ഓര്‍ത്തഡോക്സ് സഭയും ഒരു പാനല്‍ നല്‍കിയിരുന്നുവത്രെ. (ആ പാനല്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല.). ഓര്‍ത്തഡോക്സ് സഭ ഐ.എ.എസ്. ഉഗ്യോഗസ്ഥനായ ജിജി തോസംണുവേണ്ടി പത്തനംതിട്ട സീറ്റാണ് കോണ്‍ഗ്രസിനോട് ആവിശ്യപ്പെട്ടത്. (ജിജി തോസംണ്‍ ആരാണന്നൊക്കെ ജനങ്ങള്‍ക്കറിയണമെന്ന് നിര്‍ബന്ധമൊന്നും ഇല്ല.). ഒരു ബ്യൂറോക്രാറ്റ് രാഷ്ട്രീയത്തില്‍ പരാജമായിരിക്കും എന്നതിന് എത്രയോ ഉദാഹരണങ്ങള്‍ ഉണ്ട്.(അല്‍ഫോണ്‍സ് കണ്ണന്താനം എന്ന എം.എല്‍.എ യെക്കാള്‍ ജനങ്ങള്‍ ഇഷ്ടപ്പെടുന്നത് അല്‍ഫോണ്‍സ് കണ്ണന്താനം എന്ന ബ്യൂറോക്രാറ്റിനെയല്ലേ?).രാഷ്ട്രീയത്തില്‍ നിന്ന് ഒരാളെ എടുത്ത് കാണിക്കാന്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് ഒരാളില്ലാതെപോയി. മറ്റെന്തോ ഇഷ്ടങ്ങളുടയോ കൂറിന്റെയോ അടിസ്ഥാനത്തിലായിരിക്കണം ഓര്‍ത്തഡോക്സ് സഭ പാനല്‍ തയ്യാറാക്കിയത്. കോണ്‍ഗ്രസ് തങ്ങളുടെ ഇഷ്ടക്കാര്‍ക്കാര്‍ക്കും സീറ്റ് നല്‍കാത്തതില്‍പ്രതിഷേധിച്ചാണ് നാലു സീറ്റില്‍ സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ ഓര്‍ത്തഡോക്സ് സഭ തീരുമാനിച്ചത്. അടിച്ചേല്‍പ്പിച്ച ഈ തീരുമാനത്തിനെതിരെ സഭയ്ക്കുള്ളില്‍ തന്നെ, മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍ പ്രതിഷേധം ഉയര്‍ത്തുകയും ഇങ്ങനെയൊരു തീരുമാനത്തിന്റെ ആവിശ്യകതയെ ചോദ്യം ചെയ്യുകയും ചെയ്തു. നായരുപിടിച്ച പുലിവാലുപോലെയായി ഓര്‍ത്തഡോക്സ് സഭയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. ഈ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനെതിരെ സഭയിലെ സീനിയര്‍ മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ ഒസ്‌താത്യോസ് പരസ്യമായി രംഗത്ത് വരികയും സഭയുടെ നടപടി തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും പറയുന്നു.
ഓര്‍ത്തഡോക്സ് സഭയിലെ സീനിയര്‍ മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ ഒസ്‌താത്യോസ് എഴുതിയ ഒരു ലേഖനത്തിലെ ചില ഭാഗങ്ങള്‍ ശ്രദ്ധിക്കുക.“മനുഷ്യന്‍ ഒരു രാഷ്ട്രീയ ജീവിയാണ്. രാഷ്ട്രീയം സാദ്ധ്യതകളുടെ രംഗമാണ്. ഒരു ബിഷപ്പിനോ, പുരോഹിതനോ രാഷ്ട്രത്തിലെ പൌരനാകയാല്‍ രാഷ്ട്രീയത്തില്‍ നിന്ന് വ്യതിരിക്തനാവുകയോ , വോട്ടവകാശത്തില്‍ നിന്നും ഒഴിഞ്ഞിരിക്കുകയോ ചെയ്യാന്‍ പാടില്ല. തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച്തീരുമാനിക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനുമുള്ള സ്വാതന്ത്യം ഇവര്‍ക്കുണ്ടായിരിക്കും. എന്നാല്‍ തങ്ങളുടെ ‘ആടുകള്‍’ ഏതു പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്ന് ഉദ്ബോധിപ്പിക്കുന്നതിന് പ്രസംഗപീഠമോ ഇടയലേഖനങ്ങളോ ഉപയോഗ്ഗിക്കരുത്. അദ്ദേഹം അപ്രകാരം ചെയ്യുകയാണങ്കില്‍ വ്യത്യസ്ത പാര്‍ട്ടിയിലുള്ളവരുടെ മനഃസാക്ഷിയെ അതു പ്രതികൂലമായി ബാധിക്കും. ഇതിനെല്ലാമുപരി ഒരു പാര്‍ലമെന്റ്‌റി ജനാധിപത്യത്തില്‍ എതിര്‍ പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തിക്കുന്നതിനും അവരുടെ കടമകള്‍ നിര്‍വ്വഹിക്കുന്നതിനും കഴിയാതെ പോകുന്നു. പൂര്‍ണ്ണമായും തെറ്റുള്ള ഒരു പാര്‍ട്റ്റിയും ഇല്ല. ശരി മാത്രമുള്ള ഒരു പാര്‍ട്ടിയുമില്ല. അതുകൊണ്ട് ഏതു പാര്‍ട്ടിയെ തെരഞ്ഞെടുക്കണം , ഏതിനെ തള്ളിക്കളയണം എന്നു തീരുമാനിക്കാനുള്ള അവകാശം ഇടവക ജനങ്ങള്‍ക്കു ദൈവദത്തമായുള്ളതാണ്. അവരെ പഠിപ്പിക്കുവാന്‍ പുരോഹിതനുള്ള കടമ നിറവേറ്റി അവരുടെ മനഃസാക്ഷിയെ ക്രിസ്തീയമാക്കിയാല്‍ മതി.
ഒരു പുരോഹിതന്‍ ഒരു രാഷ്‌ട്രീയ നിലപാട് സ്വീകരിക്കുകയാണങ്കില്‍ അതു ജനങ്ങളില്‍ നിന്നും മറച്ചുവയ്ക്കുവാന്‍ സാദ്ധ്യമല്ല. ചൂടേറിയ ഇലക്ഷന്‍ രംഗങ്ങളിലെല്ലാം പള്ളിയിലെ ഒരു പുരോഹിതനെ സംബന്ധിച്ചടത്തോളം പാമ്പിനെപ്പോലെ ബുദ്ധിയുള്ളവനും പ്രാവിനെപ്പോലെ കളങ്കമില്ലാത്തവനും ആയിരിക്കുന്നത് ഇടവകകളില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്തുവാന്‍ സഹായിക്കും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഒരു പുരോഹിതന് ഇലക്ഷന് മത്സരിക്കുവാനോ തനിക്കു മറ്റോരു സ്ഥാനാര്‍ത്ഥിക്കുവേണ്ടി പ്രചാരണം നടത്തുവാനോ ദൈവവിളിയുണ്ടങ്കില്‍ ഇടവകയുടെഉത്തരവാദിത്വങ്ങളില്‍ നിന്നെല്ലാം പൂര്‍ണ്ണമായും ഒഴിഞ്ഞ് തികച്ചും രാഷ്ട്രീയക്കാരനായിത്തീരണം.”
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇടതുപക്ഷസ്വതന്ത്രനായി മത്സരിച്ച അന്തരിച്ച ഫാ.മത്തായി നൂറനാലിനോടും ഈ ഒരു സമീപനമാണ് ഓര്‍ത്തഡോക്സ് സഭ പുലര്‍ത്തിയത് . (ഈ ആദ്യസംഭവത്തിനുശേഷമാണ് കര്‍ശനമായ ഒരു സമീപനം സഭയില്‍ നിന്ന് വന്നത്). ഇപ്പോള്‍ സ്വന്തം സ്ഥാനാര്‍ത്ഥികളെനിര്‍ത്തുന്നതുവഴി ഈ സമീപനത്തില്‍ നിന്നുള്ള ഒരു പിന്മാറ്റമാണ് സഭ നടത്തിയിരിക്കുന്നത്. സഭാമക്കളുടെ ആത്മീയമായ ആവിശ്യങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടവര്‍ അതില്‍ നിന്ന് വ്യതി ചലിച്ച് മറ്റെന്തിന്റെ പേരിലാണങ്കിലും സഭാജനങ്ങളുടെ രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടുന്നത്ആശ്വാസകരമല്ല. ദൈവത്തേയും മാമോനേയും ഒരുമിച്ച് സേവിക്കാന്‍ കഴിയില്ലന്ന് മറന്നുപോയോ? മതേതര ഇന്ത്യയില്‍ മതാടിസ്ഥാനത്തില്‍രാഷ്ടീയപാര്‍ട്ടിയുണ്ടാക്കുന്നത് പുതിയ കാര്യമല്ലങ്കിലും ഒരു മതസമൂഹം നേരിട്ട് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത് ആദ്യമായിരിക്കും. ഇന്ത്യയില്‍ മതരാഷ്ട്രീയത്തിന് വേരിറക്കാന്‍ പറ്റുകയില്ലന്ന് ചരിത്രം നമ്മളെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. സമൂഹത്തില്‍ മതത്തിന്റെ അതിര്‍വരമ്പുകള്‍ ഉറപ്പിക്കാന്‍മാത്രമേ മതാ(സഭാ)ടിസ്ഥാനത്തിലുള്ള സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കൊണ്ട് കഴിയൂ. ഒരോ ജാതിയും മതവും സഭകളും തങ്ങളുടെ സ്വന്തം സ്ഥാനാര്‍ത്ഥി കളെ നിര്‍ത്തുകയും തങ്ങളുടെ സമുദായത്തില്‍ മാത്രം ഉള്ളവര്‍ക്ക് വോട്ട് ചെയ്യുകയും ചെയ്താല്‍ നമ്മുടെ ജനാധിപത്യത്തിന്റെ അവസ്ഥഎന്തായിരിക്കും??? മതേതര ഇന്ത്യ എന്നത് ഒരു സ്വപ്നമായി അവശേഷിക്കുകയില്ലേ? വര്‍ഗ്ഗീയത ഇവിടെ കൊടികുത്തിവാഴുകയില്ലേ? ഇങ്ങനെയൊരു ആപത്ക്കരമായ അവസ്ഥയ്ക്കാണ് ഓര്‍ത്തഡോക്സ് സഭതുടക്കമിടുന്നത് എന്നതില്‍ ഓരോ ഓര്‍ത്തഡോക്സ്കാരനും അഭിമാനിക്കാം.!!!
നായര്‍ സമുദായത്തിന്റെ പാര്‍ട്ടി ചരിത്രത്തിന്റെ ഭാഗമായി മാറിയത് ഇവിടെ ജാതി രാഷ്ട്രീയത്തിന് ഇടമില്ലാത്തതുകൊണ്ടാണ്. ഈഴവസമുദായംരാഷ്ട്രീയപാര്‍ട്ടി രൂപീകരണത്തില്‍ നിന്ന് പിന്മാറിയതും ഇതുകൊണ്ട് തന്നെയാണ്. ചരിത്രങ്ങള്‍ മുന്നില്‍ ഉണ്ടായിട്ടും എന്തുകൊണ്ടാണ് , എന്തിനുവേണ്ടിയാണ് ഓര്‍ത്തഡോക്സ് സഭ തിരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ഠുന്നത്. ഈ സ്ഥാനര്‍ത്ഥികള്‍ക്ക് മറ്റ് സമുദായത്തില്‍ നിന്ന് ഒരൊറ്റവോട്ടും കിട്ടത്തില്ലന്ന് നൂറു ശതമാനവും ഉറപ്പാണ്. എന്തിന് ഓര്‍ത്തഡോക്സ് സഭാവിശ്വാസികളില്‍ പത്തുശതമാനം ആളുകള്‍ പോലും തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടു ചെയ്യുമെന്ന് തോന്നുന്നില്ല. കെട്ടിവച്ച കാശ് തിരിച്ചു കിട്ടുകയില്ലന്ന ഉറപ്പ്. ജനങ്ങളുടേയും സമൂഹത്തിന്റേയും മുന്നില്‍ തങ്ങളെ സ്വയം പരിഹാസ്യരാക്കുകയാണ് ഓര്‍ത്തഡോക്സ് നേതൃത്വം. ഓര്‍ത്തഡോക്സ് സഭയുടെ ചുവടുപിടിച്ച് മറ്റുള്ളവരും സ്ഥാനാര്‍ത്ഥികളെതിരഞ്ഞെടുപ്പില്‍ നിര്‍ത്തുന്നതൊന്ന് ചിന്തിക്കൂ. ലത്തീന്‍ കത്തോലിക്കന്‍ ലത്തീന്‍ സ്ഥാനാര്‍ത്ഥിക്കും, റോമന്‍ കത്തോലിക്കന്‍ റോമന്‍ കത്തോലിക്കസ്ഥാനാര്‍ത്ഥിക്കും, നായര്‍ നായര്‍ സ്ഥാനാര്‍ത്ഥിക്കും, ഈഴവര്‍ ഈഴവ സ്ഥാനാര്‍ത്ഥിക്കും പാത്രിയര്‍ക്കീസുകാരന്‍ പാത്രിയര്‍ക്കീസ് സ്ഥാനാര്‍ത്ഥിക്കും , മര്‍ത്തോമ്മാക്കാരന്‍ മര്‍ത്തോമ്മാ സ്ഥാനാര്‍ത്ഥിക്കും, ബ്രാഹ്മണന്‍ ബ്രാഹ്മണ സ്ഥാനാര്‍ത്ഥിക്കും മാത്രം വോട്ട് കൊടുത്താല്‍ നമ്മുടെ സമത്വ സുന്ദര മതേതര രാജ്യം എവിടെ ???? മതത്തിന്റെ പേരില്‍ തമ്മില്‍ തല്ലി ചരിത്രമുള്ള നമ്മള്‍ ഇനി സമുദായത്തിന്റേയും സഭകളുടേയും പേരില്‍ തെരുവില്‍ പരസ്പരം തല്ലുകയില്ലേ?
ബിഷപ്പുമാരും മെത്രാന്മാരും അച്ചന്മാരും തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി കവലകള്‍ തോറും മൈക്കിനുമുന്നില്‍ നിന്ന് അലറിവിളിക്കുന്നത്നമ്മള്‍ കാണേണ്ടിവരും. ആത്മീയ ഗുരുക്കന്മാര്‍ തങ്ങളുടെ ‘വര്‍ഗ്ഗീയ’ സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി വോട്ട് ചോദിക്കുന്നത് ആലോചിക്കൂ... നമ്മള്‍ (ഇന്ത്യ) നേരിടുന്ന ഏറ്റവും വലിയ രണ്ടാമത്തെ ഭീക്ഷണി (ഒന്നാമത്തേത് തീവ്രവാദം) വര്‍ഗ്ഗീയതയാണ് . ജാതിസ്പ്‌ര്‍ദ്ദ ശ്രഷ്‌ടിക്കുന്ന രീതിയിലുള്ളതിരഞ്ഞെടുപ്പ് പ്രചാരണം നിരോധിച്ചിരിക്കുന്ന ഇന്ത്യയില്‍ എങ്ങനെയാണ് സഭകളുടെ സ്ഥാനാര്‍ത്ഥികള്‍ വോട്ട് തേടുന്നത്. ദൈവാലയങ്ങളെമറ്റൊരു കലാപഭൂമിയാക്കാനേ ഇത്തരം പ്രവര്‍ത്തികള്‍ ഉപകരിക്കൂ.
ജനങ്ങളുടെ വോട്ടവകാശം തീരുമാനിക്കുന്നത് ജനങ്ങളാണ്. തങ്ങള്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കുന്നത് അവരവര്‍ തന്നെയാണ്. സമുദായ നേതാക്കളുടെ ആഹ്വാന ങ്ങളൊന്നും അവര്‍ ചെവിക്കൊള്ളുകയില്ലന്ന് ഉറപ്പ്. സഭകളുടെ(ജാതി,സമുദായ ലേബലില്‍ നില്‍ക്കുന്ന ഒരൊറ്റ) സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരു വോട്ട് പോലും നല്‍കരുത്. മതേതര ഇന്ത്യയെന്ന സങ്കല്പത്തിനുതന്നെ ഭീക്ഷണിയാകുന്ന ഇത്തരം പ്രവര്‍ത്തികള്‍മുളയിലേ നുള്ളിക്കളയേണ്ടത് ഓരോ ഭാരതീയന്റേയും ധര്‍മ്മം ആണ്. വര്‍ഗ്ഗീയത നാടിന് ആപത്താണന്ന് തിരിച്ചറിയുക.