Thursday, December 8, 2016

നമുക്കിനി വെള്ളത്തിനായി ക്യു നിൽക്കാം.... മഴ ചതിച്ചാശാനേ

നവംബർ തുടങ്ങുന്നതിനു മുമ്പ് തന്നെ നമ്മുടെ സംസ്ഥാനം വരൾചാബാധിതപ്രദേശമായി പ്രഖ്യാപിക്കപ്പെട്ടു. അതായത് മഴ ലഭിക്കേണ്ട സമയത്ത്, തുലാമഴസമയത്ത് തന്നെ (വടക്ക്‌ കിഴക്കൻ മൺസൂൺ) നമ്മുടെ സംസ്ഥാനം വരൾചയുടെ പിടിയിൽ അകപ്പെട്ടിരിക്കൂന്നു. ഇടവപ്പാതിക്ക് (തെക്ക്‌ പടിഞ്ഞാറൻ മൺസൂൺ) പിന്നാലെ തുലാമഴയും പെയ്യാതെ നിന്നപ്പോൾ ജലസ്രോതസുകൾ വറ്റിതുടങ്ങിയിരിക്കുന്നു. അടുത്ത ഇടവപ്പാതിക്ക് ഇനി ഏഴ് മാസങ്ങൾ കൂടി ബാക്കിയുണ്ട്. വേനൽമഴ കൂടി കനിഞ്ഞില്ലങ്കിൽ നമ്മൾ ഇനി വെള്ളത്തിനായി ക്യു നിൽക്കേണ്ടിവരും. അപ്പോഴും വലിയ ഒരു പ്രശ്നമുണ്ട്. ക്യു നിന്ന് വാങ്ങാനാണങ്കിലും വെള്ളം എവിടെ നിന്ന് കിട്ടും??? മഴയുടേ വാർഷിക ശരാശരി 3000 ആയിരുന്ന ഒരു സംസ്ഥാനം ആണ് ഇപ്പോൾ വെള്ളത്തിനായി മഴമേഘങ്ങൾക്കായി കാത്തിരിക്കൂന്നത്.

മഴ ചതിച്ചാശാനേ......
രണ്ട് പ്രധാന മഴക്കാലങ്ങൾ, ജൂൺ മുതൽ സെപ്റ്റംബർ വരെ നീണ്ടു നിൽക്കൂന്ന ഇടവപ്പാതി അതായത്‌ തെക്ക്‌ പടിഞ്ഞാറൻ മൺസൂൺ(South-West monsoon.). ഒക്ടോബർ മുതൽ ഡിസംബർ വരെ നീണ്ടു നിൽക്കുന്ന തുലാമഴയിലും. (വടക്ക്‌ കിഴക്കൻ മൺസൂൺ). പിന്നെ ജനുവരി മുതൽ മെയ് വരെ യുള്ള കാലങ്ങളിലുള്ള വേനൽ മഴ. ഇങ്ങനെ ഒരു 'മഴചക്ര'ത്തിലൂടേയായിരുന്നു നമ്മൾ കടന്നു പോയിരുന്നത്.

ഇടവപ്പാതി.
മഴയുടെ വാർഷിക ശരാശരിയായ 3000mm ൽ(വാർഷിക ശരാശരി - 3,055) ഭൂരിഭാഗവും-(70%) നമുക്ക് കിട്ടിയിരുന്നത് ഇടവപ്പാതിയിൽ നിന്നായിരുന്നു. (കാലാവസ്ഥ നിരീക്ഷണവകുപ്പിന്റെ കണക്കനുസരിച്ച് കേരളത്തിന്റെ മഴയുടെ വാർഷിക ശരാശരി 2924.3മി.മി ) .2016 ലെ ഇടവപ്പാതി കഴിഞ്ഞപ്പോൾ കേരളത്തിൽ ലഭിച്ചത് 1352.3mm മഴയാണ്. കിട്ടേണ്ടിയിരുന്നത് 2039.7mm. 34 ശതമാനത്തിന്റെ കുറവ്. 20 ദിവസം മാത്രമാണ് ശരാശരിയിൽ കൂടുതൽ മഴ ലഭിച്ചത്. ബാക്കി ദിവസങ്ങളിൽ മഴയുടേ അളവ് കുറവായിരുന്നു.


കേരളത്തിലെ എല്ലാ ജില്ലകളിലും ഇടവപ്പാതി കുറവായിരുന്നു. ഏറ്റവും കൂടുതൽ മഴ ലഭിച്ച കാസർകോട്ടു(2252.9) 25% മഴ കുറവായിരുന്നു. വയനാട് ജില്ലയിൽ 59 ശതമാനത്തിന്റെ മഴക്കുറവായിരുന്നു ഇടവപ്പാതിയിൽ .
പട്ടിക നോക്കുക.

ഇടവപ്പാതി മാത്രമല്ല തുലാമഴയും ചതിച്ചു....
ഒക്ടോബരിൽ(2016 ഒക്ടോബർ1) ആരംഭിച്ച തുലാമഴയും ഇതുവരെയുള്ള കണക്കുകൾ വെച്ച് വളരെക്കുറവായിരുന്നു. കേരളത്തിലാകെ 63 ശതമാനത്തിന്റെ മഴക്കുറവാണ് ഇതുവരെ(2016 നവംബർ 30വരെ) രേഖപ്പെടൂത്തിയിരിക്കൂന്നത്. ഏറ്റവും കൂടുതൽ മഴക്കുറവ് അനുഭവപ്പെട്ടത് കാസർകോട്ടാണ്. 86 ശതമാനത്തിന്റെ മഴക്കൂറവാണ് ഇവിടെ രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് മഴക്കുറവ് പത്തനംതിട്ട ജില്ലയിലും. പത്തനംതിട്ടയിൽ 27 ശതമാനമാണ് മഴക്കുറവ്. പട്ടിക നോക്കുക.

(മുകളിലെ പട്ടിക ജനുവരി2017ൽ അപ്ഡേറ്റ് ചെയ്തത്)


2015 ലെ തുലാമഴ കേരളത്തിൽ 27 ശതമാനം അധികം കിട്ടിയിരുന്നു. 480.7 കിട്ടേണ്ടിയിരുന്നിടത്ത് 610.1മി.മി മഴ കിട്ടിയിരുന്നു.
പട്ടിക നോക്കുക

2016 ലെ വേനൽ മഴയും നമ്മളെ ചതിച്ചതാ!!!!!
പട്ടിക നോക്കുക.
2016 ലെ വേനൽമഴയിൽ കേരളത്തിൽ ആകെ 21 ശതമാനത്തിന്റെ മഴക്കുറവാണ് ഉണ്ടായത്. നാല് ജില്ലകൾ ഒഴികെ മറ്റ് ജില്ലകളിൽ മഴ പ്രതീക്ഷിച്ച അളവിൽ ലഭിച്ചില്ല എന്ന് മാത്രമല്ല പത്തനംതിട്ട പാലക്കാട് ജില്ലകളിൽ 90 ശതമാനത്തിലധികം മഴകുറഞ്ഞു. ഇതിൽ പത്തനംതിട്ട ജില്ലയിൽ 65മി.മീ മഴലഭിക്കേണ്ട സ്ഥാനത്ത് ലഭിച്ചത് 5 ശതമാനം മാത്രം.

ഇന്ത്യയിൽ മൺസൂൺ മഴക്കൂറവ് കേരളത്തിൽ...
India Meteorological Department ന്റെ 2016 Southwest Monsoon End of Season Report പ്രകാരം 2016 ലെ തെക്ക്‌ പടിഞ്ഞാറൻ മൺസൂൺ(ഇടവപ്പാതി) കാലത്ത് ഇന്ത്യയിൽ ഏറ്റവും കുറവ് മഴ ലഭിച്ചത് കേരളത്തിലാണ്. 2039.6മി.മി കിട്ടേണ്ട സ്ഥാനത്ത് 1352.2മി.മി മഴയാണ് നമുക്ക് ലഭിച്ചത്. ഇന്ത്യയിലാകമാനം ഈ കാലയളവിൽ ലഭിക്കേണ്ട മഴയിൽ 97% ലഭിച്ചപ്പോഴാണ് കേരളത്തിൽ 34 ശതമാനത്തിന്റെ കുറവ്. 30 ശതമാനം മഴക്കുറവുമായി ആസാമും മേഘാലയും ഉൾപ്പെട്ട മെട്രോളജിക്കൽ സബ്ഡിവഷനു ഉണ്ട്. (ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചിരുന്ന ചിറാപ്പുഞ്ചി മേഘാലയിൽ ആണ്).
2016 ലെ തെക്ക് പടിഞ്ഞാറൻ കാലവർഷത്തിൽ മഴക്കുറവുണ്ടായ സ്ഥലങ്ങളുടെ പട്ടിക താഴെ.
ജൂണ്മാസത്തിൽ 3 ശതമാനത്തിന്റെ കുറവും ജൂലൈ മാസത്തിൽ 39 ശതമാനത്തിന്റെയും ഓഗസ്റ്റ് മാസത്തിൽ 45 ശതമാനത്തിന്റെയും
സെപറ്റംബറിൽ 66 ശതമാനത്തിന്റെയും മഴക്കുറവാണ് കേരളത്തിൽ ഉണ്ടായത്. സെപ്റ്റംബറിൽ രാജ്യത്താകമാനം 97% മഴ ലഭിച്ചപ്പോഴാണ് കേരളത്തിൽ ഈ കുറവ് ഉണ്ടായിരിക്കുന്നത്. (ജൂൺ ഒന്നിന് എത്തേണ്ട മഴ കേരളത്തിൽ 2016 ൽ എത്തിയത് 7 ദിവസം താമസിച്ച് 8 തീയതിയാണ് എത്തിയത്. 2015 ൽ മഴ എത്തിയത് അഞ്ച് ദിവസം താമസിച്ച് ജൂൺ 6 ആം തീയതിയും).

2015 ലും കാലവർഷത്തിൽ(ഇടവപ്പാതി) 26 ശതമാനത്തിന്റെ കുറവാണ് കേരളത്തിൽ ഉണ്ടായത്. 2015 ലെ ഇടവപ്പാതിയുടെ കണക്ക് ഇങ്ങനെ..
(മാസം ലഭിച്ചമഴ (ബ്രായ്ക്കറ്റിൽ പ്രതീക്ഷിച്ച മഴ) , കൂടുതൽ/കുറവ് ശതമാനക്കണക്ക്)
ജൂൺ                 563.6 (649.8) -13
ജൂലൈ              406.0 (726.1) -44
ഓഗസ്റ്റ്              252.2 (419.5) -40
സെപ്റ്റംബർ  292.9 (244.2)  20
കാലവർഷത്തിലാകെ 1514.7(2039.6) -26

{
മെട്രോളിജിക്കൽ  ഡിപ്പർട്ട്മെന്റിന്റെ ന്റെ കണക്ക് അനുസരിച്ച്(1951-2001) നമ്മുടേ കേരളത്തിലെ വാർഷിക(ജനുവരി-ഡിസംബർ) മഴയുടെ  ശരാശരി അളവ് (മി.മി) 2924.3 ആണ്. വാർഷിക ശരാശരി 3000മി.മീ കൂടുതൽ ഉള്ള രണ്ട് സംസ്ഥാനങ്ങളാണ് ഉള്ളത്. ഗോവയും മേഘാലയും. വാർഷിക ശരാശരി 2001-3000 ത്തിൽ പെടുന്നത് നമ്മുടെ കേരളത്തോടൊപ്പം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളായ സിക്കിം (2971) , ആസ്സാം (2296) , അരുണാചൽ പ്രദേശ് (29933) , മണിപ്പൂർ(2039), ത്രിപുര(2475) , മിസോരാം(2626). കർണ്ണാടകയിലെ മഴയുടെ അളവ് 1147 ഉം തമിഴനാട്ടിലെ മഴയുടേ അളവ് 912 ഉം ആന്ധ്രയിലെ മഴയളവ് 912.9ഉം , തെലുങ്കാനയിൽ 942.6
}

കഴിഞ്ഞ അഞ്ചുവർഷങ്ങളിലെ (2012-2016) കേരളത്തിലെ മഴക്കണക്ക് താഴെ. (ഏറ്റവും കൂടുതൽ മഴ ലഭിക്കൂന്ന ജൂൺ-ഡിസംബർ മാസങളിലെ മഴയുടെ അളവാണ് പട്ടികയിൽ)
കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജൂലൈ മാസത്തിൽ 2013 ൽ ഒഴിച്ച് ബാക്കി വർഷങ്ങളിൽ മഴക്കുറവായാണ് നമുക്ക് ലഭിച്ചത്.
(2016 ഡിസംബറിൽ ഇതുവരെ 27 ശതമാനത്തിന്റെ മഴക്കുറവ് ഉണ്ടായിട്ടുണ്ട്. ഡിസംബർ ഒന്നു മുതൽ ഏഴ് വരെയുള്ള ആഴ്ചയിൽ 12.9 മി.മീ മഴലഭിക്കേണ്ടിടത്ത് 9.4 മഴ ലഭിച്ചിട്ടുണ്ട്)

2016 ൽ മഴ നമ്മളോട് ചെയ്തത്!!!!
2016 ജനുവരി മുതൽ നവംബർ വരെയുള്ള കാലയളവിൽ കേരളത്തിൽ 36 ശതമാനത്തിന്റെ മഴക്കുറവാണ് രേഖപ്പെടൂത്തിയിരിക്കൂന്നത്. വേനൽമഴയിൽ 21 ശതമാനത്തിന്റെ കുറവുണ്ടായപ്പോൾ മാർച്ച്-മെയ് കാലയളവിലെ പ്രി-മൺസൂൺ സമയത്ത് 18 ശതമാനത്തിന്റെ മഴക്കുറവാണ് ഉണ്ടായത്. ഇടവപ്പാതിയിൽ 34 ശതമാനത്തിന്റെ കുറവുണ്ടായപ്പോൾ തുലാമഴയിൽ 63 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്.

2016 ലെ ഓരോ മാസത്തയും മഴയളവ് നോക്കുക (ഡിസംബർ ഒഴികെ)
(ഡിസംബറിൽ ഇതുവരെ 27 ശതമാനത്തിന്റെ മഴക്കുറവ് ഉണ്ടായിട്ടുണ്ട്. ഡിസംബർ ഒന്നു മുതൽ ഏഴ് വരെയുള്ള ആഴ്ചയിൽ 12.9 മി.മീ മഴലഭിക്കേണ്ടിടത്ത് 9.4 മഴ ലഭിച്ചിട്ടുണ്ട്)

2016 ൽ നമ്മുടെ ജില്ലകളിലെ മഴക്കാലയളവിലെ മഴയളവിന്റെ പട്ടിക താഴെ
ഏറ്റവും കൂടുതൽ മഴക്കൂറവ് ഉണ്ടായിരിക്കൂന്നത് വയനാട്ടിൽ ആണ്. 60 ശതമാനം മഴകൂറവാണ് വയനാട്ടിൽ ഉണ്ടായിരിക്കൂന്നത്. അതായത് പെയ്യേണ്ട മഴയിൽ 40 ശതമാനം മഴമാത്രമേ വയനാട്ടിൽ ലഭിച്ചുള്ളൂ. തൃശൂരിലും മലപ്പുറത്തും 54 ശതമാനം മഴയാണ് ലഭിച്ചത്. 
46 ശതമാനത്തിന്റെ  കുറവ്. ഏറ്റവും കുറവ് മഴക്കുറവ് ഉണ്ടായിരിക്കുന്നത് കൊല്ലത്താണ്. 22 ശതമാനം മഴ കുറവ്. ആലപ്പുഴയിൽ 37 ശതമാനം മഴക്കുറവുണ്ടായപ്പോൾ ഇടുക്കിയിൽ 36 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്.

ഡിസംബർ പാതിയാകുന്നതിനുമുമ്പേ വേനൽ എത്തിയിരിക്കുന്നു. മഴക്കുറവുകൊണ്ട് തന്നെ ജലാസ്രോതസുകൾ വറ്റിതുടങ്ങിയിരിക്കുന്നു. കൃഷിക്കും കുടിവെള്ളത്തിനും ഒക്കെ നമുക്ക് വെള്ളം തന്നെ വേണം. കേരളത്തെ സംബന്ധിച്ച് വൈദ്യുതിക്കായും ജലത്തെ തന്നെ ആശ്രയിക്കേണ്ടതുണ്ട്. അപ്പോൾ മഴക്കുറവ് നമ്മളെയെല്ലാം ഒരുതരത്തിൽ അല്ലങ്കിൽ മറ്റൊരുതരത്തിൽ ബാധിക്കുകതന്നെ ചെയ്യും. മഴവെള്ളത്തെ മണ്ണിലേക്ക് 'ഇറക്കി'വിടാൻ കഴിയുന്നില്ലങ്കിൽ വരും കാലയളവിൽ വരൾച അതീവരൂക്ഷമാവുക തന്നെ ചെയ്യും....

ചിറാപ്പുഞ്ചി നമുക്കൊരു പാഠമാണ്...
ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ മഴപെയ്യുന്ന സ്ഥലങ്ങളിലൊന്നാണ് മേഘാലയിലെ ചിറാപ്പുഞ്ചി. പക്ഷേ അവിടയും വേനൽക്കാലത്ത് ഇപ്പോൾ കുടിവെള്ളം ശേഖരിക്കാനായി ആളുകൾക്ക് സഞ്ചരിക്കേണ്ടി വരുന്നു. വനനശീകരണം കൊണ്ട് ഭൂമിയിലേക്ക് വെള്ളം ശേഖരിക്കപ്പെടാതെ പോകുന്നതാണ് കാരണം. ജലസ്രോതസുകളും ജലശേഖരങ്ങളും (വയൽ/തണ്ണീർത്തടങ്ങൾ/തടാകങ്ങൾ....)ഒക്കെ നശിപ്പിക്കൂന്ന കേരളവും ഈ പാതകത്തിന് വലിയ വില കൊടുക്കേണ്ടി വരും..... മഴ നമ്മളെ ചതിക്കുമ്പോൾ ജലസ്രോതസുകളെ നശിപ്പിച്ചും ഇല്ലാതാക്കിയും നമ്മളും പ്രകൃതിയെ ചതിക്കുന്നു...... വെള്ളം കിട്ടാക്കനിയാകുന്ന ഒരു കാലത്തിലേക്കാണോ നമ്മുടെ പ്രയാണം....... മഴ കനിഞ്ഞനുഗ്രഹിച്ചിരുന്ന കേരളം എന്ന 'ദൈവത്തിന്റെ സ്വന്തം നാട്ടിൽ'നിന്ന് മഴ ഓടിയൊളിക്കുമ്പോൾ നമ്മുടെ നാടും പതുക്കെ പതുക്കെ മരുഭൂമിയാവും.... (നമുക്കെപ്പോഴും 'ഗ്രീൻ പ്രോട്ടോക്കോൾ' എന്ന് പറയുന്നത് കെട്ടിടഭിത്തിയിൽ പച്ചപ്പെയിന്റ് അടിക്കുന്നതാണ്.)

മഴക്കുറവ് നമ്മളെ എങ്ങനെയൊക്കെ ബാധിക്കും എന്ന് അടൂത്ത പോസ്റ്റിൽ.....

:: അവലംബം ::
തിരുവനന്തപുരം METEOROLOGICAL CENTRE ന്റെ റിപ്പോർട്ടുകൾ
ഭാരത സർക്കാർ Hydromet Division ന്റെ Customized Rainfall Information System (CRIS)
India Meteorological Department ന്റെ 2016 Southwest Monsoon End of Season Report
India Meteorological Department ന്റെ Monsoon Report 2015 (India Meteorological Department Pune)

Friday, November 18, 2016

ചെരുപ്പു പോയി നോട്ട് കിട്ടി....

രാവിലെ ബാങ്കിലേക്ക്....

നോട്ട് മാറാനുള്ളവന്മാരെല്ലാം മാറിക്കോണ്ട് പോയിട്ടൂണ്ടാവും. ബാങ്കിലേക്ക് ചെല്ലുന്നു...ടോക്കൺ എടുക്കുന്നു. നോട്ട് മാറാൻ കൊടുക്കുന്നു. നൂറിന്റെയും അമ്പതിന്റെയും ഇരുപതിന്റെയും നോട്ടൂകൾ വാങ്ങുന്നു. തിരികെ പോരുന്നു. തിരക്കില്ലങ്കിൽ എറ്റിഎം കൗണ്ടറിൽ നിൽക്കൂന്നു. ഒരു രൻടായിരം എടുക്കുന്നു. എല്ലാത്തിനും കൂടെ ഒരു പതിനഞ്ച് മിനിട്ട്. ഇനി ചെല്ലുന്നുടനെ എറ്റിഎം  കൗണ്ടറിൽ ആളില്ലങ്കിൽ ആദ്യം പൈസ എടുക്കണം..


ബാങ്കിന്റെ വാതിക്കൽ എത്തുന്നു.... ബാങ്കിൽ കയറിയവരുടെ ചെരുപ്പുകൾ വാതിക്കൽ ഊരിയിട്ടിട്ടൂണ്ട്. ആ ചെരുപ്പ് നിര വാതിക്കൽ നിന്ന് റോഡ്സൈഡിലേക്കും നീണ്ടിട്ടുണ്ട് . ബാങ്കും ഇപ്പോൾ ചെരുപ്പിട്ട് കയറാനാവാത്ത വിശുദ്ധ സ്ഥലമായോ? ചിലപ്പോൾ ആയിക്കാണും. ചെരുപ്പിലെ പൊടിയും ചെളിയും ബാങ്കിൽ ചവിട്ടി കയറ്റി ആ വിശുദ്ധിക്ക് കളങ്കം വരുത്തിയാൽ കാശ് കിട്ടാതെ പോയാലോ? ആശ്വാസങ്ങളും വിശ്വാസങ്ങളും ആണല്ലോ കാലാന്തരത്തിൽ അന്ധവിശ്വാസങ്ങളാകുന്നത്. ആരാണങ്കിലും ഇപ്പോൾ ബാങ്കുകളെ ക്ഷേത്ര/പള്ളികളായി കണ്ടുപോകും. വായിലോട്ട് എന്തെങ്കിലും ചെല്ലണമെങ്കിൽ ബാങ്ക് തന്നെ കനിയണം. എന്തിനാ വെറുതെ ചിന്തിച്ച് കൂട്ടൂന്നത് . ചെരുപ്പ് ഊരിയിടൂക , അകത്ത് കയറുക.

ചെരുപ്പ് ഊരിയിട്ടു. ബാങ്കിന്റെ വാതിക്കൽ ഒന്ന് തൊട്ട് നമസ്ക്കരിക്കണമെന്നുകൂടീ ഉണ്ടായിരുന്നു. ഒന്നു കുനിയാനുള്ള സ്ഥലം ബാക്കി  ഇല്ലായിരുന്നതുകൊണ്ട് കുനിഞ്ഞില്ല. ടോക്കൺ എടൂത്തു. നമ്പർ 121. കൗണ്ടറിലെ നമ്പർ നോക്കി- 32. ഇനിയും പത്തെൺപത് പേരുണ്ട് മുമ്പിൽ. ഇനിയും എറ്റിഎം കൗണ്ടറിൽ പോയി നോക്കാം. ഒരൊറ്റ മനുഷ്യനും എറ്റിഎം കൗണ്ടറിൽ ഇല്ല. അഞ്ചാറു കാർഡുമായി കമ്യൂണീസ്റ്റുകാർ എല്ലാ എടിഎമ്മും കാലിയാക്കുവാണന്ന് സോമൻജി എന്ന സാമ്പത്തിക വിദഗ്ദ്ധനെ ഉദ്ധരിച്ച് അന്താരാഷ്ട്ര പത്രമായ കിഴക്കൻതീരം റിപ്പോർട്ട് ചെയ്തത് ശരിയാണന്ന് തോന്നുന്നു. എന്നും മൂന്നാലുകിലോ 'സ്ലിപ്പുകൾ' തറയിൽ കിടക്കുന്ന എടിഎമ്മിനകത്ത് ഒരൊറ്റ സ്ലിപ്പും കിടപ്പില്ല. ഈ കമ്യൂണിസ്റ്റുകാർ എറ്റിഎം  കാലിയാക്കിതിനോടൊപ്പം സ്ലിപ്പുകളും കാലിയാക്കിയോ? 

ഇനി ബിരിയാണി കൊടുക്കുന്നുൻടങ്കിലോ? കാർഡിട്ടു. നീ എവിടുന്ന് വരുന്നടാ എന്ന ഭാവത്തിൽ എറ്റിഎം  കാർഡ് റീഡ് ചെയ്തു. പേരുവന്നു, പിൻ അടിച്ചു. കാശ് കൊടൂത്തു..... എന്റെയുള്ളിൽ പ്രിന്റ് ചെയ്ത് തരാൻ സ്ലിപ്പൊന്നും വെച്ചിട്ടല്ലന്ന് മെഷ്യൻ പറഞ്ഞു. സ്ലിപ്പ് വേണ്ട. ക്യാഷ് മാത്രം മതിയെന്ന് പറഞ്ഞു.

കിർ..കിർ..കിർ...കിർ....... 

ഹൊ!!! എന്റെ നിൽപ്പും  ഭാവവും കണ്ടിട്ട് എറ്റിഎം  മെഷ്യൻ നോട്ട് അടിച്ച് തരുകയാണന്ന് തോന്നുന്നു..... കിർ..കിർ..കിർ.. നിർത്തി അവസാനം എറ്റിഎം  മെഷ്യൻ തോൽവി സമ്മതിച്ചിട്ട് പറഞ്ഞു....

മോനേ എന്റെ കൈയ്യ്യിൽ നയാ പൈസാ ഇല്ല. നീ വേണമെങ്കിൽ അടൂത്തുള്ള ഏതെങ്കിലും എടിഎമ്മിൽ പോയി എടൂത്തോ....
നിഷ്കളങ്കനായ, സത്യം മാത്രം പറയുന്ന ആ എടിഎം മെഷ്യനെ തെറി വിളിച്ചിട്ട് കാര്യമൊന്നും ഇല്ലല്ലോ? എടിഎം കൗണ്ടറിന്റെ മുന്നിൽ നിന്ന് മനസിലൊരു പാട്ടു പാടി മനസിനെ തണുപ്പിച്ചൂ.. സന്യാസിനീ നിന്‍ പുണ്യാശ്രമത്തില്‍ എന്ന ട്യൂണീൽ തന്നെ മനസിൽ പാടി തീർത്തു.

എടിഎമ്മേ... ഓ ഓ ഓ
എടിഎമ്മേ നിന്‍ കൗണ്ടറിൽ ഞാന്‍
എടിഎം കാർഡുമായി വന്നു...
ആർക്കും തുറക്കാത്ത കാഷ് വിൻഡോയ്ക്കു മുമ്പിൽ
അന്യനെ പോലെ ഞാന്‍ നിന്നു..
എടിഎമ്മേ നിന്‍ കൗണ്ടറിൽ ഞാന്‍
എടിഎം കാർഡുമായി വന്നു......

നിന്റെ ദു:ഖാര്‍ദ്രമാം നോട്ടെണ്ണൽ ശബ്ദ്ദത്തിൽ
എന്റെ സ്വപ്നങ്ങളലിഞ്ഞു സഗദ്ഗദം
എന്റെ മോഹങ്ങള്‍ മരിച്ചു...
നിന്റെ ദു:ഖാര്‍ദ്രമാം നോട്ടെണ്ണൽ ശബ്ദ്ദത്തിൽ
എന്റെ സ്വപ്നങ്ങളലിഞ്ഞു സഗദ്ഗദം
എന്റെ മോഹങ്ങള്‍ മരിച്ചു...
നിന്റെ ശരീരത്തിലെ കാർഡ് റീഡറിൽ
ഒരച്ച്  എന്റെ കാർഡ് തേഞ്ഞു...
ആയിരം.. അഞ്ഞൂറിനോടെന്ന പോലെ
യാത്ര ചോദിപ്പൂ ഞാന്‍ ...
എടിഎമ്മേ നിന്‍ കൗണ്ടറിൽ ഞാന്‍
എടിഎം കാർഡുമായി വന്നു......

നിന്റെ ഏകാന്തമാം ക്യാമറ മെമ്മറിയിൽ
എന്നെ എന്നെങ്കിലും കാണും
ഒരിക്കല്‍ നീ എന്റെ കാർഡ് ഹിസ്റ്ററി കാണും...
നിന്റെ ഏകാന്തമാം ക്യാമറ മെമ്മറിയിൽ
എന്നെ എന്നെങ്കിലും കാണും
ഒരിക്കല്‍ നീ എന്റെ കാർഡ് ഹിസ്റ്ററി കാണും....
അന്നുമെന്‍ കാർഡ് നിന്നോട്‌ മന്ത്രിക്കും
നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു
ആയിരം.. അഞ്ഞൂറിനോടെന്ന പോലെ
യാത്ര ചോദിപ്പൂ ഞാന്‍ ...

എടിഎമ്മേ നിന്‍ കൗണ്ടറിൽ ഞാന്‍
എടിഎം കാർഡുമായി വന്നു...
ആർക്കും തുറക്കാത്ത കാഷ് വിൻഡോയ്ക്കു മുമ്പിൽ
അന്യനെ പോലെ ഞാന്‍ നിന്നു..
എടിഎമ്മേ നിന്‍ കൗണ്ടറിൽ ഞാന്‍
എടിഎം കാർഡുമായി വന്നു...
എടിഎമ്മേ... ഓ ഓ ഓ


ഇനി ബാങ്കിൽ പോയി നോക്കാം. നോക്കി . നമ്പർ 40 ആയിട്ടുണ്ട്. ഇനി സമയം ഉണ്ട്. ഒന്നു ചായ കുടിച്ചിട്ട് വരാം. ചായക്കടയിൽ ചെന്നപ്പോഴേ കണ്ടു , ദയവായി ചില്ലറ തരിക. പോക്കറ്റിൽ ചില്ലറ തപ്പി നോക്കി. സഹകരണബാങ്കിലെ അക്കൗണ്ടിൽ മൂവായിരം രൂപ നിക്ഷേപമുള്ള കള്ളപ്പണക്കാരന്റെ കീശയിൽ എവിടെ നിന്ന് ചില്ലറ വരാനാ.? 
തപ്പലോട് തപ്പൽ. വീണ്ടും തപ്പൽ. ബൈക്കിലെ സഞ്ചിയും തപ്പി
അവസാനം ഒരു ചായക്കുള്ള കാശ് കിട്ടി.
അതുകൊടൂത്ത് ചായ വാങ്ങിക്കുടിക്കൂമ്പോൾ അടുത്തിരിക്കുന്നവനെ നോക്കി.
അവൻ പഴ്സിൽ നിന്ന് കുറേ എറ്റിഎം കാർഡുകൾ എടുത്ത് എണ്ണുന്നു...

കമ്യൂണീസ്റ്റ് തന്നെ.. ഉറപ്പ്... രാജ്യസ്നേഹം ഇല്ലാത്ത രാജ്യദ്രോഹി....

കണ്ടില്ലേ എറ്റിഎം കാർഡിരുന്ന് എണ്ണുന്നത്....
കള്ളപ്പണക്കാരൻ തന്നെ... അല്ലാതെ ഇവനൊക്കെ ഇത്രയും അക്കൗണ്ടിൽ ഇടാൻ കാശ് എവിടെ നിന്ന്? കാർഡൊക്കെ വെച്ച് തല ഉയർത്തിയപ്പോൾ ആളെ മനസിലായി..... കേന്ദ്രസർക്കാർ പാർട്ടിക്കാരൻ.... പരിചയക്കാരൻ.
നിങ്ങളു കമ്യൂണീസ്റ്റായോ? ചോദിച്ചു.
ഇല്ല... എന്താ ചോദിച്ചത്? മറു ചോദ്യം.
അല്ല ഇത്രയും എറ്റിഎം കാർഡൊക്കെ കൊണ്ട് എറ്റിഎം കാലിയാക്കാൻ ഇറങ്ങിയതുകൊണ്ട് ചോദിച്ചതാ...

ശവത്തിൽ കുത്താതെ പിള്ളേച്ചാ എന്ന് പറയാതെ പറഞ്ഞ് ഇഷ്ടൻ എഴുന്നേറ്റു.....

വീണ്ടും ബാങ്കിലേക്ക് . മുൻ പതിവുപോലെ ചെരുപ്പ് ഊരിയിട്ട് നഗ്നപാദനായി ഭക്തീ ആദരവുകളോടെ ബാങ്കിനകത്ത് കയറി. നമ്മുടേ നമ്പർ വരാൻ കാത്തിരുന്നു. അവസാനം നമ്പർ വന്നു. സ്ലിപ്പ് കൊടുത്തു. രണ്ടായിരത്തിന്റെ ഗുണീതങ്ങളായേ കാശ് തരാൻ കഴിയുള്ളൂന്ന്. കൗണ്ടറിൽ 2000 ത്തിന്റെ നോട്ട് മാത്രം. രണ്ടായിരത്തഞ്ഞൂറ് വെട്ടി രൻടായിരം എഴുതി കൊടുത്തപ്പോൾ തിളങ്ങുന്ന രൻടായിരം നോട്ട് തന്നു. ഇരു കൈയ്യും നീട്ടി നോട്ട് വാങ്ങി. ഇനി ചില്ലറയാക്കണമെങ്കിൽ വേറെ വഴി നോക്കണം. രണ്ടായിരമെങ്കിൽ രൻടായിരം... കിട്ടീയതാട്ട്. നോട്ട് മടക്കാതെ പാസ് ബുക്കിൽ തന്നെ വെച്ചു. പാസ്ബുക്കിനകത്ത് ഇരിക്കാനുള്ള വലിപ്പമേ നോട്ടിനുള്ളൂ.

തിരികെ പോരാനായി ബാങ്കിന്റെ വാതിൽ തുറന്നു ചെരുപ്പ് എടുക്കാനായി നോക്കുമ്പോൾ ആ സത്യം ഞാൻ അറിഞ്ഞു. ആരോ ചെരുപ്പ് അടിച്ചുമാറ്റിക്കൊണ്ട് പോയിരിക്കൂന്നു. ചെരുപ്പുകൾക്കിടയിൽ മുങ്ങിത്തപ്പിയെങ്കിലും ചെരുപ്പ് കൻടെത്താൻ കഴിഞ്ഞില്ല. അതേപോലെത്തെ ഒരൊറ്റ ചെരുപ്പും അവിടെയില്ല. ഇനി വേറെ ഏതെങ്കിലും ഒരു ചെരിപ്പ് ഇട്ടോട്ട് പോയി പിടിവീണാൽ ഇതുവരെ ആ പ്ഞ്ചായത്തീന്ന് പോയിട്ടൂള്ള എല്ലാ ചെരുപ്പുകളുടെയും ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടീ വരും എന്നുള്ളതുകൊണ്ട് ആ മാർഗ്ഗം ഉപേക്ഷിച്ചു . ..........

ദേ നിങ്ങളോരു പാട്ടു കേൾക്കുന്നില്ലേ... ഇല്ലേ.. പക്ഷേ ഞാൻ കേൾക്കുന്നു.... ബാങ്കിന്റെ വാതിൽ തുറന്നപ്പോൾ കേട്ട അതേ പാട്ട്....

ഇടപാടുകാരാ നിനക്കു ഞാനെന്റെ
നോട്ടറകൾ തുറന്നൂ
പുഷ്പപാദുകം പുറത്തുവയ്ക്കു നീ
നഗ്നപാദനായ് അകത്തുവരൂ
ഇടപാടുകാരാ......

വിഡ്രോസ്ലിപ്പെഴുതിയ കൈകളില്‍
ചില്ലറ നോട്ടു നൽകി വരവേല്‍ക്കും
നിങ്ങളുടെവീടുകളില്‍...
ചില്ലറ പൈസകൾ കിലുങ്ങും..
വീട്ടൂകാരികള്‍ കണ്‍കളില്‍
കോപദേഷ്യമോടെ നടമാടും...
നിങ്ങളുടെ ഹൃദയ മണ്ഡപങ്ങളില്‍
രുദ്രവീണകള്‍ പാടും... താനേ പാടും...

ഇടപാടുകാരാ നിനക്കു ഞാനെന്റെ
നോട്ടറകൾ തുറന്നൂ
പുഷ്പപാദുകം പുറത്തുവയ്ക്കു നീ
നഗ്നപാദനായ് അകത്തുവരൂ
ഇടപാടുകാരാ......

എന്തെല്ലാം സ്വപ്നങ്ങളോടെ കയറിയതാ അകത്ത്. ദാ ഇപ്പം ഇഞ്ചി കടിച്ച കുരങ്ങനെപ്പോലെ ചെരുപ്പും പൊയി രണ്ടായിരത്തിന്റെ ഒറ്റ നോട്ടുമായി നിൽക്കൂന്നു.... 

ചെരുപ്പു പോയി നോട്ട് കിട്ടീ ഡും ഡും ഡും...

അല്ലങ്കിൽ തന്നെ എന്തെങ്കിലും ഒക്കെ നഷ്ടപ്പെടൂത്താതെ എന്തെങ്കിലും നേടാൻ കഴിയില്ലന്ന് എല്ലാവരും പറയുമ്പോൾ , ഒരു ചെരുപ്പ് നഷ്ടപ്പെടുത്തിയിട്ടാണങ്കിലും 2000 രൂപ കിട്ടിയല്ലോ എന്ന് ആശ്വസിക്കാം. ഏതായാലും ചെരുപ്പ് വാങ്ങി രണ്ടായിരത്തെ ചില്ലറയാക്കാൻ ഒന്നുരൻട് മാസത്തേക്ക് പറ്റുമെന്ന് തോന്നുന്നില്ല... എങ്ങനെയെങ്കിലും രണ്ടായരത്തിന്റെ ചില്ലറമാറിയിട്ട് പുതിയ ചെരുപ്പ് വാങ്ങാം....  
അപ്പോ ഇനി ചെരുപ്പുവാങ്ങാൻ ഇറങ്ങുക തന്നെ..... 

Thursday, January 7, 2016

പുതുവർഷ തീരുമാനങ്ങൾ

പുതുവർഷം വരുമ്പോൾ ചില ജീവിത മാറ്റങ്ങൾക്ക് നമ്മൾ ശ്രമിക്കാറുണ്ട്. ചിലർ തങ്ങളുടെ ദുശീലങ്ങൾ ഉപേക്ഷിക്കുമെന്ന് തീരുമാനം എടുക്കുമ്പോൾ ചിലർ തങ്ങളുടെ ജീവിത ശൈലികളിലെ മാറ്റങ്ങൾക്ക് ശ്രമിക്കും...... ചില മാറ്റങൾ നമ്മുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കും.... നമ്മുടെ ചില മനോഭാവങ്ങളിൽ മാറ്റം വരുത്തിയാൽ/പുതിയ ചില തീരുമാനങ്ങൾ എടുത്താൽ ജീവിതം മനോഹരമാക്കാം... ഇതാ ചില തീരുമാനങ്ങൾ .....


1. മനസുകളിലെ മാലിന്യം മാറ്റുക.
വേനൽക്കാലം. നഗരത്തിൽ പൊടിയുടെ ശല്യം ഭയങ്കരമായിരിക്കുന്നു. വാഹങ്ങൾ പോകുമ്പോഴും ചൂട് കാറ്റ് അടിക്കുമ്പോഴും പൊടി പറന്ന് കാഴ്ചകളെ മറയ്ക്കുന്നു. വലിയ പാർപ്പിട സമുച്ചയത്തിലേക്ക് താമസിത്തിനായി ഭാര്യയും ഭർത്താവും എത്തി. തങ്ങളുടെ ഫ്ലാറ്റിലെ കണ്ണാടി ജനാലയിലൂടെ അവർ പുറം കാഴ്ചകൾ നോക്കി നിൽക്കും. ജനൽ പാളികൾ തുറന്നിട്ടാൽ പുറത്തെ പൊടി അകത്തേക്ക് കയറും എന്നതിനാൽ അവർ ജനാലകൾ തുറക്കാറില്ല. പുതിയ താമസക്കാർ ആയതുകൊണ്ട് മറ്റുള്ളവരുമായി അധികം സംസാരവും ഇല്ല. പുറം ലോകത്തെ കാഴചകൾ എന്ന് പറയുന്നത് അവർക്കെപ്പോഴും ജനാലയിലെ കണ്ണാടിയിലൂടെയുള്ള കാഴ്ചകൾ ആണ്. അവർ വന്ന ദിവസം മുതൽ എതിർ വശത്തുള്ള ഫ്ലാറ്റിലെ വൃദ്ധയായ സ്ത്രിയെ കാണാറുണ്ട്. വൃദ്ധയായ സ്ത്രി എന്നും വസ്ത്രങ്ങൾ വൃദ്ധയുടെ ഫ്ലാറ്റിലെ ബാൽക്കെണിയിൽ വിരിക്കുന്നത് അവർക്ക് കാണാം. ആ കാഴ്ച കാണുമ്പോൾ ഭാര്യ ഭർത്താവിനോട് എപ്പോഴും പറയും , "നോക്കൂ, ആ സ്ത്രി അവരുടെ വസ്ത്രങ്ങൾ കഴുകി ഇടുന്നത് കണ്ടോ, ഒരു വൃത്തിയും അതിനില്ല.. നിറങ്ങൾ ഒക്കെ മങ്ങി വൃത്തികേടായ വസ്ത്രങ്ങളാണ് അവരെന്നും ഉപയോഗിക്കുന്നത്". അവളോടൊപ്പം അയാളും ജനാലക്കലേക്ക് വന്ന് ആ കാഴ്ചകൾ കാണും. ഭാര്യ പറഞ്ഞത് ഭർത്താവ് സമ്മതിക്കും. ഒരു ദിവസം അവർ വൃദ്ധയുടെ വസ്ത്രങ്ങളെക്കുറിച്ച് കുറ്റം പറഞ്ഞ് നിൽക്കുമ്പോഴാണ് വേനൽ മഴ പെയ്തത്. വലിയ കാറ്റും മഴയും. മഴത്തുള്ളികൾ ശക്തിയായി അവർ നിന്ന ജനാലയിൽ പതിച്ചു. അവർ നോക്കി നിൽക്കെ വൃദ്ധ വിരിച്ചിട്ട വസ്ത്രങ്ങൾക്ക് നിറം കൂടി കൂടി വന്നു. മഞ്ഞ കളർ പിടിച്ച് വൃത്തികേടായ വസ്ത്രങ്ങൾ എന്ന് അവർ കുറ്റപ്പെടുത്തിയിരുന്ന വൃദ്ധയുടെ വസ്ത്രങ്ങൾ തൂവെള്ള നിറമായിരിക്കുന്നു. അവർ പരസ്പരം നോക്കി. അവരുടെ ഫ്ലാറ്റിന്റെ ജനാലകളിൽ പിടിച്ചിരുന്ന പൊടി മഴവെള്ളത്തിൽ ഒഴുകിപ്പോയപ്പോൾ അവരുടെ കാഴ്ചകൾക്ക് നിറം വന്നു. നമ്മുടെ മനസുകളിലെ മാലിന്യം നീക്കിയതിനു ശേഷം മറ്റുള്ളവരുടെ പ്രവൃത്തികളെ കാണാൻ ശ്രമിക്കൂ, നമുക്ക് അവരുടെ നന്മകളെ വേഗത്തിൽ മനസിലാക്കാൻ കഴിയും.

2. മറ്റുള്ളവരുടെ സന്തോഷത്തിൽ അസഹിഷ്ണത പ്രകടിപ്പാതെ പങ്കുചേരുക.

അയാൾ പതിവുപോലെ ട്രയിൻ യാത്രയിലാണ്. സൈഡിലാണ് അയാളുടെ സീറ്റ്, അതൊരു എമർജൻസി വിൻഡോയായിരുന്നു അടൂത്ത സ്റ്റേഷനിൽ നിന്ന് പത്തിരുപത് വയസുള്ള ചെറുപ്പക്കാരനും മൂന്നാലുപേരും കയറി. അവർ അയാൾ ഇരുന്നിരുന്ന സീറ്റിലും എതിർവശത്തുമായി ഇരുന്നു. ആ ചെറുപ്പക്കാരനോടൊപ്പം അമ്മയാണന്ന് തോന്നുന്ന സ്ത്രിയും ഇരുന്നു. ട്രയിൻ സ്റ്റേഷനിൽ നിന്ന് വിട്ടു തുടങ്ങിയപ്പോൾ ആ ചെറുപ്പക്കാരൻ അയാളോട് സൈഡ് സീറ്റിൽ ഇരുത്താമോന്ന് ചോദിച്ചു. അയാൾ ചെറുപ്പക്കാരനായി സീറ്റ് മാറിയിരുന്നു. അനുനിമിഷം ആ ചെറുപ്പക്കാരന്റെ മുഖത്തെ സന്തോഷം അയാൾ ശ്രദ്ധിച്ചു. ആദ്യമായിട്ടായിരിക്കും ആ ചെറുപ്പക്കാരൻ ട്രയിനിൽ യാത്ര ചെയ്യുന്നത്. ആ ചെറുപ്പക്കാരൻ ഓരോ നിമിഷവും സംശയങ്ങളും ചോദ്യങ്ങളുമായി അമ്മയെ ശല്യപ്പെടുത്തുന്നു. അയാൾക്കത് അരോചകമായി തോന്നി. അയാളുടെ ചില ചോദ്യങ്ങൾ കേട്ട് അയാൾക്ക് തമാശ തോന്നി. ഇതാണോ ആകാശം? ഇതാണോ മരങ്ങൾ? ഈ മരങ്ങൾ എന്താ ചെറുതായേ? ഇതാണോ പച്ച നിറം? ഇതാണോ തോട്? വെള്ളത്തിന്റെ നിറമെന്താണ്? അനേകായിരം ചോദ്യങ്ങൾ.... ആ ചെറുപ്പക്കാരൻ ചോദിക്കുന്നതിനെല്ലാം ആ അമ്മ ഉത്തരം പറയുന്നു. തന്റെ മക്കൾ യാത്രകളിൽ എന്തെങ്കിലും ഒക്കെ ചോദിച്ചാൽ താൻ അവരോട് പലപ്പോഴും ദേഷ്യപ്പെടുന്നത് അയാൾ ഓർത്തു. പക്ഷേ ഈ അമ്മ എല്ലാത്തിനും ഉത്തരം പറയുന്നു. നിസാരമായ കാര്യങ്ങൾ ആണ് ആ ചെറുപ്പക്കാരൻ ചോദിക്കുന്നത്... ആകാശത്ത് മഴക്കോൾ നിറഞ്ഞു. മഴച്ചാറി തുടങ്ങിയപ്പോൾ എല്ലാവരും ഷട്ടറിട്ട് ജനൽ ചില്ലുകൾ താഴ്ത്തി. പക്ഷേ ആ ചെറുപ്പക്കാരൻ ജനൽ താഴ്ത്തിയില്ല. ആകാശത്തെ മിന്നലുകൾ ആ ചെറുപ്പക്കാരൻ വിസ്മയത്തോടെ നോക്കുന്നു. ജനാലയിലൂടെ മഴവെള്ളം ദേഹത്ത് വീണപ്പോൾ അയാൾ ജനൽ താഴ്ത്താൻ ആവശ്യപ്പെട്ടു. ആ ചെറുപ്പക്കാരൻ അത് കേൾക്കാതെ ജനാലയിലൂടെ കൈകൾ മഴയത്തേക്ക് നീട്ടിപ്പിടിച്ചു. കൈക്കുള്ളിലെക്ക് വീഴുന്ന ജലത്തുള്ളികൾ ആ ചെറുപ്പക്കാരൻ മുഖത്തേക്ക് തെറുപ്പിച്ചു കൊണ്ടിരുന്നു.
"നിങ്ങടെ മകൻ ആദ്യമായിട്ടാണോ മഴ കാണുന്നത്?" അയാൾ ആ ചെറുപ്പ്ക്കാരന്റെ അമ്മയോട് ചോദിച്ചു.
"അതെ... അവൻ ഇന്നാദ്യമായിട്ടാണ് മഴ കാണുന്നത്." അമ്മ മറുപിടി പറഞ്ഞു.
"നിങ്ങളെന്താ മനുഷ്യനെ കളിയാക്കുകയാണോ?" അയാൾ വീണ്ടും ദേഷ്യത്തോടെ ആ അമ്മയോട് ചോദിച്ചു.
"അല്ല, ഞാൻ നിങ്ങളെ കളിയാക്കിയതല്ല. അവൻ മഴമാത്രമല്ല ഈ ലോകം തന്നെ ആദ്യമായിട്ടാണ് വ്യക്തമായി കാണൂന്നത്. " അമ്മ പറഞ്ഞു. മകന്റെ എതിർപ്പ് അവഗണിച്ചു കൊണ്ട് ആ അമ്മ ജനൽ കണ്ണാടി താഴ്ത്തി.
"എനിക്ക് മനസിലായില്ല" അയാൾ പറഞ്ഞു.
"മോന് ജനിച്ചപ്പോൾ മുതലേ കാഴ്ച ശക്തി കുറവായിരുന്നു. രണ്ട് വയസായപ്പോഴേക്കും കാഴ്ച പൂർണ്ണമായി നഷ്ടപ്പെട്ടു. പിന്നീടവന് എല്ലാം അന്ധകാരമായിരുന്നു. കഴിഞ്ഞ ആഴ്ചത്തെ ഓപ്പറേഷനോടെ അവന് കാഴ്ച തിരികെ കിട്ടി. ഞങ്ങൾ ഇപ്പോൾ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് പോവുകയാണ്. നിങ്ങളുടെ ദേഹത്ത് വെള്ളം വീണതിന് ഞാൻ ക്ഷമ ചോദിക്കുന്നു." ആ അമ്മ യാളോട് പറഞ്ഞു.

അയാൾക്ക് എന്തെങ്കിലും പറയാനുള്ള വാക്കുകൾ തൊണ്ടയിൽ തടഞ്ഞു നിന്നു. അയാൾ സീറ്റിൽ നിന്ന് പതിയെ എഴുന്നേറ്റ് ആ ജനൽ ചില്ല് പൊക്കി വെച്ചു. മഴത്തുള്ളികളിലേക്ക് ആ ചെറുപ്പക്കാരൻ വീണ്ടൂം കൈകൾ നീട്ടി. തന്റെ ദേഹത്തേക്ക് വീഴുന്ന മഴത്തുള്ളികളിൽ അയാളുടെ മനസും നനഞ്ഞു.

3. ആരയും സമൂഹമധ്യത്തിൽ കൂട്ടുചേർന്ന് കുറ്റപ്പെടുത്താതിരിക്കുക

വണ്ടി വിടുമ്പോള്‍ വലിയ തിരക്കില്ലായിരുന്നു.അയാള്‍ക്കും അവള്‍ക്കുംഒരേ സീറ്റില്‍ തന്നെ സ്ഥലം കിട്ടി.അയാളുടെ കയ്യില്‍ ഒരു കൈക്കുഞ്ഞും ഉണ്ടായിരുന്നു.കളിപ്പാട്ടങ്ങള്‍ നിറച്ച ബിഗ്‌ഷോപ്പര്‍ അവളുടെ കൈയ്യിലായിരുന്നു.ഒരോ സ്‌റ്റോപ്പ്കഴിയുമ്പോഴും തിരക്ക് ഏറി വന്നു. അയാളുടെ കൈയ്യിലിരുന്ന് കുഞ്ഞ് കരയാന്‍തുടങ്ങി.കുഞ്ഞ് കരച്ചില്‍ നിര്‍ത്തുന്ന മട്ടില്ല.അവന്റെ കരച്ചിലിന് ശക്തി ഏറിവന്നു.അവള്‍ കുഞ്ഞിനെ വിളിക്കാ‍ന്‍ ശ്രമിക്കുമ്പോഴെല്ലാം അവനത് കണ്ടില്ലന്ന് നടിച്ചു.അയാളുടെകൈയ്യില്‍ നിന്ന് മാറാന്‍ അവന്‍ സമ്മതിച്ചില്ല.

അവള്‍ ബാഗില്‍ നിന്ന് കുപ്പിപ്പാല്‍ എടുത്ത് അവന്റെ ചുണ്ടോട് അടിപ്പിച്ചു.അവനത് വായില്‍വെക്കാന്‍ സമ്മതിച്ചില്ല.ബസിന് വെളിയിലേക്ക് കൈചൂണ്ടി ഉച്ചത്തില്‍ കരഞ്ഞു.അവളുടെ മുഖം വിവര്‍‌ണ്ണമായി തുടങ്ങിയിരുന്നു.”കുഞ്ഞിന് വിശക്കുന്നുണ്ടാവും..അവന്മുലപ്പാല്‍ കൊടുക്ക് കൊച്ചേ ?” അവരുടെ സീറ്റിനു പുറകിലിരുന്ന അമ്മച്ചി പറഞ്ഞു.അവളത് കേട്ടതായി നടിച്ചില്ല.

വണ്ടി ചങ്ങനാശേരി വിട്ടു.കുഞ്ഞ് അപ്പോഴും അയാളുടെ കൈയ്യിലിരുന്ന് കരയുകയാണ്.അവളുടെ കൈയ്യിലേക്ക് പോകാന്‍ കുഞ്ഞ് കൂട്ടാക്കിയില്ല.”എടീ കൊച്ചേ കുഞ്ഞിനെയെടുത്ത് പാലുകൊടുക്ക്... നാണക്കേടൊന്നും വിചാരിക്കേണ്ട”അമ്മച്ചി അവളെവിടുന്ന മട്ടില്ല.എന്നിട്ടും അവള്‍ അതിന് തുനിയാതിരുന്നത് ആളുകളെ പലവഴിക്ക്ചിന്തിപ്പിച്ചു.
“ഇവരാ കുഞ്ഞിനെ തട്ടിക്കൊണ്ട് പോവാണന്നാ തോന്നുന്നത്..കുഞ്ഞ് അവളുടെഅടുത്തേക്ക് ചെല്ലുന്നുപോലുമില്ല...”ആരോ അഭിപ്രായപ്പെട്ടു.
“ബസ് നേരേ പോലീസ് സ്‌റ്റേഷനിലോട്ട് വിട്...”അടുത്ത ആള്‍ .

ആളുകള്‍ അവളോടും അയാളോടും ഒരോന്നോരോന്ന് ചോദിക്കാന്‍ തുടങ്ങി.അവളുടെകണ്ണില്‍ നിന്ന് കണ്ണീര്‍ ഒഴുകി.ബസ് പോലീസ് സ്‌റ്റേഷനിലേക്ക് തിരിഞ്ഞു.അയാളുടെമൊബൈല്‍ ബെല്ലടിച്ചു.അവള്‍ കുഞ്ഞിനെ ബലമായി കൈയ്യിലേക്ക് വാങ്ങി.അയാള്‍ റിസീവര്‍ ചെവിയോട് അടുപ്പിച്ചു. “സര്‍ ,ഓര്‍ഫനേജില്‍ നിന്നാണ്. ദത്തെടുക്കല്‍ രേഖകളില്‍ മാഡം ഇടതുതള്ളവിരലിന്റെ തമ്പ്‌ ഇപ്രക്ഷനാണ് പതിപ്പിച്ചിരിക്കുന്നത്.വലതു തള്ളവിരലിന്റെ തമ്പ്ഇം‌പ്രക്ഷനായിരുന്നു വേണ്ടിയിരുന്നത്....”

അവളുടെ ഇടതു തള്ളവിരലിലെ മഷിശരിക്ക് ഉണങ്ങിയിരുന്നില്ല.ബസ് പോലീസ്സ്‌റ്റേഷന്റെ മുന്നില്‍ എത്തിയിരുന്നു.കുഞ്ഞ് കരച്ചില്‍ നിര്‍ത്തി അവളുടെ മാറിന്റെചൂടേറ്റ് ഉറങ്ങി തുടങ്ങിയിരുന്നു. 

4. നമുക്കും നന്മകൾ വറ്റാത്ത ന്യായധിപന്മാർ ആകാം.

കഴിഞ്ഞ ഡിസംബർ 13 ആം തീയതി ദേശാഭിമാനി പത്രത്തിന്റെ ഓൺലൈൻ എഡീഷനിൽ വയിച്ച ഒരു വാർത്ത. പഞ്ചാബ് നാഷ്ണൽ ബാങ്കിൽ നിന്ന് സുകുമാരൻ എന്ന ആൾ ഒരു ലക്ഷം രൂപ വായ്പ എടുത്തു. വായ്പ അടയ്ക്കുന്നതിനു മുമ്പ് അയാൾ മരിച്ചു. ആ വായ്പയുടെ ബാധ്യത സുകുമാരന്റെ ഭാര്യയായ ഗിരിജയ്ക്കായി. ഹൃദ്രോഗിയായ മകനും അർബുദ രോഗിയായ ഗിരിജയ്ക്കും വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ വന്നു. ബാങ്ക് അവരുടെ അവരുടെ ഭൂമി ജപ്തി ചെയ്തു. ഗിരിജ ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ പരാതിയുമായി എത്തി. ലോക് അദാലത്തില്‍  കുടിശിഖ മുപ്പതിനായിരമായി ബാങ്ക് കുറച്ചെങ്കിലും ആ സ്ത്രിക്ക് അത് അടയ്ക്കാൻ കഴിയാതെ വന്നു. കേസിൽ വിധിപുറപ്പെടുവിച്ച ജഡ്ജി തന്നെ ആ സ്ത്രിയെ സഹായിക്കാൻ മുന്നിട്ടിറങ്ങി. ജഡ്ജി തന്റെ സഹപ്രവർത്തകരുടെ സഹായം തേടി. എല്ലാവരും കൂടി തുക സ്വരൂപിച്ച് ആ സ്ത്രിക്ക് വേണ്ടി തുക അടച്ച് കേസ് ഒത്തു തീർപ്പാക്കി. 


5. ചെയ്യുന്ന ദുഷ്പ്രവൃത്തികൾക്ക് കാലം കാത്തുവെച്ചിരിക്കുന്ന തിരിച്ചടികളെ പ്രതീക്ഷിക്കുക.

അയാള്‍ വന്നുകയറുന്നുടന്‍ മുതല്‍ അമ്മയെക്കുറിച്ചുള്ള പരാതികള്‍ അവള്‍ പറഞ്ഞുതുടങ്ങും. വയസ്സായതള്ള അടങ്ങിയിരിക്കുന്നി ല്ലന്നാണ് അവളുടെ പരാതി.അയാളുടെ അമ്മയ്ക്ക് വയസ്സ് എണ്‍പതു കഴിഞ്ഞു. പ്രഷറും ഷുഗറും കൊളസ്ട്രോളും അവരെ തളര്‍ത്താന്‍ തുടങ്ങിയിരുന്നു. ബിസ്‌നസ്സ്കാരനായ ഒറ്റ മകന് അമ്മയെ നോക്കാന്‍ സമയം ഇല്ലായിരുന്നു.പ്രത്യേകിച്ച് തൊഴിലൊന്നും ഇല്ലാത്ത മരുമകള്‍ക്കും അമ്മായിഅമ്മയെ നോക്കാന്‍ സമയം ഇല്ലായിരുന്നു.കെന്നല്‍ ക്ലബില്‍ കൊണ്ടുപോകുന്ന പട്ടികുട്ടിക്ക് നല്‍കുന്ന പരിചരണം പോലും മരുമകള്‍ അമ്മായിയമ്മയ്ക്ക് നല്‍കിയില്ല.

വയസ്സായതള്ളയെ വീട്ടില്‍ താമസിപ്പിക്കുന്നത് കുറച്ചിലാണന്ന് അവള്‍ അവനോട് പറഞ്ഞു.അവളുടെ ക്ലബിലെ എല്ലാവരുടേയും അമ്മായിയമ്മമാര്‍ ഓള്‍ഡേജ് ഹോമിലാണത്രെ താമസിക്കുന്നത്. അതാണത്രെ സ്റ്റാറ്റസ്.അവളുടെ കലഹം അസഹനീയമായപ്പോള്‍ അയാള്‍ അമ്മയെ ഓള്‍ഡേജ് ഹോമിലാക്കാന്‍ തീരുമാനിച്ചു.മാസം പതിനായിരം രൂപ നല്‍കേണ്ട ഓള്‍ഡേജ് ഹോമില്‍ മുറി ബുക്ക് ചെയ്യാന്‍ അയാളും ഭാര്യയും ഇറങ്ങി.അഞ്ചാം ക്ലാസില്‍ പഠിക്കുന്ന അവരുടെ മകനും അവരുടെയൊപ്പം ചെന്നു.ഓള്‍ഡേജ് ഹോമിലെ ഒരു കട്ടിലിന് രണ്ടുലക്ഷം രൂപയാണ് ഡിപ്പോസിറ്റ് എന്ന് ഡയറക്ടര്‍ പറഞ്ഞു.അയാള്‍ രണ്ടുലക്ഷം രൂപയുടെ ചെക്ക് നല്‍കി അമ്മയ്ക്ക് വേണ്ടി കട്ടില്‍ ബുക്ക് ചെയ്തു.
അയാളുടെ മകന്‍ അയാളോട് പറഞ്ഞു.
“ഡാഡീ,ഒരു രണ്ടുലക്ഷം രൂപയുടെ ചെക്ക് കൂടി എഴുതികൊടുത്ത് ഒരു കട്ടിലൂടെ ബുക്ക് ചെയ്യ്...”
“എന്തിനാ മോനേ..”അയാള്‍ ചോദിച്ചു.
“പത്ത് നാല്‍പ്പത് വര്‍ഷം കഴിയുമ്പോള്‍ ഡാഡിക്ക് വേണ്ടിയാ.... എനിക്കന്ന് കട്ടില്‍ ബുക്ക് ചെയ്യാന്‍ സമയം കിട്ടിയില്ലങ്കിലോ?” മകന്‍ പറഞ്ഞു.അയാളുടെ കണ്ണ് നിറഞ്ഞു.പക്ഷേ അയാള്‍ നിസഹായകനായിരുന്നു.
തിരിച്ച് വണ്ടിയോടിക്കുമ്പോള്‍ അയാള്‍ സംസാരിച്ചില്ല.തിരിച്ചുള്ള യാത്രയില്‍ അവള്‍ മകനോട് ചോദിച്ചു.
“മോന്‍ പപ്പയോട് മുറിബുക്ക് ചെയ്യാന്‍ പറഞ്ഞപ്പോള്‍ മമ്മിക്കുകൂടി മുറിബുക്ക് ചെയ്യാന്‍ പറയാഞ്ഞത് മോന് മമ്മിയോട് ഒത്തിരി ഇഷ്ടമുണ്ടായിട്ടാണോ ?”
“മമ്മിയോട് ഇഷ്ടമുണ്ടായിട്ടില്ല..... മമ്മി അമ്മച്ചിയോട് ചെയ്യുന്നതിന് എനിക്ക് എനിക്ക് എണ്ണിയെണ്ണി പകരം ചോദിക്കണം.മമ്മി ഓള്‍ഡേജ് ഹോമില്‍ പോയാല്‍ ഞാനെങ്ങനെ പകരം ചോദിക്കും??”
അവന്റെ ശബ്‌ദ്ദം ഉറച്ചതായിരുന്നു.

6. അശക്തരാണന്ന് കരുതുന്നവരിലെ ശക്തി തിരിച്ചറിയുക.

ഒരിക്കൽ ഒരു മനുഷ്യൻ കാട്ടിലൂടെ യാത്ര ചെയ്യുകയായിരുന്നു. പെട്ടന്ന് ആകാശത്ത് മഴക്കാറുകൾ നിറഞ്ഞു. ഭയങ്കര മഴ. കാട്ടിൽ ഇരുട്ട് പരക്കുന്നു. ആ മനുഷ്യൻ തന്റെ കുടൂംബത്തെ ഓർത്തു. തന്നെ കാത്തിരിക്കുന്ന കുട്ടികളെ ഓർത്തു. എത്രയും പെട്ടന്ന് വീട്ടിൽ എത്തണം. അയാൾ മഴയത്ത് നടന്നു. പക്ഷേ ഇടയ്ക്കെപ്പോഴോ വഴി തെറ്റി. കൈയ്യിൽ വെളിച്ചം ഇല്ല. വഴി തിരിച്ചറിയാൻ പറ്റുന്നില്ല. അതുവഴി വന്നൊരു മിന്നാമിനുങ്ങ് ഈ മനുഷ്യനെ കണ്ടു.മിന്നാമിനുണ്ട് അയാളോട് സംസാരിച്ചു. അവസാനം മിന്നാമിനുങ്ങ് അയാളോട് പറഞ്ഞു.
"ഞാൻ നിങ്ങൾക്ക് വഴി കാണിച്ച് തരാം" 
ഇതുകേട്ടപ്പോൾ അയാൾ ചിരിച്ചു. ഇച്ചിരിപോന്ന ഒരു മിന്നാമിനുങ്ങിന്റെ വെട്ടത്തിലെങ്ങനെ വഴികാണും? മിന്നാമിനുങ്ങ് പെട്ടന്ന് തന്റെ കൂട്ടൂകാരെ വിളിച്ചുകൊണ്ട് വന്നു. അനേകായിരും മിന്നാമിനുങ്ങൾ ഒരുമിച്ച് വന്നപ്പോൾ അയാൾക്ക് തന്റെ വഴികണ്ടത്താൻ കഴിഞ്ഞു. ആ മിന്നാമിനുങ്ങുകൾ അയാൾക്ക് നൽകിയ പ്രകാശത്തിൽ അയാൾ വീടെത്തി. 

നമ്മുടെ ചെറിയ സഹായം ഒരു മിന്നാമിനുങ്ങിന്റെ വെട്ടമായി കരുതിക്കൂടേ?. പാർശ്വവത്ക്കരിക്കപ്പെട്ട് സമൂഹത്തിൽ ഒറ്റപ്പെട്ട് കഴിയുന്ന ഓരോരുത്തരയും സമൂഹത്തിന്റെ ഭാഗമാക്കി മാറ്റാൻ നമുക്ക് കഴിയണം. 

image source :: http://www.postconsumers.com/education/wp-content/uploads/2012/02/new-years-resolutions.jpg

.