Monday, February 25, 2013

സുക്കെർബർഗിന് കുറ്റബോധമോ??

സുക്കെർബർഗും സെർജി ബ്രിന്നും ബ്രേക്‌ത്രു പ്രൈസ് പ്രഖ്യാപിക്കുമ്പോൾ.......

2004 ഫെബ്രുവരിയിൽ ആരംഭിച്ച ഫേസ്‌ബുക്ക് ഒൻപത് വർഷം പിന്നിട്ടിരിക്കുന്നു. ഒൻപതുവർഷം കൊണ്ട് ലോകത്തെ ഒന്നാമത്തെ സോഷ്യൽ നെറ്റ്‌വർക്കിംങ് സൈറ്റ് എന്ന സ്ഥാനം നേടാനും അത് നിലനിർത്താനും കഴിയുന്നു എന്നത് ചെറിയ കാര്യമല്ല. ഈ സമയത്ത് ഫേസ്ബുക്കിന്റെ എതിരാളിയന്ന് വിശേഷിപ്പിക്കാവുന്ന ഗൂഗിളിൽ നിന്ന് ഓർക്കൂട്ടും,ബുസും, പ്ലസും വന്നു. പക്ഷേ ഫേസ്ബുക്കിനു വളരെയേറെ പിന്നിലാണ് ഗൂഗിളിന്റെ സോഷ്യൽ നെറ്റ്‌വർക്കിംങ് സൈറ്റായ ഗൂഗിൽ പ്ലസ്. സൈബർ വിപ്ലവത്തിൽ പിടിച്ച് നിൽക്കാനും ഒന്നാംസ്ഥാനം നിലനിർത്താനും ഒന്നാം സ്ഥാനത്ത് എത്താനുമുള്ള ഫേസ്ബുക്ക്-ഗൂഗിൾ മത്സരത്തിനിടയിലും അവയുടെ സ്ഥാപകർ തങ്ങളുടെ കണ്ടുപിടിത്തത്തിൽ/സംരംഭത്തിൽ ദുഃഖിക്കൂന്നുണ്ടാവുമോ???

ഫേസ് ബുക്ക് ! മോന്തപ്പുസ്തകം എന്ന് മലയാളത്തിൽ രസികന്മാർ മൊഴിമാറ്റം നടത്തിയിട്ടുണ്ട്. ഫേസ്ബുക്കിനു ഹാർട്ട് ബുക്കെന്നും മലയാളത്തിൽ ഹൃദയപ്പുസ്തകം എന്നും വിളിക്കേണ്ടിയിരുന്നു. മനസിൽ/ഹൃദയത്തിൽ കൊണ്ടുനടക്കുന്നതാണല്ലോ ഫേസ്ബുക്കിൽ പ്രകടിപ്പിക്കപ്പെടുന്നത്.(ചിന്തകൾക്കും/വിവേകത്തിനുമൊന്നും ഭൂരിപക്ഷവും വലിയ പ്രാധാന്യം കൊടുക്കാത്തതുകൊണ്ട് ഹെഡ്ബുക്കൊന്നോ തലപ്പുസ്തകം എന്നോ പേര് നൽകേണ്ട കാര്യമില്ല).. ഗൂഗിളിന്റെ ഓർക്കൂട്ട് മാത്രം (ഇന്ത്യയിൽ) ഉപയോഗിച്ച് വന്നവരുടെ മുന്നിലേക്കാണ് ഫേസ് ബുക്ക് വരുന്നത്.. ആദ്യം ഒന്ന് മടിച്ചു നിന്ന ഇന്ത്യക്കാർ ഓർക്കൂട്ടിൽ നിന്ന് ഫേസ് ബുക്കിലേക്ക് ഒഴുകുകയായിരുന്നു. ആ ഒഴുക്കിൽ ഓർക്കൂട്ട് വിസ്മൃതിയിലുമായി.

ഓപ്പറേറ്റിംങ് സിസ്റ്റവും,ബ്രൗസറും,... എല്ലാം പ്രാദേശികഭാഷകളെ പിന്തുണച്ചതോടെ സോഷ്യൽ നെറ്റ്‌വർക്കിംങ് സൈറ്റുകളിൽ കൂടുതൽ ആളുകൾ കൂടി. തങ്ങൾ ചിന്തിക്കുന്ന ഭാഷയിൽ തന്നെ ആശയങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ കഴിയുന്നു എന്നുള്ളത് ചെറിയ കാര്യമല്ലല്ലോ. തങ്ങൾക്ക് പറയാനുള്ളതെല്ലാം പറയുകയും മറ്റുള്ളവർക്ക് ലോകത്തിന്റെ ഏത് ഭാഗത്ത് ഇരുന്നാണങ്കിലും അത് വായിക്കാൻ/കാണാൻ/കേൾക്കാൻ പറ്റും എന്നുള്ളത് ആളുകളെ സോഷ്യൽ നെറ്റ്വർക്കിംങ് സൈറ്റുകളിലേക്ക് ആകർഷിച്ചിട്ടുണ്ടാവാം. പക്ഷേ ഗുണത്തെക്കാൾ ഏറെ ദോഷം ഈ സൈറ്റുകൾ ചെയ്യുന്നുണ്ടോ?? വേർപിരിഞ്ഞുപോയ രക്തബന്ധത്തില്പെട്ടവരയും ,സുഹൃത്തുക്കളെയും ഒക്കെ കണ്ടുപിടിക്കുകയും, ഗ്രൂപ്പുകളിൽ കൂടി ഓരേ ചിന്താധാരയുള്ളവർ ഒന്നിച്ചു കൂടി കല/സാഹിത്യം/ജീവകാരുണ്യപ്രവൃത്തനങ്ങൾ ഒക്കെ ചെയ്യുന്നുണ്ടങ്കിൽ ഒരു 'ഇരുണ്ടവശം' കൂടി ഫേസ് ബുക്ക് പോലുള്ള  സോഷ്യൽ നെറ്റ്‌വർക്കിംങ് സൈറ്റുകൾക്ക് ഉണ്ട് എന്നുള്ളത് വിസ്മരിക്കാൻ പാടില്ല. പക്ഷേ ഈ 'ഇരുണ്ടവശം' ഉപയോഗിക്കാനാണ് കൂടുതൽ ആളുകൾക്കും താല്പര്യം...  

ഫേസ്ബുക്ക് ഒരു ഫേസ് മുക്ക്
ഫേസ് ബുക്ക് ഇപ്പോൾ മുഖങ്ങളുടെ പുസ്തകം അല്ല മുഖങ്ങളുടെ മുക്ക് ആണന്നന്ന് പറയാം. മുഖം മറച്ചു അലാതയും ഉള്ളവരുടെ ഒരു മുക്ക്!!! അവിടെയുള്ള ഭിത്തികളിൽ ആർക്കും എന്തും എഴുതി ഒട്ടിക്കാം... അത് ഇഷ്ടപ്പെട്ടങ്കിൽ  സ്വന്തം ഭിത്തിയിൽ കൊണ്ടൂപോയി ഒട്ടിക്കാം (ഷെയർ). സ്വന്തം ഭിത്തിയിൽ ഒട്ടിക്കൂക മാത്രമല്ല അത് നാട്ടുകാരുടെ എല്ലാം ഭിത്തിയിലേക്ക് പശതേച്ച് എറിയാനും പറ്റും(ടാഗ്). ഈ 'മുക്കിൽ' മുഖമൂടി അണിഞ്ഞവരെ കാണാൻ നമുക്ക് കഴിയും. മുഖം മൂടി അണിയാൻ എല്ലാവർക്കും അവരവരുടേതായ കാരണം ഉണ്ടാവും. സ്വന്തം മുഖം മറച്ച് അനോണിയായിരിക്കുക എന്നുള്ളതിനെക്കാൾ വലിയ ദുരന്തമാണ് മറ്റുള്ളവരുടെ മുഖം അണിഞ്ഞ് 'ഫേക്ക് ഐഡിയിൽ' ഒളിച്ചിരിക്കുക എന്നുള്ളത്. മറ്റുള്ളവരുടെ മുഖത്തിനു പിന്നിൽ ഒളിച്ചിരുന്ന് ഒളിയുദ്ധം നടത്തുന്ന ഫേക്ക് ഐഡി തന്നെയാണ് സോഷ്യൽ നെറ്റ്‌വർക്കിങ്ങ് സൈറ്റുകളുടെ ദുരന്തവും...

'ഫേസ് ബുക്ക്' എന്തിനു ഉപയോഗിക്കുന്നു എന്നുള്ളത് അനുസരിച്ചായിരിക്കും അതിന്റെ ഗുണ-ദോഷ വശങ്ങൾ ചർച്ചയ്ക്ക് എടുക്കേണ്ടത്. ഗുണത്തെക്കാൾ ഏറെ ദോഷം ചെയ്യുന്നതായി പലപ്പോഴും തോന്നാറുണ്ടങ്കിലും അതിന്റെ ഗുണത്തെ മറന്നുകൊണ്ടുള്ള വിശകലനം അല്ല നടത്തുന്നതും.....

ചാറ്റ് ചീറ്റ് ആകുമ്പോൾ
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് ചാറ്റ് ചെയ്ത് ചതിക്കപ്പെടുന്നവരുടെ വാർത്തകൾ നമ്മൾ വാർത്തകളിൽ വായിക്കാറുണ്ട്. അന്യന്റെ മുഖം അണിഞ്ഞ(ഫേക്ക് ഐഡി)വരെ ഒന്നും നോക്കാതെ ഫ്രണ്ട് ആക്കുകയും പിന്നെ ചാറ്റിൽ കൂടി ബന്ധം വളരുകയും ചെയ്ത് വീട് വിട്ടിറങ്ങയവരുടെ ജീവിത കഥകൾ നമ്മൾ വാർത്തകളിൽ കൂടി വായിക്കുന്നുണ്ട്. ചാറ്റ് ചെയ്ത് പ്രണയവിവാഹം കഴിച്ചവരെക്കാൾ കൂടുതൽ ചാറ്റ് ചെയ്ത് പ്രണയ  ദുരന്തമായിമാറിയവരാണ്. ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട് മോഷ്ണത്തിനു / തട്ടിപ്പിനു ഇരയായവരും, ബലാത്സംഗംചെയ്യപ്പെട്ടവരും , ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട 'മുഖാവരണം' ഉള്ള ആളെത്തേടി വീട് വിട്ടിറങ്ങുന്നതും അവസാനം കാമുകനും വീട്ടുകാരും കൈയ്യൊഴിഞ്ഞ് ഒറ്റപ്പെടേണ്ടി വന്നവരും ഒക്കെ നമ്മുടെ ഇടയിൽ തന്നെയുണ്ട്.

കുടുംബ ബന്ധങ്ങൾ തകരുന്നു
ഫേസ്ബുക്ക് കുടുംബ ബന്ധങ്ങളുടെ തകർച്ചയ്ക്കും കാരണമാകുന്നുണ്ടത്രെ!! സോഷ്യൽ നെറ്റ്‌വർക്കിംങ് സൈറ്റുകളിൽ കൂടുതൽ സമയം ചെലവഴിക്കുകയും സുഹൃത്തുക്കളെ തേടിത്തേടി പോവുകയും ചെയ്യുമ്പോൾ കുടുംബത്തെക്കുറിച്ച് ആലോചിക്കാൻ സമയം ഉണ്ടാവില്ല. പഴയ സുഹൃത്തിനെ തേടുന്നതോടൊപ്പം പഴയ കാമുകനെ/കാമുകിയെ തേടി കണ്ടുപിടിച്ച് ബന്ധം പുനസ്ഥാപിക്കാൻ ശ്രമിക്കുമ്പോൾ അത് കുടുംബബന്ധത്തിനു തകർച്ചയ്ക്ക് കാരണം ആകുന്നു. സുഹൃത്തിനു കണ്ടുപിടിക്കുക അവരുമായുള്ള ബന്ധം നിലനിർത്തുക എന്നതിനു അപ്പുറത്തേക്ക് ഫേസ്ബുക്കും/ഓർക്കൂട്ടും (അവയുടെ തുടക്ക സമയത്ത്) ചിന്തിച്ചിട്ടൂണ്ടാവില്ല..

ജനകിയ പ്രതിരോധവും പ്രതിഷേധവും പിന്നെ വിദ്വേഷവും
സോഷ്യൽ നെറ്റ്‌വർക്കിംങ് സൈറ്റുകളെ ഇപ്പോൽ ഭരണകൂടങ്ങൾ ഭയപ്പെടാൻ തുടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ കൂടുതൽ നിയന്ത്രണങ്ങൾ അവയുടെ മേൽ വരുത്താനും ശ്രമിക്കുന്നു. ചില രാജ്യങ്ങൾ സോഷ്യൽ നെറ്റ്‌വർക്കിംങ് സൈറ്റുകൾക്ക് നിയന്ത്രണവും നിരോധനവും ഏർപ്പെടുത്തുന്നു. കാരണം എപ്പോൾ വേണമെങ്കിലും ഒരു വിപ്ലവം തുടങ്ങാനുള്ള ആഹ്വാനം അവിടെ നിന്ന് ഉണ്ടാവാം. സോഷ്യൽ നെറ്റ്‌വർക്കിംങ് സൈറ്റുകളിൽ നിന്ന് രൂപം കൊണ്ട 'മുല്ലപ്പൂ വിപ്ലവം' എല്ലാ ഭരണ കൂടങ്ങളും ഭയപ്പെടുന്നു..('മുല്ലപ്പൂ വിപ്ലവം' നടന്നതിനുശേഷം ആ രാജ്യത്തിന്റെ അവസ്ഥ എന്താണ് എന്ന് ചിന്തിക്കുന്നതും നല്ലതായിരിക്കും). ഡൽഹിയിലെ തെരുവുകളിൽ യുവാക്കൾ രാഷ്ട്രീയപാർട്ടികളുടെ പിന്തുണ ഇല്ലാതെ ഒന്നിച്ച് സമരം നടത്തിയതിന് ഫേസ്ബുക്ക് പോലുള്ള സോഷ്യൽ നെറ്റ്‌വർക്കിംങ് സൈറ്റുകള്‍ ചെയ്ത പിന്തുണ ചെറുതല്ല. പക്ഷേ ജനകീയ പ്രതിരോധത്തിനും പ്രതിഷേധത്തിനും നവ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിനെക്കാൾ കൂടുതൽ ആളുകൾ അറിഞ്ഞോ അറിയാതയോ വിദ്വേഷം വളർത്താൻ (മതം, സാമുദായികം, രാഷ്ട്രീയം, സമൂഹപരം ) നവമാധ്യമങ്ങൾ ഉപയോഗിക്കുന്നുണ്ട്... പലപ്പോഴും രാജ്യത്തിന്റെ അഖണ്ഡതയെ തകർക്കാൻ തരത്തിലുള്ള കാര്യങ്ങൾ നവമാധ്യമങ്ങളിൽ കാണൂമ്പോൾ സർക്കാർ കൂടുതൽ നിയന്ത്രണങ്ങളുമായി വരുന്നു.

എല്ലാം അഭിപ്രായ സ്വാതന്ത്ര്യം ആകുമോ??
ആരയുംക്കുറിച്ചും എന്തിനെയുംക്കുറിച്ചും എന്തും പറയാനുള്ള സ്വാതന്ത്ര്യം ആണോ അഭിപ്രായ സ്വാതന്ത്ര്യം എന്ന് സംശയിച്ചു പോകുന്ന തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങളാണ് സോഷ്യൽ നെറ്റ്‌വർക്കിംങ് സൈറ്റുകളിൽ കാണാൻ കഴിയുന്നത്. ഫേസ് ബുക്കിലെ പല പോസ്റ്റുകളും വിദ്വേഷം വളർത്തുന്ന രീതിയിലുള്ളതാണന്ന് പറയേണ്ടിയിരിക്കുന്നു. രാഷ്ട്രീയമായോ മതപരമായോ ആശയങ്ങൾ പ്രകടിപ്പിക്കുക എന്നുള്ളതിനെക്കാൾ മറ്റ് രാഷ്ട്രീയ/മത/സമുദായങ്ങളെ അവഹേളിക്കുക എന്നൊരു ലക്ഷ്യം പല പോസ്റ്റുകളിലും കാണാം. നിരുപദ്രവകരമെന്ന് തോന്നുന്ന പോസ്റ്റ്/കമന്റ്/ലൈക്ക്/ഷെയർ ചെയ്യലുകൾ പോലും പരാതിക്കാരൻ പരാതി ഉന്നയിച്ചാൽ ഐ.റ്റി ആക്റ്റിനകത്ത് വലിയ ശിക്ഷകൾ ലഭിക്കാൻ തക്കവണ്ണമുള്ള കുറ്റങ്ങളായി മാറുന്നു. (മുംബയിലെ പെൺകുട്ടികൾക്ക് ഉണ്ടായ അനുഭവം). ഐറ്റി ആക്റ്റ് പലപ്പോഴും ഭരണാധികാരികൾ തങ്ങളെ എതിർക്കുന്നവരെ ഭയപ്പെടുത്താൻ ദുർവിനിയോഗവും ചെയ്യുന്നുണ്ട്. (ഇന്ത്യയ്ക്ക് വെളിയിൽ മോശമായി ഒരു പെൺകുട്ടിയെക്കുറിച്ച് ചാനലുകളിൽ കൂടി സംസാരിച്ചാൽ കേസ് എടുക്കാൻ വകുപ്പില്ലങ്കിലും ഇന്ത്യയ്ക്ക് വെളിയിൽ ഉള്ള ഒരു സ്ഥലത്ത് നിന്ന് ഒരു സ്ത്രിയെക്കുറിച്ച് എന്തെങ്കിലും ഫേസ് ബുക്കിൽ പറഞ്ഞാൽ അത് ഐറ്റി ആക്റ്റ് അനുസരിച്ച് കുറ്റവും ആകുന്ന മനോഹരമായ നിയമവ്യവസ്ഥിതി ഉള്ള നാടാണ് നമ്മുടേത്!!!).

വർഗീയതയ്ക്കും പിന്നിലല്ല
ഫേസ് ബുക്കുക്കളിലെ പോസ്റ്ററുകളിൽ അധികവും മതവിദ്വേഷവും വർഗീയതയും കുത്തി നിറച്ചതാണ്. ഇത്തരം പോസ്റ്ററുകൾ കണ്ടാലുടനെ ഷെയർ ബട്ടണിൽ ഞെക്കിയില്ലങ്കിൽ ചിലർക്ക് ഉറക്കവും അവരില്ല. മറ്റുമതങ്ങളുടെ കുറവുകൾ അക്കമിട്ടു നിരത്തുന്നവർ സ്വന്തം മതങ്ങളുടെ/സമുദായങ്ങളുടെ കുറവുകൾ കാണുകയും ഇല്ല. ഇവന്റെ കൈ വെട്ടാൻ ആരുമില്ലേ / കാലുവെട്ടാൻ അരുമില്ലേ എന്നുള്ള ചോദ്യങ്ങളും , ഞാനായിരുന്നെങ്കിൽ അവനെ കൊന്നേനെ എന്നുള്ള അവകാശങ്ങളും ഒക്കെ ചില പോസ്റ്റുകളിലെ കമന്റുകളിൽ കാണാറുണ്ട്. ചുമ്മാ ഒരു ആവേശത്തിനു ഇടുന്ന കമന്റുകൾ ആണങ്കിലും ഏതെങ്കിലും തരത്തിലുള്ള പരാതി ഉണ്ടായാൽ അതിൽ കുടുങ്ങിക്കിടക്കുമ്പോൽ സഹായിക്കാൻ ആരും ഉണ്ടാവില്ല എന്നുമാത്രം .

ചില ഗ്രൂപ്പുകളിലെ ചർച്ചകളുടെ പോക്ക് കണ്ടാൽ സുക്കർബർഗ് ഫേസ് ബുക്ക് പിരിച്ചു വിട്ടുപോകും. അത്രയ്ക്ക് മാരകമായ വർഗീയ വിഷം കുത്തലുകളാണ് അവിടെ നടക്കുന്നത്. സ്വന്തം വിശ്വാസം പ്രചരിപ്പിക്കുക മാത്രമല്ല, മറ്റുള്ളവരുടെ വിശ്വാസം തെറ്റാണന്ന് കൂടി സ്ഥാപിക്കുന്നവരെ ചില ഗ്രൂപ്പുകളിൽ കാണാം. ഈ ഗ്രൂപ്പുകളിലെ ചർച്ചകൾ കൊണ്ട് മനുഷ്യർക്ക് എന്തെങ്കിലും പ്രയോജനമുണ്ടാവാനും പോകുന്നില്ല.

മണ്ടത്തരങ്ങൾ മണ്ടത്തരങ്ങൾ
ഏത് മണ്ടത്തരം പറഞ്ഞാലും അതിനു അംഗീകാരം കിട്ടൂകയും അത് പത്തു നൂറു ആളുകൾ ഷെയര് ചെയ്യുകയും ചെയ്യുന്നത് ചെറിയ കാര്യമൊന്നും അല്ലല്ലോ.. റേഷൻ കാർഡോ ഡ്രൈവിംങ് ലൈസൻസോ പാസ്പോർട്ടോ കളഞ്ഞു കിട്ടിയാൽ അതെടൂത്ത് തപാൽപെട്ടിയാൽ ഇട്ടാൽ മതി അത് ഉടമസ്ഥനു കിട്ടിക്കോളും എന്നു പറഞ്ഞ് ആരോ ഉണ്ടാക്കിയ പോസ്റ്ററിനു കിട്ടീയ സ്വീകാര്യത, അത് സത്യമാണോ എന്നൊന്നും ആലോചിക്കാതെ നൂറുകണക്കിനു ആളുകളാണ് അത് ഷെയർ ചെയ്തത്. മുന്നും നാലും വർഷം മുമ്പുള്ള വാർത്തകൾ 'ദാ ഇപ്പം നടന്ന വാർത്ത' എന്ന പേരിൽ പലരും ഷെയർ ചെയ്യാറുണ്ട്. വ്യാജമായി സൃഷ്ടിക്കുന്ന ഗർഭവാർത്തകൾപോലും അതിന്റെ പിന്നിലെ കച്ചവടക്കണ്ണ് മനസിലാക്കാതെ ഷെയർ ചെയ്തും ലൈക്കടിച്ചും സായൂജ്യം അടയുന്നവരാണ് നമ്മൾ

എന്നെ ഒന്നും ലൈക്കൂ..ഒന്ന് ഷെയർ ചെയ്യൂ...
പല ഫേസ് ബുക്ക് പോസ്റ്റുകളുടേയും അവസാനം കാണുറുണ്ട് 'ഇത് ഇഷ്ടപ്പെട്ടങ്കിൽ' ഷയർ ചെയ്യൂ.. എന്റെ പേജൊന്ന് ലൈക്ക് ചെയ്യൂ എന്ന്. എന്ത് മണ്ടത്തരം ആണങ്കിലും ആൾക്കാർ ലൈക്ക് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്തോളും... ഈ പോസ്റ്റ് ആദ്യം ഇടുന്നവൻ പലപ്പോഴും വ്യാജ ഐഡിയിൽ ഒളിച്ചിരിക്കുന്നവർ ആയിരിക്കും. എന്തെങ്കിലും കേസ് വന്നാൽ ആദ്യം കുടുങ്ങുന്നത് സ്വന്തം ഐഡിയിൽ നിന്ന് ആ പോസ്റ്റിൽ ലൈക്ക്/കമ്ന്റ് അടിച്ചവനും പോസ്റ്റ് ഷെയർ ചെയ്തവനും ആയിരിക്കും.. മുഖം മൂടിക്ക് പിന്നിൽ മറഞ്ഞിരിക്കുന്നവനെ തേടി മിനക്കെടാൻ ഒന്നും ആർക്കും സമയം കാണില്ല. കുറേ പേർക്കെതിരെ കേസെടുക്കണമെന്ന് മാത്രം!! കൂടുതലും ഷെയർ ചെയ്ത് വരുന്ന പോസ്റ്റുകൾ ആദ്യം പോസ്റ്റ് ചെയ്യുന്ന ആൾ 'ഫേക്ക് ഐഡി'/ അനോണിയാണന്ന് ശ്രദ്ധിച്ചാൽ മനസിലാകും. രാഷ്ട്രീയ/മത/വിമർശന പോസ്റ്റുകളിൽ എല്ലാം 'ഫേക്ക് ഐഡി'/ അനോണി ഐഡികൾ ഉണ്ടന്ന് കാണാം.

ഭരണകൂടങ്ങൾ ഫേസ്ബുക്കിനേയും ഗൂഗിളിനെയും പിടിക്കുമ്പോൾ
രാഷ്ട്രീയ നേതാക്കൾക്ക്/ഭരണത്തിനു അപകീർത്തികരമായ വാർത്തകൾ/ഫോട്ടോകൾ/പോസ്റ്റുകൾ പ്രത്യക്ഷപ്പെടുമ്പോൾ അവ നീക്കം ചെയ്യാൻ ഭരണകൂടം ഫേസ്ബുക്കിനോടും ഗൂഗിളിനോടും ആവശ്യപ്പെടുന്നത് പുതുമയല്ലാതായിരിക്കുന്നു. ചില പരാതികൾ ലഭിക്കുമ്പോൾ കോടതികളും ഫേസ്ബുക്കിനേയും ഗൂഗിളിനെയും പേജുകൾ/വാർത്തകൾ/ഫോട്ടോകൾ നീക്കം ചെയ്യാൻ ആവശ്യപ്പെടാറുണ്ട്. ആവശ്യപ്പെടുന്നതിൽ പലതു നീക്കം ചെയ്ത് ഫേസ്ബുക്കും ഗൂഗിളും നടപടികളിൽ നിന്ന് രക്ഷപെടന്നു. പക്ഷേ നാട്ടുകാരുടെ പോസ്റ്റും ചെയ്യലും സർക്കാർ/കോടതികളുടെ ഇടപെടലും ഫേസ്ബുക്കിന്റെയും ഗൂഗിളിന്റെയും 'പേജ്/പോസ്റ്റ്' നീക്കം ചെയ്യലും  എത്ര നാൾ തുടരും??

സുക്കെർബർഗിന് കുറ്റബോധമോ??
ആൽഫ്രഡ് നോബൽ എന്ന ശാസ്ത്രഞ്ജൻ വളരെയേറെ സന്തോഷത്തോടെ ആയിരുന്നു 'ഡൈനാമിറ്റ്' എന്ന തന്റെ കണ്ടു പിടിത്തം ലോകത്തിനു മുന്നിൽ അവതരിപ്പിച്ചത്. പക്ഷേ തന്റെ കണ്ടുപിടിത്തം അനേകം ആളുകളെ കൊലപ്പെടുത്താനായി ഉപയോഗിക്കുന്നു എന്ന് കണ്ടപ്പോൾ താനൊരിക്കലും 'ഡൈനാമിറ്റ്' കണ്ടുപിടിക്കാൻ പാടില്ലായിരുന്നു എന്ന് വിലപിച്ചിരുന്നുവെത്രെ!! (ഡൈനാമിറ്റ് കണ്ടുപിടിച്ചതിൽ അദ്ദേഹത്തിനു കുറ്റബോധവും ഉണ്ടായിരുന്നു. ഡൈനാമിറ്റിന്റെ കണ്ടുപിടിത്തം ആണ് നോബലിനെ കോടീശ്വരൻ ആക്കിയതും) ഡൈനാമിറ്റ് കണ്ടുപിടിച്ച ആൾ എന്ന് അറിയപ്പെടാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ലന്നും തന്റെ സമ്പത്തുകൊണ്ട് 'നോബൽ' എന്ന സമ്മാനം പ്രഖ്യാപിച്ച് നോബൽ സമ്മാനത്തിന്റെ ഉപഞ്ജാതാവ് എന്ന് അറിയപ്പെടാനാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നതും എന്ന് കേട്ടിട്ടുണ്ട്.(നോബൽ എഴുതിയ വിൽപ്പത്ര പ്രകാരം അദ്ദേഹത്തിന്റെ സ്വത്ത് നോബൽ സമ്മാനത്തിനായി ഉപയോഗിക്കുന്നു) ഏതായാലും വർഷാവർഷം നൊബൈൽ സമ്മാനം പ്രഖ്യാപിക്കുമ്പോൾ ആൽഫ്രഡ് നോബലിനെ ജനങ്ങൾ 'ഡൈനാമിറ്റ്' കണ്ടുപിടിച്ച ആൾ എന്ന് ഓർക്കാറില്ല. 


ഈ ആഴ്ചയിൽ പുറത്ത് വന്ന വാർത്തകൾ കാണുമ്പോൾ ഫേസ്ബുക്ക് സ്ഥാപകൻ സുക്കെർബർഗിനും നോബലിനെപ്പോലെ കുറ്റബോധം തോന്നിത്തുടങ്ങിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സുക്കെർബർഗും ഗൂഗ്ഗിളിന്റെ സ്ഥാപകരിൽ ഒരാളായ സെർജി ബ്രിന്നും കൂടി ജീവശാസ്ത്രത്തിലെ ഗവേഷ്ണത്തിന് 30 ലക്ഷം ഡോളര്‍ സമ്മാനം നൽകുന്ന 'ബ്രേക് ത്രു' പ്രൈസ് പ്രഖ്യാപിക്കുമ്പോൾ നോബലിനെ ഓർമ്മവരുന്നത് എന്തുകൊണ്ടായിരിക്കണം.??


നൂറ്റാണ്ടിലെ കണ്ടുപിടിത്തം എന്ന് വിശേഷിപ്പിക്കപ്പെട്ട 'ഡൈനാമിറ്റും' 'ഫേസ്ബുക്ക്/ഗൂഗിളും' എന്തങ്കിലും സാമ്യം തോന്നുന്നുണ്ടോ?? ഉത്തരം അവരവർക്ക്  സ്വയം വിശകലനത്തിലൂടെ കണ്ടത്താം.

1 comment:

ajith said...

നോക്കി ലൈക്കിയില്ലെങ്കില്‍ ചിലപ്പോള്‍ പൊലീസും പിടിയ്ക്കും