Wednesday, August 4, 2010

ശനി പിടിച്ച ഗാന്ധിപ്രതിമ

പത്തനംതിട്ടയിലെ സെന്‍‌ട്രല്‍ ജംഗക്ഷനില്‍ 2003 മുതല്‍ ഗാന്ധിപ്രതിമയുണ്ട്. അന്നുമുതല്‍ ഇന്നുവരെപത്തനംതിട്ടയിലെ ഒട്ടുമിക്ക സമരങ്ങള്‍ തുടങ്ങുകയോ അവസാനിക്കുകയോ ചെയ്യുന്നത് ഈ ഗാന്ധിപ്രതിമയുടേ ചുവട്ടിലാണ്. ഏതായാലും 2009 ഏപ്രില്‍ 14 മുതല്‍ ഗാന്ധിപ്രതിമയ്ക്ക് അത്രയ്ക്ക് നല്ല കാലം അല്ലായിരുന്നു. 2010 ജൂലൈ 11 ആം തീയതിയോടെ ഗാന്ധിപ്രതിമയുടെ ദുരന്തം പൂര്‍ണ്ണമായി. ജൂലൈ 11 രാത്രിയില്‍ ലോറി ഇടിച്ചതോടെ(ഇടിപ്പിച്ചതോ?) പ്രതിമ നിന്ന പ്ലാറ്റ്ഫോം തകരുകയും പ്രതിമയ്ക്ക് സാരമായ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ഇപ്പോള്‍ ഈ കൈകള്‍ നഷ്ടപ്പെട്ട ഗാന്ധിപ്രതിമയെ ഒരു നീല ടാര്‍പ്പാ കൊണ്ട് പൊതിഞ്ഞ് സെന്‍‌ട്രല്‍ ജംഗക്ഷനില്‍ തന്നെ വച്ചിട്ടൂണ്ട്. എന്തിനാണ് ഈ പ്രതിമ ഇവിടെതന്നെ ഇങ്ങനെ വച്ചിരിക്കുന്നതന്ന് അറിയില്ല.

2009 ഏപ്രില്‍ 14 നാണ് ലോക്സഭാതിരഞ്ഞെടുപ്പോട് അനുബന്ധിച്ച് നടന്ന് കൊട്ടിക്കലാശത്തില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ ഫ്ലക്സുകളും കൊടികളും ഉയര്‍ത്തിയ തടികഷ്ണങ്ങള്‍ കൊണ്ട് പുറം പൊളിഞ്ഞ ഗാന്ധിപ്രതിമയുടെ പുനര്‍‌നിര്‍മ്മാണത്തിന് നേരെ രാഷ്ട്രീയപാര്‍ട്ടികല്‍ മുഖം തിരിച്ചു എങ്കിലും പ്രതിമസ്ഥാപിച്ച ജേസിസ് തന്നെ പുനര്‍നിര്‍മ്മാണത്തിനുള്ള ചിലവ് വഹിക്കുകയും പ്രതിമയുടെ കേടുപാടുകള്‍ പരിഹരിക്കുകയും ചെയ്തിരുന്നു. (ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടികളുടെ കൊടിമരത്തിന് എതെങ്കിലും കേടുപാടുകള്‍ സംഭവിച്ചായിരുന്നെങ്കില്‍ വമ്പിച്ച പ്രതിഷേധയോഗം നടത്തി കൊടിമര പുനര്‍നിര്‍മ്മാണത്തിനുള്ള ഫണ്ട് പിരിവ് അവര്‍ കെങ്കേമം ആക്കിയേനെ. സ്വന്തമായി ഒരു വടിയല്ലാതെ കൊടിയില്ലാത്ത ഗാന്ധിജിക്ക് എന്ത് സംഭവിച്ചാലും എന്ത്???)

പുറം തിരിച്ച് കിട്ടിയ ഗാന്ധിജിക്ക് പിന്നീടും നിക്കപ്പൊറുതി ഉണ്ടായിട്ടില്ല. പത്തനംതിട്ടയില്‍ എന്തെങ്കിലും ഒരു പരിപാടി നടന്നാല്‍ അതിന്റെ ഫ്ലക്സ് ഗാന്ധിപ്രതിമയില്‍ കെട്ടിവച്ചില്ലങ്കില്‍ എന്തോ ഒരു പോരായ്മായായി പല സംഘാടകര്‍ക്കും തോന്നുകയും ചെയ്തതിന്റെ ഫലമായി ഗാന്ധിപ്രതിമ ഫ്ലക്സ് താങ്ങിയായി രൂപാന്തരപെട്ട് തുടങ്ങിയപ്പോള്‍ ജില്ലാഭരണകൂടം രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിക്കുകയും ഗാന്ധിപ്രതിമയില്‍ ഫ്ലക്സോ കൊടികളോ കെട്ടുകയില്ലന്ന് ഗാന്ധിയെ പിടിച്ച് പാര്‍ട്ടികള്‍ സത്യം ചെയ്തു. പിന്നീട് വലിയ പ്രശ്നങ്ങള്‍ ഇല്ലാതെ മുന്നോട്ട് പോകുമ്പോഴാണ് കഷ്ടകാലം ലോറിയുടെ രൂപത്തില്‍ ഗാന്ധിപ്രതിമയില്‍ വന്നിടിച്ചത്. അതോടെ പ്രതിമയെ റോഡിലേക്ക് ഇറക്കിവച്ച് ടാര്‍പ്പാകൊണ്ട് മൂടുകയും പ്ലാറ്റ്ഫോം വീണ്ടും പണിയാനും തുടങ്ങി. ഒരു പ്രധാന പ്രശ്നം എന്താണന്ന് വച്ചാല്‍ ലോറി വന്ന് ഇടിച്ചതോടെ പ്രതിമയുടെ പലഭാഗങ്ങളും അടരുകയും പൊട്ടുകയും ചെയ്തു. ഈ പ്രതിമകളെക്കുറിച്ചൊക്കെ അറിയാവുന്നവര്‍ പറയുന്നത് ലോറിയുടെ ഇടികിട്ടിയ ഗാന്ധിപ്രതിമ ഇനി അവിടെ വയ്ക്കാന്‍ കൊള്ളില്ലാന്നാണ്. ഈ ഗാന്ധിപ്രതിമ വയ്ക്കാന്‍ കൊള്ളില്ലങ്കില്‍ പിന്നെന്തിനാണ് പ്രതിമയെ ടാര്‍പ്പാ പൊതിഞ്ഞ് വച്ചിരിക്കുന്നതന്ന് മനസിലായിട്ടില്ല. എല്ലാവരും ഗാന്ധി പ്രതിമ കണ്ടോട്ടെ എന്നാണങ്കില്‍ ആ ടാര്‍പ്പാളിന്‍ മാറ്റിയിട്ട് വയ്ക്കാമായിരുന്നു.അങ്ങനെയായിരുന്നെങ്കില്‍ നമ്മള്‍ ഗാന്ധിപ്രതിമയോട് എന്തെല്ലാം ചെയ്തിട്ടുണ്ടന്ന് നമുക്കൊന്ന് അടുത്തറിയുകയും ചെയ്യാമായിരുന്നു.

കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിനു ശേഷം എടുത്ത ഗാന്ധിപ്രതിമയുടെ ചിത്രങ്ങള്‍

പുറം പോയ ഗാന്ധിജി : 2009 ഏപ്രിലില്‍ എടുത്ത ചിത്രം2010 ജനുവരി ഒന്നിന് എടുത്ത ചിത്രം
ഗാന്ധിയുടെ വടിയില്‍ ആരോ ഒരു കൊടി കെട്ടിവച്ചിരിക്കുന്നു

ഇങ്ങനെയൊക്കെയാണ് നമ്മള്‍ ഗാന്ധി പ്രതിമയോട് ചെയ്യുന്നത്

2010 ആഗസ്റ്റ് ന് എടുത്ത ഗാന്ധിപ്രതിമയുടെ ചിത്രം

ഇപ്പോള്‍ പ്രതിമ ഇങ്ങനെ ടാര്‍പ്പാളിന്‍ ഇട്ട് കെട്ടിവച്ചിരിക്കുകയാണ്. കൈവരികള്‍ ഒന്നും ഇല്ലാത്ത ഈ ഗാന്ധിപ്രതിമയെ ചുറ്റിയാണ് സെന്‍‌ട്രല്‍ ജംഗക്ഷനില്‍ യു ടേണ്‍ എടുക്കുന്നത്.

പത്തനംതിട്ടയിലെ ഗാന്ധിപ്രതിമയെ സംബന്ധിച്ച മറ്റ് പോസ്റ്റുകള്‍ ഇവിടെ വായിക്കാം..

http://shibu1.blogspot.com/search/label/ഗാന്ധിജി

4 comments:

ഒരു യാത്രികന്‍ said...

കഷ്ടം...എത്ര മനോഹരമായ തന്തയില്ലായ്ക.പ്രതിഷേധിക്കുന്നു.......സസ്നേഹം

ഒരു യാത്രികന്‍ said...
This comment has been removed by the author.
shaji.k said...

എന്ത് പറയാന്‍,മലയാളിക്കെന്തു ഗാന്ധി ഏതു ഗാന്ധി !!

chithrakaran:ചിത്രകാരന്‍ said...

ഗാന്ധി പ്രതിമയുടെ ഭൌതീകശരീരം......!!!