Sunday, October 30, 2011

അരിയില്ലങ്കില്‍ എന്താ,വയറു നിറയ്ക്കാന്‍ നമുക്ക് ആവശ്യത്തിന് വിവാദങ്ങള്‍ ഉണ്ടല്ലോ

 ഇന്നത്തെ(30-10-11) മാതൃഭൂമിയിലെ വാര്‍ത്തയാണ് ഇതെഴുതാനുള്ള കാരണം.വാര്‍ത്ത താഴെ

എവിടെ നോക്കിയാലും വിവാദമാണ്. രാവിലെ ഒന്ന് ഉച്ചയ്ക്കൊന്ന് വൈകിട്ട് ഒന്ന്. ഓരോരോ ചാനലിന്റേയും വക ഓരോരോ വിവാദം. ഇന്ന് രാവിലെ വെക്കുന്ന ചോറ് പിറ്റേന്ന് രാവിലെ എടുത്ത് കളയുന്നതുപോലെയുള്ളൂ ചില വിവാദങ്ങള്‍. ഫ്രിഡ്ജില്‍ എടുത്ത് വെയ്ക്കൂന്ന ചോറ് ഇടയ്ക്കിടയ്ക്ക് എടൂത്ത് ചൂടാക്കൂന്നതുപോലെ ചില വിവാദങ്ങള്‍ ഇടയ്ക്കിടയ്ക്ക് എടുത്ത് ചൂടാക്കി നിലനിര്‍ത്തും. അവസാനം ആ വിവാദവും എടുത്ത് വെളിയില്‍ കളയും.

ഇനി ഒരു മൂന്നുമാസം കഴിയുമ്പോള്‍ അരിവില കിലോയ്ക്ക് മുപ്പത്തഞ്ച്-നാല്പതു രൂപ ആകുമ്പോള്‍ നമ്മുടെ എല്ലാ ടീംസുംകൂടെ ഇറങ്ങും. വിലക്കയറ്റത്തിനു പിന്നില്‍ ഭരണപക്ഷമെന്ന് പ്രതിപക്ഷം ആരോപിക്കും.ഭരണപക്ഷത്തിന്റെ സാമ്പത്തിക നയങ്ങളാണ് അരിക്ക് വില കൂടാന്‍ എന്ന് പ്രതിപക്ഷ സാമ്പത്തിക വിദഗദ്ധര്‍ ആരോപിക്കും .ഞങ്ങളെ പ്രതിപക്ഷം ഭരിക്കാന്‍ സമ്മതിക്കാത്തതുകൊണ്ടാണ് വില കൂടിയതെന്ന് ഭരണപക്ഷം പറയും. ആരാണ് വിലക്കയറ്റത്തിനു പിന്നില്‍ എന്നുള്ള ആരോപണപ്രത്യാരോപണത്തിനു പിന്നിലെ വിവാദങ്ങള്‍ ചാനലുകള്‍ നമുക്ക് വിളമ്പിത്തരം. ആ വിവാദങ്ങള്‍ കഴിച്ച് വയറു നിറയാത്തവര്‍ക്ക് വേണമെങ്കില്‍ മുപ്പത്തഞ്ചോ നാല്പതോ രൂപയക്ക് അരി വാങ്ങി കഞ്ഞി വെച്ച് കുടിക്കാം.

അരിയുടെ വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് ഉപവാസവും ധര്‍ണ്ണയും ഉപരോധവും വഴിതടയലും ഹര്‍ത്താലും സമരവും അവസാനം ഒരു പോലീസ് വെടിവയ്പും ഉണ്ടായേക്കും. അപ്പോഴും ആരാണ് വെടി വെച്ചത് ആരുടെ തോക്കിലെ ഉണ്ടയാണ് വെളിയിലേക്ക് തെറിച്ചത് എന്നൊക്കെയുള്ള പുതിയ വിവാദങ്ങള്‍ ഉണ്ടാകും. ആ വിവാദങ്ങള്‍ ലൈവ് ചര്‍ച്ചകളായും വിവിധ ടോക്ക് ഷോ(ക്ക്)കളായും ചാനലുകള്‍ നമുക്ക് വിളമ്പിത്തരം.ആ വിവാദങ്ങള്‍ കഴിച്ച് വയറു നിറയാത്തവര്‍ക്ക് വേണമെങ്കില്‍ മുപ്പത്തഞ്ചോ നാല്പതോ രൂപയക്ക് അരി വാങ്ങി കഞ്ഞി വെച്ച് കുടിക്കാം.

മൂന്ന് മാസം കഴിഞ്ഞ് നടത്താന്‍ വെച്ചിരിക്കുന്ന സമരത്തിന്റെ ഊര്‍ജ്ജം ഇന്നേ തരിശായി കിടക്കുന്ന നെല്‍പ്പാടങ്ങളില്‍ നിക്ഷേപിക്കരുതോ???

കൃഷി ഇല്ലാതെ ഒഴിഞ്ഞു കിടക്കൂന്ന നെല്‍പ്പാടങ്ങളില്‍ കൃഷി ഇറക്കാന്‍ പോകുന്നവരും ഒരു നിമിഷം ചിന്തിക്കും. നമ്മളെന്തിനാ ഇങ്ങനെ കിടന്ന് കഷ്ടപ്പെടുന്നത്!!! ഒരു രൂപയും രണ്ടു രൂപയും കൊടുത്താല്‍ ഒരു കിലോ അരി കിട്ടുമെങ്കില്‍ പിന്നെന്തിനാ നഷ്ടങ്ങളുടെ കണക്കുകള്‍ മാത്രം പലപ്പോഴും പറയുന്ന നെല്‍കൃഷി ചെയ്യുന്നത്. ഒന്നും ചെയ്യാതെ കൈയ്യടി മാത്രം വാങ്ങാന്‍ ആഗ്രഹിക്കുന്ന ഭരണപക്ഷം-പ്രതിപക്ഷം ഉള്ള ഒരു രാജ്യത്ത് ഇതിനപ്പുറത്തേക്ക് യാതൊന്നും പ്രതീക്ഷിക്കേണ്ട കാര്യവും ഇല്ല. കേരളം ഒരു പൂര്‍ണ്ണ ഉപഭോക്‍ത്ര സംസ്ഥാനം ആണന്ന് പറയുമ്പോള്‍ തന്നെ നിലവിലുള്ള സാഹചര്യങ്ങള്‍ പൂര്‍ണ്ണമായി ഉപയോഗിച്ചു കൊണ്ട് നമ്മുടെ സംസ്ഥാനത്തിന് എന്തുകൊണ്ട് ഭക്ഷ്യ ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്നില്ല??? അതിന് കാരണം തേടി എവിടേയും അലയേണ്ട കാര്യമില്ല. ഒരു വശത്ത് നെല്‍‌കൃഷി വര്‍ദ്ധിപ്പിക്കാന്‍ നടപിടി എടുക്കൂമ്പോള്‍ മറുവശത്ത് ഒരു രൂപയ്ക്കും രണ്ടു രൂപയ്ക്കും അരി വിതരണം ചെയ്യുന്നു. ഒരു രൂപയ്ക്കും രണ്ടു രൂപയ്ക്കും അരി ലഭിക്കുമ്പോള്‍ എപ്പോള്‍ വേണമെങ്കിലും നഷ്ടങ്ങള്‍ സംഭവിക്കാവുന്ന നെല്‍കൃഷിയിലേക്ക് ആളുകള്‍ എത്തുമെന്ന് കരുതാന്‍ ആവുമോ??? ഇങ്ങനെയുള്ള തെറ്റായ ‘കൈയ്യടി വാ‍ങ്ങല്‍’ പദ്ധതികള്‍ കൊണ്ട് ഇല്ലാതാകുന്നത് നമ്മുടെ സംസ്ഥാനത്തിന്റെ അടിക്കല്ല് തന്നെയാണ്.

ഉത്പാദനചിലവിന് ആനുപാതികമായ ഒരു വിലയെങ്കിലും നെല്ലിന് കര്‍ഷകര്‍ക്ക് ലഭിക്കണം. ഒരു കിലോ നെല്ലിന് കര്‍ഷകന് എട്ടു രൂപ ലഭിക്കുമ്പോള്‍ അതില്‍ നിന്ന് ഉത്പാദിപ്പിക്കൂന്ന അരി ഉപഭോക്താവിന് കിലോയ്ക്ക് രണ്ട് രൂപായ്ക്ക് കിട്ടുമ്പോള്‍ കര്‍ഷകന്‍ ആരായി? കര്‍ഷകന് കിട്ടാനുള്ളത് കിട്ടിയിട്ടുണ്ട് എന്ന് പറയാമെങ്കിലും ഉത്പാദനചിലവിന്റേയും വില്പന വിലയുടേയും അന്തരം കര്‍ഷകനെ സംബന്ധിച്ചിടത്തോളം അവനെ നെല്‍ കൃഷിയില്‍ നിന്ന് പിന്‍‌വലിയാന്‍ നിര്‍ബന്ധിതനാക്കൂന്ന പ്രധാനഘടകമാണ്.

ഭക്ഷ്യസാധനങ്ങള്‍ക്ക് വിലകൂടാനുള്ള കാരണം ഭക്ഷ്യസാധനങ്ങളുടെ ഉല്പാദനകുറവു തന്നെയാണ്. ഉല്പാദനം കുറയുമ്പോള്‍ വില കൂടും. സാധങ്ങള്‍ക്ക് വില കൂടൂന്നതിന് കാരണം ആളുകള്‍ കൂടുതല്‍ സാധനങ്ങള്‍ വാ‍ങ്ങികഴിക്കുന്നതുകൊണ്ടാണന്ന് ഭക്ഷ്യമന്ത്രി തന്നെ പറയുമ്പോള്‍ ആ മനുഷ്യന്റെ വിവരക്കേട് എന്തുമാത്രമാണന്ന് ജനങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിക്കും. അരിക്ക് വില കൂടുമ്പോള്‍ അരിആഹാരങ്ങള്‍ക്ക് പകരം കോഴിയും പാലും ആഹാരത്തില്‍ ഉള്‍പ്പെടുത്താല്‍ ഉപദേശിക്കുന്നവരും നമ്മുടെ നാട്ടില്‍ ഉണ്ട്. വിലക്കയറ്റം ഉണ്ടാകുമ്പോള്‍ ആരോപണപ്രത്യാരോപണങ്ങള്‍ക്ക് ഒരു കുറവും ഇല്ലാത്ത നാടാണ് നമ്മുടേത്.

നമ്മുടെ തൊഴില്‍‌ഉറപ്പ് പദ്ധതികളില്‍ ഉള്‍പ്പെടൂത്തി നമ്മുടെ സര്‍ക്കാരിന് തന്നെ ഭക്ഷ്യ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും.ഇപ്പോള്‍ നമ്മുടെ ഒട്ടുമിക്ക പഞ്ചായത്തുകളിലും  തൊഴില്‍ ഉറപ്പ് പദ്ധതി എന്ന് പറയുന്നത് വര്‍ഷം തോറും നടത്തുന്ന റോഡിന്റെ വശങ്ങളിലെ പുല്ല് ചെത്തിക്കളയുകയും കാനകോരുകയും ചെയ്യുന്നതാണ്. ഒരു മഴ കഴിയുമ്പോള്‍ കാന നികരും. എന്തുകൊണ്ട് തൊഴില്‍‌ഉറപ്പ് പദ്ധതിയില്‍ കൂടി ഉറപ്പാക്കൂന്ന തൊഴില്‍ ദിനങ്ങള്‍ തരിശായി കിടക്കുന്ന നെല്‍പ്പാടങ്ങളില്‍ കൃഷി ഇറക്കാന്‍ വേണ്ടി ഉപയോഗിച്ചു കൂടാ? ചില അയല്‍‌ക്കൂട്ടങ്ങള്‍ പാട്ടത്തിനെടൂത്ത് നെല്‍കൃഷി നടത്തുന്നുണ്ട്.(കൃഷി വന്‍ നഷ്ടമായി കൃഷി നിര്‍ത്തിയവരും ഉണ്ട്) ആ മാതൃക പഞ്ചായത്തുകള്‍ ഏറ്റെടുക്കണം. കൃഷി വകുപ്പ് എന്നൊരു വകുപ്പും അതില്‍ ജോലിക്കാരും നമ്മുടെ നാട്ടില്‍ ഉണ്ട്. അവര്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ പഞ്ചായത്തുകള്‍ക്ക് നല്‍കട്ടെ. തരിശ് കിടക്കൂന്ന നെല്‍പ്പാടങ്ങള്‍ ഏറ്റെടുത്തോ പാട്ടത്തിനെടൂത്തോ അയല്‍ക്കൂട്ടങ്ങളെ(കുടുംബശ്രി) ഏല്‍പ്പിച്ച് തൊഴില്‍‌ഉറപ്പ് പദ്ധതി പ്രകാരം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടീച്ച് കൃഷിപ്പണികള്‍ ചെയ്യാന്‍ സാധിക്കണം(ഒട്ടുമിക്കയിടത്തും അയല്‍ക്കൂട്ടങ്ങളില്‍ ഉള്ളവര്‍ തന്നെയാണ് തൊഴില്‍ ഉറപ്പ് പദ്ധതിയിലും ഉള്ളത്).

സംഘടനകള്‍ക്ക് യാതൊരു കുറവും ഇല്ലാത്ത നാടാണ് നമ്മുടേത്. രണ്ട് പേര്‍മാത്രം തൊഴിലെടുക്കുന്ന ഒരു തൊഴില്‍‌മേഖലയില്‍ മാത്രം അവരെ ‘സംരക്ഷിക്കാന്‍‘ നാലു സംഘടനകളും എട്ടു നേതാക്കളും കാണും. ഈ സംഘടനകള്‍ക്ക് രാഷ്ട്രീയ പിന്തുണയും ഉണ്ടാവും. അയല്‍ക്കൂട്ടം-കുടുംബശ്രിയ്ക്ക് പകരം ജനശ്രി ഉയര്‍ത്തിക്കൊണ്ടുവരാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത് (ശ്രമിച്ചത്) നമ്മള്‍ കാണുന്നുണ്ട്.(കുടുംബശ്രിയ്ക്ക് എതിരല്ല ജനശ്രി എന്ന് കോണ്‍ഗ്രസ് പറയുന്നുണ്ടങ്കിലും). സംഘടനകള്‍ക്ക് ഒരു ക്ഷാമവും ഇല്ല. അവകാശങ്ങള്‍ നേടിയെടുക്കാനും പ്രതിഷേധ സമരങ്ങള്‍ നടത്താനും മാത്രമാകരുത് സംഘടനകള്‍. രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ സംഘടനകള്‍ക്ക് സാധിക്കണം. വിലക്കയറ്റത്തിനെതിരെ പോരാട്ടം നടത്തുന്ന സംഘടനകള്‍ക്ക് ഭക്ഷ്യ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനുള്ള ചുമതല കൂടി ഉണ്ട്. (പെട്രോള്‍ വില വര്‍ദ്ധനയ്ക്കെതിരേ പോരാടൂന്ന സംഘടനകള്‍ക്ക് പെട്രോള്‍ ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ കഴിയുമോ എന്നുള്ള ചോദ്യം പ്രതീക്ഷിക്കുന്നു.). തങ്ങളുടെ മുന്നിലെ നെല്‍പ്പാടങ്ങള്‍ തരിശായി കിടക്കുമ്പോള്‍ അരിവില വര്‍ദ്ധനവിന് എതിരെ സമരം നടത്തുന്ന ആളുകള്‍ക്ക് ആ ഊര്‍ജ്ജം എന്തുകൊണ്ട് ആ തരിശ് നെല്‍പ്പാടങ്ങളില്‍ കൃഷി ചെയ്യാന്‍ ഉപയോഗിക്കാന്‍ പറ്റുന്നില്ല???

ഉപഭോക്‍തൃ സംസ്ഥാനമായ കേരളത്തിന് ഭക്ഷ്യവിലക്കയറ്റത്തിന് എതിരായ സമരങ്ങള്‍ അല്ല ആവശ്യം. വിലക്കയറ്റം ഇല്ലാതാക്കാനുള്ള ഭക്ഷ്യ ഉത്പാദന വര്‍ദ്ധനവാണ് ആവശ്യം. അതിന് നമ്മുടെ സര്‍ക്കാരാണ് നടപടികള്‍ എടുക്കേണ്ടത്. അത്തരം നടപടികള്‍ എടുക്കുമ്പോള്‍ പ്രതിപക്ഷവും അതില്‍ ഭാഗമാവണം. ഭരണ-പ്രതിപക്ഷ യുവജനസംഘടനകള്‍ക്ക് ഭക്ഷ്യസുരക്ഷയില്‍ ഒരു വലിയ മാറ്റം വരുത്താന്‍ കഴിയും. അതിനവര്‍ നിരത്തിലെ പ്രതിഷേധസമരങ്ങളില്‍ നിന്ന് പാടങ്ങളിലേക്ക് ഇറങ്ങണം എന്നുമാത്രം. ചെയ്യാന്‍ കഴിയുന്നത് ചെയ്യാന്‍ സാധിക്കുന്നില്ലങ്കില്‍ പതിവുപോലെ നമുക്ക് വിവാദങ്ങള്‍ തിളയ്ക്കുന്നതും കാത്ത് കഞ്ഞിക്കലത്തിനു മുന്നില്‍ നില്‍ക്കാം.

No comments: