Sunday, October 27, 2013

ഉള്ളി വാർത്തകൾ


ദേശീയ വാർത്തകൾ

യുവതിയെ തട്ടിക്കൊണ്ടുപോയി
ന്യൂഡൽഹി : ചന്തയിൽ നിന്ന് ഉള്ളിവാങ്ങിപ്പോവുകയായിരുന്ന യുവതിയെ തട്ടിക്കൊണ്ട്പോയതായി പരാതി. യുവതിയെ ന്യൂഡൽഹി റയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് പോലീസ് കണ്ടെത്തി. ചന്തയിൽ നിന്ന് അഞ്ചുകിലോ സവോളവാങ്ങി വീട്ടിലേക്ക് പോവുകയായിരുന്ന യുവതിക്ക് ലിഫ്റ്റ് നൽകാം എന്ന് പറഞ്ഞ് കാറിൽ എത്തിയവർ യുവതിയെ കാറിൽ കയറ്റി കൊണ്ടുപോയത്. യുവതിയും കുടൂംബവും നേരത്തെ താമസിച്ച സ്ഥലത്തിന് അടൂത്തുള്ള ആളാണ് യുവതിയെ കാറിൽ വിളിച്ച് കയറ്റിയത്. കാറിൽ കയറിയ ഉടനെ യുവതിയെ കത്തികാട്ടി ഭീക്ഷ്ണിപ്പെടൂത്തി സവോളവാന്ങിയിട്ട് റയിൽവേസ്റ്റേഷന്റെ പുറകിൽ ഇറക്കി വിടുകായിരുന്നു. സ്ത്രികൾ ഇനിമുതൽ ഉള്ളിവാങ്ങിയാത്രചെയ്യുമ്പോൾ ശ്രദ്ധിക്കണമെന്നും കഴിവതും ഉള്ളിയുമായി ഒറ്റയ്ക്ക് യാത്രചെയ്യരുതെന്നും പോലീസ് അഭ്യർത്ഥിച്ചു.

ഉള്ളി കൊള്ള : പോലീസ് അന്വേഷ്ണം വ്യാപിപ്പിക്കുന്നു
യു.പി: ആഗ്ര-ഡൽഹി ഹൈവേയിൽ നിന്ന് ഉള്ളി കൊണ്ടുപോകുന്ന രണ്ട് ട്രക്കുകൾ തട്ടിയെടൂത്തവരെ പിടികൂടാൻ പോലീസ് അന്വേഷ്ണം ഇന്ത്യ ഒട്ടാകെ വ്യാപിപ്പിക്കുന്നു. കഴിഞ്ഞ ദിവസമാണ് ട്രക്കുകൾ തടഞ്ഞ് ഡ്രൈവർമാരെ തോക്കു ചൂണ്ടി ഭീക്ഷ്ണിപ്പെടുത്തി ഉള്ളി ട്രക്കുകൾ തട്ടിയെടുത്തത്. ഉള്ളി ട്രക്കുകളും പാൽ വാനുകളും തട്ടിക്കൊണ്ട് പോകുന്നതും കൊള്ളയടിക്കുന്നതും നിത്യ സംഭവമായി മാറിയിരിക്കുകയാണ്. കൊള്ളക്കാരെ കണ്ടാലുടനെ വെടിവെക്കാൻ പോലീസിനു നിർദ്ദേശം നൽകിയിട്ടുണ്ട്. ഉള്ളി ട്രക്കുകൾക്ക് സായുധ പോലീസിന്റെ അകമ്പടി നൽകാനും സർക്കാർ തലത്തിൽ തീീരുമാനമായിട്ടുണ്ട്.

കേരള വാർത്തകൾ

വിവാഹതലേന്ന് സവോളയുമായി യുവതി മുങ്ങി
മിത്രപുരം:: ഇന്ന് വിവാഹം നിശ്ചയിച്ചിരുന്ന യുവതി സവോളയുമായി കാമുകനോടൊത്ത് മുങ്ങി. മിത്രപുരം വില്ലേജിൽ മിത്രന്റെ മകൾ മിത്രാകുമാരിയാണ് വിവാഹതലേന്ന് വിവാഹസദ്യയ്ക്ക് സൂക്ഷിച്ചിരുന്ന മുപ്പതുകിലോ സവോളയുമായി മിത്രപുരം സ്വദേശിയുമായി മുങ്ങിയത്. ഇവരെ പോലീസ് അന്വേഷിക്കുന്നുണ്ട്. 

ഉള്ളിവടയിൽ ഉള്ളി:തോമാചേട്ടന് അഭിനന്ദന പ്രവാഹം
എറണാകുളം :: മറൗൻഡ്രൈവിൽ പലഹാരകച്ചവടം നടത്തുന്ന തോമാചേട്ടന് തനിക്ക് കിട്ടുന്ന അഭിനന്ദനങ്ങളിൽ മതിമറക്കാതെ ഉള്ളിവട ഉണ്ടാക്കുന്നു. ഇന്ന് വൈകിട്ട് എറണാകുളം പൗരാവലിയുടെ നേതൃത്വത്തിൽ കലൂർ സ്റ്റേഡിയപരിസരത്തിൽ തോമാചേട്ടന് സ്വീകരണം നൽകുന്നുണ്ട്. രാഷ്ട്രീയ സാമൂഹിക മത വ്യവസായ പ്രമുഖർ സ്വീകരണ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കോർപ്പറെഷൻ ജില്ലാ അധികാരികളുടെ നേതൃത്വത്തിൽ ഫുഡ് സ്വേഫ്റ്റി കമ്മീഷൻ അംഗങ്ങൾ നടത്തിയ പരിശോധനയിൽ തോമാചേട്ടന്റെ കടയിലെ എല്ലാ ഉള്ളിവടയിലും ഉള്ളികഷ്ണങ്ങൾ കണ്ടെത്തിയ വാർത്ത പുറത്തുവന്നതോടെയോണ് തോമാചേട്ടൻ വാർത്തയായത്. ഇന്ത്യയിലെ എല്ലാ ദേശിയ മാധ്യമങ്ങളും ഇത് വാർത്തയാക്കിയതോടെ തോമാചേട്ടനു നാടിന്റെ വിവിധഭാഗങ്ങളിൽ നിന്ന് അഭിനന്ദന പ്രവാഹമായിരുന്നു. പല പ്രവാസിമലയാളികളും തന്നെ വിളിച്ചു എന്നും അവർക്കൊക്കെ ഉള്ളിവട അയച്ചുനൽകണമെന്ന് പറഞ്ഞുവെന്നും തോമാചേട്ടൻ പറഞ്ഞു. 

ഓട്ടോയിൽ യാത്രക്കാരൻ മറന്ന ഉള്ളി തിരിച്ചു നൽകി യുവാവ് മാതൃകയായി
കോട്ടയം : കോട്ടയം ചന്തയിൽ നിന്ന് ഉള്ളിവാങ്ങി ഓട്ടോയിൽ യാത്രചെയ്ത യാത്രക്കാരൻ ഓട്ടോയിൽ മറന്നുവെച്ച എട്ടുകിലോ ഉള്ളി യാത്രക്കാരനെ തിരക്കികണ്ടുപിടിച്ച് നൽകി യുവാവ് മാതൃകയായി. ഉള്ളി നഷ്ടപ്പെട്ട വിഷമത്തിൽ വീട്ടിലെത്തി ആരോടും സംസാരിക്കാതെ കട്ടിലിൽ കയറിക്കിടന്ന ഗൃഹനാഥൻ ഉള്ളി തിരിച്ചു കിട്ടീയ സന്തോഷത്തിൽ ബോധം കെട്ട് വീണു. ഇന്നലെ ഉച്ചയ്ക്കാണ് കോട്ടയം ചന്തയിൽ നിന്ന് ഉള്ളിവാങ്ങി കൊച്ചാപ്പി ഓട്ടോയിൽ തിരുനക്കരവരെ വന്നത്. സാധനങ്ങൾ എടുക്കുന്ന കൂട്ടത്തിൽ അഞ്ചുകിലോ സവോളയും മൂന്നു കിലോ ചുവന്നുള്ളിയും ഓട്ടോയിൽ നിന്ന് എടുക്കാൻ കൊച്ചാപ്പി മറന്നു. കൊച്ചാപ്പിയെ ഇറക്കിയതിനു ശേഷം തിരികെ സ്റ്റാൻഡിൽ വന്നപ്പോഴാണ് ഓട്ടോ ഡ്രൈവർ ഓട്ടോയിലിരിക്കുന്ന ഉള്ളി കണ്ടത്. ഉടന്തന്നെ തിരുനക്കരയിൽ എത്തിയങ്കിലും കൊച്ചാപ്പി ബസിൽ കയറി പോയിരുന്നു. ഡ്രൈവർ പോലീസിൽ വിവരം അറിയിച്ചതിനെതുടർന്ന് പോലീസ് ഉള്ളിയുടെ ഉടമസ്ഥനെ തേടി ഇറങ്ങി. മൂന്നു മണിക്കൂറിനു ശേഷം കൊച്ചാപ്പിയെ കണ്ടത്തി ഡ്രൈവർ ഉള്ളി കൊച്ചാപ്പിക്ക് തിരികെ നൽകി. സത്യസന്ധരായ ഓട്ടോഡ്രൈവർമാർ ഇപ്പോഴും ഉണ്ടന്നുള്ളതിനു തെളിവാണ് ഈ സംഭവം എന്ന് പോലീസുകാർ ചൂണ്ടികാണിക്കുന്നു.

സ്ത്രിധനത്തിൽ മൂന്നുകിലോ ഉള്ളിയുടെ കുറവ്:യുവതിയുടെ വിവാഹം മുടങ്ങി
സ്ത്രിധനത്തിൽ മൂന്നുകിലോ ഉള്ളിയുടെ കുറവ് കണ്ടതിനെതുടർന്ന് വിവാഹമണ്ഡപത്തിൽ യുവാവ് എത്താത്തതിനെ തുടർന്ന് നിശ്ചയിച്ച വിവാഹം മുടങ്ങി. യുവതിയുടെയും ബന്ധുക്കളുടെയും പരാതിയെ തുടർന്ന് യുവാവിനും മാതാപിതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. സ്ത്രിധനമായി ഇരുപതുകിലോ സവോള വിവാഹത്തിനു മുമ്പ് നൽകാമെന്ന് യുവതിയുടെ ബന്ധുക്കൾ യുവാവിന്റെ വീട്ടുകാർക്ക് ഉറപ്പ് നൽകിയിരുന്നത്രെ. വിവാഹതലേന്ന് പതിനേഴ്കിലോ സവോളമാത്രമേ നൽകിയുള്ളൂ എന്ന് പറഞ്ഞാണ് യുവാവും ബന്ധുക്കളും വിവാഹത്തിൽ നിന്ന് പിന്മാറിയത്.

ഉള്ളിപ്പാടം തട്ടിപ്പ് : സംഗീത അറസ്റ്റിൽ
തിരുവനന്തപുരം: മഹാരാഷ്ട്രയിൽ ഉള്ളിപ്പാടം നൽകാം എന്ന് പറഞ്ഞ് ഒന്നരക്കോടി രൂപ തട്ടിയെടുത്തു എന്നുള്ള പരാതിയിൽ സംഗീതയെ പോലീസ് അറസ്റ്റ് ചെയ്തു. മണൽ വ്യവസായി ശശീധരന്റെ പരാതിയിന്മേലാണ് അറസ്റ്റ്. പത്തേക്കർ ഉള്ളിപ്പാടം നൽകാം എന്ന് പറഞ്ഞാണ് പണംവാങ്ങിയതന്ന് പരാതിക്കാരൻ പരാതിയിൽ പറയുന്നു .അന്വേഷ്ണത്തിൽ പോലീസ് വീഴ്ച വരുത്തുന്നു എന്ന് ആരോപിച്ച് പ്രതിപക്ഷം ഉപരോധമടക്കമുള്ള സമരമാർഗങ്ങളിലേക്ക് തിരിയുമെന്ന് ചില നേതാക്കൾ സൂചന നൽകി.

മറ്റൊരു തട്ടിപ്പ് കേസിൽ, ഉള്ളിക്കുരുവാണന്ന് പറഞ്ഞ് വെണ്ടയരിയും പഞ്ഞിയരിയും നൽകിയ സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആയിരം രൂപയ്ക്ക് ഒരുകവർ വെണ്ടയരിയും പഞ്ഞിയരിയും ആണ് തട്ടിപ്പ് നടത്തിയവർ തട്ടിപ്പിന് ഇരയായവർക്ക് നൽകിയത്.ഡോക്ടർ , എഞ്ചിനീയർ, മറ്റ് പ്രഫഷ്ണലുകൾ തുടങ്ങിയവർ ആണ് തട്ടിപ്പിനു ഇരയായത്. പലരും നാണക്കേട് ഓർത്ത് പരാതിയുമായി പോലീസിനെ സമീപിച്ചിട്ടില്ല. 

ബിസ്‌നസ് വാർത്തകൾ

ഉള്ളി വായ്പയുമായി ബാങ്കുകൾ
മുംബൈ :: ഉള്ളിവാങ്ങാനായി വായ്പ നൽകാൻ ബാങ്കുകൾ തീരുമാനിച്ചു. 10 മുതൽ 15 ശതമാനം വരെ പലിശ ആണ് വിവിധബാങ്കുകൾ ഈടാക്കുന്നത്. ഉള്ളി വാങ്ങാൻ വായ്പ നൽകുന്നു എന്നറിഞ്ഞതോടെ ആളുകൾ ബാങ്കുകൾക്ക് മുമ്പിൽ ക്യു നിൽക്കുകയാണ്. ഉള്ളി വായ്പ വാർത്തകൾ പുറത്തുവന്നതോടെ ബാങ്ക് ഓഹരികളുടെ മൂല്യവും വിപണിയിൽ വർദ്ധിച്ചിട്ടുണ്ട്.

ഉള്ളിയുമായി വാഹനനിർമ്മാതാക്കളുംഡീലർമാരും
ഗുഡ്ഗാവ് :: വിവിധ വാഹന ഉത്പാദകർ തങ്ങളുടെ വാഹനവില്പനയ്ക്കായി സൗജന്യ ഉള്ളി വിതരണവും നടത്തുന്നു. അഞ്ചുലക്ഷം രൂപവരെ വിലയുള്ള വാഹനങ്ങൾക്ക് വാഹനത്തോടൊപ്പം അഞ്ചുകിലോ ഉള്ളിയാണ് വാഹനനിർമ്മാതാക്കള് നൽകുന്നത്. ഡീലർമാരും ഇതോടൊപ്പം ഓരോകിലോ സവോള നൽകുന്നുണ്ട്. ചില വാഹന നിർമ്മാതാക്കൾ സൗജന്യ ഇൻഷുറൻസിനോടൊപ്പം ഒരു വർഷത്തേക്ക് ഓരോമാസവും സൗജന്യമായി ഓരോകിലോ ഉള്ളിയും പുതിയ ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്.

ബാങ്ക് ലോക്കർ ഫെസിലിറ്റിയുമായി ബാങ്കുകൾ
തങ്ങളുടെ കസ്റ്റമേഴ്സിനായി ബാങ്കുകൾ ശീതികരണ സംവിധാനമുള്ള ലോക്കർ ലഭ്യമാക്കുന്നു. സവോള സൂക്ഷിക്കാനാണ് ബാങ്കുകൾ ശീതികരണ സംവിധാനമുള്ള ലോക്കറുകൾ നൽകുന്നത്. ഒരു ലോക്കറിൽ പത്തുകിലോ സവോളവരെ സൂക്ഷിക്കാനുള്ള സംവിധാനം ഉണ്ടായിരിക്കും. മാസവാടകയായിരിക്കും ഇതിന് ഈടാക്കുക.

കാർഷിക വാർത്തകൾ

ബാർട്ടർ സമ്പ്രദായവുമായി കർഷകർ
തെക്കൻ കെരളം : റബറിന്റെ വിലയിടിയുകയും റബർ കച്ചവടക്കാർ റബർവാങ്ങാതെ കടകൾ അടയ്ക്കുകയും ചെയ്തതോടെ റബർ കർഷകർ പുതിയ മാർഗങ്ങൾ തേടുന്നു.റബർ നൽകി ഉള്ളിവാന്ങാനുള്ള ശ്രമങ്ങൾ ആണ് ചില കർഷകർ നടത്തുന്നത്. ഉള്ളി വ്യാപാരികളുമായി നടത്തിയ ചർച്ചകൾ വിജയമായിരുന്നു എന്നാണ് സൂചന. ഒരുകിലോ റബർ ഷീറ്റിന് ഒന്നരക്കിലോ സവോളവരെ നൽകാമെന്നാണ് ഉള്ളിവ്യാപാരികൾ അറിയിച്ചിരിക്കുന്നത്.

പത്ത് വർഷത്തിനു ശേഷമുള്ള ചില വാർത്തകൾ

ഉള്ളി ഇറക്കുമതിയിൽ 400 കോടിയുടെ അഴിമതിയെന്ന് സിഎജി റിപ്പോർട്ട്

500 കോടിയിൽ കൂടതലുള്ള തുകയേ അഴിമതിയുടെ നിർവചനത്തിൽ പെടൂ എന്ന് രാഷ്ട്രീയ പാർട്ടികൾ

ഉള്ളി കുംഭകോണം : അന്വേഷ്ണത്തിൽ നിന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസിനെ ഒഴിവാക്കി.

ഉള്ളിക്ക് വിലത്തകർച്ച :പത്ത് കർഷകർ കൂടി ആത്മഹത്യ ചെയ്തു.

ഉള്ളിപ്പാടം തട്ടിപ്പ് സംഗീതയെ കോടതി വെറുതെ വിട്ടു

ഉള്ളിവായ്പയ്ക്ക് ഈടാക്കുന്ന പലിശ ഉപേക്ഷിക്കണമെന്ന് ബാങ്കുകളോട് സർക്കാർ

5 comments:

പുസ്തകപുഴു said...

ഉള്ളി കരയിക്കുന്ന ഈ കാലത്ത് നര്മ്മം കലര്ന്ന ഈ കുറിപ്പ് വളരെ ആസ്വാദ്യകരമായി .

Philip Verghese 'Ariel' said...

ഷിബു ഉള്ളി വാർത്തകൾ വായിച്ചു കണ്ണ് നിറഞ്ഞു എന്നു പറഞ്ഞാൽ മതി !!!
ഒപ്പം ചിരിക്കും വക നൽകുന്ന സംഭവങ്ങൾ വളരെ നന്നായി പറഞ്ഞു.
ഇക്കണക്കിനു പോയാൽ ഉള്ളി നമുക്ക് അന്യം നിന്നു പോകും എന്ന് തോന്നുന്നു.
ഈ മഹാനായ ഉള്ളിയുടെ ഗുണവിശേഷങ്ങളെപ്പറ്റി ഒപ്പം അറിഞ്ഞിരിക്കേണ്ട മറ്റു ചില വസ്തുതകളെപ്പറ്റിയും അടുത്തിടെ തരംഗിണി മാസികയിൽ ഞാൻ എഴുതിയ ഒരു കുറിപ്പ് ഇതോടു ചേർത്തു വായിക്കുക ഉള്ളിയെക്കുറിച്ച് ചില ഉള്ളകാര്യങ്ങൾ
ആശംസകൾ

ajith said...

സര്‍ക്കാര് വീഴുമോ?

ബഷീർ said...

ഉള്ളിയുടെ ഉള്ളുകള്ളികൾ.. .. കൊള്ളാം :)

റോസാപ്പൂക്കള്‍ said...

ഈ ഉള്ളിയുടെ ഒരു കാര്യം. ആളുകളെ മൊത്തം കണ്ണെരിയിപ്പിക്കുന്നു
:)