Sunday, September 27, 2009

ഓര്‍മ്മകളിലെ ആശാട്ടിയും ആശാന്‍പള്ളിക്കൂടവും



കുന്നിന്‍ മുകളിലുള്ള ആശാന്‍പള്ളിക്കൂടം. പേര് ആശാന്‍ പള്ളിക്കൂടം എന്നാണങ്കിലും പഠിപ്പിക്കുന്നത് ആശാട്ടിയാണ്. ചട്ടയും മുണ്ടും മുണ്ടിന്റെ ഞൊറു പുറകോട്ട് ഇട്ട് പുഞ്ചിരിയോട് എല്ലാ ദിവസവും സ്വീകരിച്ചിരുത്തുന്ന ആശാട്ടി. എത്രയോ അദ്ധ്യാപകര്‍ സ്കൂളിലും കോളേജുകളിലുമായിപഠിപ്പിച്ചു. പക്ഷേ എപ്പോഴും ഓര്‍മ്മയില്‍ പതിഞ്ഞു നില്‍ക്കുന്ന മുഖം ആശാട്ടി അമ്മച്ചിയുടെ മാത്രം. ആദ്യാക്ഷരം എഴുതിച്ചതുകൊണ്ടോ ,ആദ്യാക്ഷരങ്ങള്‍ ചെവിയില്‍ ചൊല്ലിത്തന്നതോ കണ്ടോ ആയിരിക്കും
ആശാട്ടിഅമ്മച്ചിയുടെ മുഖം ഇപ്പോഴും മനസ്സില്‍ നിന്ന് മായാത്തത്.പേരിന്റെ കൂടെ എഴുതാന്‍ ഡിഗ്രികളോ ഡോക്ട്‌റേറ്റുകളോ ഒന്നും ഇല്ലങ്കിലും ആശാട്ടിയമ്മച്ചിയുടെ മുഖവും ആശാന്‍ പള്ളിക്കൂടവും ഇപ്പോഴുംമനസ്സില്‍ ഉണ്ട്. ആദ്യാക്ഷരങ്ങള്‍ എഴുതിതന്ന ആ ഗുരു എന്നോ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുവെങ്കിലും ആശാട്ടിയും ആശാന്‍ പള്ളിക്കൂടവുംഇപ്പോഴും ഓര്‍മ്മകളിലേക്ക് വരാന്‍ കാരണം എന്തായിരിക്കും????

ഇപ്പോള്‍ ഞാന്‍ ആ വഴിയിലൂടെ വല്ലപ്പോഴും പോകുമ്പോള്‍ കുന്നിന്‍ മുകളിലേക്ക് നോക്കും .. ഇല്ല , പഴയ ഓര്‍മ്മകള്‍ മാത്രം അല്ലാതെ അവിടെആശാന്‍പള്ളിക്കൂടത്തിന്റെ അവശേഷിപ്പുകള്‍ ഒന്നും ഇല്ല. എന്റെ ആശാന്‍പള്ളിക്കൂടം നിന്നിടത്ത് ഇപ്പോള്‍ റബ്ബര്‍ മരങ്ങള്‍ ആണ്. പഴയപറാങ്കിമാവ് ഇപ്പോഴും അവിടെത്തന്നെയുണ്ടന്ന് തോന്നുന്നു.റബ്ബര്‍ മരങ്ങള്‍ കാഴ്ചകളോടൊപ്പം ഓര്‍മ്മകളും മറയ്ക്കുന്നു. എത്രയോ കുരുന്നുകള്‍ കയറിപ്പോയ ഒറ്റയടിപ്പാത ഇപ്പോള്‍ പിഞ്ചുകാല്‍‌ സ്പര്‍ശനത്തിനായി കൊതിക്കുന്നുണ്ടാവും. കമ്യൂണിസ്റ്റ് പച്ച ഇപ്പോള്‍ ഈ ഇടവഴിയില്‍ഇപ്പോള്‍ വളരാറില്ല. എഴുത്തോലയ്ക്ക് തെളിച്ചം തന്ന കമ്യൂണിസ്റ്റ് പച്ചയില പൊതയിടാനായി (പൊതയിടുക : വളത്തോപ്പം ചപ്പുചവറുകള്‍കൃഷിയിടങ്ങളില്‍ തടം വെട്ടി ഇടുന്നതിന് പറയുന്നത് ) മാത്രം ആണ് ഇന്ന് വളരുന്നത്.

അമ്മയുടെ കൈയ്യില്‍ പിടിച്ച് ഒറ്റയടിപ്പാതയിലൂടെ കുന്നിന്‍ മുകളിലേക്ക്. ഒറ്റയടിപ്പാതയുടെ ഇരുവശങ്ങളിലും കോമ്പന്‍പുല്ലും കാളപ്പുല്ല്ലും വളര്‍ന്ന്‍ നിന്നിരുന്നു. പുല്ല് ശരീരത്തില്‍ കൊള്ളാതെ അമ്മയുടെ സാരിയുടെ സംരക്ഷണത്തില്‍ ആശാന്‍ പള്ളിക്കൂടത്തിലേക്ക്. എഴുത്തോല അമ്മ യുടെകൈയ്യിലായിരിക്കും. ആശാന്‍പള്ളിക്കൂടത്തിന്റെ വാതിലില്‍ ആശാട്ടിയമ്മച്ചിയുണ്ടാ‍വും. ആശാട്ടിയമ്മച്ചിയുടെ കൈയ്യില്‍ ഓലകൊടുത്തിട്ട്അമ്മ തിരികെ നടക്കും. അമ്മ പോകുന്നതും നോക്കി നില്‍ക്കും. അമ്മ കണ്ണില്‍ നിന്ന് മറയുമ്പോള്‍ ആശാന്‍പള്ളിക്കൂടത്തിനകത്തേക്ക്. നാലുതൂണുകളില്‍ ഉയര്‍ത്തിയ ഓലമേഞ്ഞ ഈ ക്ലാസ് മുറി നല്‍കിയ പഠനസുഖവും അറിവും എസിയുടെ തണുനനുത്ത ക്ലാസുമുറികള്‍ക്ക് നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ചാണകം മെഴുകിയ തറയില്‍ ചമ്രം പടഞ്ഞിരുന്ന് പഠിച്ച അക്ഷരങ്ങള്‍ ... തരിമണലില്‍ അക്ഷരവിരല്‍ കൊണ്ട് (നമ്മള്‍ഈ വിരലിനെ ചൂണ്ടുവിരല്‍ എന്നാണ് വിളിക്കുന്നത് ... ഈ വിരല്‍ കൊണ്ട് അക്ഷരങ്ങള്‍ മണലില്‍ എഴുതി പഠിച്ചതുകൊണ്ട് ഞാന്‍ചൂണ്ടുവിരലിനെ അക്ഷരവിരല്‍ എന്ന് വിളിക്കുകയാണ്.) എഴുതിയത് ജീവിതാക്ഷരങ്ങള്‍ തന്നെയല്ലേ...? ഏത് സര്‍വ്വകലാശാലയും നല്‍കിയഅറിവിലും വലിയ അറിവാണ് ഈ കുടിപ്പള്ളിക്കൂടം നമുക്ക് നല്‍കിയത് , ഇവിടിത്തെ ആശാട്ടി നമുക്ക് പകര്‍ന്ന് തന്നത് .......... കുഞ്ഞിക്കൈകള്‍ മണിലിലൂടെ നോവാതെ അക്ഷരങ്ങള്‍ ചിത്രങ്ങളാക്കി അറിവിന്റേയും ബുദ്ധിയുടേയും ബോധമണ്ഡലങ്ങളില്‍ കോറിയിടീക്കാന്‍ ആ ആശാട്ടി എത്ര ബുദ്ധിമുട്ടിയിട്ടുണ്ടാവും.? മിനിട്ടുകള്‍ക്കും മണിക്കൂറുകള്‍ക്കും വില ഈടാക്കുന്ന പുത്തന്‍ വിദ്യാഭ്യാസത്തിന്റെ കച്ചവടക്കണ്ണുകള്‍ക്ക് ആശാട്ടി ഒരു പരിഹാസകഥാപാത്രമോ കാലങ്ങള്‍ക്ക് മുമ്പ് ജനിക്കേണ്ടിയിരുന്ന അവതാരമോ ആയിരിക്കാം. പക്ഷേ അവരെ ഇപ്പോഴും ആശാട്ടിയെ ഓര്‍ക്കുന്നുണ്ടങ്കില്‍ അവര്‍ പകര്‍ന്നു നല്‍കിയ അക്ഷര വെളിച്ചത്തിന്റെ പുണ്യമാണത്. ഒന്നുമില്ലയ്കയില്‍ നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന മാന്ത്രികനെപ്പോലെ ആയിരുന്നു അവര്‍. പറഞ്ഞുശീലിച്ച അവ്യക്തമായ അക്ഷരങ്ങള്‍ക്ക് എന്നില്‍ ജീവന്‍ നല്‍കിയത് ആശാട്ടിയാണ് .ഇരുട്ടില്‍ നിന്ന് അക്ഷരങ്ങളുടേ പ്രകാശത്തിലേക്ക് നയിച്ച പുണ്യമായിരുന്നു അവര്‍.

ഒരു വിജയിദശമി ദിനത്തില്‍ എഴുത്തിനിരുത്തിയത് ... നമ്മുടെ അക്ഷരജീവിതം തുടങ്ങുകയാണ് ഇവിടെ .... ആശാട്ടിഅമ്മച്ചിയുടെ മുന്നില്‍വച്ചിരിക്കുന്ന പാത്രത്തില്‍ അരി നിറച്ചിട്ടുണ്ടാവും ... അമ്മയുടെ കൈയ്യില്‍ നിന്ന് ആശാട്ടിയമ്മച്ചിയുടെ മടിയിലേക്ക് ... ഇളംവിരലുകള്‍പാത്രത്തിലൂടെ ‘അ’ എന്ന ചിത്രം വരയ്ക്കുമ്പോള്‍ നമ്മളുടെ വിദ്യാര്‍ത്ഥി ജീവിതം ആരംഭിക്കുന്നു.അറിവിന്റെ അക്ഷയഖനികള്‍ തേടിയുള്ളപ്രയാണം ആരംഭിക്കുകയാണ് ഇവിടെ. അമ്മ നല്‍കിയ വെറ്റിലയും ഒറ്റനാണയവും ദക്ഷിണയായി നല്‍കി ചാണകം മെഴുകിയ
തറയിലേക്ക്മാറിയിരിക്കും. മുന്നിലെ തരിമണലില്‍ അക്ഷരം എഴുതുമ്പോള്‍ ഇളം വിരലുകള്‍ വേദനിച്ചിട്ടുണ്ടാവും ... ആദ്യ ഓലയില്‍ ‘ദൈവത്തിനു സ്തുതി ‘ എന്നും‘ഹരിശ്രി ഗണപതായേ നമ: ‘ എന്ന് എഴുതി തന്നുവിടുമ്പോള്‍ മുതല്‍ നമ്മള്‍ ആദ്യ പഠന ഉപകരണത്തിന് ഉടമയായി. ആശാട്ടിയമ്മച്ചി ഓലയില്‍ നാരായം കൊണ്ട് എഴുതുമ്പോള്‍ അത്ഭുതത്തോട് നോക്കി നില്‍ക്കും. ഓലയിലെ അക്ഷരങ്ങള്‍ക്ക് കമ്യൂണിസ്റ്റ് പച്ചയിലകൊണ്ട് തെളിച്ചം നല്‍കേണ്ടത് നമ്മള്‍ തന്നെ. മണലില്‍ അക്ഷരങ്ങള്‍ എഴു തുന്നത് തെറ്റുമ്പോള്‍ ഈ ഗുരു ഒരിക്കല്‍ പോലും ദേഷ്യപെട്ടിട്ടില്ല. വീണ്ടും വീണ്ടും വിരലുകളില്‍പിടിച്ച് അക്ഷരങ്ങള്‍ എഴുതിക്കും. ഈ ആശാട്ടിയമ്മച്ചിയ്ക്ക് ഒരിക്കലും ദേഷ്യപ്പെടാന്‍ കഴിയത്തില്ലല്ലോ.. കാരണം ഈ അമ്മച്ചിക്ക് അറിവ് പകര്‍ന്ന്നല്‍കള്‍ ഒരു തൊഴില്‍ അല്ല .. ഒരു ജീവിത തപസ്യതന്നെയാണ് .. ( ഈ അമ്മച്ചിമാര്‍ , ആശാട്ടിമാര്‍ ഇപ്പോഴും തങ്ങളുടെ തപസ്യ തുടരുകയാണ്...പക്ഷേ നിലത്തിരുന്ന് മണലില്‍ എഴുതാന്‍ കുട്ടികള്‍ ഇന്നെവിടെ??????? ). പാഠം എഴുതി പൂര്‍ത്തിയാക്കുമ്പോള്‍ ആശാട്ടി പുതിയ പാഠങ്ങള്‍ഓലയില്‍ എഴുതിത്തരും ....

എന്റെ ആശാന്‍ പള്ളിക്കൂടം ഇപ്പോഴും എനിക്ക് അവ്യക്തമായ ഓര്‍മ്മയില്‍ ഉണ്ട്. ചാണകം മെഴുകിയ തറയില്‍ പുല്‍പ്പാ വിരിച്ച് മുന്നില്‍ നിരത്തിയ മണലില്‍ ആശാട്ടി വിരലില്‍ പിടിച്ച് എഴുതിക്കുന്നത് ... കെട്ടുപുള്ളിയും കെട്ടുവള്ളിയും ങ്ങ യും ഒക്കെ എനിക്ക് വഴങ്ങാതെ വന്നപ്പോള്‍ എത്രയോ പ്രാവിശ്യം അവര്‍ എഴിതിച്ചിട്ടുണ്ടാവും. ഇപ്പോള്‍ കീ ബോര്‍ഡില്‍ അക്ഷരങ്ങള്‍ ടൈപ്പ് ചെയ്യുമ്പോള്‍ പോലും എനിക്കെന്റെ വിരലുകളില്‍ ആശാട്ടിയുടെ സ്പര്‍ശനം തിരിച്ചറിയാം. അതിനെക്ക് കിട്ടിയ പുണ്യമായിരിക്കാം. പഴമയുടെ സുകൃതം ആയിരിക്കാം. മണലില്‍ എഴുതുമ്പോള്‍ അക്ഷരങ്ങള്‍ക്ക് ആകൃതി ഇല്ലാതെപോകുമ്പോള്‍ അക്ഷരങ്ങള്‍ക്ക് അവര്‍ എന്റെ വിരലുകള്‍കൊണ്ട് തന്നെ ആ‍കൃതി വരുത്തിയിരുന്നു. മണലില്‍ എഴുതി പഠിച്ചതുകൊണ്ടാവാം അക്ഷരങ്ങള്‍ ഇന്നും മായാതെ മനസില്‍ നില്‍ക്കുന്നത്.?? തന്റെ മുന്നില്‍ ഇരിക്കുന്ന ഓരോ കുരുന്നുകളേയും ആശാട്ടി വാത്സല്യത്തോടെ അക്ഷരങ്ങളുടെ പ്രപഞ്ചത്തിലേക്ക് നയിച്ചു. അറിവിന്റെ വെളിച്ചത്തിലേക്ക് നയിച്ച അവര്‍ക്ക് പ്രതിഫലം ദക്ഷിണകള്‍ മാത്രം.!


അക്ഷരങ്ങള്‍ പഠിച്ചുകഴിയുമ്പോള്‍ അക്കങ്ങളിലേക്ക് ... അക്കങ്ങളില്‍ നിന്ന് ഗണിതത്തിലേക്ക് .... അ മുതല്‍ അം വരേയും ക മുതല്‍ ക്ഷ വരേയുംഎഴുതി പഠിപ്പിക്കുമ്പോഴേക്കും ആശാട്ടി നമ്മളെകൊണ്ട് ‘ക്ഷ’ പരുവം ആയിട്ടുണ്ടങ്കിലും ആ അമ്മച്ചിയുടെ മുഖത്ത് ചിരിമാത്രമേ കാണുകയുള്ളു.പാഠങ്ങള്‍ എല്ല്ലാം പഠിച്ച് കഴിയുമ്പോള്‍ മെയ് മാസം അവസാനം വേര്‍പിരിയില്‍ എത്തും. വീണ്ടും ഒരിക്കല്‍കൂടി ആശാട്ടിയ്ക്ക് ദക്ഷിണനല്‍കിഎഴുത്തോല വാങ്ങും. എഴുത്തോല തരുമ്പോള്‍ ആശാട്ടിയുടെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടാവും,.. ആ ആശാട്ടിയുടെ മടിയില്‍ ഇരുന്നായിരുന്നല്ലോഇത്രയും നാളത്തെ പഠനം .... എഴുത്തോല കൈകളിലേക്ക് തന്ന് അനുഗ്രഹിച്ച് മൂര്‍ദ്ദാവില്‍ ഒരുമ്മ നല്‍കുമ്പോള്‍ ആശാട്ടിയുടെ കണ്ണുകളില്‍നിന്ന് ഒരിറ്റ് കണ്ണീര്‍ നമ്മുടെ ശിരസില്‍ വീണിട്ടുണ്ടാവും... ഇതാണല്ലോ ആദ്യത്തെ ഗുരുകൃപാകാടാക്ഷം... ഒരിക്കലും ഈ ആശാട്ടി അമ്മ,അമ്മച്ചിഒരിക്കലും ശിഷ്യരെ ശപിച്ചിട്ടുണ്ടാവില്ല... കണ്ണീര്‍ തുടച്ച് ആശാട്ടി യമ്മ അനുഗ്രഹിക്കുമ്പോള്‍ ആശാട്ടി അമ്മച്ചിയുടെ കാലുകളില്‍ തൊട്ട് വണങ്ങികുടിപ്പള്ളിക്കൂടത്തിനോട് വിടപറയുകയായി.... ഓലയുമായി കുന്നിറങ്ങുമ്പോള്‍ തിരിഞ്ഞു നോക്കാറില്ല ... അപ്പോഴും ആശാട്ടിയമ്മച്ചി പള്ളിക്കൂടത്തിന്റെ വാതിക്കല്‍ തന്നെയുണ്ടാവും ... പറക്കമുറ്റിയ കുഞ്ഞ് പറന്നുപോകുമ്പോള്‍ ഒരു തള്ളപ്പക്ഷി സന്തോഷിക്കുന്നതുപോലെ ആശാട്ടിയമ്മച്ചിയുംസന്തോഷിക്കുകയായിരുന്നു ..... ഓരോ ശിഷ്യരും കുടിപ്പള്ളിക്കൂടത്തോട് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ആ ഗുരുനാഥയുടെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടാവും. ഒരാളെക്കൂടി അറിവിന്റെ അതിരില്ലാത്ത ലോകത്തേക്ക് പറത്തിവിട്ടത്തിലുള്ള സന്തോഷമായിരുന്നു ആ കണ്ണുകളില്‍. പിന്നീട് ഒരിക്കലും നമ്മളാവഴിക്ക് ചെന്നില്ലങ്കിലും ആ ആശാട്ടി പരിഭവം പ്രകടിപ്പിക്കാറില്ല.........

എവിടെപോയി പഠിച്ചാലും ഈ ആശാന്‍ പള്ളിക്കൂടവും ആശാട്ടിയും നല്‍കിയ പാഠങ്ങള്‍ മറക്കാന്‍ പറ്റുകയില്ല.... അറിവാണ് ശക്തി അക്ഷരമാണ് ആയുധം എന്ന് എന്നെ(നമ്മളെ) പഠിപ്പിച്ച , എന്നെ ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ച ... എന്റെ കുഞ്ഞിളം വിരല്‍കൊണ്ട് മണലില്‍ എഴുതി പഠിപ്പിച്ച ....അക്ഷരങ്ങളുടെ മായാപ്രപഞ്ചം എനിക്ക് പകര്‍ന്നു നല്‍കിയ എന്റെ ആശാട്ടിയമ്മച്ചിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഒരായിരം ഓര്‍മ്മകളില്‍ തീര്‍ത്ത പൂച്ചെണ്ടുകള്‍ അര്‍പ്പിച്ചുകൊണ്ട് എല്ല്ലാവര്‍ക്കും വിജയദശമി ആശംസകള്‍ നേരുന്നു ..........................................

5 comments:

e-advt india said...

എഴുത്തോല തരുമ്പോള്‍ ആശാട്ടിയുടെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടാവും,

mini//മിനി said...

ഓലകള്‍ പോയ്‌മറഞ്ഞു, ഓലയില്‍ നിന്നും ഉയിത്തെഴുന്നേറ്റ കടലാസുകളും മറഞ്ഞുകൊണ്ടേയിരിക്കുന്നു. എന്നാല്‍ അക്ഷരങ്ങള്‍‌ക്ക് ഒരിക്കലും നാശമില്ല. ആശാട്ടിമാരുടെ ഓര്‍മ്മകള്‍ക്കും;

Anonymous said...

ജാനമ്മ റ്റീച്ചര്‍ ആയിരുന്നു എന്റെ ആശാട്ടി. റ്റീച്ചര്‍ അന്ന് പഠിപ്പിച്ച ആ ഓലക്കെട്ടുകള്‍ ഇന്നും വീട്ടില്‍ ഒരു നിധി കണക്കെ സൂക്ഷിച്ച്‌ വെച്ചിട്ടുണ്ട്‌.

ഹരിശ്രീഗണപതായേ നമഹഃ

സസ്നേഹം,
സെനു, പഴമ്പുരാണംസ്‌

Unknown said...

very good,it is nostalgic feelings

ഭായി said...

ആശാൻ പള്ളിക്കൂടത്തിൽ പഠിച്ചിട്ടില്ലെങ്കിലും ആശാട്ടി കൈവിരൽ പിടിച്ച് അക്ഷരങളുടെ ലോകത്തേക്ക് കൊണ്ട്പോയ അനുഭവം എനിക്കില്ലെങ്കിലും തെക്കേടന്റെ വരികളിലൂടെ ആ പാഠശാലയുടെ നന്മയും സ്നേഹവും വാത്സല്യവും തൊട്ടറിയാൻ സാധിച്ചു! നന്ദി.

പവിത്രമായ ആ അക്ഷരസന്നിധാനത്തിൽ ഇരുന്ന് മൺ തരികളിൽ കുഞി ചൂണ്ടുവിൽ കൊണ്ട് അക്ഷരങൾ എഴുതി പഠിയ്ക്കാൻ എനിക്ക് കഴിഞില്ലല്ലോ എന്നോർത്ത് ഞാൻ ദുഖിയ്ക്കുന്നു!