Sunday, June 5, 2011

ഹൈടെക് ഉപവാസങ്ങളും അരാഷ്‌ട്രീയതയും.

വീണ്ടും ഒരു ഉപവാസ നാടകത്തിന് ദുഃഖസാന്ദ്രമായ അന്ത്യം. സ്വന്തം അനുയായികളെ ചുറ്റിനും നിര്‍ത്തി ജനാധിപത്യ ഭാരതത്തിന്റെ പരിഛേദന എന്ന് സങ്കല്‍പ്പിച്ച് എന്തിനൊക്കയേ വേണ്ടി നടത്തിയ ഉപവാസ നാടകം അങ്ങനെ അര്‍ദ്ധരാത്രിയില്‍ പോലീസ് നടപടിയിലൂടേ അവസാനിപ്പിക്കേണ്ടി വന്ന ബാബ രാംദേവിന് കൈവിട്ട് പോയത് നേരത്തെ തയ്യാറാക്കിയ ഉപവാസ തിരക്കഥയിലെ നായക സ്ഥാനം. അണ്ണാഹാസരയ്ക്ക് കിട്ടിയ ജനപിന്തുണ കണ്ട് ഇറങ്ങിയ ബാബ രാം‌ദേവിന് നഷ്ടപ്പെട്ടത് സ്വന്തം മുഖം തന്നെ ആയിരുന്നു. ഇനിയും നഷ്ടപ്പെടാന്‍ പോകുന്നത് ഒരു പക്ഷേ അദ്ദേഹം തന്നെ കെട്ടി ഉയര്‍ത്തിയ തന്റെ സാമ്രാജ്യം ആയിരിക്കും. ആര്‍ക്കും ഒരാളെ എപ്പോഴും പറ്റിക്കാന്‍ പറ്റില്ലന്ന് പറയുന്നതുപോലെ ആയിരിക്കും ബാബയുടെ ഭാവികാലം. എനിക്ക് ഓര്‍മ്മ വരുന്നത് ഐ.പി.എല്‍ ചെയര്‍മാനായിരുന്ന ലളിത് മോഡിയുടെ ഇപ്പോശ്ഴത്തെ അവസ്ഥ ആണ്. പ്രസിദ്ധിയുടെ മുകളില്‍ നിന്ന് വീണ വീഴ്‌ച. താന്‍ കുഴിച്ച കുഴിയില്‍ വീണ ലളിത് മോഡിയുടെ അവസ്ഥയിലേക്കാണോ ബാബ രാം‌ദേവിന്റെ ഭാവിയും കടന്ന് പോകുന്നത് എന്നറിയാന്‍ കുറച്ചു ദിവസം കൂടി കാത്തിരിക്കേണ്ടി വരും. 
 
അഴിമതിയും  ഉപവാസങ്ങളും
അഴിമതി തടയാനുള്ള ലോക്‍പാല്‍ ബില്‍ ലോക്‍സഭയില്‍ അതരിപ്പിക്കണം എന്ന് ആവിശ്യപ്പെട്ടു കൊണ്ട് അണ്ണാഹസാരെ 2011 ഏപ്രില്‍ 5 ന് തുടങ്ങിയ ഉപവാസസമരം ഏപ്രില്‍ 9 ന് വിജയിച്ചതോടെ ഉപവാസം എന്ന സമരായുധം വീണ്ടും ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായി. നമ്മുടെ രാജ്യത്തെ മാധ്യമങ്ങള്‍ അണ്ണാഹസാരയുടെ ഉപവാസസമരത്തിന് പ്രത്യേക കവറേജ് നല്‍കുകയും സോഷ്യല്‍ മീഡിയാകളിലൂടെയും നേരിട്ടും ഉള്ള ജനങ്ങളുടെ ആവേശവും എല്ലാ കൂടി അണ്ണാഹസാരയുടെ സമരം കേന്ദ്രസര്‍ക്കാരിനെ ഭയപ്പെടുത്തി എന്നത് സത്യമാണ്. ജനവികാരം ഭയന്ന് സര്‍ക്കാ‍ര്‍ അണ്ണാഹസാരെ നിര്‍ദ്ദേശിച്ച നിര്‍ദ്ദേശങ്ങളും അദ്ദേഹം നിര്‍ദ്ദേശിച്ചവരേയും ചേര്‍ത്ത് ലോക്‍പാല്‍ ബില്ലിന്റെ നിര്‍ദ്ദേശങ്ങള്‍ ഉണ്ടാക്കാന്‍ തീരുമാനിക്കുകയും ചെയ്തു. അണ്ണാഹസാരെ നിര്‍ദ്ദേശിച്ചവരെ ലോക്‍പാല്‍ തയ്യാറാക്കുന്ന സമതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഒരു ജനധിപത്യരാജ്യത്ത് ഒരാള്‍ നിര്‍ദ്ദേശിക്കുന്ന എല്ലാവരേയും ഒരു പ്രധാന നിയമം ഉണ്ടാക്കാനുള്ള സമിതിയില്‍ ഉള്‍പ്പെടുത്തുക വഴി കേന്ദ്രസര്‍ക്കാര്‍ ചെയ്തത് ഒരു അസാധാരണ നടപടിയായിരുന്നു എന്നതില്‍ തര്‍ക്കം ഉണ്ടാകാന്‍ വഴിയില്ല. പക്ഷേ അണ്ണാഹാസരയുടെ സമരത്തിന് ഒരു ലക്ഷ്യം ഉണ്ടായിരുന്നു. ആ ലക്ഷ്യം ജനുവിന്‍ ആയിരുന്നതുകൊണ്ടായിരുന്നു അദ്ദേഹത്തിന് സമരത്തിന് സാര്‍വത്രിക പിന്തുണ ലഭിക്കുകയും ചെയ്തത്.

2ജി സ്‌പെക്ട്രം, ആദര്‍ശ് കുഭകോണം,ഗെയിംസ് അഴിമതി എന്നിവയിലെല്ലാം പെട്ട് മുഖം നഷ്ടപെട്ട കോണ്‍‌ഗ്രസ് നേതൃത്വം നല്‍കുന്ന യു‌പി‌എ സര്‍ക്കാര്‍ നേരിട്ട ഏറ്റവും വലിയ പരീക്ഷണമായിരുന്നു അണ്ണാഹസാരയുടെ ഉപവാസ സമരം. പക്ഷേ ആ സമരത്തിന് പരിഹാരംകണ്ടപ്പോള ജനാധിപത്യത്തിന്റെ ഭാഗമായ രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തി ഒരു തീരുമാനത്തില്‍ എത്താന്‍ ആ സര്‍ക്കാര്‍ ശ്രമിച്ചില്ല എന്നത് ഒരു വലിയ വീഴച തന്നെയാണ്. പിന്നീട് ലോക്പാന്‍ ബില്ലിനെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ ആവിശ്യപ്പെട്ടുകൊണ്ട് സര്‍ക്കാര്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് കത്ത് എഴുതിയപ്പോള്‍ അവര്‍ തങ്ങള്‍ക്ക് പറയനുള്ളത് ലോക്‍സഭയില്‍ വെച്ച് പറഞ്ഞോളാം എന്ന് പറഞ്ഞത് അതുകൊണ്ടാണ്.‍ ലോക്‍പാല്‍ ബില്ലിന് വേണ്ടിയുള്‍ല അണ്ണാഹാരയുടെ സമരം ഭാരതത്തിലെ ജനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തെ കൂടുതല്‍  ജനകീയനാക്കി എന്നതില്‍ സംശയം ഇല്ല.

മേധാ പട്‌കര്‍, ഇറോം ചാനു ശര്‍മ്മിള, അണ്ണാ ഹസാരെ, ബാബ രാംദേവ്
ഈ നാലു പേരേയും പൊതുവായി ബന്ധിപ്പിക്കുന്നത് ഉപവാസം എന്ന സമരായുധം ആണ്. ഈ നാലു പേരുടെ ഉപവാസത്തില്‍ വിജയം നേടാനായത് മേധാ പട്‌കര്‍‌ക്കും അണ്ണാ ഹസാരയ്ക്കും മാത്രം.
ഇറോം ചാനു ശര്‍മ്മിള പത്തുവര്‍ഷമായി തുടരുന്ന ഉപവാസം ഇന്ന് വാര്‍ത്ത അല്ലാതെ ആയിരിക്കുന്നു. മാധ്യമങ്ങളില്‍ നിന്ന് അവരുടെ ഉപവാസം ഇന്ന് അപ്രത്യക്ഷമായിരിക്കുന്നു. കാരണം മാധ്യമ മുതലാളിമാരുടെ കാഴ്ച്ചപ്പാടിലും ജനങ്ങളുടെ ഇടയിലും അവരുടെ വാര്‍ത്താമൂല്യം കുറഞ്ഞിരിക്കുന്നു.

മണിപ്പൂരില്‍ സൈന്യത്തിന്റെ പ്രത്യേക അധികാരം നല്‍കുന്ന നിയമം ഉപേക്ഷിക്കണമെന്ന് ആവിശ്യപ്പെട്ടുകൊണ്ട് 2001 നവംബര്‍ 2 ന് ആണ് അവര്‍ നിരാഹാരം സമരം തുടങ്ങിയത്. ഇത്രയും വര്‍ഷം ആയിട്ടും അവരുടെ സമരം ഏറ്റെടുക്കാന്‍ ഒരു സോഷ്യല്‍ മീഡിയായിലേയും ‘കണ്ണു തുറന്നിരിക്കുന്നവര്‍’ എത്തിയില്ല. അവരിപ്പോഴും മണിപ്പൂരിലെ ജനങ്ങള്‍ക്കായി പോരാടുന്നു. ഒരു പക്ഷേ ആ നിരാഹാരം അവസാനിക്കുന്നത് അവരുടെ മരണത്തോടെ മാത്രം ആയിരിക്കും.

മെയ് 20 മുതല്‍ ഒന്‍‌പതു ദിവസം മേധാ പട്കര്‍ നിരാഹാര സമരം നടത്തിയത് എത്ര പേര്‍ അറിഞ്ഞു.
എത്ര ചാനലുകളില്‍ ആ വാര്‍ത്ത ലൈവായി വന്നു? ഏതെങ്കിലും ചനലുകളീലെ ന്യുസ് അവറുകളില്‍ അവരുടെ നിരാഹാരം ചര്‍ച്ച ചെയ്തിട്ടുണ്ടോ? ഉണ്ടാവാന്‍ വഴിയില്ല. കാരണം അവരുടെ സമരം മുംബയിലെ ഖാറിലെ ഗോളിബാറിലെ ചേരിനിവാസികളെ അവരുടെ ഇടങ്ങളില്‍ നിന്ന് കുടിയൊഴിപ്പിക്കുന്നതിന് എതിരെ ആയിരുന്നു. തിളങ്ങുന്ന ഇന്ത്യയുടെ ചേരി പ്രശ്നം എങ്ങനെ ആയാലും നമ്മുടെ മാധ്യമങ്ങള്‍ക്ക് ഒന്നും ഇല്ലല്ലോ? കാരണം നഷ്ടപ്പെടൂന്നത് വെറും ഏഴാം കൂലി ചേരിയില്‍ കിടക്കൂന്നവനാണ്. മാധ്യമങ്ങള്‍ക്ക് പ്രശ്നം ഇന്ത്യയിലെ അഴിമതിയും കള്ളപ്പണവും മാത്രം ആണന്ന് തോന്നുന്നു. ഇന്നത്തെ മാധ്യമങ്ങളില്‍ പലതും പടുത്തുയര്‍ത്തിയത് ഈ കള്ളപ്പണം കൊണ്ടാണന്നുള്ളത് പരസ്യമായ രഹസ്യം മാത്രമല്ലേ????
 
ബാബാ രാംദേവും നിരാഹാരവും
അണ്ണാഹാസരയ്ക്ക് കിട്ടിയ ജനപ്രീതി കണ്ടു കൊണ്ടായിരിക്കണം ബാബാ രാംദേവ് എന്ന യോഗാചാര്യന്‍ ഉപവാസ സമരത്തിന് ഇറങ്ങിയത്. അണ്ണാഹസാരയെപ്പോലെ വെറും നിരാഹാരം കിടക്കാന്‍ അദ്ദേഹത്തിന് പറ്റാത്തതുകൊണ്ട് എല്ലാം ഹൈടൈക്ക് ആക്കി മാറ്റി. എയര്‍ കണ്ടീഷന്‍ ചെയത സമര പന്തല്‍, ഫാന്‍ തുടങ്ങി ഡല്‍ഹിയിലെ ചൂടേറ്റ് ഉപവാസം നടത്തി തളരാതിരിക്കാനുള്ള എല്ലാ സെറ്റപ്പും അദ്ദേഹം ഉണ്ടാക്കി. സ്വന്തം സ്തുതി ഗീതങ്ങള്‍ പാടാനായി അനുയായികളും സമര പന്തലില്‍ എത്തി. ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ നിരാഹാരം ഇരിക്കാനായി ബാബ ഡല്‍ഹിയില്‍ എത്തുന്നതും കാത്ത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മുഖം വികൃതമാക്കി ഇന്ത്യയിലെ നാലു മന്ത്രിമാര്‍ വിമാനത്താവളത്തില്‍ ചര്‍ച്ചയ്ക്കായി കാത്തു നിന്നു. ചര്‍ച്ച പരാജയമാണന്ന് പറഞ്ഞ് ബാബ നിരാഹാരം തുടങ്ങി.
 
ബാബാ രാംദേവിന്റെ ആവിശ്യങ്ങള്‍
ഇതാണ് ബാബ രാം ദേവിന്റെ ആവിശ്യങ്ങള്‍ (മനോരമയില്‍ നിന്ന്). 

ഈ ആവിശ്യങ്ങള്‍ പലതില്‍ നിന്നും അദ്ദേഹം സമയാസമയങ്ങളില്‍ നിന്ന് പിന്മാറി. ഇന്ത്യന്‍ ജനാധിപത്യത്തെ തന്നെ തകര്‍ക്കുന്ന ചില ആവിശ്യങ്ങള്‍ ഇതില്‍ കാണാം. ബാബാ രാം ദേവിന്റെ നിരാഹാരത്തെ പിന്തുണയ്ക്കുന്ന ബിജെപി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ കക്ഷികള്‍ ഈ ആവിശ്യങ്ങള്‍ എല്ലാം കണ്ടിട്ടാണോ സമരത്തെ പിന്തുണച്ചത്? സംസ്ഥാന ഗവണ്‍‌മെന്റ് തീരുമാനം എടുക്കേണ്ട കാര്യങ്ങളില്‍ പോലും കേന്ദ്ര സര്‍ക്കാരിനെ കൊണ്ട് സമ്മതിപ്പിക്കാന്‍ ബാബ രാം ദേവ് ശ്രമിച്ചു എന്ന് മനസിലാക്കാന്‍ കഴിയും. ഒരു വ്യക്തി ശ്രമിച്ചാല്‍/ ഒരു വ്യക്തിയുടെ സമരം കൊണ്ട് മാറ്റാന്‍ പറ്റുന്നതാണോ ഇന്ത്യന്‍ ജനാധിപത്യവും സംസ്ഥാന സര്‍ക്കാരുകള്‍ഊടെ ഭരണാ നിര്‍വഹണവും. ബാബാ രാം  ദേവിന്റെ ആവിശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു എങ്കില്‍ ഇന്ത്യ അരാജകത്വ അവസ്ഥയിലേക്ക് പോകും എന്നതില്‍ സംശയം ഇല്ലായിരുന്നു.
 
ബാബാ രാംദേവിന്റെ ജീവ ചരിത്രം മാധ്യമങ്ങളില്‍ നിന്ന് നമ്മള്‍ മനസിലാക്കി. അയാള്‍ മുന്നോട്ടു വെച്ച പല ആവിശ്യങ്ങള്‍ക്ക് അയാള്‍ തന്നെ പാലിക്കാന്‍ ശ്രമിക്കുന്നില്ല എന്ന് നമുക്ക് മനസിലാക്കാന്‍ സാധിക്കും. പിന്നെ എന്തിന് അയാള്‍ ഇങ്ങനെ ഒരു ഹൈടെക്ക് സമരത്തിന് തയ്യാറായി.?സ്വന്തം രാഷ്ട്രീയ പാര്‍ട്ടുയുടെ മൈലേജ് കൂട്ടല്‍ എന്നതില്‍ കവിഞ്ഞ് ഈ നിരാഹാര/ഉപവാസ/യോഗ സമരത്തിന് ഒരു അര്‍ത്ഥവും ഇല്ല. 

ബി‌ജെപിയും ഉപവാസ സമര പിന്തുണയും
രാജ്യത്തെ മുഖ്യ പ്രതിപക്ഷമായ ബി‌ജെപി എന്തുകൊണ്ട് നേരിട്ട് അഴിമതിവിരുദ്ധ സമരത്തിന് നേതൃത്വം നല്‍കുന്നില്ല എന്നത് ഒരു ചോദ്യമാണ്. അണ്ണാഹസാരയുടേയും രാം ദേവിന്റേയും സമരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസിനെ പ്രതിരോധത്തില്‍ ആക്കുക എന്നതായിരുന്നു അവരുടെ തന്ത്രം. ബി‌ജെപി നേരിട്ട് ഈ സമരത്തില്‍ കടന്നു വെന്നാല്‍ കോണ്‍ഗ്രസ് ചില ചോദ്യങ്ങള്‍ ഉയര്‍ത്തുമെന്ന് അവര്‍ക്കറിയാം. ആ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ ബിജെപിക്ക് ഇപ്പോള്‍ ആവത്തില്ല. കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ചവരെ അടക്കാന്‍ വാങ്ങിയ ശവപ്പെട്ടിയുടെ അഴിമതിയില്‍ എന്ത് നടപടി എടുത്തു എന്ന് കോണ്‍ഗ്രസ് ചോദിക്കുമെന്ന് ഉറപ്പാണ്. പിന്തുണ പ്രഖ്യാപിച്ചും പിന്തുണ പിന്‍‌വലിച്ചും ജനധിപത്യത്തെ കളിയാക്കുന്ന കര്‍ണ്ണാടകയിലെ സര്‍ക്കാരിനേയും അവിടുത്തെ ഖനി അഴിമതികളെക്കുറിച്ചും ഉയര്‍ന്ന വരുന്ന ചോദ്യങ്ങള്‍ക്കും പറയന്‍ ഉത്തരം പറയാന്‍ ബിജെപിക്ക് കഴിയില്ല എന്നതുകൊണ്ടാണ് അവര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നത്.

എന്തുകൊണ്ട് ജനങ്ങള്‍ രാഷ്ട്രീയക്കാരെ കൈവിടുന്നു.
രാഷ്ട്രീയകാരിലുള്ള തങ്ങളുടെ വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടമായി കൊണ്ടിരിക്കുകയാണന്ന് മനസിലാക്കാന്‍ സാധീക്കും. അധികാരത്തിനു വേണ്ടി അവര്‍ എന്തും ചെയ്യും എന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു. അതുകൊണ്ട് ജനങ്ങള്‍ തങ്ങളുടെ രക്ഷകരായി മാധ്യമ പിന്തുണയോടെ   ഉയര്‍ന്നു വരുന്ന കോര്‍പ്പറേറ്റ് സ്പോണ്‍‌സേര്‍ഡ് ആളിനെ കാണുന്നു. നിങ്ങള്‍ക്കിയാളെ വിശ്വസിക്കാം ഇയാളാണ് രക്ഷകന്‍ എന്ന് മാധ്യമ ചര്‍ച്ചകളിലൂടെ തങ്ങള്‍ പിന്തുണയ്ക്കുന്ന ആളെ മാര്‍ക്കറ്റ് ചെയ്യാന്‍ കോര്‍പ്പറേറ്റ് (മാധ്യമ) ഭീകരന്മാര്‍ക്ക് കഴിയുകയും ചെയ്യുന്നു. ആളും അനക്കവും കാണുമ്പോള്‍ ജനങ്ങളും അയാളേ പിന്തുണയ്ക്കുന്നു. ചുമ്മാ അങ്ങ് പിന്തുണയ്ക്കുന്നു. മാധ്യമങ്ങള്‍ വിശകലനം ചെയ്ത് എല്ലാം ശരി എന്ന് ഉറപ്പിക്കുന്ന ആളെ ഇന്നത്തെ സമൂഹം അവിശ്വസിക്കത്തും ഇല്ല. അങ്ങനെയാണ് ആള്‍ ദൈവങ്ങള്‍, രക്ഷകരു സൃഷ്ടിക്കപ്പെടുന്നത്. രാഷ്ട്രീയം ചീയട്ടെ അവര്‍ എല്ലാം അഴിമതിക്കാര്‍ എന്നുള്ള ഒരു മിഥ്യാബോധം ജനങ്ങള്‍ക്കിടയില്‍ വളര്‍ത്തിയെടുക്കാന്‍ ഇത്തരം ആള്‍ക്കാര്‍ക്ക് മാധ്യമങ്ങളിലൂടെ കഴിയുകയും ചെയ്യുന്നു.

വ്യക്തിപൂജകള്‍ അരാഷ്ട്രീയ വാദത്തിലേക്കും അരാഷ്ട്രീയതിയിലേക്കും ആയിരിക്കും നയിക്കുന്നത്. ഇന്ത്യയിലെ നൂറു കോടി ജനങ്ങളുടെ പ്രതിനിധിയായി നിന്ന് ഒരാള്‍ തന്റെ അജണ്ട നടപ്പാക്കാന്‍ ഉപവാസത്തിലൂടയും നിരാഹാരത്തിലൂടയും ശ്രമിക്കുമ്പോള്‍ തല കുനിക്കുന്നത് പരിപാവനമായ ജനാധിപത്യമാണ്. ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ഇത്തരം വ്യക്തിപൂജ സ്പോണ്‍സേര്‍ഡ് സമരങ്ങളെ തകര്‍ക്കേണ്ടതുണ്ട്. ജനാധിപത്യ രാജ്യത്ത് ആര്‍ക്കും തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാമെങ്കിലും അതൊരിക്കലും ആ രാജ്യത്തിന്റെ അഖണ്ഡതയെ വെല്ലു വിളിച്ചു കൊണ്ട് ആവരുത്.


ചിത്രങ്ങള്‍ എടുത്തത്::

ഷര്‍മ്മിള  :: http://indianmilitarynews.files.wordpress.com/2011/04/irom-sharmila.jpg
അണ്ണാ ഹസാരേ : http://www.newsreporter.in/wp-content/uploads/2011/04/Anna-Hazare.jpg
രാം ദേവ് , മേധാ പടകര്‍ : http://in.news.yahoo.com

3 comments:

.. said...

വളരെ നല്ല ഒരു അവലോകനം,

വളരെ നന്നായി തോന്നി..

ബി ജെ പി എന്ത് കൊണ്ട് ഡയറക്റ്റ് സമരം നടത്തുന്നില്ല എന്നാ താങ്കളുടെ ചോദ്യം അതീവ പ്രസക്തം.

K.P.Sukumaran said...

വളരെ പ്രസക്തമായ ലേഖനം ഷിബൂ.. കാര്യങ്ങളെ അതിന്റെ ശരിയായ കോണിലൂടെ അവതരിപ്പിച്ചിരിക്കുന്നു. പ്രിന്റ് മീഡിയകളില്‍ ഈ ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടെങ്കില്‍ കമ്പ്യൂട്ടര്‍ വശമില്ലാത്ത സാധാരണക്കാരും വായിക്കുമായിരുന്നു...

ChethuVasu said...

ശക്തി എന്നത് ഭരണകൂടത്തിനു ജനങ്ങളുടെ മേല്‍ പ്രയോഗിക്കവുന്നതും , തിരിച്ചു വ്യക്തിക്ക് (ജനങ്ങള്‍ക്ക്‌ ) ഭരണകൂടത്തിനോട് പ്രയോഗിക്കാന്‍ പറ്റാത്ത ഒന്നാണ് എന്നും പറയുന്നതില്‍ അടിസ്ഥാനപരമായ ഒരു പ്രശ്നമുണ്ട് ..സ്വയം പ്രതിരോധിക്കുക എന്നതും അതിനുള്ള മാര്‍ഗ്ഗങ്ങള്‍ ശ്രുഷ്ടിക്കുക എന്നതും പൌരനു ആധുനിക രാഷ്ട്രം ഉറപ്പു നല്‍കുന്ന മാര്‍ഗ്ഗങ്ങള്‍ ആണ് .. തന്റെ പ്രവര്‍ത്തനം അഥവാ പ്രതി പ്രവര്‍ത്തനം നീതി പൂര്‍വ്വം ആണ് എന്ന് വരുകില്‍ ഒരു ആധുനിക കോടതിയില്‍ അത് നില നില്‍ക്കെണ്ടുന്നതാണ് .

ശക്തി ഉപയോഗിക്കുന്നുണ്ടോ എന്നതല്ല , അതില്‍ നീതിയുണ്ടോ എന്നതാണ് കാതല്‍ .. പൊതുവില്‍ സംഖടിക്കുമ്പോള്‍ ആളുകള്‍ ചേര്‍ത്ത് വക്കുന്നതു ശക്തി തന്നെ ആണ് .. അതും കായികമായ ശക്തി തന്നെ .. തങ്ങളുടെ ശക്തി തെളിയിക്കനല്ലേ എല്ലാ രാഷ്ട്രീയ പാര്‍ടികളും ജാഥ നടത്തുന്നതും മറ്റു കലാപരിപാടികള്‍ നടത്തുന്നതും ..

റാം ദേവ് ഒരു രാഷ്രീയക്കരാണോ ഒരു ബുദ്ധി ജീവിയോ ഒന്നുമല്ല ഏറ്റവും സുരക്ഷിതമായ വാക്കുകള്‍ മാത്രം ഉപയോഗിക്കാന്‍ .. ഹരിയാനയില്‍ ജനിച്ച ഒരു സാധാരണ മനുഷ്യന്‍ . പുള്ളി അറിയാവുന്ന ഭാഷ ഉപയോഗിക്കുന്നു .. ആളുകളെ സംഖ്ടിച്ചു എതിര്‍പ്പ് പ്രകടിപ്പിക്കും എന്നെ 'സൈന്യം' എന്നാ വാക്കിനെ കണക്കാക്കേണ്ടതുള്ളൂ ...അല്ലെങ്കില്‍ തന്നെ ഇവിടെ എല്ലാ രാഷ്ട്രീയ പാര്ടിക്ള്‍ക്കും സൈന്യങ്ങള്‍ തന്നെ അല്ലെ ഉള്ളത്