Wednesday, May 5, 2010

കാല്‍നടക്കാര്‍ക്കും റിഫ്ലകറ്റര്‍

അവസാനം നമ്മുടെ റോഡ് സുരക്ഷാ അതോറിറ്റി അത് കണ്ടു പിടിച്ചു. ഇരു ചക്രവാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതിന്റെ കാരണം അവര്‍ കണ്ടെത്തി. വലിയ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ ഇരു ചക്രവാഹനങ്ങള്‍ കാണാത്തതു കൊണ്ടാണ് അപകടം സംഭവിക്കുന്നത്. അതുകൊണ്ട് ഇരുചക്രവാഹനങ്ങള്‍ പകലും ഹെഡ്‌ലൈറ്റ് ഇട്ടുകൊണ്ട് ഓടിക്കണം. റോഡ് സുരക്ഷാ അതോറിറ്റി ഇത് ചുമ്മാ അങ്ങ് പറയുയായിരുന്നു എന്ന് കരുതരുത്. പകല്‍ സമയത്ത് ഹെഡ്‌ലൈറ്റ് ഇട്ടുകൊണ്ട് യാത്ര ചെയ്യുന്നത് അപകട സാധ്യത് കുറയ്ക്കും എന്നുള്ള പഠനറിപ്പോര്‍ട്ടു കളുടെ അടിസ്ഥാനത്തിലാണത്രെ ഈ നിര്‍ദ്ദേശം. ആര് എപ്പോള്‍ എവിടെ വച്ച് എന്ന് എങ്ങനെ പഠിച്ചു എന്നൊന്നും ചോദിക്കരുത്. അതൊക്കെ പഠിച്ചു എന്നു മാത്രം. അല്ലങ്കില്‍ തന്നെ ഇവിടെ എല്ലാവരും എല്ലാം പഠിച്ചിട്ടാണോ പഠനറിപ്പോര്‍ട്ട് ഉണ്ടാക്കുന്നത്?

വലിയ വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ചെറിയ വാഹനങ്ങള്‍ കാണാന്‍ കണ്ണ്കാണില്ലേ എന്നുള്ള ചോദ്യം ഇവിടെ അപ്രശ്സതമായി കഴിഞ്ഞു.കാരണം ഹെഡ് ലൈറ്റ് ഉണ്ടങ്കില്‍ അവര്‍ക്ക് പെട്ടന്ന് ഇരു ചക്രവാഹനങ്ങള്‍ കാണാമത്രെ!! കാല്‍‌നടക്കാരുടെ ദേഹത്ത് വലിയ വാഹനങ്ങള്‍ പാഞ്ഞു കയറി അവര്‍ കൊല്ലപ്പെടുന്ന വാര്‍ത്തകള്‍ നമ്മള്‍ വായിച്ചിട്ടുണ്ടങ്കിലും റോഡ് സുരക്ഷാ അതോറിറ്റിയിലെ പഠനക്കാരും പരീക്ഷണ തലപരരും അതൊന്നും വായിച്ചിട്ടുണ്ടാവില്ല. അതവര്‍ വായിക്കാതിരിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം. ഇനി അവര്‍ അത് വായിക്കുകയോ മറ്റോ ചെയ്താല്‍ നമ്മള്‍ കുടുങ്ങും. വലിയ വാഹനങ്ങളുടെ ഡ്രൈവര്‍ മാരുടെ ശ്രദ്ധയില്‍ പെടാന്‍ വേണ്ടി കാല്‍‌നടക്കാര്‍ ടോര്‍ച്ച് കത്തിച്ചോ ചൂട്ടുകത്തിച്ചോ നടക്കണമെന്നൊക്കെയുള്ള പഠനം അവരങ്ങ് നടത്തിക്കളയും. പണ്ടുള്ളവര്‍ ചൂട്ടുകത്തിച്ച് രാത്രിയില്‍ നടന്നതുപോലെ നമ്മള്‍ പകല്‍ ചൂട്ടോക്കെ കത്തിച്ച് നടക്കുന്നതൊന്ന് ആലോചിച്ച് നോക്കിയേ!!

ഡ്രൈവര്‍മാരുടെ കാഴ്ച ശക്തിയൊക്കെ പരീക്ഷിച്ചിട്ടാണ് അവര്‍ക്ക് ലൈസന്‍സ് കൊടുക്കുന്നത് എന്ന് സുരക്ഷാക്കാര്‍ക്ക് അറിയില്ലന്നുണ്ടോ ?അപ്രതീക്ഷിതമായ ചലനങ്ങള്‍ റോഡില്‍ പ്രതീക്ഷിച്ചു കൊണ്ടായിരിക്കണം വണ്ടി ഓടിക്കേണ്ടത് എന്ന് ഡൈവിംങ്ങ് പഠിപ്പിക്കുമ്പോള്‍ എല്ലാ ആശാന്മാരും പറഞ്ഞു കൊടുക്കാറുണ്ട്. റോഡിലെ വാഹനങ്ങള്‍ വലുതോ ചെറുതോ ആയിക്കൊള്ളട്ടെ അത് കാണാന്‍ കഴിയുന്നില്ലങ്കില്‍ പിന്നെ എങ്ങനെയാണ് വാഹനം ഓടിക്കുന്നത്. റോദിലെ ചെറിയ വാഹനങ്ങള്‍ കാണാതിരിക്കുന്നതുകൊണ്ടല്ല നമ്മുടെ റോഡില്‍ അപകടങ്ങള്‍ ഉണ്ടാകുന്നത്. അല്ലങ്കില്‍ തന്നെ നട്ടുച്ച നേരത്ത് സൂര്യന്‍ കത്തി നില്‍ക്കുമ്പോള്‍ ഇരു ചക്രവാഹനങ്ങളുടെ വെട്ടം വലിയ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് കാണാന്‍ കഴിയുമോ? ഈ പഠനക്കാര്‍ ഇടവപ്പതിക്കോ മറ്റോ ആണോ പഠനം നടത്തിയത്. കോരിച്ചൊഴിയുന്ന മഴയത്ത് ഹെഡ് ലൈറ്റ് ഇടാതെ യാത്ര ചെയ്യുന്നത് ബുദ്ധിമുട്ടാണ്. ഇടവപ്പാതിക്ക് നടത്തിയ പഠന റിപ്പോര്‍ട്ട് ഇപ്പോള്‍ ആയിരിക്കും കൊടുത്തത്. വേനല്‍ ദുരന്തം കാണാന്‍ കേന്ദ്രസംഘം ഇടവമാസത്തില്‍ വരുന്നതുപോലെ...

നമ്മുടെ നാട്ടില്‍ ഇങ്ങനെ ഇടയ്ക്കിടയ്ക്ക് ഓരോരോ പഠനവും പരീക്ഷണങ്ങളും പതിവായതുകൊണ്ട് ഈ പഠനങ്ങളൊന്നും വലിയ കാര്യമാക്കേണ്ടതില്ല.പണ്ട് ഒരു ബസ് അപകടത്തില്‍ പെട്ട് കത്തി സ്ത്രികള്‍ മരിച്ചതിനെ തുടര്‍ന്ന് സ്ത്രികളുടെ സീറ്റ് ബസിന്റെ പുറകുവശത്തേക്ക് മാറ്റി തങ്ങളുടെ ബുദ്ധി പ്രകടിപ്പിച്ച ആളുകള്‍ നിറഞ്ഞ നാടാണ് നമ്മുടെ കേരളം. ബസ് അപകടങ്ങളില്‍ പെട്ടാല്‍ പുരുഷന്മാര്‍ മുന്‍‌വശത്ത് ഉള്ളതുകൊണ്ട് അവര്‍ രക്ഷപെടുമന്നോ അതോ അപകടങ്ങളില്‍ പുരുഷന്മാര്‍ മരിച്ചാല്‍ കുഴപ്പമില്ല എന്നതായിരുന്നോ ആ ബുദ്ധി എന്ന് അറിയാന്‍ ഇപ്പോള്‍ മാര്‍ഗ്ഗമൊന്നും ഇല്ല. എങ്കിലും ആ ബുദ്ധിയുടെ സൃഷ്ടാക്കള്‍ക്ക് മുങ്കാല പ്രാബല്യത്തോടെ കൂടി ഒരായിരം അനുമോദനങ്ങള്‍. ഇത്തരം ബുദ്ധിയാണല്ലോ നമ്മുടെ നാടിന്റെ വളര്‍ച്ച പടവലങ്ങപോലെ ആക്കിത്തീര്‍ത്തത്.

റോഡ് സുരക്ഷാ അതോറിറ്റി യിലെ ആളുകള്‍ നമ്മുടെ റോഡില്‍ക്കൂടി സഞ്ചരിച്ചിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. അശാസ്ത്രീയമായ റോഡ് നിര്‍മ്മാണം ആണ് പല അപകടങ്ങള്‍ക്കും കാരണം എന്ന് മനസിലാക്കാന്‍ വിദേശത്ത് പോയി പഠിക്കേണ്ട കാര്യമൊന്നുമില്ല. പല റോഡുകളുടേയും വശങ്ങള്‍ ടാറിട്ട് ഭാഗത്തില്‍ നിന്ന് വളരെ താഴെയാണ്. ടാറിട്ട് ഭാഗങ്ങളുടെ മേല്‍ വീണ്ടും വീണ്ടും ടാറിടുമ്പോള്‍ ടാറിട്ട ഭാഗം ഉയരും. അതിനനുസരിച്ച് വശങ്ങള്‍ ഉയരത്തില്ലല്ലോ? വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുമ്പോള്‍ ഇരുചക്രവാഹനങ്ങള്‍ റോഡില്‍ നിന്ന് വശങ്ങളിലേക്ക് വീഴുകയും ചെയ്യുന്നു. റോഡ് അപകടങ്ങളുടെ കാരണം വാഹനങ്ങളുടെ അമിത വേഗത ആണന്നും അപകടങ്ങള്‍ ഇല്ലാതാക്കാന്‍ സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധമാക്കണമെന്നും പറഞ്ഞ് വലിയ വാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിച്ചു. എന്നിട്ടും നമ്മുടെ റോഡുകളില്‍ ബസുകളും ടിപ്പറുകളും മരണപ്പാച്ചില്‍ ആണ് നടത്തുന്നത്.

നമ്മുടെ നിരത്തുകളിലെ അപകടങ്ങളില്‍ അധികവും അശ്രദ്ധമായ ഓവര്‍ടേക്കിംങ്ങും അമിതവേഗതയും കൊണ്ടാണ്. നിലവാരമില്ലാത്ത റോഡുകളും അപകടത്തിന് കാരണമാണ്. റോഡിലെ മാന്‍‌ഹോളുകള്‍ക്കുള്ളില്‍ എത്രയ് ജീവിതങ്ങള്‍ പൊലിഞ്ഞു. റോഡിലെ കുഴികളില്‍ വീണ് എത്രയോ ഇരുചക്രവാഹനയാത്രികര്‍ അപകടത്തില്‍ പെട്ട് മരിക്കുകയോ പരിക്കെള്‍ക്കുകയോ ചെയ്തു. തുറന്നിട്ടിരിക്കുന്ന ഓടകളില്‍ വീണ് എത്രയോ ആളുകള്‍ക്ക് അപകടം സംഭവിച്ചു. ഇതൊന്നും നമ്മുടെ റോഡ് സുരക്ഷാ അതോറിറ്റി കാണുന്നില്ലേ?

കുറച്ചു കാലം മുമ്പുവരയും വാഹനങ്ങളുടെ ഹെഡ്‌ലൈറ്റിന്റെ നടുക്ക് കറുത്ത പൊട്ട് നിര്‍ബന്ധമായിരുന്നു. (പോലീസിന് പെറ്റിയടിക്കാനുള്ള ഒരു മാര്‍ഗ്ഗവും ആയിരുന്നു ഇത്.). പിന്നീട് ആ പൊട്ട് മാ‍ഞ്ഞു പോയി. രാത്രിയില്‍ എതിരെ വരുന്ന വാഹനം ഡിം അടിക്കാത്തതുകൊണ്ട് എത്രയോ വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നു. രാത്രിയില്‍ ഇരുചക്രവാഹങ്ങളുടെ മണ്ടയില്‍ കൊണ്ടിടിക്കുന്ന വലിയ വാഹങ്ങളുടെ ഡ്രൈവര്‍മാര്‍ ഇരുചക്രവാഹനങ്ങളെ കാണാതിരിക്കുന്നത് എങ്ങനെ? തങ്ങള്‍ ഇവിടെയുണ്ടേ എന്നറിയിക്കാന്‍ വേണ്ടി മണ്ടത്തരങ്ങള്‍ എഴുന്നെള്ളിക്കുന്ന അതോററ്റികള്‍ നമെക്കെന്തിനാണ് ????.....

::കുറച്ചു നാളുകള്‍ക്ക് ശേഷമുള്ള ഒരു പത്രവാര്‍ത്ത ::
തിരുവനന്തപുരം :: രാത്രിയില്‍ സഞ്ചരിക്കുന്നവര്‍ റിഫ്ലകറ്ററുകള്‍ ധരിച്ച് നടക്കണമെന്ന് റോഡ് സുരക്ഷാ അതോറിറ്റി യോഗം നിര്‍ദ്ദേശിച്ചു.വാഹനങ്ങളുടെ ഡ്രൈവര്‍മാരുടെ ശ്രദ്ധകിട്ടാന്‍ വേണ്ടിയാണ് റോഡിലൂടെ നടക്കുന്നവര്‍ റിഫ്ലകറ്ററുകള്‍ ധരിക്കേണ്ടത്. വൈകിട്ട് 6.30 മുതല്‍ രാവിലെ 6.30 വരെയാണ് കാല്‍നടക്കാര്‍ റിഫ്ലകറ്ററുകള്‍ ധരിച്ച് നടക്കേണ്ടത്. റിഫ്ലകറ്ററുകള്‍ ധരിച്ച് നടക്കുന്നത് അപകടസാധ്യത കുറയ്ക്കും എന്നുള്ള പഠനറിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദ്ദേശം. രാത്രിയില്‍ നടത്തിക്കൊണ്ടു പോകുന്ന ആനകള്‍ക്ക് റിഫ്ലകറ്ററുകള്‍ നിര്‍ബന്ധമാക്കിയതിനുശേഷം അപകടത്തില്‍ പെടുന്ന ആനകളുടെ എണ്ണം കുറഞ്ഞു എന്നുള്ള പഠനറിപ്പോര്‍ട്ടാണ് മനുഷ്യനും റിഫ്ലകറ്ററുകള്‍ നിര്‍ബന്ധമാക്കണം എന്നുള്ള പഠനത്തിന് ആധാരം. സബ്‌സിഡി നിരക്കില്‍ ജനങ്ങള്‍ക്ക് റിഫ്ലകറ്ററുകള്‍ വിതരണം ചെയ്യാനുള്ള ക്രമീകരണങ്ങള്‍ നടത്തുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. ഇനി മുതല്‍ റിഫ്ലകറ്ററുകള്‍ ധരിച്ച് നടക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് ട്രാഫിക് പോലീസ് 100രൂപാ ഫൈന്‍ അടിക്കുകയും ചെയ്യും.

5 comments:

ഷൈജൻ കാക്കര said...

ഇരു ചക്രവാഹനങ്ങൾ ഇടതുവശത്തുകൂടി മുന്നിൽ കയറുന്നത്‌ അപകടങ്ങളുണ്ടാക്കുന്നുണ്ട്‌. അത്‌ നിയന്ത്രിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

റോഡിൽ നിറുത്തുന്ന വണ്ടികൾ കൂടുതൽ അപകടം വിളിച്ചുവരുത്തുന്നു. ബസ്സുകൾ നിറുത്തുന്നതിന്‌ പ്രത്യേക സ്ഥലം നിർമ്മിക്കുക.

ഇതൊന്നും പരിഹരിക്കാതെ പകൽ സമയത്തും ഹെഡ്‌ലൈറ്റ് ഇട്ട്‌ ഇരുചക്രവാഹനം ഓടിക്കണം എന്ന്‌ നിർദ്ദേശിക്കുന്നവരുടെ തലയിൽ......

കാലം മാറിക്കൊണ്ടിരിക്കുന്നു, റോഡുകൾ സമ്പന്നർക്ക്‌ (വലിയ വാഹനങ്ങൾ) വേണ്ടിയുള്ളതാണ്‌... അവരുടെ സുഖയാത്രക്ക്‌ വേണ്ടി നിയമങ്ങൾ എഴുതിയുണ്ടാക്കുന്നു.

Ashly said...

ട്രാക്ക്‌

bright said...

There is a thing called Day time running lamps.

See this link...http://www.ibiblio.org/rdu/DRLs/studies.htm

mini//മിനി said...

സ്ത്രീകളുടെ ഇരിപ്പിടം ബസ്സിന്റെ പിറകുവശത്താക്കിയ കാലത്ത് ബസ്‌യാത്ര ചെയ്യാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. അപ്പോൾ കണ്ട പ്രത്യേക കാര്യം മുന്നിൽ നിൽക്കുന്ന പുരുഷന്മാരിൽ ചിലർ ബസ്സിന്റെ പിൻ‌വശത്ത് നോക്കിയായിരുന്നു കമ്പിയേൽ പിടിച്ച് നിന്നത്.
ഓരോ വീട്ടിലും മിനിമം മൂന്ന് വണ്ടിയെങ്കിലും വേണമെന്ന് പറയുന്ന മലയാളികൾ ഉള്ളപ്പോൾ കാൽനടക്കാർക്ക് മാത്രമായി റോഡ് വേറെ നിർമ്മിക്കുന്നതാണ് നല്ലത്.

അരുണ്‍ കരിമുട്ടം said...

::കുറച്ചു നാളുകള്‍ക്ക് ശേഷമുള്ള ഒരു പത്രവാര്‍ത്ത ::
തിരുവനന്തപുരം :: രാത്രിയില്‍ സഞ്ചരിക്കുന്നവര്‍ റിഫ്ലകറ്ററുകള്‍ ധരിച്ച് നടക്കണമെന്ന് റോഡ് സുരക്ഷാ അതോറിറ്റി യോഗം നിര്‍ദ്ദേശിച്ചു.

ഇനി പകല്‍ കാല്‍ നടക്കാര്‍ക്ക് ഹെഡ് ലൈറ്റ് വേണ്ടി വരുമോ??