Thursday, July 9, 2009

ഐറ്റി ലോകത്തെ കാണാക്കാഴ്ചകള്‍ 1

ഒരു സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ അല്ലങ്കില്‍ ഒരു സോഫ്റ്റ്വെയര്‍ പ്രോഗ്രാമര്‍ എന്ന് കേള്‍ക്കുമ്പോള്‍ നിങ്ങളുടെ മനസില്‍ എങ്ങനെയുള്ള ഒരാളുടെ രൂപമായിരിക്കും തെളിഞ്ഞു വരു ന്നത്. ഇന്‍‌ചെയ്ത് കഴുത്തില്‍ ഒരു ടൈയും കൈയ്യില്‍ ഒരു ലാപ്‌ടോപ്പുമായി കാറില്‍ അല്ലങ്കില്‍ കമ്പിനിയുടെ വണ്ടിയില്‍ കയറിപോകുന്ന ഒരാളായിരിക്കും നിങ്ങളുടെ മനസില്‍. മാസാദ്യം കിട്ടുന്ന അഞ്ചക്ക ശമ്പളവും ആഴ്ചാവസാ‍നം നടക്കുന്ന പാര്‍ട്ടികളില്‍ കൈകളില്‍ മദ്യവുമായി ഡാന്‍സ് ചെയ്യുന്ന രൂപവും നിങ്ങളുടെ മനസില്‍ തെളിഞ്ഞിട്ടുണ്ടാവും. എന്നാല്‍ ഇതുമാത്രമാണോ ഐറ്റി ലോകം?? നമ്മള്‍ സിനിമകളിലും കഥകളിലും കണ്ടിട്ടുള്ളവര്‍ മുകളില്‍ പറഞ്ഞവരായിരിക്കും. എന്നാല്‍ നമ്മള്‍ കണ്ടതും അറിഞ്ഞതും ഐറ്റി ലോകത്തെ ഒരു ന്യൂനപക്ഷത്തിന്റെ കഥകള്‍ മാത്രമാണ്.ന്യായമായ വേതനം ലഭിക്കാതെ ഐറ്റി പ്രൊഫഷണല്‍ എന്ന പേര് ഒരു ശാപമായി കൊണ്ടുനടക്കുന്ന ഒരായിരം ആളുകള്‍ നമ്മുടെ ഇടയില്‍ ഉണ്ട്. അവരുടെ കഥകളാണ് ഞാന്‍ പറയുന്നത്. കഥകള്‍ അല്ല ജീവിതം തന്നെ.



സോഫ്റ്റ്വെയര്‍ പ്രോഗ്രാമറെ ആവിശ്യമുണ്ട് എന്ന് പത്രത്തില്‍ പരസ്യം കണ്ടാണ് രഹ്‌ന കോഴിക്കോട്ടുനിന്ന് കോട്ടയത്ത് എത്തിയത്. പത്രത്തില്‍ പരസ്യത്തിന്റെ കൂടെ നല്‍കിയിരുന്ന ഫോണ്‍ നമ്പറിലേക്ക് അവള്‍ വിളിച്ചു. മോഹനമായ വാഗ്ദാനങ്ങള്‍ ആണ് കമ്പിനിയില്‍ നിന്ന് കിട്ടിയത്.മുന്‍ പരിചയം ഇല്ലാത്തതുകൊണ്ട് ആദ്യത്തെ മൂന്നുമാസംട്രെയിനിംങ്ങ് പിരീഡ് ആയിരിക്കും. ആ സമയത്ത് മൂവായിരം രൂപ നല്‍കും. അതിനുശേഷം ഓരോ മാസവും അഞ്ഞൂറ് രൂപാവച്ച് ഇങ്ക്രിമെന്റ്.ഈ കമ്പിനിയിലെ ജോലിക്കാരുടെ കുറഞ്ഞ ശമ്പളം പതിനായിരം രൂപ യാണന്നുകൂടി കമ്പിനിയില്‍ നിന്ന് അവളോട് പറഞ്ഞു. കമ്പിനിയുടെ വെബ് സൈറ്റില്‍ നോക്കിയ പ്പോള്‍ അവള്‍ക്ക് വിശ്വാസമായി. കമ്പിനി പ്രോജക്ടുകളിലധികവും ഫോറിന്‍ പ്രോജകടുകള്‍. ഇ‌ന്റ്വ്യു തീയതി ഉറപ്പിച്ച് ആ തീയതിയില്‍ രഹ്ന കോട്ടയത്ത് എത്തി.ജോലിയില്‍ കയറിയപ്പോള്‍ ഒന്നരവര്‍ഷത്തെ ബോണ്ട് ഒപ്പിട്ടുവാങ്ങി.സര്‍ട്ടിഫിക്കറ്റുകളും കമ്പിനി വാങ്ങി. ജോലി തുടങ്ങി യപ്പോള്‍ തന്നെ കാര്യങ്ങള്‍ നന്നായിട്ടല്ല എന്ന് പോങ്ങുന്നതന്നവള്‍ക്ക് മനസിലായി.ഫോറിന്‍ പ്രോജ്‌കടുകള്‍ ഉണ്ടന്നും വിദേശത്ത് ഓഫീസുകള്‍ ഉണ്ടന്നൊക്കെ പറയുന്നത് കളവാണന്ന് അറി ഞ്ഞു.ആദ്യമാസത്തെ ശമ്പളം വാങ്ങാന്‍ ചെന്നപ്പോള്‍ അവിടയും നിരാശ.ഹോസ്‌റ്റലില്‍ നില്‍ക്കാ നുള്ള പണം മാത്രം അവള്‍ക്ക് നല്‍കി.അങ്ങനെ തട്ടിയും മുട്ടിയും ആറേഴ് മാ‍സം കഴിഞ്ഞ് അല്പം ഭീക്ഷണിയൊക്കെ മുഴക്കി അവള്‍ സര്‍ട്റ്റിഫിക്കറ്റ് വാങ്ങിനാട്ടിലേക്ക് മടങ്ങി.



വിദേശത്തുള്ള കമ്പിനിയുടെ കേരളത്തിലെ ബ്രാഞ്ചിലേക്ക് ആളുകളെ എടുക്കുന്നു എന്ന് പരസ്യം കണ്ടാണ് അവിനാശ് ബയോഡേറ്റാ അയച്ചു കൊടുത്തത്. പറഞ്ഞ സമയത്ത് ഇന്റ്‌ര്‍വ്യൂവിന് ചെന്നു.അവിനാശിന്റെ കഴിവില്‍ ഇന്റ്‌ര്‍വ്യു നടത്തിയവര്‍ തൃപ്തരായി. പക്ഷേ കമ്പിനിയില്‍ ജോലിവേണമെങ്കില്‍ അമ്പതിനായിരം രൂപാ സെക്യൂരിറ്റി ഡിപ്പോസിറ്റ് കൊടുക്കണം.കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും കമ്പിനിയില്‍ ജോലിചെയ്യണം. മാസം പതിനഞ്ചായിരം രൂപാ ശമ്പളവും കമ്പിനിയില്‍ നിന്ന് തിരിച്ചു പോരുമ്പോള്‍ ഡിപ്പോസിറ്റും തിരികെ നല്‍കും. ഒരു വര്‍ഷത്തിനുമുമ്പ് കമ്പിനിയില്‍ നിന്ന് പോവുകയാണങ്കില്‍ ഡിപ്പോസിറ്റ് തുകയുടെ പകുതി മാത്രമേ നല്‍കുകയുള്ളു. ഒരു വര്‍ഷം ജോലിചെയ്താല്‍ ഒന്നരലക്ഷം രൂപാകിട്ടുമല്ലോ എന്നുള്ള ചിന്തയില്‍ അവിനാശ് ഡിപ്പോസിറ്റ് നല്‍കി ജോലിയില്‍ കയറി. അവിനാശിനെപ്പോലെ ഒരുപാടാളുകള്‍ ജോലിക്ക് കയറിയിരുന്നു. നാലുമാസം ശമ്പളം കൃത്യമായി അക്കൌണ്ടിലേക്ക് കൃത്യമായി എത്തിക്കൊ ണ്ടിരുന്നു.പിന്നീട് ശമ്പളം മുടങ്ങി. ആരോടാണ് ശമ്പളം ചോദിക്കുന്നത്.? കമ്പിനിയുടമ പ്രോജക്ട് ആവിശ്യങ്ങള്‍ക്ക് വേണ്ടി ടൂറിലാണത്രെ. വാടക കൊടുക്കാതെ വന്നപ്പോള്‍ റെന്റിന് നല്‍കി യിരുന്ന കമ്പ്യൂട്ടര്‍ എടുക്കാന്‍ ആളുകള്‍ വന്നപ്പൊഴാണ് തങ്ങള്‍തട്ടിപ്പിന് ഇരയാവുകയായിരുന്നു വെന്ന് അവിനാശിനും കൂട്ടുകാര്‍ക്കും മനസിലായത്.



നമ്മുടെ കേരളത്തില്‍ നിന്നുമാത്രം അയ്യായിരത്തോളം കമ്പ്യൂട്ടര്‍ പ്രൊഫഷണലുകളാണ് എഞ്ചിനീയറിംഗ് കോളേജുകളില്‍ നിന്ന് പുറത്തിറങ്ങുന്നത്. കമ്പ്യൂട്ടര്‍പോസ്റ്റ്ഗ്രാജുവേഷന്‍കഴി ഞ്ഞും ആയിരത്തോളം കമ്പ്യൂട്ടര്‍ പ്രൊഫഷണലുകള്‍ ഓരോവര്‍ഷവും വെളിയില്‍ വരും. ഇങ്ങനെ ഇറങ്ങിവരുന്നവര്‍ക്കെല്ലാം മികച്ച തൊഴില്‍ ലഭിക്കുകയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഈ യാഥാര്‍ത്ഥ്യം ആണ് കമ്പ്യൂട്ടര്‍ പ്രൊഫഷണലുകളെ ചൂഷ്ണം ചെയ്യുന്നതിനുവേണ്ടി കമ്പിനി ഉടമസ്ഥര്‍ ഉപയോഗിക്കുന്നത്. തികച്ചും അസംഘടിതരായ തൊഴിലാളികള്‍ ആരാണന്ന് ചോദിച്ചാല്‍ ഇന്നത്തെ അവസ്ഥയില്‍ ഒരു ഉത്തരം മാത്രമേ ഉള്ളു, കമ്പ്യൂട്ടര്‍ പ്രൊഫഷണലുകള്‍!! തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ലൈംഗികതൊഴിലാളികള്‍ വരെ സംഘടനരൂപീകരിച്ച് പരസ്യമായി പ്രവര്‍ത്തിക്കുമ്പോള്‍ (രഹസ്യമായി പണ്ടെന്നോ രൂപം കൊണ്ട് ഒരു സംഘടന ഐറ്റി പ്രൊഫഷണലുകള്‍ക്ക് ഉണ്ടന്നുള്ള കാര്യം വിസ്‌മരിക്കുന്നില്ല..ഈ സംഘടനയെക്കുറുച്ചുള്ള കാര്യങ്ങള്‍ ഇപ്പോള്‍ എന്റെ ഓര്‍മ്മയില്‍ ഇല്ല)തൊഴില്‍ സ്ഥലത്തെ ചൂഷ്ണം ഏറ്റുവാങ്ങാന്‍ കമ്പ്യൂട്ടര്‍ പ്രൊഫഷണലുകള്‍ വിധിക്കപ്പെടുന്നു.



മാസം രണ്ടായിരം രൂപാ വാടക കൊടുത്താല്‍ കമ്പ്യൂട്ടര്‍ റെന്റിന് കിട്ടും. ഇങ്ങനെ ഒരു പത്ത കമ്പ്യൂട്ടര്‍ വാടകയ്ക്ക് എടുത്ത് ഒരു ഫര്‍ണിഷിംങ്ങ് റൂം സ്വന്തമായിട്ടുണ്ടങ്കില്‍ ആര്‍ക്കും ‘ഐറ്റി കമ്പിനി’ തുടങ്ങാം.പരസ്യം കൂടി നല്‍കിയാല്‍ പണം നല്‍കി ജോലിക്ക് കയറാന്‍ ആളും ഉണ്ടാവും. അവസാനം മൂന്നുമാസം കമ്പിനി നടത്തിയിട്ട് മുതലാളി മുങ്ങും. ടെക്‍നോപാര്‍ക്കില്‍ പോലും ഇങ്ങനെയുള്ള തട്ടിപ്പ് നടന്നു എങ്കില്‍ നമുക്ക് ഇത് ആലോചിക്കാവുന്നതേയുള്ളു. ഇന്ന് ഏറ്റവും കൂടുതല്‍ തട്ടിപ്പിന് ഇരയാകുന്നത്കമ്പ്യൂട്ടര്‍ പ്രൊഫഷണലുകളാണന്ന് തോന്നുന്നു. ‘കണ്‍‌സല്‍ട്ടന്‍സി’ കള്‍ വഴിയാണ് ഒട്ടുമിക്ക് പ്രൊഫഷണലുകളും തട്ടിപ്പിന് ഇരയാകുന്നത്.(അത് പിന്നീട് പറയാം).



കൊച്ചിയിലെ ഒരു കമ്പിനിയിലെ സോഫ്റ്റ്വെയര്‍ എഞ്ചിനീയറാണ് ജിനു. അഞ്ചക്കശമ്പളം കിട്ടിത്തുടങ്ങിയപ്പോള്‍ വിവാഹത്തെക്കുറിച്ച് ചിന്തിച്ചുത്തുടങ്ങി.വിവാഹം ഒക്കെഉറപ്പിച്ചു കല്യാണക്കുറിയൊക്കെ ഓഫീസില്‍ കൊടുത്തു എല്ലാവരേയും ക്ഷണിച്ചു . അന്ന് വൈകുന്നേരം മാനേജര്‍ ജിനുവിനെ ക്യാബിനിലേക്ക് വിളിച്ചു. വിശേഷങ്ങളൊക്കെ ചോദിച്ചിട്ട് മാനേജര്‍ അവസാനം അവനോട് പറഞ്ഞു.കമ്പിനിക്കിപ്പോള്‍ പഴയപോലെ വര്‍ക്കുകളൊന്നും കിട്ടുന്നില്ല അതുകൊണ്ട് അടുത്തമാസം മുതല്‍ സാലറിയില്‍ നാലായിരം രൂപ കുറവ് വരുത്തുകയാണ്. ഇങ്ങനെയാണ് പല കമ്പിനികളും.ഇപ്പോള്‍ സാലറികുറച്ചതിന്റെ പേരില്‍ ജിനു കമ്പിനിയില്‍ നിന്ന് പോയാല്‍ മറ്റൊരാളെ കിട്ടുമന്ന് മാനേജര്‍ക്കറിയാം. ജിനുവിന് സാലറികുറച്ചതിന്റെ പേരില്‍ മറ്റുള്ളവരാരും നാളെ മുതല്‍ വരാതിരിക്കല്ലന്നും മാനേജര്‍ക്കറിയാം. പെര്‍ഫോര്‍മന്‍സ് ഇല്ലാത്തതുകൊണ്ടാണ് സാലറി കുറച്ചതെന്ന് മാനേജര്‍ രണ്ടുപേരോട് പറയുകയും ചെയ്യും.



ഇങ്ങനെയൊക്കെ നടുക്കുമോ എന്ന് സംശയിക്കാം. ഇതു മാത്രമല്ല സംഭവിക്കുന്നത്. ഇതിനപ്പുറവും സംഭവിക്കും. ആ സംഭവങ്ങള്‍ പിന്നീട്. ഓര്‍ക്കുക എം.എന്‍.സി. കമ്പിനിയില്‍ ജോലി ചെയ്യുന്നവരുടെ പത്തിരിട്ടി ആളുകള്‍ മറ്റ് കമ്പിനികളില്‍ ജോലിചെയ്യുന്നുണ്ട്. അവരുടെ ജീവിതമാണ് ഞാന്‍ പറയുന്നത്. കമ്പ്യൂട്ടര്‍ പ്രൊഫഷണലുകളുടെ യാന്ത്രികമായ ജീവിതത്തിന്റെ പിന്നിലുള്ള യാതനകളും നഷ്ടങ്ങളും എത്രമാത്രമുണ്ടന്ന് പറഞ്ഞറിയിക്കാന്‍ കഴിയില്ല. അവസ്ഥകളില്‍ കൂടി കടന്നുപോകുമ്പോഴാണല്ലോ അവസ്ഥാന്തരങ്ങള്‍ ഉണ്ടാവുന്നത് ... ആ അവസ്ഥാന്തരങ്ങളെക്കുറിച്ച് അടുത്തതില്‍ .....

6 comments:

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: എം എന്‍സിയില്‍ ആണേല്‍ പോലും തൊഴുത്തില്‍ കുത്തൂം, കാലുവാരലും പാരവയ്പും അങ്ങനെ എന്തെല്ലാം എന്തെല്ലാം പറയാന്‍ കിടക്കുന്നു.

vahab said...

ഞെട്ടിക്കുന്ന കഥകള്‍......!! പലതും മുമ്പ്‌ വായിച്ചിട്ടുണ്ട്‌. എങ്കിലും ചില ഐ.ടി ചൂഷണങ്ങളെക്കുറിച്ച്‌ ഈ പോസ്‌റ്റിലൂടെ കൂടുതല്‍ അറിയാനായി. നന്ദി.... തുടര്‍ന്നും എഴുതുക.
മുമ്പ്‌ എവിടെയോ വായിച്ചതോര്‍ക്കുന്നു, ഒരു പ്രമുഖന്റെ വാക്കുകള്‍:- തൊഴില്‍ തേടാനല്ല, തൊഴില്‍ സൃഷ്ടിക്കാനാണ്‌ പുതിയ തലമുറ ശ്രമിക്കേണ്ടത്‌. അതായത്‌, പ്രൊഫഷണല്‍സ്‌ കൂട്ടായ സംരംഭങ്ങളെക്കുറിച്ചാലോചിക്കണമെന്ന്‌. അതിലൂടെ അവര്‍ക്കും മറ്റുള്ളവര്‍ക്കും തൊഴില്‍ നല്‍കാനാകും.

ചാണക്യന്‍ said...

തെക്കേടന്‍,

വളരെ ശരി....ഇതൊക്കെ തന്നെയാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്....

നല്ല പോസ്റ്റ്.... .ആശംസകള്‍...

- സാഗര്‍ : Sagar - said...

ഇതും ഇതിന്റെ അപ്പുറവും നടക്കും .. ഒരു വര്‍ഷത്തോളം അഞ്ജിന്റെ പൈസ കയ്യില്‍ കിട്ടാതെ ജോലി ചെയ്യേണ്ടി വന്നിട്ടുണ്ട് എനിക്ക്.. അത് കേരളത്തില്‍ ആയിരുന്നത് കൊണ്ട് അടിപിടിയിലൂടെ അവിടുന്നു ഊരിപ്പോരാന്‍ സാധിച്ചു.. എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് പോലും കിട്ടിയില്ല.. ഇത് പോലെ എത്ര എത്ര സംഭവങ്ങള്‍...

Joymon said...

സത്യം.. എന്‍റെ കുറച്ചു സുഹൃത്തുക്കള്‍ക്കും പറ്റിയിട്ടുണ്ട് ഇതുപോലെ കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ .വെയിലുള്ളപ്പോള്‍ ഉണക്കുക എന്നു മാത്രമേ പറയാനാകൂ...എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാം.ഒരു saturation point ഇല്‍ എത്തിയാല്‍ ഐ. ടിയും മറ്റുള്ള ജോലിപോലെ ആകും...
പണ്ട് ടൈപ്പും ഷോര്‍ട്ട് ഹാന്‍റും പഠിച്ചവനു എന്തായിരുന്നു ഡിമാന്‍ഡ്..

Am_I_lonley? said...

gud one ..