Saturday, September 17, 2011

കൂടംകുളത്ത് ഉപവാസസമരം നടക്കുന്നുണ്ടോ?

കൂടംകുളത്ത് ഉപവാസസമരം നടക്കുന്നുണ്ടോ? എന്നൊരു ചോദ്യം ചോദിച്ചാല്‍ ഏത് കൂടംകുളം, എന്ത് ഉപവാസം, എന്തിനാ ഉപവാസം എന്നുതുടങ്ങി കുറേ ചോദ്യങ്ങള്‍ തിരിച്ച് കേള്‍ക്കേണ്ടി വരും. തങ്ങളുടെ അതിജീവനത്തിനുവേണ്ടി ഒരുപറ്റം ആള്‍ക്കാര്‍ നടത്തുന്ന ഉപവാസസമരം കൂടംകുളം എന്ന സ്ഥലത്ത് നടക്കുന്നുണ്ട്. പക്ഷേ നമ്മളേ ബാധിക്കുന്ന ഒരു കാര്യമല്ലാത്തതുകൊണ്ട് നമുക്കത് അറിയേണ്ട കാര്യമില്ലന്ന് വേണമെങ്കില്‍ പറയാം. അണ്ണാഹസാര നടത്തുന്ന സമരങ്ങള്‍ മാത്രമേ നമുക്ക് വേണ്ടിയുള്ളതായിട്ടൂള്ളൂ എന്ന് നമുക്ക് തോന്നുന്നുണ്ടാവാം. ലോകപാല്‍ ബില്‍ എന്നൊരു സംഗതിക്കുവേണ്ടി അണ്ണാഹസാര നടത്തിയ ഉപവാസ സമരത്തിന് തൊപ്പി വെച്ചും ടിഷര്‍ട്ട് ഇട്ടും മെഴുകുതിരി കത്തിച്ചും പ്രകടനം നടത്തിയും സോഷ്യല്‍ നെറ്റ്‌വര്‍ക്കിംങ്ങ് സൈറ്റുകളില്‍ ചര്‍ച്ച  നടത്തിയും അഴിമതിവിരുദ്ധ കുരിശുയുദ്ധം പ്രഖ്യാപിച്ച ഒരാളെങ്കിലും കൂടംകുളത്തെ സമരക്കാര്‍ക്ക് വേണ്ടി ഒരു മെഴുകുതിരി എങ്കിലും കത്തിച്ചുവോ??? പോട്ടെ കൂടംകുളത്തെ ഉപവാസ സമരം എന്തിനാണന്ന് എങ്കിലും അന്വേഷിച്ചോ??? അണ്ണാഹസാരെ ഉപവസിക്കാന്‍ വരുന്നു.ഇപ്പ്ം വരം, ദോ വണ്ടിയേന്ന് ഇറങ്ങി, വണ്ടിയേലോട്ട് ഓടീക്കയറി, സമരപ്പന്തലില്‍ കയറി, അണ്ണായുടെ ഭാരം ഒരു കിലോ കുറഞ്ഞു എന്നിങ്ങനെ മിനിട്ടിന് മിനിട്ടിന് ലൈവ് വാര്‍ത്തകളായി ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച മാധ്യമങ്ങളില്‍ നൂറ്റിഇരുപതോളം ആളുകള്‍(കൃത്യമായി പറഞ്ഞാല്‍ 127 ആളുകള്‍) ഉപവാസം കിടക്കുന്നത് ഒരു ചെറിയ വാര്‍ത്ത മാത്രമാണ്. കാരണം കൂടംകുളത്ത് ഉപവാസം കിടക്കുന്നവര്‍ക്ക് മീഡിയാകണ്‍‌സല്‍ട്ടുമാരും, സമരം സ്പോണ്‍സര്‍ചെയ്യാന്‍ മാധ്യമങ്ങളും, മാധ്യമങ്ങള്‍ക്ക് എല്ലാ സൌകര്യവും ഒരുക്കികൊടുക്കാന്‍ മീഡിയാമാനേജര്‍മാരും ഇല്ല. അന്നന്നത്തെ അന്നം തേടി കടലില്‍ പോയി അന്നം തേടുന്ന മത്സ്യത്തൊഴിലാളിചത്താലെന്ത് കിടന്നാലെന്ത്???

കൂടംകുളം. 
തമിഴ്‌നാട്ടിലെ തിരു‌നെല്‍‌വേലി ജില്ലയിലെ ഒരു ഗ്രാമം ആണ് കൂടംകുളം. കന്യാകുമാരിയില്‍ നിന്ന് 25 കിലോമീറ്ററും നാഗര്‍കോവിലില്‍ നിന്ന് 35 കിലോമീറ്ററും ദൂരത്തുള്ള തീരദേശ പ്രദേശമാണ് റഷ്യന്‍(സോവിയറ്റ് യൂണിയന്‍) സഹായത്തോടെ കൂടംകുളത്ത് ആണവ വൈദ്യുതിനിലയം സ്ഥാപിക്കാന്‍ 1988 നവംബര്‍ 20 ന് രാജീവ്‌ഗാന്ധിയും ഗോര്‍ബച്ചേവും ഉടമ്പടിയില്‍ ഒപ്പിടന്നതോടുകൂടിയാണ് കൂടംകുളം എന്ന ഗ്രാമം ലോകശ്രദ്ധയില്‍ പെടുന്നത്. 1000 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാന്‍ തക്കവണ്ണമുള്ള രണ്ട് യൂണിറ്റുകള്‍(ആണവറിയാകറ്ററുകള്‍) ആണ് ഇവിടെ സ്ഥാപിക്കുന്നത്. അതിലെ ആദ്യയൂണിറ്റിന്റെ പ്രവര്‍ത്തനം ആണ് ഒക്‍ടോബറില്‍ തുടങ്ങുന്നത്. രണ്ടാമത്തെ യൂണിറ്റ് 2012 ജൂണിലും പ്രവര്‍ത്തനം തുടങ്ങും. Nuclear Power Corporation of India Limited (NPCIL) ന്റെ മേല്‍‌നോട്ടത്തിലാണ് Kudankulam Nuclear Power Project (KKNPP) ന്റെ പ്രവര്‍ത്തനം



കൂടംകുളം ഉപവാസസമരം
ജപ്പാനിലെ ഫുകുഷിമ ആണവദുരന്തം ഒരു പേടി‌സ്വപ്നമായി മാറുന്നത് ജപ്പാന്‍ ജനതയ്ക്ക് മാത്രമല്ല ഇങ്ങ് ഭാരതത്തിന്റെ തെക്കുള്ള കൂടംകുളം നിവാസികള്‍ക്ക് കൂടിയാണ്. എല്ലാ സുരക്ഷയും ഉണ്ട് എന്ന് കരുതിയിരുന്ന ഫുകിഷിമ റിയാകടറിന് സുനാമിയില്‍ സംഭവിച്ച ദുരന്തം ലോകത്തെ മുഴുവന്‍ ആണവറിയാകടറുകളെകുറിച്ചുള്ള ഒരു വീണ്ടുവിചാരത്തിന് പ്രേരിപ്പിച്ചു. പല രാജ്യങ്ങളും തങ്ങളുടെ ആണവപദ്ധതികള്‍ തത്ക്കാലത്തേക്കെങ്ങിലും നിര്‍ത്തിവയക്കുകയും പുതിയവയക്കുള്ള തീരുമാനം ഉപേക്ഷിക്കുകയും ചെയ്തു. ഫുകുഷിമ ആണവദുരന്തത്തിന്റെ ഓര്‍മ്മപ്പെടുത്തലുകള്‍ മുമ്പില്‍ ഉള്ളതുകൊണ്ടായിരിക്കണം കൂടം‌കുളത്തെ ജനങ്ങള്‍ സമരമാര്‍ഗ്ഗം തീരുമാനിച്ചത്. എല്ലാ സുരക്ഷയും ഒരുക്കിയിട്ടുണ്ടന്ന് അധികാരികള്‍ അവകാശപ്പെടുന്നുണ്ടങ്കിലും അത് ജനങ്ങളുടെ ഭയം ദൂരികരിക്കാന്‍ പര്യാപ്‌തമാകുന്നില്ല. ലക്ഷക്കണക്കിന് ആളുകളേയാണ് ഫുകുഷിമ ആണവദുരന്തത്തിന് ശേഷം മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നത്. ആയിരക്കണക്കിന് കിലോമീറ്റര്‍ ദൂരംവരെ ഫുകുഷിമയില്‍ നിന്നുള്ള ആണവ വിവകരണങ്ങള്‍ എത്തിച്ചേരുകയും ചെയ്തു. ഈ ദുരന്തത്തിനു ശേഷം പ്രവര്‍ത്തനം തുടങ്ങുന്ന ആദ്യ ആണവപ്ലാന്റാണ് കൂടംകുളം. ഈ ആണവനിലയം ഭൂകമ്പബാധിതപ്രദേശത്ത് അല്ലന്നും സുനാമിയും മറ്റ് പ്രകൃതിദുരന്തങ്ങളും അതിജീവിക്കാനുള്ള സുരക്ഷ റിയാക്‍ടറിന് ഒരുക്കിയിട്ടുണ്ട് എന്ന് ജയലളിതയും ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും പറയുന്നുണ്ടങ്കിലും ജനങ്ങള്‍ അത് വിശ്വസിക്കുന്നില്ല. ഭൂകമ്പത്തെ അതിജീവിക്കാന്‍ പറ്റിയ കെട്ടിടങ്ങള്‍ ഉണ്ടാക്കി പരിചയമുള്ള ജപ്പാനില്‍ ഫുകുഷിമ ആണവനിലയത്തെ സുനാമി തകര്‍ത്ത വര്‍ത്തമാനസംഭവം കണ്‍‌മുന്നില്‍ ഉള്ളപ്പോള്‍ ജനങ്ങള്‍ ഭയപ്പെടും.

ഓഗസ്റ്റ് പതിനഞ്ചിനു ചെറിയ രീതിയില്‍ തുടങ്ങിയ പ്രതിഷേധ സമരം ഇപ്പോള്‍ ഒരു ഗ്രാമം മുഴുവന്‍ ഏറ്റെടുത്തുകഴിഞ്ഞു. ആരുടേയും നിര്‍ബന്ധം ഇല്ലാതെ തൊഴില്‍ ഉപേക്ഷിച്ചും പഠനം മുടക്കിയും ജനങ്ങള്‍ പ്രതിഷേധ സമരത്തില്‍ പങ്കെടുക്കുന്നു.കൂടംകുളത്ത് നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള ഇനിന്തക്കരയില്‍ ആണ് ഉപവാസമരം. ഇരുപന്തഞ്ച് സ്ത്രികള്‍ ഉള്‍പ്പെടെ 127 ആളുകള്‍ നടത്തുന്ന ഉപവാസസമരത്തിന് എന്തുകൊണ്ട് നമ്മുടെ മാധ്യമങ്ങള്‍ ആവശ്യമായ പരിഗണന നല്‍കുന്നില്ല?

കൂടംകുളവും കേരളത്തിലെ സമരവും
കൂടംകുളത്ത് ഉല്പാദിപ്പിക്കുന്ന 2000 മെഗാവാട്ട് വൈദ്യുതിയില്‍ 266 മെഗാവാട്ട് വൈദ്യുതി കേരളത്തിന് ലഭിക്കും.കൂടംകുളം എന്ന പേര് ഉളപ്പെട്ട സമരം നമ്മുടെ കേരളത്തിലും നടന്നിരുന്നു. പക്ഷേ കൂടംകുളം ആണവവൈദ്യുതി നിലയിത്തിനെതിരെ ആയിരുന്നില്ല സമരം .കൂടംകുളം-മാടക്കത്തറ (തൃശൂരിലെ 400 കെവി സബ്‌സ്റ്റേഷന്‍)  400 കെവി വൈദ്യുതി ലൈനിന് (210 കിലോമീറ്റര്‍) എതിരെ ആയിരുന്നു കേരളത്തിലും സമരം എന്നുമാത്രം !!! ലൈന്‍ വലിക്കുന്നത് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിയും അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും ആവിശ്യപ്പെട്ടായിരുന്നു കേരളത്തിലെ കൂടംകുളം സമരം. കൊല്ലം,പത്തനംതിട്ട , കോട്ടയം , എറണാകുളം ജില്ലകളിലായിരുന്നു ഈ സമരം. (ഈ സമരം ഇപ്പോള്‍ ഒരു തീര്‍പ്പായികഴിഞ്ഞന്ന് തോന്നുന്നു)

ചില ഉപവാസങ്ങള്‍മാത്രം നമുക്ക് മതി
മണിപ്പൂരിലെ പട്ടാളനിയമത്തിനെതിരെ സമരം ചെയ്യുന്ന ഇറോം ഷര്‍മ്മിളയും കൂടംകുളം ആണവപദ്ധതിക്കെതിരെ സമരം ചെയ്യുന്ന ജനങ്ങളും നമുക്ക് വെറും സമരക്കാര്‍ മാത്രമാണ്. മണിപ്പൂരിലെ പട്ടാളഭരണ ഭീകരക്കെതിരെ ഉപവാസം കിടക്കുന്ന ഇറോം ഷര്‍മ്മിളയുടെ ചിത്രവും,  ‘Indian army, come and Rape us‘ എന്ന് നിലവിളിച്ചുകൊണ്ട് വിവസ്ത്രരായി സമരം ചെയ്ത സ്ത്രികളുടെ ചിത്രവും; ആണവനിലയത്തിനെന്തിരെ ഉപവാസം അനുഷ്ഠിക്കുന്ന ജനങ്ങളുടെ ചിത്രവും നമുക്ക് വെറും ചിത്രങ്ങളാണ്. എന്നാലോ അണ്ണാഹസാരയുടെ ഉപവാസ ചിത്രം നമ്മുടെ സിരകളിലെ ചോരത്തിളപ്പിക്കും. കാരണം നമുക്ക് ആഘോഷിക്കാന്‍ അഴിമതി വിരുദ്ധസമരങ്ങളും ജനലോക്‍പാല്‍ബില്‍ ഉപവാസങ്ങളും മാത്രം മതിയല്ലോ??

കൂടംകുളം അറ്റോമിക് പവര്‍ പ്രൊജക്റ്റ് വിവരം അറിയാന്‍ ക്ലിക്കുക

സമരത്തിന്റെ വീഡിയോ



1 comment:

ജഗദീശ്.എസ്സ് said...

ജര്‍മ്മനിയും, ജപ്പാനും ഉപേക്ഷിച്ച സാങ്കേതിക വിദ്യയാണ് നമ്മുടെ തലയില്‍ വെക്കാന്‍ അധികാരികളും മാധ്യമങ്ങളും ശ്രമിക്കുന്നത്.
ആണവോര്‍ജ്ജത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇവിടെയുണ്ട്.