Sunday, June 19, 2011

വേണം നമുക്കൊരു വിദ്യാഭ്യാസം

പതിവു പോലെ ജൂണ്‍ മാസത്തില്‍ നമ്മള്‍ വീണ്ടും വിദ്യാഭ്യാസത്തെക്കൂറിച്ച് ചര്‍ച്ച ചെയ്യാന്‍ തുടങ്ങി. കഴിഞ്ഞ കുറെക്കാലമായി സാശ്രയ വിദ്യാഭ്യാസവും , സീറ്റ് കച്ചവടവും മാത്രമായിരുന്നു നമ്മുടെ ചര്‍ച്ച. പക്ഷേ ഈ വര്‍ഷം സാശ്രയ ചര്‍ച്ചയിലേക്ക് രാഷ്ട്രീയ സദാചാരവും , രാഷ്ട്രീയ ധാര്‍മ്മികതയും കടന്നു വന്നതിനോടൊപ്പം സ്കൂള്‍ വിദ്യാഭ്യാസവും കടന്നു വന്നു. ഈ സവിശേഷ സാഹചര്യത്തില്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രുദായത്തിലേക്ക് ഒരു അന്വേഷ്ണം നടത്തുകയാണ്. (ഇതില്‍ പറയുന്നത് എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ ആയതുകൊണ്ട് നിങ്ങള്‍ക്ക് ഔ പക്ഷേ യോജിപ്പോ വിജോയിപ്പോ ഉണ്ടായന്ന് വരാം).

വിദ്യാഭ്യാസം കച്ചവടം ആകുന്നു....
ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ തന്നെ അവന്‍/അവള്‍ എന്തായി തീരണമെന്ന് മാതാപിതാക്കള്‍ ആഗ്രഹിക്കുകയും അതിനു വേണ്ടി കുഞ്ഞിനെ വളര്‍ത്തുകയും ചെയ്യുന്ന ഒരു കൂട്ടം മാതാപിതാക്കളാണ് നമ്മുടെ ഇടയില്‍ ഇന്നുള്ളത്. തന്റെ മകന്‍/മകള്‍ ഉന്ന്നത നിലയില്‍ വിദ്യാഭ്യാസം നടത്തി മറ്റുള്ളവരുടെ മക്കളെക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നത് തെറ്റാണോ എന്ന് ഉത്തരം നല്‍കേണ്ടത് ആ കുഞ്ഞിന്റെ ആഗ്രഹങ്ങളൊടും ചേര്‍ന്നു നിന്നു കൊണ്ടാണ്. തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസത്തിന് മാതാപിതാക്കള്‍ക്ക് എത്ര പണം വേണമെങ്കിലും ചിലവഴിക്കാന്‍ സാധിക്കുന്നുണ്ട്. ഈ അവസ്ഥയെ ചൂഷ്ണം ചെയ്യാന്‍ വേണ്ടിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒരു കച്ചവട-കറവപ്പശുവായി കാണുന്ന ചിലര്‍ എത്തിയത്.

സര്‍ക്കാര്‍ സ്‌കൂള്‍ തകര്‍ച്ചയും ഇംഗ്ലീഷ് വിദ്യാഭ്യാസവും
ലോകം ഇന്ന് ഒരൊറ്റ തുറന്ന വിപണിയായപ്പോള്‍ ആഗോളഭാഷയായ ഇംഗ്ലീഷ് വളര്‍ന്നു. ഇംഗ്ലീഷില്‍ സംസാരിക്കാന്‍ കഴിയാത്തവര്‍ മത്സരങ്ങളില്‍ പിന്തള്ളാപെടുമെന്ന് മാതാപിതാക്കള്‍ക്ക് തോന്നി. അവര്‍ തങ്ങളുടെ കുട്ടികളേ ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ ചേര്‍ക്കാന്‍ തുടങ്ങി. സര്‍ക്കാര്‍, എയ്‌ഡഡ് മലയാളം മീഡിയം സ്കൂളുകളില്‍ കുട്ടികള്‍ കുറഞ്ഞു തുടങ്ങുകയും അണ്‍‌എയിഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ കുട്ടികളുടെ എണ്ണം കൂടുകയും ചെയ്തു. പൊതു സമൂഹത്തില്‍ ആദ്യം ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസത്തെ എതിര്‍ക്കുകയും മുഖം തിരിഞ്ഞു നില്‍ക്കുകയും ചെയ്‌ത അദ്ധ്യാപകര്‍ തങ്ങളുടെ സ്വന്തം കുട്ടികളെ അത്തരം സ്കൂളുകളിലേക്ക് പറഞ്ഞു വിടുകയും മറ്റ് കുട്ടികളെ തങ്ങള്‍ പഠിപ്പിക്കുന്ന സ്കൂളുകളില്‍ ചേര്‍ക്കാന്‍ വീടു‌വീടാന്തരം കയറി ഇറങ്ങുകയും ചെയ്തത് ഒരു തമാശ ആയിരുന്നു. അണ്‍‌എയിഡഡ് ഇ,ഗ്ലീഷ് മീഡിയം സ്കൂളുകള്‍ കൂണുകള്‍ പോലെ മുളച്ചു പൊന്തിയപ്പോഴാണ് സര്‍ക്കാരും അനങ്ങിത്തുടങ്ങിയത്. എയ്‌ഡഡ് സ്കൂളുകളിലും ഇംഗ്ലീഷ് മീഡിയം ഡിവഷനുകള്‍ ആരംഭിച്ചു എങ്കിലും അതും ഉദ്ദേശിച്ച പ്രയോജനം ഉണ്ടാക്കിയില്ല. ചില സര്‍ക്കാര്‍ പരിഷ്‌കാരങ്ങള്‍ തന്നെയാണ് കുട്ടികള്‍ സര്‍ക്കാര്‍-എയിഡഡ് സ്കൂളുകലീല്‍ നിന്ന് അണ്‍-എയിഡഡ് സ്കൂളുകളിലേക്ക് ചേക്കാറാന്‍ കാരണം. ആ കാരണങ്ങളിലേക്ക് നമുക്ക് പിന്നീട് വരാം.

സ്കൂളുകളും മതവും സമുദായവും.
നിങ്ങള്‍ രാവിലെ ഒരു ഏഴര മുതല്‍ ഒന്‍‌പതുമണിവരെ അടുത്തുള്ള വാഹന ഗതാഗതമുള്ള റോദില്‍ ചെന്ന് നില്‍ക്കുക. നിന്നഗ്ലേ അതിശയിപ്പിക്കുന്ന രീതിയില്‍ സ്കൂള്‍ ബസുകള്‍ പോകുന്നത് നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. ഇനി ആ സ്കൂള്‍ ബസുകളിലെ സ്കൂള്‍ പേരുകളിലേക്ക് നോക്കുക. മതവും സമുദായവും സംഘടനകളും ട്രസ്റ്റുകളും വകയായിട്ടുള്ളവയായിരിക്കും ആ സ്കൂള്‍ ബസുകള്‍. അതെ. ഇന്നത്തെ നമ്മുടെ സ്കൂളുകള്‍ മത-സമുദായ--ട്രസ്റ്റുകള്‍ വീതിച്ചെടുത്തിരിക്കുന്നു.

കുറേക്കാലം മുമ്പ് നടന്ന് പോകാന്‍ പറ്റുന്ന ദൂരത്ത് ഒരു സ്ഥലത്ത് ഒരു സ്കൂള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് ഒരു പക്ഷേ സര്‍ക്കാര്‍ സ്കൂള്‍ ആയിരിക്കാം അല്ലങ്കില്‍ ഒരു മാനേജ്‌മെന്റ് നടത്തുന്ന എയിഡഡ് സ്കൂള്‍ ആയിരിക്കും. ഇന്ന് ഒന്ന് നോക്കുക നടന്നു പോകാവുന്ന ദൂരത്തില്‍ നാലഞ്ച് സ്കൂളുകള്‍. ആ സ്കൂളുകള്‍ നടത്തുന്നത് പല സമുദായങ്ങള്‍ ആയിരിക്കും. ക്രിസ്ത്യന്‍-മുസ്ലിം-ഹിന്ദു മാനേജുമെന്റ് സ്കൂളുകള്‍ എന്ന് പണ്ട് സംസാരഭാഷയില്‍ പറഞ്ഞിരുന്നെങ്കില്‍ ഇന്നങ്ങനെ പറയാന്‍ കഴിയില്ല. ഓര്‍ത്തഡൊക്സ്, പാത്രിയര്‍ക്കീസ്, മര്‍ത്തോമ്മാ, കത്തോലിക്ക, സി‌എസ്‌ഐ, എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി , അമൃതാനന്ദമയി, വിവിധ ആശ്രമങ്ങള്‍, മുസ്ലിം, വിവിധ കന്യാസ്ത്രി മഠങ്ങളുടേയും എല്ലാം നേതൃത്വത്തില്‍ ഇന്ന് പ്രത്യകം പ്രത്യേകം സ്കൂളുകള്‍ പണുതുയര്‍ത്തിക്കഴിഞ്ഞു.

മതേതര സമൂഹത്തിന് ഭീക്ഷണിയാകുന്ന വിദ്യാഭ്യാസം
2008 ല്‍ ബിഷപ്പ് മാര്‍ പൌവ്വത്തില്‍ ഒരു പ്രസ്താവന നടത്തിയിരുന്നു, ക്രിസ്‌ത്യന്‍ കുട്ടികള്‍ ക്രിസ്‌ത്യന്‍ വിദ്യാലയങ്ങളില്‍ തന്നെ പഠിക്കണം അഥവാ ക്രിസ്‌ത്യന്‍ കുട്ടികളെ ക്രിസ്‌ത്യന്‍ വിദ്യാലയങ്ങളില്‍ തന്നെ പഠിപ്പിക്കണം എന്നായിരുന്നു ആ പ്രസ്താവന. ഇന്ന് അതില്‍ നിന്നൊക്കെ മാറ്റം വന്നിട്ട് ഓരോ വിഭാഗവും തങ്ങളുടെ കുട്ടികള്‍ തങ്ങളുടെ തന്നെ വിഭാഗങ്ങള്‍ നടത്തുന്ന സ്കൂളുകളില്‍ കുട്ടികളെ ചേര്‍ക്കാന്‍ ശ്രദ്ധിക്കുന്നു. കാശുള്ള ഓരോ പള്ളിക്കും പള്ളിവകയായി ഓരോ സ്കൂളുകള്‍. മുക്കിന് മുക്കിന് മുറുക്കാന്‍ കടതുടങ്ങുന്നതുപോലെയായി നമ്മുടെ നാട്ടിലെ സ്കൂളുകള്‍. കാശിറക്കി കാശുവാരാന്‍ പറ്റുന്നത് സ്കൂള്‍ നടത്തിപ്പുകളിലൂടെ ആണന്ന് തോന്നുന്നു. ഓരോ സമുദായവും പ്രത്യേകം പ്രത്യേകം സ്കൂളുകള്‍ തുടങ്ങുകയും തങ്ങളുടെ കുട്ടികളെ ആ സ്കൂളുകളില്‍ പഠിപ്പിക്കുകയും ചെയ്യുമ്പോള്‍ മതേതരരാജ്യം എന്നുള്ള ഒരു ‘സങ്കല്പം’ കുട്ടികളില്‍ നിന്നു തന്നെ അപ്രത്യക്ഷമാക്കാന്‍ നമുക്ക് കഴിയുന്നു. കുഞ്ഞു മനസുകളില്‍ വര്‍ഗ്ഗീയതയുടെ വിത്തുപാകാന്‍ നമുക്ക് വിദ്യാഭ്യാസകാലത്ത് തന്നെ കഴിയുന്നു എന്ന് വലിയ കാര്യമാണ്.

സിബി‌എസ്‌ഇ സ്‌കൂളുകള്‍ കൂണുപോലെ
ഈ ആഴ്ച നമ്മുടെ ചാനലുകളില്‍ വലിയ വാര്‍ത്ത ആയ ഒരു സംഭവം ആണ്. കേരളത്തിനു വെളിയിലുള്ള സിബി‌എസ്‌ഇ സ്‌കൂള്‍ മാനേജുമെന്റ് കേരളത്തില്‍ സ്കൂള്‍ സ്ഥാപിക്കാന്‍ വരുന്നു എന്നുള്ളത്. അതിനെതിരെ പലരും പല പ്രസ്താവനകള്‍ നടത്തുകയും ചെയ്തു. ജനങ്ങളെ കൊള്ളയടിക്കാനാണ് അവര്‍ വരുന്നതെന്ന് ചിലര്‍ അഭിപ്രായപ്പെടുകയും ചെയ്തു. എന്തുകൊണ്ട് അവര്‍ നടത്താന്‍ പോകുന്ന കൊള്ളയ്ക്ക് നമ്മുടെ മാതാപിതാക്കള്‍ തയ്യാറാകുന്നു എന്ന് ഇവിടെയുള്ള ആരും ചിന്തിക്കുന്നില്ല. അവര്‍ക്ക് ഇവിടേക്ക് കടന്നു വരാന്‍ നമ്മള്‍ തന്നെയല്ലേ വഴി ഒരുക്കിയത്.? പരീക്ഷകളില്‍ നൂറു ശതാമാനം വിജയം നേടുന്നതല്ല ശരിയായ വിദ്യാഭ്യാസം എന്ന് നമ്മുടെ മാതാപിതാക്കള്‍ കരുതുന്നു. അതുകൊണ്ടാണ് സ്റ്റേറ്റ് സിലബസില്‍ നിന്ന് കുട്ടികള്‍ കൊഴിഞ്ഞു പോവുകയും സിബി‌എസ്‌ഇ സ്‌കൂളുകള്‍ കൂണുപോലെ മുളച്ചു പൊന്തുകയും ചെയ്യുന്നത്.

(തുടരും.....)
picture : http://rhhr.files.wordpress.com/2009/11/schoolhouse.jpg

Sunday, June 5, 2011

ഹൈടെക് ഉപവാസങ്ങളും അരാഷ്‌ട്രീയതയും.

വീണ്ടും ഒരു ഉപവാസ നാടകത്തിന് ദുഃഖസാന്ദ്രമായ അന്ത്യം. സ്വന്തം അനുയായികളെ ചുറ്റിനും നിര്‍ത്തി ജനാധിപത്യ ഭാരതത്തിന്റെ പരിഛേദന എന്ന് സങ്കല്‍പ്പിച്ച് എന്തിനൊക്കയേ വേണ്ടി നടത്തിയ ഉപവാസ നാടകം അങ്ങനെ അര്‍ദ്ധരാത്രിയില്‍ പോലീസ് നടപടിയിലൂടേ അവസാനിപ്പിക്കേണ്ടി വന്ന ബാബ രാംദേവിന് കൈവിട്ട് പോയത് നേരത്തെ തയ്യാറാക്കിയ ഉപവാസ തിരക്കഥയിലെ നായക സ്ഥാനം. അണ്ണാഹാസരയ്ക്ക് കിട്ടിയ ജനപിന്തുണ കണ്ട് ഇറങ്ങിയ ബാബ രാം‌ദേവിന് നഷ്ടപ്പെട്ടത് സ്വന്തം മുഖം തന്നെ ആയിരുന്നു. ഇനിയും നഷ്ടപ്പെടാന്‍ പോകുന്നത് ഒരു പക്ഷേ അദ്ദേഹം തന്നെ കെട്ടി ഉയര്‍ത്തിയ തന്റെ സാമ്രാജ്യം ആയിരിക്കും. ആര്‍ക്കും ഒരാളെ എപ്പോഴും പറ്റിക്കാന്‍ പറ്റില്ലന്ന് പറയുന്നതുപോലെ ആയിരിക്കും ബാബയുടെ ഭാവികാലം. എനിക്ക് ഓര്‍മ്മ വരുന്നത് ഐ.പി.എല്‍ ചെയര്‍മാനായിരുന്ന ലളിത് മോഡിയുടെ ഇപ്പോശ്ഴത്തെ അവസ്ഥ ആണ്. പ്രസിദ്ധിയുടെ മുകളില്‍ നിന്ന് വീണ വീഴ്‌ച. താന്‍ കുഴിച്ച കുഴിയില്‍ വീണ ലളിത് മോഡിയുടെ അവസ്ഥയിലേക്കാണോ ബാബ രാം‌ദേവിന്റെ ഭാവിയും കടന്ന് പോകുന്നത് എന്നറിയാന്‍ കുറച്ചു ദിവസം കൂടി കാത്തിരിക്കേണ്ടി വരും. 
 
അഴിമതിയും  ഉപവാസങ്ങളും
അഴിമതി തടയാനുള്ള ലോക്‍പാല്‍ ബില്‍ ലോക്‍സഭയില്‍ അതരിപ്പിക്കണം എന്ന് ആവിശ്യപ്പെട്ടു കൊണ്ട് അണ്ണാഹസാരെ 2011 ഏപ്രില്‍ 5 ന് തുടങ്ങിയ ഉപവാസസമരം ഏപ്രില്‍ 9 ന് വിജയിച്ചതോടെ ഉപവാസം എന്ന സമരായുധം വീണ്ടും ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായി. നമ്മുടെ രാജ്യത്തെ മാധ്യമങ്ങള്‍ അണ്ണാഹസാരയുടെ ഉപവാസസമരത്തിന് പ്രത്യേക കവറേജ് നല്‍കുകയും സോഷ്യല്‍ മീഡിയാകളിലൂടെയും നേരിട്ടും ഉള്ള ജനങ്ങളുടെ ആവേശവും എല്ലാ കൂടി അണ്ണാഹസാരയുടെ സമരം കേന്ദ്രസര്‍ക്കാരിനെ ഭയപ്പെടുത്തി എന്നത് സത്യമാണ്. ജനവികാരം ഭയന്ന് സര്‍ക്കാ‍ര്‍ അണ്ണാഹസാരെ നിര്‍ദ്ദേശിച്ച നിര്‍ദ്ദേശങ്ങളും അദ്ദേഹം നിര്‍ദ്ദേശിച്ചവരേയും ചേര്‍ത്ത് ലോക്‍പാല്‍ ബില്ലിന്റെ നിര്‍ദ്ദേശങ്ങള്‍ ഉണ്ടാക്കാന്‍ തീരുമാനിക്കുകയും ചെയ്തു. അണ്ണാഹസാരെ നിര്‍ദ്ദേശിച്ചവരെ ലോക്‍പാല്‍ തയ്യാറാക്കുന്ന സമതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഒരു ജനധിപത്യരാജ്യത്ത് ഒരാള്‍ നിര്‍ദ്ദേശിക്കുന്ന എല്ലാവരേയും ഒരു പ്രധാന നിയമം ഉണ്ടാക്കാനുള്ള സമിതിയില്‍ ഉള്‍പ്പെടുത്തുക വഴി കേന്ദ്രസര്‍ക്കാര്‍ ചെയ്തത് ഒരു അസാധാരണ നടപടിയായിരുന്നു എന്നതില്‍ തര്‍ക്കം ഉണ്ടാകാന്‍ വഴിയില്ല. പക്ഷേ അണ്ണാഹാസരയുടെ സമരത്തിന് ഒരു ലക്ഷ്യം ഉണ്ടായിരുന്നു. ആ ലക്ഷ്യം ജനുവിന്‍ ആയിരുന്നതുകൊണ്ടായിരുന്നു അദ്ദേഹത്തിന് സമരത്തിന് സാര്‍വത്രിക പിന്തുണ ലഭിക്കുകയും ചെയ്തത്.

2ജി സ്‌പെക്ട്രം, ആദര്‍ശ് കുഭകോണം,ഗെയിംസ് അഴിമതി എന്നിവയിലെല്ലാം പെട്ട് മുഖം നഷ്ടപെട്ട കോണ്‍‌ഗ്രസ് നേതൃത്വം നല്‍കുന്ന യു‌പി‌എ സര്‍ക്കാര്‍ നേരിട്ട ഏറ്റവും വലിയ പരീക്ഷണമായിരുന്നു അണ്ണാഹസാരയുടെ ഉപവാസ സമരം. പക്ഷേ ആ സമരത്തിന് പരിഹാരംകണ്ടപ്പോള ജനാധിപത്യത്തിന്റെ ഭാഗമായ രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തി ഒരു തീരുമാനത്തില്‍ എത്താന്‍ ആ സര്‍ക്കാര്‍ ശ്രമിച്ചില്ല എന്നത് ഒരു വലിയ വീഴച തന്നെയാണ്. പിന്നീട് ലോക്പാന്‍ ബില്ലിനെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ ആവിശ്യപ്പെട്ടുകൊണ്ട് സര്‍ക്കാര്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് കത്ത് എഴുതിയപ്പോള്‍ അവര്‍ തങ്ങള്‍ക്ക് പറയനുള്ളത് ലോക്‍സഭയില്‍ വെച്ച് പറഞ്ഞോളാം എന്ന് പറഞ്ഞത് അതുകൊണ്ടാണ്.‍ ലോക്‍പാല്‍ ബില്ലിന് വേണ്ടിയുള്‍ല അണ്ണാഹാരയുടെ സമരം ഭാരതത്തിലെ ജനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തെ കൂടുതല്‍  ജനകീയനാക്കി എന്നതില്‍ സംശയം ഇല്ല.

മേധാ പട്‌കര്‍, ഇറോം ചാനു ശര്‍മ്മിള, അണ്ണാ ഹസാരെ, ബാബ രാംദേവ്
ഈ നാലു പേരേയും പൊതുവായി ബന്ധിപ്പിക്കുന്നത് ഉപവാസം എന്ന സമരായുധം ആണ്. ഈ നാലു പേരുടെ ഉപവാസത്തില്‍ വിജയം നേടാനായത് മേധാ പട്‌കര്‍‌ക്കും അണ്ണാ ഹസാരയ്ക്കും മാത്രം.
ഇറോം ചാനു ശര്‍മ്മിള പത്തുവര്‍ഷമായി തുടരുന്ന ഉപവാസം ഇന്ന് വാര്‍ത്ത അല്ലാതെ ആയിരിക്കുന്നു. മാധ്യമങ്ങളില്‍ നിന്ന് അവരുടെ ഉപവാസം ഇന്ന് അപ്രത്യക്ഷമായിരിക്കുന്നു. കാരണം മാധ്യമ മുതലാളിമാരുടെ കാഴ്ച്ചപ്പാടിലും ജനങ്ങളുടെ ഇടയിലും അവരുടെ വാര്‍ത്താമൂല്യം കുറഞ്ഞിരിക്കുന്നു.

മണിപ്പൂരില്‍ സൈന്യത്തിന്റെ പ്രത്യേക അധികാരം നല്‍കുന്ന നിയമം ഉപേക്ഷിക്കണമെന്ന് ആവിശ്യപ്പെട്ടുകൊണ്ട് 2001 നവംബര്‍ 2 ന് ആണ് അവര്‍ നിരാഹാരം സമരം തുടങ്ങിയത്. ഇത്രയും വര്‍ഷം ആയിട്ടും അവരുടെ സമരം ഏറ്റെടുക്കാന്‍ ഒരു സോഷ്യല്‍ മീഡിയായിലേയും ‘കണ്ണു തുറന്നിരിക്കുന്നവര്‍’ എത്തിയില്ല. അവരിപ്പോഴും മണിപ്പൂരിലെ ജനങ്ങള്‍ക്കായി പോരാടുന്നു. ഒരു പക്ഷേ ആ നിരാഹാരം അവസാനിക്കുന്നത് അവരുടെ മരണത്തോടെ മാത്രം ആയിരിക്കും.

മെയ് 20 മുതല്‍ ഒന്‍‌പതു ദിവസം മേധാ പട്കര്‍ നിരാഹാര സമരം നടത്തിയത് എത്ര പേര്‍ അറിഞ്ഞു.
എത്ര ചാനലുകളില്‍ ആ വാര്‍ത്ത ലൈവായി വന്നു? ഏതെങ്കിലും ചനലുകളീലെ ന്യുസ് അവറുകളില്‍ അവരുടെ നിരാഹാരം ചര്‍ച്ച ചെയ്തിട്ടുണ്ടോ? ഉണ്ടാവാന്‍ വഴിയില്ല. കാരണം അവരുടെ സമരം മുംബയിലെ ഖാറിലെ ഗോളിബാറിലെ ചേരിനിവാസികളെ അവരുടെ ഇടങ്ങളില്‍ നിന്ന് കുടിയൊഴിപ്പിക്കുന്നതിന് എതിരെ ആയിരുന്നു. തിളങ്ങുന്ന ഇന്ത്യയുടെ ചേരി പ്രശ്നം എങ്ങനെ ആയാലും നമ്മുടെ മാധ്യമങ്ങള്‍ക്ക് ഒന്നും ഇല്ലല്ലോ? കാരണം നഷ്ടപ്പെടൂന്നത് വെറും ഏഴാം കൂലി ചേരിയില്‍ കിടക്കൂന്നവനാണ്. മാധ്യമങ്ങള്‍ക്ക് പ്രശ്നം ഇന്ത്യയിലെ അഴിമതിയും കള്ളപ്പണവും മാത്രം ആണന്ന് തോന്നുന്നു. ഇന്നത്തെ മാധ്യമങ്ങളില്‍ പലതും പടുത്തുയര്‍ത്തിയത് ഈ കള്ളപ്പണം കൊണ്ടാണന്നുള്ളത് പരസ്യമായ രഹസ്യം മാത്രമല്ലേ????
 
ബാബാ രാംദേവും നിരാഹാരവും
അണ്ണാഹാസരയ്ക്ക് കിട്ടിയ ജനപ്രീതി കണ്ടു കൊണ്ടായിരിക്കണം ബാബാ രാംദേവ് എന്ന യോഗാചാര്യന്‍ ഉപവാസ സമരത്തിന് ഇറങ്ങിയത്. അണ്ണാഹസാരയെപ്പോലെ വെറും നിരാഹാരം കിടക്കാന്‍ അദ്ദേഹത്തിന് പറ്റാത്തതുകൊണ്ട് എല്ലാം ഹൈടൈക്ക് ആക്കി മാറ്റി. എയര്‍ കണ്ടീഷന്‍ ചെയത സമര പന്തല്‍, ഫാന്‍ തുടങ്ങി ഡല്‍ഹിയിലെ ചൂടേറ്റ് ഉപവാസം നടത്തി തളരാതിരിക്കാനുള്ള എല്ലാ സെറ്റപ്പും അദ്ദേഹം ഉണ്ടാക്കി. സ്വന്തം സ്തുതി ഗീതങ്ങള്‍ പാടാനായി അനുയായികളും സമര പന്തലില്‍ എത്തി. ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ നിരാഹാരം ഇരിക്കാനായി ബാബ ഡല്‍ഹിയില്‍ എത്തുന്നതും കാത്ത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മുഖം വികൃതമാക്കി ഇന്ത്യയിലെ നാലു മന്ത്രിമാര്‍ വിമാനത്താവളത്തില്‍ ചര്‍ച്ചയ്ക്കായി കാത്തു നിന്നു. ചര്‍ച്ച പരാജയമാണന്ന് പറഞ്ഞ് ബാബ നിരാഹാരം തുടങ്ങി.
 
ബാബാ രാംദേവിന്റെ ആവിശ്യങ്ങള്‍
ഇതാണ് ബാബ രാം ദേവിന്റെ ആവിശ്യങ്ങള്‍ (മനോരമയില്‍ നിന്ന്). 

ഈ ആവിശ്യങ്ങള്‍ പലതില്‍ നിന്നും അദ്ദേഹം സമയാസമയങ്ങളില്‍ നിന്ന് പിന്മാറി. ഇന്ത്യന്‍ ജനാധിപത്യത്തെ തന്നെ തകര്‍ക്കുന്ന ചില ആവിശ്യങ്ങള്‍ ഇതില്‍ കാണാം. ബാബാ രാം ദേവിന്റെ നിരാഹാരത്തെ പിന്തുണയ്ക്കുന്ന ബിജെപി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ കക്ഷികള്‍ ഈ ആവിശ്യങ്ങള്‍ എല്ലാം കണ്ടിട്ടാണോ സമരത്തെ പിന്തുണച്ചത്? സംസ്ഥാന ഗവണ്‍‌മെന്റ് തീരുമാനം എടുക്കേണ്ട കാര്യങ്ങളില്‍ പോലും കേന്ദ്ര സര്‍ക്കാരിനെ കൊണ്ട് സമ്മതിപ്പിക്കാന്‍ ബാബ രാം ദേവ് ശ്രമിച്ചു എന്ന് മനസിലാക്കാന്‍ കഴിയും. ഒരു വ്യക്തി ശ്രമിച്ചാല്‍/ ഒരു വ്യക്തിയുടെ സമരം കൊണ്ട് മാറ്റാന്‍ പറ്റുന്നതാണോ ഇന്ത്യന്‍ ജനാധിപത്യവും സംസ്ഥാന സര്‍ക്കാരുകള്‍ഊടെ ഭരണാ നിര്‍വഹണവും. ബാബാ രാം  ദേവിന്റെ ആവിശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു എങ്കില്‍ ഇന്ത്യ അരാജകത്വ അവസ്ഥയിലേക്ക് പോകും എന്നതില്‍ സംശയം ഇല്ലായിരുന്നു.
 
ബാബാ രാംദേവിന്റെ ജീവ ചരിത്രം മാധ്യമങ്ങളില്‍ നിന്ന് നമ്മള്‍ മനസിലാക്കി. അയാള്‍ മുന്നോട്ടു വെച്ച പല ആവിശ്യങ്ങള്‍ക്ക് അയാള്‍ തന്നെ പാലിക്കാന്‍ ശ്രമിക്കുന്നില്ല എന്ന് നമുക്ക് മനസിലാക്കാന്‍ സാധിക്കും. പിന്നെ എന്തിന് അയാള്‍ ഇങ്ങനെ ഒരു ഹൈടെക്ക് സമരത്തിന് തയ്യാറായി.?സ്വന്തം രാഷ്ട്രീയ പാര്‍ട്ടുയുടെ മൈലേജ് കൂട്ടല്‍ എന്നതില്‍ കവിഞ്ഞ് ഈ നിരാഹാര/ഉപവാസ/യോഗ സമരത്തിന് ഒരു അര്‍ത്ഥവും ഇല്ല. 

ബി‌ജെപിയും ഉപവാസ സമര പിന്തുണയും
രാജ്യത്തെ മുഖ്യ പ്രതിപക്ഷമായ ബി‌ജെപി എന്തുകൊണ്ട് നേരിട്ട് അഴിമതിവിരുദ്ധ സമരത്തിന് നേതൃത്വം നല്‍കുന്നില്ല എന്നത് ഒരു ചോദ്യമാണ്. അണ്ണാഹസാരയുടേയും രാം ദേവിന്റേയും സമരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസിനെ പ്രതിരോധത്തില്‍ ആക്കുക എന്നതായിരുന്നു അവരുടെ തന്ത്രം. ബി‌ജെപി നേരിട്ട് ഈ സമരത്തില്‍ കടന്നു വെന്നാല്‍ കോണ്‍ഗ്രസ് ചില ചോദ്യങ്ങള്‍ ഉയര്‍ത്തുമെന്ന് അവര്‍ക്കറിയാം. ആ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ ബിജെപിക്ക് ഇപ്പോള്‍ ആവത്തില്ല. കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ചവരെ അടക്കാന്‍ വാങ്ങിയ ശവപ്പെട്ടിയുടെ അഴിമതിയില്‍ എന്ത് നടപടി എടുത്തു എന്ന് കോണ്‍ഗ്രസ് ചോദിക്കുമെന്ന് ഉറപ്പാണ്. പിന്തുണ പ്രഖ്യാപിച്ചും പിന്തുണ പിന്‍‌വലിച്ചും ജനധിപത്യത്തെ കളിയാക്കുന്ന കര്‍ണ്ണാടകയിലെ സര്‍ക്കാരിനേയും അവിടുത്തെ ഖനി അഴിമതികളെക്കുറിച്ചും ഉയര്‍ന്ന വരുന്ന ചോദ്യങ്ങള്‍ക്കും പറയന്‍ ഉത്തരം പറയാന്‍ ബിജെപിക്ക് കഴിയില്ല എന്നതുകൊണ്ടാണ് അവര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നത്.

എന്തുകൊണ്ട് ജനങ്ങള്‍ രാഷ്ട്രീയക്കാരെ കൈവിടുന്നു.
രാഷ്ട്രീയകാരിലുള്ള തങ്ങളുടെ വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടമായി കൊണ്ടിരിക്കുകയാണന്ന് മനസിലാക്കാന്‍ സാധീക്കും. അധികാരത്തിനു വേണ്ടി അവര്‍ എന്തും ചെയ്യും എന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു. അതുകൊണ്ട് ജനങ്ങള്‍ തങ്ങളുടെ രക്ഷകരായി മാധ്യമ പിന്തുണയോടെ   ഉയര്‍ന്നു വരുന്ന കോര്‍പ്പറേറ്റ് സ്പോണ്‍‌സേര്‍ഡ് ആളിനെ കാണുന്നു. നിങ്ങള്‍ക്കിയാളെ വിശ്വസിക്കാം ഇയാളാണ് രക്ഷകന്‍ എന്ന് മാധ്യമ ചര്‍ച്ചകളിലൂടെ തങ്ങള്‍ പിന്തുണയ്ക്കുന്ന ആളെ മാര്‍ക്കറ്റ് ചെയ്യാന്‍ കോര്‍പ്പറേറ്റ് (മാധ്യമ) ഭീകരന്മാര്‍ക്ക് കഴിയുകയും ചെയ്യുന്നു. ആളും അനക്കവും കാണുമ്പോള്‍ ജനങ്ങളും അയാളേ പിന്തുണയ്ക്കുന്നു. ചുമ്മാ അങ്ങ് പിന്തുണയ്ക്കുന്നു. മാധ്യമങ്ങള്‍ വിശകലനം ചെയ്ത് എല്ലാം ശരി എന്ന് ഉറപ്പിക്കുന്ന ആളെ ഇന്നത്തെ സമൂഹം അവിശ്വസിക്കത്തും ഇല്ല. അങ്ങനെയാണ് ആള്‍ ദൈവങ്ങള്‍, രക്ഷകരു സൃഷ്ടിക്കപ്പെടുന്നത്. രാഷ്ട്രീയം ചീയട്ടെ അവര്‍ എല്ലാം അഴിമതിക്കാര്‍ എന്നുള്ള ഒരു മിഥ്യാബോധം ജനങ്ങള്‍ക്കിടയില്‍ വളര്‍ത്തിയെടുക്കാന്‍ ഇത്തരം ആള്‍ക്കാര്‍ക്ക് മാധ്യമങ്ങളിലൂടെ കഴിയുകയും ചെയ്യുന്നു.

വ്യക്തിപൂജകള്‍ അരാഷ്ട്രീയ വാദത്തിലേക്കും അരാഷ്ട്രീയതിയിലേക്കും ആയിരിക്കും നയിക്കുന്നത്. ഇന്ത്യയിലെ നൂറു കോടി ജനങ്ങളുടെ പ്രതിനിധിയായി നിന്ന് ഒരാള്‍ തന്റെ അജണ്ട നടപ്പാക്കാന്‍ ഉപവാസത്തിലൂടയും നിരാഹാരത്തിലൂടയും ശ്രമിക്കുമ്പോള്‍ തല കുനിക്കുന്നത് പരിപാവനമായ ജനാധിപത്യമാണ്. ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ഇത്തരം വ്യക്തിപൂജ സ്പോണ്‍സേര്‍ഡ് സമരങ്ങളെ തകര്‍ക്കേണ്ടതുണ്ട്. ജനാധിപത്യ രാജ്യത്ത് ആര്‍ക്കും തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാമെങ്കിലും അതൊരിക്കലും ആ രാജ്യത്തിന്റെ അഖണ്ഡതയെ വെല്ലു വിളിച്ചു കൊണ്ട് ആവരുത്.


ചിത്രങ്ങള്‍ എടുത്തത്::

ഷര്‍മ്മിള  :: http://indianmilitarynews.files.wordpress.com/2011/04/irom-sharmila.jpg
അണ്ണാ ഹസാരേ : http://www.newsreporter.in/wp-content/uploads/2011/04/Anna-Hazare.jpg
രാം ദേവ് , മേധാ പടകര്‍ : http://in.news.yahoo.com