Monday, May 11, 2009

പുറം പോയ ഗാന്ധിജി


വര്‍ഷങ്ങളായി എല്ലാം കണ്ടും കേട്ടും പത്തനംതിട്ടയുടെ ഹൃദയ ഭാഗത്ത് തന്നെ ഗാന്ധിജി ഉണ്ട്. ഒരു ചെറുപുഞ്ചിരിയുമായി തലയുയര്‍ത്തി നില്‍ക്കുന്ന ഈ ഗാന്ധി എന്തെല്ലാം കാഴ്ചകള്‍ കണ്ടിട്ടുണ്ടാവും.? എത്രയോ കോലം കത്തിക്കലുകളുടെ ചൂടും പുകയും ഈ പ്രതിമ ഏറ്റ് വാങ്ങിയിട്ടുണ്ടാവും??എത്രയോ കുത്തിയിരുപ്പുകള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടാവും? പത്തനംതിട്ടയില്‍ നടക്കുന്ന വഴിതടയലുകള്‍ക്ക് ഒട്ടുമിക്കപ്പോഴും വേദിയാകുന്നത് ഗാന്ധിപ്രതിമയുടെ ചുറ്റുവട്ടം തന്നെയാണ്... എത്രയോ നേതാക്കന്മാരുടെ അവകാശ വാദങ്ങളും സമരപ്രഖ്യാപനങ്ങളും വിജയപ്രഖ്യാപനങ്ങളുംഒക്കെ കേട്ട് ഈ ഗാന്ധിപ്രതിമ ‘പ്രതിമയായി’ തന്നെ നിന്നിട്ടുണ്ടാവും......

ഈ പ്രതിമയെ മറച്ച് തൊടിതോരണങ്ങളും ഫ്ലക്സുകളും ഉയര്‍ന്നിരുന്നു.... വിജയാഹ്ലാദങ്ങളിലും സമരപ്രഖ്യാപനവേളകളിലും മാത്രമല്ലേ പത്തനംതിട്ടക്കാര്‍ ഈ ഗാന്ധിപ്രതിമയെ സ്നേഹിച്ചിരുന്നത് ???. ഏണീവച്ച് കയറി ഗാന്ധികഴുത്തില്‍ ഇടുന്ന പൂമാലകള്‍ വാടിക്കരി ഞ്ഞ് ഉണങ്ങികരിഞ്ഞ് താഴെവീണങ്കില്‍ ആ ‘ഉണക്കമാല’ എത്രകാലം വേണമെങ്കിലും ആ കഴുത്തില്‍ കിടക്കും. ( തിരഞ്ഞെടുപ്പ് വേളയില്‍ ഇങ്ങനെയിട്ടൊരുമാല നിങ്ങള്‍ക്ക് ഇപ്പോഴും ഈ ചിത്രങ്ങളില്‍ കാണാം.. ആരായിരിക്കും ഈ മാല ഇട്ടതെന്ന് നിങ്ങള്‍ തന്നെ ഊഹിക്കുക... തിരഞ്ഞെടുപ്പ് വേളയിലും സമരങ്ങ ളിലും മാത്രം ‘ഗാന്ധിത്തൊപ്പി’ പൊടിതട്ടിയെടുക്കുന്നവര്‍ തന്നെ.!!!!)

മഴയും വെയിലും ഏറ്റ് നില്‍ക്കുന്ന ഈ ഗാന്ധിപ്രതിമയെ ഒരിക്കല്‍ പോലും കാക്കകള്‍ ആക്രമച്ച് നിറവെത്യാസം വരുത്തിയിട്ടില്ല. എന്നാല്‍ ഈ കഴിഞ്ഞമാസം 14 ആം തീയതി (2009 ഏപ്രില്‍ 14) ഒരു കൂട്ടം മനുഷ്യരുടെ ആവേശത്തില്‍ ഈ ഗാന്ധിപ്രതിമയ്ക്ക് നഷ്ടപ്പെട്ടത് ‘വലതു പുറ‘മാണ്. തിരഞ്ഞെടുപ്പിന്റെകൊട്ടിക്കലാശത്തില്‍ യു.ഡി.എഫ്. പ്രവര്‍ത്തകരോ എല്‍.ഡി.എഫ് പ്രവര്‍ത്തകരോ ആവേശത്തോടെ ഉയര്‍ത്തിയ ഫ്ലക്സുകള്‍ ഉറപ്പിച്ച തടിക്കഷ്ണങ്ങള്‍തട്ടിയാണ് പ്രതിമയ്ക്ക് പുറം നഷ്ടപെട്ടത്. (ആണി അടിച്ച പട്ടികഷ്ണ ങ്ങളില്‍ ഒരെണ്ണം കഴിഞ്ഞാഴ്ചവരെ പ്രതിമയുടെ കാല്‍ച്ചുവട്ടില്‍ കിടപ്പുണ്ടായിരുന്നു.). കമ്യൂണിസ്റ്റ്കാരാണ് പ്രതിമയ്ക്ക് കെടുപാട് വരുത്തിയതെന്ന് കോണ്‍ഗ്രസും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിമയ്ക്ക് കെടുപാട് വരുത്തിയതെന്ന് കമ്യൂണിസ്റ്റുകാരും പരസ്പരം ആരോപിച്ചതല്ലാതെ ഒന്നും ചെയ്തില്ല. വോട്ട് ബാങ്ക് രാഷ്ട്രീയം ഇല്ലാത്ത ഗാന്ധിപ്രതിമയ്ക്ക് എന്ത് സംഭവിച്ചാലും അവര്‍ക്കെന്ത്??

പത്തനംതിട്ടയില്‍ ഗാന്ധിപ്രതിമയ്ക്ക് കേടുപാടുസംഭവിച്ചതിന്റെ പേരില്‍ പ്രതിഷേധ പ്രകടനങ്ങളോ പ്രതിഷേധസമ്മേളനമോ ഹര്‍ത്താലുകളോ വഴിതടയലുകളോ ഒന്നും നടന്നില്ല. ആരക്കയോ പ്രസ്താവനകള്‍ എഴുതി പത്രഓഫീസുകളില്‍ എത്തിച്ചത് മാത്രമാണ് ആകെ നടന്നത്. ഏതോ മാനസികരോഗി കുരിശുവഞ്ചിയുടെ ചില്ലുകള്‍ തകര്‍ത്തപ്പോള്‍ പ്രതിഷേധസമ്മേളനവും പ്രസംഗങ്ങളും നടന്ന പത്തനംതിട്ടയില്‍ തന്നെയാണ് ഗാന്ധിപ്രതിമതകര്‍ക്കപെട്ടത്. അന്ന് പ്രതിഷേധ പ്രസംഗം നടത്തിയ ഇടതുവലതന്മാരില്‍ ആരും ഗാന്ധിപ്രതിമയ്ക്ക് വേണ്ടി നാവനക്കിയില്ല. പ്രതിമയാക്കപെട്ട ഗാന്ധിജിക്ക് ‘പത്തനംതിട്ടയില്‍’ വോട്ടില്ലല്ലോ?? ജയിംസ് ഓട്ടിസ് ന്യൂയോര്‍ക്കില്‍ ലേലത്തിന് വച്ച ഗാന്ധിജി ഉപയോഗിച്ച വസ്തുക്കള്‍ വിജയ് മല്യലേലത്തില്‍ പിടിച്ചതിനെതിരെ പ്രതികരിച്ച സാംസ്കാരിക നായകന്മാരാരും ഗാന്ധിപ്രതിമ തകര്‍ക്കപെട്ടതില്‍ പ്രതിഷേധിച്ചില്ല.


രണ്ടാഴ്ചകള്‍ക്ക് മുമ്പ് കളക്ടര്‍ വിളിച്ചു ചേര്‍ത്ത ഒരു ചര്‍ച്ചയില്‍ രാഷ്ട്രീയകക്ഷികള്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കി.തങ്ങള്‍ ഗാന്ധിപ്രതിമ പുനര്‍നിര്‍മ്മിക്കുകയില്ല. (പ്രതിമസ്ഥാപിച്ച് ‘ജേസിസ്‘ തന്നെ പ്രതിമയുടെ പുനര്‍നിര്‍മ്മാണത്തിനുള്ള ചിലവ് ഏറ്റെടുക്കാന്‍ തയ്യാറാണന്ന് ഈ യോഗത്തില്‍അറിയിച്ചു... ജേസിസിന് ഒരായിരം പ്രണാമം..). ഇന്ത്യയ്ക്ക് സ്വാതന്ത്രം നേടിത്തരാന്‍ അഹോരാത്രം പോരാടിയ ഒരു ധീരന്‍ മാത്രമല്ല ഗാന്ധിജി. നമ്മുടെരാഷ്‌ട്രപിതാവു കൂടിയാണ്. രാഷ്‌ട്രത്തോടും ജനങ്ങളോടും ബാധ്യതയുള്ള രാഷ്ട്രീയകക്ഷികള്‍ അപമാനിച്ചിരിക്കുന്നത് രാഷ്ട്രപിതാവിനെയാണ്. തെറ്റുകള്‍ആര്‍ക്കും സംഭവിക്കാം. അത് തിരുത്താന്‍ തയ്യാറാകുമ്പോഴാണ് മനുഷ്യന്‍ മനുഷ്യനാവുന്നത്. മനപൂര്‍വ്വമല്ലായിരിക്കാം ഗാന്ധിപ്രതിമ തകര്‍ക്കപെട്ടത്.അന്ന് (ഏപ്രില്‍ 14) അവിടെ കൊട്ടിക്കലാശം നടത്തിയ എല്ലാവര്‍ക്കും പ്രതിമ തകര്‍ത്തതില്‍ തുല്യപങ്കാണുള്ളത്. അന്നവിടെ കൊട്ടിക്കലാശം നടത്തിയ എല്ലാവരും കൂടിയായിരുന്നു ആ പ്രതിമ പുന:നിര്‍മ്മിക്കേണ്ടത്.

ഗാന്ധിതൊപ്പിവച്ച് ഖദര്‍ ഉടുപ്പ് ഇട്ടോ ; സമ്മേളനവേദിയില്‍ ഗാന്ധിയുടെ പടം വച്ചോ അല്ല ആ മഹാത്മാവിനോട് ആദരവ് പ്രകടിപ്പിക്കേണ്ടത്.ഏതെങ്കിലും ആരാധനാലയ ങ്ങളുടെ വസ്തുവകകള്‍ക്കോ മറ്റോ നാശനഷ്ടം വന്നാല്‍ നമ്മുടെ രാഷ്ട്രീയ-സാംസകാരിക നേതാക്കള്‍ എങ്ങനെയാണ്പ്രതികരിക്കുന്നത്.
പൊതുമുതല്‍ നശിപ്പിക്കുന്നവരില്‍ നിന്ന് ആ നഷ്ടം ഈടാക്കാന്‍ നിയമമുള്ള നാടല്ലേ നമ്മുടേത്? ഗാന്ധിപ്രതിമ ‘പൊതുമുതല്‍‘എന്ന നിര്‍വചനത്തില്‍ വരില്ലേ???


രാഷ്‌ട്രത്തിനുവേണ്ടി തന്റെ ജീവന്‍ നല്‍കിയ ആ മഹാത്മാവിനോട് നമുക്ക് നീതി പുലര്‍ത്താന്‍ കഴിയുന്നുണ്ടോ? നെഞ്ചില്‍ക്കൂടി തുളച്ചുകയറിയബുള്ളറ്റുകളില്‍ ജീവിതം ഭാരതത്തിനുവേണ്ടി വെടിയേണ്ടിവന്ന അര്‍ദ്ധനഗ്നനായ ഫക്കീറിന്റെ ജ്വലിക്കുന്ന ഓര്‍മ്മകളോടെങ്കിലും അല്പം നീതിപുലര്‍ത്തേണ്ടതല്ലേ??

ഈ ശനിയാഴ്ച (16/05/2009) തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നവര്‍ ഈ ഗാന്ധിപ്രതിമയെ ത്തേടിവരും. വിജയത്തിന്റെ ആഹ്ലാദം പങ്കിടാനായി ‘വിജയയാത്ര‘ നടത്തുന്നതിനുമുമ്പായി ഏണിവച്ച് അവര്‍ ഗാന്ധിപ്രതിമയുടെ കഴുത്തില്‍ ഒരു ഉളുപ്പും ഇല്ലാതെ പൂമാല അണിയിക്കും. പ്രതിമയ്ക്ക് ജീവനില്ലാത്തതുകൊണ്ട് ഇടതുകൈയ്യിലിരിക്കുന്ന ആ വടി തങ്ങളുടെ നേരെ ഒരിക്കലും വീശുകയില്ല എന്നതില്‍ അവര്‍ക്ക് ആശ്വസിക്കാം....

രാഷ്‌ട്രത്തോടും ജനങ്ങളോടും രാഷ്ട്രപിതാവിനോടും അല്പമെങ്കിലും സ്നേഹവും ബാധ്യതയും ഉണ്ടങ്കില്‍ പ്രിയപ്പെട്ട രാഷ്ട്രീയക്കാരേ നിങ്ങള്‍ ആ പ്രതിമയുടെ പുന:നിര്‍മ്മാണം ഏറ്റെടുക്കൂക്കൂക്കൂ....




8 comments:

സന്തോഷ്‌ പല്ലശ്ശന said...

നിങ്ങളിലെ ആ ഉശിരന്‍ പയ്യനെ ഞാന്‍ സമ്മതിക്കുന്നു

കണ്ണുതുറപ്പിക്കുന്ന വാക്കുകള്‍ കണ്ടുതന്നെയറിയണം അവസരവാതികള്‍ എന്തൊക്കെ ചെയ്യുമെന്ന്

mini//മിനി said...

അങ്ങനെ എത്രയെത്ര കഥ പറയുന്ന പ്രതിമകള്‍,വെയിലും മഴയും കാക്കയും മനുഷ്യനും ചേര്‍ന്ന് എന്തെല്ലാം ദ്രോഹങ്ങളാണ് അവരോട് ചെയ്യുന്നത്!!!

എം.എസ്. രാജ്‌ | M S Raj said...

നമ്മള് പാവം ജനം ഇത്രയെങ്കിലും ചിന്തിക്കുന്നുണ്ട്. അതു മതി മഹാത്മാവിന്....

മേരാ ഭാരത് മഹാന്‍!

ബാജി ഓടംവേലി said...

രാഷ്‌ട്രത്തിനുവേണ്ടി തന്റെ ജീവന്‍ നല്‍കിയ ആ മഹാത്മാവിനോട് നമുക്ക് നീതി പുലര്‍ത്താന്‍ കഴിയുന്നുണ്ടോ?

siva // ശിവ said...

ഇതാണ് നമ്മുടെ കേരളം...

ബിന്ദു കെ പി said...

ഗാന്ധി ഇന്നു ജീവിച്ചിരുന്നെങ്കിൽ ശരിയ്ക്കും അദ്ദേഹത്തിന്റെ പുറം പൊളിച്ചേനെ എല്ലാവരും കൂടി...!! പിന്നെയാണോ പ്രതിമയുടെ കാര്യം..!!

jayanthu said...

ethrem alle pattiyullu

ഷിബു മാത്യു ഈശോ തെക്കേടത്ത് said...

ഈ പോസ്റ്റിന് എനിക്ക് വന്ന ഒരു മെയില്‍ :

From: Abdulaziz Kurkkal
Sent: Wednesday, May 13, 2009 9:08 AM
To: 'shibupta46@gmail.com'
Subject: “ Jai ho India, Jai ho Gandhi”


Hai Dear Shibu,

I read your Blog in Malayala Manorama today about “the Statue of Bappuji”. I really appreciate you to notice such subject. At the time of “Kotti kalasham” we heard thru TV Gandhi Statue were destroyed. After that I didn’t noticed any issue about the Gandhi statue in any of our Media. This is the nature of Our Medias. If there is any religious issue our so called ‘A’ (No.1)Medias would take care. They would start new serial of discussion like ‘Hard talk’, ‘Open House’ and One would stay in Kochi studio and other one in American studio, one in Bombay studio and one in telephone. They would do a postmortem and at last the viewers totally confused and understand nothing.

I remember a TV news that Congress High Command Meeting were held at Delhi(party office) in last year, In the Meeting hall there were a Big Flex. board of Miss. Sonia and other leaders and the same time ‘Bappuji’s’ photo were in Kitchen, it was small and old. This is the Congress attitude towards Gandhiji.

We know that Bappuji is not only there ‘assets’, He is our Assets, an Indian asset. So I have only one request to our congress leaders please, Please don’t use his name again for your any political talk.

And we can beg to forgiving all these sins against Bapuji. “ Jai ho India, Jai ho Gandhi”





Thank you and Best regards…



(Shibuvin orayiram Abhivadyangal)