Wednesday, September 16, 2009

അഭയുടെ രക്തത്തിന്റെ നിലവിളി :

ബൈബിളിലെ ഉല്പത്തി പുസ്തകം 4 ആം അദ്ധ്യായത്തില്‍ ദൈവം കയീനോട് പറയുന്നു. “നീ എന്തു ചെയ്തു? നിന്റെ അനുജന്റെ രക്തത്തിന്റെ ശബ്ദ്ദം ഭൂമിയില്‍ നിന്ന് എന്നോട് നിലവിളിക്കുന്നു.” (ഉല്പത്തി 4:10). 1992 മാര്‍ച്ച് 27 വെള്ളിയാഴ്‌ച ഭൂമിയില്‍ നിന്ന് നിലവിളിക്കാന്‍ തുടങ്ങിയ മറ്റൊരു രക്തത്തിന്റെ നിലവിളി ദൈവത്തിന് കേള്‍ക്കാതിരിക്കാന്‍ ദൈവത്തിനു കഴിയുമോ? സത്യമെന്ന വെളിച്ചത്തെ അസത്യമെന്ന ഇരുട്ടുകൊണ്ട് എത്രനാള്‍ മൂടിവയ്ക്കാന്‍ സാധിക്കും. ഹാബേലിന്റെ രക്തത്തിന്റെ നിലവിളിക്ക് ഉത്തരം‌തേടി കയീനിന്റെ അടുത്ത് ദൈവം തന്നെ വന്നുവെങ്കില്‍ അഭയ എന്ന 19 വയസുകാരി സാധുകന്യാസ്ത്രിയുടെ രക്തത്തിന്റെ നിലവിളിക്ക് ഉത്തരം തേടാന്‍ നമ്മുടെ നീതിന്യായ വെവ്യസ്ഥിതിക്ക് നീണ്ട 17 വര്‍ഷങ്ങള്‍ വേണ്ടി വന്നു. ഈ കഴിഞ്ഞ കാലമത്രയും ആ പെണ്‍കുട്ടിയുടെ രക്തത്തിന്റെ നിലവിളിയെക്കാള്‍ ഉറക്കെ പലരും ആ രക്തത്തിനു വേണ്ടി നിലവിളിച്ചു എങ്കിലും അവരുടെ നിലവിളി പീലാത്തോസിന്റെ മുന്നില്‍ നീതിമാന്റെ രക്തത്തിനു പകരം ബറബാസിനു വേണ്ടി നിലവിളിച്ച യൂദന്മാരുടെ നിലവിളിയാണന്ന് ഇപ്പോള്‍ കാലം തെളിയിച്ചു കഴിഞ്ഞിരിക്കു ന്നു. “മൂടിവച്ചത് ഒന്നും വെളിച്ചത്ത് വരാതിരിക്കില്ല” എന്ന ക്രിസ്തുവചനം ഒരിക്കലും മറക്കരുത് എന്ന് ഓര്‍മ്മിപ്പിക്കലോടെ അഭയുടെ രക്തത്തിന്റെ നിലവിളിയുടെ പകപ്പിലേക്ക് ........


കോട്ടയം സെന്റ് പയസ് റ്റെന്റ്ത് കോണ്‍‌വെന്റിലെ അന്തേവാസിയും ബിസി‌എം കോളേജിലെ വിദ്യാര്‍ത്ഥിനിയുമായ സിസ്റ്റര്‍ അഭയെ കോണ്‍‌വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കാണുന്നത് 1992 മാര്‍ച്ച് 27 വെള്ളിയാഴ്‌ച ആണ്. വളരെയേറെ ദുരൂഹതകള്‍ ബാക്കിയാക്കികൊണ്ട് ആണ് സിസ്റ്റര്‍ അഭയ ‘ആത്മഹത്യ’ ചെയ്തത്. കോണ്‍‌വെന്റിലെ അടുക്കളയിലെ തുറന്ന ഫ്രിഡ്‌ജും വാതിലില്‍ ഉടക്കിയ തിരുവസ്ത്രവും എല്ലാം ആത്മഹത്യ ചെയ്യാനുറച്ച ഒരാളുടെ മാനസിക വിഭ്രാന്തികള്‍ ആയി മാറി. 2009 ലെ പോലെ തന്നെ 92 ലെ പോലീസും തിരക്കഥകള്‍ തയ്യാറാക്കാ‍ന്‍ മിടുക്കരായിരുന്നു. അതുകൊണ്ടാണല്ലോ കൊല്ലപ്പെട്ട അഭയ ആത്മഹത്യചെയ്തത്. ലോക്കല്‍ പോലീസ് അന്വേഷിച്ച് എല്ലാ തെളിവുംകളും നശിപ്പിച്ച അഭയ കേസ് സിബിഐ അന്വേഷിച്ച് തുടങ്ങുമ്പോള്‍ അവരുടെ മുന്നില്‍ ഉണ്ടായിരുന്നത് ‘നശിപ്പിക്ക പെട്ട തെളിവുകള്‍’ മാത്രമായിരുന്നു. ഡമ്മി ഉപയോഗിച്ച് അഭയ ആത്മഹത്യചെയ്യുകയല്ല കൊല്ലപെടുകയാണന്ന് ഉറപ്പിച്ചതോടെ അഭയയുടെ രക്തത്തിന്റെ നിലവിളിയുടെ ശബ്ദ്ദം ജനങ്ങള്‍ ഏറ്റെടുത്തു. ആ ശബ്ദ്ദത്തിനെതിരെ സഭയ്ക്ക് ചെവികളില്‍ ഈയം ഉരുക്കി ഒഴിക്കാന്‍ കഴിഞ്ഞു എങ്കിലും ആ നിലവിളി കേള്‍ക്കാതിരിക്കാന്‍ കോടതിക്ക് കഴിഞ്ഞില്ല. പിന്നീടെല്ലാം നടന്നതും നടക്കുന്നതും ഇരുളില്‍ നിന്ന് സത്യം അനാവരണം ചെയ്യപെടുന്ന ദൈവീക ശക്തിയുടെ മാസ്‌മരികമായ പ്രഭാവം മാത്രമാണ്.


സത്യത്തെ ഇല്ലാതാക്കാന്‍ രക്തത്തിന്റെ നിലവിളി ഇല്ലാതാക്കാന്‍ പലരും ശ്രമിച്ചു എങ്കിലും പതിനാറുവര്‍ഷങ്ങള്‍ക്ക് ശേഷം 2008 നവംബര്‍ 19 ന് ആ നിലവിളിയുടെ ശബ്ദ്ദത്തിന് ഉത്തരം ലഭിച്ചു. കോട്ടയം ക്നാനായ കത്തോലിക്കാ രൂപതയിലെ രണ്ട് പുരോഹിതന്മാരായ ജോസ് പുതൃക്കയിലും, ഫാ.തോമസ് കോട്ടൂരാനും, സിസ്റ്റര്‍ സെഫിയും അറസ്റ്റ് ചെയ്യപെട്ടു. അഭയയുടെ രക്തത്തിന്റെ നിലവിളിയെക്കാ‍ള്‍ ഉച്ചത്തില്‍ പരീശസാദൂക്യ വൃന്ദങ്ങള്‍ ബറബാസുമാര്‍ക്കുവേണ്ടി നിലവിളിക്കാന്‍ തുടങ്ങി. പീലാത്തോസിനെപ്പോലെ നീതിമാന്റെ രക്തം സ്വന്തം ആത്മാവിനോട് ചേര്‍ക്കാന്‍ നമ്മുടെ ന്യായാധിപര്‍ തയ്യാറായില്ല. ബറബാസിനുവേണ്ടി നിലവിളിക്കുന്നവരെ ഭയന്ന് ന്യായാധിപര്‍ ബറബാസുമാരെ വിട്ടുകൊടുക്കുമൊന്ന് പരീശസാദൂക്യ വൃന്ദങ്ങള്‍ പ്രതീക്ഷിച്ചു. പക്ഷേ കര്‍ത്താവിന്റെ മണവാട്ടിയായ ഒരു പെണ്‍കുട്ടിയുടെ നിലവിളിക്കുന്ന രക്തത്തിന് വിലയിടാന്‍ നമ്മുടെ ന്യായാധിപന്മാര്‍ ശ്രമിച്ചില്ല. ആ നിലവിളിയുടെ ശബദ്ദം കേള്‍ക്കാതിരിക്കാന്‍ നമ്മുടെ ദൃശ്യമാധ്യമങ്ങള്‍ക്കും കഴിഞ്ഞില്ല. കച്ചവടകണ്ണോടെയാണങ്കിലും മനുഷ്യമനസാക്ഷിയെ ഉണര്‍ത്താന്‍ വാര്‍ത്തകള്‍ ജനങ്ങളില്‍ എത്തിക്കാന്‍ നമ്മുടെ ദൃശ്യമാധ്യമങ്ങള്‍ക്കും കഴിഞ്ഞു. മലയാളത്തിലെ ആദ്യപത്രമെന്ന് ഇപ്പോഴും മേനിനടിക്കുന്ന പത്രമൊഴികെ ആരും ബറബാസുകള്‍ക്കുവേണ്ടി ശബദ്ദം ഉയര്‍ത്തിയില്ല.

പതിനാറുവര്‍ഷക്കാലം സത്യത്തെ മൂടിവയ്ക്കാന്‍ ആരക്കയോ ശ്രമിച്ചു. വര്‍ഗീസ് പി. തോമസ് എന്ന സി.ബി.ഐ ഉദ്യോഗസ്ഥന്റെ കൈകളില്‍ നിന്ന് ‘അവരെ’ രക്ഷപെടുത്താന്‍ ആസൂത്രിതമായ നീക്കങ്ങളാണ് നടന്നത്. അതിനു സി.ബി.ഐ.ലെ ഉദ്യോഗസ്ഥരെപോലും ഇരുട്ടിന്റെ അധിപതികള്‍ ഉപയോഗിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ഭരണനിയന്ത്രകരില്‍ നിന്നുപോലും വര്‍ഗീസ് പി. തോമസിന്റെ അന്വേഷ്ണത്തെ അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടന്നു. വര്‍ഗീസ് പി. തോമസ് സി.ബി.ഐ.ല്‍ നിന്ന് രാജിവച്ചുപോയതോടെ ‘പ്രതികള്‍’ ശക്തരാണന്ന് തന്നെ ഉറപ്പായി. വീണ്ടും അന്വേഷ്‌ണങ്ങള്‍ ... 1999 ജൂലായ് 9 ന് സിബിഐ തങ്ങളുടെ അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. അഭയ കൊല്ലപെട്ടതുതന്നെയാണാന്നും പ്രതികളെ കണ്ടെത്തൂന്നതിനുള്ള തെളിവുകള്‍ നഷ്ടമായി എന്നുമുള്ള ആ റിപ്പോര്‍ട്ട് കോടതി മടക്കി. വീണ്ടും ഭൂമിയില്‍ നിന്ന് അഭയയുടെ രക്തത്തിന്റെ നിലവിളി ..............


2007 നവംബറില്‍ ജോസ് പുതൃക്കയിലിനേയും, ഫാ.തോമസ് കോട്ടൂരാനേയും, സിസ്റ്റര്‍ സെഫിയേയും സന്‍‌ജു പി. മാത്യു എന്നിവരെ നാര്‍ക്കോ അനാലിസിസിന് വിധേയമാക്കിയതോടെ വീണ്ടും അന്വേഷ്‌ണത്തിന്റെ ദിനങ്ങള്‍. അഭയ കൊല്ലപെടുന്ന ദിവസം വെളുപ്പിനെ മഠത്തിനു സമീപം ഒരു സ്കൂട്ടര്‍ കണ്ടു എന്ന സാക്ഷിയുടെ വെളുപ്പെടുത്തല്‍ . അടയ്ക്കാരാജുവിന്റെ വെളിപ്പെടുത്തല്‍ ... ഇരുളില്‍ നിന്നുള്ള ചെറിയ മിന്നാമിനുങ്ങുവെട്ടങ്ങള്‍ ചേര്‍ന്ന് പ്രകാശവലയം ഉണ്ടാകുന്നതുപോലെ ചെറിയ ചെറിയ വെളിപ്പെടുത്തലുകളും സാക്ഷിമൊഴികളും കൊണ്ട് അന്ന് സംഭവിച്ചതിനെക്കുറിച്ചുള്ള ഏകദേശ ചിത്രം അന്വേഷ്‌ണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു. 2008 നവംബര്‍ 19 ലെ അറസ്റ്റോടെ എല്ലാം അവസാനിക്കേണ്ടതാണ്. പക്ഷേ ബറബാസുകളെ സംരക്ഷിക്കാന്‍ വീണ്ടും ശ്രമം ആ‍രംഭിച്ചു.




സി.ബി.ഐ. വര്‍ഗീയം കളിക്കുന്നു എന്ന് ആരോപണം. ക്രിസ്‌ത്യന്‍ പുരോഹിതരെ മോശമായി ചിത്രീകരിക്കുന്നു എന്ന് സി.ബി.ഐ.യ്ക്ക് എതിരെ ചിലര്‍ വാളെടുത്തു. സത്യം കണ്ടെത്തൂന്നവരെ ക്രൂശിക്കാന്‍ പുരോഹിതവൃന്ദം എന്നും മുന്നിലായിരുന്നല്ലോ? ‘വെള്ളതേച്ച ശവക്കല്ലറകള്‍’ സത്യം കണ്ടെത്തിയവനെ കല്ലെറിഞ്ഞു. “നിങ്ങളില്‍ കുറ്റം ചെയ്യാത്തവര്‍ ആദ്യം കല്ലെറിയട്ടെ” എന്ന് ഇവര്‍ കേട്ടിട്ടുണ്ടാവില്ല. താന്‍ ദൈവത്തിന്റെ മാത്രം മണവാട്ടിയാണന്ന് മാലോകരെ അറിയിക്കാന്‍ ലോകത്തെ ആദ്യമായി ഒരു കന്യാസ്ത്രി ശസ്‌ത്രക്രിയയിലൂടെ കന്യാചര്‍മ്മം സൃഷ്ടിച്ചെടുത്തു. ഇത് കണ്ടെത്തിയന്ന് പറഞ്ഞ് വീണ്ടും സി.ബി.ഐയ്ക്ക് എതിരെ വീണ്ടും വിമര്‍ശന ശരങ്ങള്‍. സ്ത്രീത്വത്തെ സി.ബി.ഐ അപമാനിക്കുന്നതില്‍ പലരും രോഷം
കൊണ്ടു. സഭ അപ്പോഴും പ്രതികളുടെ പിന്നില്‍ പാറപോലെ ഉറച്ചു നിന്നു. “അഭയ കൊല്ലപെട്ടതാണങ്കില്‍ പ്രതികളെ അറസ്റ്റ് ചെയ്യണം .. പക്ഷേ ഇവര്‍ പ്രതികളല്ല” എന്ന് അവര്‍ വിളിച്ചു പറഞ്ഞു. “അവനെ കൊന്നുകളയുക.. കൊന്നുകളയുക ... ബറബാസിനെ വിട്ടുതരിക..” എന്ന് പീലത്തോസിന്റെ മുന്നില്‍ വിളിച്ചു പറഞ്ഞതുപോലെ ഇവടേയും ആവര്‍ത്തിക്കപെട്ടു. സിബിഐയ്ക്ക് എതിരേ പ്രതിഷേധറാലികള്‍ , സമ്മേളനങ്ങള്‍ , ഇടയലേഖനങ്ങള്‍, ന്യായാധിപന്മാരുടെ പ്രതിഷേധ ലേഖനങ്ങള്‍ ... എല്ലാം അവര്‍ക്കുവേണ്ടി; കര്‍ത്താവിന്റെ മണവാട്ടിയായ ഒരു പെണ്‍കുട്ടിയുടെ രക്തം പുരണ്ട ചുവന്ന കൈകളുടെ ഉടമകള്‍ക്കുവേണ്ടി .


പത്രക്കാര്‍ അവരുടെ ജോലിമാത്രം ചെയ്താല്‍ മതി പോലീസ് അന്വേഷ്ണത്തില്‍ ഇടപെടേണ്ട എന്ന ‘തിയറി‘ അനുവര്‍ത്തിച്ചു വന്നിരുന്നെങ്കില്‍ അഭയയുടെ രക്തം ഇപ്പോഴും നിലവിളിച്ചു കൊണ്ടിരുന്നേനെ. കാരണം 2007 ഏപ്രില്‍ 12 ലെ ന്യു ഇന്ത്യന്‍ എക്സ്പ്രസ് ആണ് നിര്‍ജീവമായ അഭയകേസ് ജനങ്ങളുടെ മുന്നില്‍ എത്തിച്ചത്. കെമിക്കല്‍ എക്സാമിനേഷന്‍ റിപ്പോര്‍ട്ടിലെ വെട്ടിത്തിരുത്തലുകളെക്കുറിച്ച് ന്യു ഇന്ത്യന്‍ എക്സ്പ്രസ് നല്‍കിയ വാര്‍ത്തയുടെ തുടര്‍ച്ചയാണ് പിന്നീട് ഉണ്ടായ അന്വേഷ്ണങ്ങള്‍. (പത്രങ്ങള്‍ പത്രങ്ങളുടെ മാത്രം പണിചെയ്തിരുന്നെങ്കില്‍ ഇപ്പോഴും സന്തോഷ് മാധവന്‍ സ്വാമിയായി നടന്നേനെ. ‘കേരള ശബ്ദ്ദം‘ ആണ് സന്തോഷ് മാധവന്‍ ഇന്റ്ര്പോളിന്റെ ലുക്കൌണ്ട് ഉള്ള ആളാണന്ന് പുറത്തുകൊണ്ടുവന്നത്.). കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സിബി‌ഐ കേരള ഘടകം അഭയകേസ് അന്വേഷ്ണം പുനരാരംഭിക്കുന്നു. നശിപ്പിക്കപെട്ട തെളിവുകള്‍ മനസിലാക്കി ആ തെളിവുകള്‍ നശിപ്പിക്കാന്‍ കൂട്ടുനിന്നവരെ സിബിഐ ട്രാപ്പ് ചെയ്ത് വലകള്‍ മുറുക്കിതുടങ്ങുമ്പോള്‍ അഭയയുടെ രക്തത്തിന്റെ നിലവിളിയില്‍ നിന്ന് രക്ഷപെടാന്‍ പ്രതികള്‍ക്ക് കൂട്ടുനിന്നവര്‍ ജീവിതത്തില്‍ നിന്നു ഓടിയൊളിക്കാന്‍ ശ്രമിക്കുന്നു. വിടാതെ പിന്തുടരുന്ന അഭയുടെ രക്തത്തിന്റെ നിലവിളിയില്‍ നിന്ന് രക്ഷപെടാന്‍ ആത്മഹത്യ മാത്രം മാര്‍ഗ്ഗമായി കണ്ട ആ മനുഷ്യാ നിനക്കു കഷ്ടം.!!‘നീ ജനിക്കാതിരുന്നെങ്കില്‍ കൊള്ളാമായിരുന്നു.’ തന്റെ ഗുരുവിനെ 30 വെള്ളിക്കാശിന് ഒറ്റിക്കൊടുത്തിട്ട് അവന്റെ രക്തം ഭൂമിയില്‍ പതിച്ചപ്പോള്‍ ആ വെള്ളിക്കാശിന്റെ താപം ശരീരത്തിനേയും മനസിനേയും ഉരുക്കിയപ്പോള്‍ തനിക്ക് പണം തന്ന പുരോഹിതന്മാരുടെ മുന്നില്‍ വലിച്ചെറിഞ്ഞിട്ട് കെട്ടിതൂങ്ങിച്ചാവാന്‍ ശ്രമിച്ചു എങ്കിലും കയര്‍ പൊട്ടി നിലത്തേക്ക് വീണ് വയര്‍ മരക്കുറ്റിയില്‍ തറച്ച് കുടല്‍മാലകള്‍ പുറത്തേക്ക് തെറിച്ച് അതിദാരുണമായ അന്ത്യം അനുഭവിക്കേണ്ടിവന്ന യൂദാസിനെപോലെ ആത്മഹത്യ ചെയ്യാന്‍ നിനക്കുമിടയായല്ലോ???


നാര്‍ക്കോ സിഡിയിലെ ഉള്ളടക്കം നേരത്തെ തന്നെ പുറത്തുവന്നിരുന്നുവെങ്കിലും സെപ്‌റ്റംബര്‍ 14 ന് ആണ് നാര്‍ക്കോ അനാലിസിസില്‍ അവര്‍ പറഞ്ഞത് ദൃശ്യമാധ്യമങ്ങളിലൂടെ ജനങ്ങള്‍ കാണുന്നത്. ഇത്രയും നാള്‍ സഭയും കുഞ്ഞാടുകളും ആര്‍ക്കുവേണ്ടി നിലകൊണ്ടുവോ അവരുടെ വായില്‍ നിന്നു തന്നെ സത്യം എന്താണന്ന് ജനങ്ങള്‍ അറിഞ്ഞു കഴിഞ്ഞു. ഇനി എന്ന്തിനാണ് ആ ‘പ്രതികള്‍ക്കു’ വേണ്ടി വാദിക്കുന്നത്? സിസ്റ്റ്‌ര്‍ സെഫി നടത്തിയ വെളിപ്പെടുത്തല്‍ കേട്ടിട്ടും അവര്‍ ഉള്‍പ്പെട്ട സഭ എന്തുകൊണ്ട് മിണ്ടാതിരിക്കുന്നു.??





ക്രിസ്തീയ സഭകള്‍ക്ക് തന്നെ കളങ്കം ചാര്‍ത്തുന്ന ഇത്തരക്കാരെ സംരക്ഷിക്കാന്‍ ഒരു ക്രൈസ്തവ സഭയും മുന്നോട്ട് വരരുത്. ഇത്രയും കാലം സിസ്റ്റര്‍ അഭയയുടെ രക്തത്തിന്റെ നിലവിളിക്ക് നേരെ ചെവി കൊട്ടിയടച്ചവര്‍ ഇനിയെങ്കിലും കാതുതുറന്ന് ആ നിലവിളി കേള്‍ക്കണം.ഇനി ആ നിലവിളി കേള്‍ക്കേണ്ടത് നിങ്ങളാണ്. ആ നിലവിളിക്ക് ഉത്തരം നല്‍കേണ്ടത് രക്തത്തിന്റെ നിലവിളിക്ക് കാരണക്കാരായവരെ കണ്ണിന്റെ കൃഷ്ണമണിപോലെ കാത്തുകൊണ്ടവരാണ് .....


‘ദിവ്യഗര്‍ഭത്തിന് ഉടമയായ‘ പെണ്‍കുട്ടിയുടെ രക്തം കൊണ്ട് അരമന വെഞ്ചിരിപ്പ് നടത്തിയ തട്ടുങ്കല്‍ ബിഷപ്പിനെ ബിഷപ്പ് സ്ഥാനത്ത് നിന്ന് മാറ്റാന്‍ ആ സഭയ്ക്ക് കഴിഞ്ഞു എങ്കില്‍ ദൈവത്തീന്റെ മണവാട്ടിയായ ഒരു പെണ്‍കുട്ടിയുടെ രക്തം ചീന്തിയവരുടെ കുപ്പായം ഊരിവാങ്ങാന്‍ കഴിയില്ലേ? മഠത്തിന്റെ മതില്‍ ചാടിക്കടന്ന് ‘കുര്‍ബാന’ ചൊല്ലാന്‍ സെഫിയുടെ അടുത്തു ചെല്ലുന്ന കോട്ടൂരച്ചനും പൂതൃകയിലച്ചനും ദൈവത്തിന്റെ ബലിപീഠത്തില്‍ കുര്‍ബാന അര്‍പ്പിക്കാന്‍ യോഗ്യരാണോ???


ക്രിസ്തുപറയുന്നത് കേള്‍ക്കുക::
"എന്നാല്‍ ദാനിയേല്‍ പ്രവാചകന്‍ മുഖാന്തരം അരുളിചെയ്തതുപോലെ ശൂന്യമാകുന്ന മ്ലേച്ഛത വിശുദ്ധസ്ഥലത്ത് നിലക്കുന്നതു നിങ്ങള്‍ കാണുമ്പോള്‍ - വായിക്കുന്നവന്‍ ചിന്തിച്ചു കൊള്ളട്ടെ ..... (മത്തായി 24 :15) .


സഭയുടെ കാവലാളുകളേ... ദൈവത്തിന്റെ മണവാട്ടിയായ ഒരു പാവം പിടിച്ച പെണ്‍കുട്ടിയുടെ രക്തത്തിന്റെ നിലവിളി നിങ്ങള്‍ക്കിനിയും കേള്‍ക്കാന്‍ കഴിയുന്നില്ലേ? നിങ്ങളെക്കുറിച്ചാണോ യേശുതമ്പുരാന്‍ ഇങ്ങനെ പറയുന്നത് ... “ നീതിമാനായ ഹാബേലിന്റെ രക്തം മുതല്‍ നിങ്ങള്‍ മന്ദിരത്തിനും യാഗപീഠത്തിനും നടുവില്‍‌വെച്ചു കൊന്നവനായി ബെരെഖ്യാവിന്റെ മകനായ സെഖര്‍‌യ്യാവിന്റെ രക്തം വരെ ഭൂമിയില്‍ ചൊരിഞ്ഞ നീതിയുള്ള രക്തം എല്ലാം നിങ്ങളുടെ‌മേല്‍ വരേണ്ടതാകുന്നു. ഇതൊക്കയും ഈ തലമുറമേല്‍ വരും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോട് പറയുന്നു. ( മത്തായി 23 :35,36)


ഇനി എന്നാണ് ഭൂമിയില്‍ നിന്നുള്ള അഭയയുടെ രക്തത്തിന്റെ നിലവിളി പൂര്‍ണ്ണമായി അവസാനിക്കുന്നത് ?????

3 comments:

വയ്സ്രേലി said...

ഷിബു മാത്യു. വളരെ നന്നായിടുണ്ട്. ശക്തായ നിങ്ങളുടെ എഴുത്ത് ഇനിയും തുടരുക... സ്നേഹം അംജിത് നെടുംതോട്

Rakesh R (വേദവ്യാസൻ) said...

തെറ്റ് ചെയ്തവര്‍ എന്തായലും ശിക്ഷിക്കപ്പെടണം

Anonymous said...

ഈ പോസ്റ്റിന്റെ കുറച്ച് എന്റെ ബ്ലോഗില്‍ നല്‍കി തനിക്ക്‌ ഒരു ലിങ്ക് നല്‍കട്ടെ.