Saturday, August 28, 2010

തിരുവതാം‌കോട് അരപ്പള്ളി

എഡി 63 ല്‍ മാര്‍ത്തോമ്മാശ്ലീഹായാല്‍ സ്ഥാപിക്കപെട്ടതാണ് തിരുവതാം‌കോട് അരപ്പള്ളി. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ തക്കല ജംഗ്‌ഷനില്‍ നിന്നും രണ്ട് കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ തിരുവതാം‌കോട് അരപ്പള്ളി എന്നറിയപ്പെടുന്ന സെന്റ്‌ മേരീസ് ദേവാലയത്തില്‍ എത്താം.
:: പേരിനു പിന്നില്‍ ::
‘അരപ്പള്ളി’ എന്ന് വിളിക്കുന്നതുകൊണ്ട് ഇത് ഒരു പകുതിപ്പള്ളിയാണ് എന്ന് ധരിക്കരുത്. ആദ്യനോട്ടത്തില്‍ ഒരമ്പലത്തിന്റെ പ്രതീതിയുണ്ടാക്കുന്ന ഈ ദേവാലയം മറ്റു ആരാധനാലയങ്ങളേ അപേക്ഷിച്ച് ചെറുതാണ്. 25 അടി നീളവും 16 അടി വീതിയും 10 അടി ഉയരവും മാത്രം ഉണ്ടായിരുന്ന ഈ ദേവാലയം ഒരു പൂര്‍ണ്ണ ദേവാലയം തന്നെയാണ്. ‘അരപ്പള്ളി’ എന്ന് ഈ പള്ളിയെ വിളിക്കുന്നത് ആദരപൂര്‍വ്വം ആണ്. ‘അര’ എന്ന ശബ്ദ്ദം പകുതി എന്നല്ല രാജകീയം എന്ന അര്‍ത്ഥത്തില്‍ വേണം മനസിലാക്കാന്‍. അരസന്‍(അരചന്‍) എന്ന ദ്രാവിഡ പദത്തിന്റെ അര്‍ത്ഥം രാജാവ് എന്നാണ്. രാജാവിന്റെ സഹായത്തോടെ രാജാവിന്റെ പ്രത്യേക പരിഗണനയില്‍ പണിതീര്‍ത്ത പള്ളിയായതുകൊണ്ടാണ് ഈ പള്ളിക്ക് അരപ്പള്ളി എന്ന പേര് കിട്ടിയത്. കന്യകമാറിയാമിന്റെ പേരിലാണ് ഈ പള്ളി സ്ഥാപിക്കപെട്ടിരിക്കുന്നത്.

:: പള്ളി ::
പള്ളി നിര്‍മ്മിച്ചിരിക്കുന്നത് കരിങ്കല്‍ ഭിത്തികള്‍ കൊണ്ടാണ്. ഈ പള്ളിയുടെ മേല്‍ക്കൂര കരിങ്കല്‍ പാളികള്‍ കൊണ്ടായിരുന്നു നിര്‍മ്മിച്ചിരുന്നത്. പള്ളിയുടെ മുന്‍‌വാതിലിന് 5.5 അടി ഉയരവും 2.5 അടി വീതിയും ഉണ്ട്. പോര്‍ച്ചിഗീസുകാര്‍ സംഭാവന ചെയ്ത പ്രാര്‍ത്ഥനാ പീഠവും ധൂപക്കുറ്റിയും ദേവാലയത്തില്‍ ഉണ്ട്. മരം കൊണ്ട് പണിതിട്ടുള്ള ഈ പ്രാര്‍ത്ഥനാ പീഠത്തിന്റെ വാതിലില്‍ താക്കോലേന്തി നില്‍ക്കുന്ന പത്രോസ് ശ്ലീഹായുടേയും സുവിശേഷത്തിന്റെ പ്രതീകമായ ചുഴറ്റിയ വാളേന്തിയ വി. പൌലോസ് ശ്ലീഹായുടേയും രൂപങ്ങള്‍ കൊത്തി വച്ചിട്ടുണ്ട്. പള്ളിയുടെ പഴമ നിലനിര്‍ത്തി ഹൈക്കലാഭാഗത്തും മുന്‍‌ഭാഗത്തും ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പള്ളിയുടെ ഉള്ളില്‍ , ഭിത്തിയില്‍ ഒരു കുരിശു രൂപം കൊത്തി വച്ചിട്ടുണ്ട്.

:: ഇവിടെ എത്തിച്ചേരാനുള്ള വഴി ::
തിരുവന്തപുരം നാഗര്‍‌കോവില്‍ വഴിയില്‍ അഴകിയ മണ്ഢപം സ്റ്റോപ്പില്‍ ഇറങ്ങിയാല്‍ പള്ളിയിലേക്ക് 2 കിലോ മീറ്റര്‍ ദൂരം. കുളച്ചല്‍, മണ്ടക്കാട് ബസുകള്‍ പള്ളിയുടെ സമീപത്തുകൂടിയാണ് പോകുന്നത്. പള്ളിയിലേക്ക് തിരുവന്തപുരത്ത് നിന്ന് 52 കിലോ മീറ്ററും നാഗര്‍ കോവിലില്‍ ഇന്ന് 25 കിലോമീറ്ററും ആണ് ദൂരം. ( തിരുവതാം‌കോടു നിന്ന് കന്യാകുമാരിക്ക് 37 കിലോമീറ്ററും പത്മനാഭപുരം കൊട്ടാരത്തിലേക്ക് 3.5 കിലോമീറ്റര്‍ ദൂരവുമാണ് ഉള്ളത്.)
പള്ളിയിലെ ഫോണ്‍ :: 04651-250219

കൂടുതല്‍ വിവരങ്ങള്‍ ഈ സൈറ്റില്‍ ഉണ്ട് :: http://www.stthomasinternationalpilgrimcentre.com/
:: പള്ളിയുടെ ചിത്രങ്ങള്‍ ::

റോഡില്‍ നിന്ന് പള്ളിയിലേക്കുള്ള കാഴ്ച

പള്ളിയിലേക്കുള്ള വാതില്‍
പള്ളിയുടെ മദ്ബഹ.. ഇതിന് രണ്ട് കിളിവാതിലുകള്‍ ഉണ്ട്

പോര്‍ച്ചിഗീസുകാര്‍ നല്‍കിയ പ്രാര്‍ത്ഥനാ പീഠം
പോര്‍ച്ചിഗീസുകാര്‍ നല്‍കിയ ധൂപക്കുറ്റി

പള്ളിയ്ക്കുള്ളിലെ മാമോദീസ തൊട്ടി

ഭിത്തിയില്‍ കൊത്തിയിരിക്കുന്ന കുരിശു രൂപം

മാര്‍ത്തോമ്മാശ്ലീഹായുടെ തിരുശേഷിപ്പ് പള്ളിയില്‍ സൂക്ഷിച്ചിരിക്കുന്ന പേടകം

പള്ളിയുടെ പ്രധാന വാതില്‍

പള്ളിയുടെ പ്രധാന വാതില്‍