(***ഇത് എന്റെ അഭിപ്രായം മാത്രം)
(**ചിത്രം: തൊഴിലുറപ്പ് പദ്ധതിപ്രകാരം വഴിവക്കിലെ കാട് തെളിയിക്കുന്നവര്‍. കുടശ്ശനാട് എന്ന സ്ഥലത്ത് നിന്ന് എടുത്തത്)
രണ്ടിടത്തായി കെട്ടിഉയര്‍ത്തിയ പ്ലാറ്റ്‌ഫോമിലേക്ക് അവര്‍ കയറുന്നതോടെ സര്‍ക്കസ് ആരംഭിക്കുന്നു. ടെന്റിനുള്ളിലെ ലൈറ്റുകള്‍ ഊഞ്ഞാലുകളിലേക് പ്രകാശം പകരുമ്പോള്‍ അവര്‍ ജീവിതം തുടങ്ങുന്നു. കൈവിട്ട കൈകളിലൂടെ ജീവിതം തിരിച്ചു പിടിക്കാന്‍ വെമ്പുന്ന അവര്‍ ഊഞ്ഞാലുകളില്‍ നിന്ന് ഊഞ്ഞാലുകളിലേക്ക് വായുവിലൂടെ പറന്ന് നടക്കുന്നു. ഊഞ്ഞാല്‍ എറിഞ്ഞു കൊടുക്കുന്നവനോ ഊഞ്ഞാലുകളില്‍ കൈനീട്ടി കിടക്കുന്നവനോ അവന്റെ കൈകളില്‍ പിടിക്കാനായി കൈ നീട്ടുന്നവര്‍ക്കോ സെക്കന്‍ഡില്‍ ഒന്ന് പിഴച്ചാല്‍ താഴേക് വീഴുന്നത് അവരുടെ ജീവിതം ആണ്. താഴേക് വീഴുമ്പോള്‍ അവന്‍ ദൈവത്തെ വിളിക്കുമ്പോള്‍ കാണികള്‍ അവന്റെ പ്രകടനമില്ലായ്മയെ കുവി വിളിക്കും. പക്ഷെ അവന് പിഴയ്ക്കാറില്ല. പിഴച്ചാല്‍ ജീവിതവും പിഴയ്ക്കുമെന്ന് അവനറിയാം. ലൈറ്റുകള്‍ ഓഫായി അരണ്ട നീലവെളിച്ചത്തിലൂടെയും അവര്‍ ഊഞ്ഞാലുകളില്‍ നിന്ന് ഊഞ്ഞാലുകളിലേക്ക് മാറുമ്പൊള്‍ താഴെ കാണികള്‍ പുതിയ അഭ്യാസങ്ങള്‍ക്കായി കാത്തിരിക്കുകയായിരിക്കും. വായുവിലൂടെ കരണം മറഞ്ഞും കറങ്ങിയും അവര്‍ ഊഞ്ഞാലുകളില്‍ തൊടുമ്പൊല്‍ കാണികള്‍ കൈ അടിക്കും. കുള്ളന്റെ പാന്റ്മാത്രം ഊഞ്ഞാലുകാരന്റെ കൈയ്യില്‍ കിട്ടുകയും കുള്ളന്‍ താഴെകെട്ടിയ വലയിലേക്ക് വീഴുകയും ചെയ്യുമ്പോള്‍ ഏതോ കുഞ്ഞ് മാത്രം ചിരിക്കുന്നു.
അവര്‍ വായുവില്‍ കരണം മറിയുമ്പോള്‍ പലപ്പോഴും എന്റെ ശ്വാസം നിലയ്ക്കുന്നതായി തോന്നി. അവരെക്കാള്‍ ഭയം കാണുന്ന എനിക്കോ? ഒന്നു താഴേക്ക് പതിച്ചാല്‍ സിനിമയിലെ നായകന്മാരെപ്പോലെ അവര്‍ക്ക് എഴുന്നേറ്റ് വരാന്‍ കഴിയില്ലല്ലോ എന്ന് ഞാന്‍ ഓര്‍ത്തു. “ഇതൊക്കെ സര്‍ക്കസ് ആണോ? ഇതിലും വലിതും നമ്മള്‍ ടിവിയില്‍ കാണുന്നതല്ലേ?” പുറകില്‍ ഇരിക്കുന്ന ആരുടയോ സംസാരമാണ്. ടെലിവിഷനും മറ്റ് വിനോദമാധ്യമങ്ങളും കൊണ്ട് തകര്‍ന്നത് ഈ തമ്പിലെ ആളുകളുടെ ജീവിതം ആണ്. വര്‍ഷം തോറും മാറിവരുന്നനിയമങ്ങളെ തുടര്‍ന്ന് മൃഗങ്ങള്‍ കൂടാരങ്ങളില്‍ നിന്ന് അപ്രത്യക്ഷമായതോടെ സര്‍ക്കസ് കാണാന്‍ എത്തിയിരുന്ന കുട്ടികളുടെ എണ്ണം ചുരുങ്ങി. എങ്ങനെ വേട്ടയാടാം എന്ന് അവര്‍ ടോം ആന്‍ഡ് ജെറി കണ്ട് പഠിക്കുകയാണിപ്പോള്‍.....
ഈ തമ്പുകളില്‍ സര്‍ക്കസല്ല നടക്കുന്നത് അതിജീവനമാണ്. കൂടാരത്തിന്റെ മധ്യഭാഗത്ത് നിന്ന് ഇറങ്ങി വരുന്ന കൊളുത്തില്‍ ഉയര്‍ന്ന് ശരീരം കറക്കുമ്പോഴും കൂടാരത്തിന്റെ മുകളിലെ കയറുകളിലെ കൊളുത്തുകളിലൂടെ തലകുത്തി നടക്കുമ്പോഴും ഒരുത്തന്റെ ശരത്തില്‍ കെട്ടിയ ബേല്‍റ്റിലെ കൊളുത്തില്‍ ശരീരം പമ്പരം പോലെ കറക്കുമ്പോഴും കാണികളുടെ കൈയ്യടി അവര്‍ കേള്‍ക്കുന്നുണ്ടാവുമോ? സര്‍ക്കസില്‍ നിറഞ്ഞു നിന്നിരുന്ന കടുവയും പുലിയും സിംഹവും എല്ലാം പഴങ്കഥകള്‍ ആണ്. സര്‍ക്കസ് കൂടാരങ്ങളുടെ നടവില്‍ ഇരുമ്പുകോട്ട തീര്‍ത്ത് അതില്‍ പ്രദര്‍ശിപ്പിച്ചിരുന്ന മൃഗങ്ങളുടെ അഭ്യാസങ്ങള്‍ കാണാനായിരുന്നല്ലോ ആളുകള്‍ സര്‍ക്കസ് കൂടാരങ്ങളിലേക്ക് വന്നിരുന്നത്? ഇരുമ്പുകോട്ടയ്ക്കുള്ളിലെ കയറിലൂടെ നടക്കുന്ന പുലിയും തീയിലൂടെ ചാടുന്ന കടുവയും ഭയപ്പെടുത്തുന്ന ശബ്ദ്ദത്തോടെ കെട്ടിമറിയുന്ന സിംഹങ്ങളും എല്ലാം മങ്ങിയ ഓര്‍മ്മകളായി മനസില്‍ ഇപ്പോഴും ഉണ്ട്. ആ മങ്ങിയ ചിത്രങ്ങള്‍ക്ക് പകരം ഇന്നത്തെ സര്‍ക്കസ് നല്‍കുന്നത് മനുഷ്യരുടെ അഭ്യാസ പ്രകടനങ്ങളാണ്. മനുഷ്യര്‍ തന്നെ അഗ്നിയിലൂടെ ചാടുകയും നടക്കുകയും, മൂര്‍ച്ചയേറിയ കത്തിയുടെ മുകളില്‍ നില്‍ക്കുകയും കത്തിയുടെ കിടക്കൂകയും ചെയ്യുമ്പോള്‍ മനസില്‍ ഉയരുന്ന നിലവിളി തൊണ്ടയില്‍ തന്നെ തടഞ്ഞു നിര്‍ത്താന്‍ ഞാന്‍ ശ്രമിച്ചു. അടുത്ത് ഇരിക്കുന്നവന്റെ മുഖത്തേക്ക് നോക്കുമ്പോള്‍ ഈ കത്തിപ്പുറത്ത് കിടക്കൂന്നതാണോ വലിയ കാര്യം എന്ന ഭാവമാണ് അവന്റെ മുഖത്ത്.
ഞാന്‍ ആദ്യമായിട്ട് ഹിപ്പോയെ കാണുന്നത് ഏതോ സര്‍ക്കസിലാണ്. ഹിപ്പോയെമാത്രമല്ല ഒട്ടകത്തേയും കുതിരേയും സിംഹത്തേയും ഒക്കെ കാണുന്നത് സര്‍ക്കസിലാണ്. പക്ഷേ ഇന്ന് സര്‍ക്കസില്‍ അവശേഷിക്കുന്നത് ഒട്ടകവും ആനയും കുതിരയും ആണ്. കുറച്ചു നാളുകള്‍ക്ക് ശേഷം ആനയും തമ്പുകളില്‍ നിന്ന് അപ്രത്യക്ഷമാകും. ആനയുടെ ഫുട്ബോളും,ക്രിക്കറ്റും. രണ്ടുകാലില്‍ നടത്തവും , സ്റ്റൂളിലെ ഇരുപ്പും ഇനി സര്‍ക്കസ് കൂടാരങ്ങള്‍ക്കും ഓര്‍മ്മയാകും. പുതിയ പുതിയ ഐറ്റങ്ങളുമായി റിംങ്ങ് മാസറ്റര്‍മാര്‍ സര്‍ക്കസ് കുടാരങ്ങളില്‍ തന്നെ ഉണ്ടാവും. പ്ലാസ്റ്റിക് ഗേളായും വണ്ടര്‍ ഗേളായും ഒക്കെ ശരീരത്തെ മടക്കി ഒടിക്കുന്നവര്‍, സാരിത്തുണിയില്‍ ശരീരത്തെ ചുരുട്ടി കൂടാരത്തിന്റെ മുകളിലേക്ക് കറങ്ങുന്നവര്‍ ഇങ്ങനെ എത്രയോ കാഴ്ചകള്‍.... തിരിഞ്ഞും മറിഞ്ഞും കുനിഞ്ഞും നിന്ന് ലക്ഷ്യത്തിലേക്ക് വെടി വയ്ക്കുന്നവര്‍... ശരീരങ്ങള്‍ കൊണ്ട് പിരിമിഡ് തീര്‍ക്കൂന്നവര്‍ .... ഇപ്പോള്‍ സര്‍ക്കസ് കൂടാരങ്ങളില്‍ നിന്ന് കാണുന്നത് വര്‍ണ്ണക്കാഴ്ചകളല്ല മനുഷ്യരുടെ ഉപ്പുകലര്‍ന്ന ജീവിതമാണ്.