Sunday, October 30, 2011

അരിയില്ലങ്കില്‍ എന്താ,വയറു നിറയ്ക്കാന്‍ നമുക്ക് ആവശ്യത്തിന് വിവാദങ്ങള്‍ ഉണ്ടല്ലോ

 ഇന്നത്തെ(30-10-11) മാതൃഭൂമിയിലെ വാര്‍ത്തയാണ് ഇതെഴുതാനുള്ള കാരണം.വാര്‍ത്ത താഴെ

എവിടെ നോക്കിയാലും വിവാദമാണ്. രാവിലെ ഒന്ന് ഉച്ചയ്ക്കൊന്ന് വൈകിട്ട് ഒന്ന്. ഓരോരോ ചാനലിന്റേയും വക ഓരോരോ വിവാദം. ഇന്ന് രാവിലെ വെക്കുന്ന ചോറ് പിറ്റേന്ന് രാവിലെ എടുത്ത് കളയുന്നതുപോലെയുള്ളൂ ചില വിവാദങ്ങള്‍. ഫ്രിഡ്ജില്‍ എടുത്ത് വെയ്ക്കൂന്ന ചോറ് ഇടയ്ക്കിടയ്ക്ക് എടൂത്ത് ചൂടാക്കൂന്നതുപോലെ ചില വിവാദങ്ങള്‍ ഇടയ്ക്കിടയ്ക്ക് എടുത്ത് ചൂടാക്കി നിലനിര്‍ത്തും. അവസാനം ആ വിവാദവും എടുത്ത് വെളിയില്‍ കളയും.

ഇനി ഒരു മൂന്നുമാസം കഴിയുമ്പോള്‍ അരിവില കിലോയ്ക്ക് മുപ്പത്തഞ്ച്-നാല്പതു രൂപ ആകുമ്പോള്‍ നമ്മുടെ എല്ലാ ടീംസുംകൂടെ ഇറങ്ങും. വിലക്കയറ്റത്തിനു പിന്നില്‍ ഭരണപക്ഷമെന്ന് പ്രതിപക്ഷം ആരോപിക്കും.ഭരണപക്ഷത്തിന്റെ സാമ്പത്തിക നയങ്ങളാണ് അരിക്ക് വില കൂടാന്‍ എന്ന് പ്രതിപക്ഷ സാമ്പത്തിക വിദഗദ്ധര്‍ ആരോപിക്കും .ഞങ്ങളെ പ്രതിപക്ഷം ഭരിക്കാന്‍ സമ്മതിക്കാത്തതുകൊണ്ടാണ് വില കൂടിയതെന്ന് ഭരണപക്ഷം പറയും. ആരാണ് വിലക്കയറ്റത്തിനു പിന്നില്‍ എന്നുള്ള ആരോപണപ്രത്യാരോപണത്തിനു പിന്നിലെ വിവാദങ്ങള്‍ ചാനലുകള്‍ നമുക്ക് വിളമ്പിത്തരം. ആ വിവാദങ്ങള്‍ കഴിച്ച് വയറു നിറയാത്തവര്‍ക്ക് വേണമെങ്കില്‍ മുപ്പത്തഞ്ചോ നാല്പതോ രൂപയക്ക് അരി വാങ്ങി കഞ്ഞി വെച്ച് കുടിക്കാം.

അരിയുടെ വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് ഉപവാസവും ധര്‍ണ്ണയും ഉപരോധവും വഴിതടയലും ഹര്‍ത്താലും സമരവും അവസാനം ഒരു പോലീസ് വെടിവയ്പും ഉണ്ടായേക്കും. അപ്പോഴും ആരാണ് വെടി വെച്ചത് ആരുടെ തോക്കിലെ ഉണ്ടയാണ് വെളിയിലേക്ക് തെറിച്ചത് എന്നൊക്കെയുള്ള പുതിയ വിവാദങ്ങള്‍ ഉണ്ടാകും. ആ വിവാദങ്ങള്‍ ലൈവ് ചര്‍ച്ചകളായും വിവിധ ടോക്ക് ഷോ(ക്ക്)കളായും ചാനലുകള്‍ നമുക്ക് വിളമ്പിത്തരം.ആ വിവാദങ്ങള്‍ കഴിച്ച് വയറു നിറയാത്തവര്‍ക്ക് വേണമെങ്കില്‍ മുപ്പത്തഞ്ചോ നാല്പതോ രൂപയക്ക് അരി വാങ്ങി കഞ്ഞി വെച്ച് കുടിക്കാം.

മൂന്ന് മാസം കഴിഞ്ഞ് നടത്താന്‍ വെച്ചിരിക്കുന്ന സമരത്തിന്റെ ഊര്‍ജ്ജം ഇന്നേ തരിശായി കിടക്കുന്ന നെല്‍പ്പാടങ്ങളില്‍ നിക്ഷേപിക്കരുതോ???

കൃഷി ഇല്ലാതെ ഒഴിഞ്ഞു കിടക്കൂന്ന നെല്‍പ്പാടങ്ങളില്‍ കൃഷി ഇറക്കാന്‍ പോകുന്നവരും ഒരു നിമിഷം ചിന്തിക്കും. നമ്മളെന്തിനാ ഇങ്ങനെ കിടന്ന് കഷ്ടപ്പെടുന്നത്!!! ഒരു രൂപയും രണ്ടു രൂപയും കൊടുത്താല്‍ ഒരു കിലോ അരി കിട്ടുമെങ്കില്‍ പിന്നെന്തിനാ നഷ്ടങ്ങളുടെ കണക്കുകള്‍ മാത്രം പലപ്പോഴും പറയുന്ന നെല്‍കൃഷി ചെയ്യുന്നത്. ഒന്നും ചെയ്യാതെ കൈയ്യടി മാത്രം വാങ്ങാന്‍ ആഗ്രഹിക്കുന്ന ഭരണപക്ഷം-പ്രതിപക്ഷം ഉള്ള ഒരു രാജ്യത്ത് ഇതിനപ്പുറത്തേക്ക് യാതൊന്നും പ്രതീക്ഷിക്കേണ്ട കാര്യവും ഇല്ല. കേരളം ഒരു പൂര്‍ണ്ണ ഉപഭോക്‍ത്ര സംസ്ഥാനം ആണന്ന് പറയുമ്പോള്‍ തന്നെ നിലവിലുള്ള സാഹചര്യങ്ങള്‍ പൂര്‍ണ്ണമായി ഉപയോഗിച്ചു കൊണ്ട് നമ്മുടെ സംസ്ഥാനത്തിന് എന്തുകൊണ്ട് ഭക്ഷ്യ ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്നില്ല??? അതിന് കാരണം തേടി എവിടേയും അലയേണ്ട കാര്യമില്ല. ഒരു വശത്ത് നെല്‍‌കൃഷി വര്‍ദ്ധിപ്പിക്കാന്‍ നടപിടി എടുക്കൂമ്പോള്‍ മറുവശത്ത് ഒരു രൂപയ്ക്കും രണ്ടു രൂപയ്ക്കും അരി വിതരണം ചെയ്യുന്നു. ഒരു രൂപയ്ക്കും രണ്ടു രൂപയ്ക്കും അരി ലഭിക്കുമ്പോള്‍ എപ്പോള്‍ വേണമെങ്കിലും നഷ്ടങ്ങള്‍ സംഭവിക്കാവുന്ന നെല്‍കൃഷിയിലേക്ക് ആളുകള്‍ എത്തുമെന്ന് കരുതാന്‍ ആവുമോ??? ഇങ്ങനെയുള്ള തെറ്റായ ‘കൈയ്യടി വാ‍ങ്ങല്‍’ പദ്ധതികള്‍ കൊണ്ട് ഇല്ലാതാകുന്നത് നമ്മുടെ സംസ്ഥാനത്തിന്റെ അടിക്കല്ല് തന്നെയാണ്.

ഉത്പാദനചിലവിന് ആനുപാതികമായ ഒരു വിലയെങ്കിലും നെല്ലിന് കര്‍ഷകര്‍ക്ക് ലഭിക്കണം. ഒരു കിലോ നെല്ലിന് കര്‍ഷകന് എട്ടു രൂപ ലഭിക്കുമ്പോള്‍ അതില്‍ നിന്ന് ഉത്പാദിപ്പിക്കൂന്ന അരി ഉപഭോക്താവിന് കിലോയ്ക്ക് രണ്ട് രൂപായ്ക്ക് കിട്ടുമ്പോള്‍ കര്‍ഷകന്‍ ആരായി? കര്‍ഷകന് കിട്ടാനുള്ളത് കിട്ടിയിട്ടുണ്ട് എന്ന് പറയാമെങ്കിലും ഉത്പാദനചിലവിന്റേയും വില്പന വിലയുടേയും അന്തരം കര്‍ഷകനെ സംബന്ധിച്ചിടത്തോളം അവനെ നെല്‍ കൃഷിയില്‍ നിന്ന് പിന്‍‌വലിയാന്‍ നിര്‍ബന്ധിതനാക്കൂന്ന പ്രധാനഘടകമാണ്.

ഭക്ഷ്യസാധനങ്ങള്‍ക്ക് വിലകൂടാനുള്ള കാരണം ഭക്ഷ്യസാധനങ്ങളുടെ ഉല്പാദനകുറവു തന്നെയാണ്. ഉല്പാദനം കുറയുമ്പോള്‍ വില കൂടും. സാധങ്ങള്‍ക്ക് വില കൂടൂന്നതിന് കാരണം ആളുകള്‍ കൂടുതല്‍ സാധനങ്ങള്‍ വാ‍ങ്ങികഴിക്കുന്നതുകൊണ്ടാണന്ന് ഭക്ഷ്യമന്ത്രി തന്നെ പറയുമ്പോള്‍ ആ മനുഷ്യന്റെ വിവരക്കേട് എന്തുമാത്രമാണന്ന് ജനങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിക്കും. അരിക്ക് വില കൂടുമ്പോള്‍ അരിആഹാരങ്ങള്‍ക്ക് പകരം കോഴിയും പാലും ആഹാരത്തില്‍ ഉള്‍പ്പെടുത്താല്‍ ഉപദേശിക്കുന്നവരും നമ്മുടെ നാട്ടില്‍ ഉണ്ട്. വിലക്കയറ്റം ഉണ്ടാകുമ്പോള്‍ ആരോപണപ്രത്യാരോപണങ്ങള്‍ക്ക് ഒരു കുറവും ഇല്ലാത്ത നാടാണ് നമ്മുടേത്.

നമ്മുടെ തൊഴില്‍‌ഉറപ്പ് പദ്ധതികളില്‍ ഉള്‍പ്പെടൂത്തി നമ്മുടെ സര്‍ക്കാരിന് തന്നെ ഭക്ഷ്യ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും.ഇപ്പോള്‍ നമ്മുടെ ഒട്ടുമിക്ക പഞ്ചായത്തുകളിലും  തൊഴില്‍ ഉറപ്പ് പദ്ധതി എന്ന് പറയുന്നത് വര്‍ഷം തോറും നടത്തുന്ന റോഡിന്റെ വശങ്ങളിലെ പുല്ല് ചെത്തിക്കളയുകയും കാനകോരുകയും ചെയ്യുന്നതാണ്. ഒരു മഴ കഴിയുമ്പോള്‍ കാന നികരും. എന്തുകൊണ്ട് തൊഴില്‍‌ഉറപ്പ് പദ്ധതിയില്‍ കൂടി ഉറപ്പാക്കൂന്ന തൊഴില്‍ ദിനങ്ങള്‍ തരിശായി കിടക്കുന്ന നെല്‍പ്പാടങ്ങളില്‍ കൃഷി ഇറക്കാന്‍ വേണ്ടി ഉപയോഗിച്ചു കൂടാ? ചില അയല്‍‌ക്കൂട്ടങ്ങള്‍ പാട്ടത്തിനെടൂത്ത് നെല്‍കൃഷി നടത്തുന്നുണ്ട്.(കൃഷി വന്‍ നഷ്ടമായി കൃഷി നിര്‍ത്തിയവരും ഉണ്ട്) ആ മാതൃക പഞ്ചായത്തുകള്‍ ഏറ്റെടുക്കണം. കൃഷി വകുപ്പ് എന്നൊരു വകുപ്പും അതില്‍ ജോലിക്കാരും നമ്മുടെ നാട്ടില്‍ ഉണ്ട്. അവര്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ പഞ്ചായത്തുകള്‍ക്ക് നല്‍കട്ടെ. തരിശ് കിടക്കൂന്ന നെല്‍പ്പാടങ്ങള്‍ ഏറ്റെടുത്തോ പാട്ടത്തിനെടൂത്തോ അയല്‍ക്കൂട്ടങ്ങളെ(കുടുംബശ്രി) ഏല്‍പ്പിച്ച് തൊഴില്‍‌ഉറപ്പ് പദ്ധതി പ്രകാരം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടീച്ച് കൃഷിപ്പണികള്‍ ചെയ്യാന്‍ സാധിക്കണം(ഒട്ടുമിക്കയിടത്തും അയല്‍ക്കൂട്ടങ്ങളില്‍ ഉള്ളവര്‍ തന്നെയാണ് തൊഴില്‍ ഉറപ്പ് പദ്ധതിയിലും ഉള്ളത്).

സംഘടനകള്‍ക്ക് യാതൊരു കുറവും ഇല്ലാത്ത നാടാണ് നമ്മുടേത്. രണ്ട് പേര്‍മാത്രം തൊഴിലെടുക്കുന്ന ഒരു തൊഴില്‍‌മേഖലയില്‍ മാത്രം അവരെ ‘സംരക്ഷിക്കാന്‍‘ നാലു സംഘടനകളും എട്ടു നേതാക്കളും കാണും. ഈ സംഘടനകള്‍ക്ക് രാഷ്ട്രീയ പിന്തുണയും ഉണ്ടാവും. അയല്‍ക്കൂട്ടം-കുടുംബശ്രിയ്ക്ക് പകരം ജനശ്രി ഉയര്‍ത്തിക്കൊണ്ടുവരാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത് (ശ്രമിച്ചത്) നമ്മള്‍ കാണുന്നുണ്ട്.(കുടുംബശ്രിയ്ക്ക് എതിരല്ല ജനശ്രി എന്ന് കോണ്‍ഗ്രസ് പറയുന്നുണ്ടങ്കിലും). സംഘടനകള്‍ക്ക് ഒരു ക്ഷാമവും ഇല്ല. അവകാശങ്ങള്‍ നേടിയെടുക്കാനും പ്രതിഷേധ സമരങ്ങള്‍ നടത്താനും മാത്രമാകരുത് സംഘടനകള്‍. രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ സംഘടനകള്‍ക്ക് സാധിക്കണം. വിലക്കയറ്റത്തിനെതിരെ പോരാട്ടം നടത്തുന്ന സംഘടനകള്‍ക്ക് ഭക്ഷ്യ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനുള്ള ചുമതല കൂടി ഉണ്ട്. (പെട്രോള്‍ വില വര്‍ദ്ധനയ്ക്കെതിരേ പോരാടൂന്ന സംഘടനകള്‍ക്ക് പെട്രോള്‍ ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ കഴിയുമോ എന്നുള്ള ചോദ്യം പ്രതീക്ഷിക്കുന്നു.). തങ്ങളുടെ മുന്നിലെ നെല്‍പ്പാടങ്ങള്‍ തരിശായി കിടക്കുമ്പോള്‍ അരിവില വര്‍ദ്ധനവിന് എതിരെ സമരം നടത്തുന്ന ആളുകള്‍ക്ക് ആ ഊര്‍ജ്ജം എന്തുകൊണ്ട് ആ തരിശ് നെല്‍പ്പാടങ്ങളില്‍ കൃഷി ചെയ്യാന്‍ ഉപയോഗിക്കാന്‍ പറ്റുന്നില്ല???

ഉപഭോക്‍തൃ സംസ്ഥാനമായ കേരളത്തിന് ഭക്ഷ്യവിലക്കയറ്റത്തിന് എതിരായ സമരങ്ങള്‍ അല്ല ആവശ്യം. വിലക്കയറ്റം ഇല്ലാതാക്കാനുള്ള ഭക്ഷ്യ ഉത്പാദന വര്‍ദ്ധനവാണ് ആവശ്യം. അതിന് നമ്മുടെ സര്‍ക്കാരാണ് നടപടികള്‍ എടുക്കേണ്ടത്. അത്തരം നടപടികള്‍ എടുക്കുമ്പോള്‍ പ്രതിപക്ഷവും അതില്‍ ഭാഗമാവണം. ഭരണ-പ്രതിപക്ഷ യുവജനസംഘടനകള്‍ക്ക് ഭക്ഷ്യസുരക്ഷയില്‍ ഒരു വലിയ മാറ്റം വരുത്താന്‍ കഴിയും. അതിനവര്‍ നിരത്തിലെ പ്രതിഷേധസമരങ്ങളില്‍ നിന്ന് പാടങ്ങളിലേക്ക് ഇറങ്ങണം എന്നുമാത്രം. ചെയ്യാന്‍ കഴിയുന്നത് ചെയ്യാന്‍ സാധിക്കുന്നില്ലങ്കില്‍ പതിവുപോലെ നമുക്ക് വിവാദങ്ങള്‍ തിളയ്ക്കുന്നതും കാത്ത് കഞ്ഞിക്കലത്തിനു മുന്നില്‍ നില്‍ക്കാം.

Monday, October 24, 2011

ഇതിൽ ഏതാണ് ലൈവ് ??

ഇന്നത്തെ(ഒക്‌ടോബർ 24 തിങ്കൾ) ഏഷ്യാനെറ്റ് , ഇന്ത്യാവിഷൻ ചാനലുകളിലെ ഒൻപതുമണീ വാർത്തയിൽ നിന്ന്...

ഒരേ സമയം തോമസ് ഐസക്കിനും ടി.എൻ പ്രതാപനും രാമചന്ദ്രൻ മാസ്റ്റർക്കും രണ്ട് ചാനൽ ചർച്ചകളിൽ എന്ങനെ പങ്കെടുക്കാൻ കഴിയുന്നു???

Saturday, October 22, 2011

ഭൂമിയിലെ മാലാഖമാര്‍ ആത്മഹത്യചെയ്യുമ്പോള്‍ !!!

ഒരിക്കലെങ്കിലും ജീവിതത്തില്‍ ആശുപത്രിയില്‍ പോകാത്തവരുണ്ടോ? കാണീല്ല. അവിടെ നിങ്ങളുടെ വേദനയിലും തളര്‍ച്ചയിലും തകര്‍ച്ചയിലും കൈപിടിച്ചു കൊണ്ട് ,നിങ്ങളെ ആശ്വസിപ്പിച്ചുകൊണ്ട് അവര്‍ ഉണ്ടാവും. ഭൂമിയിലെ മാലാഖമാര്‍. വെളുത്ത വസ്ത്രത്തിനുള്ളില്‍ നിറഞ്ഞ ചിരിയുമായി നമ്മുടെ വേദനകള്‍ ഒപ്പിയെടുക്കാനായി ഈശ്വരന്‍ അയച്ച മാലാഖമാര്‍. അവര്‍ നമ്മള്‍ അറിയാതെ നമ്മുടെ വേദനകള്‍ ഒപ്പിയെടുക്കുന്നു. അവര്‍ നമ്മുടേ വേദനകള്‍ ഒപ്പിയെടുക്കുമ്പോള്‍ അവരുടെ ഉള്ളിലെ വേദനകള്‍ എന്തായിരിക്കൂം എന്ന് നമ്മള്‍ ചിന്തിക്കാറില്ല. പക്ഷേ ആ മാലാഖമാരുടെ നിറഞ്ഞ ചിരികള്‍ക്കു പിന്നില്‍ മറഞ്ഞിരിക്കുന്നത് കണ്ണീരിന്റെ നനവാണ്. ഉള്ളിലെ ദുഃഖങ്ങളുടെ താഴ്വാരത്തിലെ കൊടുംങ്കാറ്റിനെ ആണ് അവര്‍ തങ്ങളുടെ പുഞ്ചിരിയില്‍ ഒളിപ്പിക്കൂന്നത്. സ്വാന്തനത്തിന്റെ കുളിര്‍കാറ്റായി അവര്‍ വരുന്നത് ആ കൊടുങ്കാറ്റിനെ തളര്‍ത്തികൊണ്ടാണ്. സ്വന്തം വേദനകളെ കണ്ണീരിനും ശമിപ്പിക്കാന്‍ കഴിയാതെ വരുമ്പോള്‍ അവളുടെ ചുണ്ടിലെ പുഞ്ചിരിമായുന്നു. രക്ഷപെടാനാവാത്ത കുരുക്കില്‍ പെട്ട് ഉഴറുമ്പോഴും അവളുടെ ചുണ്ടിലെ പുഞ്ചിരി മായാതിരിക്കാന്‍ അവള്‍ ശ്രമിക്കും. പക്ഷേ ഭൂമിയിലെ മാലാഖമാരും മനുഷ്യരാണല്ലോ? കുരുക്കുകള്‍ മുറുകുമ്പോള്‍ ആ മാലാഖയും സ്വന്തം ജീവിതം ഒരു കുരുക്കിലേക്ക് ഒതുക്കുന്നു. ആരും കാണാതെ ഒളിപ്പിച്ച ദുഃഖത്തിന്റെ അവസാനം!!!!!

ആശുപത്രിയില്‍ നിന്നുള്ള ബുദ്ധിമുട്ടുകളും ചില രോഗികളില്‍ നിന്നും അവരുടേ കൂടേ നില്‍ക്കുന്നവരില്‍ നിന്നുമുള്ള ബുദ്ധിമുട്ടുകള്‍ ഒരു വശത്ത് ,വീട്ടിലെ കഷ്ടതകളും ലോണ്‍ എടുത്ത് പഠിച്ചവരാണങ്കില്‍ അതിന്റെ ബുദ്ധിമുട്ടുകള്‍ മറുവശത്ത് നിന്നുമുള്ള പോരാട്ടമാണ് ആ മാലാഖമാരുടെ ജീവിതം. ഇന്‍‌ഞ്ചഷന്‍ കൊടുക്കുമ്പോള്‍ അലപം വേദന തോന്നിയാലും ചിലര്‍ അവരെ തെറിവിളിക്കും. ആ തെറിവിളി കേള്‍ക്കുമ്പോഴും അവര്‍ പുഞ്ചിരിക്കൂം. ചിലര്‍ക്ക് അവളുടെ കൈകളില്‍ തൊടണം,ചിലര്‍ക്ക് അവളുടെ നിതംബങ്ങളില്‍ തട്ടണം,ചിലര്‍ക്ക് അവളുടെ സ്തനങ്ങളുടെ ഭംഗി ആസ്വദിക്കണം. ആ മാലാഖമാര്‍ ചിലര്‍ക്കെങ്കിലും അടിമകളും പാവകളും ആണ്.

മരണത്തില്‍ നിന്ന് ജീവിതത്തിലേക്കൂള്ള നൂല്‍പ്പാലത്തിലൂടെ നമ്മളെ കൂട്ടിക്കോണ്ടൂവരാന്‍ ഉറക്കം പോലും ഇല്ലാതെ കണ്ണ് ചിമ്മാതെ നമ്മുടെ ഓരോ ശ്വാസത്തിനും കാതോര്‍ക്കുന്ന ഒരു മാലാഖ ജീവിതത്തില്‍ നിന്ന് മരണത്തിലേക്ക് കയറിപ്പോകണമെങ്കില്‍ അവള്‍ എന്ത് മാത്രം വേദന സഹിച്ചിരിക്കണം. നമ്മുടെ വേദനകള്‍ ഒപ്പാന്‍ ഉറക്കളച്ചിരുന്ന ആ മാലാഖമാരുടെ വേദനകള്‍ നമുക്ക് കാണാന്‍ കഴിയുന്നില്ലല്ലോ?


Saturday, October 8, 2011

അഞ്ച് വര്‍ഷം : പത്ത് ബ്ലോഗ് , അഞ്ഞൂറ് പോസ്റ്റുകള്‍

ബ്ലോഗ് ബ്ലോഗ് എന്ന് കേള്‍ക്കുമ്പോള്‍ അതെന്താണന്ന് ചിന്തിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ആ കാലം പിന്നിട്ട് ഇപ്പോള്‍ പത്ത് ബ്ലോഗുകളുടെ മുതലാളിയായി (മറ്റ് രണ്ട് ബ്ലോഗുകളില്‍ പാര്‍ട്‌ണര്‍ഷിപ്പും ഉണ്ട്) ഞാനിവിടെ എത്തിയിട്ട് നാലു വര്‍ഷം പൂര്‍ത്തിയായി അഞ്ചാം വര്‍ഷത്തിലേക്ക് പോസ്റ്റൂന്നി. ഒന്നാമത്തെ ബ്ലോഗ് തുടങ്ങുമ്പോള്‍ ഉണ്ടായിരുന്ന ഇന്റര്‍നെറ്റ് കണക്ഷന്‍ ഡയല്‍ അപ് മോഡം ആയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ബ്രോഡ്‌ബാന്‍ഡായി. ആദ്യമൊക്കെ പോസ്റ്റ് ഇടുമ്പോള്‍ അതൊന്നു സേവായി പോസ്റ്റായി ബ്രൌസറില്‍ ഒന്ന് തെളിയാന്‍ പത്തുമിനിട്ടെങ്കിലും എടുത്തിരുന്നു.(പത്തു മിനിട്ടിനകത്ത് ഇടയ്ക്കിടയ്ക്കിടയ്ക്ക് കട്ടായിപോകുന്ന കണക്ഷനും നാലഞ്ച് പ്രാവിശ്യം പോസ്റ്റില്‍ ക്ലിക്ക് ചെയ്യാനുള്ള സമയവും പോസ്റ്റ് ലോഡായി വരാനുള്ള സമയവും ഒക്കേ ഉള്‍പ്പെടും). ദേ ഇപ്പോഴാണങ്കില്‍ അങോട്ട് പബ്ലിഷ് പോസ്റ്റിലോട്ട് ഞെക്കേണ്ട താമസം പോസ്റ്റ് (ഞെക്കേണ്ട താമസം എന്ന് ഒരാവേശത്തിന് പറഞ്ഞതാ.. പത്ത് മുപ്പത് സെക്കന്‍ഡ് എടുക്കും) അങ്ങ് തെളിയും.

ഓര്‍ക്കൂട്ടില്‍ വരുന്ന മലയാളം സ്ക്രാപ്പുകള്‍ കണ്ടാണ് മലയാളം ടൈപ്പ് ചെയ്യാന്‍ നോക്കുന്നത്. എങ്ങനെ മലയാളം ടൈപ്പ് ചെയ്യാന്‍ പറ്റുമെന്ന് മലയാളത്തില്‍ സ്ക്രാപ്പ് ഇടുന്നവരോട് ചോദിച്ചു. അവരെല്ലാം പലയിടത്തും നിന്ന് കൊണ്ടുവന്ന് പേസ്റ്റ് ചെയ്യുകയാണന്ന് പറഞ്ഞു. അവസാനം ചോദിച്ച് ചോദിച്ച് പോയപ്പോള്‍ ജയന്‍ തോമസ് എന്നൊരു ചേട്ടന്‍ (ഈ ചേട്ടായിക്ക് ബ്ലോഗൊന്നും ഇല്ല) മലയാളം എഴുതുന്നത് എങ്ങനെയാണന്ന് ഇവിടെയുണ്ട് എന്ന് പറഞ്ഞ് ഒരു ലിങ്ക് തന്നു. ആ ലിങ്കില്‍ നോക്കി കീമാനെ ഇന്‍സ്റ്റാള്‍ ചെയ്ത് അതിലെ അക്ഷരങ്ങളുടെ കീ കോമ്പിനേഷന്‍ പടം നോക്കി മലയാളം ടൈപ്പു ചെയ്യാന്‍ പഠിച്ചു.

ആ സമയത്ത് മനോരമയിലെ ഒരു സപ്ലിമെന്റില്‍ മലയാളം ബ്ലോഗിനെകുരിച്ച് ഒരു ഫീച്ചര്‍ വന്നായിരുന്നു. അതൊക്കെ വായിച്ച് ഗൂഗിള്‍ അക്കൌണ്ടില്‍ കയറി അവിടേയും ഇവിടേയും ഒക്കെ ഞെക്കി ഓരോ പേരുകള്‍ കൊടുത്തപ്പോള്‍ ഓരോ ബ്ലോഗായി. ഇങ്ങനെ ഒന്നും മനസിലാകാതെ പേരുകള്‍ കൊടുത്തതുകൊണ്ടാണ് ആദ്യം ഉണ്ടായ മൂന്ന് ബ്ലോഗുകള്‍ക്ക് shibu1 , smeaso , shibupta46 എന്നൊക്കെ പേര് വന്നത്.
ചുമ്മാ കണ്ട ബട്ടണുകളില്‍ ഒക്കി ഞെക്കിയായിരുന്നു ആദ്യം പോസ്റ്റുകള്‍ ഇട്ടത്. ഓരോ കഥകള്‍ എങ്ങനെ ഓരോ പോസ്റ്റാക്കി ഇടുമെന്ന് അറിയാന്‍ പാടില്ലാത്തതുകൊണ്ട് പന്ത്രണ്ട് കഥകള്‍ ഒരുമിച്ചാക്കിയാണ് കുഞ്ഞിക്കഥകള്‍ എന്ന ബ്ലോഗില്‍ ആദ്യ പോസ്റ്റ് ഇട്ടത്. 2007 ഒക്‍ടോബര്‍ 4 ന് ആയിരുന്നു ആദ്യ പോസ്റ്റ് ആക്രമണം.(അന്ന് പാരഗ്രാഫായി പോലും അത് എഴുതാന്‍ അറിയില്ലായിരുന്നു). ഒരു ദിവസം എടുത്ത് പലയിടത്തും പോയി നോക്കി ഡാഷ് ബോര്‍ഡ് എന്നൊരു സംഗതി ഉണ്ടന്നും അവിടെ New Post, Edit Post എന്നൊക്കെ ബട്ടണുകള്‍ ഉണ്ടന്നും മനസിലാക്കി പന്ത്രണ്ട് കഥകളെ(കുഞ്ഞി) ഒറ്റ പോസ്റ്റില്‍ നിന്ന് മുറിച്ച് പന്ത്രണ്ട് പോസ്റ്റാക്കി. പിന്നെ പിന്നെ അവിടെ നിന്ന് പതുക്കെ പതുക്കെ ബ്ലോഗിന്റെ പോളി ടെക്നിക്കുകള്‍ ഒക്കെ പഠിച്ച് പോസ്റ്റിടാന്‍ തുടങ്ങി. വലിയ കഥയ്ക്കും ,ചെറിയ കഥയക്കും, കവിതക്കും(ഇതെന്താ സംഗതിയെന്ന് ഇപ്പോഴും മനസിലായിട്ടില്ല) ഒക്കെ ഓരോരോ ബ്ലോഗ് തുടങ്ങിയാലേ ഒരിത് വരൂ എന്ന് തോന്നിയതുകൊണ്ട് ഓരോന്നിനും ഓരോ ബ്ലോഗ് തുടങ്ങാമെന്ന് കരുതി. (അന്ന് ലേബല്‍ എന്ന സംഗതിയെക്കുറിച്ച് ഒരറിവും ഇല്ലായിരുന്നു).

ഇങ്ങനെ ഓരോന്നിനും ഓരോ ബ്ലോഗ് തുടങ്ങി വന്നപ്പോള്‍ ബ്ലോഗിന്റെ എണ്ണം പത്തായി.












പോസ്റ്റ് കണക്കെടുപ്പ്


പറയാന്‍ മറന്നു, വല്ലപ്പോഴും സംഭാവന നല്‍കുന്ന ഒരു ബ്ലോഗു കൂടി ഉണ്ട്