നവംബർ തുടങ്ങുന്നതിനു മുമ്പ് തന്നെ നമ്മുടെ സംസ്ഥാനം വരൾചാബാധിതപ്രദേശമായി പ്രഖ്യാപിക്കപ്പെട്ടു. അതായത് മഴ ലഭിക്കേണ്ട സമയത്ത്, തുലാമഴസമയത്ത് തന്നെ (വടക്ക് കിഴക്കൻ മൺസൂൺ) നമ്മുടെ സംസ്ഥാനം വരൾചയുടെ പിടിയിൽ അകപ്പെട്ടിരിക്കൂന്നു. ഇടവപ്പാതിക്ക് (തെക്ക് പടിഞ്ഞാറൻ മൺസൂൺ) പിന്നാലെ തുലാമഴയും പെയ്യാതെ നിന്നപ്പോൾ ജലസ്രോതസുകൾ വറ്റിതുടങ്ങിയിരിക്കുന്നു. അടുത്ത ഇടവപ്പാതിക്ക് ഇനി ഏഴ് മാസങ്ങൾ കൂടി ബാക്കിയുണ്ട്. വേനൽമഴ കൂടി കനിഞ്ഞില്ലങ്കിൽ നമ്മൾ ഇനി വെള്ളത്തിനായി ക്യു നിൽക്കേണ്ടിവരും. അപ്പോഴും വലിയ ഒരു പ്രശ്നമുണ്ട്. ക്യു നിന്ന് വാങ്ങാനാണങ്കിലും വെള്ളം എവിടെ നിന്ന് കിട്ടും??? മഴയുടേ വാർഷിക ശരാശരി 3000 ആയിരുന്ന ഒരു സംസ്ഥാനം ആണ് ഇപ്പോൾ വെള്ളത്തിനായി മഴമേഘങ്ങൾക്കായി കാത്തിരിക്കൂന്നത്.
രണ്ട് പ്രധാന മഴക്കാലങ്ങൾ, ജൂൺ മുതൽ സെപ്റ്റംബർ വരെ നീണ്ടു നിൽക്കൂന്ന ഇടവപ്പാതി അതായത് തെക്ക് പടിഞ്ഞാറൻ മൺസൂൺ(South-West monsoon.). ഒക്ടോബർ മുതൽ ഡിസംബർ വരെ നീണ്ടു നിൽക്കുന്ന തുലാമഴയിലും. (വടക്ക് കിഴക്കൻ മൺസൂൺ). പിന്നെ ജനുവരി മുതൽ മെയ് വരെ യുള്ള കാലങ്ങളിലുള്ള വേനൽ മഴ. ഇങ്ങനെ ഒരു 'മഴചക്ര'ത്തിലൂടേയായിരുന്നു നമ്മൾ കടന്നു പോയിരുന്നത്.
ഇടവപ്പാതി.
മഴയുടെ വാർഷിക ശരാശരിയായ 3000mm ൽ(വാർഷിക ശരാശരി - 3,055) ഭൂരിഭാഗവും-(70%) നമുക്ക് കിട്ടിയിരുന്നത് ഇടവപ്പാതിയിൽ നിന്നായിരുന്നു. (കാലാവസ്ഥ നിരീക്ഷണവകുപ്പിന്റെ കണക്കനുസരിച്ച് കേരളത്തിന്റെ മഴയുടെ വാർഷിക ശരാശരി 2924.3മി.മി ) .2016 ലെ ഇടവപ്പാതി കഴിഞ്ഞപ്പോൾ കേരളത്തിൽ ലഭിച്ചത് 1352.3mm മഴയാണ്. കിട്ടേണ്ടിയിരുന്നത് 2039.7mm. 34 ശതമാനത്തിന്റെ കുറവ്. 20 ദിവസം മാത്രമാണ് ശരാശരിയിൽ കൂടുതൽ മഴ ലഭിച്ചത്. ബാക്കി ദിവസങ്ങളിൽ മഴയുടേ അളവ് കുറവായിരുന്നു.
കേരളത്തിലെ എല്ലാ ജില്ലകളിലും ഇടവപ്പാതി കുറവായിരുന്നു. ഏറ്റവും കൂടുതൽ മഴ ലഭിച്ച കാസർകോട്ടു(2252.9) 25% മഴ കുറവായിരുന്നു. വയനാട് ജില്ലയിൽ 59 ശതമാനത്തിന്റെ മഴക്കുറവായിരുന്നു ഇടവപ്പാതിയിൽ .
പട്ടിക നോക്കുക.ഇടവപ്പാതി മാത്രമല്ല തുലാമഴയും ചതിച്ചു....
ഒക്ടോബരിൽ(2016 ഒക്ടോബർ1) ആരംഭിച്ച തുലാമഴയും ഇതുവരെയുള്ള കണക്കുകൾ വെച്ച് വളരെക്കുറവായിരുന്നു. കേരളത്തിലാകെ 63 ശതമാനത്തിന്റെ മഴക്കുറവാണ് ഇതുവരെ(2016 നവംബർ 30വരെ) രേഖപ്പെടൂത്തിയിരിക്കൂന്നത്. ഏറ്റവും കൂടുതൽ മഴക്കുറവ് അനുഭവപ്പെട്ടത് കാസർകോട്ടാണ്. 86 ശതമാനത്തിന്റെ മഴക്കൂറവാണ് ഇവിടെ രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് മഴക്കുറവ് പത്തനംതിട്ട ജില്ലയിലും. പത്തനംതിട്ടയിൽ 27 ശതമാനമാണ് മഴക്കുറവ്. പട്ടിക നോക്കുക.
(മുകളിലെ പട്ടിക ജനുവരി2017ൽ അപ്ഡേറ്റ് ചെയ്തത്)
പട്ടിക നോക്കുക
2016 ലെ വേനൽ മഴയും നമ്മളെ ചതിച്ചതാ!!!!!
പട്ടിക നോക്കുക.
2016 ലെ വേനൽമഴയിൽ കേരളത്തിൽ ആകെ 21 ശതമാനത്തിന്റെ മഴക്കുറവാണ് ഉണ്ടായത്. നാല് ജില്ലകൾ ഒഴികെ മറ്റ് ജില്ലകളിൽ മഴ പ്രതീക്ഷിച്ച അളവിൽ ലഭിച്ചില്ല എന്ന് മാത്രമല്ല പത്തനംതിട്ട പാലക്കാട് ജില്ലകളിൽ 90 ശതമാനത്തിലധികം മഴകുറഞ്ഞു. ഇതിൽ പത്തനംതിട്ട ജില്ലയിൽ 65മി.മീ മഴലഭിക്കേണ്ട സ്ഥാനത്ത് ലഭിച്ചത് 5 ശതമാനം മാത്രം.
ഇന്ത്യയിൽ മൺസൂൺ മഴക്കൂറവ് കേരളത്തിൽ...
India Meteorological Department ന്റെ 2016 Southwest Monsoon End of Season Report പ്രകാരം 2016 ലെ തെക്ക് പടിഞ്ഞാറൻ മൺസൂൺ(ഇടവപ്പാതി) കാലത്ത് ഇന്ത്യയിൽ ഏറ്റവും കുറവ് മഴ ലഭിച്ചത് കേരളത്തിലാണ്. 2039.6മി.മി കിട്ടേണ്ട സ്ഥാനത്ത് 1352.2മി.മി മഴയാണ് നമുക്ക് ലഭിച്ചത്. ഇന്ത്യയിലാകമാനം ഈ കാലയളവിൽ ലഭിക്കേണ്ട മഴയിൽ 97% ലഭിച്ചപ്പോഴാണ് കേരളത്തിൽ 34 ശതമാനത്തിന്റെ കുറവ്. 30 ശതമാനം മഴക്കുറവുമായി ആസാമും മേഘാലയും ഉൾപ്പെട്ട മെട്രോളജിക്കൽ സബ്ഡിവഷനു ഉണ്ട്. (ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചിരുന്ന ചിറാപ്പുഞ്ചി മേഘാലയിൽ ആണ്).
2016 ലെ തെക്ക് പടിഞ്ഞാറൻ കാലവർഷത്തിൽ മഴക്കുറവുണ്ടായ സ്ഥലങ്ങളുടെ പട്ടിക താഴെ.
ജൂണ്മാസത്തിൽ 3 ശതമാനത്തിന്റെ കുറവും ജൂലൈ മാസത്തിൽ 39 ശതമാനത്തിന്റെയും ഓഗസ്റ്റ് മാസത്തിൽ 45 ശതമാനത്തിന്റെയും
സെപറ്റംബറിൽ 66 ശതമാനത്തിന്റെയും മഴക്കുറവാണ് കേരളത്തിൽ ഉണ്ടായത്. സെപ്റ്റംബറിൽ രാജ്യത്താകമാനം 97% മഴ ലഭിച്ചപ്പോഴാണ് കേരളത്തിൽ ഈ കുറവ് ഉണ്ടായിരിക്കുന്നത്. (ജൂൺ ഒന്നിന് എത്തേണ്ട മഴ കേരളത്തിൽ 2016 ൽ എത്തിയത് 7 ദിവസം താമസിച്ച് 8 തീയതിയാണ് എത്തിയത്. 2015 ൽ മഴ എത്തിയത് അഞ്ച് ദിവസം താമസിച്ച് ജൂൺ 6 ആം തീയതിയും).
2015 ലും കാലവർഷത്തിൽ(ഇടവപ്പാതി) 26 ശതമാനത്തിന്റെ കുറവാണ് കേരളത്തിൽ ഉണ്ടായത്. 2015 ലെ ഇടവപ്പാതിയുടെ കണക്ക് ഇങ്ങനെ..
(മാസം ലഭിച്ചമഴ (ബ്രായ്ക്കറ്റിൽ പ്രതീക്ഷിച്ച മഴ) , കൂടുതൽ/കുറവ് ശതമാനക്കണക്ക്)
ജൂൺ 563.6 (649.8) -13
ജൂലൈ 406.0 (726.1) -44
ഓഗസ്റ്റ് 252.2 (419.5) -40
സെപ്റ്റംബർ 292.9 (244.2) 20
കാലവർഷത്തിലാകെ 1514.7(2039.6) -26
{
മെട്രോളിജിക്കൽ ഡിപ്പർട്ട്മെന്റിന്റെ ന്റെ കണക്ക് അനുസരിച്ച്(1951-2001) നമ്മുടേ കേരളത്തിലെ വാർഷിക(ജനുവരി-ഡിസംബർ) മഴയുടെ ശരാശരി അളവ് (മി.മി) 2924.3 ആണ്. വാർഷിക ശരാശരി 3000മി.മീ കൂടുതൽ ഉള്ള രണ്ട് സംസ്ഥാനങ്ങളാണ് ഉള്ളത്. ഗോവയും മേഘാലയും. വാർഷിക ശരാശരി 2001-3000 ത്തിൽ പെടുന്നത് നമ്മുടെ കേരളത്തോടൊപ്പം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളായ സിക്കിം (2971) , ആസ്സാം (2296) , അരുണാചൽ പ്രദേശ് (29933) , മണിപ്പൂർ(2039), ത്രിപുര(2475) , മിസോരാം(2626). കർണ്ണാടകയിലെ മഴയുടെ അളവ് 1147 ഉം തമിഴനാട്ടിലെ മഴയുടേ അളവ് 912 ഉം ആന്ധ്രയിലെ മഴയളവ് 912.9ഉം , തെലുങ്കാനയിൽ 942.6
}
കഴിഞ്ഞ അഞ്ചുവർഷങ്ങളിലെ (2012-2016) കേരളത്തിലെ മഴക്കണക്ക് താഴെ. (ഏറ്റവും കൂടുതൽ മഴ ലഭിക്കൂന്ന ജൂൺ-ഡിസംബർ മാസങളിലെ മഴയുടെ അളവാണ് പട്ടികയിൽ)
കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജൂലൈ മാസത്തിൽ 2013 ൽ ഒഴിച്ച് ബാക്കി വർഷങ്ങളിൽ മഴക്കുറവായാണ് നമുക്ക് ലഭിച്ചത്.
(2016 ഡിസംബറിൽ ഇതുവരെ 27 ശതമാനത്തിന്റെ മഴക്കുറവ് ഉണ്ടായിട്ടുണ്ട്. ഡിസംബർ ഒന്നു മുതൽ ഏഴ് വരെയുള്ള ആഴ്ചയിൽ 12.9 മി.മീ മഴലഭിക്കേണ്ടിടത്ത് 9.4 മഴ ലഭിച്ചിട്ടുണ്ട്)
2016 ജനുവരി മുതൽ നവംബർ വരെയുള്ള കാലയളവിൽ കേരളത്തിൽ 36 ശതമാനത്തിന്റെ മഴക്കുറവാണ് രേഖപ്പെടൂത്തിയിരിക്കൂന്നത്. വേനൽമഴയിൽ 21 ശതമാനത്തിന്റെ കുറവുണ്ടായപ്പോൾ മാർച്ച്-മെയ് കാലയളവിലെ പ്രി-മൺസൂൺ സമയത്ത് 18 ശതമാനത്തിന്റെ മഴക്കുറവാണ് ഉണ്ടായത്. ഇടവപ്പാതിയിൽ 34 ശതമാനത്തിന്റെ കുറവുണ്ടായപ്പോൾ തുലാമഴയിൽ 63 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്.
2016 ലെ ഓരോ മാസത്തയും മഴയളവ് നോക്കുക (ഡിസംബർ ഒഴികെ)
(ഡിസംബറിൽ ഇതുവരെ 27 ശതമാനത്തിന്റെ മഴക്കുറവ് ഉണ്ടായിട്ടുണ്ട്. ഡിസംബർ ഒന്നു മുതൽ ഏഴ് വരെയുള്ള ആഴ്ചയിൽ 12.9 മി.മീ മഴലഭിക്കേണ്ടിടത്ത് 9.4 മഴ ലഭിച്ചിട്ടുണ്ട്)
2016 ൽ നമ്മുടെ ജില്ലകളിലെ മഴക്കാലയളവിലെ മഴയളവിന്റെ പട്ടിക താഴെ
ഏറ്റവും കൂടുതൽ മഴക്കൂറവ് ഉണ്ടായിരിക്കൂന്നത് വയനാട്ടിൽ ആണ്. 60 ശതമാനം മഴകൂറവാണ് വയനാട്ടിൽ ഉണ്ടായിരിക്കൂന്നത്. അതായത് പെയ്യേണ്ട മഴയിൽ 40 ശതമാനം മഴമാത്രമേ വയനാട്ടിൽ ലഭിച്ചുള്ളൂ. തൃശൂരിലും മലപ്പുറത്തും 54 ശതമാനം മഴയാണ് ലഭിച്ചത്.
46 ശതമാനത്തിന്റെ കുറവ്. ഏറ്റവും കുറവ് മഴക്കുറവ് ഉണ്ടായിരിക്കുന്നത് കൊല്ലത്താണ്. 22 ശതമാനം മഴ കുറവ്. ആലപ്പുഴയിൽ 37 ശതമാനം മഴക്കുറവുണ്ടായപ്പോൾ ഇടുക്കിയിൽ 36 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്.
ഡിസംബർ പാതിയാകുന്നതിനുമുമ്പേ വേനൽ എത്തിയിരിക്കുന്നു. മഴക്കുറവുകൊണ്ട് തന്നെ ജലാസ്രോതസുകൾ വറ്റിതുടങ്ങിയിരിക്കുന്നു. കൃഷിക്കും കുടിവെള്ളത്തിനും ഒക്കെ നമുക്ക് വെള്ളം തന്നെ വേണം. കേരളത്തെ സംബന്ധിച്ച് വൈദ്യുതിക്കായും ജലത്തെ തന്നെ ആശ്രയിക്കേണ്ടതുണ്ട്. അപ്പോൾ മഴക്കുറവ് നമ്മളെയെല്ലാം ഒരുതരത്തിൽ അല്ലങ്കിൽ മറ്റൊരുതരത്തിൽ ബാധിക്കുകതന്നെ ചെയ്യും. മഴവെള്ളത്തെ മണ്ണിലേക്ക് 'ഇറക്കി'വിടാൻ കഴിയുന്നില്ലങ്കിൽ വരും കാലയളവിൽ വരൾച അതീവരൂക്ഷമാവുക തന്നെ ചെയ്യും....
ചിറാപ്പുഞ്ചി നമുക്കൊരു പാഠമാണ്...
ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ മഴപെയ്യുന്ന സ്ഥലങ്ങളിലൊന്നാണ് മേഘാലയിലെ ചിറാപ്പുഞ്ചി. പക്ഷേ അവിടയും വേനൽക്കാലത്ത് ഇപ്പോൾ കുടിവെള്ളം ശേഖരിക്കാനായി ആളുകൾക്ക് സഞ്ചരിക്കേണ്ടി വരുന്നു. വനനശീകരണം കൊണ്ട് ഭൂമിയിലേക്ക് വെള്ളം ശേഖരിക്കപ്പെടാതെ പോകുന്നതാണ് കാരണം. ജലസ്രോതസുകളും ജലശേഖരങ്ങളും (വയൽ/തണ്ണീർത്തടങ്ങൾ/തടാകങ്ങൾ....)ഒക്കെ നശിപ്പിക്കൂന്ന കേരളവും ഈ പാതകത്തിന് വലിയ വില കൊടുക്കേണ്ടി വരും..... മഴ നമ്മളെ ചതിക്കുമ്പോൾ ജലസ്രോതസുകളെ നശിപ്പിച്ചും ഇല്ലാതാക്കിയും നമ്മളും പ്രകൃതിയെ ചതിക്കുന്നു...... വെള്ളം കിട്ടാക്കനിയാകുന്ന ഒരു കാലത്തിലേക്കാണോ നമ്മുടെ പ്രയാണം....... മഴ കനിഞ്ഞനുഗ്രഹിച്ചിരുന്ന കേരളം എന്ന 'ദൈവത്തിന്റെ സ്വന്തം നാട്ടിൽ'നിന്ന് മഴ ഓടിയൊളിക്കുമ്പോൾ നമ്മുടെ നാടും പതുക്കെ പതുക്കെ മരുഭൂമിയാവും.... (നമുക്കെപ്പോഴും 'ഗ്രീൻ പ്രോട്ടോക്കോൾ' എന്ന് പറയുന്നത് കെട്ടിടഭിത്തിയിൽ പച്ചപ്പെയിന്റ് അടിക്കുന്നതാണ്.)
:: അവലംബം ::
തിരുവനന്തപുരം METEOROLOGICAL CENTRE ന്റെ റിപ്പോർട്ടുകൾ
ഭാരത സർക്കാർ Hydromet Division ന്റെ Customized Rainfall Information System (CRIS)
India Meteorological Department ന്റെ 2016 Southwest Monsoon End of Season Report
India Meteorological Department ന്റെ Monsoon Report 2015 (India Meteorological Department Pune)
No comments:
Post a Comment