.

എന്തുകൊണ്ട് ജനങ്ങള്‍ ഇവരുടെ അടുക്കല്‍ ഓടിയെത്തുന്നു.അതിനുള്ള കാരണങ്ങള്‍ എന്താണ് ?ജീവിത സാഹചര്യങ്ങള്‍ വര്‍ദ്ധിച്ചപ്പോള്‍ ഉണ്ടായ അരക്ഷിതാവസ്ഥയില്‍ നിന്ന് മോചനം ലഭിക്കുന്നതിനുവേണ്ടിയാണ് പലരും ആള്‍ ദൈവങ്ങളില്‍ അഭയം പ്രാപിക്കുന്നത്.എത്രയും പെട്ടന്ന് കഷ്ടങ്ങള്‍ സഹിക്കാതെ,പ്രയാസ്സങ്ങളിലൂടെ കടക്കാതെ സമ്പത്തിന് ഉടമയാവുക എന്ന ജനങ്ങളുടെ മനശാസ്ത്രം ആണ് ആള്‍ദൈവങ്ങള്‍ ചൂഷ്‌ണം ചെയ്യുന്നത്. പ്രവചനങ്ങളും,വെളിപ്പെടുത്തലുകളും,ജ്യോതിഷവും ഒക്കെ ചേര്‍ത്ത്ഒരു കണ്‍കെട്ട് നടത്തുമ്പോള്‍ ജനങ്ങള്‍ അതിന് അടിമകളാകുന്നു.ആള്‍ ദൈവങ്ങള്‍ കരുതിക്കൂട്ടിനടത്തൂന്ന അത്ഭുതങ്ങള്‍ കണ്‍കെട്ടാണന്നോ,ഗിമ്മിക്കുകള്‍ ആണന്നോ അവര്‍ വിശ്വസിക്കുന്നില്ല.അവിശ്വാസത്തിന് ആള്‍ദൈവങ്ങള്‍ ഇടനല്‍കുകയും ചെയ്യുന്നില്ല.


ക്രിസ്തീയമായ ചുറ്റുപാടുകളില്‍ ആള്‍ദൈവങ്ങള്‍ ആയവരെക്കുറിച്ചും തട്ടിപ്പുകള്‍ നടത്തുന്നവരെ കുറിച്ചുംസ്വയം പ്രഖ്യാപിത സഭകളെക്കുറിച്ചും ആണ് ഞാനിവിടെ സൂചിപ്പിക്കുന്നത്.ഞാനൊരു വര്‍ഗ്ഗീയ വാദിആയതുകൊണ്ടല്ല ഇപ്രകാരം ചെയ്യുന്നത്.സ്വന്തം കണ്ണിലെ കോല്‍ എടുക്കാതെ സഹോദരന്റെകണ്ണിലെ കരട് എടുക്കാന്‍ ശ്രമിക്കരുത് എന്ന് ബൈബിള്‍ തന്നെ പഠിപ്പിക്കുന്നുണ്ട്.ഇതുമാത്രമല്ലഎനിക്കറിയാവുന്നത് ‘ദൈവദാസന്മാരുടെ’ തട്ടിപ്പുകളെക്കുറിച്ചാണ്.(പ്രാര്‍‌ത്ഥനകളില്‍ കൂടി ലഭിക്കുന്നരോഗശാന്തി ശുശ്രൂഷകളെക്കുറിച്ച് ഞാനിവിടെ വിശകലനം ചെയ്യുന്നില്ല.ശാസ്ത്രീയമായ കണ്ടെത്തലില്‍കൂടി തെളിയക്കപെട്ടില്ലങ്കിലും പ്രാര്‍‌ത്ഥനകളില്‍ കൂടി പലര്‍ക്കും രോഗശാന്തികിട്ടിയിട്ടുണ്ട് . എല്ലാ മതങ്ങളിലുംപ്രാര്‍ത്ഥനകളില്‍ കൂടി അത്ഭുതങ്ങള്‍ നടന്നിട്ടുണ്ട്.പലരും രോഗങ്ങള്‍ മാറി ജീവിതത്തിലേക്ക് തിരിച്ചുവന്നിട്ടുണ്ട്.)

പത്തുവര്‍ഷത്തിനുമുമ്പ് ക്രിസ്തീയ സഭകളില്‍ കരിസ്‌മാറ്റിക് പ്രസ്ഥാനങ്ങളുടെ ചാകര കാലമായിരുന്നു.ഇന്നത്തെ ക്രിസ്തീയ അത്ഭുത ദൈവദാസന്മാരുടെ ഉദയകാലമായിരുന്നു ഇത്.വേദപുസ്തകത്തെക്കുറിച്ചുള്ളകുറച്ച് അറിവും നന്നായി സംസാരിക്കാന്‍ അറിയാവുന്നവരും അല്പം ‘ഗിമ്മിക്കുകള്‍’ കാണിക്കാന്‍ കഴിവുള്ളവരും ദൈവദാസന്മാരായി ജനങ്ങളുടെ ഇടയിലേക്ക് കടന്നു വന്നു.ആത്മമാരി,വചനമാരി,ആത്മാവില്‍ തീമഴ,വിടുതല്‍ മഹായോഗം, തുടങ്ങിയ പേരുകളില്‍ ഇവരില്‍ പലരും സുവിശേഷ യോഗങ്ങളില്‍ കൂടി ജനങ്ങളിളേക്ക് ഇറങ്ങി.ഇത്തരം യോഗങ്ങളില്‍ നടന്നു എന്ന് അവകാശപ്പെടുന്ന രോഗശാന്തി(?) പരസ്യതന്ത്രങ്ങളിലൂടെ തങ്ങളുടെ മേധാവിത്വം ഉറപ്പിക്കാന്‍ ദൈവദാസ്ന്മാര്‍ തന്നെ പരസ്പരംമത്സരിക്കുകയാണ്.

ഇത്തരം ദൈവദാസന്മാരുടെ പ്രധാന ഇര സ്ത്രികള്‍ തന്നെയാണ്.വിധവമാരുടേയും ഭര്‍ത്താക്കന്മാര്‍വീടുകളില്‍ ഇല്ലാത്ത സ്ത്രികളേയും ആണ് ഇവര്‍ ആദ്യം ടാര്‍ഗറ്റ് ആക്കുന്നത്.സ്ത്രികളെ പെട്ടന്ന് പറഞ്ഞ്പറ്റിക്കാം എന്ന മനശാസ്ത്രം തന്നെ ആണിവര്‍ പ്രയോഗിക്കുന്നത്.സ്ത്രികളില്‍ കൂടി അവരുടെ കുടുംബത്തെപടിപടിയായി തങ്ങളുടെ കൂട്ടായ്മകളിലേക്കും സഭകളിലേക്കും അവര്‍ എത്തിക്കുന്നു.ഇത്തരം ദൈവദാസന്മാരുടെ പ്രധാന ആയുധം പ്രാര്‍ത്ഥന തന്നെയാണ്.എന്തെങ്കിലും പ്രയാസങ്ങള്‍ വീടുകളില്‍സംഭവിക്കുമ്പോള്‍ പ്രാര്‍ത്ഥനകള്‍ക്കായി ഇവര്‍ ഓടിയെത്തും.തങ്ങളുടെ പ്രയാസങ്ങള്‍ ‘ഷെയര്‍’ ചെയ്യാന്‍ഒരാള്‍ക്കൂടി ഉണ്ട് എന്നുള്ള അറിവ് വീട്ടുകാരില്‍ ഒരല്പം ആശ്വാസം പകരുന്നു.അതവര്‍ മുതലാക്കുകയുംചെയ്യുന്നു.ഇത്തരം ദൈവദാസന്മാര്‍ ഉണ്ടാകുമെന്ന് യേശുക്രിസ്തുവിനു തന്നെ തോന്നിയിരിക്കാം.അതുകൊണ്ടാണ് യേശു തന്നെ ഇത്തരം ആളുകളെക്കുറിച്ച് പറഞ്ഞത്.“നിലയങ്കികളോടെ നടപ്പാന്‍ഇച്ഛിക്കുകയും അങ്ങാടിയില്‍ വന്ദനവും പള്ളിയില്‍ മുഖ്യാസനവും അത്താഴത്തില്‍ പ്രധാനസ്ഥലവുംപ്രിയപ്പെടുകയും ചെയ്യുന്ന ശാസ്ത്രിമാരെ സൂക്ഷിച്ചുകൊള്‍വിന്‍.അവര്‍ വിധവമാരുടെ വീടുകളെ വിഴുങ്ങുകയുംഉപായരൂപേണ ദീര്‍ഘമായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.”(വി.ലൂക്കോസ് 20:46-47)

കൂണുപോലെയാണ് ദൈവദാസന്മാരും പ്രാര്‍ത്ഥനാകൂട്ടായ്മകളും മുളച്ച് പൊങ്ങുന്നത്.ധരിക്കാന്‍ കോട്ടുംസ്യ്യൂട്ടും,ടൈയും,കൈയ്യിലൊരു വേദപുസ്തകവും,മുന്നിലൊരു മൈക്കും ആണ് ദൈവദാസന്മാരുടെട്രേഡ് മാര്‍ക്ക്.ഇന്ന് ഫ്ലെക്‍സുകളിലെ പരസ്യങ്ങളിലും ,ടെലിവിഷന്‍ ചാനലില്‍ പ്രത്യക്ഷപെടുന്ന ഒട്ടുമിക്കദൈവ ദാസന്മാരും ഇട്ടിരിക്കുന്നത് ആയിരങ്ങള്‍ വിലയുള്ള കോട്ടും സ്യൂട്ടും!! സഞ്ചരിക്കാന്‍ വിദേശനിര്‍മ്മിത കാറും,താമസിക്കന്‍ പഞ്ചനക്ഷത്ര സൌകര്യങ്ങള്‍ ഉള്ള വീടുകളും!!.ഉണ്ണിയേശു ജനിച്ചത്കാലിത്തൊഴിത്തിലും,കിടന്നത് കീറത്തുണികണ്ടത്തിലും ആണ്.പക്ഷേ ചില ദൈവദാസന്മാരുടെജീവിതം കണ്ടാല്‍ ഉണ്ണിയേശു ജനിച്ചത് ഹെരോദാവിന്റെ കൊട്ടാരത്തില്‍ അണന്ന് തോന്നും.


ദൈവദാസന്മാര്‍ സ്വന്തമായിട്ട് ട്രസ്റ്റുകള്‍ രൂപീകരിക്കുകയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നപേരില്‍ പണം പിരിക്കുകയും ചെയ്യും.അതിലൊരു മുക്കാല്‍‌പങ്കും സ്വന്തം ഫണ്ടിലേക്ക് തന്നെയാണ്വീഴുന്നത്.കുറച്ചു പാവങ്ങള്‍ക്കും നല്‍കും.എന്ത് പോക്രിത്തരവും കാണിച്ച് നാടുവിട്ട് ഒരു സുപ്രഭാതത്തില്‍പാസ്റ്ററായി തിരിച്ച് പൊങ്ങുന്ന ചില വിരുതന്മാര്‍ നമ്മുടെ ഇടയില്‍ ഉണ്ട്.അവരുടെ പുറകെ പോകാനുംകുറേ ആളുകള്‍ ഉണ്ടാവും.ഞങ്ങളുടെ നാട്ടില്‍ ഇപ്പോഴൊരു പ്രാര്‍ത്ഥനാകൂട്ടായ്മയുണ്ട്.പ്രാര്‍ത്ഥനാകൂട്ടായ്മഎന്നല്ല ഒരു സഭ ആണന്നാണ് അവര്‍ പറയുന്നത്.ഇതിനു നേതൃത്വം നല്‍കുന്ന പാസ്റ്റ്‌ര്‍ പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് മണലുവാരലും വാറ്റുപരിപാടികളും ഒക്കെയായി നടന്നതാണ്.ഇയാളുടെ തരികിട പണികള്‍സഹിക്കാനാവാതായപ്പോള്‍ നാട്ടുകാര്‍ ഇടപെട്ടു.അടിവീഴുമെന്ന് ഉറപ്പായപ്പോള്‍ പുള്ളിക്കാരന്‍ നാടുവിട്ടു.കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ തിരിച്ചെത്തിയത് മാനസാന്തരപെട്ട് പാസ്റ്റ്‌റായിട്ടാണ്.ഇപ്പോള്‍ കാറായി,രണ്ടുനില വീടായി,ഇടയ്ക്കിടെ ഗള്‍ഫ് യാത്രകളായി എന്തിന് സ്വന്തമായിട്ട് ഒരു സഭയും ആയി.

പാവങ്ങളെ സഹായിക്കാന്‍ പിരിക്കുന്ന പണം എന്തിനൊക്കെ വേണ്ടി ഇവര്‍ ഉപയോഗിക്കുന്നുഎന്ന് ആരേയും കണക്ക് കാണിക്കേണ്ടി വരുന്നില്ല.കോടിക്കണക്കിന് രൂപയുടെ സ്വത്താണ് ഇവര്‍വാങ്ങികൂട്ടുന്നത്.കെ.പി.യോഹന്നാന്റെ ബിലീവേഴ്സ് ചര്‍ച്ച് ഹാരിസണ്‍ മലയാളത്തിന്റെ കൈയ്യില്‍നിന്ന്ആയിരക്കണക്കിന് ഏക്കറുള്ള ചെറുവള്ളി എസ്‌റ്റേറ്റ് വങ്ങിയത് കോടിക്കണക്കിന് രൂപ മുടക്കിയാണ്.കെ.പി.യോഹന്നാന്റെ ട്രസ്റ്റിലേക്ക് ഒഴുകി എത്തുന്നത് കോടിക്കണക്കിന് വിദേശപണമാണ്.ട്രസ്റ്റിന്റെപേരില്‍ നടത്താവുന്ന പണമിടപാടുകളെ പരിധി കടക്കാ‍ന്‍ സ്വന്തമായിട്ട് ഒരു സഭയും ഉണ്ടാക്കി.എന്തെങ്കിലും പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായാല്‍ ന്യൂനപക്ഷപീഡനം എന്ന് വിളിച്ചുകൂവിയാല്‍ നാലാളു കൂവലു ഏറ്റെടുക്കാന്‍ കാണുമെന്ന് വിചാരിച്ചിട്ടുണ്ടാവും.

ഹെവന്‍ലി ഫീസിറ്റിന്റെ തങ്കു ബ്രദറും കോടികളാണ് സ്വന്തം പേരില്‍ ആക്കിയിരിക്കുന്നത്.ഇദ്ദേഹംപണിയുന്ന വീടിന് അഞ്ചുകോടി രൂപയാണത്രെ ചിലവ്.പാവം ദൈവദാസന്‍!!!!കര്‍ത്താവേ നീദാവീദിന്റെ കൊട്ടാരത്തിലങ്ങാണം ജനിച്ചിരുന്നെങ്കില്‍ ദൈവദാസന് അഞ്ചുകോടി രൂപയുടെവീട് മതിയാകാതെ വന്നേനെ!!!ഉഡായൊപ്പു പരിപാടുകളുമായി ഇറങ്ങിയിരിക്കുന്ന എല്ലാ ദൈവദാസന്മാരുടേയും പേരിന്റെ കൂടെ ‘ഡോ.’എന്ന് കാണുന്നുണ്ട്.എന്ത് വിഷയത്തിലാണാവോ ഇവരെല്ലാം ഡോക്ടറേറ്റ് നേടിയിരിക്കുന്നത്.ജനങ്ങളെ എങ്ങനെ മണ്ടന്മാരാക്കാം എന്ന വിഷയത്തില്‍ പി.എച്ച്.ഡി.എടുക്കാനാണ് സാധ്യത.അതോ ചന്തപ്പുറത്തുനിന്ന് വാങ്ങിയതാവുമോ ഡോ‌ക്‍ടറേറ്റ്...

ഒട്ടുമിക്ക ആള്‍ ദൈവങ്ങളും സ്വന്തം പേരില്‍ കെട്ടിടങ്ങള്‍ കെട്ടി ഉയര്‍ത്തുന്നതോടൊപ്പം വിദ്യാഭ്യാസസ്ഥാപനങ്ങളും ഉണ്ടാക്കുന്നുണ്ട്.പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പോലെ ആദായകരമായമറ്റൊരു ബിസ്‌നസ്സ് ഇല്ലന്ന് ആര്‍ക്കാണ് അറിയാന്‍ പാടില്ലാത്തത്.

ഇന്നലത്തെ മഴയില്‍ പൊട്ടിവിടര്‍ന്ന കൂണ്‍ പോലെ മുളച്ചുപൊന്തിയ ആള്‍ദൈവങ്ങളും അവരുടെആത്മീയപ്രസ്ഥാനങ്ങളും നമ്മുടെ രാജ്യത്തിനു തന്നെ ഭീക്ഷിണി ആവുകയാണ്.ഇവര്‍ സൃഷ്ടിച്ചെടുക്കുന്നഉദ്യോഗസ്ഥ-ആള്‍ദൈവ കോക്കസ് സമൂഹത്തിലുണ്ടാക്കുന്ന അരാജകത്വം എത്ര വലുതായിരുന്നുഎന്ന് നമ്മള്‍ മനസിലാക്കികൊണ്ടിരിക്കുകയാണ്.ഇത്തരം ആള്‍ദൈവങ്ങളുടെ ഉഡായിപ്പ്പ്രസ്ഥാനങ്ങള്‍ക്ക് നമ്മുടെ മണ്ണില്‍ വളക്കൂറുണ്ടാവാന്‍ കാരണം സാമ്പത്തിക,മനശാസ്ത്ര,സാമൂഹിക പരമായകാര്യങ്ങളാണ്.ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കൂടുമ്പോള്‍ ഉള്ളവന്‍ കൂടുതല്‍ ഉണ്ടാക്കാനുംഇല്ലാത്തവന്‍ എന്തങ്കിലും ഒക്കെ ഉണ്ടാക്കാനും ശ്രമിക്കും.അനുദിനം മത്സരങ്ങള്‍ കൂടുമ്പോള്‍ജീവിതത്തില്‍ നിന്ന് പുറം തള്ളപെടാതിരിക്കാനും മറ്റും ആളുകള്‍ ശ്രമിക്കും.അതു തന്നെയാണ് ആള്‍ദൈവങ്ങള്‍ കൂടാനുള്ള കാരണവും.തങ്ങള്‍ വിശ്വസിക്കുന്ന മതങ്ങളിലെ മൂല്യച്യുതിയും മൂല്യശോഷണവുംജനങ്ങളെ ഇത്തരം ആള്‍ദൈവങ്ങളിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നു.

യേശുക്രിസ്തു പറഞ്ഞ വാക്കുകള്‍ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കട്ടെ...
“നിലയങ്കികളോടെ നടപ്പാന്‍ ഇച്ഛിക്കുകയും അങ്ങാടിയില്‍ വന്ദനവും പള്ളിയില്‍ മുഖ്യാസനവും അത്താഴത്തില്‍ പ്രധാനസ്ഥലവുംപ്രിയപ്പെടുകയും ചെയ്യുന്ന ശാസ്ത്രിമാരെ സൂക്ഷിച്ചുകൊള്‍വിന്‍.അവര്‍ വിധവമാരുടെ വീടുകളെ വിഴുങ്ങുകയുംഉപായരൂപേണ ദീര്‍ഘമായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.”(വി.ലൂക്കോസ് 20:46-47)


വിധിക്കുറിപ്പ് :
കോട്ടയത്തെ ഒരു ബാര്‍ ഹോട്ടല്‍ വാങ്ങാന്‍ തങ്കു ബ്രദര്‍ അഡ്വാന്‍സ് കൊടുത്തുവത്രെ! കര്‍ത്താവ് പച്ചവെള്ളം വീഞ്ഞാക്കി കല്യാണപന്തലില്‍ വിളമ്പിയെങ്കില്‍ തനിക്ക് എന്തുകൊണ്ട് മദ്യം തന്നെ വിളമ്പിക്കൂടാ എന്നദ്ദേഹം ചിന്തിച്ചിട്ടുണ്ടാവും. കര്‍ത്താവേ നിന്റെ
ഇത്തരം ദൈവദാസന്മാര്‍ക്കായി നീ എന്താണാവോ അവസാന വിധിയില്‍ കാത്തുവച്ചിരിക്കുന്നത് ???????????




Monday, May 26, 2008

ബിലീവേഴ്‌സ് ചര്‍ച്ചും കെ.പി.യോഹന്നാന്റെ മെത്രാപ്പോലീത്താ സ്ഥാനവും :

കപട ആത്‌മീയതയ്‌ക്കും ആള്‍ ദൈവങ്ങള്‍ക്കും അവര്‍ സമ്പാദിച്ചുകൂട്ടിയ കോടിക്കണക്കിന് രൂപയുടെഅനധികൃത സമ്പത്തിനെക്കുറിച്ചും യുവജന-ജനകീയ സംഘടനകളും,യുക്തിവാദി പ്രസ്ഥാനവും നടത്തുന്ന സമരവും,മാധ്യമങ്ങള്‍ നടത്തുന്ന അന്വേഷണവും,പോലീസ് നടത്തുന്ന അന്വേഷണവുംഒക്കെ കൊണ്ട് ആള്‍ദൈവങ്ങളും,അവരുടെ പ്രസ്ഥാനവും തങ്ങളുടെ സമ്പത്ത് സംരക്ഷിക്കാനുള്ളതീവ്രശ്രമത്തിലാണ്.പല കപട ആത്മീയ ആചാര്യന്മാരും കടപുഴകി വീഴുമ്പോള്‍ ചിലര്‍ നിയമത്തിന്പിടികൊടുക്കാതെ രക്ഷപെടാന്‍ ശ്രമിക്കുന്നു.1980 കളില്‍ തുടങ്ങിയ ഒരു പ്രസ്ഥാനം കോടിക്കണക്കിന്രൂപയുടെ ആസ്തിയുള്ള ഒരു സഭയായി പരിണമിക്കുമ്പോള്‍ അവരുടെ പണത്തിന്റെ ഉറവിടം വെളിപ്പെടുത്താന്‍ അവര്‍ക്ക് ബാധ്യതയുണ്ട്.

ചാനലുകള്‍ പല പ്രസ്ഥാനങ്ങളുടേയും കപടത ജനങ്ങളില്‍ എത്തിച്ചു കൊണ്ടിരിക്കുകയാണ്.അങ്ങനെആണ് തിരുവല്ല ആസ്ഥാനമാക്കിയുള്ള ബിലീവേഴ്‌സ് ചര്‍ച്ചിനെക്കുറിച്ചും ചാനലുകളില്‍ വാര്‍ത്ത വന്നത്.തെളിവുകള്‍ സഹിതം പുറത്തുവിട്ട ഈ വാ‍ര്‍ത്ത അസത്യമാണന്ന് അവകാശപെട്ട് ബിലീവേഴ്‌സ് ചര്‍ച്ച്പത്രങ്ങളില്‍ ഒരു പരസ്യം നല്‍കി.(മലയാള‌മനോരമ ,പേജ് 13,കോളം 1;-പത്തനംതിട്ട എഡിഷന്‍).ഈ പരസ്യം തുടങ്ങുന്നത് ഇങ്ങനെയാണ് .ബിലീവേഴ്‌സ് ചര്‍ച്ചിനെപ്പറ്റിയും സഭയുടെ പരമാദ്ധ്യക്ഷനായഡോ.കെ.പി.യോഹന്നാന്‍ മെത്രാപ്പോലീത്തായെപ്പറ്റിയും ഉയര്‍ന്നുവന്നിട്ടുള്ള........ഈ പരസ്യത്തിലെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് പറയാനല്ല ഈ കുറിപ്പ്.. സഭാ പരമായ ചില കാര്യങ്ങള്‍ നിങ്ങളുടെചിന്തയിലേക്ക് കൊണ്ടുവരാനാണ് ഈ കുറിപ്പ്.

ഈ പരസ്യത്തില്‍ പറയുന്നത് ഡോ.കെ.പി.യോഹന്നാന്‍ സഭയുടെ പരമാദ്ധ്യക്ഷനായ മെത്രാപ്പോലീത്താആണന്നാണ്.ഇതു തന്നെയാണ് ഞാന്‍ വിശകലനം ചെയ്യുന്നത്.അതിനു മുമ്പ് ബിലീവേഴ്‌സ് ചര്‍ച്ച് എന്നസഭയെക്കുറിച്ച്.... സിലോണ്‍ റേഡിയോയിലൂടെ ആത്മീയ യാത്ര എന്ന റേഡിയോ പ്രോഗ്രാമിലൂടെ ആണ് കെ.പി.യോഹന്നാന്‍ സുവിശേഷവചനങ്ങളുമായി കടന്നുവരുന്നത്.ആത്മീയയാത്ര എന്ന പ്രസ്ഥാനംചില അദൃശ്യമായ പ്രക്രിയയിലൂടെ ബിലീവേഴ്‌സ് ചര്‍ച്ച് ആവുകയാണ് ചെയ്തത്.വെറും പാന്റും ഉടുപ്പുംഇട്ടുകൊണ്ട് നടന്ന ഡോ.കെ.പി.യോഹന്നാന്‍ ഒരു സുപ്രഭാതത്തില്‍ കുപ്പായം ഇട്ട് മെത്രാപ്പോലീത്തായായിമാറി.കക്കാന്‍ പഠിച്ചാല്‍ നില്‍ക്കാനും പഠിക്കണമെന്ന് വലിയകള്ളന്മാരെ ആരും പഠിപ്പിക്കേണ്ടകാര്യമില്ലല്ലോ?

ആത്മീയയാത്രാ പ്രസ്ഥാനത്തിലൂടെ ഒഴുകി എത്തുന്ന പണത്തിന്റെ അളവ് കൂടിയപ്പോള്‍ വെറും ഒരുആത്മീയ പ്രസ്ഥാനത്തിന് കൈകാര്യം ചെയ്യാവുന്ന പണത്തിന് ഒരളവുണ്ടന്ന് അരക്കയോ കണക്കുകൂട്ടിയത്തിന്റെ ഫലമായിട്ടായിരിക്കും ബിലീവേഴ്‌സ് ചര്‍ച്ച് എന്ന സഭയുടെ ഉത്ഭവം.ഏതൊരു സഭയുടേയുംഇപ്പോഴത്തെ ആവിശ്യം(നിര്‍ബന്ധം) പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്.കെ.പി.യോഹന്നാന്‍ അവിടേയും ഒരു മുഴം നീട്ടിയെറിഞ്ഞു.കേരളത്തില്‍ ഒരു പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ഒരു ആത്മീയ സംഘടനയായ ആത്മീയയാത്രയ്ക്ക് കഴിയില്ല.അതിന് ഒരു സഭതന്നെ വേണം.സ്വന്തംഇഷ്ടത്തിന് അനുസരിച്ചുള്ള ഒരു സഭ.സഭ ആയിക്കഴിഞ്ഞാല്‍ ധൈര്യമായിട്ട് പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനത്തിന് അംഗീകാരം നേടിയെടുക്കാം.അതിന് ന്യൂനപക്ഷ പദവിക്കൂടി കിട്ടിയാല്‍ കച്ചവടംപൊടിപൊടിക്കാം.

വെറുതെ ഒരു സുപ്രഭാതത്തില്‍ ബിഷപ്പായി ജനങ്ങളുടെ മുന്നില്‍ എത്താന്‍ അദ്ദേഹത്തിന് ഒരു ഉളുപ്പുംഇല്ലായിരുന്നു.മറ്റ് ക്രിസ്ത്യന്‍ സഭകളെ വെല്ലുവിളിച്ചുകൊണ്ടാണ് ഇദ്ദേഹം സ്വന്തമായിട്ട് ഒരു സഭതുടങ്ങുകയുംCSI സഭയിലെ ഒരു ബിഷപ്പിന്റെ സഹായത്തോടെ സ്വയം ബിഷപ്പായി അവരോധിക്കപ്പെട്ടതും.ഇദ്ദേഹത്തെ ബിഷപ്പായി വാഴിച്ചന്ന് പറയുന്ന CSI സഭയിലെ ബിഷപ്പ് താന്‍ തെറ്റിധരിപ്പിക്കപെട്ടതാണന്ന്താന്‍ ചെയ്തത് തെറ്റാണന്ന് CSI സഭയുടെ ബിഷപ്പ് മീറ്റിംങ്ങില്‍ വച്ച് പറയുകയും ചെയ്തു.കഴുത്തില്‍ഒരു കുരിശുമാലയും ദേഹത്ത് ഒരു കാവിക്കുപ്പായവും ഇട്ടാല്‍ തന്നെ എല്ലാവരും ബിഷപ്പായി കരുതുമന്ന്കരുതിയ അതിബുദ്ധിമാനാണിദ്ദേഹം.കാക്ക കുളിച്ചാല്‍ കൊക്കാവില്ലന്നും,നീലത്തില്‍ വീണ കുറുക്കന്റെരാജപദവി മഴപെയ്യുന്നതുവരെ മാത്രമേ നീണ്ടുനില്‍ക്കുകയുള്ളുവെന്നും ഇദ്ദേഹം മനസ്സിലാക്കിയിട്ടില്ലന്ന്തോന്നുന്നു.

അല്‌പം ചരിത്രം :ക്രൈസ്തവ സഭ എഡി 451 വരെ ഒരൊറ്റ സഭ ആയിരുന്നു.എഡി 451ല്‍ കൂടിയകല്‍ക്കദോന്യ സുന്നഹദോസിനു ശേഷം ക്രൈസ്തവ സഭ രണ്ടായി പിരിഞ്ഞു.1014 ലെ ഫില്യോക്കെവാദം വീണ്ടും സഭയില്‍ പിളര്‍പ്പായി.1517 ല്‍ മാര്‍ട്ടിന്‍ ലൂഥര്‍ നവീകരണ പ്രസ്ഥാനം തുടങ്ങിയതോടെവീണ്ടും സഭയില്‍ വിഭജനം ഉണ്ടായി.മൂന്നു വിഭജനങ്ങളിലൂടെ നാലു സഭാ വിഭാഗങ്ങള്‍ ഉണ്ടായി.ഓറിയെന്റ്‌ല്‍ ഓര്‍ത്തഡോക്സ് സഭ ,ഈസ്‌റ്റേണ്‍ ഓര്‍ത്തഡോക്സ് സഭ ,റോമന്‍ കത്തോലിക്ക സഭ,പ്രൊട്ടസ്റ്റന്റുസഭ എന്നിങ്ങനെയായിരുന്നു നാലു വിഭജങ്ങള്‍.ഇവയ്ക്ക് ഓരോ ഉപസഭകള്‍ കാലാകാലങ്ങളില്‍ഉണ്ടായി.ഇതിലെ ആദ്യ മൂന്നു സഭകളെ പൂര്‍ണ്ണമായും അപ്പോസ്തോലിക സഭകള്‍ എന്ന് വിളിക്കാവുന്നതാണ്.കൂടാതെ ഇവ എപ്പിസ്ക്കോപ്പല്‍ കേന്ദ്രീകരവും ആണ്.(മുഖ്യ ബിഷപ്പ്,ബിഷപ്പ്,പുരോഹിതന്മാര്‍ തുടങ്ങിയവര്‍നേതൃത്വം കൊടുക്കുന്നു)നാലാമത്തെ സഭാവിഭാഗം ആദ്യ മൂന്നു സഭാവിഭാഗങ്ങളില്‍നിന്ന് അധികാരത്തിനു വേണ്ടിയോ,വിശ്വാസപരമായ തര്‍ക്കങ്ങളുടെ പേരിലോ സഭകള്‍ രൂപീകരിച്ചവരാണ്.പ്രൊട്ടസ്റ്റന്റുസഭാ വിഭാഗത്തില്‍ പെടുത്താവുന്ന ചെറുതും വലുതുമായ നൂറുകണക്കിന് സഭകള്‍ ഉണ്ട്.ഇവരുടെസഭയുടെ അടിസ്ഥാനം വി.വേദപുസ്തകമാണന്ന് ഇവര്‍ വാദിക്കുന്നു.(ആദിമകാലത്ത് സഭാപിതാക്കന്മാര്‍ചെര്‍ന്നാണ് വേദപുസ്തകത്തിന് ഒരു ക്രോഡീകരണം രൂപം നല്‍കിയത്.അതായത് സഭയില്‍ നിന്നാണ്വേദപുസ്തകം ഉണ്ടായത്.ഒരിക്കലും വേദപുസ്തകത്തില്‍ നിന്ന് ഒരു സഭയുണ്ടാവാന്‍ സാധിക്കുന്നതല്ല).

ക്രിസ്തു ശിഷ്യന്മാരുടെ കൈവെപ്പ് കിട്ടിയവരാണ് തങ്ങള്‍ എന്ന് ക്രിസ്തീയ സഭകള്‍ വിശ്വസിക്കുന്നു.മലങ്കര ഓര്‍ത്തഡോക്സ് സഭ തങ്ങളുടെ സഭ സ്ഥാപിച്ചത് തോമസ്സ് ആണന്നും.കത്തോലിക്കര്‍തങ്ങളുടെ സഭ സ്ഥാപിച്ചത് പത്രോസ് ആണന്നും വിശ്വസിക്കുന്നു.അതായത് ഈ സഭാവിഭാഗങ്ങളുടെപൌരോഹിത്യ സ്ഥാനികള്‍ക്ക് കൈവെപ്പ് ലഭിച്ചിരിക്കുന്നത് ക്രിസ്തു ശിഷ്യന്മാരിലൂടെ ആണന്ന് അവര്‍വിശ്വസിക്കുന്നു.ഈ വിശ്വാസത്തിലേക്ക് ചുളുവില്‍ ഇടിച്ചുകയറാനാണ് സ്വയം ബിഷപ്പ് ആയതിലൂടെ കെ.പി.യോഹന്നാന്‍ ശ്രമിച്ചത്.

ക്രിസ്തീയ സഭയുടെ പാരമ്പര്യം അനുസരിച്ച് ക്രിസ്തു ശിഷ്യന്മാരില്‍ കൂടി ലഭിച്ച കൈവെപ്പ് (ആത്മീയ അധികാരം)ഈ ശ്രേണിയില്‍ കൂടി അടുത്ത ഒരാള്‍ക്ക് ആദ്യ ആളില്‍ നിന്ന് ലഭിക്കുന്നു.ഞാന്‍ മുകളില്‍ സൂചിപ്പിച്ചആദ്യ മൂന്നു സഭാവിഭാഗത്തീനും ഈ പാരമ്പര്യം അവകാശപെടാവുന്നതാണ്.ഈ പാരമ്പര്യം തന്റെസഭയ്ക്കും ലഭിച്ചു എന്ന് വരുത്തിതീര്‍ക്കാന്‍ കെ.പി.യോഹന്നാനും ശ്രമിക്കുന്നു.പരസ്യത്തില്‍ ഇങ്ങനെപറയുന്നു.... ക്രി‌സ്തീയ സഭയുടെ പാരമ്പ്യര്യവും ചരിത്രവും അനുസരിച്ച് ഭാരതത്തിലെ ഒരു പ്രമുഖ എപ്പിസ്‌കോപ്പല്‍ സഭയുടെ സഭയുടെ പരമാദ്ധ്യക്ഷനും ഇതര സഭകളിലെ ബിഷപ്പുമാരും ചേര്‍ന്നാണ്ബിലീവേഴ്സ് ചര്‍ച്ചിന്റെ മെത്രാപ്പോലീത്തയായി ബിഷപ്പ് ഡോ.കെ.പി.യോഹന്നാനെ വാഴിച്ചത്.

പരസ്യത്തില്‍ ഭാരതത്തിലെ ഒരു പ്രമുഖ എപ്പിസ്‌കോപ്പല്‍ സഭയുടെ സഭയുടെ പരമാദ്ധ്യക്ഷന്‍ എന്നുമാത്രമാണ് പറയുന്നത്.തീര്‍ച്ചയായും ഏത് എപ്പിസ്‌കോപ്പല്‍ സഭയുടെ സഭയുടെ പരമാദ്ധ്യക്ഷന്‍ എന്ന്പറയാനുള്ള ബാധ്യത ബിലീവേഴ്സ് ചര്‍ച്ചിന് ഉണ്ടായിരുന്നു.അവരത് മനപൂര്‍വ്വം ഒഴിവാക്കി.എപ്പിസ്‌കോപ്പല്‍ഹൈറാര്‍ക്കി അനുസരിച്ച് ഒരാളും നേരിട്ട് ബിഷപ്പാവുന്നില്ല.ഡീക്കന്(ശെമ്മാശന്‍)‍,പുരോഹിതന്‍(അച്ചന്‍),റമ്പാന്‍,ബിഷപ്പ് എന്നീ സ്ഥാനങ്ങളിലൂടെ ആണ് ബിഷപ്പ് ആകുന്നത്.ഡോ.കെ.പി.യോഹന്നാന്‍ഈ നാലു സ്ഥാനങ്ങളിലൂടെ കടന്നുവന്നല്ല ബിഷപ്പായത്.അതുകൊണ്ടു തന്നെ ഈ ബിഷപ്പ് സ്ഥാ‍നത്തിന്ക്രൈസ്തവസഭാപരമായി യാതൊരുവിധഅടിസ്ഥാനവും ഇല്ല.ഡോ.കെ.പി.യോഹന്നാന്റെ സഭയ്ക്കുംയാതൊരുവിധ ക്രൈസ്തവ പാരമ്പ്യര്യമോ ചരിത്രവുമോ അവകാശപെടാനാവില്ല.സ്വന്തം ചെയ്തികള്‍ക്ക്തണലായി ഒരു സഭ എന്നു മാത്രം...

പച്ച വെള്ളം കുപ്പിയിലാക്കി നിറച്ചു വില്‍ക്കുന്ന വെള്ളക്കമ്പിനിക്കാരന്‍ ഒരു സുപ്രഭാതത്തില്‍ പച്ചവെള്ളംപാല്‍ക്കുപ്പിയിലാക്കി പാലെന്ന് ലേബല്‍ ഒട്ടിച്ച് വിറ്റാല്‍ പച്ചവെള്ളം ഒരിക്കലും പാല്‍ ആവത്തില്ലല്ലോ?ഇതു പോലെ തന്നെയാണ് ഡോ.കെ.പി.യോഹന്നാന്റെ സ്വന്തം സഭയും ബിഷപ്പ് സ്ഥാനവും....

Thursday, May 22, 2008

പ്രണയത്തിലെ കുതത്രം : പ്രണയത്തിന്റെ രസതന്ത്രം (തന്ത്രവും രസവും) :ഭാഗം 4

ഷിന്‍പ്രണയത്തിന്റെ രസതന്ത്രം (തന്ത്രവും രസവും) :ഭാഗം 3 പോസ്റ്റ് ചെയ്തുകഴിഞ്ഞപ്പോള്‍ വീണ്ടും ഒരുപോസ്റ്റ് കൂടി ചെയ്യേണ്ടി വരുമെന്ന്‍ വിചാരിച്ചതല്ല.ഇന്നത്തെ ഒരു പത്രവാര്‍ത്ത മറ്റൊരു പോസ്റ്റിംങ്ങുകൂടിനടത്താന്‍ എന്നെ നിര്‍ബന്ധിക്കുകയാണ്.ഈ ഭാഗത്തെ ഞാന്‍ മനഃപൂര്‍വ്വം ഒഴിവാക്കിയതായിരുന്നു.പക്ഷേ ഇതിനെക്കുറിച്ച് എഴുതാതിരിക്കാന്‍ കഴിയുന്നില്ല.

മെയ് 7 ആം തീയതി മുംബയിലെ മലാഡില്‍ നീരജ് എന്ന യുവാവിനെ കൊലപ്പെടുത്തിയതിന് മലയാളിയായ മാത്യു തോമസ്സ് കാമുകി മറിയ എന്നിവരെ മുംബൈ പോലീസ് 21 ആം തീയതി കൊച്ചിയില്‍ നിന്ന്അറസ്റ്റ് ചെയ്തു.നമ്മള്‍ ദിവസവും വായിച്ചു തള്ളുന്ന കൊലപാതക വാര്‍ത്തകളായി ഈ വാര്‍ത്തയേയുംവേണമെങ്കില്‍ നമുക്ക് തള്ളിക്കളയാമായിരുന്നു.പക്ഷേ കൊലപാതകത്തിനു പിന്നിലുള്ള ‘മോട്ടീവ് ‘ആണ് ഈ കൊലപാതകത്തെ എന്റെയുള്ളില്‍ ഞെട്ടല്‍ ഉണ്ടാക്കുന്നത്.ഒരു ത്രികോണപ്രണയത്തിന്റെ(?)അവസാനമായിരുന്നു ഈ കൊലപാതകം എന്നാണ് പോലീസ് കണ്ടെത്തല്‍.സിനിമകളില്‍ പോലുംഇങ്ങനെ ഒരു കൊലപാതകം നടന്നതായി ഞാന്‍ കണ്ടിട്ടില്ല.

ഇന്നലെ അറസ്റ്റ് ചെയ്യപ്പെട്ട മറിയയും നീരജും സുഹൃത്തുക്കളായിരുന്നു.എയറോ നോട്ടിക്കല്‍ എഞ്ചിനീയറായ മാത്യു തോമസ്സും മറിയയുടെ മറ്റൊരു കൂട്ടുകാരന്‍ ആയിരുന്നു.മെയ് അഞ്ചിന് മാത്യു തോമസ്മറിയയെ ഫോണില്‍ വിളിക്കുമ്പോള്‍ ഒരു പുരുഷന്റെ ശബ്ദ്ദം കേള്‍ക്കാന്‍ ഇടയായി.അത് നിരജാണന്ന്മാത്യു തോമസിനു മനസിലായിട്ടുണ്ടാവണം.മാത്യു തോമസ് ഉടന്‍ തന്നെ മുംബയ്ക്ക് തിരിച്ചു.നാലുമണിക്കൂറിനുള്ളില്‍ അയാള്‍ മുംബയില്‍ എത്തി.മറിയയുടെ ഫ്ലാറ്റില്‍ വെച്ച് നീരജിനെ കൊന്ന് മുന്നൂറ് ചെറിയ കഷ്ണങ്ങളാക്കികൊണ്ടുപോയി കത്തിച്ചു.അതിനു ശേഷം കേരളത്തിലെത്തിയ അവരെ പോലീസ് കൊച്ചിയില്‍ നിന്ന്അറസ്റ്റ് ചെയ്തു.

ഒരു മനുഷ്യന് എത്രമാത്രം ക്രൂരനാകാം എന്ന് ഈ കൊലപാതകം നമ്മെ കാട്ടിത്തരുന്നു.ഒരു പെണ്ണിനുവേണ്ടി ഒരു മനുഷ്യനെ കൊല്ലാന്‍ ആയിരത്തിലധികം കിലോമീറ്റര്‍ സഞ്ചരിച്ച് കൊലപാതകം നടത്തിയ ക്രൂരനായ ഒരു മനുഷ്യന്‍.ഒരു നേവി ഉദ്യോഗസ്ഥന്‍ ഒരു ഇറച്ചിവെട്ടുകാരനെക്കാള്‍ ക്രൂരമായിഒരു മനുഷ്യനെ വെട്ടിനുറക്കുമ്പോള്‍ അയാള്‍ എത്രമാത്രം ഒരു ക്രൂരനാണന്ന് ചിന്തിക്കുക.അതിനു കൂട്ടുനിന്ന മറിയ ഒരു മനുഷ്യ സ്ത്രി തന്നെ ആണോ എന്നു പോലും സംശയിക്കേണ്ടിയിരിക്കുന്നു.

പ്രണയത്തിന്റെ പേരില്‍ നടത്തിയ ഈ അരുംകൊലയ്ക്ക് പ്രതികള്‍ക്ക് തൂക്കുമരം തന്നെയാണ് കിട്ടേണ്ടത്.അതൊരിക്കലും കിട്ടില്ലന്നറിയാമെങ്കിലും അങ്ങനെ ഉണ്ടാവണം.

രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് വിവാഹശേഷം കേരളത്തീലെത്തിയ വിദ്യാലക്ഷ്മി(പേര് ഇതു തന്നെ ആണോഎന്ന് ഉറപ്പില്ല) എന്ന തമിഴ് സ്ത്രി തന്റെ കാമുകന്റെ സഹായത്തോടെ തന്റെ ഭര്‍ത്താവിനെ മൂന്നാറില്‍വെച്ച് കൊലപ്പെടുത്തിയത് നമ്മള്‍ ഞെട്ടലോടെ ആണ് ശ്രവിച്ചത്.ഈ കൊലപാതകവും പ്രണയത്തിന്റെ പേരിലായിരുന്നു.കാമുകന്റെ സഹായത്തോടെ ആണ് ഈ സ്ത്രി ഹണിമൂണ്‍ ട്രിപ്പ് തയ്യാറാക്കിഭര്‍ത്താവിനോടൊപ്പം കേരളത്തിലേക്ക് തിരിച്ചത്.കാമുകന്‍ ഭര്‍ത്താവിന്റെ കഴുത്തില്‍ കുരുക്കിട്ട് മുറുക്കി കൊലപ്പെടുത്തിയതിനുശേഷം രക്ഷപെട്ടു എന്ന് ഉറപ്പാക്കിയതിനു ശേഷമാണ് ആ സ്ത്രി നിലവിളിക്കുന്നത്.പക്ഷേ നീതിയുടെ ഒരു അദൃശ്യകരം മൊബൈല്‍ മെസേജിന്റെ രൂപത്തില്‍ അവരുടെഇടയിലേക്ക് വന്നു എന്നതുകൊണ്ടു മാത്രമാണ് അവര്‍ രക്ഷപെടാതിരുന്നത്.

കാമുകനെ കൊന്ന് കഷ്ണങ്ങളാക്കി പെട്ടികളില്‍ കൊണ്ടു നടന്ന ഒരു ലേഡി ഡോക്ടരുടെ കഥ അപസര്‍പ്പകകഥ വായിക്കുന്നതുപോലെയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നമ്മള്‍ വായിച്ചത്.

ഇഷ്ടപെട്ട സ്ത്രിയെ സ്വന്തമാക്കാന്‍ വേണ്ടി കൊലപാതകങ്ങള്‍ നടത്തിയവരെക്കൂറിച്ച് പുരാണങ്ങളിലുംചരിത്രത്തിലും നമ്മള്‍ വായിച്ചിട്ടുണ്ട്.പക്ഷേ അവരാരും മാത്യു തോമസിനെ പോലയോ മരിയ മോണിക്കസുസാരുജിനെ പോലയോ ക്രൂരന്മാരായിരുന്നില്ല.ഒരേ സമയം രണ്ടുപേരെ പ്രണയിക്കുകയും അതില്‍ഒരാളെ മറ്റൊരാളിന്റെ സഹായത്തോടെ കൊലപ്പെടുത്തുകയും ചെയ്ത മരിയ എന്തായിരുന്നു പ്രണയത്തെക്കുറിച്ച് ധരിച്ചിരുന്നത്.? കേരളത്തില്‍ നിന്ന് മുംബയില്‍ എത്തി കൊലപാതകം നടത്തിയ മാത്യു തോമസ്എന്തായിരിക്കണം പ്രണയത്തെക്കുറിച്ച് അറിഞ്ഞിരുന്നത് .പ്രണയമായിരുന്നോ അതോ ഒരു ശരീരത്തിനുവേണ്ടിയുള്ള വിലപേശിയുള്ള കച്ചവടമായിരുന്നോ അവിടെ ഉണ്ടായിരുന്നത്.?

ഞാന്‍ പറഞ്ഞു തുടങ്ങിയ പ്രണയത്തിന്റെ അവസാനം ഒരിക്കലും ഇങ്ങനെയുള്ള ഒന്നായിരുന്നില്ല.പ്രണയ തന്ത്രങ്ങളില്‍ ഒരിക്കല്‍ പോലും ദണ്ഡനമോ മൃത്യുവോ കടന്നു വരാന്‍ പാടില്ല.പരസ്പരം വിട്ടു വീഴ്ച ചെയ്യാനാവാതെ വരുമ്പോള്‍ സൌഹൃദത്തോടെ പിരിയുക.ഒരിക്കലും മനസ്സില്‍ വന്യമൃഗത്തിന്റെഭാവങ്ങള്‍ കടന്നു വരാന്‍ പാടില്ല.

പ്രണയം മനോഹരമാണ് .അത് ധൈര്യശാലികള്‍ക്ക് ഉള്ളതാണ് .കവിത തുളുമ്പുന്ന പ്രണയകാലങ്ങളില്‍ ഒറ്റപ്പെട്ട ഇത്തരം സംഭവങ്ങള്‍ നമുക്ക് മറക്കാം ...

Sunday, May 18, 2008

പ്രണയത്തിന്റെ രസം : പ്രണയത്തിന്റെ രസതന്ത്രം (തന്ത്രവും രസവും) :ഭാഗം 3

പ്രണയം ധൈര്യശാലികള്‍ക്ക് പറഞ്ഞിട്ടുള്ളതാണ്.ധൈര്യശാലികളെ എന്നും ആളുകള്‍ ആരാധനയോടെനോക്കിനിന്നിട്ടുണ്ട്.പ്രണയിക്കുന്നവരുടെ പ്രണയം നോക്കികാണുന്നതിന് ധൈര്യം ആവിശ്യമില്ല എന്നുള്ളതുകൊണ്ട് പലരുടേയും പ്രണയം നോക്കി ഞാന്‍ നിന്നിട്ടുണ്ട്.അവരുടെ ഓരോ ചലനവും നോക്കി എവിടെഎങ്കിലും നില്‍ക്കാന്‍ എന്തു രസമാണ്.അല്ലങ്കില്‍ തന്നെ ആരാന്റെയമ്മയ്ക്ക് ഭ്രാന്തുവന്നാല്‍ കാണാന്‍ നല്ല രസംഎന്നാണല്ലോ പഴഞ്ചൊല്ല്.നമുക്ക് പ്രണയിക്കാന്‍ ധൈര്യം ഇല്ലങ്കിലും ബാക്കിയുള്ളവര്‍ക്ക് ധൈര്യം നല്‍കിനിലാവിലെ കോഴിയെപ്പോലെ പ്രണയഗോധയിലേക്ക് ഇറക്കിവിട്ടിട്ടുണ്ട്.അത്യാവിശ്യം വേണ്ട അല്ലറചില്ലറസഹായങ്ങളും ചെയ്തു കൊടുത്തിട്ടുണ്ട്.സഹായം എന്നുവച്ചാല്‍ എഴുത്ത് എഴുതിക്കൊടുക്കുക,എഴുത്ത് സൂക്ഷിക്കുക,വിരഹവേദനയില്‍ ഇരിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കുക തുടങ്ങിയ അല്ലറചില്ലറ സഹായങ്ങള്‍.

ഡിജിറ്റല്‍-ഇലക്ട്രോണില്‍ യുഗത്തില്‍ നമ്മുടെ മലയാള സാഹിത്യത്തിന് പറ്റിയ ഏറ്റവും വലിയ അപചയംആണ് പ്രണയലേഖനങ്ങളുടെ വംശനാശം.ചിലരെഴുതുന്ന പ്രണയലേഖനം വായിച്ച് കഴിഞ്ഞാല്‍ അത്എഡിറ്റ് ചെയ്യാതെ പുസ്തകമാക്കിയാല്‍ സാഹിത്യഅക്കാഡമി അവാര്‍ഡു‌വരെ ലഭിക്കും എന്ന് തോന്നും.ചിലത് വായിച്ചിട്ട് നമ്മള്‍ അത് കൊണ്ടുനടന്നാല്‍ അശ്ലീലസാഗിത്യസൃഷ്ടികള്‍ കൊണ്ടു നടന്നതിന് പോലീസ്ചിലപ്പോള്‍ നമ്മളെ അറസ്റ്റ്ചെയ്തന്ന് ഇരിക്കും.ചിലരുടെ പ്രണയ ചാപല്യം കണ്ടാല്‍ ലോകത്ത് ബാക്കിയുള്ളവരെല്ലാം കണ്ണുപൊട്ടന്മാരാണന്ന് തോന്നും.(ഇത്തരം ചിലക്കാഴ്ചകള്‍ ഞാന്‍ രാവിലെ 11.30 ന് എറണാകുളത്ത്നിന്ന് കായംകുളത്തിന് വരുന്ന പാസഞ്ചര്‍ ട്രയിനില്‍ കണ്ടിട്ടുണ്ട്.).അതെല്ലാം നമുക്ക് വിടാം പ്രണയരസങ്ങളിലേക്ക് കടന്നു വരാം.

ഹൈസ്ക്കൂളില്‍ പഠിക്കുമ്പോള്‍ ഞങ്ങളുടെ ക്ലാസില്‍ പഠിക്കുന്ന ഒരു കൊച്ചിനെ മറ്റൊരു ക്ലാസിലെ ചെറുക്കന്ഇഷ്ടമായിരുന്നു.അവരങ്ങനെ പ്രണയലേഖനങ്ങള്‍ കൈമാറിയിരുന്നില്ല.കാരണം രണ്ടുപേര്‍ക്കും വലുതായിട്ട്എഴുതാനും വായിക്കാനും അറിയില്ലായിരുന്നു.പത്താം ക്ലാസില്‍ രണ്ടു പേരും തോറ്റു.രണ്ടു വര്‍ഷം കഴിഞ്ഞ്ഏതായാലും രണ്ടുപേരും തമ്മിലങ്ങ് കെട്ടി.ഞാന്‍ നോക്കി കണ്ട പ്രണയത്തിലെ ഒരേ ഒരു വിവാഹമായിരുന്നുഇത്.ഞാന്‍ പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ ഞങ്ങളുടെ ക്ലാസില്‍ നിന്ന് ഒരു പെണ്‍കുട്ടിയെ കാണാതായി.കുറേ ദിവസങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടി മടങ്ങി വന്നു.അവളെതിരക്കി കുറെ ആളുകള്‍ സ്കൂളിനടുത്ത് എത്തി.എത്രയും പെട്ടന്ന് അവരുടെ അടുത്ത് ചെന്നില്ലങ്കില്‍ അവളുടെ നഗ്നഫോട്ടോകള്‍ സ്കൂളില്‍ വിതരണംചെയ്യുമെന്ന് അവളോട് പറഞ്ഞേക്ക് എന്ന് പറഞ്ഞ് അവര്‍ പോയി.അതിനു ശേഷം അവള്‍ സ്‌കൂളില്‍എത്തിയിട്ടില്ല.വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ ആ പെണ്‍കുട്ടിയെ പത്തനംതിട്ടയില്‍ വച്ച് കണ്ടു.കൈയ്യില്‍ഒരു കുട്ടിയും ഉണ്ടായിരുന്നു.ശോഷിച്ച ആ ശരീരത്തിന് ആ കുട്ടിയെ എടുത്തുകൊണ്ട് നില്‍ക്കാനുള്ള കെല്‍പ്പ്ഇല്ലായിരുന്നു.ഞാന്‍ കണ്ട ആദ്യ പ്രണയ ദുരന്തമായിരുന്നു ഇത്.

ട്രാജഡിയില്‍ നിന്ന് കോമഡിയിലേക്ക് വരാം.പണ്ട് പ്രണയത്തില്‍ ‘ലവ്‌ലറ്ററിന് ‘ നല്ല ഒരു സ്ഥാനം തന്നെഉണ്ടായിരുന്നു.കൂട്ടുകാര്‍ക്കെല്ലാം ലവ് ലെറ്റര്‍ എഴുതുന്ന ഒരുത്തന്‍ ഉണ്ടായിരുന്നു.പലരും അവന്റെ അടുത്ത്എഴുത്ത് എഴുതിക്കാന്‍ എത്തുമായിരുന്നു.പലരു കൊണ്ടുവരുന്ന എഴുത്താണങ്കിലും അതിലെ ഒട്ടുമിക്കഎഴുത്തുകള്‍ക്കും ഒരേ ശൈലി ആയിരുന്നു.അന്വേഷണത്തിന് ഇറങ്ങിയ അവന്‍ അവസാനം അവളെകണ്ടുപിടിച്ചു.കൂട്ടുകാരികള്‍ക്ക് വേണ്ടി എഴുത്ത് എഴുതിക്കൊടുക്കുന്ന അവള്‍ക്ക് അവന്‍ നേരിട്ട് തന്നെ ഒരുഎഴുത്ത് അങ്ങ് കൊടുത്തു.കരക്കാര്‍ കൊണ്ടുവരുന്ന എഴുത്തിന് മറുപിടി എഴുതി കൈമാറുന്നതിനു പകരംനെരിട്ടങ്ങ് എഴുത്തുകൈമാറല്‍ തുടങ്ങി.

ഒട്ടുമിക്ക പ്രണയത്തിലും ഒരു വില്ലനോ വില്ലത്തിയോ ഇടയില്‍ കയറും.അത് ചിലപ്പോള്‍ പെണ്ണിന്റെ ആങ്ങളആവാം,പെണ്ണിന്റെ ക്ലാസില്‍ പഠിക്കുന്ന അരെങ്കിലും ആവാം, അങ്ങനെ ആരെങ്കിലും ആവാം.ചിലപ്പോള്‍നായിക നായകനെ ഉപേക്ഷിച്ച് വില്ലനെ നായകനാക്കാനും മടികാണിക്കാറില്ല.

നായകനും നായികയും എഴുത്ത് കൈമാറാന്‍ കൂട്ടുകാരുടെ സഹായം തേടാറുണ്ട്.ഇതിലെ കാമുകന് TVS ല്‍ആണ് പണി(TVS -തെക്ക് വടക്ക് സര്‍വ്വീസ്, പച്ചമലയാളത്തില്‍ വായിനോട്ടം).കാമുകന്‍ പണിക്കിറങ്ങിപണിക്കിറങ്ങി ഒരു കാമുകിയെ ഒപ്പിച്ചെടുത്തു.എഴുത്ത് കൈമാറാന്‍ കാമുകി കാമുകന്റെ വീടിനടുത്തുള്ളകൂട്ടുകാരിയുടെ സഹായം തേടി.കാമുകി ഹംസത്തിന്റെ കൈയ്യില്‍ കൊടുത്തുവിടുന്ന എഴുത്ത് കാമുകന്‍ തന്റെകൊച്ചു ശിങ്കിടികളില്‍ ആരെയെങ്കിലും വിട്ട് വാങ്ങിപ്പിക്കും.തിരിച്ചും ഇങ്ങനെ തന്നെ.കാമുകനും കാമുകിയുംഹിന്ദുവും ഹംസം ക്രിസ്ത്യാനിയുമാണ് (ജാതി പറഞ്ഞത് എന്തിനാണന്ന് മനസ്സിലാവും).കുറച്ചുനാളുകള്‍കഴിഞ്ഞപ്പോള്‍ ഹംസത്തിന് ഈ പരിപാടി ബോറടിച്ച് തുടങ്ങി.ഹംസം കിട്ടുന്ന എഴുത്തുകള്‍ പൊട്ടിച്ച്എഡിറ്റ് ചെയ്ത് മാറ്റി എഴുതി രണ്ടുപേര്‍ക്കും കൊടുക്കാന്‍ തുടങ്ങി.ഒരു ദിവസം ഹംസത്തിന്റെ വീട്ടുകാര്‍എഴുന്നേറ്റപ്പോള്‍ ഹംസത്തെകാണാനില്ല.വീട്ടുകാര്‍ അന്വേഷണം ആരംഭിച്ചു.അന്വേഷണത്തില്‍ കാമുകന്‍രണ്ടു ദിവസത്തിനു മുമ്പേ ക്ഷേത്ര ദര്‍ശനത്തിനെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പോയി എന്നറിഞ്ഞു.കാമുകനുംഹംസവും ഒരാഴ്ച് കഴിഞ്ഞ് ഒരുമിച്ചാണ് നാട്ടില്‍(കാമുകന്റെ വീട്ടില്‍) തിരിച്ചെത്തിയത്.രണ്ടുരണ്ടര വര്‍ഷത്തിനു ശേഷം ഹംസത്തിന് കുഞ്ഞുണ്ടായപ്പോള്‍ ഹംസത്തിന്റെ വീട്ടുകാരുടേയും പിണക്കമെല്ലാം തീര്‍ന്നു.ഇതല്ലകാമുക-ഹംസ പ്രണയത്തിലെ രസം ഹംസത്തിന് എഴുത്തില്‍ എഡിറ്റ് ചെയ്യാനുള്ള പൊടിക്കൈ ഡയലോഗുകള്‍ പറഞ്ഞ് കൊടുത്തിരുന്നത് കാമുകന്റെ പെങ്ങളായിരുന്നു.ആ ഡ‌യലോഗുകള്‍ വായിച്ച കാമുകന്റെ കൂട്ടുകാര്‍ പെങ്ങള്‍ ആങ്ങളയ്ക്ക് നല്‍കിയ വിശേഷണങ്ങള്‍ പറഞ്ഞ് ഇപ്പോഴും ചിരിക്കാറുണ്ട്.(കാമുകികാമുകനെക്കുറിച്ച് പറയുന്ന കാര്യങ്ങള്‍ പെങ്ങള്‍ പറയുന്‍പോള്‍ എന്താണ് സംഭവിക്കുക?).

പ്രണയഫീല്‍ഡില്‍ ഇറങ്ങിക്കളിച്ച് ഒളിച്ചോടിയ മൂന്നാലു ആളുകളെ എനിക്കറിയാം.അവരുടെ കഥകള്‍ എല്ല്ലാംകൂടി ഞാന്‍ പറഞ്ഞാല്‍ ഇതൊരു ഒളിച്ചോട്ടരസക്കഥകള്‍ ആയിപ്പോകും.അതുകൊണ്ട് ഞാനതിന് മുതിരുന്നില്ല.മറ്റൊരു പ്രണയകഥ പറയാം.ഡിഗ്രിക്ലാസില്‍ ആണ്‍കുട്ടികളുടെ ബഞ്ചിനു പിന്നിലായി പെണ്‍കുട്ടികള്‍ക്കുംഇരിപ്പടം ഉണ്ടായിരുന്നു.അവസാന ബഞ്ചിലെയൊരു ആണ്‍കുട്ടിയും ആദ്യബഞ്ചിലെയൊരു പെണ്‍കുട്ടിയും തമ്മിലുള്ളഇരിപ്പുവശം സംശയിക്കേണ്ടതായ രീതിയില്‍ അല്ലായിരുന്നു.യൂണിവേഴ്‌സിറ്റി പരീക്ഷ ആവാറായപ്പോള്‍ പുസ്ത്കങ്ങള്‍ പരിശോധിച്ചപ്പോള്‍ മലയാളത്തിന്റെ പുസ്ത്കം കൈവശം ഇല്ല.ഗൈഡ് തിരക്കി ചെന്നപ്പോള്‍ഗൈഡ് തീര്‍ന്നു.പിന്നെ രക്ഷ ഫോട്ടോ സ്റ്റാറ്റാണ്.ഫോട്ടോസ്റ്റാറ്റ് എടുക്കാനായി ഗൈഡ് തപ്പിയിറങ്ങി.അവസാന ബഞ്ചിലെ ആ ആണ്‍കുട്ടിയുടെ ഗൈഡ് ചോദിച്ചുവാങ്ങാന്‍ സമയമില്ലാത്തതുകൊണ്ട് അനുവാദംചോദിക്കാതങ്ങ് എടുത്തു.ഗൈഡിന്റെ പൊതിച്ചിലിന് അസാധാരണമായ കനം കണ്ട് പൊതിച്ചില്‍ ഇളക്കി.അതില്‍ അവള്‍ അവനെഴുതിയ ഒരു എഴുത്ത്.ഒന്നും അറിയാത്ത ഭാവത്തില്‍ ഗൈഡ് തിരിച്ച് വച്ചു.പിന്നീട്അവരുടെ ഓരോ ചലനവും നിരീക്ഷിച്ചു.അവസാനം ഗൈഡ് കൈമാറിയപ്പോള്‍ രണ്ടിനേയും തൊണ്ടി സഹിതംപൊക്കി.ഗൈഡ് എഴുതിയ വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ള മനസ്സില്‍ പോലും വിചാരിച്ചിട്ടുണ്ടാവില്ല തന്റെഗൈഡ് കൊണ്ട് ഇങ്ങനെയൊരു പ്രയോജനം ഉണ്ടാവുമെന്ന്.ഗോപിനാഥപിള്ളയ്ക്ക് സ്തുതി.ഒരു വര്‍ഷത്തോളം അവരുടെ പ്രണയം കണ്ടെത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല എന്നത് ഞങ്ങളെഅതിശയിപ്പിച്ചു.അവന്‍ ക്രിസ്ത്യാനിയും അവള്‍ ഹിന്ദുവും ആണ്.അവര്‍ പ്രണയിച്ചുകൊണ്ടേയിരുന്നു.അവരുടെപ്രണയം ഞങ്ങളെ ഇപ്പോഴും അതിശയിപ്പിക്കുകയാണ്.തങ്ങള്‍ തമ്മില്‍ ഇപ്പോള്‍ ഒരു ബന്ധവും ഇല്ലന്ന്അവര്‍ പറയുന്നുണ്ടങ്കിലും ഞങ്ങള്‍ക്കത് വിശ്വാസമായിട്ടില്ല.കാരണം അവളിതുവരെ വിവാഹം കഴിച്ചിട്ടില്ല.അവനാണങ്കില്‍ ഇപ്പോള്‍ അച്ചപ്പട്ടത്തിന് പഠിക്കുകയാണ്.അവനേയും പ്രതീക്ഷിച്ചാണോ അവള്‍ ഇപ്പോഴുംകാത്തിരിക്കുന്നത് ?അതാര്‍ക്കും അറിയില്ല.

ചില ലൈന്‍‌മാന്മാര്‍ എവിടെ ഫ്യൂസ് പാനല്‍ കണ്ടാലും അവിടൊക്കെ ഫ്യൂസ് കുത്താന്‍ നോക്കുമെന്ന് പറഞ്ഞ്കേട്ടിട്ടുണ്ട്.അതുപോലെയാണ് പ്രേമപ്പനി പിടിച്ച ചിലര്‍.എവിടെയെങ്കിലും കാണാന്‍ കൊള്ളാവുന്ന ഒരുപെണ്‍കൊച്ചിനെ കണ്ടോ,അന്നേരം മുതല്‍ എലിപുന്നല്ലു കണ്ട് ഓടുന്നതുപോലെ അവന്‍അതിന്റെ പുറകെ വിടും.അവളുടെ വായില്‍ നിന്ന് എന്തെങ്കിലും കേട്ടാലേ കക്ഷിക്ക് ഉറക്കം വരുകയുള്ളു.കേള്‍ക്കേണ്ട തെറി കേട്ടുകഴിയുമ്പോള്‍ സംതൃപ്തിയോടെ തിരിച്ചുപോരും..

ഒരേസമയം തന്നെ ഒന്നില്‍ക്കൂടുതല്‍ കാമുകിമാരെ മാനേജ് ചെയ്യുന്ന ട്രിപ്പീസ്‌കളി കാമുകന്മാരെ പലപ്പോഴുംകാണാന്‍ കഴിഞ്ഞിട്ടുണ്ട്.കാമുകന്‍‌മാര്‍ മാത്രമല്ല ട്രിപ്പീസ് കളിയില്‍ മിടുക്കന്മാര്‍.ചില കാമുകിമാരും ഈ ട്രിപ്പീസ് കളി നടത്താറുണ്ട്.X എന്ന കാമുകി Y എന്ന കാമുകനെ സ്നേഹിക്കുന്നതായി പറയുന്നു.Y എന്ന കാമുകന്സന്തോഷമായി.തണുപ്പുള്ള ഒരു രാത്രിയില്‍ കാമുകി ഐസ്ക്രീം വേണാമെന്ന് പറഞ്ഞപ്പോള്‍ കാമുകന്‍ഐസ്ക്രീം വാങ്ങാന്‍ എവിടെയൊക്കെ പോയതാണ്?X ഉം Y ഉം പ്രണയിച്ചു കഴിയുമ്പോള്‍ കം‌മ്പ്യൂട്ടര്‍ ലാബില്‍നിന്ന് പുറത്തേക്കിറങ്ങിയ X താനിരുന്ന സിസ്റ്റം ഒന്നു ഷട്ട് ഡൌണ്‍ ചെയ്യാന്‍ മറ്റൊരാളോട് പറയുന്നു.അയാള്‍സിസ്റ്റം ഡൌണ്‍ ചെയ്യാന്‍ ചെന്നപ്പോള്‍ Xന്റെ സിസ്റ്റ്‌ത്തില്‍ അവളുടെ മെയില്‍ ഓപ്പണാക്കി ഇട്ടിട്ടുണ്ട്.'compose'ല്‍ Zന് അയക്കാനായി ഒരു മെയില്‍ ടൈപ്പ് ചെയ്ത് ഇട്ടിരിക്കൂകയാണ് .താന്‍ Y യെ പ്രണയിക്കുന്നതായി അഭിനയിക്കുകയാണന്ന് X ആ മെയിലില്‍ എഴുതിയിരുന്നു.കമ്പ്യൂട്ടര്‍ ഡൌണ്‍ ചെയ്യാന്‍ പോയവന്‍ആ മെയില്‍ തന്റെ മെയിലിലേക്കും കൂടി അയിച്ചിട്ടാണ് സിസ്റ്റം ഡൌണ്‍ ചെയ്തത്.

വിജാതീയ ധ്രുവങ്ങള്‍ തമ്മില്‍ ആകര്‍ഷിക്കും എന്ന തത്വത്തില്‍ ആണ് ഒട്ടുമിക്ക പ്രണയങ്ങളും ഉടലെടുക്കുന്നത്.കറത്തവനെ വെളുത്തവള്‍ പ്രണയിക്കും,വണ്ണമുള്ളവളെ വണ്ണമില്ലാത്തവന്‍ പ്രണയിക്കും.ചില പ്രണയജോഡികളെ കണ്ടാല്‍ നമ്മള്‍ തന്നെ മനസില്‍ പറയും ഇവളെന്തോ കണ്ടോട്ടാ ഇവനെ പ്രേമിച്ചത്.പ്രണയംഅങ്ങനെയാണ് അതിന് കണ്ണും മൂക്കും ഒന്നും ഇല്ല.കാണാന്‍ തരക്കേടില്ലാത്ത ഒരു പിഡിസി കൊച്ചിന്റെപുറകെ ഞങ്ങള്‍ കുറേയെണ്ണം നടന്നു.അവള്‍ വരുന്ന വഴിയില്‍ അവളെക്കാത്ത് നിന്നു.നില്‍പ്പ് നിര്‍ത്താംഎന്ന് തീരുമാനം എടുക്കാറായപ്പോള്‍ അവള്‍ ഞങ്ങളില്‍ ആരയോ നോക്കി ചിരിച്ചു തുടങ്ങി.അവളാരെയാണ്നോക്കി ചിരിക്കുന്നതെന്ന് അറിയാന്‍ ഞങ്ങള്‍ ക്ലാസിലെ പെണ്‍കുട്ടികളെ അന്വേഷിക്കാന്‍ വിട്ടു.അവര്‍കൊണ്ടുവന്ന വാര്‍ത്ത കേട്ട് ഞങ്ങള്‍ ഞെട്ടി.ഒരുത്തിപോലും നിന്നെ പ്രേമിക്കത്തില്ലന്ന് പറഞ്ഞ് ഞങ്ങള്‍ദിവസവും കളിയാക്കുന്നവനെ ഒരുത്തനെ നോക്കിയാണത്രെ അവള്‍ ചിരിക്കുന്നത്.പിറ്റേന്ന് മുതല്‍ അവനൊഴിച്ച്ബാക്കിയുള്ളവര്‍ അവളുടെ പുറകില്‍ നിന്ന് പിന്മാറി.അവനൊരു ജീവിതം ഉണ്ടാക്കി കൊടുക്കണമല്ലോ ?ഞങ്ങള്‍ തന്നെ ഒരു എഴുത്ത് എഴുതി അവനുവേണ്ടി അവള്‍ക്ക് നല്‍കി.വെറും എഴുത്തല്ല രക്തം കൊണ്ട്എഴുതിയ ഒരു എഴുത്ത്.ചോരയില്‍ മുക്കിയുള്ള ആ എഴുത്തില്‍ അവള്‍ ഭയന്നു.അതോടെ വിടരും മുമ്പേആ പ്രണയം കൊഴിഞ്ഞു.

പ്രണയത്തിന്റെ ആ ചൂടില്‍ പെണ്ണിന്റെ വീടും സ്ഥലവും ഒക്കെ മറന്നുപോകം.അവനും അവളും തമ്മില്‍ഒടുക്കത്തെ പ്രണയം.ഒരു മതം ആണങ്കിലും രണ്ട് ജാതിക്കാരായിരുന്നു അവര്‍.വിവാഹം കഴിക്കുകയാണങ്കില്‍അവളെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂ എന്ന് അവന്‍ വീട്ടില്‍ പറഞ്ഞു.അവളും അങ്ങനെ തന്നെ വീട്ടില്‍പറഞ്ഞു.രണ്ടു വീട്ടിലും പ്രശ്നമായി.എന്നാല്‍ പിന്നെ രജിസ്റ്റ്ര് മാര്യേജ് എന്നു തന്നെ അവനും അവളും അങ്ങ്ഉറച്ചു.നീണ്ട വാദപ്രതിവാദങ്ങള്‍ക്ക് ശേഷം വിവാഹത്തിന് വീട്ടുകാര്‍ സമ്മതിച്ചു.നമ്മുടെ പയ്യന്റെ വീട്ടുകാര്‍പെണ്ണുകാണാനായി പെണ്ണിന്റെ വീട്ടിലേക്ക് കാറില്‍ യാത്രയായി.പയ്യന്‍ അവളെ കാണാനായി ഒന്നു രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് ആ വഴി വന്നിട്ടുണ്ട്.പയ്യന് അന്നത്തെ വഴി ഒരുഓര്‍മ്മയുണ്ട്.പയ്യന്‍ പറഞ്ഞ സ്ഥലത്തുകൂടികാര്‍ വിട്ടു.കുറച്ചു കഴിഞ്ഞപ്പോള്‍ വഴി തെറ്റിയന്ന് അവര്‍ക്ക് മനസ്സിലായി.ചെറുക്കന്‍ പണ്ട് ആ വഴി വന്നപ്പോള്‍പെണ്ണിന്റെ വീടിന്റെ മുന്നിലെ വലിയ റബ്ബര്‍ മരങ്ങളാണ് അടയാളമായി വച്ചിരുന്നത്.ഇപ്പോള്‍ ആ പ്രദേശത്ത് എല്ലാംതൈറബ്ബര്‍ ആണ്.കാമുകിയുടെ വീടറിയാത്ത ഇവന്‍ എന്തൊരു കാമുകനാടാ എന്ന് കാറിലിരുന്നവര്‍ചിന്തിച്ചു.അവര്‍ വണ്ടി നിര്‍ത്തി.കാമുകന്‍ ഇറങ്ങി.അടുത്ത ഒരു വീട്ടില്‍ നിന്ന് ഒരു പട്ടിയുടെ കുര കേള്‍ക്കുന്നു.അതെ അതുതന്നെ ആണവളുടെ വീട്.രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് വന്നപ്പോള്‍ ആ പട്ടി ഓടിച്ചത് എങ്ങനെയാണ്മറക്കാന്‍ പറ്റുക.

എല്ലാം നമ്മള്‍ മറന്നേ പറ്റുകയുള്ളു.മനുഷ്യര്‍ക്ക് ദൈവം തന്ന ഒരു വരമാണല്ലോ മറവി.അതുകൊണ്ട് നമ്മുക്ക്എല്ലാം മറക്കാം.പ്രണയ രസങ്ങള്‍ തല്‍ക്കാലം അവസാനിപ്പിക്കുകയാണ്. ലോകം ഉള്ള കാലത്തോളം പ്രണയവും അതിനുവേണ്ടിയുള്ള തന്ത്രങ്ങളും അതിലുള്ള രസങ്ങളും ഉണ്ടാവും..രണ്ടുപേര്‍ തമ്മില്‍ എങ്ങനെപ്രണയിക്കുന്നു എന്ന് നമുക്ക് ഇനി മുതല്‍ നിരീക്ഷിക്കാം.

മനസ്സുകള്‍ തമ്മിലാണ് പ്രണയിക്കുന്നതന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്.കവികളെല്ലാം അതു തന്നെയാണ് പറഞ്ഞത്.പ്രണയത്തിന്റെ നിത്യ സ്മാരകമായി നമ്മള്‍ കരുതുന്ന താജ്‌മഹലില്‍ മുംതാസ് സന്തോഷവതി ആയിരുന്നോ?താജ്‌മഹലില്‍ കഴിഞ്ഞ മുംതാസിന്റെ പ്രധാനപണി ഷാജഹാന് കൊച്ചുങ്ങളെ പ്രസവിക്കുക എന്നതായിരുന്നു.ഒരു പ്രസവത്തിന്റെ ക്ഷീണം മാറുമ്പോഴേക്കും അടുത്ത പ്രസവത്തിനുള്ള സമയം ആകുമായിരുന്നു..പിള്ളാരുടെഎണ്ണം ഡസന്‍ കഴിഞ്ഞപ്പോഴേക്കും മുംതാസ് ഒരു പരുവമായിക്കഴിഞ്ഞിരുന്നു.എന്നിട്ടും തന്റെ എല്ലാമെല്ലാമായഷാജഹാനുവേണ്ടി അവള്‍ സ്വന്തം ദുഃഖം മറന്നു.മുംതാസ് മരിക്കുന്നത് ഒരു പ്രസവത്തോടു കൂടിയാണ്.

ഷാജഹാനും മുംതാസും മരിച്ചു.അവരുടെ പ്രണയകഥളുടേയും സ്മാരകങ്ങളുടെയും പേരില്‍ നമ്മള്‍ ഇപ്പോഴുംപ്രണയിക്കുന്നു.... പ്രണയം നടക്കട്ടെ... പുതിയ രസക്കഥകളുമായി വീണ്ടും കാണാം.

Saturday, May 17, 2008

പ്രണയതന്ത്രങ്ങള്‍ :പ്രണയത്തിന്റെ രസതന്ത്രം (തന്ത്രവും രസവും) :ഭാഗം 2

പ്രണയത്തിന്റെ രസതന്ത്രം (തന്ത്രവും രസവും) :ഭാഗം 2


പ്രണയതന്ത്രങ്ങള്‍ :

ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കും എന്ന് പറയുന്നത് പ്രണായത്തിനുകൂടി അവകാശപെടാവുന്നതാണ്. ഏത് സിനിമയോ നാടകമോ എടുത്തുനോക്കിയാല്‍ അതില്‍ പ്രണയം കാണാം.ഒരു സൂപ്പര്‍ഹിറ്റ് കോമഡിസിനിമയുടെ കഥാതന്തു പ്രണയമായിരിക്കും, അത് ഒരു സാധാപ്രണയമോ,ത്രികോണ പ്രണയമോ, ച‌തുഷ്ക്കോണ പ്രണയമോ ഒക്കെ ആവാം.എന്താണങ്കിലും ആ സിനിമയുടെ ഹൈലൈറ്റ് കോമഡി സീനുകളെല്ലാംപ്രണയതന്ത്രങ്ങളുമായി ബന്ധപ്പെട്ടതായിരിക്കം.

ക്ലാസ്സില്‍ ഒന്നം സ്ഥാനമുള്ളവന് പ്രണയതന്ത്രങ്ങളെ കുറിച്ച് ഓര്‍ത്ത് തല ചിന്തിച്ച് പുണ്ണാക്കേണ്ട കാര്യമില്ല.സ്റ്റേജ് പെര്‍ഫോര്‍മന്‍സ് കലകളില്‍ കഴിവുള്ളവര്‍ക്ക് (സ്റ്റേജില്‍ കയറിനിന്ന് എന്തെങ്കിലും കാട്ടിക്കൂട്ടാന്‍ കഴിയുന്നവന്) പ്രണായമാര്‍ക്കറ്റില്‍ നല്ല മാര്‍ക്കറ്റ് ആണ്.സംഗീതം,മിമിക്രി തുടങ്ങിയവ ആണ്‍കുട്ടികള്‍ക്ക് പ്ലസ്പോയിന്റാണങ്കില്‍ നൃത്തം ആണ് പെണ്‍കുട്ടികളുടെ പ്ലസ് പോയിന്റ്.നൃത്തം ലാസ്യമാണ്,ലാസ്യം അവളുടെസൌന്ദര്യവുമായി ബ്ന്ധപെട്ടിരിക്കുന്നു.ലോകത്തിലെ ഒട്ടുമിക്ക കവികളും സ്ത്രിയുടെ സൌന്ദര്യത്തെക്കുറിച്ച്കവിത എഴുതിയിട്ടുണ്ട്.അവളുടെ നടപ്പിനെക്കൂറിച്ചും(അന്നനട),തലമുടിയെക്കുറിച്ചും(പനങ്കുലപോലത്തെ),കണ്ണുകളെക്കുറിച്ചും(മാന്മിഴിക്കണ്ണുകള്‍, പരല്‍മീന്‍ കണ്ണുകള്‍),മൂക്കിനെക്കുറിച്ചും,ചുണ്ടിനെക്കുറിച്ചും ഒക്കെ,തലതൊട്ട് അടിവരേയും,നഖം തൊട്ട് മുടിവരേയും ഉപമകളുടേയും,അലങ്കാരങ്ങളുടേയും,ചമത്ക്കാരങ്ങളുടെയുംസഹായത്തോടെ കവികള്‍ എന്തെല്ലാമാണ് എഴുതി കൂട്ടിയത്.?ഏതെങ്കിലും കവി പുരുഷന്റെ സൌന്ദര്യത്തെക്കുറിച്ച് എഴുതിയിട്ടുണ്ടോ ?

നൃത്തം ഏതൊരു കഠിനഹൃദയന്റേയും ഹൃദയത്തെ മറിച്ചിട്ട് അവിടെ പ്രണയത്തെ വിരിയിക്കാന്‍ ശക്തിയുള്ളതാണ്.കേവലമൊരു കൊട്ടാര നര്‍ത്തികിയായ മേനകയ്ക്ക് വിശ്വാമിത്രന്റെ തപസ്സ് മുടക്കാനും,പ്രണയലീലകളില്‍മുങ്ങിത്താഴാനും കഴിഞ്ഞത് നൃത്തം കൊണ്ടാണല്ലോ?അതുകൊണ്ട് നമുക്കം പ്രയോജനമുണ്ടായി.ലക്ഷണമൊത്തഒരു പ്രണയകാവ്യം നമുക്ക് കിട്ടി.(നൃത്തത്തിന്റെ ശക്തി അപാരമാണ്, ഹെരോദാവിന് സ്നാപകയോഹന്നാന്റെതലവെട്ടേണ്ടി വന്നത് ഒരു പെണ്‍കൊച്ചിന്റെ നൃത്തത്തില്‍ മതിമറന്നതുകൊണ്ടാണ്.)മൂടും,ലയും കുലുക്കിയുള്ളആസുരനൃത്തത്തെക്കുറിച്ചില്ല ഞാന്‍ പറഞ്ഞത്,ലാസ്യ നൃത്തത്തെക്കുറിച്ചാണ്.നൃത്തം അതിന്റെ വഴിക്ക്നടക്കട്ടെ,നമുക്ക് നമ്മുടെ വഴിക്ക് നീങ്ങാം.

പ്രണയതന്ത്രങ്ങള്‍ എന്ന് പറയുന്നത് ഉഡായിപ്പ് പരിപാടികളെക്കുറിച്ചാണന്ന് ധരിക്കരുത്.മുട്ടിവിന്‍ തുറക്കപ്പെടുംഎന്നാണല്ലോ പ്രമാണം.ചിലവാതിലാണങ്കില്‍ മുട്ടാതെ തന്നെ ചിലരെക്കാണുമ്പോള്‍ അറിയാതങ്ങ് തുറന്നുവരും.(ആദ്യാനുരാഗം എന്നൊക്കെ ആരക്കയോ ഇതിനു പറയുന്നുണ്ട്.അതായത് അവനവളെ കാണുന്ന മാത്രയില്‍കാമദേവന്‍ തന്റെ കരിമ്പ് വില്ലില്‍ നിന്ന് അരവിന്ദമോ,അശോകമോ,ചൂതമോ,നവമാലികയോ,നീലോല്‌പലമോഅങ്ങ് അവന്റെയും അവളുടേയും മനസ്സിലോട്ട് അങ്ങ് എയ്യും.കൊള്ളേണ്ടടത്ത് അമ്പ് കൊണ്ടന്നറിഞ്ഞാല്‍ഞാനൊന്നും അറിഞ്ഞില്ല്ലേ നാമനാരായണാ എന്നമട്ടില്‍ കാമദേവന്‍ അടുത്ത സ്ഥലം പിടിക്കും).ചിലവാതിലില്‍മുട്ടിക്കൊണ്ടേ ഇരിക്കണം.ക്ലാവും തുരുമ്പും പിടച്ച് വിജാകിരിയുള്ള വാതില്‍ തുറക്കാന്‍ കുറേപാടാണ്.ചിലപ്പോള്‍ഗതികെട്ട് വാതില്‍ തുറന്ന് അകത്തി കയറ്റി ഇരിക്കും.ഇവനെ എങ്ങനെയാണ് ഒന്നു ഇറക്കിവിടുന്നത് എന്ന്ചിന്തിച്ച് വാതില്‍ തുറക്കുന്ന ചിലര്‍ കയറി ഇരുന്നവനെ ചിലപ്പോള്‍ ഇറക്കിവിടത്തേയില്ല.മൂട്ടില്‍ ഫെവിക്വിക്ക്തേച്ച് അങ്ങ് ഒട്ടിച്ചിരിത്തും.ചിലരാണങ്കില്‍ വാതിലില്‍ മുട്ടുന്നവനെ ചൂലുംകെട്ട് എടുത്ത് തല്ലിയോടിച്ച് ചാണകവെള്ളം തളിക്കും.തുറക്കാത്ത ചിലവാതില്‍ ചവിട്ടിപൊളിച്ച് അകത്ത് കടക്കണം.അവളുടെ ഹൃദയത്തിന്റെവാതില്‍ തുറക്കാനുള്ള ശ്രമങ്ങളെമാത്രമാണ് തന്ത്രങ്ങള്‍ എന്ന് ഉദ്ദേശിക്കുന്നത്.മെട്രോപ്പോലീത്തന്‍ നഗരങ്ങളില്‍വളരെക്കുറച്ചുനാളുകളേ ഞാന്‍ വായിനോക്കി നടന്നിട്ടുള്ളൂ എന്നതുകൊണ്ടും ഹിന്ദി വലിയപിടി ഇല്ലാത്തതുകൊണ്ടുംഅവിടിത്തെ തന്ത്രങ്ങള്‍ ഒന്നും മനസ്സിലാക്കാന്‍ പറ്റിയിട്ടില്ല, മെട്രോപ്പോലീത്തന്‍ പ്രണയ തന്ത്രങ്ങളെക്കുറിച്ച് പറയാന്‍ എനിക്കറിയില്ല.ലോകത്ത് എല്ലായിടത്തും തന്ത്രങ്ങള്‍ ഒന്നുതന്നെ ആയിരിക്കാനാണ് സാധ്യത.

കൊച്ചുസ്ക്കൂളില്‍ പഠിക്കുമ്പോള്‍ സ്കൂളിലേക്കുള്ള യാത്രകളില്‍ കണ്ണ് വല്ലവന്റേയും കശുമാവിലും കവുങ്ങിലുംആയിരിക്കും.എറിഞ്ഞും കുലുക്കിയും ഇടുന്ന പറങ്കാണ്ടിയും പാക്കും കൊടുത്ത് മാടക്കടയില്‍ നിന്ന് വാങ്ങുന്നകല്ലുണ്ടയും നാരങ്ങാമുട്ടായിയും പേപ്പറില്‍ പൊതിഞ്ഞ് മൂടുപോയ നിക്കറിന്റെ പോക്കറ്റില്‍ ഇട്ടിരിക്കൂം.അവളെഒന്നു ഒത്തുകിട്ടിയാല്‍(പിഞ്ചുമനസിലെ വാക്കാണേ!)മുട്ടായിപ്പൊതി അവള്‍ക്ക് നേരെ നീട്ടും.വിറയ്ക്കുന്ന കൈകള്‍കൊണ്ട് അവളത് വാങ്ങുമ്പോള്‍ വലയെറിഞ്ഞവന് വലനിറയെ ചാള കിട്ടുന്ന സന്തോഷമാണ്.ഹൈസ്ക്കൂളില്‍ എത്തിയാല്‍ കല്ലുണ്ടയും നാരങ്ങാമുട്ടായിയും ഫൈവ്സ്റ്റാറിനു വഴിമാറും.ഖരരൂപത്തിലുള്ള ഫൈവ്സ്റ്റാര്‍ അവളുടെ കൈയ്യില്‍ എത്തുമ്പോഴേക്കും ചിലപ്പോള്‍ ദ്രാവകരൂപത്തില്‍ ആയിട്ടുണ്ടാവും.പിഡിസിക്ക് എത്തുമ്പോള്‍ ഫൈവ്സ്റ്റാര്‍ ഐസ്ക്രീമിന് വഴിമാറും.ഐസ്‌ക്രീം പാര്‍‌ലറില്‍ ഇരിക്കുമ്പോള്‍ ഐസ്‌ക്രീംപോലെ മനസ്സുകളും ഒരുകി ഒഅലിക്കും.ഡിഗ്രിക്ക് എത്തുമ്പോള്‍ ഐസ്‌ക്രീം മാത്രമല്ല പഫ്‌സും ചായയുംകൂടി ആവാം.(ശരീരവും മനസ്സും കൂടി ചൂടാകുമത്രെ!).പിജിക്ക് എത്തിയാല്‍ എല്ലാം കഴിഞ്ഞു.നശ്വരമായ ഈലോകത്തില്‍ ഒന്നും ശാശ്വതമല്ല എന്ന ചിന്ത ആയിരിക്കും മനസ്സില്‍.

പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ അവനവളോട് പ്രണയം തോന്നുന്നു.താന്‍ പണ്ട് ഒടിഞ്ഞ കല്ലുപെന്‍സിലും,സ്ലേറ്റ് തുടയ്ക്കാന്‍ അണ്ണാന്‍‌പോളയും,കാക്കത്തണ്ടും നിനക്ക് പറിച്ച് തന്നതുതന്നെ നിന്നോട് ഇഷ്ട്‌മുള്ളതുകൊണ്ടാണന്ന് അവനവളോട് പറഞ്ഞു.അവള്‍ക്ക് മൂവാണ്ടന്‍ മാവില്‍ നിന്ന് മാങ്ങ പറിച്ച് കൊടുത്തതും,മഴയത്ത്ഒരുമിച്ച് വാഴയിലക്കീഴില്‍ പോയതും,വാഴക്കൂമ്പില്‍ നിന്ന് തേന്‍ എടുത്തുകൊടുത്തതും ഒക്കെ അവനവളെഓര്‍മ്മിപ്പിച്ച് ഒരെഴുത്തും കൊടുത്തു.അവളത് വാങ്ങിയപ്പോള്‍ തന്റെ തന്ത്രങ്ങളില്‍ അവളെ വീഴ്ത്തിയസന്തോഷമായിരുന്നു.പിറ്റേന്ന് അവള്‍ എല്ലാവരുടേയും മുന്നില്‍ വച്ച് ഒരു പേപ്പര്‍ പൊതി നീട്ടിയപ്പോള്‍ അവനത്വിറയ്ക്കുന്ന കൈകള്‍ കൊണ്ട് വാങ്ങി തുറന്നു നോക്കി.അതില്‍ കുറേ കല്ലുപെന്‍സിലും,അണ്ണാന്‍ പോളയും,കാക്കത്തണ്ടും,വളപ്പൊട്ടുകളും ഒക്കെ.’‘നീ എനിക്ക് പണ്ട് തന്നതിന്റെ പലിശ സഹിതം ചേര്‍ത്ത് ഞാനങ്ങ്തിരിച്ച് തന്നേ “എന്നു പറഞ്ഞ് അവള്‍ തിരിഞ്ഞ് നടക്കുമ്പോള്‍ ഭൂമിയിലേക്ക് അങ്ങ് താണുപോയാല്‍നന്നായേനേ എന്നവന്‍ ആഗ്രഹിക്കും.വീണിടം വിഷ്‌ണുലോകം ആക്കുന്ന ചിലവന്മാര്‍ തിരഞ്ഞു നടക്കുന്നഅവളെ വിളിക്കും.അവള്‍ നില്‍ക്കുമ്പോള്‍ അവളെ അടുത്തേക്ക് ചെല്ലും.ഞാന്‍ നിന്നെ പണ്ട് കുറേ എടുത്തോണ്ട്നടന്നിട്ടുണ്ട്.കുടിപള്ളിക്കൂടത്തില്‍ പഠിക്കുമ്പോള്‍ പത്തുനൂറ് ഉമ്മയും തന്നിട്ടുണ്ട്.അതെപ്പോഴാണ് പലിശസഹിതം തിരിച്ച് തരുന്നത്.പാവം പെണ്‍കുട്ടി!അവളുടെ കണ്ണില്‍ നിന്ന് കണ്ണീര്‍ ഒഴുകുമ്പോള്‍ അവന്റെമനസ്സ് പിടയും.പിന്നെ എന്തും സംഭവിക്കാം.

പ്രണയതന്ത്രങ്ങളില്‍ ഏറ്റവും പ്രധാനപെട്ട ഒന്നാണ് ഭക്തിമാര്‍ഗ്ഗം.പള്ളിയിലും അമ്പലത്തിലും പോകാത്തവന്‍ഒരു സുപ്രഭാതത്തില്‍ എഴുന്നേറ്റ് അമ്പലത്തിലും പള്ളിയിലും പോകുമ്പോള്‍ തീര്‍ച്ചയായും മനസിലാ‍ക്കണംഅവനെന്തോ സംഭവിച്ചിട്ടുണ്ട്.പ്രണയം വെളുപ്പെടുത്താനും പലരും ദൈവസന്നധിയാണ് തിരഞ്ഞെടുക്കുന്നത്.അവളെക്കാണാന്‍ അമ്പലമുറ്റത്തെ അരയാലിന്‍ ചുവട്ടില്‍ എത്രയോ ദിവസങ്ങള്‍ കാത്തുനിന്നിട്ടുണ്ട്.രാവിലെ എഴുന്നേല്‍ക്കാ‍നുള്ള മടികൊണ്ട് വൈകിട്ടാണ് ഈ മാതിരിയുള്ളവര്‍ ഇറങ്ങുന്നത്.പോക്കുവെയിലിന്റെഅവസാന കിരണങ്ങളും മറയുമ്പോള്‍ ഈറനണിഞ്ഞ് മുടിയില്‍ തുളസിക്കതിരുമായി അവള്‍ വരുന്നു.ദീപാരാധനകണ്ട് തൊഴുന്ന അവളെ കാണാന്‍ എന്ത് ഭംഗിയാണ്.അവളുടെ കണ്‍‌വെട്ടത്തുതന്നെ ചെന്നു നില്‍ക്കും.താനുംഒരു ഭക്തനാണന്ന് അവള്‍ അറിയണമല്ലോ.എത്രയോ പ്രണയങ്ങള്‍ അമ്പലമുറ്റത്ത് വളരുകയും പട്ടുപോവുകയുംചെയ്തിട്ടുണ്ട്.

പ്രണയിക്കാന്‍ പള്ളിമേട അത്രയ്ക്ക് അങ്ങ പോരാ.പള്ളിയ്ക്കകത്ത് നിന്ന് ഒളികണ്ണിട്ട് നോക്കാന്‍ സൌകര്യം പോരാഎന്നത് തന്നെ കാര്യം.വല്ലഭനും പുല്ലും ആയുധം എന്നതുകൊണ്ട് ചിലരൊക്കെ പള്ളിയില്‍ നിന്നും പ്രണയത്തിന്റെ ആദ്യാക്ഷരം കുറിച്ചിട്ടുണ്ട്.എത്രയാണങ്കിലും പ്രണയിക്കാന്‍ പോകുന്നവര്‍ക്കും പ്രണായിക്കുന്നവര്‍ക്കുംഅമ്പലമുറ്റത്തോളം സെയ്‌ഫല്ല പള്ളിമേട.ഒന്നാമത്തെ കാരണം പള്ളിമേടയില്‍ സ്വസ്ഥമായിട്ടിരിക്കാന്‍മരച്ചുവടൊന്നും കാണത്തില്ല എന്നതു തന്നെ.

ചിലരാണങ്കില്‍ സെന്റിഅടിച്ച് പെണ്ണിനെ വീഴ്‌ത്തും.നീ ഇല്ലാതെ എനിക്കൊരു നിമിഷം പോലും ജീവിക്കാന്‍ഒക്കത്തില്ല,നിന്നെയാണ് ഞാന്‍ സ്വപ്നം കാണുന്നത്,നീ എന്നെ പ്രേമിച്ചില്ലങ്കില്‍ ഞാന്‍ മരിക്കും എന്ന് പറഞ്ഞപോയ അവനെ നാലഞ്ച് ദിവസം കണ്ടില്ലങ്കില്‍ അവനെവിടെയെന്ന് അവള്‍ തിരക്കും.അവന്‍ ഞരമ്പ് മുറിച്ചന്നോ,ഉറക്ക ഗുളിക കഴിച്ചന്നോ ഒക്കെ ഒരു തട്ടങ്ങ് അവന്റെ കൂട്ടുകാര്‍ തട്ടും.താന്‍ മൂലമാണല്ലോ അവനങ്ങനെസംഭവിച്ചതന്ന് ഓര്‍ക്കുമ്പോള്‍ പെണ്‍കുട്ടിക്ക് വിഷമം.വിഷമിച്ചിരിക്കുന്ന അവളുടെ മുന്നിലേക്ക് ഒരു സുപ്രഭാതത്തില്‍ കുടത്തില്‍ നിന്ന് പ്രത്യക്ഷപെടുന്ന ഭൂതം പോലെ അവന്‍ വരും.പിന്നെ ഏങ്ങലടിയായി,കണ്ണീരായിഎല്ലാം അവന്‍ ഉദ്ദേശിച്ചതു പോലെ തന്നെ നടന്നുതുടങ്ങും.

വീരനായകന്റെ പരിവേഷത്തില്‍ ചിലര്‍ പെണ്ണിന്റെ മനസ്സിലേക്ക് ഇടിച്ചുകയറാന്‍ ശ്രമിക്കും.പൂവാലമാരുടെകൈയ്യില്‍ നിന്ന് രക്ഷിച്ചോ,അവളെ സൈക്കിള്‍ ഇടിച്ചവന്റെ താടിക്ക് രണ്ട് തട്ട് കൊടുത്തോ ഒക്കെവീരനായകനാകും.

ചിലരാണങ്കില്‍ ഭീക്ഷണിപ്പെടുത്തി പെണ്ണിനെകൊണ്ട് പ്രേമിപ്പിക്കുന്നത് കണ്ടിട്ടുണ്ട്.ഞാന്‍ തമിഴ്‌നാട്ടില്‍ പഠിക്കുമ്പോള്‍ ഇങ്ങനെ ഒരു പ്രണയം കണ്ടിട്ടുണ്ട്.നീ എന്നെ പ്രേമിച്ചില്ലങ്കില്‍ ട്രയിനില്‍ പോകുമ്പോള്‍ നിനക്ക്ഞാന്‍ കൊട്ട്വേഷന്‍ തരും എന്നുള്ള ഒരൊറ്റ ഭീക്ഷണിയില്‍ അവളവനെ പ്രേമിച്ചു തുടങ്ങി.കുറച്ചു നാളുകഴിഞ്ഞപ്പോള്‍ ഭീക്ഷണിപ്രണയം ഫോണ്‍ബില്ലില്‍ അക്കങ്ങള്‍ കൂട്ടിയപ്പോള്‍ പെണ്ണിന്റെ വീട്ടുകാര്‍ കാര്യം അറിഞ്ഞു.അതോടെ രണ്ടും രണ്ടു വഴിക്കായി.

ചില പാരമ്പര്യ പ്രണയവാസികള്‍ ഇപ്പോഴു മുട്ടായിയും വാങ്ങികൊടുത്ത് പെണ്ണിന്റെ പുറകെ നടക്കും.ഇവനേത്കോത്താഴത്ത്കാരനാണ് എന്നരീതിയി അവളവനെയൊന്ന് നോക്കും.വേണമെങ്കില്‍ ട്രാക്ക് മാറിക്കോളണം.തന്ത്രങ്ങള്‍ കുതന്ത്രങ്ങളാവുമ്പോഴാണ് നാട്ടുകാര്‍ കൈ വയ്ക്കുന്നത്. വാതില്‍ തുറക്കുന്നതുവരെ മുട്ടിക്കൊണ്ടിരിക്കുക.ബോബനും മോളിയിലേയും ഹിപ്പിച്ചേട്ടന്‍ എത്രയോ വാതിലുകളില്‍ മുട്ടുന്നു.തല്ലല്ലാതെ വേറെ ഒന്നും കിട്ടിയിട്ടില്ല.ഹിപ്പിച്ചേട്ടന്‍ എന്നെങ്കിലും വാതില്‍ മുട്ടാതിരിന്നിട്ടുണ്ടോ?ശുഭാപ്തി വിശ്വാസത്തോടെയങ്ങ് മുട്ടികൊണ്ടേഅങ്ങ് ഇരിക്കുക.

തന്ത്രങ്ങല്‍ പിഴക്കാതെ അവര്‍ പ്രണയിച്ചു തുടങ്ങി.പരസ്പരം മിണ്ടാതെ എന്തു പ്രണയം.കാണാതെയുംമിണ്ടാതയും എത്ര ദിവസമാണ് കഴിയുക.‌നേരിട്ട് സംസാരിക്കണമല്ലോ?അവനവളെ കാത്തുനില്‍ക്കും.പാടവരമ്പത്തോ ,റബ്ബര്‍ തോട്ടത്തിലോ,തെങ്ങിന്‍ തോപ്പിലോ ഒക്കെ അവള്‍ വരുന്നതും കാത്ത് അവന്‍കാത്തു നില്‍ക്കുന്നു.സ്വപനങ്ങളും കിനാവുകളും പങ്കുവച്ച് അവര്‍ നടന്നകലുകയാണ്.ബ്ലാക്ക് ആന്‍ഡ് വൈറ്റ്യുഗത്തിലേക്ക് അവര്‍ നടന്ന് കയറി മൊബൈല്‍ ഫോണില്‍ക്കൂടിയും, ചാറ്റിങ്ങിലൂടയും,വെബ് ക്യാമിലൂടയും സ്വപ്നങ്ങള്‍ പങ്കുവെച്ച് ഡിജിറ്റല്‍ യുഗത്തിലേക്ക് അവര്‍ ഇറങ്ങി വരുന്നു.നമുക്ക് അവരുടെപിന്നാലെ നടക്കാം...എന്തെങ്കിലും തമാശകള്‍ കിട്ടാതിരിക്കില്ല.

Wednesday, May 14, 2008

പ്രണയത്തിന്റെ രസതന്ത്രം (തന്ത്രവും രസവും) :ഭാഗം 1

പ്രണയം ആര്‍ക്കും ആരോടും എപ്പോള്‍ വേണമെങ്കിലും തോന്നാം.പ്രണയത്തിനു കണ്ണും കാതും ഭാഷയും ജാതിയും മതവും ഒന്നും പ്രശ്നവും അല്ലന്ന് പണ്ടുതൊട്ടോ ആളുകള്‍ പറഞ്ഞ് കേട്ടിട്ട്.ഒരാണിന് പെണ്ണിനോട് പ്രണയം തോന്നിയാല്‍ ഇന്നത്തെക്കാലത്ത് പെണ്ണിനെ അതറിയിക്കാന്‍ മൊബൈല്‍ ടെക്‍നോളജി സഹായത്തിന് എത്തും.മിനിട്ടുകള്‍ക്കകം അതിന് മറുപടിയും ലഭിക്കും.കാത്തിരുന്ന് ടെന്‍ഷനടിക്കേണ്ട കാര്യം ഇല്ല.ഏഴെട്ടുവര്‍ഷങ്ങള്‍ക്ക് അതാ യിരുന്നില്ലല്ലോ സ്ഥിതി.മൊബൈല്‍ ടെക്‍നോളജിയുടെ കാലത്തിനുമുമ്പ് നടന്ന ചില പ്രണയം പരിചയപ്പെടുത്തുകയാണ്.

പ്രണയിക്കാന്‍ ആദ്യം വേണ്ടത് ധൈര്യം ആയതുകൊണ്ടും നമുക്ക് അത് ഇല്ലാഞ്ഞതും കൊണ്ട് അത്തരം പരിപാടിക്ക് ഇറങ്ങിതിരിച്ചില്ല.പക്ഷേ സഹായം തേടി വരുന്നവര്‍ക്ക് ഉപദേശം ഫ്രി ആയിട്ട് തന്നെ കൊടുത്തിട്ടുണ്ട്.അല്ലങ്കിലും നമ്മള്‍ മനുഷ്യരെ കുഴിയില്‍ ചാടിക്കാന്‍ പണ്ടേ മിടുക്കരാണല്ലോ?ഉപദേശം കൊടുക്കുന്നതുകൊണ്ട് നമുക്ക് ഒന്നും നഷ്ടപ്പെടാനില്ല.‘പോയാല്‍ ഒരു വാക്ക് കിട്ടിയാല്‍ ഊട്ടി’എന്ന ലൈനില്‍ ആയിരുന്നു നമ്മുടെ ഉപദേശങ്ങളില്‍ അധികവും.അതുകൊണ്ട് തല്ലുകൊള്ളേണ്ടി വന്നിട്ടില്ല.ഓടാന്‍ അല്പം വേഗതയുള്ളതുകൊണ്ട് ഓടി രക്ഷപെടാം എന്ന് ആത്മവിശ്വാസമുള്ളതുകൊണ്ടുമാണ് ഉപദേശങ്ങള്‍ നല്‍കാന്‍ തയ്യാറായത്.ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല രസം എന്ന കാഴ്ചപ്പാടില്‍ അന്യന്റെ പ്രണയം കാണാന്‍ നല്ല രസമാണ്.കരയ്ക്കിരുന്ന് കാഴ്ചകണ്ട് ആളുകളെ പ്രോത്സാഹിപ്പിക്കുക.കരക്കളി തന്നെ.കരയില്‍ ഇരുന്ന് കളികാണുന്നവന് കളിക്കാരനെ വിമര്‍ശിക്കാം എന്നതു കൊണ്ട് മാത്രമാണ് ചില പ്രണയകഥകള്‍ പറയുന്നത്.പ്രണയകഥകള്‍ പറയുന്നതിനുമുമ്പ് മറ്റൊരു കാര്യം പറയണം.

പ്രണയഘട്ടങ്ങള്‍:

പ്രണയത്തിന്റെ ആദ്യപടിയില്‍ നിന്നുതന്നെ പറഞ്ഞു തുടങ്ങാം.(ആണ്‍പിള്ളാരുടെ വശത്ത് നിന്ന് പറയുന്നതുകൊണ്ട്സദയം ക്ഷമിക്കുക..നമുക്ക് അറിയാവുന്നതേ പറയാന്‍ പറ്റത്തുള്ളു.)ഒരുത്തന് ഒരു പെണ്ണിനെ കണ്ട് ഇഷ്ടപ്പെട്ടാല്‍അതിനോട് അതൊന്ന് പറയണമല്ലോ?ഈ പ്രാഥമികഘട്ടമായിരുന്നു ഏറ്റവും പ്രയാസ്സകരം.(ഇന്ന് ഈ പ്രാഥമികഘട്ടമാണ് ഏറ്റവും എളുപ്പം.പെണ്ണിന്റെ മൊബൈല്‍ നമ്പര്‍ ഒപ്പിക്കുന്ന പ്രയാസമേയുള്ളു.)പെണ്ണ് വരുന്ന വഴിയില്‍കാത്തുനിന്ന് അതിനെ ചിരിച്ചു കാണിക്കുക.ചിലപ്പോള്‍ പെണ്ണ് ആ ചിരികണ്ടില്ലന്ന്‍ നടിച്ച് നടന്നുപോയന്ന് വരും.തളരാതെ വീണ്ടും അവളെ തന്നെ കാത്തുനില്‍ക്കൂക.പിറ്റേന്നും അവള്‍ വരുമ്പോള്‍ ചിരിച്ചു കാണിക്കുക.ചിലപ്പോള്‍അഴ്ചകളോ മാസങ്ങളോ ഇങ്ങനെ കാത്തുനില്‍ക്കേണ്ടി വരാം.അവസാനം അവളൊന്നു ചിരിച്ചികാണിക്കും..ഇതോടെപ്രാഥമികഘട്ടത്തിലെ കാത്തുനില്‍പ്പിന്റെ ഘട്ടം കഴിഞ്ഞു.ഈ ഒന്നാമത്തെഘട്ടത്തെ ചിരിഘട്ടം എന്ന് പറയാം.അല്ലങ്കില്‍ വായ്‌നോട്ടം എന്നും പറയാം.ഒന്നന്നൊരമാസമായിട്ടും അവള്‍ ചിരിച്ചില്ലങ്കില്‍ അവളെ വിട്ട് അടുത്തആളെ പിടിക്കുക.അല്ലങ്കില്‍ മഴ കാത്തിരിക്കുന്ന വേഴാമ്പലിനെപോലെ അവളുടെ ചിരിക്കായി കാത്തിരിക്കുക. ഏറ്റവും അപകടമരമായ അടുത്ത ഘട്ടമാണ് അടുത്തത്.

രണ്ടാമത്തെ പ്രണയഘട്ടത്തിന് നമുക്ക് നടപ്പ്ഘട്ടമെന്ന് (പൂവാലത്തരമെന്നോ)പറയാം.ചിരിച്ചുകാണിച്ച പെണ്ണിന്റെപുറകെയുള്ള നടപ്പാണ് ഇത്.ഈ നടപ്പ് സക്‍സസ്സ് ആകണമെങ്കില്‍ പെണ്ണ് ഇടയ്ക്കിടെ പുറകെ നടക്കുന്നവനെനോക്കി ചിരിക്കണം.(ചിലപ്പോള്‍ ഈ ചിരി കൊലച്ചിരിയായും മാറും).പെണ്ണ് ഒളിക്കണ്ണിട്ട് നോക്കി പുറകെ നടക്കുന്നവനെ നോക്കി ചിരിക്കുന്നതോടെ രണ്ടാമത്തെ ഘട്ടവും കഴിഞ്ഞു.ചിലപ്പോള്‍ പെണ്ണൊന്നു ചിരിച്ചുകിട്ടാന്‍ആഴ്ചകളും മാസങ്ങളും പിടിക്കും.ചിലപ്പോള്‍ അവള്‍ ചിരിച്ചില്ലന്നും വരും.നടന്ന് നടന്ന് ചെരുപ്പ് തേഞ്ഞത് മാത്രംമിച്ചമാവും.ഈ ഘട്ടത്തില്‍ എവിടെനിന്ന് വേണമെങ്കിലും അടി പാഴ്സലായി കിട്ടാവുന്നതാണ്.മോളുടേ പുറകെനടക്കുന്നതിന് അപ്പന്റെ കൈയ്യില്‍ നിന്നോ , പെങ്ങളുടേ പുറകെ നടക്കുന്നതിന് ആങ്ങളമാരുടെ കൈയ്യില്‍നിന്നോ ,നാട്ടിലെ ഒരു പെണ്ണിന്റെ പുറകെ നടക്കുന്നതിന് നാട്ടുകാരുടെ കൈയ്യില്‍ നിന്നോ അടി കിട്ടാം.പഞ്ചായത്ത്വിട്ടുള്ള കളിയാണങ്കില്‍ അതൊരു കൈവിട്ടുള്ളൊരു കളിതന്നെയാകാം.പ്രണയങ്ങള്‍ അകാലത്തില്‍ പൊലിയുന്നത്ഈ ഘട്ടത്തിലാണ്.അതുപോലെ തന്നെ ചില പ്രണയങ്ങള്‍ ദൃഡമാകുന്നതും ഇപ്പോഴാണ്.സെന്റിമെന്റ്‌ല്‍ഏറ്റവും അധികം ചിലവാകുന്നത് ഇപ്പോഴാണ്.സെന്റിയടിക്കണമെങ്കില്‍ അതിന് പെണ്ണിന്റെ വീട്ടുകാരുടേയോനാട്ടുകാരുടയോ അടികിട്ടണം.ശരീരം നോവുന്ന പണിയായതുകൊണ്ട് പലരു ഇതിന് മുതിരാതില്ല.റിസ്ക്എടുത്ത് അടിവാങ്ങിവീണാല്‍ ചിലപ്പോള്‍ പെണ്ണും വീണന്ന് ഇരിക്കും.അവള്‍ ചതിവു പിടിച്ച തന്റെ ശരീരത്തില്‍തലോടുന്നതും കാത്ത് അവന് കട്ടിലില്‍ കിടക്കാം.(സിനിമാക്കാര്‍ക്ക് ഇതാണ് പിടിക്കുന്നത്.പക്ഷേ ജീവിതത്തില്‍ജിവിതം കോഞ്ഞാട്ടയാക്കുന്നത് ഇതാണ്) .

പ്രണയം മൂന്നാമത്തെ ഘട്ടത്തിലേക്ക് നീങ്ങുകയാണ്.കൈമാറ്റഘട്ടം എന്ന് ഇതിനു പറയാം.മനസ്സുകള്‍ തമ്മില്‍കൈമാറുന്നതുകൊണ്ടാണ് ഇതിനെ ഇങ്ങനെ വിളിക്കുന്നത്.പെണ്ണിന്റെ ചിരികണ്ടതുകൊണ്ടോ അവളുടെ പുറകെനടന്നതുകൊണ്ടോ കാര്യമില്ലല്ലോ?മനസ്സിലുള്ളത് അവളോട് പറയണമല്ലോ?നേരിട്ട് പറയാമെന്ന് വെച്ചാല്‍അതിനുള്ള ധൈര്യം 90%ത്തിനും കാണത്തില്ല.അതുമാത്രമല്ല പരുന്തിന്റെ കണ്ണുമായി നാട്ടുകാര്‍ എപ്പോഴാണ്പറന്നിറങ്ങുന്നതന്ന് പറയാനും പറ്റത്തില്ല.നിന്റെ മോളോട് ഇന്നാരുടെ മോന്‍ എപ്പോഴു സംസാരിച്ചോണ്ട് നടക്കുകആണല്ലോ എന്ന് ആരെങ്കിലും അവളുടെ അമ്മയോടേ അപ്പനോടോ ഒന്നു പറഞ്ഞാല്‍ അതുവരെയുള്ള അധ്വാനംപാഴാകുമെന്നുള്ളതുകൊണ്ട് സംസാരം ഒഴിവാക്കുകയേ നിവൃത്തിയുള്ളു.ഈ പ്രണയഘട്ടത്തില്‍ കൂട്ടുകാരുടെസഹായം തേടുകയേ നിവൃത്തിയുള്ളു.“എനിക്കവളെ ഇഷ്ടമാണ“ന്ന് അവളുടെ കൂട്ടുകാരിവഴിയോ അവന്റെ കൂട്ടുകാരന്‍വഴിയോ അവളെ അറിയിച്ച് അവളുടെ സമ്മതം വാങ്ങുന്നതോടെ വലിയ ഒരു കടമ്പ കടന്നു കിട്ടി.ഈ സമയംമുതലാണ് അവരുടെ പ്രണയം നാലാള്‍(കൂട്ടുകാര്‍ മാത്രം)അറിഞ്ഞു തുടങ്ങുന്നത്.

മൂന്നാമത്തെ ഘട്ടത്തിലെ സന്ദേശങ്ങളുടെ കൈമാറ്റങ്ങള്‍ ആരംഭിക്കുകയാണ് അടുത്ത നടപടി.എഴുത്ത് എഴുതല്‍അല്ലങ്കില്‍ പ്രേമലേഖനം എഴുതല്‍ എന്നൊക്കെ പറയുന്ന അസുഖം ഇവിടെ തുടങ്ങുകയാണ്.(ഈ അവസരത്തില്‍ആണ് എന്നെപോലുള്ളവരുടെ രംഗപ്രവേശനം)ആദ്യത്തെ എഴുത്ത് സ്വന്തമായിട്ട് എഴുതുന്നവര്‍ ചുരുക്കമാണ്.എഴുത്ത് എഴുതി പിടിപ്പിക്കാന്‍ കഴിവുള്ളവര്‍ തന്നെ വേണം എഴുതാന്‍.ആദ്യ എഴുത്തില്‍ തന്നെ അവള്‍ വീഴണം.ഒറ്റ ഇരുപ്പിന് വായിച്ചു തീര്‍ക്കാന്‍ പറ്റുന്നതായിരിക്കണം ആദ്യത്തെ എഴുത്ത്.ആദ്യത്തെ എഴുത്തില്‍ തന്നെ അവളുടെ സൌന്ദര്യത്തെക്കുറിച്ച് തീര്‍ച്ചയായും എഴുതിയിരിക്കണം.അവളില്ലാത്ത ജീവിതം ഗ്യാസ് ഇല്ലാത്ത സോഡപോലെയാണന്ന് അവളെ മനസ്സിലാക്കിച്ച് കൊടുക്കണം.(മുഖസ്തുതിയില്‍ വീഴാത്തപെണ്‍പിള്ളാ‍ര്‍ ഉണ്ടാവുമോ?).എഴുത്തില്‍ അല്പം സാഹിത്യമൊക്കെ ആവാം; എന്നുവെച്ച് വായിച്ചാല്‍ പൊട്ടാത്തതും മനിസിലാവാത്ത വാക്കുംഒക്കെ ആണങ്കില്‍ പെണ്ണ് പെണ്ണിന്റെ വഴിക്ക് പോകും.എഴുത്തില്‍ സുഹൃത്തിനെ അധികം ആശ്രയിച്ചാല്‍ ചിലപ്പോള്‍ പെണ്ണിനേയുംകൊണ്ടവനങ്ങ് പോകും.(അങ്ങനേയും സംഭവിച്ചിട്ടുണ്ട്.)എഴുത്തിന്റെ ഒരു ‘ഇത് ‘ പിടികിട്ടിക്കഴിഞ്ഞാല്‍ എല്ലാ കാമുകന്മാരും സുഹൃത്തുക്കളെ എഴുതിക്കല്‍ പരിപാടിയില്‍ നിന്നങ്ങ് ഒഴിവാക്കും.

എഴുത്ത് എഴുതി കൈയ്യില്‍ വച്ചിട്ട് കാര്യമില്ലല്ലോ?അതവളെ ഏല്‍പ്പിക്കണം.നേരിട്ട് കൊടുക്കാ‍മെന്ന് വെച്ചാല്‍അവള്‍ക്കത് വാങ്ങാന്‍ മടി.ഹംസത്തേയും മേഘത്തേയും ഒക്കെ കൂട്ടുപിടിക്കുകയേ നിവൃത്തിയുള്ളൂ.എന്നു വെച്ചാല്‍കൂട്ടുകാരെ ആരെയെങ്കിലും ഹംസവും മേഘവും ഒക്കെ ആക്കണം.എഴുത്ത് എഴുതിക്കുന്നതില്‍ മുതല്‍ പെണ്ണിന്അത് എത്തിക്കുന്നതില്‍ വരെ പരിപൂര്‍ണ്ണമായ റിസ്ക് ചെറുക്കന്‍ തന്നെ ഏറ്റെടുക്കണം.എഴുത്ത് കൈമാറുന്നതില്‍സാമ്പ്രദായികമായ ചില മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചു വന്നിരുന്നു.

ബുക്കിലൂടെയുള്ള കൈമാറ്റം :
ഹോം വര്‍ക്ക് എന്ന പരിപാടി ഉള്ളടത്തോളം കാലം ബുക്കിലൂടെയുള്ള എഴുത്ത് കൈമാറ്റം നടക്കും.കണക്കിലാണങ്കില്‍ എന്നും ഹോം വര്‍ക്ക് നല്‍കുന്നതുകൊണ്ട് അവളുടെ കണക്ക് ബുക്ക് കണക്ക് നോക്കിചെയ്യാന്‍ വേണ്ടിയിട്ട്വാങ്ങിയിട്ട് അതിന്റെ പൊതിച്ചിലിന് ഇടയില്‍ എഴുത്ത് തിരുകി വിടാം.വലിയ പ്രശ്നങ്ങള്‍ ഇല്ലാതെ കാര്യങ്ങള്‍നടത്താം.ഈ രീതിയുടെ ഏറ്റവും വലിയ പോരായ്‌മ എന്താണന്ന് വച്ചാല്‍ പെണ്‍കുട്ടി സ്വന്തം ക്ലാസ്സില്‍ തന്നെപഠിക്കുന്നതായിരിക്കണം എന്നതായിരുന്നു.

കൈയ്യാലപോട്ടിലെ പ്രണയലേഖനങ്ങള്‍ :
പെണ്‍കുട്ടി സ്വന്തം ക്ലാസില്‍ അല്ലങ്കില്‍ ഈ മാര്‍ഗ്ഗമാണ് ഉപയോഗിച്ചിരുന്നത്.അതായത് പെണ്‍കുട്ടി പോകുന്നവഴിയിലെ ഏതെങ്കിലും കൈയ്യാലയുടെ പോട്ടില്‍ എഴുത്ത് വയ്ക്കുക.അവളത് എടുത്ത് കൊണ്ട് പോയിട്ട് മറുപിടിയുംഏതെങ്കിലും കൈയ്യാല പോട്ടില്‍ വയ്ക്കും.ഈ രീതിയുടെ പ്രധാന പ്രശ്‌നം എന്നത് ,ആദ്യത്തെ എഴുത്ത്(കന്നിയെഴുത്ത്)ഈ രീതിയില്‍ കൈമാറാന്‍ പറ്റില്ല എന്നതാണ്.ഏറ്റവും വലിയ പോരായ്‌മ എന്താണന്ന് വച്ചാല്‍ കൈയ്യാലപോട്ടില്‍മൂത്രം ഒഴിക്കാന്‍ വരുന്ന ഏതെങ്കിലും കുരുത്തം കെട്ടവന്മാര്‍ ഒന്നുകില്‍ എഴുത്ത് മുക്കും അല്ലങ്കില്‍ വേറെ എഴുത്ത്കൊണ്ടുവയ്ക്കും.ഒരു പോടിനു തന്നെ രണ്ട് അവകാശികള്‍ വന്നാലും പ്രശ്നമാണ്.എഴുത്ത് അവള്‍ക്ക് തന്നെ കിട്ടിയോഎന്നറിയാനും കുറേ സമയം എടുക്കും.

പാഞ്ചിചോട്ടിലെ പ്രണയലേഖനങ്ങള്‍ :
ഞങ്ങളോക്കെ സ്കൂളില്‍ പോകുന്നതിനു മുമ്പ് പാഞ്ചിയില കെട്ടിയിട്ടിട്ട് ആണ് പോയിരുന്നത്.പാഞ്ചിയില കെട്ടിയിട്ടിട്ട്പോയാല്‍ അടികിട്ടത്തില്ലന്നാണ് വിശ്വാസം.പെണ്‍കുട്ടികളോടൊപ്പം പോകുമ്പോള്‍ പാഞ്ചിയിലകെട്ടുന്ന വഴിയില്‍ പാഞ്ചിചോട്ടില്‍ എഴുത്ത് ഒളിപ്പിച്ചാല്‍ അവള്‍ പാഞ്ചിയില കെട്ടാന്‍ വരുമ്പോള്‍ അതങ്ങ് എടുത്തോളും.ഇതിനുംചില അല്ലറചില്ലറ പ്രശ്നങ്ങള്‍ ഉണ്ട്.

ആദ്യ പ്രണയലേഖനം അവളുടെ കൈയ്യില്‍ കിട്ടിയാല്‍ അതിനു മറുപിടി കിട്ടുന്നതു വരെ മുള്ളിന്മേലാണ് നടപ്പ്.എഴുത്ത് കൊടുത്തതിന്റെ പിറ്റേദിവസം അവളെ കണ്ടില്ലങ്കില്‍ എഴുത്ത് കൊടുത്തന്റെ ശ്വാസം നിലയ്ക്കാറാകും.അവള്‍വീട്ടില്‍ പറഞ്ഞുകാണുമോ?അടി വീഴുമോ എന്നൊക്കെ പേടിച്ച് നടക്കുകയായിരിക്കും കക്ഷി.എഴുത്ത് കിട്ടിയിട്ടുംഅവള്‍ ചിരിച്ചുകാണിക്കുകയാണങ്കില്‍ എല്ലാം ശരിയായി എന്ന് അര്‍ത്ഥം.

ആദ്യമായിട്ട് ഒരു എഴുത്ത് അവള്‍ക്ക് ആരുടെ എങ്കിലും കൊടുത്ത് വിട്ടു.അതവള്‍ വങ്ങുന്നതും കണ്ടു.എന്നിട്ടവള്‍കാലിലെ ചെരുപ്പിന്റെ തേയ്മാനം നോക്കുകയാണന്നുള്ള ഭാവത്തില്‍ ചെരുപ്പ് എടുത്താല്‍ ആ പരിപ്പവിടെ വേവത്തില്ലന്ന് അര്‍ത്ഥം.യുദ്ധം ആണങ്കിലും പ്രേമം ആണങ്കിലും ദൂതന്മാരെ ഉപദ്രവിക്കാന്‍ പാടില്ല എന്നത് ഒരുനിയമമായിട്ട് കാണേണ്ടതാണ്.എഴുത്ത് ഏതുവഴിയെങ്കിലും പെണ്ണിന്റെ കൈയ്യില്‍ കിട്ടിയിട്ട് അതിനു ഒരു മറുപിടികിട്ടണം.പച്ചക്കൊടി അവള്‍ വീശിക്കാണിച്ചാലേ പ്രണയട്രയിനിനു മുന്നോട്ട് നീങ്ങാന്‍ പറ്റുകയുള്ളു.ഇനി ഒരുപക്ഷേ അവള്‍ ചുവന്ന കൊടിയാണ് വീശുന്നതെങ്കില്‍ അടുത്ത് സ്ഥലം പിടിച്ച് പച്ചക്കൊടി വീശുന്നവരെ കണ്ടെത്തണം.അല്ലങ്കില്‍ പ്രണയപ്പണി പറ്റിയതല്ലന്ന് വിചാരിച്ച് പണിനിര്‍ത്തണം.

ചിരിച്ച മുഖത്തോടെ അവള്‍ മറുപിടി എത്തിക്കുമ്പോള്‍ ,ചറപറാ ഇടിക്കുന്ന ഹൃദയത്തോടെ എഴുത്ത് പൊട്ടിക്കുമ്പോള്‍ചിലപ്പോള്‍ ഹൃദയം പൊട്ടിപ്പോകും.”ഞാന്‍ നിന്നെ ഒരു സഹോദരനായി മാത്രമാണ് കരുതുന്നത് “ എന്നവള്‍വെണ്ടയ്ക്കാ വലുപ്പത്തില്‍ എഴുതിയത് വായിക്കുമ്പോള്‍ കാമുകഹൃദയം നിന്നാല്‍ അതിശയിക്കേണ്ട.“എനിക്കുംനിന്നോട് ഏതാണ്ടൊരു ഇതാണ് “എന്നാണ് അവളുടെ മറുപിടി എങ്കില്‍ അതൊരു തുടക്കമാണ് ; പ്രണയസാഹിത്യത്തിലേക്ക് മുതല്‍കൂട്ടാനുള്ള അനേകം സൃഷ്ടികളുടെ ആരംഭം.ഈ സമയം മുതല്‍ അവനേയും അവളേയുംകാമുകനായും കാമുകിയായും ഉറക്കെ പ്രഖ്യാപിക്കുകയാണ്.ഇവരുടെ പരിപാവനമായ പ്രണയത്തിന് സെറ്റപ്പെന്നോ,ലൈനെന്നോ,ലപ്പ് എന്നോ ഒക്കെ പേരിട്ട് വിളിക്കാം.ഒരു പേരില്‍ എന്തിരിക്കുന്നു.കൈമാറ്റഘട്ടമെന്നപ്രണയത്തിലെ മൂന്നാമത്തെ ഘട്ടം അവസാനിച്ച് നാലാമത്തെ പ്രണയഘട്ടം ആരംഭിക്കുകയായ്.

നാലാമത്തെ പ്രണയഘട്ടത്തെ സ്വപ്‌നഘട്ടം എന്നു വിളിക്കാം.പേരില്‍ തന്നെയുണ്ടല്ലോ എല്ലം.അതുകൊണ്ട്ഞാനിതിനെക്കുറിച്ച് എന്ത് പറയാന്‍.സ്വപ്‌നങ്ങള്‍ എല്ലാവരേയും കാണിച്ചുകൊണ്ടല്ല കാ‍ണുന്നത് എന്നുള്ളതുകൊണ്ട് എനിക്കതിനെക്കുറിച്ച് കൂടുതല്‍ പറയാന്‍ അറിയില്ല.ഈ അവസ്ഥയില്‍ കൂടി കടന്നുപോയിട്ടില്ലഎന്നുള്ളതുകൊണ്ട് പ്രണയത്തിന്റെ നാലാമത്തെ ഘട്ടത്തിലൂടെ കടന്നുപോയ ആരെങ്കിലും നമുക്ക് പറഞ്ഞ്തരാതിരിക്കില്ല.

നാലാമത്തെ ഘട്ട വിജയകരമാക്കി കടന്നാല്‍ അഞ്ചാമത്തേതും അവസാനത്തേതുമായ പ്രണയ ഘട്ടത്തിലേക്ക്കടക്കുന്നു.ഈ പ്രണയഘട്ടത്തീന് പ്രത്യേകിച്ചൊരു പേരില്ല.ഈ ഘട്ടത്തിലാണ് എല്ലാ പ്രണയങ്ങളുംഅവസാനിക്കുന്നത്.ചിലത് ദുഃഖപര്യവസാനമായിത്തീരാം.തൊണ്ണൂറ് ശതമാനവും ഇങ്ങനെ തന്നെ ആയിരിക്കുംഅവസാനിക്കുന്നത്.പത്തുശതമാനം ശുഭപര്യവസാനി ആയിരിക്കും.ഈ അഞ്ചാമത്തെ ഘട്ടത്തിലാണ് അടി,തൊഴിചവിട്ട്,എന്നിവയൊക്കെ അരങ്ങേറുന്നത്.ഈ ഘട്ടത്തില്‍ ചിലര്‍ കടാപ്പുറത്തൂടെ അങ്ങനെയങ്ങ് പാടിപ്പാടിനടക്കും,ഒരു രാത്രികൊണ്ട് ലോകം ഇല്ലാതാവുന്നില്ല എന്ന് ചിന്തിച്ച് ചിലര്‍ അടുത്ത പകലിലേക്ക് കാത്തിരിക്കും.

പ്രണയഘട്ടങ്ങളെക്കൂറിച്ച് മനസിലാക്കിയ സ്ഥിതിക്ക് അടുത്ത ബ്ലോഗില്‍ പ്രണയ തന്ത്രങ്ങളെക്കുറിച്ച് പറയാം.ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കട്ടെ ഈമെയിലും മൊബൈലും വരുന്നതിനു മുമ്പുള്ള കാലഘട്ടത്തിലെ പ്രണയത്തെക്കുറിച്ചാണ് ഞാനിവിടെ പറയുന്നത്.അതായത് വിരഹം കരഞ്ഞു തീര്‍ത്തിരുന്ന ഒരു സമയത്തെക്കുറിച്ച്...