Wednesday, September 7, 2011

മാവേലിയുടെ കിരീടം അഥവാ തൊപ്പി ചിന്തകള്‍

പാതാളത്തില്‍ ആകെ ബഹളം ആണ്. രണ്ടു ദിവസം കഴിഞ്ഞിട്ട് മാവേലിക്ക് കേരളത്തില്‍ പ്രജകളെ കാണാന്‍ പോകാനുള്ളതാ. ഇതുവരെ അതിനൊരു പ്രോഗ്രാം തയ്യാറാക്കാന്‍ മാവേലിക്ക് പറ്റിയിട്ടില്ല. മാവേലിയെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഈ വര്‍ഷം കേരളത്തില്‍ ഓണപരിപാടികളെക്കാള്‍ കൂടുതല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ന്‍ഊറാം ദിവസപരിപാടികള്‍ ആണത്രെ!!! സര്‍ക്കാര്‍ കെട്ടിടത്തിന്റെ മതിലിന് വെള്ള അടിക്കുന്നതുവരെ നൂറാം ദിവസ പരിപാടിയാണാന്ന് പറഞ്ഞ് കണ്ട പത്രങ്ങളിലെല്ലാം ഫുള്‍‌പേജ് പരസ്യങ്ങളാ. ഈ ഓണക്കാലത്ത് ഇത്തരം പരിപാടികള്‍ ജനങ്ങളേ ഇതു ഒരുമാതിരി ഊ..ഊ.. ഊ.. ഊഞ്ഞാലാട്ടിക്കുന്ന പരിപാടിയായിപ്പോയി എന്ന് പാതാളവാസികള്‍ക്ക് അഭിപ്രായം ഉണ്ടങ്കിലും ഇപ്പോള്‍ രാജഭരണം അല്ലാത്തതുകൊണ്ടും രാജാവെന്നോ രാജാ‍ാശ്രിതനന്നോ പറഞ്ഞാല്‍ തെറിവിളി പാഴ്‌സലായി മൈക്ക് വഴി ചാനല്‍ കൈവശം കൊടുത്തുവിടും എന്നുള്ളതുകൊണ്ട് മിണ്ടാതിരിക്കുന്നതാ നല്ലത്. അല്ല ജനങ്ങള്‍ക്ക് ആവിശ്യമുള്ളത് ചെയ്ത് കൊടുക്കാനല്ലേ ജനങ്ങള്‍ അഞ്ചുവര്‍ഷം അഞ്ചുവര്‍‌ഷം കൂടുമ്പോള്‍ കുറേപ്പേരെ തിരഞ്ഞേടുക്കുന്നത്? .സര്‍ക്കാരിനെ എന്തിന് കുറ്റം പറയണം. ടൂറിസം വകുപ്പ് എന്നൊരു വകുപ്പ് ആ മലയാള കേരളത്തില്‍ പണ്ട് ഉണ്ടായിരുന്നു. (ഇപ്പോള്‍ ഉണ്ടങ്കിലും അത് പണ്ടത്തേതിണ്ടേയും അത്രയും വരില്ലല്ലോ?). ആ വകുപ്പ് കുറേക്കാലം മുമ്പ് വരേയും ഒരാഴ്ച ഓണംവാരാഘോഷം-ടൂറിസം വാരാഘോഷം എന്നൊക്കെ പറഞ്ഞ് കേരളത്തിന്റേ തെക്ക് തൊട്ട് വടക്കു വരെ ഭയങ്കര പരിപാടികള്‍ ആയിരുന്നു. കൊല്ലംകാരന്‍ പ്രസിഡണ്ടിനെ കൊണ്ടുവരുന്നതുപോലെ ആ വകുപ്പ് ആയിരുന്നു കേരളത്തിലേക്ക് മാവേലിയെ കൊണ്ടു പോകുന്നതും കൊണ്ടുവരുന്നതും ചെയ്തിരുന്നത്. പ്രസിഡണ്ടിനെ വള്ളംകളി കാണിക്കുന്നതുപോലെ ടൂറിസം വകുപ്പ് മാവേലിയെ കൊണ്ട് നടന്ന് പുലികളിയും തുമ്പിതുള്ളലും ഒക്കേ കാണിപ്പിച്ച് ഗസ്റ്റ്‌ഹൌസില്‍ താമസിപ്പിച്ച് , അടുത്ത വര്‍ഷവും വരണേ എന്ന് പറഞ്ഞ് തിരിച്ചയിക്കുമായിരുന്നു. ഇപ്പോള്‍ ടൂറിസം വകുപ്പിന് ഗ്രാന്റ്‌ഷോപ്പിംങ്ങ് ഫെസ്റ്റിവെല്ലിനോടാണത്രെ താ‌ത്പര്യം. അല്ലങ്കില്‍ തന്നെ രണ്ട് തുട്ട് അധികത്തില്‍ കിലുങ്ങുന്ന പരിപാടിക്കല്ലാതെ ആരെങ്കിലും ഇക്കാലത്ത് ഇറങ്ങിത്തിരിക്കുമോ? അല്ല ഇതൊക്കെ ആരോട് പറയാന്‍ !!!!!

കേരളം കേരളത്തിന്റെ ദേശീയ ഉത്സവം ആണന്നായിരുന്നു പണ്ട് പിള്ളാരെല്ലാം രചന എഴുതി പഠിച്ചിരുന്നത്. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംങ്ങ് സൈറ്റുകള്‍ വന്നതോടുകൂടി കേരളത്തിന് എന്ത് ദേശീയ ഉത്സവം , എന്ത് രാജ്യഭരണം!!! മഹാബലിയെ ചവിട്ടിതാഴ്ത്തിയത് വാമനന്‍ ആയതുകൊണ്ട് അതു ഹിന്ദുക്കള്‍ മാത്രം ആഘോഷിച്ചാ മതിയന്ന് ചില സോഷ്യല്‍‌നെറ്റ്വര്‍ക്കിംങ്ങ് ബുദ്ധിജീവികള്‍ പറയുന്നത്. ഹോ!ലവന്മാരെ സമ്മതിക്കണം. പരശുരാമന്‍ മഴു എറിഞ്ഞ് കേരളത്തെ ഉയര്‍ത്തിയന്ന് പറഞ്ഞ് ആ ബുദ്ധിജീവി ടീമുകളേല്ലാം കൂടി തമിഴ്നാട്ടിലെങ്ങാണം കുടിയേറിയെങ്കില്‍ തമിഴ്‌നാട്ടുകാരുടെ പൊങ്കലിന് ഒരു തീരുമാനം ആയേനെ. ഈ മഹാബലിയെ ഏതെങ്കിലും തോമായോ, സൈനുദ്ദീനോ ചവിട്ടിതാഴ്ത്തിയായിരുന്നെങ്കില്‍ ഇത്രയ്ക്ക് പുകിലെന്തെങ്കിലും ഉണ്ടാവുമായിരുന്നോ? അല്ലങ്കില്‍ തന്നെ ഇപ്പോള്‍ ഭൂലോകത്തിന്റെ സ്പന്ദനം സോഷ്യല്‍ നെറ്റ്‌വര്‍ക്കിംങ്ങ് സൈറ്റുകളില്‍ ആണല്ലോ!!! അല്ല ഇതൊക്കെ ആരോട് പറയാന്‍ !!!!!

മഹാബലിക്കാണങ്കില്‍ ഇപ്പോള്‍ ഒന്നിനും ഒരു പഴയ പ്രസരിപ്പ് ഇല്ല. ആര്‍ക്കോ വേണ്ടി കേരളത്തില്‍ പോകുന്നതുപോലെയാണ് കുറേ വര്‍ഷങ്ങളായി പോക്ക്. വാമനന്‍ ചവിട്ടി താഴ്‌ത്തിയപ്പോള്‍ ഞാന്‍ എല്ലാവര്‍ഷവും വന്ന് എന്റെ പ്രജകളെ കണ്ടോട്ടേ എന്ന് അനുവാദം ചോദിച്ച പുള്ളിക്കാരനാ. എന്നിട്ടിപ്പോ പോകണോ വേണ്ടായോ എന്നുള്ള ചിന്തിയില്‍ പാതാള കൊട്ടാരത്തിലെ കൊരണ്ടിയില്‍ കുത്തിയിരുന്ന് ചിന്തിക്കുകയാണ്. സ്വര്‍ണ്ണസിംഹാസത്തില്‍ ഇരുന്ന് വിശാലമായി ചിന്തിച്ചിരുന്ന മഹാബലി ഇപ്പോള്‍ ചിന്തിക്കാന്‍ ഇരിക്കുന്നത് തടി കൊരണ്ടിയില്‍. സാമ്പത്തിക പ്രതിസന്ധിവന്നാല്‍ ഒബാമവരെ തറയില്‍ പാ വിരിച്ച് കിടക്കുന്ന കാലത്ത് മഹാബലി കൊരണ്ടിയില്‍ ഇരുന്നാല്‍ അത് വാര്‍ത്ത് ആവത്തില്ലല്ലോ? അല്ലങ്കില്‍ തന്നെ പത്രക്കാര്‍ക്കും ചാനലുകാര്‍ക്കും പെണ്ണുപിടിയും പെണ്വാണിഭവും അതിരുമാന്തലും ആണല്ലോ വാര്‍ത്താപ്രാധാന്യമുള്ള വിഷയങ്ങള്‍. ചുമ്മാ ഇരുന്ന് തളേന്ന് കുടിഞ്ഞ കഞ്ഞി അയവിറക്കി വെറുതെ ഓരോന്നോരോന്ന് ചിന്തിച്ചു കൊണ്ടിരിക്കുമ്പോഴാണ് പാതാളത്തിന്റെ പി‌ആര്‍‌ഒ കം അഡ്‌മിനിസ്‌ട്രേഷന്‍ കം നാവിഗേറ്റര്‍ ആയ മാവേലിയുടെ ബോഡിഗാര്‍ഡ് മാവേലിയുടെ മുന്നില്‍ എത്തിയത്.

“മഹാബലി തിരുമനസ്സേ, ഇങ്ങനെ വെറുതെ ഇരുന്ന് ചിന്തിച്ച് ചിന്തിച്ച് സമയം കളയാതെ എഴുന്നേറ്റ് ഒരുങ്ങി കേരളത്തില്‍ പോകാന്‍ നോക്ക്. നാളെ കഴിഞ്ഞ് തിരു‌വോണമാ.. അല്ല അങ്ങെന്താണ് ഇങ്ങനെ ചിന്തിക്കുന്നത്?” ബോഡി ഗാര്‍ഡ് ചോദിച്ചു.

“എടേ, ഞാനിനി കേരളത്തില്‍ ചെന്നാല്‍ എന്നെ നാട്ടുകാര്‍ കണ്ടാല്‍ തിരിച്ചറിയുമോ എന്ന് സംശയമാ എനിക്ക്?” മാവേലി പറഞ്ഞു.

“ഇപ്പോള്‍ ഇങ്ങനെ ഒരു സംശയം തോന്നാന്‍ കാരണം എന്താ തിരുമേനി?”

മാവേലി കുറേ പത്രങ്ങള്‍ എടുത്ത് ബോഡിഗാര്‍ഡിന്റെ മുന്നിലേക്കിട്ടു.
“നീ ഈ പത്രങ്ങളൊക്കെ ഒന്നു നോക്കിക്കേ, എല്ലാ പരസ്യത്തിലും മാവേലിയുണ്ട്. സ്വര്‍ണ്ണപരസ്യത്തിലേയും ടിവി പരസ്യത്തിലേയും ഫ്രിഡ്ജപരസ്യത്തിളേയും മൊബൈല്‍ ഫോണ്‍ പരസ്യത്തിലും എന്തിന് ഉപ്പുതൊട്ട് കര്‍പ്പൂരം വരെയുള്ള എല്ലാ പരസ്യത്തിലും മാവേലിയുണ്ട്. എല്ലാ മാവേലിയും ഒന്നിനൊന്ന് വെത്യാസം. എല്ലാ മാവേലിയും തമ്മില്‍ കുടവയറിലും മീശയിലും മാത്രമുണ്ട് സാമ്യം.ഇതൊക്കെ കാണുമ്പോള്‍ എനിക്ക് തന്നെ സംശയമാ. ആരാ ശരിക്കും ഉള്ള മാവേലിയെന്ന്” മാവേലി പറഞ്ഞു.

“അതു തിരുമേനി, ഏതോ പടം വരപ്പുകാരന്‍ ഏതോ പോലീസുകാരനെ അങ്ങയുടെ മേക്കപ്പിടീച്ചിട്ട് നോക്കി വരച്ചതുകൊണ്ടായിരിക്കും ഈ കുടവയറും കപ്പടാ മീശയും” ബോഡിഗാര്‍ഡ് പറഞ്ഞു.

“ആറുമലയാളിക്ക് നൂറു മലയാളം എന്ന് പറഞ്ഞതുപോലെയായി മാവേലിയുടെ കാര്യത്തിലും” മഹാബലി തന്റെ നിരാശ മറച്ചു വെച്ചില്ല.

“അങ്ങ് മലയാളത്തെക്കുറിച്ച് ഓര്‍ത്ത് വിഷമിക്കേണ്ട സീസണ്‍ പതിനഞ്ച് ആകുമ്പോഴേക്കും ആ ഭൂമി മലയാളത്തില്‍ രജ്ജ്നിമലയാളം എന്ന ഒരൊറ്റ മലയാളം മാത്രമേ കാണത്തൊള്ളൂ...” ബോഡിഗാര്‍ഡ് തന്റെ അഭിപ്രായം അങ്ങ് പറഞ്ഞു.

ചിന്തകള്‍ എല്ലാം തത്‌ക്കാലത്തേക്ക് മാറ്റിവെച്ച് മഹാബലി എഴുന്നേറ്റു. ഏതായാലും വാമനോട് ചോദിച്ചു വാങ്ങിയ വരം ആണല്ലോ ആണ്ടില്‍ ഒരു ദിവസം പ്രജകളേ കാണാനുള്ള അനുവാദം. അത് ഏതായാലും വേണ്ടാന്ന് വയ്ക്കേണ്ട. വാതിലിലേക്ക് തിരിഞ്ഞു നടന്ന ബോഡിഗാര്‍ഡിനെ മാവേലി തിരിച്ചു വിളിച്ചു.

“ഏടേ, നമ്മുടെ നിലവറകളുടെ പൂട്ടു തുറന്ന് നമ്മുടെ ആഭരണങ്ങളും കിരീടവും ഇങ്ങ് എടുക്കൂ...”

“പൊന്നു തിരുമേനി ഏത് നിലവറകളെ കുറിച്ചാണ് പറയുന്നത്. നമ്മുടെ ഏത് നിലവറയാ പൂട്ടിയിട്ടിരിക്കുന്നത്?”

“ങ്ങേ!!! നമ്മുടെ നിലവറകളൊന്നും പൂട്ടിയിടാറില്ലന്നോ? നമ്മുടെ വിലപ്പെട്ട കിരീടങ്ങളും ആഭരണങ്ങളും...”

“പൂട്ടി ഇടാന്‍ നിലവറകള്‍ക്കകത്ത് എന്തിരിക്കുന്നു. നിലവറകള്‍ തുറന്നിട്ടിരിക്കുന്നതുകൊണ്ട് അതിന്റെകത്ത് കയറി മാളം ഉണ്ടാക്കിയിരിക്കുന്ന കുഴിമുയലുകളെ കെണിവെച്ച് പിടിച്ചിട്ടാണ് വല്ലപ്പോഴും നോണ്‍‌വെജ് കഴിക്കുന്നത്?”

“നമ്മുടെ കിരീടം എവിടെ?” മാവേലിയുടെ ശബ്ദ്ദം ഉയര്‍ന്നു.

“അത് ഞാന്‍ പണയം വെച്ചു” ബോഡിഗാര്‍ഡ് സ മട്ടില്‍ പറഞ്ഞു.

“എന്ത് നമ്മുടെ സ്വര്‍ണ്ണകിരീടം പണയം വെച്ചന്നോ..?”

“പണയം വെയ്ക്കാതെ ഒരു നിവൃത്തിയും ഇല്ലായിരുന്നു പ്രഭോ? പട്ടിണികിടക്കാതെ നമ്മുള്‍ കഞ്ഞി കുടിക്കുന്നത് ആ കിരീടം പണയം വെച്ചതുകൊണ്ടാണ്..”

“കണക്കുകള്‍ കൊണ്ടുപോലും നാലണ എടുക്കാന്‍ കഴിയാത്ത നമ്മുടെ ഖജനാവില്‍ നിന്ന് പണം മുടക്കി നമ്മള്‍ എങ്ങനെ ആ കിരീടം തിരിച്ചെടുക്കും. കിരീടം പണയം വെച്ച് കിട്ടിയ പണം തീരുമ്പോള്‍ നമ്മള്‍ എന്ത് ചെയ്യും ?”

“അങ്ങ് വിഷമിക്കരുത്. ഞാന്‍ കിരീടം പണയം വെച്ച് സ്വര്‍ണ്ണ ലോണാണ് എടുത്തത്. വേറൊരു ബാങ്കില്‍ നിന്ന് നമ്മുടെ പേരില്‍ കേരളത്തില്‍ കിടക്കുന്ന തരിശ് നിലം കാ‍ണിച്ച് കാര്‍ഷിക വായ്പയും എടൂത്തു. എന്നിട്ട് ഈ പണം എടുത്ത് വേറൊരു ബാങ്കില്‍ സീനിയര്‍ സിറ്റിസണ്‍ അക്കൌണ്ടില്‍  ഡിപ്പോസിറ്റ് ഇട്ടു. മാസം മാസം ഇതില്‍ നിന്ന് കിട്ടൂന്ന പലിശയില്‍ നിന്ന് സ്വര്‍ണ്ണ പണയത്തിന്റേയും കാര്‍ഷിക വായ്‌പയുടേയും പലിശ അടച്ചുകഴഞ്ഞിട്ട് മാസം പത്താറായിരം രൂപ നമുക്ക് ലാഭം കിട്ടും. നമുക്ക് ഭാഗ്യമുണ്ടങ്കില്‍ എന്നെങ്കിലും ആ കാര്‍ഷിക വായ്‌പ കേരളാ സര്‍ക്കാരങ്ങ് എഴുതി തള്ളുകയും ചെയ്യും..” ബോഡിഗാര്‍ഡ് പറഞ്ഞു.

“എടോ ധര്‍മ്മിഷ്‌ഠനും നീതിമാനും ആയ ഞാന്‍ ഇങ്ങനെയോക്കെ ചെയ്‌തന്ന് മലയാളികള്‍ അറിഞ്ഞാല്‍ ഞാന്‍ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ?” മാവേലി ചോദിച്ചു.

“അടപ്പത്ത് കഞ്ഞിക്കുള്ള വെള്ളം തിളയ്ക്കുമ്പോള്‍ ധര്‍മ്മവും നീതിയും ഇട്ടാല്‍ കഞ്ഞി ആവത്തില്ല. അതിന് അരി തന്നെ ഇടണം. അരി വാങ്ങണമെങ്കില്‍ കാശ് കൊടുക്കണം. ഇതല്ലാതെ വേറെ ഒരു വഴിയും ഇല്ലായിരുന്നു കാശ് ഉണ്ടാക്കാന്‍”

“പട്ടിണി കിടന്നാലും കുഴപ്പമില്ലായിരുന്നു.. ഇതിപ്പോള്‍..”

“എന്നാ മാവേലി ഒരു കാര്യം ചെയ്യ്. ഈ പ്രാവിശ്യം നാട്ടില്‍ പോകുമ്പോള്‍ ഒരു ബി‌പി‌എല്‍ റേഷന്‍ കാര്‍ഡ് വാങ്ങ്. അതാകുമ്പോള്‍ ഒരു രൂപയക്ക് അരി കിട്ടും”

“ഒരു രാജാവായ എനിക്ക് ബി‌പി‌എല്‍ റേഷന്‍ കാര്‍ഡ് കിട്ടുമോ?”

“ദിവസം ഇരുപത്തഞ്ച് റബര്‍ ഷീറ്റ് കിട്ടൂന്നവനുവരെ ബി‌പി‌എല്‍ റേഷന്‍ കാര്‍ഡ് ഉള്ള സ്ഥലമാ അത്. പിന്നാണോ അങ്ങേയ്ക്ക് കിട്ടാന്‍ പാട്” ബോഡി ഗാര്‍ഡ് പറഞ്ഞു.

“എടോ ഗാര്‍ഡേ, അതൊക്കെ നമുക്ക് രണ്ടു ദിവസം കഴിഞ്ഞിട്ട് ആലോചിക്കാം. എനിക്കിപ്പോള്‍ കേരളത്തില്‍ പോകണമെങ്കില്‍ കിരീടം വേണം. അതില്ലാതെ അങ്ങോട്റ്റ് ചെന്നാല്‍ എന്തെല്ലാം പുകിലാ ഉണ്ടാകുന്നതെന്ന് അറിയാമോ? കിരീടം കണ്ടില്ലങ്കില്‍ ഞാനത് എടുത്ത് ഒരുക്കി പുട്ടടിച്ചന്ന് ഓരോരുത്തന്മാര്‍ പറയും. ഒരു ഗ്രാം തങ്കത്തിന്റെ മാലയും വളയും ഒക്കെ ഇടാമെന്ന് വെച്ചാലും ഒരുഗ്രാം തങ്കത്തില്‍ പൊതിഞ്ഞ കിരീടം എവിടെയെങ്കിലും വാങ്ങാന്‍ കിട്ടുമോ. ഇനി കിരീടം ഇല്ലാതെ കേരളത്തില്‍ ചെന്നാല്‍? അവിടെ ഒരാള്‍ക്കാണങ്കില്‍ രാജാവിന്റെ പേരില്‍ കുറ്റം നടപ്പില്‍ കുറ്റം, എടുപ്പില്‍ കുറ്റം എന്നൊക്കെ പറഞ്ഞ് ഇരിക്കുകയും കൂടി ആണ്”

“മഹാബലി രാജാവേ ഈ പ്രാവിശ്യം അങ്ങ് കിരീടം ഇല്ലാതെ പോവുകയേ വഴിയുള്ളൂ. കിരീടം എടുക്കാന്‍ വ്ഴിയൊന്നും ഇല്ല. ഇന്ന് കാശുണ്ടാക്കി നാളെ ബാങ്കീന്ന് കിരീടം എടുക്കാമെന്ന് വെച്ചാല്‍ നാളെ ബാങ്ക് അവധിയാ”

“പിന്നെ എന്താണ് ഒരു വഴി?”

“ഞാന്‍ നോക്കിയിട്ട് ഒരൊറ്റ വഴിയേ ഉള്ളൂ.”

“എന്താണാവഴി.. അല്ലങ്കില്‍ തന്നെ നീ ഒക്കെ പറഞ്ഞ വഴികളില്‍ കൂടി നടന്ന് പെരുവഴിയില്‍ എത്തിയിട്ടെ ഉള്ളൂ. പെരുവഴിയിലേക്കൂള്ള വഴിയാണങ്കില്‍ നീ പറയണം എന്നില്ല” മാവേലി പറഞ്ഞു. പാതാളത്തിന്റെ പി‌ആര്‍‌ഒ കം അഡ്‌മിനിസ്‌ട്രേഷന്‍ കം നാവിഗേറ്റര്‍ ആയ മാവേലിയുടെ ബോഡിഗാര്‍ഡ് പെട്ടന്ന് മുറിയില്‍ നിന്ന് പുറത്തേക്ക് പോയിട്ട് തിരിച്ചു വന്നു. അയാള്‍ ഒരു വെള്ളതൊപ്പി മാവേലിക്കു നേരെ നീട്ടി. മാവേലി അത് വാങ്ങി.

“എന്താണിത്..” മാവേലി ചോദിച്ചു.

“പ്രഭോ, ഈ തൊപ്പി വെച്ചുകൊണ്ട് ചെന്നാല്‍ അങ്ങയുടെ കിരീടത്തെക്കുറിച്ച് ആരും ചോദിക്കത്തില്ല. ദേശീയ ചാനലുകള്‍ വരെ അങ്ങയുടെ കേരള യാത്ര ലൈവായി കാണിക്കും. ഇപ്പോള്‍ ഈ തൊപ്പിയാണ് ട്രെ‌ന്‍ഡ്...”

മാവേലി തൊപ്പി വെച്ചിട്ട് കണ്ണാടിയില്‍ നോക്കി.
“കൊള്ളാം. ഈ തൊപ്പി വെച്ചാല്‍ ആരും കിരീടം എവിടെയെന്ന് ചോദിക്കത്തില്ല.”

അങ്ങനെ ആ തൊപ്പി വെച്ചുകൊണ്ട് ഓണത്തിന് കേരളത്തില്‍ പോകാന്‍ മഹാബലി തീരുമാനിച്ചു. തിരുവോണത്തില്‍ മാവേലി കിരീടത്തിന് പകരം ആ തൊപ്പി വെച്ചുകൊണ്ട് ആയിരിക്കും മലയാളികളെ കാണാന്‍ എത്തുന്നത്.

ദേ ഇതാണ് തൊപ്പി വെച്ച മാവേലി


ചിത്രങ്ങള്‍ : മാവേലി,മഹാബലി, maveli, mahabali എന്നിങ്ങനെ സേര്‍ച്ച് ചെയത്പ്പോള്‍ കിട്ടിയത്. അവസാന പടത്തിന്റെ തലയില്‍ ഒരു തൊപ്പി ഒട്ടിച്ച് വയ്ക്കൂക എന്നുള്ളതേ ഞാന്‍ ചെയ്തിട്ടൂള്ളൂ

1 comment:

ഭായി said...

ആക്ഷേപ ഹാസ്യം ഫാന്റസിയിലൂടെ അവതരിപ്പിച്ചപ്പോൾ രസിച്ചു ഈശോ. കൊള്ളാം :)