Friday, January 31, 2014

പീപ്പിളിലെ ബഡ്ജറ്റ് വാർത്തകളും ദൈവവും സീസറും

ജനുവരി 24 ആം തീയതി കെ.എം.മാണി ബഡ്ജറ്റ് അവതരിപ്പിച്ചപ്പോൾ ദൃശ്യമാധ്യമങ്ങൾ പാനൽ ചർച്ചകളോടെ ബഡ്ജറ്റ് വിശകലനങ്ങൾ ജനങ്ങളിൽ എത്തിക്കാൻ മത്സരിച്ചു. ബഡ്ജറ്റ് വിശകലനത്തിൽ പീപ്പിൾ ചാനലിന്റെ ബാക്ക് ഗ്രൗണ്ട് ശ്രദ്ധിച്ചോ?? ചിത്രം നോക്കുക.

ബഡ്ജറ്റും ദൈവവും സീസറും തമ്മിൽ ബന്ധമൊന്നും ഇല്ലങ്കിലും നികുതിയും 'ദൈവവും സീസറും' തമ്മിൽ ഒരു ബന്ധമുണ്ട്. ബഡ്ജറ്റിലെ നികുതി നിർദ്ദേശങ്ങളെ ഒന്നു 'ഉയർത്തി' കാണിക്കാൻ വേണ്ടി ആയിരിക്കണം 'ദൈവത്തിനും സീസറിനും' എന്ന വാക്കുകൾ ബാക്ക്ഗ്രൗണ്ടായി പിപ്പീൾ/കൈരളി ഉപയോഗിച്ചത്.സീസറിനുള്ളതു സീസറിനും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുക്കുക എന്ന ബൈബിൾ വാക്യമാണ് (കൈസർക്കുള്ളതു കൈസർക്കും ദൈവത്തിനുള്ളതു  ദൈവത്തിന്നും - ബൈബിൾ സൊസൈറ്റി പരിഭാഷ) (Give to Caesar what is Caesar's and to God what is God's.) 'ദൈവത്തിനും സീസറിനും' എന്നായി പീപ്പിളിൽ എത്തിയത്.

ബൈബിളിലെ ഈ വാക്യം നികുതിയുമായി ബന്ധപ്പെട്ടതാണ്. യേശുവിന്റെ അടുക്കൽ ചില ആളുകൾ എത്തിയിട്ട് രാജാവായ സീസർക്ക് നികുതി കൊടുക്കുന്നത് ശരിയാണോ?ഞങ്ങൾ നികുതി കൊടുക്കണോ അതോ കൊടുക്കാതിരിക്കണോ എന്ന് ചോദിച്ചു.അതിനു യേശു നൽകുന്ന ഉത്തരമാണ് "കൈസർക്കുള്ളതു കൈസർക്കും ദൈവത്തിനുള്ളതു  ദൈവത്തിന്നും കൊടുപ്പിൻ"
മർക്കോസിന്റെ സുവിശേഷത്തിലെ(മർക്കോസ് 12) ആ സംഭവം ഇങ്ങനെയാണ്. (മത്തായി 22,ലൂക്കോസ്20 എന്നീ സുവിശേഷങ്ങളിലും ഈസംഭവം പറഞ്ഞിടൂണ്ട്)



യേശു നൽകിയ നികുതിയെക്കുറിച്ച്::

യേശു ദേവാലയ നികുതി നൽകിയതിനെക്കുറിച്ച് ബൈബിളിൽ പറയുന്നുണ്ട് (മത്തായി 17)

യേശുവിനുമേലുള്ള കുറ്റാരോപണം

യഹൂദന്മാർ യേശുവിനെ പിടിച്ച് പീലാത്തോസിന്റെ അടുക്കൽ എത്തിച്ചിട്ട് പറയുന്ന കുറ്റാരോപണങ്ങളിൽ ഒന്ന് നികുതി നൽകരുതന്ന് യേശു പറഞ്ഞു എന്നുള്ളതാണ്. "കൈസർക്കു(സീസർക്ക്) കരം കൊടുക്കുന്നതു വിരോധിക്കയും ചെയ്യുന്നതായി ഞങ്ങൾ കണ്ടു എന്നു കുറ്റം ചുമത്തിത്തുടങ്ങി" (ലൂക്കോസ് 23:2)

സഭ/മത/സമുദായ സംഘടനകൾക്ക് എന്തെങ്കിലും പ്രത്യേക നികുതി ചുമത്തലോ ഇളവുകളോ ഇല്ലാതിരുന്നിട്ടൂം എന്തുകൊണ്ടായിരിക്കും പീപ്പിളിന്റെ(കൈരളിയുടെ)ബഡ്ജറ്റ് വാർത്തകൾക്ക് 'പിന്നിൽ' 'ദൈവവും സീസറും' എന്ന് കാണിച്ചത്???


#ബൈബിൾ സ്ക്രീൻഷോട്ട് പി.ഒ.സി ബൈബിളിൽ നിന്ന് 

Saturday, January 4, 2014

തെറ്റയിലിനെ കുടുക്കിയ താമാർ

സുപ്രീംകോടതി വിധിയിലെ സ്ത്രിയും ബൈബിളിലെ താമാറും

'മകനെ വിവാഹം കഴിക്കാനായി അച്ഛന് കീഴ്‌പ്പെട്ടെന്ന വാദം വിശ്വസിക്കാനാവില്ല. സാധാരണ മനുഷ്യസ്വഭാവമല്ലിത്. ഏത് സമൂഹത്തിലാണ് ഇതൊക്കെ നടക്കുകയെന്ന്' സുപ്രീം കോടതി ചോദിച്ചതവിടെ നിൽക്കട്ടെ. മകനെ വിവാഹം കഴിപ്പിച്ച് കൊടുക്കാത്തതിന് അയാളുടേ പിതാവിന് കെണിയൊരുക്കിയ ആളെ കുറിച്ച് വേദപുസ്തകത്തിൽ പറയുന്നുണ്ട്..... 

ബൈബിളിലെ ഉല്പത്തി പുസ്തകത്തിൽ ഒരു സംഭവം/കഥ പറയുന്നുണ്ട്.

യാക്കോബിന്റെ പന്ത്രണ്ട് മക്കളിൽ ഒരാളായ യെഹൂദാ തന്റെ സഹോദരന്മാരുടെ അടുത്തു നിന്നൊക്കെ മാറി മറ്റൊരു സ്ഥലത്ത് ചെന്നു വിവാഹം കഴിച്ചു താമസിക്കാൻ തുടങ്ങി. യെഹൂദയ്ക്ക് മൂന്നു ആണ്മക്കൾ ഉണ്ടായി-ഏർ,ഓനാൻ,ശേലാ. ഏറും താമാറും തമ്മിലുള്ള വിവാഹം കഴിഞ്ഞു. കുറച്ചുകാലം കഴിഞ്ഞപ്പോൾ ഏർ മരിച്ചു. ദേവരധർമ്മം അനുസരിച്ച് ഓനാൻ താമാറിനെ വിവാഹം കഴിച്ച് ജ്യേഷ്ഠന്റെ പേർക്കു കുട്ടികളെ ജനിപ്പിക്കണം. ഓനാൻ താമാറിനെ വിവാഹം കഴിച്ചെങ്കിലും ലൈഗീകബന്ധപ്പെടലിന്റെ അവസാന സമയത്ത് ഓനാൻ 'ജ്യേഷ്ഠന്നു സന്തതിയെ കൊടുക്കാതിരിക്കേണ്ടതിന്നു നിലത്തു വീഴ്ത്തിക്കളഞ്ഞു.'. താമാറുമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെടാൻ തയ്യാറായ ഓനാൻ ബീജം നിലത്തേക്ക് കളഞ്ഞു എന്ന കന്നംതിരിവ് കാണിച്ചത് ദൈവത്തിനു ഇഷ്ടപ്പെടാഞ്ഞതുകൊണ്ട് ഓനാനും മരിച്ചു. ഇനി ശേലാ താമാറിനെ വിവാഹം കഴിക്കണം. പക്ഷേ ശേലായ്ക്ക് വിവാഹ പ്രായം ആയിട്ടില്ല. യഹൂദ താമാറിന്റെ അടുത്ത് ചെന്ന് പറഞ്ഞു, ശേലായ്ക്ക് പ്രായം ആകുന്നതുവരെ നീ നിന്റെ വീട്ടിൽ ചെന്ന് വിധവയായി നിൽക്ക്. ശേലായ്ക്ക് പ്രായം ആയാൽ ഞാൻ അവനെക്കൊണ്ട് നിന്നെ കെട്ടിച്ചോളാം. അമ്മായിയപ്പന്റെ വാക്ക് വിശ്വസിച്ച് താമാർ അപ്പന്റെ വീട്ടിലേക്ക് പോയി....

വർഷങ്ങൾ കഴിഞ്ഞു. ശേലായ്ക്ക് കല്യാണപ്രായം ഒക്കെയായി. യഹൂദ താൻ പറഞ്ഞതൊക്കെ മറന്നു.ഇതിനിടയിൽ യഹൂദയുടെ ഭാര്യ മരിച്ചു. 

യഹൂദ തന്റെ സുഹൃത്തുമൊത്ത് തിമ്നെ എന്ന സ്ഥലത്തേക്ക് പോകുന്നതായി
താമാർ അറിഞ്ഞു.ശേലായെ തനിക്ക് വിവാഹം ചെയ്ത് തരാത്ത അമ്മായിയപ്പ്നു ഒരു പണി കൊടുക്കണം .അവൾ വൈധവ്യവസ്ത്രം മാറ്റിവെച്ചു, ഒരു മൂടുപടം മൂടി പുതെച്ചു തിമ്നെക്കു പോകുന്ന വഴിയിലുള്ള ഒരു ഗോപുരത്തിൽ ഇരുന്നു. ഗോപുരത്തിൽ  മൂടുപടം ഒക്കെ ഇട്ടിരുന്ന താമാറിനെ കണ്ടപ്പോൾ യഹൂദ വിചാരിച്ചു ഇതൊരു 'സെറ്റപ്പാ'യിരിക്കും. ഞാൻ നിന്റെ കൂടെ വരട്ടെ എന്ന് യഹൂദ ചോദിച്ചതും നീ എന്ത് തരും എന്ന് താമാർ ചോദിച്ചു. ഞാൻ ഒരു ആടിനെ കൊടുത്തയ്ക്കാം എന്ന് യഹൂദ പറഞ്ഞു. ആടിനെ കൊടുത്തയ്ക്കുന്നതുവരെ മുദ്രമോതിരവും മോതിരച്ചരടും നിന്റെ കയ്യിലെ വടിയും പണയമായി തരണമെന്ന് യഹൂദയോട് താമാർ പറഞ്ഞു. 'പൂശാന്‍ മുട്ടി നിന്ന'(കട:പ്ലസ്) യഹൂദ എല്ലാം സമ്മതിച്ച് പണയം കൊടുത്തു. പണി കഴിഞ്ഞ് യഹൂദ യഹൂദയുടെ വഴിക്കും താമാർ വൈധവ്യവസ്ത്രം ധരിച്ച് അവളുടെ വീട്ടിലും പോയി,

യഹൂദ ആടിനെ കൊടുത്ത് പണയം വാങ്ങാൻ ആളെവിട്ടെങ്കിലും വേശ്യയെ കണ്ടത്താൻ കഴിഞ്ഞില്ല.പണയം തിരികെ വാങ്ങാൻ പോയവൻ അവിടൊന്നും വേശ്യയില്ലന്ന് നാട്ടുകാർ പറഞ്ഞതായി യഹൂദയെ അറിയിച്ചു. ഇനി കൂടുതലൊന്നും അന്വേഷിക്കെണ്ട നമുക്ക് അപകീർത്തി ഉണ്ടാകാതിരിക്കാൻ അവൾ ആ പണയം എടുത്തോട്ടെ എന്ന് പറഞ്ഞ് യഹൂദ ആ വിഷയം അവസാനിപ്പിച്ചു.

കുറെ നാൾ കഴിഞ്ഞപ്പോൾ അതാ ഞെട്ടിക്കുന്ന വാർത്ത, താമാർ 'വേലിചാടി' ഗർഭിണീയായിരിക്കുന്നു. അവളെ തീ വെച്ച് കൊല്ലണം എന്ന് പറഞ്ഞ് യഹൂദ ചാടിയിറങ്ങി. വിചാരണ നടക്കുന്നതിനു മുമ്പ് താമാർ പഴയ പണയം യഹൂദയ്ക്ക് കൊടുത്തു വിട്ടിട്ട് പറഞ്ഞു, എന്റെ ഗർഭത്തിനു ഉത്തരവാദി ഈ മോതിരത്തിന്റെ ഉടമസ്ഥനാണ്.
{കഥ തുടരുന്നു....ഉല്പത്തി 38 നോക്കുക}

ഇനി നമുക്ക് വർത്തമാനകാലത്തേക്ക് വരാം...
ഇപ്പോഴായിരുന്നു താമാറും യഹൂദയും ജീവിച്ചിരുന്നെങ്കിൽ എന്തായിരിക്കും സംഭവിക്കൂന്നത്?

മകനെ വിവാഹം കഴിച്ച് തരാം എന്ന് യഹൂദ പറയുന്നു. പക്ഷേ യഹൂദ അത് ചെയ്യുന്നില്ല. താമാർ തന്റെ ഫ്ലാറ്റിൽ ഹിഡൻ ക്യാമറയൊക്കെ ഫ്ലവർവെയ്സിലും ഫാനിലും കർട്ടനിലും ഒക്കെ വെച്ചിട്ട് യഹൂദയെ വിളിച്ചു വരുത്തുന്നു. യഹൂദ വന്ന് കെണിയിൽ ചാടൂന്നു. താമാർ 'സംഭവം' സിഡിയിലാക്കുന്നു. മകനെകൊണ്ട് എന്നെ കെട്ടിക്കൂക എന്ന് യഹൂദയെ വിളിച്ച് പറയുന്നു. എനിക്കതിനു സൗകര്യം ഇല്ലന്ന് യഹൂദ പറയുന്നു. ഉടനെ താമാർ സിഡി സാബുവിനെ ഏൽപ്പിക്കുന്നു. സാബു ആ സിഡി ചാനലുകാർക്ക് വിതരണം ചെയ്യുന്നു....
എന്നെ പീഡിപ്പിച്ചേ വഞ്ചിച്ചേ എന്ന് പറഞ്ഞ് താമാർ കോടതിയിൽ പോകുന്നു. ഇത് പീഡനം അല്ല കെണിയാണ് എന്ന് കോടതി പറയുന്നു.

മകനെ വിവാഹം കഴിപ്പിച്ച് കൊടുക്കാം എന്ന വാക്ക് വിഴുങ്ങിയതിനു താമാറിന്റെ 'കെണിയിൽ' മുദ്രമോതിരത്തിൽ കുടുങ്ങിയ പഴയ യഹുദ. വർത്തമാനകാലത്തിൽ തെറ്റിപ്പോയി സിഡിയിൽ 
കുടുങ്ങിയവർക്ക്  കാലം വിധി നൽകട്ടെ.........

“നിങ്ങളിൽ പാപമില്ലാത്തവൻ അവളെ ഒന്നാമതു കല്ലു എറിയട്ടെ” (യോഹന്നാൻ 8:7). {അവളെ മാത്രമല്ല അവനെയും}

*********************************************

ബൈബളിലെ ഹാഗാർ ചെയ്തത് ശരിയോ??

ഈ ചോദ്യത്തിനുത്തരം ലഭിക്കുന്നതിനു മുമ്പ് ചില കാര്യങ്ങൾ അറിയണം

എന്താണ് ദേവരധർമ്മം/ദേവര വിവാഹം?
സഹോദരന്മാർ ഒന്നിച്ചു പാർക്കുമ്പോൾ അവരിൽ ഒരുത്തൻ മകനില്ലാതെ മരിച്ചുപോയാൽ മരിച്ചവന്റെ ഭാര്യ പുറത്തുള്ള ഒരുത്തന്നു ആകരുതു; ഭർത്താവിന്റെ സഹോദരൻ അവളുടെ അടുക്കൽ ചെന്നു അവളെ ഭാര്യയായി പരിഗ്രഹിച്ചു അവളോടു ദേവരധർമ്മം നിവർത്തിക്കേണം. മരിച്ചുപോയ സഹോദരന്റെ പേർ യിസ്രായേലിൽ മാഞ്ഞു പോകാതിരിക്കേണ്ടതിന്നു അവൾ പ്രസവിക്കുന്ന ആദ്യജാതനെ അവന്റെ പേർക്കു കണക്കു കൂട്ടേണം. (ആവർത്തനം 25:5-6)

ദേവർധർമ്മത്തില്/വിവാഹത്തിൽ നിന്ന് പിന്മാറാൻ ഭർത്താവിന്റെ സഹോദരനു കഴിയുമോ?
കഴിയും.
സഹോദരന്റെ ഭാര്യയെ പരിഗ്രഹിപ്പാൻ അവന്നു മനസ്സില്ലെങ്കിൽ അവൾ പട്ടണവാതിൽക്കൽ മൂപ്പന്മാരുടെ അടുക്കൽ ചെന്നു: എന്റെ ദേവരന്നു തന്റെ സഹോദരന്റെ പേർ യിസ്രായേലിൽ നിലനിർത്തുവാൻ ഇഷ്ടമില്ല; എന്നോടു ദേവര ധർമ്മം നിവർത്തിപ്പാൻ അവന്നു മനസ്സില്ല എന്നു പറയേണം.അപ്പോൾ അവന്റെ പട്ടണത്തിലെ മൂപ്പന്മാർ അവനെ വിളിപ്പിച്ചു അവനോടു സംസാരിക്കേണം; എന്നാൽ ഇവളെ പരിഗ്രഹിപ്പാൻ എനിക്കു മനസ്സില്ല എന്നു അവൻ  ഖണ്ഡിച്ചുപറഞ്ഞാൽ അവന്റെ സഹോദരന്റെ ഭാര്യ മൂപ്പന്മാർ കാൺകെ അവന്റെ അടുക്കൽ ചെന്നു അവന്റെ കാലിൽനിന്നു ചെരിപ്പു അഴിച്ചു അവന്റെ മുഖത്തു തുപ്പി: സഹോദരന്റെ വീടു പണിയാത്ത പുരുഷനോടു ഇങ്ങനെ ചെയ്യുമെന്നു പ്രത്യുത്തരം പറയേണം. (ആവർത്തനം 7-9)

ഹാഗർ എന്തിനു യെഹൂദായ്ക്ക് കെണിയൊരുക്കി?
മകനെ(ശേലായെ) വിവാഹം ചെയ്ത് നൽകാം എന്ന് പറഞ്ഞാണ് യെഹൂദ താമാറിനെ അവളുടെ വീട്ടിലേക്ക് തിരിച്ചയിക്കുന്നത്. പക്ഷേ ശേലായ്ക്ക് വിവാഹപ്രായം എത്തിയിട്ടൂം യഹൂദ ആ വാക്ക് പാലിച്ചില്ല. താമാറിനെ ഒഴിവാക്കണം എന്നു കരുതിതന്നെയായിരിക്കണം യഹൂദ താമാറിനെ അവളുടെ വീട്ടിൽ പറഞ്ഞ് വിട്ടത്. മകനെ വിവാഹം കഴിപ്പിച്ച് കൊടുക്കാം എന്ന് വാക്ക് നൽകിയിരുന്നില്ലങ്കിൽ താമാറിനു മറ്റൊരു വിവാഹം കഴിക്കാമായിരുന്നു. {ഭർത്താവു ജീവിച്ചിരിക്കുമ്പോൾ അവൾ വേറെ പുരുഷന്നു ആയാൽ വ്യഭിചാരിണി എന്നു പേർവരും; ഭർത്താവു മരിച്ചു എങ്കിലോ അവൾ വേറെ പുരുഷന്നു ആയാൽ വ്യഭിചാരിണി എന്നു വരാതവണ്ണം ന്യായപ്രമാണത്തിൽനിന്നു സ്വതന്ത്രയാകുന്നു. (റോമർ 7:3) }

അപ്പായിയപ്പനായ യഹൂദ തന്നോട് ചെയ്തത് വലിയ ചതിയായിരുന്നു എന്ന് താമാറിനു തോന്നിക്കാണണം. അതുകൊണ്ട്തന്നെ അവൾ യഹൂദയ്ക്ക് ഒരു പണി കൊടുക്കാൻ കാത്തിരുന്നു. മുഖം മറച്ച് വേശ്യ സ്ത്രിയായി അഭിനയിച്ച്  യഹൂദ പോകുന്ന വഴിയിൽ 'കെണീയൊരുക്കി' താമാർ കാത്തിരുന്നു. ആ കെണിയിൽ യഹൂദ വീഴുകയും ചെയ്തു. യഹൂദയുടെ കൈയ്യിൽ നിന്ന് മുദ്രമോതിരവും മോതിരച്ചരടും കയ്യിലെ വടിയും പണയമായി വാങ്ങിക്കൂകയും ചെയ്ത് കുരുക്ക് മുറുക്കി.  മകനെ വിവാഹം കഴിച്ച് നൽകാതെ തന്നെ ചതിച്ച യഹൂദയെ തന്റെ ഗതികേടുകൊണ്ട് മറ്റൊരു ചതിയിലൂടെ തമാർ പകരം വീട്ടുന്നു. താമാറിന്റെ കണ്ണിലൂടെ നോക്കുമ്പോൾ അവൾ ചെയ്തത് ശരിതന്നെയാണ്. താമാറാണ് ശരിയന്ന് യഹൂദയ്ക്കും മനസിലാകുന്നു. താമാർ കൊടുത്തുവിടൂന്ന മോതിരവും മോതിരച്ചരടും തിരിച്ചറിഞ്ഞ യഹൂദ പറഞ്ഞു, അവൾ എന്നിലും നീതിയുള്ളവൾ; ഞാൻ അവളെ എന്റെ മകൻ ശേലാവിന്നു കൊടുത്തില്ല എന്നു പറഞ്ഞു; അതിൽ പിന്നെ അവളെ പരിഗ്രഹിച്ചതുമില്ല. (ഉല്പത്തി 38:26)

വർത്തമാനകാല താമാറിനു പിഴച്ചതെവിടെ?
03-01-2014 ലെ മാതൃഭൂമി വാർത്ത വായിച്ചു നോക്കുക....

*****************
ദേവര വിവാഹം- Levirate marriage :: വിക്കി ലിങ്ക്