Wednesday, September 14, 2011

കൈയ്യടിമാത്രം ആഗ്രഹിക്കുന്ന സംസ്‌കാരശൂന്യ മാധ്യമപ്രവര്‍ത്തനം

മിനിഞ്ഞാന്ന് രാവിലെ ചാനൽ മാറ്റി നോക്കുമ്പോൾ ഒരു ചാനലില്‍ ഒരു രംഗം. ഡോക്ടർമാരുടെ അനാസ്ഥകാരണം ഓറീസ സ്വദേശി മരിച്ചു. ദൃശ്യങ്ങൾ തങ്ങള്‍ക്ക് ലഭിച്ചു എന്നു പറഞ്ഞാണ് അധികം വ്യക്തമല്ലാത്ത ചിത്രങ്ങൾ കാണിച്ചു കൊണ്ടിരുന്നത്. രണ്ടു മണിക്കൂറിനു ശേഷവും ഈ ദൃശ്യങ്ങൾ തന്നെ കാണിച്ചുകൊണ്ട് രണ്ടുമണിക്കൂറിനു മുമ്പ് പറഞ്ഞ അതേ വാക്യങ്ങൾ തന്നെ ആവർത്തിച്ചു കൊണ്ടിരിക്കുകയായിരുന്നു. അടുത്ത ഒരു വാർത്ത വരുന്നതുവരെ അല്ലങ്കിൽ അന്ന് വൈകുന്നേരം വരേയും ഈ വാർത്തയും ദൃശ്യങ്ങളും ആയിരിക്കണം ചാനലുകാർ കാണിച്ചിരുന്നത്. രോഗിക്ക് കൂട്ടിരുന്ന സഹായി ഉറങ്ങിപ്പോയതുകൊണ്ട് കൃത്രിമ ശ്വാസോച്ഛാസം നൽകുന്നതിനുള്ള ഉപകരണം പ്രവർത്തിപ്പിക്കാതിരുന്നതുകൊണ്ട് രോഗിക്ക് ശ്വാസം കിട്ടാതെ വരികയായിരുന്നു എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

ഈ വാർത്ത തുടർച്ചയായി പ്രക്ഷേപണം ചെയ്യുന്നതിന്റേയും ആ ദൃശ്യങ്ങൾ ശേഖരിക്കുകയും ചെയ്യുന്നതിന്റെ നാലിനൊന്ന് അധ്വാനം ഉണ്ടായിരുന്നങ്കിൽ ആ രോഗിയെ രക്ഷിക്കാൻ സാധിക്കുമായിരുന്നു. ആ രോഗിക്ക് കൂടെ ഇരുന്ന ആൾ കൃത്രിമ ശ്വാസോച്ഛാസം നൽകുന്നതും  ആ സഹായി  ഉറക്കം തുങ്ങുന്നതും ഒക്കെ ആ ക്ലിപ്പിൽ ഉണ്ടായിരുന്നു. ആ വീഡിയോ എടൂത്തവന് ഉറക്കം തൂങ്ങിയ സഹായിയെ ഒന്നു തട്ടിവിളിക്കുകയോ അവനെ ഒന്ന് സഹായിക്കൂകയോ  ചെയ്തിരുന്നാൽ ആ രോഗിയുടെ ജീവൻ നിലനിർത്താൻ സാധിക്കുകയില്ലായിരുന്നോ? വാഹന അപകടങ്ങളും മറ്റ് അപകടങ്ങളൂം നടക്കുന്ന സ്ഥലങ്ങളിൽ മൊബൈലുമായി നിന്ന് ചിത്രങ്ങൾ പകർത്തുന്ന ഒരു മാനസികരോഗാവസ്ഥയിൽ ഉള്ളഒരുവനായിരിക്കണം മേൽപ്പറഞ്ഞതിലുള്ള ചിത്രങ്ങളും പകര്‍ത്തിയത്.

തങ്ങള്‍ക്ക് മാത്രം ലഭിച്ച ആ ദൃശ്യങ്ങൾ കൊണ്ട് ചാനല്‍ രാവിലെ തന്നെ ഒരു ദിവസത്തെ വാർത്താഘോഷത്തിന് തുടക്കമിട്ടു. ചാനലുകാരന്റെ കൈയ്യിൽ ഉള്ള തങ്ങളുടെ പ്രതികരണ പ്രതിനിധികളൂടെ പ്രതികരണം അവർ ലൈവായി കാണിച്ചു തൃപ്തിയടയുമ്പോൾ  രാവിലെ പത്രം വായിച്ച് 'ഇന്നത്തെ വാർത്തയിൽ ഒരു രസവും' ഇല്ല എന്ന് കരുതിയ മലയാളി റിമോട്ടിൽ വിരൽ അമര്ത്തിയത്.കാര്യം എന്താണന്നോ സംഭവിച്ചത് എന്താണന്നോ അറിയാതെ വിളിവന്നപ്പോൾ തന്നെ 'പ്രതികരണ പ്രതിനിധികൾ' പ്രതികരിച്ചു.അല്ലങ്കിൽ തന്നെ ആ പ്രതികരണ പ്രതിനിധികൾ  പറയുന്നതാണല്ലോ കേരള മനസാസാക്ഷിയുടെ പ്രതികരണം !!! 'രസിപ്പിക്കുന്ന വാർത്ത' കിട്ടിയ സന്തോഷത്തിൽ ഞാനുൾപ്പെട്ട മലയാളി ചാനൽ മാറ്റാതെ അടുത്ത 'പ്രതികരണ പ്രതിനിധി'യുടെ പ്രതികരണത്തിനായി കാത്തിരുന്നപ്പോഴായിരിക്കണം അപ്പുറത്തെ ചാനലിൽ കൈയ്യടി നേടുന്ന വാർത്ത പോകുന്നത് മറ്റുള്ളവർ അറിഞ്ഞത്. അവരും വാർത്ത എയറിലേക്ക് തള്ളിവിട്ടു. അന്ങനെ ഒരു ദിവസം രാവിലെ തന്നെ ഉജ്വലമാക്കി ആഘോഷമായി തുടന്ങി.

ചിക്തിസാ പിഴവുമൂലം രോഗി മരിച്ചു എന്നറിഞ്ഞ ഉടനെ ഒരു സംഘടന ആരോഗ്യമന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് നടത്തി തങ്ങളുടെ ധാർമ്മിക രോഷം പ്രകടിപ്പിച്ചു. പൊട്ടിവീണ ഇലക്‌ട്രിക് ലൈനിൽ നിന്ന് ഷോക്കേറ്റ് വീഴുമ്പോൾ ലൈൻ ഓഫ് ചെയ്യാതെ വൈദ്യുതിമന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് നടത്താന്‍ പ്രേരിപ്പിക്കുന്ന വിധം നമ്മടെമേൽ ചാനലുകാർ മാനസികാധിപത്യം സ്ഥാപിക്കുന്ന ഒരു സമയം വിധൂരമല്ല. മണിക്കൂറിന്റെ ആയുസ് മാത്രമേ ഇത്തരം വാർത്തകൾക്ക് ആയുസ് ഉണ്ടാവാറുള്ളൂ. പൊങ്ങൻ തേങ്ങ പോലെയാണ് ഇത്തരം വാർത്തകൾ. അകത്ത് ഒന്നും ഉണ്ടാവാറില്ല. കുറേ സമയം ജനങ്ങളെ തങ്ങളുടെ ചാനലിന് മുന്നിൽ പിടിച്ചിരുത്തി ചാനലിന്റെ റെറ്റിംങ്ങ് കൂട്ടാന്‍ ഇത്തരം വാർത്തകൾക്ക് കഴിയും എന്ന് മലയാളിയുടെ മനസ് അറിയാവുന്ന ചാനലുകാരന് അറിയാം. 

കുറേ ദിവസമായി കാണുന്ന മറ്റൊരു വാർത്തയാണ് 'വിജിലൻസ് ജഡ്ജിക്കെതിരെ പി.സി.ജോർജ്' പരാതി നൽകിയത്. ഈ വാർത്തയാണ് കഴിഞ്ഞ നാലഞ്ച് ദിവ്സമായി ചാനലുകളിലും പത്രന്ങളിലും. ഈ വാർത്തയ്ക്ക് മലയാളി സമൂഹത്തിനുമുന്നിൽ എന്ത് വാർത്താപ്രാധാന്യമാണ് ഉള്ളത്?? ഇത് ഏതെങ്കിലും മലയാളിയെ ബാധിക്കുന്ന വിഷയമാണോ? ഇത് ഏതെങ്കിലും വികസന പ്രവർത്തനത്തിനെ ബാധിക്കൂന്ന ഒന്നാണോ? ഈ കത്ത് കേരളത്തെ ഏതെങ്കിലും രീതിയിൽ ബാധിക്കുമോ? ഏതെങ്കിലും രാഷ്‌ടീയക്കാരനെ ബാധിക്കുമോ?ഏതെങ്കിലും നീതിന്യായ വ്യവസ്ഥയെ ബാധിക്കുമോ?  ഇല്ല എന്നാണ് ഉത്തരമെങ്കിലും ഇതൊരു വൻ വാർത്തയായി ഇപ്പോഴും മാധ്യമന്ങളിൽ നിൽക്കൂന്നു. ഇതിനെ സംബന്ധിച്ച് ചിലരുടെ പ്രതികരണം കാണുമ്പോൾ മെയ്‌വഴക്കത്തോടെ ഇന്ങ്നെ മാറാൻ അഭിപ്രായം മാറ്റിപ്പറയാൻ കഴിയുന്ന രാഷ്‌ട്രീയക്കാർക്ക് എന്തുകൊണ്ട് ജിമ്നാസ്റ്റിക്കിലും ഒരു കൈ നോക്കാൻ പറ്റുന്നില്ല എന്ന് ചിന്തിച്ചു പോകും.

പി.സി.ജോർജ് നൽകിയപരാതിയും -പാമോയിലിൻ കേസും- അച്യുതാനന്ദനും ഒക്കെ സമാസമം ചേർത്ത് വാർത്ത അവതാരകനും/അവതാരകയും റിപ്പോർട്ടറും ഒക്കെ ചേർന്ന് കേരളത്തിന് നൽകിയ 'ന്യൂസ് വാല്യു' വാർത്ത സൂപർ ഹിറ്റായി. ഒരു വാർത്ത എന്ങനെ മാർക്കറ്റ് ചെയ്യണമെന്ന് ചാനലുകാർക്ക് അറിയാം. ഭരണപക്ഷത്തുനിന്നുള്ള ആരെങ്കിലും ഉൾപ്പെട്ട/അവരെ ബാധിക്കുന്ന ഏതെങ്കിലും പ്രശന്മാണ് ഉള്ളതെങ്കിലും ആദ്യ പ്രതികരണം തേടൂന്നത് പ്രതിപക്ഷ നേതാവായ വിഎസിനോടായിരിക്കും. കിട്ടിയ മൈക്ക് പാഴാക്കാതെ വിഎസ് 'ശക്തമായി പ്രതികരിക്കും'. കിട്ടിയ വെടുമരുന്നിൽ പലയിടത്തും കൊണ്ടുപോയി തീകൊടുക്കേണ്ടകാര്യമേയുള്ളൂ പിന്നീട് ചാനൽ റിപ്പോർട്ടർക്ക്.

ചാനല്‍ വാര്‍ത്താവിതരണത്തിന്റെ അങ്ങേയറ്റത്തെ നാണംകെട്ട തറപ്പരിപാടിയായിപ്പോയി ‘എം.ബി.രാജേഷിന്റെ വി>എസിന്റെ നേരെയുള്ള ഒളിയമ്പ്’. തന്റെ തലയില്‍ വിവരക്കേടിന്റെ വാക്കുകളേ വരികയുള്ളൂ എന്ന് കാണിക്കുന്ന വാര്‍ത്തയായിരുന്നു ആ പ്രസംഗത്തിന് അത്തരം ഒരു വ്യാഖ്യാനം നല്‍കിയ റിപ്പോര്‍ട്ടര്‍ നല്‍കിയത്. താന്‍ നല്‍കുന്നതാണ് വാര്‍ത്ത, താന്‍ പറയുന്നതാണ് സത്യം എന്ന് മൈക്കിനു മുന്നില്‍ വാര്‍ത്താവതാരകനെ നോക്കി അധരവ്യായാമം ചെയ്യുന്ന ഒരു ചാനല്‍ റിപ്പോര്‍ട്ടര്‍ക്ക് ഇത്തരം വളച്ചൊടിക്കലും വ്യാഖ്യാനങ്ങളും ആണ് നല്‍കാനുള്ളത് എങ്കില്‍ അവന്‍ ആ പണി നിര്‍ത്തി വീട്ടില്‍ പോയിരിക്കുന്നതാണ് നല്ലത്. ഒരു റിപ്പോര്‍ട്ടര്‍ വാര്‍ത്ത ജനങ്ങളേ അറിയിക്കുകയാണ് ചെയ്യേണ്ടത്. അല്ലാതെ വാര്‍ത്തകള്‍ സ്വയം സൃഷ്ടിച്ച് അതിന് വ്യാഖാനങ്ങള്‍ ചമച്ച് സ്വന്തം രഷ്ട്രീയവും ചാനല്‍ രാഷ്ട്രീയവും കൂടി കൂട്ടിക്കുഴച്ച് ജനങ്ങളുടെ മുന്നിലേക്ക് എത്തിക്കുകയല്ല വേണ്ടത്. എം.ബി രാജേഷിന്റെ പ്രസംഗം കേട്ട് ആര്‍ക്കേങ്കിലും എത് വി‌എസിന് എതിരെയുള്ള ഒളിയമ്പായി തോന്നിക്കാണില്ല. സ്വന്തം അഭിപ്രായം പറയുന്നത് ഒളിയമ്പാണങ്കില്‍ ഈ നാട്ടില്‍ എവിടെയാണ് അഭിപ്രായ സ്വാതന്ത്ര്യം???? എതോ തങ്ങള്‍ക്ക് മാത്രമേ അഭിപ്രായ സ്വാതന്ത്ര്യം പാടുള്ളൂ എന്ന് ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ക്ക് തോന്നുന്നുണ്ടോ???  ചാനല്‍ റേറ്റിംങ്ങില്‍ നിലനില്‍ക്കാനാണങ്കില്‍ ചാനലുകാര്‍ക്ക് വേറെ എന്തെങ്കിലും വഴിനോക്കിക്കൂടേ????

താനുള്‍പ്പെടെയുള്ള യുവാക്കളെ തന്റെ പ്രസംഗത്തിലൂടെ വിമര്‍ശിച്ച രാജേഷ് പറഞ്ഞത് എങ്ങനെയാണ് വി‌എസിന് എതിരെ ഒളിയമ്പ് അയച്ചത്??
ഉദാരീകരണം വഴിയുണ്ടായ പ്രശ്‌നങ്ങളും അരാഷ്ട്രീയ പ്രവണതകളും ചര്‍ച്ച ചെയ്യുന്നതിനു പകരം ബാലകൃഷ്ണ പിള്ളയെയും കുഞ്ഞാലിക്കുട്ടിയേയും കുറിച്ചുള്ള കഥകള്‍ പൊടിപ്പും തൊങ്ങലുംവെച്ച് പറയുന്നത് കൂടുതല്‍ കൈയടി കിട്ടാനാണെന്ന രാജേഷിന്റെ പ്രസംഗഭാഗമാണ് വിവാദമായത്. പ്രസംഗം ഇങ്ങനെ തുടരുന്നു; 'ബാലകൃഷ്ണ പിള്ളയും കുഞ്ഞാലിക്കുട്ടിയും ഉള്ളിടത്തോളം കാലം എത്ര മണിക്കൂര്‍ പ്രസംഗിക്കാനുമുള്ള വക കിട്ടും. ഇതൊരു അരാഷ്ട്രീയ സമീപനമാണ്. പകരം പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തില്‍ ജനങ്ങളെ സംഘടിപ്പിക്കാന്‍ ഡി.വൈ.എഫ്.ഐക്ക് കഴിയണം.'
ഇത്തരം വിഷയങ്ങള്‍ എരിവും പുളിയും ചേര്‍ത്തു ചര്‍ച്ചചെയ്യാനാണു യുവജനങ്ങള്‍ക്കുപോലും താല്‍പര്യം. എത്ര മണിക്കൂറുകള്‍ വേണമെങ്കിലും ഇക്കാര്യങ്ങള്‍ പ്രസംഗിച്ചു നടക്കും. വലിയ അധ്വാനമില്ല എന്നതാണു കാര്യം. തൊഴിലില്ലായ്‌മയും മുതലാളിത്തവുമാണു രാജ്യത്തിന്റെ ഭീഷണി. ഇത്തരം കാര്യങ്ങളില്‍ ഡി.വൈ.എഫ്‌.ഐയെപ്പോലുള്ള സംഘടനകള്‍ ഇടപെട്ടില്ലെങ്കില്‍ അണ്ണാ ഹസാരേയും നവനിര്‍മാണ്‍ സേനയുമൊക്കെ കാര്യങ്ങള്‍ വഷളാക്കും. ഐസ്‌ക്രീം കേസിലും പാമോയില്‍ കേസിലും മാത്രമൊതുങ്ങുന്നതായിരിക്കരുതു നമ്മുടെ ചര്‍ച്ചകള്‍. ഗൗരവമേറിയ വിഷയങ്ങളും ഡി.വൈ.എഫ്‌.ഐ. ചര്‍ച്ചയാക്കണം-


ഇത് ചാനലുകാരന്‍ വി‌എസിന് എതിരെയുള്ള ഒളിയമ്പാക്കിമാറ്റി. തങ്ങള്‍ പറയുന്നത് ജനങ്ങളേല്ലാം വിശ്വസിക്കും എന്ന് കരുതുന്ന ഒരു കൂട്ടം ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ ഇപ്പോഴും ടെലിവിഷന്‍ ചാനലുകളില്‍ ജോലിചെയ്യുന്നുണ്ട് എന്നതില്‍ സംശയം ഇല്ല. തങ്ങള്‍ വിമര്‍ശനത്തിന് അധീനരാണന്നും അവര്‍ കരുതുന്നുണ്ട് എന്ന് തോന്നുന്നു. ഇങ്ങനെ തോന്നാന്‍ കാരണം ഉണ്ട്. തന്നെ വിമര്‍ശിക്കുന്നവര്‍ ‘സോഷ്യല്‍ നെറ്റ് വര്‍ക്കിലെ ക്വട്ടേഷന്‍ സംഘ‘ത്തില്‍ പെട്ടവനാണന്ന് പത്രപ്രവര്‍ത്തകന് തോന്നിയെങ്കില്‍ കണ്ണാടി ‘തങ്ങള്‍ക്ക്‘ നേരെയും ഒന്ന് തിരിഞ്ഞു പിടിച്ചാല്‍ നന്നായിരിക്കും. ചാനലില്‍ മൈക്കിനുമുന്നില്‍ നടത്തുന്ന പ്രസംഗത്തിന് ഒരു പ്രേക്ഷകന് സമയവും സന്ദര്‍ഭവും കിട്ടാറില്ലല്ലോ? അതിന് അവസരം കിട്ടുന്ന സോഷ്യല്‍ നെറ്റ് വര്‍ക്കിലെ സ്പേസില്‍ പ്രേക്ഷകന് ശക്തമായി പ്രതികരിച്ചെന്നിരിക്കും. ആ പ്രതികരണത്തെ അസഹിഷ്ണതയോടെ നേരിട്ട് എന്നെ അവന്‍ ഞോണ്ടി എന്ന് വിലപിക്കുന്ന ആള്‍ താനെങ്ങനെയാണ് വാര്‍ത്തകള്‍ അവതരിപ്പിക്കുന്നത് എന്നു കൂടി ശ്രദ്ധിക്കണം. (ഇത് പറയാന്‍ കാരണം ‘സോഷ്യല്‍ നെറ്റ് വര്‍ക്കിലെ ക്വട്ടേഷന്‍ സംഘങ്ങള്‍‘ എന്ന തലക്കെട്ടില്‍ ഷാജഹാന്‍ കാളീയത്ത് എന്ന ദൃശ്യ മാധ്യമ പ്രവര്‍ത്തകന്‍ നാലാമിടം എന്ന സൈറ്റില്‍ എഴുതിയ ലേഖനം കണ്ടിട്ടാണ്).

ഇന്ന് ടെലിവിഷന്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ഭയപ്പെടുന്നത് ‘സോഷ്യല്‍ നെറ്റ് വര്‍ക്ക് സ്പേസുകളേ’ ആയിരക്കണം. അവര്‍ ഒളിഞ്ഞും തെളിഞ്ഞും പറയാറുണ്ട്. തങ്ങളുടെ കണ്ടത്തലുകള്‍ ‘സോഷ്യല്‍ നെറ്റ് വര്‍ക്ക് സ്പേസുകളില്‍’ ക്വട്ടേഷന്‍ സംഘത്തില്‍ പെട്ട ഒരുത്തന്‍ കീബോര്‍ഡിനു മുന്നില്‍ ഇരുന്ന് പൊളിച്ചടുക്കുമ്പോഴും വിമര്‍ശിക്കുമ്പോഴും കണ്ടത്തലുകള്‍ നടത്തിയ പത്രപ്രവര്‍ത്തകന് നഷ്ടപ്പെടൂന്നത് താന്‍ ഇതുവരെ ഉണ്ടാക്കിയെടുത്ത ഇമേജും ആരും ചോദ്യംചെയ്യാനില്ല എന്ന ധാരണയും ആയിരിക്കും. എപ്പോഴും തങ്ങളുടെ വാര്‍ത്തകള്‍ കേട്ട് വിമര്‍ശിക്കാതെ അതിന് കൈയ്യടിക്കണം എന്ന് ഏതെങ്കിലും മാധ്യമം കരുതുന്നുണ്ടങ്കില്‍  ‘സോഷ്യല്‍ നെറ്റ് വര്‍ക്ക് സ്പേസുകള്‍’ സജീവമായ ഇക്കാലത്ത് അതൊരു മലര്‍പ്പൊടിക്കാരന്റെ സ്വപനമായി മാത്രം അവശേഷിക്കും. വാര്‍ത്തകളെ കീറിമുറിച്ച് സ്വയം വിശകലം ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടെ വാര്‍ത്തകളിലെ നെല്ലും പതിരും തിരിച്ചറിയാനും അത് മറ്റുള്ളവരെ അറിയിക്കാനും ‘സോഷ്യല്‍ നെറ്റ് വര്‍ക്ക് സ്പേസുകളിലെ ‍’ ക്വട്ടേഷന്‍ സംഘത്തില്‍ പെട്ട ഒരുത്തനെങ്കിലും കീബോര്‍ഡിനു മുന്നില്‍  എപ്പോഴും ഉണ്ടാവും. ഇന്നത്തെ  മാധ്യമപ്രവര്‍ത്തനത്തിന് എപ്പോഴും കൈയ്യടിക്കാന്‍ ആളുണ്ടാവില്ലന്ന് ചുരുക്കം.

ഒരു വാര്‍ഷികപ്പതിപ്പ് കാഴ്ച :: മനോരമയുടെ വാര്‍ഷികപ്പതിപ്പില്‍ കാവ്യസദസ്സ് എന്ന തലക്കെട്ടില്‍ എന്‍.ജയചന്ദ്രന്‍ എഴുതിയതില്‍ ഒരു വാചകം (പേജ് 68) . അന്യന്റെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കുന്ന മലയാളിയുടെ യു ട്യൂബ് ജീവിതം , ആദ്യ പോസ്‌റ്ററിന്റെ ആഹ്ലാദം തുടങ്ങി ഉത്തരം തൊടാത്ത ഒരു ചോദ്യവും അവര്‍ക്കിടയില്‍ ഇല്ലായിരുന്നു.      
വിക്രം,ബാലചന്ദ്രമേനോന്‍, പ്രിയങ്കഗാന്ധി ,സില്‍ക്ക് സ്മിത, കാവ്യ തുടങ്ങിയവരുടെ സ്വകാര്യത അച്ചടിച്ച വാര്‍ഷിക പതിപ്പിലെ ഒരു പേജിലാണ്  എന്‍.ജയചന്ദ്രന്റെ ‘അന്യന്റെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കുന്ന മലയാളിയുടെ യു ട്യൂബ് ജീവിതം‘ എന്ന പ്രയോഗം. അന്യന്റെ സ്വകാര്യത ഒളിഞ്ഞുനോക്കാതെ പേജ് മറിച്ചു നോക്കാനാണല്ലോ വായനക്കാരന്‍ കാശ് കൊടുത്ത് വാര്‍ഷികപ്പതിപ്പ്  വാങ്ങിയത് !!!!!!

1 comment:

(പേര് പിന്നെ പറയാം) said...

ഒരു റിപ്പോര്‍ട്ടര്‍ വാര്‍ത്ത ജനങ്ങളേ അറിയിക്കുകയാണ് ചെയ്യേണ്ടത്. അല്ലാതെ വാര്‍ത്തകള്‍ സ്വയം സൃഷ്ടിച്ച് അതിന് വ്യാഖാനങ്ങള്‍ ചമച്ച് സ്വന്തം രഷ്ട്രീയവും ചാനല്‍ രാഷ്ട്രീയവും കൂടി കൂട്ടിക്കുഴച്ച് ജനങ്ങളുടെ മുന്നിലേക്ക് എത്തിക്കുകയല്ല വേണ്ടത്.
പൂര്‍ണ്ണമായും യോജിയ്ക്കുന്നു...
ആ വീഡിയോ എടൂത്തവന് ഉറക്കം തൂങ്ങിയ സഹായിയെ ഒന്നു തട്ടിവിളിക്കുകയോ അവനെ ഒന്ന് സഹായിക്കൂകയോ ചെയ്തിരുന്നാൽ ആ രോഗിയുടെ ജീവൻ നിലനിർത്താൻ സാധിക്കുകയില്ലായിരുന്നോ? എന്ന് രാവിലെ ആ വാര്‍ത്ത‍ കണ്ടപ്പോള്‍ ഞാന്‍ ചിന്തിച്ചതാണ്(വാര്‍ത്ത പേപ്പറില്‍ നിന്നുമാനരിഞ്ഞത്.)

എക്സ്ക്ലൂസിവുകള്‍ക്ക് വേണ്ടി ശ്രമിയ്ക്കുമ്പോള്‍ അവര്‍ പണം മാത്രമാണ് ലക്ഷ്യമിടുന്നത്.അവിടെ പത്ര ധര്‍മം മാത്രമല്ല,സാമൂഹിക പ്രതിപത്തതയും പാലിയ്ക്കാതെ പോകുന്നു.
ഒരു തിരുത്തുണ്ട്-
ഇക്കാര്യത്തില്‍ മാധ്യമ പ്രവര്തകരെയല്ല,മാനേജ് മെന്റിനെയാണ് കുട്ടപെടുത്തെണ്ടത്..