ഉപവാസം - ഹര്‍ത്താല്‍ - ഉപരോധം - വഴിതടയല്‍ ഇതൊരു രാഷ്ട്രിയ പാര്‍ട്ടിയുടെ ഇന്നത്തെ കാര്യപരിപാടിയുടെ വിവരണം അല്ല. "നിന്റെ ഒരു ചെകിട്ടത്ത് അടിക്കുന്നവന് മറുചെകിടും കാണിചു കൊടുക്കുക","ഞാൻ നിങ്ങൾക്ക് ചെയ്തു തരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം അവർക്കും ചെയ്തുകൊടുപ്പിൻ" "ഏഴല്ല ഏഴ് എഴുപത് വട്ടം ക്ഷമിക്കുവിൻ" എന്നൊക്കെ പറഞ്ഞ യേശുക്രിസ്തുവിന്റെ അനുയായികൾ എന്ന് സ്വയം പറഞ്ഞ് ക്രിസ്ത്രീയ സ്നേഹത്തിന്റെ അപ്പോസ്തോലന്മാരായി അവരോധിച്ച് ക്രിസ്തീയജീവിതത്തിന്റെ മാതൃക ലോകത്തി കാണിച്ചുകൊടുക്കുന്ന രണ്ട് ക്രിസ്തീയ സഭകളുടെ കാര്യപരിപാടികൾ ആണ് ഉപവാസം - ഹര്‍ത്താല്‍ - ഉപരോധം - വഴിതടയല്‍ !!!
ഒരേ വിശ്വാസവും ആചാരരീതികളും പിന്തുടരുന്ന രണ്ട് സഭകള്‍ ഇന്ന് തെരുവില്‍ കുടിപ്പകയുള്ള ശത്രുക്കളേപ്പോലെ മാധ്യമങ്ങളില്‍ക്കൂടിയും അല്ലാതയും ആരോപണ-പ്രത്യാരോപണങ്ങളില്‍ മുഴുകി ക്രിസ്തുവിന്റെ പേരില്‍ പോര്‍വിളി നടത്തി ക്രിസ്തീയ സ്നേഹത്തിന്റേയും ക്രൈസത്വ സാക്ഷ്യത്തിന്റേയും മാതൃക ലോകത്തിനു കാണിച്ചു കൊടുക്കുകയാണ്. ഒരു പക്ഷം കോടതിവിധിയുടെ സ്ഥാപനത്തിനും മറ്റൊരു പക്ഷം ആരാധന സ്വാതന്ത്ര്യം എന്നപേരിലും തെരുവില്‍ ഏറ്റുമുട്ടുമ്പോള്‍ ലോകത്ത് അവതാരമെടുത്തതിന് കര്‍ത്താവ് പശ്ചാത്തപിക്കുന്നുണ്ടാവും. എന്തിന്റെ പേരിലുള്ളതാണങ്കിലും തെരുവിലെ പടയൊരുക്കം ഒഴിവാക്കേണ്ടതായിരുന്നു. പക്ഷേ തങ്ങളുടെ ശക്തികാണിക്കാന്‍ ഇരുപക്ഷവും തയ്യാറായപ്പോള്‍ ഇല്ലാതായത് ക്രിസ്തുവിന്റെ അനുയായികള്‍ എന്നുള്ള പേരാണ്. രണ്ടു സഹോദരസഭകള്‍ പരസ്പരം ഏറ്റുമുട്ടുമ്പോള്‍ മറ്റു ക്രൈസ്തവ സഭകല്‍ മൌനം പാലിക്കുന്നത് അത് അവരുടെമാത്രം ആഭ്യന്തരപ്രശ്നം ആയതുകൊണ്ടാണ്. പൊതുജനങ്ങള്‍ക്ക് ഈ പോരാട്ടത്തില്‍ യാതൊരു താല്‌പര്യവും ഇല്ല എന്നുള്ളതുകൊണ്ട് മറ്റുള്ളവര്‍ക്ക് ഈ പോരാട്ടം കാണുമ്പോള്‍ ചുണ്ടില്‍ വിരിയുന്നത് പരിഹാസം ആണ്.
പള്ളിപിടിച്ചടക്കലും ശവം തടഞ്ഞു വയ്ക്കലും പള്ളിയിലുള്ള അടിയും മൃതശ്രീരം ഉപേക്ഷിക്കലും ഒക്കെ ഇന്നോ ഇന്നലയോ തുടങ്ങിയതല്ല. വര്‍ഷങ്ങളായി കുടിപ്പക കൊണ്ടുനടക്കുന്നവരെപ്പോലെ ഇടയ്ക്കിടയ്ക്ക് ഇങ്ങനെയുള്ള വാര്‍ത്തകള്‍ പലപ്പോഴും ഉണ്ടാകുന്നുണ്ട്. ഇതാണൊ ക്രിസ്തീയ സാക്ഷ്യം എന്ന് മൂന്നാമതൊരാള്‍ ചോദിച്ചാല്‍ ഞങ്ങളിങ്ങനെയൊക്കെയാണ് നിന്നോടാരുപറഞ്ഞു ഞങ്ങളേ നോക്കാന്‍ എന്ന് തിരിച്ചു ചോദിക്കേണ്ടതായി വരുന്ന ഗതികേടില്‍ എത്തിയിരിക്കുകയാണ് ഈ സഭകളില്‍ വിശ്വസിക്കുന്നവര്‍. പതിറ്റാണ്ടുകളായി തുടരുന്ന സഭാക്കേസിന്റെ ബാക്കിപത്രമാണ് ഇപ്പോള്‍ കാണുന്ന പ്രാര്‍ത്ഥനയും ഉപവാസവും വിശ്വാസ റാലിയും ഹര്‍ത്താലും മാര്‍ച്ചും ഒക്കെ. രണ്ടുപക്ഷവും തെരുവില്‍ പ്രാര്‍ത്ഥനായജ്ജം നടത്തുകയാണ്. രണ്ടു കൂട്ടരും തങ്ങളുടെ പക്ഷത്തിന്റെ വിജയത്തിനു വേണ്ടിയാണ് പ്രാര്‍ത്ഥിക്കുന്നത്. ഒരു കൂട്ടര്‍ പള്ളിയില്‍ കയറാനും മറുകൂട്ടര്‍ പള്‍ലി തങ്ങള്‍ക്ക് മാത്രം കയറാനും പ്രാര്‍ത്ഥിക്കുന്നു. ആരു വിജയിച്ചാലും തോല്‍ക്കുന്നത് ക്രിസ്തുതന്നെ ആയിരിക്കും. ഇവരുടെ രണ്ടുപേരുടേയും പ്രാര്‍ത്ഥന ദൈവത്തിനു കേള്‍ക്കാന്‍ പറ്റുമോ??? ഭൂമിയില്‍വച്ച് നിങ്ങളില്‍ രണ്ടുപേര്‍ യാചിക്കുന്ന ഏതു കാര്യത്തിലും ഐക്യമത്യപ്പെട്ടാല്‍, അത് സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവങ്കല്‍ നിന്ന് അവര്‍ക്ക് ലഭിക്കും (വി.മത്തായി 18:19) എന്നാണ് യേശു ക്രിസ്തു പറയുന്നത്. ഏതായാലും ഈ രണ്ടു സമുദായവും പ്രാര്‍ത്ഥിക്കുന്നത് മറ്റവന്‍ തോല്ക്കണം ഞാന്‍ ജയിക്കണം എന്നായിരിക്കുമല്ലോ? ഈ പ്രാര്‍ത്ഥന ദൈവത്തിനു എങ്ങനെ കേള്‍ക്കാന്‍ കഴിയും?????
കോലഞ്ചേരിപള്ളിയുടെ പേരില്‍ ഇപ്പോള്‍ ഏറ്റുമുട്ടൂന്നവര്‍ 2010 അവസാനത്തില്‍ പരുമലപള്ളിയുടെ പേരിലാണ് തെരുവില്‍ ഏറ്റുമുട്ടിയത്. രണ്ടു കൂട്ടരും പ്രശ്നം തെരുവുകളീലേക്ക് അധികം വലിച്ചിഴയ്ക്കാതെ പ്രശ്നങ്ങള്‍ അവസാനിപ്പിച്ചിരുന്നു. എന്നാല്‍ കോലഞ്ചേരി തര്‍ക്കം ഇന്ന് കേരളത്തിലെ ക്രമസമാധനപ്രശ്നമായി മാറിയിരിക്കുന്നു. “സമാധാനമുണ്ടാക്കുന്നവര്‍ ഭാഗ്യവാന്മാര്‍,അവര്‍ ദൈവത്തിന്റെ പുത്രന്മാരെന്ന് വിളിക്കപ്പെടും”(വി.മത്തായി 5:9) എന്ന് യേശു ക്രിസ്തു ഗിരിപ്രഭാഷ്ണത്തില്‍ പറയുന്നുണ്ട്. സമാധാനം ഉണ്ടാക്കാന്‍ ആഹ്വാനം ചെയ്യുന്ന യേശുക്രിസ്തുവൈന്റെ അനുയായികള്‍ തന്നെ യാണ് ദൈവത്തിന്റെ ആലയത്തില്‍ ആരുകയറണം ആരു കയറേണ്ടാ എന്നും ദൈവത്തിനുള്ള ബലി ആര്‍ അര്‍പ്പിക്കണം ആര് അര്‍പ്പിക്കേണ്ടാ എന്നും പറഞ്ഞ് സമാധാനം ഇല്ലാതാക്കുന്നത് !!!! പരസ്പരം വിദ്വേഷം ഉണ്ടാക്കുന്ന സമാധാനം ആയിരുന്നോ ദൈവം നല്‍കിയത്? സമാധാനം ഞാന്‍ നിങ്ങള്‍ക്ക് തന്നേച്ചു പോകുന്നു. എന്റെ സമാധാനം ഞാന്‍ നിങ്ങള്‍ക്ക് തരുന്നു. ലോകം തരുന്നതുപോലെയക്ക ഞാന്‍ നിങ്ങള്‍ക്ക് തരുന്നത് (വി.യോഹന്നാന്‍ 14:27) എന്നാണ് യേശുക്രിസ്തുപറഞ്ഞത്. യേശുക്രിസ്തുവിന്റെ ജനനസമയത്ത് ദൈവ ദൂതന്മാര്‍ ഇപ്രകാരം പറഞ്ഞു “അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി.ഭൂമിയില്‍ മനുഷ്യര്‍ക്കു സമാധാനം”(ലൂക്കോസ് 2:14). യേശുക്രിസ്തുവിന്റെ ജനനത്തിലൂടെ ഭൂമിയിലെ മനുഷ്യര്‍ക്ക് കിട്ടി എന്ന് വിശ്വസിക്കുന്ന സമാധാനം ക്രിസ്തുവിന്റെ അനുയായികള്‍ തന്നെ ഭൂമിയിലെ മനുഷ്യരുടെ സമാധാനം ഇല്ലാതാക്കൂന്ന വിരോധാഭാസമല്ലേ ഇന്ന് കാണാന്‍ കഴിയുന്നത്???
നീതിയുടേയും ദൈവ ആരാധനയുടേയും പേരില്‍ തെരുവില്‍ പ്രാര്‍ത്ഥനയും ഉപവാസവും നടത്തുന്നവര്‍ ഈ വേദഭാഗം വായിച്ചിരുന്നിരിക്കണം. എനിക്ക് ഇഷ്ടമുള്ള നോമ്പും മനുഷ്യന്‍ ആത്മതപനം ചെയ്യുന്ന ദിവസവും ഇങ്ങനെയുള്ളതോ? തലയെ വേഴത്തെപ്പോലെ കുനിക്കുക, രറ്റ്ടും വെണ്ണീറും വിരിച്ച് കിടക്കുക, ഇതാകുന്നുവോ ഉപവസം? ഇതിനോ നീ നോമ്പെന്നും യഹോവയ്ക്ക് പ്രസാദമുള്ള ദിവസമെന്നും പറയുന്നത്? അന്യായ ബന്ധനങ്ങളേ അഴിക്കുക, നുകത്തിന്റെ അമിക്കയറുകളെ അഴിക്കുക, പീഡിതരെ സ്വതന്ത്രരായി വിട്ടയ്ക്കുക, എല്ലാനുകത്തേയും തകര്‍ക്കുക ഇതല്ലയോ എനിക്ക് ഇഷ്ടമുള്ള ഉപവാസം? വിശപ്പുള്ളവന് നിന്റെ അപ്പം നുറുക്കികൊടുക്കുന്നതും , അലഞ്ഞു നടക്കുന്ന സാധുക്കളെ നിന്റെ വീട്ടില്‍ ചേര്‍ത്തു കൊള്ളുന്നതും , നഗ്നനെ കണ്ടാല്‍ ഉടുപ്പിക്കുന്നതും , നിന്റെ മാംസരക്തങ്ങളായിരിക്കൂന്നവര്‍ക്ക് നിന്നെത്തന്നെ മറെയ്ക്കാതിരിക്കൂന്നതുമല്ലയോ (യെശയ്യാവ് 58 :5-7) .
ആരാധനാലയത്തിന്റെ പേരില്‍ ഇവിടെ പരസ്പരം പോരിടുന്നവര്‍ കേരളത്തിനു പുറത്ത് പലയിടങ്ങളിലും ഒരേ സ്ഥലത്ത് തങ്ങളുടെ ആരാധന നടത്തുന്നുണ്ട്. കേരളത്തിനു പുറത്ത് പരസ്പരം സ്നേഹിക്കുകയും കരുതുകയും ബഹുമാനിക്കുകയും ചെയ്യെന്നവര്‍ ഇവിടെ പിന്നെ എന്തിനാണ് പരസ്‌പരം ശണ്‌ഠകൂടുന്നത് ??? വിട്ടുവീഴ്ചയ്ക്ക് ആരും തയ്യാറാകാത്തത് എന്തുകൊണ്ടാണ്??? പരസ്പരം സ്നേഹിക്കാനും വിട്ടുവീഴചകള്‍ക്കും തയ്യാറാകാതെ നില്‍ക്കുന്നത് ദൈവീക സ്നേഹത്തിന്റെ പ്രതിഫലനം കൊണ്ടാണോ???
ഇങ്ങനെ സമരത്തിലൂടയും എതിര്‍പ്പുകളിലൂടയും ഭീക്ഷണികളിലൂടയും നേടിയെടുക്കുന്ന ആരാധനകൊണ്ട് ദൈവത്തെ സ്നേഹിക്കാന്‍ കഴിയുമോ??? ഇങ്ങനെ അര്‍പ്പിക്കുന്ന ബലി ദൈവത്തിന് സ്വീകാര്യം ആയിരിക്കുമോ??? ഗിരിപ്രഭാഷ്ണത്തില്‍ യേശുക്രിസ്തുപറയുന്നുണ്ട് , ആകയാല്‍ നിന്റെ വഴിപാടു യാഗപീഠത്തിങ്കല്‍ കൊണ്ടുവരുമ്പോള്‍ സഹോദരന്നു നിന്റെ നേരെ വല്ലതും ഉണ്ടെന്നു അവിടെവെച്ചു ഓര്‍മ്മവന്നാല്‍ നിന്റെ വഴിപാടു അവിടെ യാഗപീഠത്തിന്റെ മുമ്പില്‍ വെച്ചേച്ചു, ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊള്‍ക; പിന്നെ വന്നു നിന്റെ വഴിപാടു കഴിക്ക. (വി.മത്തായി 5:23,24).
തന്റെ പേരില്‍ ചേരിതിരിഞ്ഞ് തെരുവില്‍ മത്സരിക്കുന്നത് കാണുമ്പോള്‍ കര്‍ത്താവ് തന്നെ പരിതപിക്കുന്നുണ്ടാവും. “പിതാവേ , ഇവര്‍ ചെയ്യുന്നത് ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോട് ക്ഷമിക്കേണമേ (വി.ലൂക്കോസ് 23:34)
വിശുദ്ധ വേദപുസ്ത്കത്തില്‍ യേശുക്രിസ്തു കരഞ്ഞതായി രണ്ട് സന്ദര്‍ഭങ്ങളില്‍ പറയുന്നുണ്ട്. അതിലൊന്ന് യെരുശലേമിനെ നോക്കിയാണ്. സമാധാനത്തിന്റെ വഴി എന്താണന്ന് അറിയാത്ത യരുശലേംമിനെ നോക്കി യേശുക്രിസ്തുകരയുന്നു. “അവന്‍ നഗരത്തിനു സമീപിച്ചപ്പോള്‍ അതിനെ കണ്ടു അതീനെക്കുറിച്ചു കരഞ്ഞു: ഈ നാളില്‍ നിന്റെ സമാധാനത്തിനുള്ളതു നീയും അറിഞ്ഞു എങ്കില്‍ കൊള്ളായിരുന്നു”(ലൂക്കോസ് 19:41,42). മനുഷ്യന്റെ സഹകരണത്തിലൂടയും വിട്ടുവീഴ്ചകളിലൂടയും മാത്രമേ സമാധാനം ഉണ്ടാവുകയുള്ളൂ. തന്റെ ജനനത്തിലൂടെ മനുഷ്യന് സമാധാനം നല്‍കിയ ക്രിസ്തു ഇപ്പോള്‍ തന്റെ അനുയായികളെ ഓര്‍ത്തു കരയുന്നുണ്ടാവും. ഭൂമിയില്‍ തന്റെ പേരില്‍ ചെയ്യുന്ന വേലകള്‍ കാണാനാവാതെ ദൈവം സ്വര്‍ഗ്ഗത്തിന്റെ കിളിവാതില്‍ അടച്ചിട്ടൂണ്ടാവും....
ചിത്രം :: http://scoopindia.com/list_cartoons.php
:: ഈ പോസ്റ്റില്‍ കോടതി വിധികളെക്കുറിച്ചോ സഭാചരിത്രത്തയോ സഭാകേസുകളെക്കുറിച്ചോ പരാമര്‍ശിച്ചിട്ടില്ല. സഭാപ്രശ്നം തെരുവില്‍ എത്തിക്കാതെ പരിഹരിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരാളുടെ ചിന്തകള്‍ മാത്രമാണിത്.