Thursday, January 7, 2016

പുതുവർഷ തീരുമാനങ്ങൾ

പുതുവർഷം വരുമ്പോൾ ചില ജീവിത മാറ്റങ്ങൾക്ക് നമ്മൾ ശ്രമിക്കാറുണ്ട്. ചിലർ തങ്ങളുടെ ദുശീലങ്ങൾ ഉപേക്ഷിക്കുമെന്ന് തീരുമാനം എടുക്കുമ്പോൾ ചിലർ തങ്ങളുടെ ജീവിത ശൈലികളിലെ മാറ്റങ്ങൾക്ക് ശ്രമിക്കും...... ചില മാറ്റങൾ നമ്മുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കും.... നമ്മുടെ ചില മനോഭാവങ്ങളിൽ മാറ്റം വരുത്തിയാൽ/പുതിയ ചില തീരുമാനങ്ങൾ എടുത്താൽ ജീവിതം മനോഹരമാക്കാം... ഇതാ ചില തീരുമാനങ്ങൾ .....


1. മനസുകളിലെ മാലിന്യം മാറ്റുക.
വേനൽക്കാലം. നഗരത്തിൽ പൊടിയുടെ ശല്യം ഭയങ്കരമായിരിക്കുന്നു. വാഹങ്ങൾ പോകുമ്പോഴും ചൂട് കാറ്റ് അടിക്കുമ്പോഴും പൊടി പറന്ന് കാഴ്ചകളെ മറയ്ക്കുന്നു. വലിയ പാർപ്പിട സമുച്ചയത്തിലേക്ക് താമസിത്തിനായി ഭാര്യയും ഭർത്താവും എത്തി. തങ്ങളുടെ ഫ്ലാറ്റിലെ കണ്ണാടി ജനാലയിലൂടെ അവർ പുറം കാഴ്ചകൾ നോക്കി നിൽക്കും. ജനൽ പാളികൾ തുറന്നിട്ടാൽ പുറത്തെ പൊടി അകത്തേക്ക് കയറും എന്നതിനാൽ അവർ ജനാലകൾ തുറക്കാറില്ല. പുതിയ താമസക്കാർ ആയതുകൊണ്ട് മറ്റുള്ളവരുമായി അധികം സംസാരവും ഇല്ല. പുറം ലോകത്തെ കാഴചകൾ എന്ന് പറയുന്നത് അവർക്കെപ്പോഴും ജനാലയിലെ കണ്ണാടിയിലൂടെയുള്ള കാഴ്ചകൾ ആണ്. അവർ വന്ന ദിവസം മുതൽ എതിർ വശത്തുള്ള ഫ്ലാറ്റിലെ വൃദ്ധയായ സ്ത്രിയെ കാണാറുണ്ട്. വൃദ്ധയായ സ്ത്രി എന്നും വസ്ത്രങ്ങൾ വൃദ്ധയുടെ ഫ്ലാറ്റിലെ ബാൽക്കെണിയിൽ വിരിക്കുന്നത് അവർക്ക് കാണാം. ആ കാഴ്ച കാണുമ്പോൾ ഭാര്യ ഭർത്താവിനോട് എപ്പോഴും പറയും , "നോക്കൂ, ആ സ്ത്രി അവരുടെ വസ്ത്രങ്ങൾ കഴുകി ഇടുന്നത് കണ്ടോ, ഒരു വൃത്തിയും അതിനില്ല.. നിറങ്ങൾ ഒക്കെ മങ്ങി വൃത്തികേടായ വസ്ത്രങ്ങളാണ് അവരെന്നും ഉപയോഗിക്കുന്നത്". അവളോടൊപ്പം അയാളും ജനാലക്കലേക്ക് വന്ന് ആ കാഴ്ചകൾ കാണും. ഭാര്യ പറഞ്ഞത് ഭർത്താവ് സമ്മതിക്കും. ഒരു ദിവസം അവർ വൃദ്ധയുടെ വസ്ത്രങ്ങളെക്കുറിച്ച് കുറ്റം പറഞ്ഞ് നിൽക്കുമ്പോഴാണ് വേനൽ മഴ പെയ്തത്. വലിയ കാറ്റും മഴയും. മഴത്തുള്ളികൾ ശക്തിയായി അവർ നിന്ന ജനാലയിൽ പതിച്ചു. അവർ നോക്കി നിൽക്കെ വൃദ്ധ വിരിച്ചിട്ട വസ്ത്രങ്ങൾക്ക് നിറം കൂടി കൂടി വന്നു. മഞ്ഞ കളർ പിടിച്ച് വൃത്തികേടായ വസ്ത്രങ്ങൾ എന്ന് അവർ കുറ്റപ്പെടുത്തിയിരുന്ന വൃദ്ധയുടെ വസ്ത്രങ്ങൾ തൂവെള്ള നിറമായിരിക്കുന്നു. അവർ പരസ്പരം നോക്കി. അവരുടെ ഫ്ലാറ്റിന്റെ ജനാലകളിൽ പിടിച്ചിരുന്ന പൊടി മഴവെള്ളത്തിൽ ഒഴുകിപ്പോയപ്പോൾ അവരുടെ കാഴ്ചകൾക്ക് നിറം വന്നു. നമ്മുടെ മനസുകളിലെ മാലിന്യം നീക്കിയതിനു ശേഷം മറ്റുള്ളവരുടെ പ്രവൃത്തികളെ കാണാൻ ശ്രമിക്കൂ, നമുക്ക് അവരുടെ നന്മകളെ വേഗത്തിൽ മനസിലാക്കാൻ കഴിയും.

2. മറ്റുള്ളവരുടെ സന്തോഷത്തിൽ അസഹിഷ്ണത പ്രകടിപ്പാതെ പങ്കുചേരുക.

അയാൾ പതിവുപോലെ ട്രയിൻ യാത്രയിലാണ്. സൈഡിലാണ് അയാളുടെ സീറ്റ്, അതൊരു എമർജൻസി വിൻഡോയായിരുന്നു അടൂത്ത സ്റ്റേഷനിൽ നിന്ന് പത്തിരുപത് വയസുള്ള ചെറുപ്പക്കാരനും മൂന്നാലുപേരും കയറി. അവർ അയാൾ ഇരുന്നിരുന്ന സീറ്റിലും എതിർവശത്തുമായി ഇരുന്നു. ആ ചെറുപ്പക്കാരനോടൊപ്പം അമ്മയാണന്ന് തോന്നുന്ന സ്ത്രിയും ഇരുന്നു. ട്രയിൻ സ്റ്റേഷനിൽ നിന്ന് വിട്ടു തുടങ്ങിയപ്പോൾ ആ ചെറുപ്പക്കാരൻ അയാളോട് സൈഡ് സീറ്റിൽ ഇരുത്താമോന്ന് ചോദിച്ചു. അയാൾ ചെറുപ്പക്കാരനായി സീറ്റ് മാറിയിരുന്നു. അനുനിമിഷം ആ ചെറുപ്പക്കാരന്റെ മുഖത്തെ സന്തോഷം അയാൾ ശ്രദ്ധിച്ചു. ആദ്യമായിട്ടായിരിക്കും ആ ചെറുപ്പക്കാരൻ ട്രയിനിൽ യാത്ര ചെയ്യുന്നത്. ആ ചെറുപ്പക്കാരൻ ഓരോ നിമിഷവും സംശയങ്ങളും ചോദ്യങ്ങളുമായി അമ്മയെ ശല്യപ്പെടുത്തുന്നു. അയാൾക്കത് അരോചകമായി തോന്നി. അയാളുടെ ചില ചോദ്യങ്ങൾ കേട്ട് അയാൾക്ക് തമാശ തോന്നി. ഇതാണോ ആകാശം? ഇതാണോ മരങ്ങൾ? ഈ മരങ്ങൾ എന്താ ചെറുതായേ? ഇതാണോ പച്ച നിറം? ഇതാണോ തോട്? വെള്ളത്തിന്റെ നിറമെന്താണ്? അനേകായിരം ചോദ്യങ്ങൾ.... ആ ചെറുപ്പക്കാരൻ ചോദിക്കുന്നതിനെല്ലാം ആ അമ്മ ഉത്തരം പറയുന്നു. തന്റെ മക്കൾ യാത്രകളിൽ എന്തെങ്കിലും ഒക്കെ ചോദിച്ചാൽ താൻ അവരോട് പലപ്പോഴും ദേഷ്യപ്പെടുന്നത് അയാൾ ഓർത്തു. പക്ഷേ ഈ അമ്മ എല്ലാത്തിനും ഉത്തരം പറയുന്നു. നിസാരമായ കാര്യങ്ങൾ ആണ് ആ ചെറുപ്പക്കാരൻ ചോദിക്കുന്നത്... ആകാശത്ത് മഴക്കോൾ നിറഞ്ഞു. മഴച്ചാറി തുടങ്ങിയപ്പോൾ എല്ലാവരും ഷട്ടറിട്ട് ജനൽ ചില്ലുകൾ താഴ്ത്തി. പക്ഷേ ആ ചെറുപ്പക്കാരൻ ജനൽ താഴ്ത്തിയില്ല. ആകാശത്തെ മിന്നലുകൾ ആ ചെറുപ്പക്കാരൻ വിസ്മയത്തോടെ നോക്കുന്നു. ജനാലയിലൂടെ മഴവെള്ളം ദേഹത്ത് വീണപ്പോൾ അയാൾ ജനൽ താഴ്ത്താൻ ആവശ്യപ്പെട്ടു. ആ ചെറുപ്പക്കാരൻ അത് കേൾക്കാതെ ജനാലയിലൂടെ കൈകൾ മഴയത്തേക്ക് നീട്ടിപ്പിടിച്ചു. കൈക്കുള്ളിലെക്ക് വീഴുന്ന ജലത്തുള്ളികൾ ആ ചെറുപ്പക്കാരൻ മുഖത്തേക്ക് തെറുപ്പിച്ചു കൊണ്ടിരുന്നു.
"നിങ്ങടെ മകൻ ആദ്യമായിട്ടാണോ മഴ കാണുന്നത്?" അയാൾ ആ ചെറുപ്പ്ക്കാരന്റെ അമ്മയോട് ചോദിച്ചു.
"അതെ... അവൻ ഇന്നാദ്യമായിട്ടാണ് മഴ കാണുന്നത്." അമ്മ മറുപിടി പറഞ്ഞു.
"നിങ്ങളെന്താ മനുഷ്യനെ കളിയാക്കുകയാണോ?" അയാൾ വീണ്ടും ദേഷ്യത്തോടെ ആ അമ്മയോട് ചോദിച്ചു.
"അല്ല, ഞാൻ നിങ്ങളെ കളിയാക്കിയതല്ല. അവൻ മഴമാത്രമല്ല ഈ ലോകം തന്നെ ആദ്യമായിട്ടാണ് വ്യക്തമായി കാണൂന്നത്. " അമ്മ പറഞ്ഞു. മകന്റെ എതിർപ്പ് അവഗണിച്ചു കൊണ്ട് ആ അമ്മ ജനൽ കണ്ണാടി താഴ്ത്തി.
"എനിക്ക് മനസിലായില്ല" അയാൾ പറഞ്ഞു.
"മോന് ജനിച്ചപ്പോൾ മുതലേ കാഴ്ച ശക്തി കുറവായിരുന്നു. രണ്ട് വയസായപ്പോഴേക്കും കാഴ്ച പൂർണ്ണമായി നഷ്ടപ്പെട്ടു. പിന്നീടവന് എല്ലാം അന്ധകാരമായിരുന്നു. കഴിഞ്ഞ ആഴ്ചത്തെ ഓപ്പറേഷനോടെ അവന് കാഴ്ച തിരികെ കിട്ടി. ഞങ്ങൾ ഇപ്പോൾ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് പോവുകയാണ്. നിങ്ങളുടെ ദേഹത്ത് വെള്ളം വീണതിന് ഞാൻ ക്ഷമ ചോദിക്കുന്നു." ആ അമ്മ യാളോട് പറഞ്ഞു.

അയാൾക്ക് എന്തെങ്കിലും പറയാനുള്ള വാക്കുകൾ തൊണ്ടയിൽ തടഞ്ഞു നിന്നു. അയാൾ സീറ്റിൽ നിന്ന് പതിയെ എഴുന്നേറ്റ് ആ ജനൽ ചില്ല് പൊക്കി വെച്ചു. മഴത്തുള്ളികളിലേക്ക് ആ ചെറുപ്പക്കാരൻ വീണ്ടൂം കൈകൾ നീട്ടി. തന്റെ ദേഹത്തേക്ക് വീഴുന്ന മഴത്തുള്ളികളിൽ അയാളുടെ മനസും നനഞ്ഞു.

3. ആരയും സമൂഹമധ്യത്തിൽ കൂട്ടുചേർന്ന് കുറ്റപ്പെടുത്താതിരിക്കുക

വണ്ടി വിടുമ്പോള്‍ വലിയ തിരക്കില്ലായിരുന്നു.അയാള്‍ക്കും അവള്‍ക്കുംഒരേ സീറ്റില്‍ തന്നെ സ്ഥലം കിട്ടി.അയാളുടെ കയ്യില്‍ ഒരു കൈക്കുഞ്ഞും ഉണ്ടായിരുന്നു.കളിപ്പാട്ടങ്ങള്‍ നിറച്ച ബിഗ്‌ഷോപ്പര്‍ അവളുടെ കൈയ്യിലായിരുന്നു.ഒരോ സ്‌റ്റോപ്പ്കഴിയുമ്പോഴും തിരക്ക് ഏറി വന്നു. അയാളുടെ കൈയ്യിലിരുന്ന് കുഞ്ഞ് കരയാന്‍തുടങ്ങി.കുഞ്ഞ് കരച്ചില്‍ നിര്‍ത്തുന്ന മട്ടില്ല.അവന്റെ കരച്ചിലിന് ശക്തി ഏറിവന്നു.അവള്‍ കുഞ്ഞിനെ വിളിക്കാ‍ന്‍ ശ്രമിക്കുമ്പോഴെല്ലാം അവനത് കണ്ടില്ലന്ന് നടിച്ചു.അയാളുടെകൈയ്യില്‍ നിന്ന് മാറാന്‍ അവന്‍ സമ്മതിച്ചില്ല.

അവള്‍ ബാഗില്‍ നിന്ന് കുപ്പിപ്പാല്‍ എടുത്ത് അവന്റെ ചുണ്ടോട് അടിപ്പിച്ചു.അവനത് വായില്‍വെക്കാന്‍ സമ്മതിച്ചില്ല.ബസിന് വെളിയിലേക്ക് കൈചൂണ്ടി ഉച്ചത്തില്‍ കരഞ്ഞു.അവളുടെ മുഖം വിവര്‍‌ണ്ണമായി തുടങ്ങിയിരുന്നു.”കുഞ്ഞിന് വിശക്കുന്നുണ്ടാവും..അവന്മുലപ്പാല്‍ കൊടുക്ക് കൊച്ചേ ?” അവരുടെ സീറ്റിനു പുറകിലിരുന്ന അമ്മച്ചി പറഞ്ഞു.അവളത് കേട്ടതായി നടിച്ചില്ല.

വണ്ടി ചങ്ങനാശേരി വിട്ടു.കുഞ്ഞ് അപ്പോഴും അയാളുടെ കൈയ്യിലിരുന്ന് കരയുകയാണ്.അവളുടെ കൈയ്യിലേക്ക് പോകാന്‍ കുഞ്ഞ് കൂട്ടാക്കിയില്ല.”എടീ കൊച്ചേ കുഞ്ഞിനെയെടുത്ത് പാലുകൊടുക്ക്... നാണക്കേടൊന്നും വിചാരിക്കേണ്ട”അമ്മച്ചി അവളെവിടുന്ന മട്ടില്ല.എന്നിട്ടും അവള്‍ അതിന് തുനിയാതിരുന്നത് ആളുകളെ പലവഴിക്ക്ചിന്തിപ്പിച്ചു.
“ഇവരാ കുഞ്ഞിനെ തട്ടിക്കൊണ്ട് പോവാണന്നാ തോന്നുന്നത്..കുഞ്ഞ് അവളുടെഅടുത്തേക്ക് ചെല്ലുന്നുപോലുമില്ല...”ആരോ അഭിപ്രായപ്പെട്ടു.
“ബസ് നേരേ പോലീസ് സ്‌റ്റേഷനിലോട്ട് വിട്...”അടുത്ത ആള്‍ .

ആളുകള്‍ അവളോടും അയാളോടും ഒരോന്നോരോന്ന് ചോദിക്കാന്‍ തുടങ്ങി.അവളുടെകണ്ണില്‍ നിന്ന് കണ്ണീര്‍ ഒഴുകി.ബസ് പോലീസ് സ്‌റ്റേഷനിലേക്ക് തിരിഞ്ഞു.അയാളുടെമൊബൈല്‍ ബെല്ലടിച്ചു.അവള്‍ കുഞ്ഞിനെ ബലമായി കൈയ്യിലേക്ക് വാങ്ങി.അയാള്‍ റിസീവര്‍ ചെവിയോട് അടുപ്പിച്ചു. “സര്‍ ,ഓര്‍ഫനേജില്‍ നിന്നാണ്. ദത്തെടുക്കല്‍ രേഖകളില്‍ മാഡം ഇടതുതള്ളവിരലിന്റെ തമ്പ്‌ ഇപ്രക്ഷനാണ് പതിപ്പിച്ചിരിക്കുന്നത്.വലതു തള്ളവിരലിന്റെ തമ്പ്ഇം‌പ്രക്ഷനായിരുന്നു വേണ്ടിയിരുന്നത്....”

അവളുടെ ഇടതു തള്ളവിരലിലെ മഷിശരിക്ക് ഉണങ്ങിയിരുന്നില്ല.ബസ് പോലീസ്സ്‌റ്റേഷന്റെ മുന്നില്‍ എത്തിയിരുന്നു.കുഞ്ഞ് കരച്ചില്‍ നിര്‍ത്തി അവളുടെ മാറിന്റെചൂടേറ്റ് ഉറങ്ങി തുടങ്ങിയിരുന്നു. 

4. നമുക്കും നന്മകൾ വറ്റാത്ത ന്യായധിപന്മാർ ആകാം.

കഴിഞ്ഞ ഡിസംബർ 13 ആം തീയതി ദേശാഭിമാനി പത്രത്തിന്റെ ഓൺലൈൻ എഡീഷനിൽ വയിച്ച ഒരു വാർത്ത. പഞ്ചാബ് നാഷ്ണൽ ബാങ്കിൽ നിന്ന് സുകുമാരൻ എന്ന ആൾ ഒരു ലക്ഷം രൂപ വായ്പ എടുത്തു. വായ്പ അടയ്ക്കുന്നതിനു മുമ്പ് അയാൾ മരിച്ചു. ആ വായ്പയുടെ ബാധ്യത സുകുമാരന്റെ ഭാര്യയായ ഗിരിജയ്ക്കായി. ഹൃദ്രോഗിയായ മകനും അർബുദ രോഗിയായ ഗിരിജയ്ക്കും വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ വന്നു. ബാങ്ക് അവരുടെ അവരുടെ ഭൂമി ജപ്തി ചെയ്തു. ഗിരിജ ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ പരാതിയുമായി എത്തി. ലോക് അദാലത്തില്‍  കുടിശിഖ മുപ്പതിനായിരമായി ബാങ്ക് കുറച്ചെങ്കിലും ആ സ്ത്രിക്ക് അത് അടയ്ക്കാൻ കഴിയാതെ വന്നു. കേസിൽ വിധിപുറപ്പെടുവിച്ച ജഡ്ജി തന്നെ ആ സ്ത്രിയെ സഹായിക്കാൻ മുന്നിട്ടിറങ്ങി. ജഡ്ജി തന്റെ സഹപ്രവർത്തകരുടെ സഹായം തേടി. എല്ലാവരും കൂടി തുക സ്വരൂപിച്ച് ആ സ്ത്രിക്ക് വേണ്ടി തുക അടച്ച് കേസ് ഒത്തു തീർപ്പാക്കി. 


5. ചെയ്യുന്ന ദുഷ്പ്രവൃത്തികൾക്ക് കാലം കാത്തുവെച്ചിരിക്കുന്ന തിരിച്ചടികളെ പ്രതീക്ഷിക്കുക.

അയാള്‍ വന്നുകയറുന്നുടന്‍ മുതല്‍ അമ്മയെക്കുറിച്ചുള്ള പരാതികള്‍ അവള്‍ പറഞ്ഞുതുടങ്ങും. വയസ്സായതള്ള അടങ്ങിയിരിക്കുന്നി ല്ലന്നാണ് അവളുടെ പരാതി.അയാളുടെ അമ്മയ്ക്ക് വയസ്സ് എണ്‍പതു കഴിഞ്ഞു. പ്രഷറും ഷുഗറും കൊളസ്ട്രോളും അവരെ തളര്‍ത്താന്‍ തുടങ്ങിയിരുന്നു. ബിസ്‌നസ്സ്കാരനായ ഒറ്റ മകന് അമ്മയെ നോക്കാന്‍ സമയം ഇല്ലായിരുന്നു.പ്രത്യേകിച്ച് തൊഴിലൊന്നും ഇല്ലാത്ത മരുമകള്‍ക്കും അമ്മായിഅമ്മയെ നോക്കാന്‍ സമയം ഇല്ലായിരുന്നു.കെന്നല്‍ ക്ലബില്‍ കൊണ്ടുപോകുന്ന പട്ടികുട്ടിക്ക് നല്‍കുന്ന പരിചരണം പോലും മരുമകള്‍ അമ്മായിയമ്മയ്ക്ക് നല്‍കിയില്ല.

വയസ്സായതള്ളയെ വീട്ടില്‍ താമസിപ്പിക്കുന്നത് കുറച്ചിലാണന്ന് അവള്‍ അവനോട് പറഞ്ഞു.അവളുടെ ക്ലബിലെ എല്ലാവരുടേയും അമ്മായിയമ്മമാര്‍ ഓള്‍ഡേജ് ഹോമിലാണത്രെ താമസിക്കുന്നത്. അതാണത്രെ സ്റ്റാറ്റസ്.അവളുടെ കലഹം അസഹനീയമായപ്പോള്‍ അയാള്‍ അമ്മയെ ഓള്‍ഡേജ് ഹോമിലാക്കാന്‍ തീരുമാനിച്ചു.മാസം പതിനായിരം രൂപ നല്‍കേണ്ട ഓള്‍ഡേജ് ഹോമില്‍ മുറി ബുക്ക് ചെയ്യാന്‍ അയാളും ഭാര്യയും ഇറങ്ങി.അഞ്ചാം ക്ലാസില്‍ പഠിക്കുന്ന അവരുടെ മകനും അവരുടെയൊപ്പം ചെന്നു.ഓള്‍ഡേജ് ഹോമിലെ ഒരു കട്ടിലിന് രണ്ടുലക്ഷം രൂപയാണ് ഡിപ്പോസിറ്റ് എന്ന് ഡയറക്ടര്‍ പറഞ്ഞു.അയാള്‍ രണ്ടുലക്ഷം രൂപയുടെ ചെക്ക് നല്‍കി അമ്മയ്ക്ക് വേണ്ടി കട്ടില്‍ ബുക്ക് ചെയ്തു.
അയാളുടെ മകന്‍ അയാളോട് പറഞ്ഞു.
“ഡാഡീ,ഒരു രണ്ടുലക്ഷം രൂപയുടെ ചെക്ക് കൂടി എഴുതികൊടുത്ത് ഒരു കട്ടിലൂടെ ബുക്ക് ചെയ്യ്...”
“എന്തിനാ മോനേ..”അയാള്‍ ചോദിച്ചു.
“പത്ത് നാല്‍പ്പത് വര്‍ഷം കഴിയുമ്പോള്‍ ഡാഡിക്ക് വേണ്ടിയാ.... എനിക്കന്ന് കട്ടില്‍ ബുക്ക് ചെയ്യാന്‍ സമയം കിട്ടിയില്ലങ്കിലോ?” മകന്‍ പറഞ്ഞു.അയാളുടെ കണ്ണ് നിറഞ്ഞു.പക്ഷേ അയാള്‍ നിസഹായകനായിരുന്നു.
തിരിച്ച് വണ്ടിയോടിക്കുമ്പോള്‍ അയാള്‍ സംസാരിച്ചില്ല.തിരിച്ചുള്ള യാത്രയില്‍ അവള്‍ മകനോട് ചോദിച്ചു.
“മോന്‍ പപ്പയോട് മുറിബുക്ക് ചെയ്യാന്‍ പറഞ്ഞപ്പോള്‍ മമ്മിക്കുകൂടി മുറിബുക്ക് ചെയ്യാന്‍ പറയാഞ്ഞത് മോന് മമ്മിയോട് ഒത്തിരി ഇഷ്ടമുണ്ടായിട്ടാണോ ?”
“മമ്മിയോട് ഇഷ്ടമുണ്ടായിട്ടില്ല..... മമ്മി അമ്മച്ചിയോട് ചെയ്യുന്നതിന് എനിക്ക് എനിക്ക് എണ്ണിയെണ്ണി പകരം ചോദിക്കണം.മമ്മി ഓള്‍ഡേജ് ഹോമില്‍ പോയാല്‍ ഞാനെങ്ങനെ പകരം ചോദിക്കും??”
അവന്റെ ശബ്‌ദ്ദം ഉറച്ചതായിരുന്നു.

6. അശക്തരാണന്ന് കരുതുന്നവരിലെ ശക്തി തിരിച്ചറിയുക.

ഒരിക്കൽ ഒരു മനുഷ്യൻ കാട്ടിലൂടെ യാത്ര ചെയ്യുകയായിരുന്നു. പെട്ടന്ന് ആകാശത്ത് മഴക്കാറുകൾ നിറഞ്ഞു. ഭയങ്കര മഴ. കാട്ടിൽ ഇരുട്ട് പരക്കുന്നു. ആ മനുഷ്യൻ തന്റെ കുടൂംബത്തെ ഓർത്തു. തന്നെ കാത്തിരിക്കുന്ന കുട്ടികളെ ഓർത്തു. എത്രയും പെട്ടന്ന് വീട്ടിൽ എത്തണം. അയാൾ മഴയത്ത് നടന്നു. പക്ഷേ ഇടയ്ക്കെപ്പോഴോ വഴി തെറ്റി. കൈയ്യിൽ വെളിച്ചം ഇല്ല. വഴി തിരിച്ചറിയാൻ പറ്റുന്നില്ല. അതുവഴി വന്നൊരു മിന്നാമിനുങ്ങ് ഈ മനുഷ്യനെ കണ്ടു.മിന്നാമിനുണ്ട് അയാളോട് സംസാരിച്ചു. അവസാനം മിന്നാമിനുങ്ങ് അയാളോട് പറഞ്ഞു.
"ഞാൻ നിങ്ങൾക്ക് വഴി കാണിച്ച് തരാം" 
ഇതുകേട്ടപ്പോൾ അയാൾ ചിരിച്ചു. ഇച്ചിരിപോന്ന ഒരു മിന്നാമിനുങ്ങിന്റെ വെട്ടത്തിലെങ്ങനെ വഴികാണും? മിന്നാമിനുങ്ങ് പെട്ടന്ന് തന്റെ കൂട്ടൂകാരെ വിളിച്ചുകൊണ്ട് വന്നു. അനേകായിരും മിന്നാമിനുങ്ങൾ ഒരുമിച്ച് വന്നപ്പോൾ അയാൾക്ക് തന്റെ വഴികണ്ടത്താൻ കഴിഞ്ഞു. ആ മിന്നാമിനുങ്ങുകൾ അയാൾക്ക് നൽകിയ പ്രകാശത്തിൽ അയാൾ വീടെത്തി. 

നമ്മുടെ ചെറിയ സഹായം ഒരു മിന്നാമിനുങ്ങിന്റെ വെട്ടമായി കരുതിക്കൂടേ?. പാർശ്വവത്ക്കരിക്കപ്പെട്ട് സമൂഹത്തിൽ ഒറ്റപ്പെട്ട് കഴിയുന്ന ഓരോരുത്തരയും സമൂഹത്തിന്റെ ഭാഗമാക്കി മാറ്റാൻ നമുക്ക് കഴിയണം. 

image source :: http://www.postconsumers.com/education/wp-content/uploads/2012/02/new-years-resolutions.jpg

.

2 comments:

प्रिन्स|പ്രിന്‍സ് said...

ആറു കൊച്ചുകഥകളിലൂടെ പറഞ്ഞുപോയിരിക്കുന്ന നന്മയൂറുന്ന ചിന്തകൾ അഥവാ 'പുതുവർഷ തീരുമാനങ്ങൾ'.
നന്മയുടേയും സമൃദ്ധിയുടേയും പുതുവർഷം ആശംസിച്ചുകൊള്ളുന്നു.

ajith said...

ഹൃദയം പ്രകാശമാനമാക്കുന്ന കഥകൾ