Friday, February 8, 2013

മന്ത്രിക്കൊരു കത്ത്....

പ്രിയപ്പെട്ട മന്ത്രീ,
അങ്ങേയ്ക്ക് സുഖമാണന്ന് കരുതുന്നു. പക്ഷേ അങ്ങയുടെ പ്രജകൾക്ക് ഇപ്പോൾ വലിയ സുഖമൊന്നും ഇല്ല. ഇന്ത്യയിലെ ജനത്തിന്റെ ആളോഹരി വരുമാനം 5100 ല് നിന്ന് 5700 ആയന്നൊക്കെ പത്രത്തിൽ വായിച്ചു. ആളോഹരി ചിലവ് എത്രയാണന്ന് പത്രം അരിച്ചു പെറുക്കി നോക്കിയിട്ടും കണ്ടില്ല. ഏതയാലും ആ ചിലവ് വരുമാനത്തിന്റെ അടുത്ത് തന്നെ വരുമന്ന് അറിയാം. 'നിങ്ങടെ പണം നിങ്ങടെ കൈയ്യിൽ' എന്നൊക്കെ ആരക്കയോ പറയുന്നത് കേട്ടു. അതൊലൊന്നും വലിയ കാര്യമില്ലന്ന് അറിയാം. ഞാൻ എന്തിനാ വെറുതെ എഴുതി സമയം കളയുന്നത്.

ഞാൻ എന്നെതന്നെ പരിചയപ്പെടൂത്താം. പേരിൽ എന്തിരിക്കൂന്നു എന്ന് ആരോ ചോദിച്ചതുകൊണ്ട് പേരിൽ കാര്യമില്ല.ഞാൻ ഇന്ത്യയുടേ തെക്കേ അറ്റത്തുള്ള കേരളം എന്ന് സംസ്ഥാനത്തിലെ ഒരു പാവം പ്രജ ആണ്.അങ്ങയുടെ മന്ത്രി സഭയിൽ ഇവിടെ നിന്ന് എട്ട് മന്ത്രിമാർ ഉണ്ട്.(അതുകൊണ്ട് ആയിരിക്കും എട്ടിന്റെ പണി മൊത്തമായി കേരളത്തിനു കിട്ടൂന്നത്). അങ്ങ് അംഗമായിരിക്കുന്ന രാജ്യസഭയിലെ ഉപാദ്ധ്യക്ഷൻ കേരളത്തിൽ നിന്നാണ്.(അങ്ങയുടെ ചുണ്ടിലെ പരിഹാസച്ചിരി ഞാൻ കാണുന്നു). ഇന്ത്യയെ വലിയ സാമ്പത്തിക രാജ്യമാക്കാൻ ഭരണാധികാരികൾ അഹോരാത്രം പണിപ്പെടുകയാണന്ന് എനിക്കറിയാം. പക്ഷേ ആ പണിയൊക്കെ ഏറ്റുവാങ്ങേണ്ടി വരുന്നത് ഞങ്ങൾ പാവം പിടിച്ച ജനങ്ങളാണ്. 

കൊച്ചു വർത്തമാനം പറയാതെ കാര്യം പറയടാ എന്ന് അങ്ങ് മനസിൽ പറയുന്നത് എനിക്ക് കേൾക്കാം. ഇനി ഞാൻ കാര്യം എഴുതട്ടെ. ഇനിയും ട്രയിൻ കൂലി വർദ്ധിപ്പിക്കാൻ പോകുവാണന്ന് കേട്ടു. അമ്മച്ചിയാണേ ,അങ്ങയുടേ കാലു പിടിക്കാം ഇനിയും ചാർജ് കൂട്ടരുത്. ഇപ്പോൾ തന്നെ സഹിക്കാൻ വയ്യ. ട്രയിൻ യാത്രയൊക്കെ ഒഴുവാക്കി ജീവിക്കാൻ പറ്റുമോ എന്ന് ചിന്തിച്ചു നോക്കിയെങ്കിലും ഞങ്ങളെക്കോണ്ട് അത് പറ്റില്ല. ഇടയ്ക്കിടയ്ക്ക് നാട്ടിൽ പോയില്ലങ്കിൽ ഞങ്ങൾ മനുഷ്യരാണോ?? ഡീസൽ വില കൂട്ടിയതുകൊണ്ട് ചാർജ് കൂട്ടാൻ പോകുവാണന്നാ കേട്ടത്. എന്നാലും ആ വില കൂട്ടൽ ഒന്നന്നൊര കൂട്ടലായിപ്പോയി. ട്രാൻസ്പോർട്ട് ബസിനും ട്രയിനിനും ഒക്കെയുള്ള ഡീസലിനു പത്തുരൂപയൊക്കെ കൂട്ടുകയെന്നു വെച്ചാൽ അതൊക്കെ എങ്ങനെ ശരിയാവും. ട്രാൻസ്പോർട്ട് ബസിനു വേണമെങ്കിൽ വഴിവക്കിലെ പമ്പീന്നു ഡീസലടിക്കാം. തീവെണ്ടി എഞ്ചിനു അങ്ങനെ പറ്റില്ലല്ലോ!!! മോങ്ങാനാരിക്കുന്ന നായുടെ മുകളിൽ തേങ്ങ വീണന്ന് ഞങ്ങടെ ഭാഷയിൽ ഒരു ചൊല്ലുണ്ട്. പൂട്ടാനിരുന്ന ട്രാൻസ്‌പോർട്ട് ബസിന്റെ ടാങ്കിലെ ഡീസലിനു പത്തുരൂപ കൂടുതൽ എന്നും പലരും മാറിപ്പറയുന്നുണ്ട്. ....

എന്തിനാണ് എല്ലാ ഭാരങ്ങളും ഞങ്ങൾ ജനങ്ങളുടെ മേൽ കെട്ടി വയ്ക്കൂന്നത്?? കോർപ്പറേറ്റുകൾക്ക് സൗജന്യമായും വഴിവിട്ടും സർക്കാർ പലതും കൊടൂക്കുന്നുണ്ടന്ന് കേട്ടു. ഞങ്ങൾ സൗജന്യമായി ഒന്നും ചോദിക്കുന്നില്ല. ഉള്ള കാശിനു ഞങ്ങൾക്ക് ഇപ്പോൾ കിട്ടൂന്നതിക്കെ മതി. പാറ്റയും എലിയു ഓടുന്ന കമ്പാർട്ടൂമെന്റും വെള്ളം ഇല്ലാതാവുന്ന കക്കൂസും കുലുങ്ങുന്ന സീറ്റും ഒക്കെ മതി ഞങ്ങൾക്ക്. ടിക്കറ്റ് നിരക്ക് കൂട്ടിയാലും ഒരു പുതിയ ട്രയിനിനുള്ള കാശ് തന്നാലും ഈ പറഞ്ഞ കാര്യത്തിലൊന്നും മാറ്റം ഉണ്ടാവാൻ പോകുന്നില്ല എന്ന് അറിഞ്ഞുകൊണ്ടാണ് ഇതൊക്കെ മതി എന്ന് പറഞ്ഞത്. മന്ത്രിമാരൊക്കെ ട്രയിനിൽ യാത്ര ചെയ്യുമോ എന്നെനിക്കറിയില്ല. ഒരു ദിവസം വേഷം മാറി ട്രയിനിൽ ഒരു പകലും രാത്രിയും യാത്ര ചെയ്തു നോക്കണം. ഇന്ത്യക്കാർ എത്ര സഹനശേഷിയും സഹിഷ്ണതയും ഉള്ളവർ ആണന്ന് അപ്പോൾ മനസിലാവും. ഉറക്കം കഴിഞ്ഞ് ട്രയിനിൽ നിന്ന് ഇറങ്ങുമ്പോൾ ബാഗിൽ എലി തുളയിട്ടില്ലങ്കിൽ ഭാഗ്യം എന്നു മാത്രം കരുതിയാൽ മതി....

ഞാൻ വീണ്ടൂം കാടു കയറുന്നു. ഞാൻ കേരളത്തിലുള്ളവരുടെ കാര്യം പറഞ്ഞാൽ മതിയല്ലോ. ഇപ്പോൾ ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡൽഹിയിൽ നിന്ന് കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തേക്ക് 12626 കേരള എക്സ്പ്രസിൽ സ്ലീപ്പറിൽ 780,തേർഡ് എസിയിൽ 1995 സെക്കൻഡ് എസിയിൽ 2970 കൊടുക്കണം.ഇനി തത്ക്കാലിൽ ആണങ്കിൽ  930, 2305 , 3280 ആകും. 100 ദിവസം മുമ്പെങ്കിലും ഒക്കെ ബുക്ക് ചെയ്താലെ ടിക്കറ്റ് ഒക്കെ കുറഞ്ഞ നിരക്കിൽ കിട്ടൂകയുള്ളു. മെയ് മാസത്തിലെ ടിക്കറ്റ് ഇപ്പോഴെ ബുക്കിംങ് തീർന്നു.(സംശയം ഉണ്ടങ്കിൽ ചിത്രം നോക്കിക്കോളൂ)

ഇനിയും മെയ് മാസത്തിൽ പോകേണ്ടിയവർ തലേ ദിവസം തത്ക്കാൽ എടുക്കണം. അതും കിട്ടൂമെന്ന് ഉറപ്പില്ല. ആദ്യ അരമണിക്കൂറിനുള്ളിൽ തന്നെ ടിക്കറ്റ് തീർന്നിരിക്കൂം. ഞാൻ നാളത്തെ(09-02-2013) കേരളയ്ക്കുള്ള തത്ക്കാൽ ടിക്കറ്റിന്റെ ബുക്കിംങ് ഇവിടെ വയ്ക്കാം. പത്തര ആയപ്പോഴേക്കും 250 ടിക്കറ്റും തീർന്നു. റയിൽവേ മന്ത്രിയൊട് പറഞ്ഞ് കേറളത്തിലേക്ക് ദിവസം രണ്ട് ട്രയിൻ കൂടി ഓടിച്ചാലും ഈ തിരക്കിനു ഒരു കുറവും ഉണ്ടാവുകയില്ല. സീസൺ ആണങ്കിലും അല്ലങ്കിലും കേരളത്തിലേക്കൂള്ള ട്രയിനുകൾ നിറഞ്ഞു തന്നെയാണ് പോവുന്നത്. 
സമയം അനുസരിച്ചുള്ള തത്ക്കാൽ ടിക്കറ്റിന്റെ ലഭ്യത
ഞാനിനി എന്റെ കുഞ്ഞ് സാമ്പത്തിക ശാസ്ത്രം പറഞ്ഞോട്ടെ. ഇവിടെ ഡൽഹിയിൽ പണി എടുക്കാൻ വരുന്ന ഒരാൾക്ക് കിട്ടൂന്നത് 15000 രൂപ. (മുമ്പ് പറഞ്ഞ ആളോഹരിവരുമാനം അനുസരിച്ച് ഭാര്യയും ഭർത്താവും കൂടി പണിക്കുപോയാൽ 11400 കിട്ടും).അയാളും ഭാര്യയും രണ്ട് പിള്ളാരും. പിള്ളാരെ നോക്കി വളർത്തേണ്ടതുകൊണ്ട് ഭാര്യ ജോലിക്കൊന്നും പോകുന്നില്ല. 4000 രൂപയുടെ ചെറിയമുറിയിൽ ഉള്ളതുകൊണ്ട് ഓണം പോലെ അവരങ്ങ് കഴിയും.പിള്ളാരുടെ ഫീസും കരണ്ട് ചാർജും ഗ്യാസിന്റെ വിലയും ഒക്കെ കഴിയുമ്പോൾ എത്ര മിച്ചും ഉണ്ടാവുമെന്ന് നോക്കാൻ കാൽക്കുലേറ്റർ ഒന്നും വേണ്ട. കൈവിരൽ മടക്കി കൂട്ടാനുള്ളതേ കാണൂ. നാലുപേരൂടെ നാട്ടിലേക്കൊന്നു പോകണമെങ്കിൽ എത്ര രൂപയാകും.
ടിക്കറ്റ് 780*4= 3120 അതേ പോലെ തിരികെയും ഒരു 3120. ആകെ - 6240
തത്ക്കാലിൽ പോയി വരണമെങ്കിൽ (930*4)*2= 7440 !!
പിന്നെ ട്രയിനിൽ നിന്നുള്ള ഭക്ഷ്ണം... ഒരു കാപ്പിക്ക് എട്ട്,രണ്ട് ബ്രഡും ഒരു കോഴുമുട്ട പൊരിച്ചതിനും മുപ്പത്,..ഇങ്ങനെയങ്ങ് വില നീണ്ടു പോകും.
നാലു പേർ മൂന്നു നേരം ശരാശരി 50 രൂപ ആഹാരം വാങ്ങുമ്പോൾ തന്നെ രണ്ടു ദിവസം കൊണ്ട്  { ((50*4)*3)*2 } 1200 രൂപയാകും. നാലു പേരുള്ള ഒരു കുടുംബം ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്ത് പോയി വരുമ്പോൾ കുറഞ്ഞത് 10000 രൂപ !!! അതായത് ആളോഹരി വരുമാനത്തിലെ ഒരാളിന്റെ രണ്ടു മാസത്തെ വരുമാനം !!!!
{ഞാൻ പത്താം ക്ലാസിലെ കണക്ക് ആയതുകൊണ്ട് ലോകസാമ്പത്തിക ശാസ്ത്രത്തിലെ കണക്കുമായി പൊത്തുപൊരുത്തപ്പെടണമെന്നില്ല}

ഗ്യാസു വില കൂട്ടി, ഡീസൽ വില കൂട്ടി, ട്രയിൻ ചാർജ് കൂട്ടി , ഈ കൂട്ടൽ എല്ലാം നടത്തുമ്പോഴും പണം പോകുന്നത് ജനങ്ങളുടെ ശീലയിൽ നിന്നാണ്. ഡീസൽ വില കൂട്ടിയാൽ സാധനങ്ങൾക്ക് വില കൂടും, ബസ് കൂലി കൂടും ..എല്ലാം ജനങ്ങൾ ആണ് സഹിക്കുന്നത്... ഈ ഡീസൽ വില വർദ്ധനയുടെ ആ ഇക്കണോമിക്സ്  ഇപ്പോഴും ശരിക്കും പിടികിട്ടിയിട്ടില്ല. കൂടുതൽ വാന്ങുന്ന ഉപഭോക്താക്കൾക്ക് സാധാരണ എല്ലായിടത്തും വിലകുറച്ച് സാധനം കൊടുക്കുകയാണ് ചെയ്യുന്നത്. പക്ഷേ ഡീസലിന്റെ വിലയിൽ മാത്രം വങ്കിട ഉപഭോക്താക്കൾക്ക് കൂടുതൽ നിരക്കും മറ്റുള്ളവർക്ക് സബ്സിഡി നിരക്കും. ഈ വങ്കിട ഉപഭോക്താക്കളിൽ ഏറിയ പങ്കും പൊതുമേഖല സ്ഥാപനങ്ങളോ ,ജനസേവന മേഖലയിൽ ഉള്ളതോ ആണന്നുള്ളത് മറന്നതാണോ?? അതോ വേണമെങ്കിൽ വൻകിട ഉപഭോക്താക്കൾ സ്വകാര്യ പെട്രോളിയം കമ്പ്നിയിൽ നിന്ന് വേണമെങ്കിൽ ഡീസൽ വാന്ങിചോ എന്നുള്ളതാണോ??മിക്കവാറും അതായിരിക്കാനാ സാധ്യത.. അല്ലങ്കിൽ തന്നെ കോടീശ്വരന്മാരുടെ ദുഃഖം ഇന്ത്യയുടെ ദുഃഖം ആണല്ലോ??സമ്പന്ന രാജ്യങ്ങൾ വിലക്കുറച്ച് സാധനങ്ങൾ വിൽക്കുന്നതുപോലെ ഇന്ത്യക്ക് വിലകുറച്ച് സാധനങ്ങൾ വിൽക്കാൻ പറ്റില്ലന്ന് ഒരു ആസൂത്രണക്കാരൻ പറഞ്ഞു എന്നു കേട്ടു. ഏതെങ്കിലും സമ്പന്ന രാജ്യം അപ്പിയിടാൻ 30 ലക്ഷം രൂപ മുടക്കി ഉള്ള കക്കൂസ് മോടിപിടിപ്പിച്ചതായി കേട്ടിട്ടൂണ്ടോ??  ജനങ്ങളുടെ നികുതിപ്പണത്തിലെ 30 ലക്ഷം രൂപ ആസൂത്രണക്കാരുടെ കക്കൂസ് മോടി പിടിപ്പിക്കാൻ ഉപയോഗിച്ച രാജ്യം സമ്പന്ന രാജ്യം അല്ലന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ?? ഞാൻ വീണ്ടും കാടു കയറി...

വീണ്ടും ട്രയിൻ യാത്രയിലേക്ക് വരാം.. എങ്ങനെയാണ് റയിൽവേ നഷ്ടത്തിൽ ആകുന്നത്?? എല്ലാ ട്രയിനുകളിലും നിറച്ച് ആളുകൾ ആണ്. ഇനി ഈ യാത്രക്കാർ ടിക്കറ്റ് എടുത്തല്ല യാത്ര ചെയ്യുന്നതെങ്കിൽ അവരുടെ കുത്തിനു പിടിച്ച് കാശു വാങ്ങിച്ചോളൂ.ടിക്കറ്റ് എടുക്കുന്നവൻ വീണ്ടു വീണ്ടും കാശ് കൊടുത്തോ എന്ന് പറയുന്നത് ശരിയല്ലല്ലോ? റയിൽവേയ്ക്ക് പിടിച്ചുപറിക്കാരന്റെ സ്വഭാവവും ഉണ്ടന്ന് എനിക്ക് കഴിഞ്ഞ ആഴ്ചയാണ് മനസിലായത്.

അലിഘട്ട്- ഡൽഹി ദൂരം 126 കിലോമീറ്റർ. സൂപ്പർ ഫാസ്റ്റ് ട്രയിനിലെ ചാർജ് 60 രൂപ. കഴിഞ്ഞ ആഴ്ചയിലെ ഒരു ദിവസം അലിഘട്ടിൽ നിന്ന് ഡൽഹിയിലേക്ക് വരാനായി റയിൽവേസ്റ്റേഷനിൽ ചെന്നപ്പോൾ ട്രയിനുകൾ എല്ലാം മണിക്കൂറുകൾ ലേറ്റ്. ആദ്യം വരുന്ന ട്രയിനിനു ടിക്കറ്റ് എടുക്കാൻ അറുപതു രൂപയുമായി ചെന്നപ്പോൾ 120 രൂപ വേണമെന്ന്. 12505 നോർത്ത് ഈസ്റ്റ് എക്സ്പ്രസിൽ അലിഘട്ടിൽ നിന്ന് ഡൽഹി(119 കിലോ മീറ്ററുള്ള അനന്ദ് വിഹാറിലേക്ക്) വരെ യാത്ര ചെയ്യാൻ,വേറെ ഏതോ വഴിയുള്ള 409 കിലോമീറ്റർ ദൂരമുള്ള ഏതോ സ്ഥലത്തേക്ക്  120 രൂപയുടെ ടിക്കറ്റ് എടുക്കേണ്ടി വന്നു. ട്രയിനിനാണങ്കിൽ അലിഘട്ടിൽ സ്റ്റോപ്പും ഉണ്ട്.(അതിന്റെ ഇക്കണോമിക്സും ചട്ടവും നിയമവും ഒന്നും നമുക്കറിയില്ല). ഇങ്ങനെയൊക്കെ വാന്ങിയിട്ടും കൂടുതൽ താ.. കൂടുതൽ താ എന്നു പറയുന്നത് കണ്ണിൽ ചോര ഇല്ലാത്തവർക്കേ പറ്റൂ (ഈ അക്ഷരങ്ങൾ പടർന്നിരിക്കൂന്നത് സത്യമായും എന്റെ കണ്ണിലെ കണ്ണീർ വീണാണ്)

ഇനിയും ഞങ്ങടെ പിച്ച ചട്ടിയിൽ കൈ ഇട്ട് വാരരത് എന്ന് കെഞ്ചുകയാണ്. ഈ രീതിയിൽ ഞങ്ങൾക്ക് പൊയ്ക്കോളാം. ട്രയിൽ ലേറ്റാവുന്നതിനു ഞങ്ങൾ നഷ്ടപരിഹാരം ഒന്നും ചോദിക്കുന്നില്ലല്ലോ? ആടുന്ന ബർത്തിൽ കിടന്നിട്ടൂം പരാതി ഒന്നും പറയുന്നില്ലല്ലോ?എലി കരളുന്ന ബാഗ് ആരും കാണാതെ ഞന്ങൾ കൊണ്ടു പോകുന്നില്ലേ? ട്രയിനിലെ ഭിക്ഷക്കാരുടെ തെറിവിളി ഞങ്ങൾ കേൾക്കുന്നില്ലേ?കൊള്ളക്കാർക്ക് ഞന്ങൾ ബാഗും പണവും നൽകുന്നില്ലേ?സ്ലീപ്പർ ക്ലാസിൽ മൂന്നു പേർക്കിരിക്കാവുന്ന സീറ്റിൽ നാലും അഞ്ചും ആൾക്കാർ പോകുന്നില്ലേ?വെള്ളം തീർന്ന കക്കൂസിൽ പോകാതെ ഞങ്ങൾ പിടിച്ചിരിക്കുന്നില്ലേ?ദ്രവിച്ച ബോഗികളിൽ പരാതി പറയാതെ ഞങ്ങൾ യാത്ര ചെയ്യുന്നില്ലേ? ബാത്ത് റൂമിൽ ഫ്ല്ഷ് ചെയ്യുമ്പോൾ ഹാൻഡിലിൽ കൂടി വെള്ളം മുഴുവൻ ഞങ്ങളുടെ മുഖത്ത് വീണാലും ഞങ്ങൾ പരാതി പറയുന്നില്ലല്ലോ?? ഇങ്ങനെയൊക്കെ ചെയ്തിട്ടും നിരക്ക് കൂട്ടി ഞങ്ങളെ ഇനിയും ദ്രോഹിക്കരുത് ..പ്ലീസ്.. അപേക്ഷയാണ്.. അല്ല യാചനയാണ്...


ഒന്നും നടക്കില്ലന്ന് അറിയാമെങ്കിലും മനസിന്റെ സങ്കടം മാറ്റാൻ എഴുതിയതാണ്.
സ്നേഹപൂർവ്വം..
കേരളത്തിൽ നിന്നുള്ള ഒരു പ്രജ

1 comment:

ajith said...

മന്ത്രി വായിച്ചു
മുഴുവനുമെത്തുന്നതിനു മുമ്പ് തന്നെ ചുരുട്ടി ചവറ്റുകുട്ടയിലിട്ടു.
ഇലക്ഷന്‍ ഉടനെയെങ്ങുമില്ലല്ലോ