Sunday, September 27, 2009

ഓര്‍മ്മകളിലെ ആശാട്ടിയും ആശാന്‍പള്ളിക്കൂടവും



കുന്നിന്‍ മുകളിലുള്ള ആശാന്‍പള്ളിക്കൂടം. പേര് ആശാന്‍ പള്ളിക്കൂടം എന്നാണങ്കിലും പഠിപ്പിക്കുന്നത് ആശാട്ടിയാണ്. ചട്ടയും മുണ്ടും മുണ്ടിന്റെ ഞൊറു പുറകോട്ട് ഇട്ട് പുഞ്ചിരിയോട് എല്ലാ ദിവസവും സ്വീകരിച്ചിരുത്തുന്ന ആശാട്ടി. എത്രയോ അദ്ധ്യാപകര്‍ സ്കൂളിലും കോളേജുകളിലുമായിപഠിപ്പിച്ചു. പക്ഷേ എപ്പോഴും ഓര്‍മ്മയില്‍ പതിഞ്ഞു നില്‍ക്കുന്ന മുഖം ആശാട്ടി അമ്മച്ചിയുടെ മാത്രം. ആദ്യാക്ഷരം എഴുതിച്ചതുകൊണ്ടോ ,ആദ്യാക്ഷരങ്ങള്‍ ചെവിയില്‍ ചൊല്ലിത്തന്നതോ കണ്ടോ ആയിരിക്കും
ആശാട്ടിഅമ്മച്ചിയുടെ മുഖം ഇപ്പോഴും മനസ്സില്‍ നിന്ന് മായാത്തത്.പേരിന്റെ കൂടെ എഴുതാന്‍ ഡിഗ്രികളോ ഡോക്ട്‌റേറ്റുകളോ ഒന്നും ഇല്ലങ്കിലും ആശാട്ടിയമ്മച്ചിയുടെ മുഖവും ആശാന്‍ പള്ളിക്കൂടവും ഇപ്പോഴുംമനസ്സില്‍ ഉണ്ട്. ആദ്യാക്ഷരങ്ങള്‍ എഴുതിതന്ന ആ ഗുരു എന്നോ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുവെങ്കിലും ആശാട്ടിയും ആശാന്‍ പള്ളിക്കൂടവുംഇപ്പോഴും ഓര്‍മ്മകളിലേക്ക് വരാന്‍ കാരണം എന്തായിരിക്കും????

ഇപ്പോള്‍ ഞാന്‍ ആ വഴിയിലൂടെ വല്ലപ്പോഴും പോകുമ്പോള്‍ കുന്നിന്‍ മുകളിലേക്ക് നോക്കും .. ഇല്ല , പഴയ ഓര്‍മ്മകള്‍ മാത്രം അല്ലാതെ അവിടെആശാന്‍പള്ളിക്കൂടത്തിന്റെ അവശേഷിപ്പുകള്‍ ഒന്നും ഇല്ല. എന്റെ ആശാന്‍പള്ളിക്കൂടം നിന്നിടത്ത് ഇപ്പോള്‍ റബ്ബര്‍ മരങ്ങള്‍ ആണ്. പഴയപറാങ്കിമാവ് ഇപ്പോഴും അവിടെത്തന്നെയുണ്ടന്ന് തോന്നുന്നു.റബ്ബര്‍ മരങ്ങള്‍ കാഴ്ചകളോടൊപ്പം ഓര്‍മ്മകളും മറയ്ക്കുന്നു. എത്രയോ കുരുന്നുകള്‍ കയറിപ്പോയ ഒറ്റയടിപ്പാത ഇപ്പോള്‍ പിഞ്ചുകാല്‍‌ സ്പര്‍ശനത്തിനായി കൊതിക്കുന്നുണ്ടാവും. കമ്യൂണിസ്റ്റ് പച്ച ഇപ്പോള്‍ ഈ ഇടവഴിയില്‍ഇപ്പോള്‍ വളരാറില്ല. എഴുത്തോലയ്ക്ക് തെളിച്ചം തന്ന കമ്യൂണിസ്റ്റ് പച്ചയില പൊതയിടാനായി (പൊതയിടുക : വളത്തോപ്പം ചപ്പുചവറുകള്‍കൃഷിയിടങ്ങളില്‍ തടം വെട്ടി ഇടുന്നതിന് പറയുന്നത് ) മാത്രം ആണ് ഇന്ന് വളരുന്നത്.

അമ്മയുടെ കൈയ്യില്‍ പിടിച്ച് ഒറ്റയടിപ്പാതയിലൂടെ കുന്നിന്‍ മുകളിലേക്ക്. ഒറ്റയടിപ്പാതയുടെ ഇരുവശങ്ങളിലും കോമ്പന്‍പുല്ലും കാളപ്പുല്ല്ലും വളര്‍ന്ന്‍ നിന്നിരുന്നു. പുല്ല് ശരീരത്തില്‍ കൊള്ളാതെ അമ്മയുടെ സാരിയുടെ സംരക്ഷണത്തില്‍ ആശാന്‍ പള്ളിക്കൂടത്തിലേക്ക്. എഴുത്തോല അമ്മ യുടെകൈയ്യിലായിരിക്കും. ആശാന്‍പള്ളിക്കൂടത്തിന്റെ വാതിലില്‍ ആശാട്ടിയമ്മച്ചിയുണ്ടാ‍വും. ആശാട്ടിയമ്മച്ചിയുടെ കൈയ്യില്‍ ഓലകൊടുത്തിട്ട്അമ്മ തിരികെ നടക്കും. അമ്മ പോകുന്നതും നോക്കി നില്‍ക്കും. അമ്മ കണ്ണില്‍ നിന്ന് മറയുമ്പോള്‍ ആശാന്‍പള്ളിക്കൂടത്തിനകത്തേക്ക്. നാലുതൂണുകളില്‍ ഉയര്‍ത്തിയ ഓലമേഞ്ഞ ഈ ക്ലാസ് മുറി നല്‍കിയ പഠനസുഖവും അറിവും എസിയുടെ തണുനനുത്ത ക്ലാസുമുറികള്‍ക്ക് നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ചാണകം മെഴുകിയ തറയില്‍ ചമ്രം പടഞ്ഞിരുന്ന് പഠിച്ച അക്ഷരങ്ങള്‍ ... തരിമണലില്‍ അക്ഷരവിരല്‍ കൊണ്ട് (നമ്മള്‍ഈ വിരലിനെ ചൂണ്ടുവിരല്‍ എന്നാണ് വിളിക്കുന്നത് ... ഈ വിരല്‍ കൊണ്ട് അക്ഷരങ്ങള്‍ മണലില്‍ എഴുതി പഠിച്ചതുകൊണ്ട് ഞാന്‍ചൂണ്ടുവിരലിനെ അക്ഷരവിരല്‍ എന്ന് വിളിക്കുകയാണ്.) എഴുതിയത് ജീവിതാക്ഷരങ്ങള്‍ തന്നെയല്ലേ...? ഏത് സര്‍വ്വകലാശാലയും നല്‍കിയഅറിവിലും വലിയ അറിവാണ് ഈ കുടിപ്പള്ളിക്കൂടം നമുക്ക് നല്‍കിയത് , ഇവിടിത്തെ ആശാട്ടി നമുക്ക് പകര്‍ന്ന് തന്നത് .......... കുഞ്ഞിക്കൈകള്‍ മണിലിലൂടെ നോവാതെ അക്ഷരങ്ങള്‍ ചിത്രങ്ങളാക്കി അറിവിന്റേയും ബുദ്ധിയുടേയും ബോധമണ്ഡലങ്ങളില്‍ കോറിയിടീക്കാന്‍ ആ ആശാട്ടി എത്ര ബുദ്ധിമുട്ടിയിട്ടുണ്ടാവും.? മിനിട്ടുകള്‍ക്കും മണിക്കൂറുകള്‍ക്കും വില ഈടാക്കുന്ന പുത്തന്‍ വിദ്യാഭ്യാസത്തിന്റെ കച്ചവടക്കണ്ണുകള്‍ക്ക് ആശാട്ടി ഒരു പരിഹാസകഥാപാത്രമോ കാലങ്ങള്‍ക്ക് മുമ്പ് ജനിക്കേണ്ടിയിരുന്ന അവതാരമോ ആയിരിക്കാം. പക്ഷേ അവരെ ഇപ്പോഴും ആശാട്ടിയെ ഓര്‍ക്കുന്നുണ്ടങ്കില്‍ അവര്‍ പകര്‍ന്നു നല്‍കിയ അക്ഷര വെളിച്ചത്തിന്റെ പുണ്യമാണത്. ഒന്നുമില്ലയ്കയില്‍ നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന മാന്ത്രികനെപ്പോലെ ആയിരുന്നു അവര്‍. പറഞ്ഞുശീലിച്ച അവ്യക്തമായ അക്ഷരങ്ങള്‍ക്ക് എന്നില്‍ ജീവന്‍ നല്‍കിയത് ആശാട്ടിയാണ് .ഇരുട്ടില്‍ നിന്ന് അക്ഷരങ്ങളുടേ പ്രകാശത്തിലേക്ക് നയിച്ച പുണ്യമായിരുന്നു അവര്‍.

ഒരു വിജയിദശമി ദിനത്തില്‍ എഴുത്തിനിരുത്തിയത് ... നമ്മുടെ അക്ഷരജീവിതം തുടങ്ങുകയാണ് ഇവിടെ .... ആശാട്ടിഅമ്മച്ചിയുടെ മുന്നില്‍വച്ചിരിക്കുന്ന പാത്രത്തില്‍ അരി നിറച്ചിട്ടുണ്ടാവും ... അമ്മയുടെ കൈയ്യില്‍ നിന്ന് ആശാട്ടിയമ്മച്ചിയുടെ മടിയിലേക്ക് ... ഇളംവിരലുകള്‍പാത്രത്തിലൂടെ ‘അ’ എന്ന ചിത്രം വരയ്ക്കുമ്പോള്‍ നമ്മളുടെ വിദ്യാര്‍ത്ഥി ജീവിതം ആരംഭിക്കുന്നു.അറിവിന്റെ അക്ഷയഖനികള്‍ തേടിയുള്ളപ്രയാണം ആരംഭിക്കുകയാണ് ഇവിടെ. അമ്മ നല്‍കിയ വെറ്റിലയും ഒറ്റനാണയവും ദക്ഷിണയായി നല്‍കി ചാണകം മെഴുകിയ
തറയിലേക്ക്മാറിയിരിക്കും. മുന്നിലെ തരിമണലില്‍ അക്ഷരം എഴുതുമ്പോള്‍ ഇളം വിരലുകള്‍ വേദനിച്ചിട്ടുണ്ടാവും ... ആദ്യ ഓലയില്‍ ‘ദൈവത്തിനു സ്തുതി ‘ എന്നും‘ഹരിശ്രി ഗണപതായേ നമ: ‘ എന്ന് എഴുതി തന്നുവിടുമ്പോള്‍ മുതല്‍ നമ്മള്‍ ആദ്യ പഠന ഉപകരണത്തിന് ഉടമയായി. ആശാട്ടിയമ്മച്ചി ഓലയില്‍ നാരായം കൊണ്ട് എഴുതുമ്പോള്‍ അത്ഭുതത്തോട് നോക്കി നില്‍ക്കും. ഓലയിലെ അക്ഷരങ്ങള്‍ക്ക് കമ്യൂണിസ്റ്റ് പച്ചയിലകൊണ്ട് തെളിച്ചം നല്‍കേണ്ടത് നമ്മള്‍ തന്നെ. മണലില്‍ അക്ഷരങ്ങള്‍ എഴു തുന്നത് തെറ്റുമ്പോള്‍ ഈ ഗുരു ഒരിക്കല്‍ പോലും ദേഷ്യപെട്ടിട്ടില്ല. വീണ്ടും വീണ്ടും വിരലുകളില്‍പിടിച്ച് അക്ഷരങ്ങള്‍ എഴുതിക്കും. ഈ ആശാട്ടിയമ്മച്ചിയ്ക്ക് ഒരിക്കലും ദേഷ്യപ്പെടാന്‍ കഴിയത്തില്ലല്ലോ.. കാരണം ഈ അമ്മച്ചിക്ക് അറിവ് പകര്‍ന്ന്നല്‍കള്‍ ഒരു തൊഴില്‍ അല്ല .. ഒരു ജീവിത തപസ്യതന്നെയാണ് .. ( ഈ അമ്മച്ചിമാര്‍ , ആശാട്ടിമാര്‍ ഇപ്പോഴും തങ്ങളുടെ തപസ്യ തുടരുകയാണ്...പക്ഷേ നിലത്തിരുന്ന് മണലില്‍ എഴുതാന്‍ കുട്ടികള്‍ ഇന്നെവിടെ??????? ). പാഠം എഴുതി പൂര്‍ത്തിയാക്കുമ്പോള്‍ ആശാട്ടി പുതിയ പാഠങ്ങള്‍ഓലയില്‍ എഴുതിത്തരും ....

എന്റെ ആശാന്‍ പള്ളിക്കൂടം ഇപ്പോഴും എനിക്ക് അവ്യക്തമായ ഓര്‍മ്മയില്‍ ഉണ്ട്. ചാണകം മെഴുകിയ തറയില്‍ പുല്‍പ്പാ വിരിച്ച് മുന്നില്‍ നിരത്തിയ മണലില്‍ ആശാട്ടി വിരലില്‍ പിടിച്ച് എഴുതിക്കുന്നത് ... കെട്ടുപുള്ളിയും കെട്ടുവള്ളിയും ങ്ങ യും ഒക്കെ എനിക്ക് വഴങ്ങാതെ വന്നപ്പോള്‍ എത്രയോ പ്രാവിശ്യം അവര്‍ എഴിതിച്ചിട്ടുണ്ടാവും. ഇപ്പോള്‍ കീ ബോര്‍ഡില്‍ അക്ഷരങ്ങള്‍ ടൈപ്പ് ചെയ്യുമ്പോള്‍ പോലും എനിക്കെന്റെ വിരലുകളില്‍ ആശാട്ടിയുടെ സ്പര്‍ശനം തിരിച്ചറിയാം. അതിനെക്ക് കിട്ടിയ പുണ്യമായിരിക്കാം. പഴമയുടെ സുകൃതം ആയിരിക്കാം. മണലില്‍ എഴുതുമ്പോള്‍ അക്ഷരങ്ങള്‍ക്ക് ആകൃതി ഇല്ലാതെപോകുമ്പോള്‍ അക്ഷരങ്ങള്‍ക്ക് അവര്‍ എന്റെ വിരലുകള്‍കൊണ്ട് തന്നെ ആ‍കൃതി വരുത്തിയിരുന്നു. മണലില്‍ എഴുതി പഠിച്ചതുകൊണ്ടാവാം അക്ഷരങ്ങള്‍ ഇന്നും മായാതെ മനസില്‍ നില്‍ക്കുന്നത്.?? തന്റെ മുന്നില്‍ ഇരിക്കുന്ന ഓരോ കുരുന്നുകളേയും ആശാട്ടി വാത്സല്യത്തോടെ അക്ഷരങ്ങളുടെ പ്രപഞ്ചത്തിലേക്ക് നയിച്ചു. അറിവിന്റെ വെളിച്ചത്തിലേക്ക് നയിച്ച അവര്‍ക്ക് പ്രതിഫലം ദക്ഷിണകള്‍ മാത്രം.!


അക്ഷരങ്ങള്‍ പഠിച്ചുകഴിയുമ്പോള്‍ അക്കങ്ങളിലേക്ക് ... അക്കങ്ങളില്‍ നിന്ന് ഗണിതത്തിലേക്ക് .... അ മുതല്‍ അം വരേയും ക മുതല്‍ ക്ഷ വരേയുംഎഴുതി പഠിപ്പിക്കുമ്പോഴേക്കും ആശാട്ടി നമ്മളെകൊണ്ട് ‘ക്ഷ’ പരുവം ആയിട്ടുണ്ടങ്കിലും ആ അമ്മച്ചിയുടെ മുഖത്ത് ചിരിമാത്രമേ കാണുകയുള്ളു.പാഠങ്ങള്‍ എല്ല്ലാം പഠിച്ച് കഴിയുമ്പോള്‍ മെയ് മാസം അവസാനം വേര്‍പിരിയില്‍ എത്തും. വീണ്ടും ഒരിക്കല്‍കൂടി ആശാട്ടിയ്ക്ക് ദക്ഷിണനല്‍കിഎഴുത്തോല വാങ്ങും. എഴുത്തോല തരുമ്പോള്‍ ആശാട്ടിയുടെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടാവും,.. ആ ആശാട്ടിയുടെ മടിയില്‍ ഇരുന്നായിരുന്നല്ലോഇത്രയും നാളത്തെ പഠനം .... എഴുത്തോല കൈകളിലേക്ക് തന്ന് അനുഗ്രഹിച്ച് മൂര്‍ദ്ദാവില്‍ ഒരുമ്മ നല്‍കുമ്പോള്‍ ആശാട്ടിയുടെ കണ്ണുകളില്‍നിന്ന് ഒരിറ്റ് കണ്ണീര്‍ നമ്മുടെ ശിരസില്‍ വീണിട്ടുണ്ടാവും... ഇതാണല്ലോ ആദ്യത്തെ ഗുരുകൃപാകാടാക്ഷം... ഒരിക്കലും ഈ ആശാട്ടി അമ്മ,അമ്മച്ചിഒരിക്കലും ശിഷ്യരെ ശപിച്ചിട്ടുണ്ടാവില്ല... കണ്ണീര്‍ തുടച്ച് ആശാട്ടി യമ്മ അനുഗ്രഹിക്കുമ്പോള്‍ ആശാട്ടി അമ്മച്ചിയുടെ കാലുകളില്‍ തൊട്ട് വണങ്ങികുടിപ്പള്ളിക്കൂടത്തിനോട് വിടപറയുകയായി.... ഓലയുമായി കുന്നിറങ്ങുമ്പോള്‍ തിരിഞ്ഞു നോക്കാറില്ല ... അപ്പോഴും ആശാട്ടിയമ്മച്ചി പള്ളിക്കൂടത്തിന്റെ വാതിക്കല്‍ തന്നെയുണ്ടാവും ... പറക്കമുറ്റിയ കുഞ്ഞ് പറന്നുപോകുമ്പോള്‍ ഒരു തള്ളപ്പക്ഷി സന്തോഷിക്കുന്നതുപോലെ ആശാട്ടിയമ്മച്ചിയുംസന്തോഷിക്കുകയായിരുന്നു ..... ഓരോ ശിഷ്യരും കുടിപ്പള്ളിക്കൂടത്തോട് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ആ ഗുരുനാഥയുടെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടാവും. ഒരാളെക്കൂടി അറിവിന്റെ അതിരില്ലാത്ത ലോകത്തേക്ക് പറത്തിവിട്ടത്തിലുള്ള സന്തോഷമായിരുന്നു ആ കണ്ണുകളില്‍. പിന്നീട് ഒരിക്കലും നമ്മളാവഴിക്ക് ചെന്നില്ലങ്കിലും ആ ആശാട്ടി പരിഭവം പ്രകടിപ്പിക്കാറില്ല.........

എവിടെപോയി പഠിച്ചാലും ഈ ആശാന്‍ പള്ളിക്കൂടവും ആശാട്ടിയും നല്‍കിയ പാഠങ്ങള്‍ മറക്കാന്‍ പറ്റുകയില്ല.... അറിവാണ് ശക്തി അക്ഷരമാണ് ആയുധം എന്ന് എന്നെ(നമ്മളെ) പഠിപ്പിച്ച , എന്നെ ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ച ... എന്റെ കുഞ്ഞിളം വിരല്‍കൊണ്ട് മണലില്‍ എഴുതി പഠിപ്പിച്ച ....അക്ഷരങ്ങളുടെ മായാപ്രപഞ്ചം എനിക്ക് പകര്‍ന്നു നല്‍കിയ എന്റെ ആശാട്ടിയമ്മച്ചിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഒരായിരം ഓര്‍മ്മകളില്‍ തീര്‍ത്ത പൂച്ചെണ്ടുകള്‍ അര്‍പ്പിച്ചുകൊണ്ട് എല്ല്ലാവര്‍ക്കും വിജയദശമി ആശംസകള്‍ നേരുന്നു ..........................................

Friday, September 25, 2009

രതി തേടുന്ന കുട്ടികള്‍ 1

ഈ പോസ്റ്റില്‍ പറയുന്ന ഓരോ സംഭവങ്ങളും നടന്നതാണങ്കിലും ഇവിടെ പറയുന്നതില്‍ കൂടുതല്‍ കാര്യങ്ങള്‍ ഇവയെക്കുറിച്ച് പറയുന്നതല്ല.



എന്തുകൊണ്ട് ഇങ്ങനെയൊരു വിഷയം ?

എന്തുകൊണ്ട് ഇങ്ങനെയൊരു വിഷയം തിരഞ്ഞെ
ടുത്തു? കഴിഞ്ഞമാസം ഇങ്ങനെയൊരു സംഭവം
കണ്ടു എന്നതുകൊണ്ടാണ് ഈ വിഷയത്തെക്കുറിച്ച് ഒരു ചെറിയ അന്വേഷ്ണം നടത്തിയത്. നമ്മുടെ വിദ്യാഭ്യാസ രീതികള്‍ ഉടച്ചുവാര്‍ക്കണോ എന്നുള്ള ചര്‍ച്ചകള്‍ ഇപ്പോഴും സജീവമാണ്. പാഠ്യപദ്ധ തിയില്‍ ഉള്‍പ്പെടുത്തി ലൈംഗിക വിദ്യാഭ്യാസം കൂടി കുട്ടികള്‍ക്ക് നല്‍കണമെന്ന് ഒരു പക്ഷം വാദിക്കു മ്പോള്‍ അത് ഒരിക്കലും അനുവദിക്കുകയില്ലന്ന് മറുപക്ഷം. വാദപ്രതിവാദങ്ങള്‍ക്കിടയില്‍ നമ്മള്‍ ആരും അത്രയും ഗൌരവമായി എടുക്കാത്ത ചിലതുണ്ട്. ജീവിത രീതിയിലും ഭക്ഷണക്രമങ്ങളിലും വന്ന മാറ്റം കൊണ്ട് കുട്ടിത്തം മാറി കൌമാരത്തിലേക്ക് കടക്കുന്ന കുട്ടികള്‍ പെട്ടന്ന് തന്ന ‘യൌവന’ത്തിലേക്കും കടക്കുകയാണ്. ശാരീരികമായ അവസ്ഥകള്‍ മാറിമറിയുന്ന സമയത്ത് ഒരു പക്ഷേ കൌതുകം കൊണ്ടോ മറ്റോ അവര്‍ ആകര്‍ഷിക്കപെടുകയും ചെയ്യുന്നു. മാധ്യമങ്ങള്‍, ഇലക്ട്രോണിക് വിപ്ലവങള്‍ തുടങ്ങിയവ തുറന്നു നല്‍കിയ പുത്തന്‍ അറിവുകള്‍ പരീക്ഷിക്കുവാന്‍ അവര്‍ ശ്രമിക്കുകയും ചെയ്യുന്നു.


:: ചില പഠനങ്ങള്‍ ::
വിവാഹത്തിനുമുമ്പുള്ള ലൈംഗിക ബന്ധം കൂടിവരുന്നതായി പഠനങ്ങള്‍ നടത്തുന്നവര്‍ പറയുന്നു. ഒട്ടുമിക്ക വനിതാപ്രസിദ്ധീകരണങ്ങളും മാഗസിനുകളും സ്ഥാനത്തും അസ്ഥാനത്തും നടത്തുന്ന പഠനറിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കാറുണ്ട്. തങ്ങളുടെ സര്‍ക്കുലേഷന്‍ വര്‍ദ്ധനയാണ് മാഗസിനുകളുടെ നോട്ടം എങ്കിലും വസ്തുതകള്‍ക്ക് നേരെ മുഖം തിരിഞ്ഞ് നില്‍ക്കേണ്ട കാര്യം ഇല്ല.

:: രതിയുടെ ആദ്യപാഠങ്ങള്‍ ::
‘കൊച്ചുപുസ്തക‘ങ്ങളിലൂടെ ആയിരുന്നു ‘കഴിഞ്ഞ തലമുറ‘വരെ രതിയുടെ ആദ്യാറിവുകള്‍ നേടിയിരുന്നതെങ്കില്‍ ഇന്നത് ‘വീഡിയോ’ അറിവുകള്‍ ആയി മാറി. ഒളിച്ചു പാത്തും ആളുകള്‍ ഇല്ലാത്ത ഇടവഴികളിലും ഒളിച്ചുനിന്ന് കണ്ട ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ വീഡിയോ ചിത്രങ്ങള്‍ ആയി പരിവര്‍ത്തനം ചെയ്തുകഴിഞ്ഞിരിക്കുന്നു. മൊബൈല്‍ ഉള്ളവര്‍ക്കും മൊബൈല്‍ ഉള്ളവരുടെ സുഹൃത്തുക്കള്‍ക്കും ഇത്തരം വീഡിയോ ചിത്രങ്ങള്‍ അപ്രാപ്യവുമല്ല. ബ്ലൂടൂത്ത് വഴി കൈമാറാവുന്ന ഈ വീഡിയോകള്‍ ക്ലാസ്‌മുറികളില്‍ ഇരുന്നുവരെ കാണാവുന്ന സൌകര്യവും ഉണ്ട്. രതിയുടെ വിര്‍ച്യല്‍ ക്ലാസുകള്‍ സമാന്തരമായി ക്ലാസ് മുറികളില്‍ സൃഷ്ടിക്ക പെട്ടിരിക്കു മ്പോഴാണ് ഒരു കൂട്ടര്‍ ലൈംഗിക വിദ്യാഭ്യാസത്തിനെതിരെ വാളെടുക്കുന്നത്. ശരിയായ രീതിയിലുള്ള ലൈഗിംക വിദ്യാഭ്യാസം ലഭിക്കാത്തതിന്റെ അഭാവം ഇവിടെ പ്രകടമാവുന്നുണ്ടോ എന്ന് സമുഹം മനസിരുത്തി ചിന്തിക്കേണ്ടിയിരിക്കുന്നു.

:: രണ്ട് ആത്മഹത്യാശ്രമങ്ങള്‍ ::
ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടി കിണറിന്റെ കെട്ടില്‍ കയറി നില്‍ക്കുന്നു എന്ന് സ്റ്റാഫ് റൂമില്‍ ചെന്ന് പറഞ്ഞപ്പോഴാണ് അദ്ധ്യാപകര്‍ കിണറ്റിന്‍ കരയിലേക്ക് ചെന്നത്. ഒരു പെണ്‍കുട്ടി നിലത്തിരുന്ന് വലിയവായില്‍ കരയുന്നുണ്ട്. അവളുടെ ചുറ്റും കുട്ടികള്‍ കൂട്ടം കൂടി നില്‍ക്കുന്നു. കിണറ്റില്‍ ചാടാനായി തുടങ്ങിയ പെണ്‍കുട്ടിയെ ചില കുട്ടികള്‍ ബലമായി പിടിച്ച് ഇറക്കിയതാണ്. അദ്ധ്യാപകര്‍ പെണ്‍കുട്ടിയെ സ്റ്റാഫ് റൂമിലേക്ക് കൊണ്ടുപോയി. ടീച്ചര്‍മാരുടെ സ്നേഹപൂര്‍ണ്ണമായ ഇടപെടലുകള്‍ക്ക് മുന്നില്‍ അവള്‍ മനസ് തുറന്നു. പ്രണയത്തിന്റെ മാസ്‌മരികതയില്‍ അവളുടെ കാമുകനായ പത്താംക്ലാസുകാരന്റെ കൂടെ അവന്‍ വിളിച്ചിടത്ത് പോയി. പുത്തന്‍ അനുഭൂതികളില്‍ ജീവിതം താളം തെറ്റുന്നത് അവള്‍ അറിഞ്ഞില്ല. ഒരു ദിവസം അവന്റെ കൂടെ ഒരിടത്ത് ചെന്നപ്പോള്‍ അവന്റെ ചില കൂട്ടുകാരും ഉണ്ടായിരുന്നു. താനൊരു ചതിക്കുഴിയില്‍ പെട്ടു എന്നുള്ള തിരിച്ചറിവ് ഉണ്ടായി അവള്‍ ആ സമയം തന്നെ തിരിച്ചുപോന്നു. കുറേ ദിവസം കാമുകന്‍ അവളുടെ മുന്നില്‍ വന്നില്ല. ഇന്ന് അവന്‍ അവളുടെ അടുത്ത് എത്തി വൈകിട്ട് അവന്റെ കൂടെ ചെല്ലണമെന്ന് പറഞ്ഞു. ഇനിയും അവന്റെ കൂടെ എങ്ങോട്ടും താനിനി വരില്ല എന്ന് അവള്‍ പറഞ്ഞു. വന്നില്ലങ്കില്‍ നീ എന്റെ കൂടെ വന്നത് എല്ലാവരോടും പറയും എന്ന് അവന്‍ പറഞ്ഞതോടെ പെണ്‍കുട്ടി ഭയപ്പെട്ടു. ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ല എന്ന തോന്നല്‍ അവള്‍ക്കുണ്ടായി. ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.


അവളുടെ വീട്ടില്‍ നിന്ന് അവളുടെ നിലവിളി കേട്ടുകൊണ്ട് ചിലര്‍ ഓടിചെന്നപ്പോള്‍ ചോര ഒലിക്കുന്ന കൈകളുമായി അവള്‍ നിലവിളിക്കുകയാണ്. ഉടനെ അവളെ ആശുപത്രിയില്‍ എത്തിച്ചു. കൈകളിലെ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതാണ്. പക്ഷേ ചോരകണ്ടപ്പോള്‍ അവള്‍ ഭയന്നു നിലവിളിച്ചപ്പോഴാണ് ആളുകള്‍ എത്തിയത്. എന്തിന് അവള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു.? പലരുചോദിച്ചിട്ടും അവള്‍ ഒന്നും പറഞ്ഞില്ല. ക്ലാസ്‌ ടീച്ചറുടെ മുന്നില്‍ അവള്‍ മനസ് തുറന്നു. അടുത്ത വീട്ടിലെ പ്ലസ്‌ടുവിന് പഠിക്കുന്ന ചേട്ടനുമായി അവള്‍ക്ക് ഇഷ്ടമായിരുന്നു. സമയം കിട്ടുമ്പോഴക്കെ അവരിങ്ങനെ സംസാരിച്ചുകൊണ്ടിരിക്കും. അന്ന് ശനിയാഴ്ച് ആയിരുന്നതുകൊണ്ട് വീട്ടിലുള്ളവര്‍ പണിക്കുപോയതുകൊണ്ട് അവള്‍ അവന്റെ വീട്ടിലേക്ക് ചെന്നു. സംസാരിച്ച് ഇരിക്കുമ്പോള്‍ അവനൊരു സിഡിയിട്ട് അവളെ കാണിച്ചു. അതുപോലെ നമുക്കും ചെയ്യാം എന്ന് പറഞ്ഞ് നിര്‍ബന്ധിച്ചപ്പോള്‍ അവള്‍ അവന്റെ അടുത്ത് നിന്ന് ഓടി തന്റെ വീട്ടിലെത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

:: മതിലു ചാടുന്നവര്‍ ::
തിരുവന്തപുരത്ത് നിന്ന് കഴിഞ്ഞമാസം റിപ്പോര്‍ട്ട് ചെയ്ത സംഭവം. ഒരു സ്കൂളിലെ രണ്ട്മൂന്ന് പെണ്‍കുട്ടികള്‍ സ്കൂളില്‍ എത്തിയതിനു ശേഷം മതിലുചാടി പുറത്ത് കടക്കും. അവരെ കാത്ത് അവരുടെ ‘സുഹൃത്തു‘ക്കള്‍ ഓട്ടോയുമായി കാത്തുനില്‍ക്കും. സ്കൂള്‍ യൂണിഫോം മാറ്റി അവര്‍ വേറെ വസ്ത്രം ധരിച്ച് അവരോടൊത്ത് ‘കറങ്ങാന്‍’ പോകും. മാസങ്ങളായി തുടര്‍ന്നുകൊണ്ടിരുന്ന ഈ മതിലു ചാട്ടം പെണ്‍കുട്ടികള്‍ തന്നെയാണ് തങ്ങളുടെ കൂട്ടുകാരികളോട് പറഞ്ഞത്. തങ്ങളുടെ ‘ചേട്ടന്മാരുടെ‘ ‘സ്വഭാവ‘ത്തെക്കുറിച്ചും തങ്ങള്‍ക്ക് ലഭിക്കുന്ന പുത്തന്‍ വസ്ത്രത്തെക്കുറിച്ചും മതിലു ചാടിയ പെണ്‍‌കുട്ടികളി ലൊരാള്‍ ഹോസ്റ്റലില്‍ വച്ച് കൂട്ടുകാരികളോട് പറഞ്ഞു. സംശയകരമായ സാഹചര്യത്തില്‍ പോലീസ് മതിലുചാടിയ പെണ്‍കുട്ടികളേയും അവരുടെ ചേട്ടന്മാരേയും ബീച്ചില്‍ നിന്ന് പിടിക്കുകയും ചെയ്തു.

:: യൂത്ത് ഫെസ്റ്റുവല്‍
‘ഫെസ്റ്റുവല്‍’ ആകുമ്പോള്‍!!! ... ::

സ്‌കൂളുകളിലെ യൂത്ത് ഫെസ്റ്റുവല്‍ എല്ലാവര്‍ക്കും ആഘോഷമാണ്. ക്ലാസില്‍ കയറാതെ സിനിമയ്ക്ക് പോകുന്ന ചിലര്‍, കറങ്ങാ‍ന്‍ പോകുന്ന ചിലര്‍... കലാപരിപാടികള്‍ നടക്കുന്ന ഹാള്‍ ഒഴിച്ച് മറ്റൊരു ക്ലാസ് റൂമിലും ആളുകള്‍ ഉണ്ടാവാറില്ല. ഒരു സ്കൂളില്‍ യൂത്ത് ഫെസ്റ്റുവല്‍ നടക്കുന്ന സമയം ഒഴിഞ്ഞ ക്ലാസ് റൂമുകളില്‍ നിന്ന് കാമുകകാമുകീ സമാഗമത്തില്‍ ഏര്‍പ്പെട്ടിരുന്നവരെ അദ്ധ്യാപകര്‍ കൈയ്യോടെ പൊക്കി. മറ്റൊരു സ്കൂളില്‍ യൂത്ത് ഫെസ്റ്റുവല്‍ നടക്കുമ്പോള്‍ സ്കൂളിന് അടുത്തുള്ള ഗ്രൌണ്ടിലെ ഒഴിഞ്ഞ പുല്‍ത്തകിടി മെത്തകളാക്കിയവരെ കണ്ട് സഹപാഠികള്‍ കണ്ണ് മിഴിച്ചു നിന്നുപോയി. സ്കൂളിനു വെളിയില്‍ നിന്നുപോലും ‘ആളു‘കള്‍ സ്കൂളുകളില്‍ എത്തി കുട്ടികളെ ‘ഉപയോഗി‘ക്കാറുണ്ട് എന്ന് കേള്‍ക്കുമ്പോള്‍ ഞെട്ടാതിരിക്കുന്നത് എങ്ങനെ. സ്കൂള്‍ സമയത്ത് പെണ്‍കുട്ടികളെ സ്കൂളില്‍ നിന്ന് പുറത്ത് വിടരുത് എന്ന് കര്‍ശന നിര്‍ദ്ദേശം സ്കൂളുകള്‍ക്ക് ഇപ്പോള്‍ നല്‍കിയിട്ടുണ്ട്.

:: ഇത് അവളുടെ ജീവിതം ::
സ്പോര്‍ട്സില്‍ അവള്‍ മുന്നിലാണ്. യുപി സ്കൂളില്‍ പഠിക്കുമ്പോള്‍ അവള്‍ ജില്ല അത്‌ലറ്റിക് മീറ്റില്‍ സ്കൂളിനു വേണ്ടി അവള്‍ സമ്മാനം വാരിക്കൂട്ടിയിരുന്നു. ഹൈസ്കൂളില്‍ എത്തിയപ്പോഴും അവള്‍ സ്പോര്‍ട്സില്‍ പിന്നോട്ട് പോയില്ല. കറുത്തതാണങ്കിലും അവളെ കാണാന്‍ അഴകായിരുന്നു. അവള്‍ ഹൈ‌സ്കൂളില്‍ പഠിക്കുമ്പോള്‍ അമ്മ വേറെ ഒരുത്തന്റെ കൂടെ പോയി. അപ്പനാ ണങ്കില്‍ വല്ലപ്പോഴും വീട്ടില്‍ എത്തും. അവള്‍ക്ക് താഴെ അനുജത്തിയും അനുജനും. പത്താം ക്ലാസില്‍ അവള്‍ കുറേ ദിവസം ക്ലസില്‍ വരാതിരുന്നു. അവള്‍ എവിടെ എന്ന് ആര്‍ക്കും അറിയില്ല. അവളെ കാണാനില്ല എന്ന് പോലീസില്‍ പരാതി കിട്ടി.പോലീസ് അന്വേഷിച്ച് സ്കൂളിലും എത്തി. അവളെക്കുറിച്ച് ആര്‍ക്കും ഒന്നും അറിയില്ല. കുറെ ദിവസം കഴിഞ്ഞ് ചില ആണുങ്ങള്‍ അവള്‍ സ്കൂളില്‍ എത്തുന്നുണ്ടോ എന്ന് അന്വേഷിക്കാന്‍ എത്തി. അവളുടെ തുണിയില്ലാത്ത ഫോട്ടോ ഞങ്ങളുടെ കൈയ്യിലുണ്ടന്ന് അവളോട് പറഞ്ഞേക്ക് എന്ന് അവളുടെ ക്ലാസിലുള്ള കുട്ടികളോട് പറഞ്ഞ് അവര്‍ പോയി. ജീവിക്കാന്‍ വേണ്ടി അവള്‍ക്ക് ഒരുത്തന്‍ ഒരു മാര്‍ഗ്ഗം കാണിച്ചു കൊടുത്തതാണ് എല്ലാത്തിനും ആധാരം. ഇന്നും അവള്‍ ഉണ്ട്. വീണുപോയ കുഴിയില്‍ നിന്ന് എഴുന്നേല്‍ക്കാനാവാതെ ആരോ സമ്മാനമായി നല്‍കിയ ഒരു കുഞ്ഞുമായി അവളിന്നും ജീവിക്കുന്നു. തനിക്ക് പറ്റിയത് മറ്റൊരു പെണ്‍കുട്ടിക്കും പറ്റരുതേ എന്ന പ്രാര്‍ത്ഥനയുമായി അവളിന്നും ജീവിക്കുന്നു.

:: വലകളുമായി അവര്‍ കാത്തിരിക്കുന്നു. ::
ദിവസവും കോടിക്കണക്കിന് രൂപാ വരുമാനം ഉണ്ടാക്കുന്ന ഇന്ത്യന്‍ സെക്സ് വിപണിയില്‍ കേരളത്തില്‍ നിന്നുള്ള പെണ്‍കുട്ടികളെ എത്തിക്കാന്‍ മാത്രമായി ഏജന്റുമാര്‍ ഉണ്ടത്രെ!! സ്കൂളുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെ വലയില്‍ കുരുക്കാന്‍ അവര്‍ കാത്തുനി ല്‍ക്കുന്നു. ഇന്റെര്‍‌നെറ്റിനേയും കൂട്ട് പിടിച്ച് നടത്തുന്ന ബിസ്‌നസ്സില്‍ കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ പണം ഉണ്ടാക്കാം എന്നുള്ള പ്രലോഭനത്തില്‍ ചിലരൊക്കെ വീണുപോകുന്നു. ഈ വലികളില്‍ വീണുകഴിഞ്ഞാല്‍ വലമുറുകി ജീവിതം നഷ്ടപെടുകതന്നെ ചെയ്യും. വലമുറിച്ച് രക്ഷപെടാനും
സാധിക്കുകയില്ല.

അടുത്ത പോസ്റ്റില്‍ :: ‘ട്രാവത്സി‘ല്‍ രതി തേടുന്നകുട്ടികള്‍

Wednesday, September 16, 2009

അഭയുടെ രക്തത്തിന്റെ നിലവിളി :

ബൈബിളിലെ ഉല്പത്തി പുസ്തകം 4 ആം അദ്ധ്യായത്തില്‍ ദൈവം കയീനോട് പറയുന്നു. “നീ എന്തു ചെയ്തു? നിന്റെ അനുജന്റെ രക്തത്തിന്റെ ശബ്ദ്ദം ഭൂമിയില്‍ നിന്ന് എന്നോട് നിലവിളിക്കുന്നു.” (ഉല്പത്തി 4:10). 1992 മാര്‍ച്ച് 27 വെള്ളിയാഴ്‌ച ഭൂമിയില്‍ നിന്ന് നിലവിളിക്കാന്‍ തുടങ്ങിയ മറ്റൊരു രക്തത്തിന്റെ നിലവിളി ദൈവത്തിന് കേള്‍ക്കാതിരിക്കാന്‍ ദൈവത്തിനു കഴിയുമോ? സത്യമെന്ന വെളിച്ചത്തെ അസത്യമെന്ന ഇരുട്ടുകൊണ്ട് എത്രനാള്‍ മൂടിവയ്ക്കാന്‍ സാധിക്കും. ഹാബേലിന്റെ രക്തത്തിന്റെ നിലവിളിക്ക് ഉത്തരം‌തേടി കയീനിന്റെ അടുത്ത് ദൈവം തന്നെ വന്നുവെങ്കില്‍ അഭയ എന്ന 19 വയസുകാരി സാധുകന്യാസ്ത്രിയുടെ രക്തത്തിന്റെ നിലവിളിക്ക് ഉത്തരം തേടാന്‍ നമ്മുടെ നീതിന്യായ വെവ്യസ്ഥിതിക്ക് നീണ്ട 17 വര്‍ഷങ്ങള്‍ വേണ്ടി വന്നു. ഈ കഴിഞ്ഞ കാലമത്രയും ആ പെണ്‍കുട്ടിയുടെ രക്തത്തിന്റെ നിലവിളിയെക്കാള്‍ ഉറക്കെ പലരും ആ രക്തത്തിനു വേണ്ടി നിലവിളിച്ചു എങ്കിലും അവരുടെ നിലവിളി പീലാത്തോസിന്റെ മുന്നില്‍ നീതിമാന്റെ രക്തത്തിനു പകരം ബറബാസിനു വേണ്ടി നിലവിളിച്ച യൂദന്മാരുടെ നിലവിളിയാണന്ന് ഇപ്പോള്‍ കാലം തെളിയിച്ചു കഴിഞ്ഞിരിക്കു ന്നു. “മൂടിവച്ചത് ഒന്നും വെളിച്ചത്ത് വരാതിരിക്കില്ല” എന്ന ക്രിസ്തുവചനം ഒരിക്കലും മറക്കരുത് എന്ന് ഓര്‍മ്മിപ്പിക്കലോടെ അഭയുടെ രക്തത്തിന്റെ നിലവിളിയുടെ പകപ്പിലേക്ക് ........


കോട്ടയം സെന്റ് പയസ് റ്റെന്റ്ത് കോണ്‍‌വെന്റിലെ അന്തേവാസിയും ബിസി‌എം കോളേജിലെ വിദ്യാര്‍ത്ഥിനിയുമായ സിസ്റ്റര്‍ അഭയെ കോണ്‍‌വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കാണുന്നത് 1992 മാര്‍ച്ച് 27 വെള്ളിയാഴ്‌ച ആണ്. വളരെയേറെ ദുരൂഹതകള്‍ ബാക്കിയാക്കികൊണ്ട് ആണ് സിസ്റ്റര്‍ അഭയ ‘ആത്മഹത്യ’ ചെയ്തത്. കോണ്‍‌വെന്റിലെ അടുക്കളയിലെ തുറന്ന ഫ്രിഡ്‌ജും വാതിലില്‍ ഉടക്കിയ തിരുവസ്ത്രവും എല്ലാം ആത്മഹത്യ ചെയ്യാനുറച്ച ഒരാളുടെ മാനസിക വിഭ്രാന്തികള്‍ ആയി മാറി. 2009 ലെ പോലെ തന്നെ 92 ലെ പോലീസും തിരക്കഥകള്‍ തയ്യാറാക്കാ‍ന്‍ മിടുക്കരായിരുന്നു. അതുകൊണ്ടാണല്ലോ കൊല്ലപ്പെട്ട അഭയ ആത്മഹത്യചെയ്തത്. ലോക്കല്‍ പോലീസ് അന്വേഷിച്ച് എല്ലാ തെളിവുംകളും നശിപ്പിച്ച അഭയ കേസ് സിബിഐ അന്വേഷിച്ച് തുടങ്ങുമ്പോള്‍ അവരുടെ മുന്നില്‍ ഉണ്ടായിരുന്നത് ‘നശിപ്പിക്ക പെട്ട തെളിവുകള്‍’ മാത്രമായിരുന്നു. ഡമ്മി ഉപയോഗിച്ച് അഭയ ആത്മഹത്യചെയ്യുകയല്ല കൊല്ലപെടുകയാണന്ന് ഉറപ്പിച്ചതോടെ അഭയയുടെ രക്തത്തിന്റെ നിലവിളിയുടെ ശബ്ദ്ദം ജനങ്ങള്‍ ഏറ്റെടുത്തു. ആ ശബ്ദ്ദത്തിനെതിരെ സഭയ്ക്ക് ചെവികളില്‍ ഈയം ഉരുക്കി ഒഴിക്കാന്‍ കഴിഞ്ഞു എങ്കിലും ആ നിലവിളി കേള്‍ക്കാതിരിക്കാന്‍ കോടതിക്ക് കഴിഞ്ഞില്ല. പിന്നീടെല്ലാം നടന്നതും നടക്കുന്നതും ഇരുളില്‍ നിന്ന് സത്യം അനാവരണം ചെയ്യപെടുന്ന ദൈവീക ശക്തിയുടെ മാസ്‌മരികമായ പ്രഭാവം മാത്രമാണ്.


സത്യത്തെ ഇല്ലാതാക്കാന്‍ രക്തത്തിന്റെ നിലവിളി ഇല്ലാതാക്കാന്‍ പലരും ശ്രമിച്ചു എങ്കിലും പതിനാറുവര്‍ഷങ്ങള്‍ക്ക് ശേഷം 2008 നവംബര്‍ 19 ന് ആ നിലവിളിയുടെ ശബ്ദ്ദത്തിന് ഉത്തരം ലഭിച്ചു. കോട്ടയം ക്നാനായ കത്തോലിക്കാ രൂപതയിലെ രണ്ട് പുരോഹിതന്മാരായ ജോസ് പുതൃക്കയിലും, ഫാ.തോമസ് കോട്ടൂരാനും, സിസ്റ്റര്‍ സെഫിയും അറസ്റ്റ് ചെയ്യപെട്ടു. അഭയയുടെ രക്തത്തിന്റെ നിലവിളിയെക്കാ‍ള്‍ ഉച്ചത്തില്‍ പരീശസാദൂക്യ വൃന്ദങ്ങള്‍ ബറബാസുമാര്‍ക്കുവേണ്ടി നിലവിളിക്കാന്‍ തുടങ്ങി. പീലാത്തോസിനെപ്പോലെ നീതിമാന്റെ രക്തം സ്വന്തം ആത്മാവിനോട് ചേര്‍ക്കാന്‍ നമ്മുടെ ന്യായാധിപര്‍ തയ്യാറായില്ല. ബറബാസിനുവേണ്ടി നിലവിളിക്കുന്നവരെ ഭയന്ന് ന്യായാധിപര്‍ ബറബാസുമാരെ വിട്ടുകൊടുക്കുമൊന്ന് പരീശസാദൂക്യ വൃന്ദങ്ങള്‍ പ്രതീക്ഷിച്ചു. പക്ഷേ കര്‍ത്താവിന്റെ മണവാട്ടിയായ ഒരു പെണ്‍കുട്ടിയുടെ നിലവിളിക്കുന്ന രക്തത്തിന് വിലയിടാന്‍ നമ്മുടെ ന്യായാധിപന്മാര്‍ ശ്രമിച്ചില്ല. ആ നിലവിളിയുടെ ശബദ്ദം കേള്‍ക്കാതിരിക്കാന്‍ നമ്മുടെ ദൃശ്യമാധ്യമങ്ങള്‍ക്കും കഴിഞ്ഞില്ല. കച്ചവടകണ്ണോടെയാണങ്കിലും മനുഷ്യമനസാക്ഷിയെ ഉണര്‍ത്താന്‍ വാര്‍ത്തകള്‍ ജനങ്ങളില്‍ എത്തിക്കാന്‍ നമ്മുടെ ദൃശ്യമാധ്യമങ്ങള്‍ക്കും കഴിഞ്ഞു. മലയാളത്തിലെ ആദ്യപത്രമെന്ന് ഇപ്പോഴും മേനിനടിക്കുന്ന പത്രമൊഴികെ ആരും ബറബാസുകള്‍ക്കുവേണ്ടി ശബദ്ദം ഉയര്‍ത്തിയില്ല.

പതിനാറുവര്‍ഷക്കാലം സത്യത്തെ മൂടിവയ്ക്കാന്‍ ആരക്കയോ ശ്രമിച്ചു. വര്‍ഗീസ് പി. തോമസ് എന്ന സി.ബി.ഐ ഉദ്യോഗസ്ഥന്റെ കൈകളില്‍ നിന്ന് ‘അവരെ’ രക്ഷപെടുത്താന്‍ ആസൂത്രിതമായ നീക്കങ്ങളാണ് നടന്നത്. അതിനു സി.ബി.ഐ.ലെ ഉദ്യോഗസ്ഥരെപോലും ഇരുട്ടിന്റെ അധിപതികള്‍ ഉപയോഗിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ഭരണനിയന്ത്രകരില്‍ നിന്നുപോലും വര്‍ഗീസ് പി. തോമസിന്റെ അന്വേഷ്ണത്തെ അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടന്നു. വര്‍ഗീസ് പി. തോമസ് സി.ബി.ഐ.ല്‍ നിന്ന് രാജിവച്ചുപോയതോടെ ‘പ്രതികള്‍’ ശക്തരാണന്ന് തന്നെ ഉറപ്പായി. വീണ്ടും അന്വേഷ്‌ണങ്ങള്‍ ... 1999 ജൂലായ് 9 ന് സിബിഐ തങ്ങളുടെ അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. അഭയ കൊല്ലപെട്ടതുതന്നെയാണാന്നും പ്രതികളെ കണ്ടെത്തൂന്നതിനുള്ള തെളിവുകള്‍ നഷ്ടമായി എന്നുമുള്ള ആ റിപ്പോര്‍ട്ട് കോടതി മടക്കി. വീണ്ടും ഭൂമിയില്‍ നിന്ന് അഭയയുടെ രക്തത്തിന്റെ നിലവിളി ..............


2007 നവംബറില്‍ ജോസ് പുതൃക്കയിലിനേയും, ഫാ.തോമസ് കോട്ടൂരാനേയും, സിസ്റ്റര്‍ സെഫിയേയും സന്‍‌ജു പി. മാത്യു എന്നിവരെ നാര്‍ക്കോ അനാലിസിസിന് വിധേയമാക്കിയതോടെ വീണ്ടും അന്വേഷ്‌ണത്തിന്റെ ദിനങ്ങള്‍. അഭയ കൊല്ലപെടുന്ന ദിവസം വെളുപ്പിനെ മഠത്തിനു സമീപം ഒരു സ്കൂട്ടര്‍ കണ്ടു എന്ന സാക്ഷിയുടെ വെളുപ്പെടുത്തല്‍ . അടയ്ക്കാരാജുവിന്റെ വെളിപ്പെടുത്തല്‍ ... ഇരുളില്‍ നിന്നുള്ള ചെറിയ മിന്നാമിനുങ്ങുവെട്ടങ്ങള്‍ ചേര്‍ന്ന് പ്രകാശവലയം ഉണ്ടാകുന്നതുപോലെ ചെറിയ ചെറിയ വെളിപ്പെടുത്തലുകളും സാക്ഷിമൊഴികളും കൊണ്ട് അന്ന് സംഭവിച്ചതിനെക്കുറിച്ചുള്ള ഏകദേശ ചിത്രം അന്വേഷ്‌ണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു. 2008 നവംബര്‍ 19 ലെ അറസ്റ്റോടെ എല്ലാം അവസാനിക്കേണ്ടതാണ്. പക്ഷേ ബറബാസുകളെ സംരക്ഷിക്കാന്‍ വീണ്ടും ശ്രമം ആ‍രംഭിച്ചു.




സി.ബി.ഐ. വര്‍ഗീയം കളിക്കുന്നു എന്ന് ആരോപണം. ക്രിസ്‌ത്യന്‍ പുരോഹിതരെ മോശമായി ചിത്രീകരിക്കുന്നു എന്ന് സി.ബി.ഐ.യ്ക്ക് എതിരെ ചിലര്‍ വാളെടുത്തു. സത്യം കണ്ടെത്തൂന്നവരെ ക്രൂശിക്കാന്‍ പുരോഹിതവൃന്ദം എന്നും മുന്നിലായിരുന്നല്ലോ? ‘വെള്ളതേച്ച ശവക്കല്ലറകള്‍’ സത്യം കണ്ടെത്തിയവനെ കല്ലെറിഞ്ഞു. “നിങ്ങളില്‍ കുറ്റം ചെയ്യാത്തവര്‍ ആദ്യം കല്ലെറിയട്ടെ” എന്ന് ഇവര്‍ കേട്ടിട്ടുണ്ടാവില്ല. താന്‍ ദൈവത്തിന്റെ മാത്രം മണവാട്ടിയാണന്ന് മാലോകരെ അറിയിക്കാന്‍ ലോകത്തെ ആദ്യമായി ഒരു കന്യാസ്ത്രി ശസ്‌ത്രക്രിയയിലൂടെ കന്യാചര്‍മ്മം സൃഷ്ടിച്ചെടുത്തു. ഇത് കണ്ടെത്തിയന്ന് പറഞ്ഞ് വീണ്ടും സി.ബി.ഐയ്ക്ക് എതിരെ വീണ്ടും വിമര്‍ശന ശരങ്ങള്‍. സ്ത്രീത്വത്തെ സി.ബി.ഐ അപമാനിക്കുന്നതില്‍ പലരും രോഷം
കൊണ്ടു. സഭ അപ്പോഴും പ്രതികളുടെ പിന്നില്‍ പാറപോലെ ഉറച്ചു നിന്നു. “അഭയ കൊല്ലപെട്ടതാണങ്കില്‍ പ്രതികളെ അറസ്റ്റ് ചെയ്യണം .. പക്ഷേ ഇവര്‍ പ്രതികളല്ല” എന്ന് അവര്‍ വിളിച്ചു പറഞ്ഞു. “അവനെ കൊന്നുകളയുക.. കൊന്നുകളയുക ... ബറബാസിനെ വിട്ടുതരിക..” എന്ന് പീലത്തോസിന്റെ മുന്നില്‍ വിളിച്ചു പറഞ്ഞതുപോലെ ഇവടേയും ആവര്‍ത്തിക്കപെട്ടു. സിബിഐയ്ക്ക് എതിരേ പ്രതിഷേധറാലികള്‍ , സമ്മേളനങ്ങള്‍ , ഇടയലേഖനങ്ങള്‍, ന്യായാധിപന്മാരുടെ പ്രതിഷേധ ലേഖനങ്ങള്‍ ... എല്ലാം അവര്‍ക്കുവേണ്ടി; കര്‍ത്താവിന്റെ മണവാട്ടിയായ ഒരു പെണ്‍കുട്ടിയുടെ രക്തം പുരണ്ട ചുവന്ന കൈകളുടെ ഉടമകള്‍ക്കുവേണ്ടി .


പത്രക്കാര്‍ അവരുടെ ജോലിമാത്രം ചെയ്താല്‍ മതി പോലീസ് അന്വേഷ്ണത്തില്‍ ഇടപെടേണ്ട എന്ന ‘തിയറി‘ അനുവര്‍ത്തിച്ചു വന്നിരുന്നെങ്കില്‍ അഭയയുടെ രക്തം ഇപ്പോഴും നിലവിളിച്ചു കൊണ്ടിരുന്നേനെ. കാരണം 2007 ഏപ്രില്‍ 12 ലെ ന്യു ഇന്ത്യന്‍ എക്സ്പ്രസ് ആണ് നിര്‍ജീവമായ അഭയകേസ് ജനങ്ങളുടെ മുന്നില്‍ എത്തിച്ചത്. കെമിക്കല്‍ എക്സാമിനേഷന്‍ റിപ്പോര്‍ട്ടിലെ വെട്ടിത്തിരുത്തലുകളെക്കുറിച്ച് ന്യു ഇന്ത്യന്‍ എക്സ്പ്രസ് നല്‍കിയ വാര്‍ത്തയുടെ തുടര്‍ച്ചയാണ് പിന്നീട് ഉണ്ടായ അന്വേഷ്ണങ്ങള്‍. (പത്രങ്ങള്‍ പത്രങ്ങളുടെ മാത്രം പണിചെയ്തിരുന്നെങ്കില്‍ ഇപ്പോഴും സന്തോഷ് മാധവന്‍ സ്വാമിയായി നടന്നേനെ. ‘കേരള ശബ്ദ്ദം‘ ആണ് സന്തോഷ് മാധവന്‍ ഇന്റ്ര്പോളിന്റെ ലുക്കൌണ്ട് ഉള്ള ആളാണന്ന് പുറത്തുകൊണ്ടുവന്നത്.). കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സിബി‌ഐ കേരള ഘടകം അഭയകേസ് അന്വേഷ്ണം പുനരാരംഭിക്കുന്നു. നശിപ്പിക്കപെട്ട തെളിവുകള്‍ മനസിലാക്കി ആ തെളിവുകള്‍ നശിപ്പിക്കാന്‍ കൂട്ടുനിന്നവരെ സിബിഐ ട്രാപ്പ് ചെയ്ത് വലകള്‍ മുറുക്കിതുടങ്ങുമ്പോള്‍ അഭയയുടെ രക്തത്തിന്റെ നിലവിളിയില്‍ നിന്ന് രക്ഷപെടാന്‍ പ്രതികള്‍ക്ക് കൂട്ടുനിന്നവര്‍ ജീവിതത്തില്‍ നിന്നു ഓടിയൊളിക്കാന്‍ ശ്രമിക്കുന്നു. വിടാതെ പിന്തുടരുന്ന അഭയുടെ രക്തത്തിന്റെ നിലവിളിയില്‍ നിന്ന് രക്ഷപെടാന്‍ ആത്മഹത്യ മാത്രം മാര്‍ഗ്ഗമായി കണ്ട ആ മനുഷ്യാ നിനക്കു കഷ്ടം.!!‘നീ ജനിക്കാതിരുന്നെങ്കില്‍ കൊള്ളാമായിരുന്നു.’ തന്റെ ഗുരുവിനെ 30 വെള്ളിക്കാശിന് ഒറ്റിക്കൊടുത്തിട്ട് അവന്റെ രക്തം ഭൂമിയില്‍ പതിച്ചപ്പോള്‍ ആ വെള്ളിക്കാശിന്റെ താപം ശരീരത്തിനേയും മനസിനേയും ഉരുക്കിയപ്പോള്‍ തനിക്ക് പണം തന്ന പുരോഹിതന്മാരുടെ മുന്നില്‍ വലിച്ചെറിഞ്ഞിട്ട് കെട്ടിതൂങ്ങിച്ചാവാന്‍ ശ്രമിച്ചു എങ്കിലും കയര്‍ പൊട്ടി നിലത്തേക്ക് വീണ് വയര്‍ മരക്കുറ്റിയില്‍ തറച്ച് കുടല്‍മാലകള്‍ പുറത്തേക്ക് തെറിച്ച് അതിദാരുണമായ അന്ത്യം അനുഭവിക്കേണ്ടിവന്ന യൂദാസിനെപോലെ ആത്മഹത്യ ചെയ്യാന്‍ നിനക്കുമിടയായല്ലോ???


നാര്‍ക്കോ സിഡിയിലെ ഉള്ളടക്കം നേരത്തെ തന്നെ പുറത്തുവന്നിരുന്നുവെങ്കിലും സെപ്‌റ്റംബര്‍ 14 ന് ആണ് നാര്‍ക്കോ അനാലിസിസില്‍ അവര്‍ പറഞ്ഞത് ദൃശ്യമാധ്യമങ്ങളിലൂടെ ജനങ്ങള്‍ കാണുന്നത്. ഇത്രയും നാള്‍ സഭയും കുഞ്ഞാടുകളും ആര്‍ക്കുവേണ്ടി നിലകൊണ്ടുവോ അവരുടെ വായില്‍ നിന്നു തന്നെ സത്യം എന്താണന്ന് ജനങ്ങള്‍ അറിഞ്ഞു കഴിഞ്ഞു. ഇനി എന്ന്തിനാണ് ആ ‘പ്രതികള്‍ക്കു’ വേണ്ടി വാദിക്കുന്നത്? സിസ്റ്റ്‌ര്‍ സെഫി നടത്തിയ വെളിപ്പെടുത്തല്‍ കേട്ടിട്ടും അവര്‍ ഉള്‍പ്പെട്ട സഭ എന്തുകൊണ്ട് മിണ്ടാതിരിക്കുന്നു.??





ക്രിസ്തീയ സഭകള്‍ക്ക് തന്നെ കളങ്കം ചാര്‍ത്തുന്ന ഇത്തരക്കാരെ സംരക്ഷിക്കാന്‍ ഒരു ക്രൈസ്തവ സഭയും മുന്നോട്ട് വരരുത്. ഇത്രയും കാലം സിസ്റ്റര്‍ അഭയയുടെ രക്തത്തിന്റെ നിലവിളിക്ക് നേരെ ചെവി കൊട്ടിയടച്ചവര്‍ ഇനിയെങ്കിലും കാതുതുറന്ന് ആ നിലവിളി കേള്‍ക്കണം.ഇനി ആ നിലവിളി കേള്‍ക്കേണ്ടത് നിങ്ങളാണ്. ആ നിലവിളിക്ക് ഉത്തരം നല്‍കേണ്ടത് രക്തത്തിന്റെ നിലവിളിക്ക് കാരണക്കാരായവരെ കണ്ണിന്റെ കൃഷ്ണമണിപോലെ കാത്തുകൊണ്ടവരാണ് .....


‘ദിവ്യഗര്‍ഭത്തിന് ഉടമയായ‘ പെണ്‍കുട്ടിയുടെ രക്തം കൊണ്ട് അരമന വെഞ്ചിരിപ്പ് നടത്തിയ തട്ടുങ്കല്‍ ബിഷപ്പിനെ ബിഷപ്പ് സ്ഥാനത്ത് നിന്ന് മാറ്റാന്‍ ആ സഭയ്ക്ക് കഴിഞ്ഞു എങ്കില്‍ ദൈവത്തീന്റെ മണവാട്ടിയായ ഒരു പെണ്‍കുട്ടിയുടെ രക്തം ചീന്തിയവരുടെ കുപ്പായം ഊരിവാങ്ങാന്‍ കഴിയില്ലേ? മഠത്തിന്റെ മതില്‍ ചാടിക്കടന്ന് ‘കുര്‍ബാന’ ചൊല്ലാന്‍ സെഫിയുടെ അടുത്തു ചെല്ലുന്ന കോട്ടൂരച്ചനും പൂതൃകയിലച്ചനും ദൈവത്തിന്റെ ബലിപീഠത്തില്‍ കുര്‍ബാന അര്‍പ്പിക്കാന്‍ യോഗ്യരാണോ???


ക്രിസ്തുപറയുന്നത് കേള്‍ക്കുക::
"എന്നാല്‍ ദാനിയേല്‍ പ്രവാചകന്‍ മുഖാന്തരം അരുളിചെയ്തതുപോലെ ശൂന്യമാകുന്ന മ്ലേച്ഛത വിശുദ്ധസ്ഥലത്ത് നിലക്കുന്നതു നിങ്ങള്‍ കാണുമ്പോള്‍ - വായിക്കുന്നവന്‍ ചിന്തിച്ചു കൊള്ളട്ടെ ..... (മത്തായി 24 :15) .


സഭയുടെ കാവലാളുകളേ... ദൈവത്തിന്റെ മണവാട്ടിയായ ഒരു പാവം പിടിച്ച പെണ്‍കുട്ടിയുടെ രക്തത്തിന്റെ നിലവിളി നിങ്ങള്‍ക്കിനിയും കേള്‍ക്കാന്‍ കഴിയുന്നില്ലേ? നിങ്ങളെക്കുറിച്ചാണോ യേശുതമ്പുരാന്‍ ഇങ്ങനെ പറയുന്നത് ... “ നീതിമാനായ ഹാബേലിന്റെ രക്തം മുതല്‍ നിങ്ങള്‍ മന്ദിരത്തിനും യാഗപീഠത്തിനും നടുവില്‍‌വെച്ചു കൊന്നവനായി ബെരെഖ്യാവിന്റെ മകനായ സെഖര്‍‌യ്യാവിന്റെ രക്തം വരെ ഭൂമിയില്‍ ചൊരിഞ്ഞ നീതിയുള്ള രക്തം എല്ലാം നിങ്ങളുടെ‌മേല്‍ വരേണ്ടതാകുന്നു. ഇതൊക്കയും ഈ തലമുറമേല്‍ വരും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോട് പറയുന്നു. ( മത്തായി 23 :35,36)


ഇനി എന്നാണ് ഭൂമിയില്‍ നിന്നുള്ള അഭയയുടെ രക്തത്തിന്റെ നിലവിളി പൂര്‍ണ്ണമായി അവസാനിക്കുന്നത് ?????