Friday, November 18, 2016

ചെരുപ്പു പോയി നോട്ട് കിട്ടി....

രാവിലെ ബാങ്കിലേക്ക്....

നോട്ട് മാറാനുള്ളവന്മാരെല്ലാം മാറിക്കോണ്ട് പോയിട്ടൂണ്ടാവും. ബാങ്കിലേക്ക് ചെല്ലുന്നു...ടോക്കൺ എടുക്കുന്നു. നോട്ട് മാറാൻ കൊടുക്കുന്നു. നൂറിന്റെയും അമ്പതിന്റെയും ഇരുപതിന്റെയും നോട്ടൂകൾ വാങ്ങുന്നു. തിരികെ പോരുന്നു. തിരക്കില്ലങ്കിൽ എറ്റിഎം കൗണ്ടറിൽ നിൽക്കൂന്നു. ഒരു രൻടായിരം എടുക്കുന്നു. എല്ലാത്തിനും കൂടെ ഒരു പതിനഞ്ച് മിനിട്ട്. ഇനി ചെല്ലുന്നുടനെ എറ്റിഎം  കൗണ്ടറിൽ ആളില്ലങ്കിൽ ആദ്യം പൈസ എടുക്കണം..


ബാങ്കിന്റെ വാതിക്കൽ എത്തുന്നു.... ബാങ്കിൽ കയറിയവരുടെ ചെരുപ്പുകൾ വാതിക്കൽ ഊരിയിട്ടിട്ടൂണ്ട്. ആ ചെരുപ്പ് നിര വാതിക്കൽ നിന്ന് റോഡ്സൈഡിലേക്കും നീണ്ടിട്ടുണ്ട് . ബാങ്കും ഇപ്പോൾ ചെരുപ്പിട്ട് കയറാനാവാത്ത വിശുദ്ധ സ്ഥലമായോ? ചിലപ്പോൾ ആയിക്കാണും. ചെരുപ്പിലെ പൊടിയും ചെളിയും ബാങ്കിൽ ചവിട്ടി കയറ്റി ആ വിശുദ്ധിക്ക് കളങ്കം വരുത്തിയാൽ കാശ് കിട്ടാതെ പോയാലോ? ആശ്വാസങ്ങളും വിശ്വാസങ്ങളും ആണല്ലോ കാലാന്തരത്തിൽ അന്ധവിശ്വാസങ്ങളാകുന്നത്. ആരാണങ്കിലും ഇപ്പോൾ ബാങ്കുകളെ ക്ഷേത്ര/പള്ളികളായി കണ്ടുപോകും. വായിലോട്ട് എന്തെങ്കിലും ചെല്ലണമെങ്കിൽ ബാങ്ക് തന്നെ കനിയണം. എന്തിനാ വെറുതെ ചിന്തിച്ച് കൂട്ടൂന്നത് . ചെരുപ്പ് ഊരിയിടൂക , അകത്ത് കയറുക.

ചെരുപ്പ് ഊരിയിട്ടു. ബാങ്കിന്റെ വാതിക്കൽ ഒന്ന് തൊട്ട് നമസ്ക്കരിക്കണമെന്നുകൂടീ ഉണ്ടായിരുന്നു. ഒന്നു കുനിയാനുള്ള സ്ഥലം ബാക്കി  ഇല്ലായിരുന്നതുകൊണ്ട് കുനിഞ്ഞില്ല. ടോക്കൺ എടൂത്തു. നമ്പർ 121. കൗണ്ടറിലെ നമ്പർ നോക്കി- 32. ഇനിയും പത്തെൺപത് പേരുണ്ട് മുമ്പിൽ. ഇനിയും എറ്റിഎം കൗണ്ടറിൽ പോയി നോക്കാം. ഒരൊറ്റ മനുഷ്യനും എറ്റിഎം കൗണ്ടറിൽ ഇല്ല. അഞ്ചാറു കാർഡുമായി കമ്യൂണീസ്റ്റുകാർ എല്ലാ എടിഎമ്മും കാലിയാക്കുവാണന്ന് സോമൻജി എന്ന സാമ്പത്തിക വിദഗ്ദ്ധനെ ഉദ്ധരിച്ച് അന്താരാഷ്ട്ര പത്രമായ കിഴക്കൻതീരം റിപ്പോർട്ട് ചെയ്തത് ശരിയാണന്ന് തോന്നുന്നു. എന്നും മൂന്നാലുകിലോ 'സ്ലിപ്പുകൾ' തറയിൽ കിടക്കുന്ന എടിഎമ്മിനകത്ത് ഒരൊറ്റ സ്ലിപ്പും കിടപ്പില്ല. ഈ കമ്യൂണിസ്റ്റുകാർ എറ്റിഎം  കാലിയാക്കിതിനോടൊപ്പം സ്ലിപ്പുകളും കാലിയാക്കിയോ? 

ഇനി ബിരിയാണി കൊടുക്കുന്നുൻടങ്കിലോ? കാർഡിട്ടു. നീ എവിടുന്ന് വരുന്നടാ എന്ന ഭാവത്തിൽ എറ്റിഎം  കാർഡ് റീഡ് ചെയ്തു. പേരുവന്നു, പിൻ അടിച്ചു. കാശ് കൊടൂത്തു..... എന്റെയുള്ളിൽ പ്രിന്റ് ചെയ്ത് തരാൻ സ്ലിപ്പൊന്നും വെച്ചിട്ടല്ലന്ന് മെഷ്യൻ പറഞ്ഞു. സ്ലിപ്പ് വേണ്ട. ക്യാഷ് മാത്രം മതിയെന്ന് പറഞ്ഞു.

കിർ..കിർ..കിർ...കിർ....... 

ഹൊ!!! എന്റെ നിൽപ്പും  ഭാവവും കണ്ടിട്ട് എറ്റിഎം  മെഷ്യൻ നോട്ട് അടിച്ച് തരുകയാണന്ന് തോന്നുന്നു..... കിർ..കിർ..കിർ.. നിർത്തി അവസാനം എറ്റിഎം  മെഷ്യൻ തോൽവി സമ്മതിച്ചിട്ട് പറഞ്ഞു....

മോനേ എന്റെ കൈയ്യ്യിൽ നയാ പൈസാ ഇല്ല. നീ വേണമെങ്കിൽ അടൂത്തുള്ള ഏതെങ്കിലും എടിഎമ്മിൽ പോയി എടൂത്തോ....
നിഷ്കളങ്കനായ, സത്യം മാത്രം പറയുന്ന ആ എടിഎം മെഷ്യനെ തെറി വിളിച്ചിട്ട് കാര്യമൊന്നും ഇല്ലല്ലോ? എടിഎം കൗണ്ടറിന്റെ മുന്നിൽ നിന്ന് മനസിലൊരു പാട്ടു പാടി മനസിനെ തണുപ്പിച്ചൂ.. സന്യാസിനീ നിന്‍ പുണ്യാശ്രമത്തില്‍ എന്ന ട്യൂണീൽ തന്നെ മനസിൽ പാടി തീർത്തു.

എടിഎമ്മേ... ഓ ഓ ഓ
എടിഎമ്മേ നിന്‍ കൗണ്ടറിൽ ഞാന്‍
എടിഎം കാർഡുമായി വന്നു...
ആർക്കും തുറക്കാത്ത കാഷ് വിൻഡോയ്ക്കു മുമ്പിൽ
അന്യനെ പോലെ ഞാന്‍ നിന്നു..
എടിഎമ്മേ നിന്‍ കൗണ്ടറിൽ ഞാന്‍
എടിഎം കാർഡുമായി വന്നു......

നിന്റെ ദു:ഖാര്‍ദ്രമാം നോട്ടെണ്ണൽ ശബ്ദ്ദത്തിൽ
എന്റെ സ്വപ്നങ്ങളലിഞ്ഞു സഗദ്ഗദം
എന്റെ മോഹങ്ങള്‍ മരിച്ചു...
നിന്റെ ദു:ഖാര്‍ദ്രമാം നോട്ടെണ്ണൽ ശബ്ദ്ദത്തിൽ
എന്റെ സ്വപ്നങ്ങളലിഞ്ഞു സഗദ്ഗദം
എന്റെ മോഹങ്ങള്‍ മരിച്ചു...
നിന്റെ ശരീരത്തിലെ കാർഡ് റീഡറിൽ
ഒരച്ച്  എന്റെ കാർഡ് തേഞ്ഞു...
ആയിരം.. അഞ്ഞൂറിനോടെന്ന പോലെ
യാത്ര ചോദിപ്പൂ ഞാന്‍ ...
എടിഎമ്മേ നിന്‍ കൗണ്ടറിൽ ഞാന്‍
എടിഎം കാർഡുമായി വന്നു......

നിന്റെ ഏകാന്തമാം ക്യാമറ മെമ്മറിയിൽ
എന്നെ എന്നെങ്കിലും കാണും
ഒരിക്കല്‍ നീ എന്റെ കാർഡ് ഹിസ്റ്ററി കാണും...
നിന്റെ ഏകാന്തമാം ക്യാമറ മെമ്മറിയിൽ
എന്നെ എന്നെങ്കിലും കാണും
ഒരിക്കല്‍ നീ എന്റെ കാർഡ് ഹിസ്റ്ററി കാണും....
അന്നുമെന്‍ കാർഡ് നിന്നോട്‌ മന്ത്രിക്കും
നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു
ആയിരം.. അഞ്ഞൂറിനോടെന്ന പോലെ
യാത്ര ചോദിപ്പൂ ഞാന്‍ ...

എടിഎമ്മേ നിന്‍ കൗണ്ടറിൽ ഞാന്‍
എടിഎം കാർഡുമായി വന്നു...
ആർക്കും തുറക്കാത്ത കാഷ് വിൻഡോയ്ക്കു മുമ്പിൽ
അന്യനെ പോലെ ഞാന്‍ നിന്നു..
എടിഎമ്മേ നിന്‍ കൗണ്ടറിൽ ഞാന്‍
എടിഎം കാർഡുമായി വന്നു...
എടിഎമ്മേ... ഓ ഓ ഓ


ഇനി ബാങ്കിൽ പോയി നോക്കാം. നോക്കി . നമ്പർ 40 ആയിട്ടുണ്ട്. ഇനി സമയം ഉണ്ട്. ഒന്നു ചായ കുടിച്ചിട്ട് വരാം. ചായക്കടയിൽ ചെന്നപ്പോഴേ കണ്ടു , ദയവായി ചില്ലറ തരിക. പോക്കറ്റിൽ ചില്ലറ തപ്പി നോക്കി. സഹകരണബാങ്കിലെ അക്കൗണ്ടിൽ മൂവായിരം രൂപ നിക്ഷേപമുള്ള കള്ളപ്പണക്കാരന്റെ കീശയിൽ എവിടെ നിന്ന് ചില്ലറ വരാനാ.? 
തപ്പലോട് തപ്പൽ. വീണ്ടും തപ്പൽ. ബൈക്കിലെ സഞ്ചിയും തപ്പി
അവസാനം ഒരു ചായക്കുള്ള കാശ് കിട്ടി.
അതുകൊടൂത്ത് ചായ വാങ്ങിക്കുടിക്കൂമ്പോൾ അടുത്തിരിക്കുന്നവനെ നോക്കി.
അവൻ പഴ്സിൽ നിന്ന് കുറേ എറ്റിഎം കാർഡുകൾ എടുത്ത് എണ്ണുന്നു...

കമ്യൂണീസ്റ്റ് തന്നെ.. ഉറപ്പ്... രാജ്യസ്നേഹം ഇല്ലാത്ത രാജ്യദ്രോഹി....

കണ്ടില്ലേ എറ്റിഎം കാർഡിരുന്ന് എണ്ണുന്നത്....
കള്ളപ്പണക്കാരൻ തന്നെ... അല്ലാതെ ഇവനൊക്കെ ഇത്രയും അക്കൗണ്ടിൽ ഇടാൻ കാശ് എവിടെ നിന്ന്? കാർഡൊക്കെ വെച്ച് തല ഉയർത്തിയപ്പോൾ ആളെ മനസിലായി..... കേന്ദ്രസർക്കാർ പാർട്ടിക്കാരൻ.... പരിചയക്കാരൻ.
നിങ്ങളു കമ്യൂണീസ്റ്റായോ? ചോദിച്ചു.
ഇല്ല... എന്താ ചോദിച്ചത്? മറു ചോദ്യം.
അല്ല ഇത്രയും എറ്റിഎം കാർഡൊക്കെ കൊണ്ട് എറ്റിഎം കാലിയാക്കാൻ ഇറങ്ങിയതുകൊണ്ട് ചോദിച്ചതാ...

ശവത്തിൽ കുത്താതെ പിള്ളേച്ചാ എന്ന് പറയാതെ പറഞ്ഞ് ഇഷ്ടൻ എഴുന്നേറ്റു.....

വീണ്ടും ബാങ്കിലേക്ക് . മുൻ പതിവുപോലെ ചെരുപ്പ് ഊരിയിട്ട് നഗ്നപാദനായി ഭക്തീ ആദരവുകളോടെ ബാങ്കിനകത്ത് കയറി. നമ്മുടേ നമ്പർ വരാൻ കാത്തിരുന്നു. അവസാനം നമ്പർ വന്നു. സ്ലിപ്പ് കൊടുത്തു. രണ്ടായിരത്തിന്റെ ഗുണീതങ്ങളായേ കാശ് തരാൻ കഴിയുള്ളൂന്ന്. കൗണ്ടറിൽ 2000 ത്തിന്റെ നോട്ട് മാത്രം. രണ്ടായിരത്തഞ്ഞൂറ് വെട്ടി രൻടായിരം എഴുതി കൊടുത്തപ്പോൾ തിളങ്ങുന്ന രൻടായിരം നോട്ട് തന്നു. ഇരു കൈയ്യും നീട്ടി നോട്ട് വാങ്ങി. ഇനി ചില്ലറയാക്കണമെങ്കിൽ വേറെ വഴി നോക്കണം. രണ്ടായിരമെങ്കിൽ രൻടായിരം... കിട്ടീയതാട്ട്. നോട്ട് മടക്കാതെ പാസ് ബുക്കിൽ തന്നെ വെച്ചു. പാസ്ബുക്കിനകത്ത് ഇരിക്കാനുള്ള വലിപ്പമേ നോട്ടിനുള്ളൂ.

തിരികെ പോരാനായി ബാങ്കിന്റെ വാതിൽ തുറന്നു ചെരുപ്പ് എടുക്കാനായി നോക്കുമ്പോൾ ആ സത്യം ഞാൻ അറിഞ്ഞു. ആരോ ചെരുപ്പ് അടിച്ചുമാറ്റിക്കൊണ്ട് പോയിരിക്കൂന്നു. ചെരുപ്പുകൾക്കിടയിൽ മുങ്ങിത്തപ്പിയെങ്കിലും ചെരുപ്പ് കൻടെത്താൻ കഴിഞ്ഞില്ല. അതേപോലെത്തെ ഒരൊറ്റ ചെരുപ്പും അവിടെയില്ല. ഇനി വേറെ ഏതെങ്കിലും ഒരു ചെരിപ്പ് ഇട്ടോട്ട് പോയി പിടിവീണാൽ ഇതുവരെ ആ പ്ഞ്ചായത്തീന്ന് പോയിട്ടൂള്ള എല്ലാ ചെരുപ്പുകളുടെയും ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടീ വരും എന്നുള്ളതുകൊണ്ട് ആ മാർഗ്ഗം ഉപേക്ഷിച്ചു . ..........

ദേ നിങ്ങളോരു പാട്ടു കേൾക്കുന്നില്ലേ... ഇല്ലേ.. പക്ഷേ ഞാൻ കേൾക്കുന്നു.... ബാങ്കിന്റെ വാതിൽ തുറന്നപ്പോൾ കേട്ട അതേ പാട്ട്....

ഇടപാടുകാരാ നിനക്കു ഞാനെന്റെ
നോട്ടറകൾ തുറന്നൂ
പുഷ്പപാദുകം പുറത്തുവയ്ക്കു നീ
നഗ്നപാദനായ് അകത്തുവരൂ
ഇടപാടുകാരാ......

വിഡ്രോസ്ലിപ്പെഴുതിയ കൈകളില്‍
ചില്ലറ നോട്ടു നൽകി വരവേല്‍ക്കും
നിങ്ങളുടെവീടുകളില്‍...
ചില്ലറ പൈസകൾ കിലുങ്ങും..
വീട്ടൂകാരികള്‍ കണ്‍കളില്‍
കോപദേഷ്യമോടെ നടമാടും...
നിങ്ങളുടെ ഹൃദയ മണ്ഡപങ്ങളില്‍
രുദ്രവീണകള്‍ പാടും... താനേ പാടും...

ഇടപാടുകാരാ നിനക്കു ഞാനെന്റെ
നോട്ടറകൾ തുറന്നൂ
പുഷ്പപാദുകം പുറത്തുവയ്ക്കു നീ
നഗ്നപാദനായ് അകത്തുവരൂ
ഇടപാടുകാരാ......

എന്തെല്ലാം സ്വപ്നങ്ങളോടെ കയറിയതാ അകത്ത്. ദാ ഇപ്പം ഇഞ്ചി കടിച്ച കുരങ്ങനെപ്പോലെ ചെരുപ്പും പൊയി രണ്ടായിരത്തിന്റെ ഒറ്റ നോട്ടുമായി നിൽക്കൂന്നു.... 

ചെരുപ്പു പോയി നോട്ട് കിട്ടീ ഡും ഡും ഡും...

അല്ലങ്കിൽ തന്നെ എന്തെങ്കിലും ഒക്കെ നഷ്ടപ്പെടൂത്താതെ എന്തെങ്കിലും നേടാൻ കഴിയില്ലന്ന് എല്ലാവരും പറയുമ്പോൾ , ഒരു ചെരുപ്പ് നഷ്ടപ്പെടുത്തിയിട്ടാണങ്കിലും 2000 രൂപ കിട്ടിയല്ലോ എന്ന് ആശ്വസിക്കാം. ഏതായാലും ചെരുപ്പ് വാങ്ങി രണ്ടായിരത്തെ ചില്ലറയാക്കാൻ ഒന്നുരൻട് മാസത്തേക്ക് പറ്റുമെന്ന് തോന്നുന്നില്ല... എങ്ങനെയെങ്കിലും രണ്ടായരത്തിന്റെ ചില്ലറമാറിയിട്ട് പുതിയ ചെരുപ്പ് വാങ്ങാം....  
അപ്പോ ഇനി ചെരുപ്പുവാങ്ങാൻ ഇറങ്ങുക തന്നെ..... 

No comments: