Sunday, February 3, 2013

നെല്ല് അരിയാകുന്ന വിധം : വീണ്ടും നെൽകൃഷിയെക്കുറിച്ച്/അരിവിലയെക്കുറിച്ച്


വീണ്ടും നെൽകൃഷിയെക്കുറിച്ച്/അരിവിലയെക്കുറിച്ച്

അരിവില വർദ്ധനവിനെപ്പറ്റി വേവലാതിപ്പെടൂന്ന മലയാളികൾ തങ്ങൾക്ക് അന്യമാകുന്ന നെൽകൃഷിയെക്കൂറിച്ച് വേവലാതിപ്പെടുന്നില്ല എന്നുള്ളത് സത്യമാണ്. നെൽപ്പാടങ്ങളിൽ നിന്ന് വെറുതെ അരിയുണ്ടാവുന്നതല്ല. അതിന്റെ പിന്നിൽ അനേകം ആളുകളുടെ അദ്ധ്വാനം ഉണ്ട്. നെൽ ഉല്പാദനം കുറയുന്നത് കൊണ്ടുമാത്രമാണ് അരിക്ക് വിലകയറുന്നത്. അരിക്ക് വില കുറയണമെങ്കിൽ നെൽ ഉല്പാദനം കൂടണം. പക്ഷേ ഇനി ഒരിക്കലും നെൽ ഉല്പാദനം കൂടാൻ പോകുന്നില്ല എന്ന മനസിലാക്കുമ്പോൾ അരിയുടെ വില ഇനിയും മുകളിലേക്ക് തന്നെ കുതിക്കും. ആര് ഭരിച്ചാലും ഇതിനൊരു മാറ്റവും സംഭവിക്കാൻ പോകുന്നില്ല.....

അരി ഉല്പാദനത്തിന്റെ പിന്നിൽ
മലയാളികളുടെ ഭക്ഷണത്തിൽ ഏറ്റവും കൂടുതൽ ഉൾപ്പെട്ടിരിക്കുന്നത് അരിയും അരിവിഭവങ്ങളും ആണ്. പക്ഷേ കേരളത്തിൽ നെൽവയലുകളുടെ വിസ്തൃതി കുറയുകയും കർഷകർ നെൽകൃഷി ഉപേക്ഷിക്കുകയും ചെയ്യുകയാണ്. ഇപ്പോൾ കേരളത്തിനാവശ്യമുള്ള അരിക്ക് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നു.കേരളത്തിലെ നെൽ കർഷകർ നഷ്ടം മൂലം നെൽകൃഷി ഉപേക്ഷിക്കുകയാണ്

നെൽകൃഷി
നെൽകൃഷി കേരളത്തിൽ പൂർണ്ണമായും കാലാവസ്ഥയെ ആശ്രയിച്ചു നടത്തുന്ന ഒന്നാണ്. കാലവർഷം/കാലാവസ്ഥ ചതിച്ചാൽ നെൽകൃഷി നഷ്ടത്തിൽ അവസാനിക്കും. കാലം തെറ്റി വരുന്ന മഴയും കാലാവസ്ഥ വ്യതിയാനവും കർഷകർക്ക് ദുരിതം മാത്രമാണ് സമ്മാനിക്കുന്നത്. നിലം ഒരുക്കുമ്പഴും വിത്തെറിയുമ്പോഴും പാടത്ത് ആവശ്യത്തിനു വെള്ളം ഉണ്ടാവുകയും(ആവശ്യത്തിലധികം വെള്ളം ഉണ്ടായാൽ വിത്ത് അഴുകുകയും ചെയ്യും) കൊയ്യാറാകുമ്പോൾ പാടത്തെ വെള്ളം ഒഴുക്ക് ഇല്ലാതെയാവുകയും ചെയ്തെങ്കിൽ മാത്രമേ കൃഷി അതിന്റെ പൂർണ്ണമായ തോതിൽ ഉപയോഗത്തിൽ എത്തിക്കാൻ സാധിക്കൂ.(നെല്ലിനോടൊപ്പം കിട്ടൂന്ന വൈക്കോല് /കച്ചിയും കൂടി വില്പനയ്ക്ക്/ഉപയോഗത്തിനു ആവശ്യമായ രീതിയിൽ സംസ്കരിച്ചെടുക്കാൻ പറ്റുക എന്നതാണ് 'പൂർണ്ണമായ തോതിൽ' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. വിതയ്ക്കൂന്ന സമയത്ത് മഴ പെയ്യാതയും/വെള്ളം ലഭിക്കാതയും കൊയ്യുന്ന സമയത്ത് മഴ പെയ്യുകയും ചെയ്താൽ കൃഷി നശിക്കുകയും നഷ്ടം ഉണ്ടാവുകയും ചെയ്യും.

നെൽകൃഷി കേരളത്തിൽ നഷ്ടം ആവാൻ കാരണം
തൊഴിലാളികളുടെ ക്ഷാമവും ഉയർന്ന കൂലിയും.
കാലാവസ്ഥ വ്യതിയാനം.
നടീൽ ,കൊയ്ത്ത് യന്ത്രങ്ങൾ ഉണ്ടങ്കിലും യഥാസമയത്ത് ഉപയോഗിക്കാൻ പറ്റാത്തത്


തൊഴിലാളികളുടെ ക്ഷാമവും ഉയർന്ന കൂലിയും.
ഇപ്പോൾ നെൽപ്പാടങ്ങളിലെ പണികൾക്ക് തൊഴിലാളി ക്ഷാമം രൂക്ഷമാണ്. ഈ തൊഴിൽ ചെയ്തു വന്നവർ ഇതുപോലെ ബുദ്ധിമുട്ടില്ലാത്ത മറ്റ് പണികൾക്ക് തിരിഞ്ഞതും തൊഴിൽ ചെയ്യാൻ തയ്യാറാവുന്ന തൊഴിലാളികൾ ആവശ്യപ്പെടൂന്ന കൂലി കൂടുതൽ ആയതുകൊണ്ട് കർഷകർക്ക് അത് നൽകാൻ കഴിയാത്തതുമാണ് കാരണം. കുറേകാലം മുമ്പ് വരെ നെല്പാടങ്ങളിൽ പണിയെടുക്കുന്നവർക്ക് കൊയ്ത്ത് ഒഴികെയുള്ള പണികൾക്ക് വേതനം പണമായും കൊയ്ത്തിനുള്ള വേതനം നെല്ലായുമ്നൽകുകയായിരുന്നു. പക്ഷേ ഇപ്പോൾ എല്ലാ പണികൾക്കുമുള്ള വേതനം പണമായി നൽകേണ്ടി വരുന്നു പക്ഷേ അതിനനുസരിച്ച് ഉല്പദനം വർദ്ധിക്കൂന്നുമില്ല. 

കാലാവസ്ഥ വ്യതിയാനം
നെൽകൃഷി വെള്ളത്തെ അടിസ്ഥാനമാക്കിയുള്ളതാണന്ന് പറഞ്ഞല്ലോ.. കാലം തെറ്റി വരുന്ന മഴ എങ്ങനെ നെൽകൃഷിയെ ദോഷകരമായി ബാധിക്കൂന്നു എന്നുള്ളതിനു ഉദാഹരണമാണ് മൂന്നാലു വർഷം മുമ്പുള്ള വേനൽ മഴ. കൊയ്യാൻ സമയം ആകുമ്പോൾ മഴ പെയ്ത് നെല്ല് വെള്ളത്തിൽ ആയാൽ നെൽച്ചെടി ഒടിഞ്ഞു വെള്ളത്തിൽ മുങ്ങുകയും നെല്ല് കിളിച്ചു തുടങ്ങുകയും ചെയ്യും. കൂടാതെ നെൽച്ചെടി അഴുകി വൈക്കോല്  ഉപയോഗ്യശൂന്യമാവുകയും ചെയ്യും. നമ്മുടെ നാട്ടിലെ വെയിൽ(ചൂട്) കൂടുന്നതും നെൽകൃഷിക്ക് ദോഷകരമായി തീരുന്നു. ചൂടുകൊണ്ട് നെൽച്ചെടികൾ കരിയുന്നു.

നടീൽ ,കൊയ്ത്ത് യന്ത്രങ്ങൾ ഉണ്ടങ്കിലും യഥാസമയത്ത് ഉപയോഗിക്കാൻ പറ്റാത്തത്

നെൽകൃഷിയിൽ യന്ത്രങ്ങൾ വന്ന കാലത്ത് കേരളത്തിൽ യന്ത്രം ഉപയോഗിച്ച് കൃഷി ചെയ്യുന്നതിൽ പല എതിർപ്പുകളും ഉണ്ടായിരുന്നു. പക്ഷേ തൊഴിലാളി ക്ഷാമം രൂക്ഷമായതോടെ ആ എതിർപ്പുകൾ ഇല്ലാതയി എങ്കിലും യഥാസമയത്ത് യന്ത്രങ്ങൾ നെൽപ്പാടങ്ങളിൽ എത്തിക്കാൻ കഴിയാത്തതുകൊണ്ട് കൊയ്ത്ത് പലപ്പോഴും താമസിക്കാറുണ്ട്. ഇപ്പോൾ കേരളത്തിൽ കൂടുതൽ കൊയ്ത്തു യന്ത്രങ്ങൾ  വരുന്നത് തമിഴ്നാട്ടിൽ നിന്നാണ്. പക്ഷേ അവിടെ കൊയ്ത്ത് കഴിഞ്ഞതിനു ശേഷമേ ഇവിടേക്ക് യന്ത്രങ്ങൾ എത്താറുള്ളൂ. ആവശ്യത്തിനു കൊയ്ത്ത് യന്ത്രങ്ങൾ ഇല്ലാത്തതുകൊണ്ട് നെല്ല് സമയത്ത് കൊയ്ത് എടുക്കാൻ പറ്റാതെ നെൽച്ചെടി വീണുപോകുന്നു.

നെൽകൃഷി എങ്ങനെ?

വയൽ ഒരുക്കൽ
ആദ്യം വയൽ(കണ്ടം) ഒരുക്കുക എന്നുള്ളതാണ്.പാടത്ത് വെള്ളം നിറച്ച് ഉഴുതു മറിക്കുന്നു.ട്രാകടർ വരുന്നതിനു മുമ്പ് കലപ്പയും കാളയും ഉപയോഗിച്ചായിരുന്നു കണ്ടം ഉഴുത് മറിക്കുന്നത്. ഇതിന് 'പൂട്ടൂക' എന്നാണ് പേര് ('കണ്ടം പൂട്ടൂക' , 'പൂട്ടാൻ പോയി', പൂട്ടുന്ന ആളെ പൂട്ടുകാരൻ എന്ന് പറയുന്നു). ഉഴുതിട്ടിരിക്കൂന്ന ചേറ് കട്ടകളെ(ചേറ്റിൻ കട്ടകളെ) ഉടച്ച്  (കണ്ടത്തിലെ മണ്ണിനെ ചേറ് എന്നാണ് പറയുന്നത്) നിരപ്പാക്കൂന്നു. കലപ്പയുടേ സ്ഥാനത്ത് നിരപ്പ് പലക ഉപയോഗിച്ച് ആണ് നിരപ്പാക്കൽ നടത്തുന്നത്.(പലകയുടേ പുറത്ത് നിന്ന് കാളയെ ഓടിച്ചാണ് നിരപ്പാക്കൽ ചെയ്തിരുന്നത്).

ഇത് ചെയ്യുന്ന സമയത്ത് തന്നെ 'വരമ്പ് കോരുക' എന്നുള്ള സംഗതിയും ചെയ്യുന്നു. (വരമ്പ്- കൃഷിക്കാരുടെ വയലിന്റെ അതിർത്തിയാണ് വരമ്പ്.). കൊയ്ത്ത് കഴിയുന്നതോടെ ആളുകൾ നടന്നും/യന്ത്രങ്ങൾ കയറിയും മറ്റും വരമ്പുകൾ തകരുന്നു. വരമ്പ് പഴയ സ്ഥിതിയിലേക്ക് ആക്കുന്നതിനെ ആണ് വരമ്പ് കോരുക എന്ന് പറയുന്നത്. കണ്ടതിലെ ചേറ് തന്നെ വെട്ടിക്കോറി മിനുസപ്പെടൂത്തിയാണ് വരമ്പ് ഉണ്ടാക്കുന്നത്. ഉയർന്ന് സ്ഥലത്ത് നിന്ന് വെള്ളം കൊണ്ടൂ വരാനും താഴ്ന്ന ഇടത്തേക്ക്(വയലിലേക്ക്) വെള്ളം പോകാനായും ഈ വരമ്പുകളിൽ ഇടയ്ക്ക് അലപം മുറിയ്ക്കാറുണ്ട്. ഇതിനെ പാത്തി തിരിക്കുക എന്ന് പറയുന്നു.

വിത്തുണ്ടാക്കൽ

നല്ലയിനം നെല്ല് ആദ്യം വെള്ളത്തിൽ (ചരുവത്തിലോ കുട്ടകത്തിലോ ) കുതിർത്ത് ഇടുന്നു. രണ്ടാം ദിവസം വെള്ളം ഊറ്റിക്കളഞ്ഞ് ചണച്ചാക്കിൽ വാരി കെട്ടി  വയ്ക്കൂന്നു. ചാക്ക് ചരുവത്തിലോ കുട്ടകത്തിലോ തന്നെ ഇറക്കി ഉയർത്തി വയ്ക്കുന്നു.(ഇഷ്ടികയോ കൊരണ്ടിയോ സ്റ്റൂളോ ഒക്കെ ഉയർത്തി വയ്ക്കാനായി ഉപയോഗിക്കുന്നു).ചാക്ക് ഇടയ്ക്കിടയ്ക്ക് നനച്ച് കൊടുക്കുകയും വേണം .രണ്ട് ദിവസം ആകുമ്പോഴേക്കൂം നെല്ല് മുള പൊട്ടി ചണചാക്കിലൂടെ മുള വെളിയിലേക്ക് വരും.ഇങ്ങനെ മുളപ്പിച്ച നെല്ലാണ് വിത്തായി ഉപയോഗിക്കുന്നത്.

വിതയ്ക്കൽ
പൂട്ടി ഒരുക്കിയ നിലത്ത്/പാടത്ത്/കണ്ടത്തിൽ മുളപ്പിച്ചെടുത്ത വിത്ത് കൃഷിക്കായി എറിയുന്നതിനെ ആണ് വിതയ്ക്കൽ എന്ന് പറയുന്നത്. മുളപ്പിച്ചെടുത്ത വിത്ത് കൈയ്യിൽ വാരി കൈക്കുഴയുടെ  പ്രത്യേക ചലനത്തോടെ എറിഞ്ഞാൽ മാത്രമേ എല്ലായിടത്തും ഒരുപോലെ നെല്ല് വീഴുകയുള്ളൂ. അല്ലങ്കിൽ കുറച്ച് ഭാഗത്ത് കൂടുതൽ നെല്ലും ചിലയിടത്ത് കുറച്ച് നെല്ലും വീഴും. ഉള്ളം കൈ മുകളിലേക്കാക്കിയാണ് നെല്ല് വിതയ്ക്കുന്നത് (വളം ഇടുന്നത് ഉള്ളം കൈ അകത്തേക്ക് മടക്കിപ്പിടിച്ചും ആണ്. നെല്ല് 'വിതയ്ക്കു'മ്പോൾ വളം 'ചേറുകയാണ്' ചെയ്യുന്നത്.)

ഞാർ നടൽ/നടീൽ
നെല്ല് മുളപ്പിച്ച് പൂട്ടി ഒരുക്കിയ നിലത്ത് എല്ലായിടത്തും എറിയുന്നതിനു പകരം ഒരു പ്രത്യേക സ്ഥലത്ത് വിത്ത് പാകി കിളിപ്പിച്ച് കുറച്ച് പ്രായം ആകുമ്പോൾ അത് പറിച്ച് (ഞാർ) പാടത്ത് എല്ലായിടത്തും നടൂന്നതിനെ ആണ് ഞാർ നടീൽ എന്ന് പറയുന്നത്. ഇത് തുല്യ ദൂരത്തിൽ ആണ് നടുന്നത്. ഞാർ പറിച്ച്, ഒരു ഞാർ തള്ള വിരലിലും നടുവിരലിലും എടുത്ത് ചൂണ്ടു വിരൽ കൊണ്ട് കണ്ടത്തിലെ ചേറിൽ കുഴി ഉണ്ടാക്കിയാണ് ഞാർ നടുന്നത്. (പണീ അറിയാത്തവർ ഈ പണി ചെയ്തില്ലങ്കിൽ കൃഷിക്കാരന് പണി കിട്ടും. ഈ പണി എന്നല്ല നെൽ കൃഷിയുമായി ബന്ധപ്പെട്ട ഏത് ജോലിയും അറിയാവുന്നവർ ചെയ്തില്ലങ്കിൽ കൃഷിക്കാരന് 'അതി നഷ്ടം' തന്നെ ആയിരിക്കും)

വെള്ളം തിരിക്കൽ
നമ്മുടെ കേരളത്തിലെ നെൽപ്പാടങ്ങളിൽ ജലസേചനത്തിനുള്ള സൗകര്യം വളരെ കുറവാണ്. തോടുകളിൽ നിന്നോ മറ്റോ വെള്ളം തടഞ്ഞ് നിർത്തി നെൽപ്പാടങ്ങളിലേക്ക് വെള്ളം ഒഴുക്കുകയാണ് ചെയ്യുന്നത്. പലപ്പോഴും താണ പ്രദേശത്തെ നിലങ്ങളിൽ ആവശ്യ സമയത്ത് വെള്ളം തിരിച്ച് കൊണ്ടൂ വരാൻ കഴിയാറില്ല. മുകളിലെ നിലങ്ങളിലെ കർഷകർ വെള്ളം താഴേക്ക് ഒഴുകാതെ വരമ്പ് അടയ്ക്കുകയും ചെയ്യും. വളം ചേറിയിട്ട് വെള്ളം ഇല്ലങ്കിൽ നെല്ല് ഉണങ്ങിപ്പോകാനുള്ള സാധ്യത കൂടുതലാണ്.

കള പറിക്കലും മരുന്നടിയും
നെല്ല് വളരുന്നതിനോടൊപ്പം കളകളും വളരും. മരുന്നടിച്ച് കളകളെ നശിപ്പിക്കുക എളുപ്പമല്ല. നെല്ലിനെ ആക്രമിക്കൂന്ന കീടങ്ങൾക്കെതിരെയാണ് കീടനാശിനികൾ ഉപയോഗിക്കുന്നത്.(പണ്ടൊക്കെ പനാമറൊക്കെ നേർപ്പിച്ച് കലക്കി അടിക്കൂമായിരുന്നു). നെല്ല് വളർന്ന് കഴിഞ്ഞതിനുശേഷമേ കള പറിക്കൽ നടക്കുകയുള്ളൂ. നെൽച്ചെടിയും കളയും തമ്മിലുള്ള സാമ്യം തന്നെ കാരണം. കള പറക്കാനും പരിചയ സമ്പന്നർ തന്നെ വേണം. ഇല്ലങ്കിൽ കള അവിടെ നിൽക്കുകയും നെൽച്ചെടി പറിച്ചു കളയുകയും ചെയ്യും. പരിചയമുള്ളവർ കള പറിക്കൽ നടത്തിയില്ലങ്കിൽ നിലം 'ആന കയറിയ കരിമ്പിൻ കാടു'പോലെ ആവുകയും ചെയ്യും.

കൊയ്ത്ത്
വിളഞ്ഞ നെല്ല് പാടത്തു നിന്നു മുറിച്ചെടുക്കൂന്നതിനെയാണ് കൊയ്ത്ത് (കൊയ്യൽ)എന്ന് പറയുന്നത്.(90-120 ദിവസം കൊണ്ട് നെൽച്ചെടി പൂർണ്ണ വളർച്ചയെത്തും) നെൽച്ചെടി അടിഭാഗത്ത് നിന്നാണ് മുറിച്ചെടുക്കുന്നത്.ഇങ്ങനെ മുറിച്ചെടുക്കുന്ന നെൽച്ചെടികളെ കുറച്ച് കുറച്ചായി നെൽച്ചെടികൊണ്ട് തന്നെ കെട്ടി ഇടൂന്നു. ഇതിനെ 'കറ്റ' എന്ന് പറയുന്നു. നെല്ല് കൊയ്യുന്ന ആളെ കൊയ്ത്താൾ എന്ന് പറയുന്നു. നെല്ല് കൊയ്യുന്ന സംഘത്തോടൊപ്പം ഉള്ള സ്ത്രി തൊഴിലാളികളെ പെണ്ണാൾ എന്നും പുരുഷ തൊഴിലാളികളെ ആണാൾ എന്നും പറയുന്നു(എല്ലാ പണി ചെയ്യുമ്പോഴും ഈ വർഗ്ഗീകരണം ഉണ്ടാവും.) കൊയ്ത് ഇടുന്ന കറ്റകൾ ആണാൾ ചുവന്ന് പ്രത്യേകമായി ഒരുക്കിയ സ്ഥലത്ത് അടുക്കി വയ്ക്കുന്നു. വെള്ളം ഇല്ലാത്ത സമയത്ത് പാടത്ത് തന്നെ ആയിരിക്കും കറ്റ അടുക്കുന്നത്.

കറ്റ അടിക്കലും മെതിക്കലും
കറ്റയിൽ നിന്ന് നെല്ല് വേർതിരിക്കുന്നതിനുള്ള രണ്ട് മാർഗ്ഗങ്ങൾ ആണ് കറ്റ അടിക്കലും മെതിക്കലും.
പ്രത്യേകമായി ഒരുക്കിയ സ്ഥലത്ത്, കറ്റകൾ കല്ലിൽ അടിച്ച് നെല്മണി വേർതിരിക്കുന്നതിനെ ആണ് കറ്റ അടിക്കൽ എന്ന് പറയുന്നത്. പനമ്പിലേ(പരമ്പിലോ),ചാക്ക് വിരിച്ചതിലോ ആണോ  കറ്റ അടിക്കുന്നത്. (നെല്ല് കൊയ്ത് കറ്റ അടിക്കൂന്നതോടെ  കൊയ്ത്താളുകളുടെ ജോലി കഴിഞ്ഞു).

മെതിക്കൽ :   പ്രത്യേകമായി ഒരുക്കിയ സ്ഥലത്ത് നെടുകെ വെച്ച് ഊന്നുകൾക്ക് കുറെകെ വെച്ച കഴയിൽ പിടിച്ച് കാലുകൊണ്ട് കറ്റകളിലെ നെല്ല് പൊഴിക്കുന്നതിനെ ആണ് മെതിക്കൽ എന്ന് പറയുന്നത്.

ഈ രണ്ട് രീതിയിലും നെൽച്ചെടികളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന നെല്ലിനെ 'പൊലി' എന്നാണ് പറയുന്നത്. കറ്റ അടിച്ചതിനു/മെതിച്ചതിനു ശേഷം പൊലി അളക്കുകയും കൊയ്ത്തുകാർക്ക് പൊലിയിൽ നിന്ന് കൂലി നൽകുകയും ചെയ്യുന്നു. (ഇപ്പോൾ കൂലിയായി പണം നൽകണം). പൊലി അളക്കുന്നത് പറ കണക്കിലാണ്. കറ്റ അടിച്ച്/മെതിച്ച് കഴിയുന്നതോടെ കൊയ്ത്തുകാർ പിൻവാന്ങുകയും ചുമട്ടുകാർ വരുകയും ചെയ്യുന്നു. ഇനിയുള്ള കാര്യങ്ങൾ ചെയ്യുന്നത് ചുമട്ടുകാർ ആണ്.

ഏറു മാടവും പൊലി ഉണക്കലും
പൊലി ഉണങ്ങി കളത്തിൽ നിന്ന് കൊണ്ടു പോകുന്നത് വരെ എപ്പോഴും പൊലി ഉണക്കുന്നിടത്ത് ആൾ വേണം. കളം പാടത്ത് തന്നെയാണങ്കിൽ പൊലിക്ക് കാവലിരിക്കുന്ന ആൾക്ക് വിശ്രമിക്കാനായി കമ്പുകൾ കൊണ്ട് കുത്തിമറച്ച് വൈക്കൊല് ഇട്ട് വിശ്രമസ്ഥലം ഉണ്ടാക്കും. ഇതിനെയാണ് ഏറുമാടം എന്ന് പറയുന്നത്. പൊലി ആരെങ്കിലും കട്ടൂ കൊണ്ടു പോകുമെങ്കിൽ മാടത്തിൽ കാവലു കിടക്കുകയും വേണം. മാടത്തിൽ വെളിച്ചത്തിനായി ചിമ്മിനി വിളക്കുകൾ ആണ് ഉപയോഗിക്കുന്നത്.

പൊലി ഉണക്കൽ :: വിരിച്ച പനമ്പിൽ/ചാക്കിൽ  വെയിലത്ത് ഇട്ടാണ് പൊലി ഉണക്കുന്നത്. വെയിൽ ചായുമ്പോൾ പൊലി പനമ്പിന്റെ/ചാക്കിന്റെ നടുക്ക് കൂട്ടീ പനമ്പ്/ചാക്ക് മടക്കി അതിന്റെ മുകളിൽ പൊലിയിൽ മഞ്ഞ് വീഴാതിരിക്കാൻ കച്ചി/വൈക്കോൾ ഇടുകയും മഴ ഉണ്ടങ്കിൽ മഴ കൊള്ളാതിരിക്കാൻ ടാർപ്പ ഇട്ട് മൂടുകയും ചെയ്യും. പൊലി ഉണക്കൂന്നതിനോടൊപ്പം കച്ചിയും ഉണക്കി എടുക്കണം. കച്ചി ഇളക്കിയിടൂന്നതും പൊലി തുറക്കുകയും അടയ്ക്കുകയും ഒക്കെ ചെയ്യുന്നത് ചുമട്ടുകാരാണ്. പൊലിയുടെ ഉണക്കൽ ഒരേ പോലെയാകാൻ വെയിലത്ത് പൊലി ഇടയ്ക്കിടയ്ക്ക് കാലുകൊണ്ട് 'ചിക്കി' കൊടുക്കണം.

പൊലി വീശൽ
ഉണങ്ങിയ പൊലിയിൽ നിന്ന് മങ്കും നെല്ലും വേർതിരിക്കുന്നതിനെയാണ് പൊലി വീശൽ എന്ന് പറയുന്നത്.ഒരാൾ കുറച്ച് പൊലി മുറത്തിൽ/കൊട്ടയിൽ എടൂത്ത് അല്പം ഉയരത്തിൽ നിന്ന് ഇടുമ്പോൾ മറ്റുള്ളവർ നിലത്തേക്ക് വീഴുന്ന പോലിയിലേക്ക് മുറം കൊണ്ട് വീശുന്നു. വീശലിൽ മങ്ക് നെല്ലിൽ നിന്ന് മാറി വീഴും.(അകത്ത് അരിമണിയില്ലാത്ത നെല്ലാണ് മങ്ക്).(കരണ്ട് കിട്ടാൻ വഴിയുണ്ടങ്കിൽ ഫാൻ ഉപയോഗിച്ച് പൊലി വീശി/പാറ്റി എടുക്കാം) പൊലി വീശി നെല്ല് മാത്രം എടുത്ത് അളക്കുന്നു. ഈ നെല്ലിൽ നിന്നാണ് ചുമട്ടൂകാർക്കുള്ള വീതം(കൂലി) നൽകുന്നത്. നെല്ല് അളന്ന് ചാക്കിലാക്കി കളത്തിൽ നിന്ന് കൃഷിക്കാരന്റെ വീട്ടിലേക്ക് (സംഭരണകേന്ദ്രത്തിലേക്ക്) മാറ്റുന്നു. ചെറുകിട കർഷകർ നെല്ല് സൂക്ഷിക്കൂന്നത് പത്തായത്തിൽ ആയിരിക്കൂം.

നെല്ല് കളത്തിൽ നിന്ന് മാറ്റുന്നതോടൊപ്പം കച്ചിയും/വൈക്കോലും കെട്ടാക്കി മാറ്റുന്നു. ആവശ്യകാർക്ക് അത് വിൽക്കുകയോ നെൽ കർഷകന് പശുവുണ്ടങ്കിൽ 'തുറു' ഉണ്ടാക്കാനായി അത് കർഷകന്റെ വീട്ടിൽ എത്തിച്ച് തുറു ഉണ്ടാക്കുകയും ചെയ്യുന്നു. ഇതും ചുമട്ടുകാർ ആണ് ചെയ്യുന്നത്.

ഇവിടയും കൊണ്ട് നെല്ലിന്റെ സംഭരണം അവസാനിച്ചു....

ഇനി നെല്ല് അരിയാകുന്നത്

നെല്ല് വേവിച്ച് പുഴുങ്ങി ഉണക്കി കുത്തിച്ചാണ് അരി ഉണ്ടാക്കൂന്നത്. ഒറ്റവാക്യത്തിൽ വേവിക്കലും പുഴുങ്ങലും ഉണങ്ങലും കുത്തിക്കലും കഴിഞ്ഞു എങ്കിലും പറയുന്നതുപോലെ എളുപ്പമല്ല കാര്യങ്ങൾ.

വലിയ ചരുവത്തിലോ കുട്ടകത്തിലോ ആണ് നെല്ല് വേവിക്കൂന്നത്. ചരുവത്തിലോ/കുട്ടകത്തിലോ വെള്ളം നിറച്ച് അതിലേക്ക് നെല്ല് ഇടൂന്നു. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന മങ്കിനെ വാരിക്കളഞ്ഞതിനു ശേഷം നെല്ല് വേവിക്കുന്നു. കരിയില ഉപയോഗിച്ചാണ്  വേവിക്കൽ. നെല്ല് വെന്തുപോയാലോ വേവ് കുറവായാലോ അരി പന്നലാകും. നെല്ല് വെന്ത് കഴിഞ്ഞാൽ തീ കെടുത്ത് പാത്രം അടച്ച് വയ്ക്കും. പിന്നീട് പാത്രത്തിലെ വെള്ളം ഊറ്റിക്കളഞ്ഞ് നെല്ല് പുഴുന്ങും. നെല്ലിന്റെ പാളി പൊട്ടുന്നത് നോക്കി പുഴുങ്ങലിന്റെ 'പുഴുക്കം'/വേവ് മനസിലാക്കാം. പുഴുങ്ങൽ ശരിയായില്ലങ്കിലും അരി മോശമാകും.  പുഴുങ്ങിക്കഴിഞ്ഞ നെല്ല് വെയിലത്ത് ഇട്ട് ശരിയായ രീതിയിൽ ഉണക്കി എടുക്കണം. ഈ ഉണക്കലിൽ ഉണക്കൽ കൂടിയാലും കുറഞ്ഞാലും കുഴപ്പം തന്നെയാണ്.

പുഴുങ്ങി ഉണങ്ങിയ നെല്ല് മില്ലിൽ എത്തിച്ച് കുത്തിച്ച് എടുക്കുന്നു.നെല്ല് കുത്തുമ്പോൾ അരിയോടൊപ്പം ഉമിയും തവിടൂം കിട്ടൂം. (തവിടും ഉമിയും വേറയും രി വേറയും ആണ് പുറത്തേക്ക് വരുന്നത്. തവിട് കന്നുകാലികൾക്ക് കാടിയിൽ കലക്കി കൊടുക്കാം. ഉമി അടുപ്പിൽ ഇട്ട് കത്തിക്കാനും ഉമുക്കിരി ഉണ്ടാക്കാനും ഉപയോഗിക്കുന്നു.).കുത്തികൊണ്ടുവന്ന അരി പാറ്റി അരിയിൽ നിന്ന് ഉമി മാറ്റി സൂക്ഷിക്കൂന്നു....

ഇങ്ങനെയാണ് നെല്ലിൽ നിന്ന് അരി ഉണ്ടാവുന്നത്....

യന്ത്രവത്ക്കരണം ആകുമ്പോൾ തൊഴിലാളിയുടെ ക്ഷാമം പരിഹരിക്കപ്പെടുമെങ്കിലും നെൽകൃഷിയിലെ 'റിസ്ക് ഫാക്ടർ' അതേപോലെ തന്നെ നിലനിൽക്കുന്നു

മാസങ്ങളോളം അനേകം ആളുകളുടെ പ്രയത്നവും കരുതലും കൊണ്ട് സൃഷ്ടിക്കപ്പെടൂന്ന അരിയാണ് ഒരു രൂപയ്ക്കും രണ്ടു രൂപയ്ക്കും വിതരണം ചെയ്യപ്പെടൂന്നത്....

ഇങ്ങനെ ഒരു രൂപയ്ക്കും രണ്ടു രൂപയ്ക്കും തങ്ങൾക്ക് ആവശ്യമുള്ള അരി ലഭിക്കൂം എന്നുണ്ടങ്കിൽ ആരാണ് നെൽകൃഷിക്കായി നഷ്ടം സഹിച്ച് തയ്യാറാകുന്നത്..??? കണ്ടത്തിലെ ചേറിലെയും കച്ചിയുടെ ചൊറിച്ചിലും സഹിച്ച് ആരാണ് നെൽകൃഷിക്കായും പണിക്കായും തയ്യാറാകുന്നത്.??... കൂലിയിലെ വർദ്ധന നെൽകർഷകനു ബാധ്യത ആകാതിരിക്കാൻ സർക്കാർ അവിടെയാണ് നടപടി സ്വീകരിക്കേണ്ടത്.. തൊഴിലാളികളെ ലഭ്യമാക്കാൻ സാധിക്കുന്നില്ലങ്കിൽ യന്ത്രങ്ങൾ ലഭ്യമാക്കണം. ഞാറു നടാനും കൊയ്യാനും മെതിക്കാനും യന്ത്രങ്ങള് ഉണ്ടങ്കിലും നെല്ലു വിതച്ച്  കൊയ്യുന്ന സമയം വരെയുള്ള ജോലികൾ ചെയ്യാൻ തൊഴിലാളികൾ തന്നെ വേണം.


ഒരു രൂപയ്ക്കും രണ്ട് രൂപയ്ക്കും അരി വാന്ങുമ്പോഴും അരിക്ക് വിലകൂടുന്നു എന്ന് വിലപിക്കൂമ്പോഴും പാടത്ത് നിന്ന് എങ്ങനെ നെല്ല് ഉല്പാദിപ്പിച്ച് അരി ഉണ്ടാക്കൂന്നു എന്ന് നമ്മൾ മറക്കാൻ പാടില്ല. അരി വിലക്ക് സബ്സിഡി നൽകുന്നതിനെക്കാൾ നല്ലത് നെൽകൃഷി പ്രോത്സാഹിപ്പിച്ച് നെൽ ഉല്പാദനം വർദ്ധിപ്പിക്കൂന്നതാണ്. എന്നാലേ നമുക്ക് ഭാവിയിൽ 'അരി ആഹാരം' കഴിച്ച് ജീവിക്കാൻ കഴിയൂ.

നെൽകൃഷി ഇടത്തിലേക്ക് ജലസേചനത്തിനുള്ള സൗകര്യവും ഏർപ്പെടുത്തണം.വർഷത്തിലെ രണ്ട് പ്രാവശ്യത്തെ നെൽകൃഷിക്ക് ശേഷം നെൽപ്പാടങ്ങൾ വെറുതെ ഇടാൻ മാത്രമേ കർഷകനു കഴിയാറുള്ളൂ. വെള്ളം ലഭിക്കുകയാണങ്കിൽ പച്ചക്കറിയോ നെൽകൃഷിയോ നടത്താൻ കഴിയും (പച്ചക്കറി കൃഷി ചെയ്യുകയാണങ്കിൽ തടം കോരണം. വീണ്ടും അവിടെ നെൽകൃഷി നടത്തണമെങ്കിൽ വളരെ പ്രയാസം ആകും.)...

അരിയുടെ വിലക്കയറ്റം നിയന്ത്രിക്കണമെങ്കിൽ ഉല്പാദനം കൂട്ടണം. കൃഷിഭവനുകളുടേ നേതൃത്വത്തിൽ അതിനു വേണ്ട ക്രമീകരണങ്ങൾ ചെയ്താൽ മതിയാകും. നെൽകൃഷി ചെയ്യാതെ കിടക്കുന്ന പാടങ്ങൾ കൃഷിഭവനുകൾ ഏറ്റെടുത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉള്ളവരുടെ സഹായത്തോടെ കൃഷി ഇറക്കി(റബർ തോട്ടത്തിലേയും വഴിവക്കിലേയും പോച്ച ചെത്തുന്നതിനെക്കാളും പ്രയോജനമാണ് നെൽകൃഷിക്കായി തൊഴിലുറപ്പ് പദ്ധതി ഉപയോഗിക്കുന്നത്) നെല്ല് ഉല്പാദിപ്പിക്കൂന്നത്. അയൽ കൂട്ടങ്ങളുടെ സഹായവും ഇതിനായി ഉപയോഗിക്കാവുന്നതാണ്. അങ്ങനെയെങ്കിലും നെൽ ഉല്പാദനം കൂട്ടാൻ കഴിഞ്ഞങ്കിൽ മാത്രമേ നമുക്ക് ഭാവിയിൽ സർക്കാർ വക പത്തുരൂപയ്ക്കെങ്കിലും അരി വാന്ങാൻ കഴിയൂ...

(പലതും ഓർമ്മയിൽ നിന്ന് എഴുതിയതുകൊണ്ട് പാകപ്പിഴകൾ ഉണ്ടാവാം)
 

3 comments:

ajith said...

പാകപ്പിഴകള്‍ ഒന്നും കണ്ടില്ല
നല്ല ലേഖനം
കൃഷി ലേഖനത്തില്‍ മാത്രമായിപ്പോകുമോ എന്ന് ഭയമാണ്. തറവാട്ടില്‍ ഇപ്പോഴും നെല്‍ക്കൃഷിയുണ്ട്. ബംഗാളികളാണ് ജോലിക്കാര്‍. വീട്ടിലേയ്ക്കുള്ളത് മാത്രം കൃഷിചെയ്തുണ്ടാക്കും

Pheonix said...

ശരിക്കും പഠിച്ചു തന്നെ എഴുതിയിട്ടുണ്ടല്ലോ..എന്നെപ്പോലുള്ളവര്‍ക്ക് കൂടുതല്‍ അറിയാനുമായി . നന്ദി മാഷെ, ഇനിയും ഇത്തരം സംരഭങ്ങള്‍ പോരട്ടെ.

Sreejesh said...

ഇത് പറഞ്ഞു കേട്ട അറിവോ പുസ്തകത്തില്‍ നിന്ന് കിട്ടിയ അറിവോ അല്ല എന്ന് തീര്‍ച്ച. ശരിയായ കര്‍ഷക വീക്ഷണത്തോടെ തന്നെ എഴുതിയിരിക്കുന്നു