Thursday, August 20, 2009

BSNL സെര്‍വര്‍ ഡൌണായി:: കസ്റ്റ്മര്‍ കെയര്‍ അനുഭവം

BSNL സെര്‍വര്‍ മൂന്നു ദിവസമായി ചെറിയ പണിമുടക്കിലാണ്.

ഒരു മാചിക് വൌച്ചര്‍ ചാര്‍ജ് ചെയ്യാന്‍ ഇന്നലെ മുതല്‍ (അഗസ്റ്റ് 19) നോക്കിയിട്ട് ഒരു രക്ഷയും ഇല്ല. അവസാനം 9400024365 എന്ന കസ്റ്റമര്‍ കെയറിലോട്ട് വിളിച്ചു. പടപേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ അവിടെ പന്തം കൊളുത്തി പട എന്നു പറഞ്ഞതുപോലെയായി കാര്യങ്ങള്‍. ഒന്നില്‍ ഞെക്ക് രണ്ടില്‍ ഞെക്ക് മൂന്നില്‍ ഞെക്ക് എന്നോകെ പറഞ്ഞ് ഒന്നു ഞെക്കി. വീണ്ടും ഒന്നു മുതല്‍ അഞ്ചുവരെ പറഞ്ഞിട്ട് വീണ്ടും ഞെക്കാ‍ന്‍ . വീണ്ടും ഞെക്കി. മാചിക് വൌച്ചറിനെക്കുറിച്ച് ഒരു സ്റ്റ്ഡിക്ലാസ് എടുത്ത തന്നതിനുശേഷമാണ് കമ്പ്യൂട്ടര്‍ ചേച്ചി കസ്റ്റമര്‍ ചേച്ചിക്ക് ഫോണ്‍ കൈമാറിയത്. കസ്റ്റമര്‍ സെന്റ്റിലെ ചേച്ചിയോട് പരാതി ഉണര്‍ത്തിച്ചു. നമ്മുടെ പരാതിയുടെ ദൈന്യത കേട്ടറിഞ്ഞിട്ടാവണം ചേച്ചി സത്യം പറഞ്ഞു. മൂന്നു ദിവസമായി സെര്‍വറിനു ചെറിയ പ്രശ്നമുണ്ട്.( സെര്‍വറിനും പന്നിപ്പനിയോ???). ഇന്നു വൈകിട്ടോടെ ശരിയാകും എന്ന് ചേച്ചി ആശ്വസിപ്പിച്ചു. മാജിക് വൌച്ചറിന്റെ സീരിയല്‍ നമ്പര്‍ വാങ്ങിയിട്ട് ചേച്ചി പറഞ്ഞു “ആറുമണിക്കൂറിനകം ശരിയാകും“.

ആശ്വാസം കൊള്ളുമ്പോള്‍ ചേച്ചിയുടെ അടുത്ത ചോദ്യം തങ്ങളുടെ സര്‍വ്വീസിനെക്കുറിച്ച് മറ്റെന്തെങ്കിലും അറിയണോ?

ഞാനൊരു നിമിഷം സ്റ്റക്കായി. ഞാന്‍ ബി.എസ്.എന്‍.എല്‍. കസ്റ്റമര്‍ കെയറിലേക്ക് തന്നെയല്ലേ വിളിച്ചത്.?? ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലെ കസ്റ്റമര്‍ കെയറില്‍ ജോലി ചെയ്യുന്ന ആള്‍ക്ക് ഇത്രയും താഴ്‌മയോ??? സാധാരണ ഏതെങ്കിലും സര്‍ക്കാര്‍ സ്ഥാപനത്തിലോട്ട് വിളിച്ചാല്‍ ഫോണെടുത്താല്‍ തന്നെ ഭാഗ്യം. എന്തെങ്കിലും ചോദിച്ചാല്‍ “നീ ആരാടാ ചോദ്യങ്ങള്‍ ചോദിക്കാന്‍“ എന്ന മട്ടിലായിരിക്കും ഉത്തരങ്ങള്‍.

“ഒന്നും അറിയേണ്ട എന്ന് “ ഞാന്‍ പറഞ്ഞു. അപ്പോള്‍ അപ്പുറത്തുനിന്നു അടുത്ത ഞെട്ടിക്കല്‍.

“താങ്കള്‍ക്ക് ശുഭദിനം ആശംസിക്കുന്നു.....”

പത്തുമിനിട്ട് നഷ്ടപ്പെടുത്തി നാലിടത്ത് ഞെക്കി കഷ്ടപെട്ടങ്കി‌ലെന്താ ഒരു ശുഭദിനം കിട്ടിയല്ലോ..



മൊബൈല്‍ ഓഫ് ചെയ്തുകഴിഞ്ഞപ്പോള്‍ മറ്റൊന്ന് ഓര്‍മ്മവന്നു. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് BSNLബ്രോഡ് ബാന്റ് കണക്ഷനുവേണ്ടി ആപ്ലിക്കേഷന്‍ കൊടുത്തപ്പോള്‍ ഒരാഴ്‌ച്ക്കകം കിട്ടുമെന്ന് ആപ്ലിക്കേഷന്‍ വാങ്ങിയ ആള്‍ പറഞ്ഞു. രണ്ടാഴ്ച്കഴിഞ്ഞിട്ടും ഒരു വിവരവും ഇല്ലാതായപ്പോള്‍ നേരിട്ട് ഓഫീസില്‍ എത്തി. അവിടെ ചെന്നപ്പോഴല്ലേ കാര്യം മനസിലായത്. രജിസ്റ്ററില്‍ ആരോ ‘പോര്‍ട്ട് നമ്പര്‍‘ അലോട്ട്മെന്റ് എഴുതിയത് തെറ്റിച്ചാണ്. നമ്മള്‍ ചെന്നപ്പോഴാണ് മടക്കി വച്ചിരുന്ന രജിസ്റ്റ്ര് അവര്‍ തുറക്കുന്നത്. “രണ്ടു ദിവസത്തി നകം ശരിയാകും എന്ന് പറഞ്ഞിട്ട് അവിടിത്തെ ഫോണ്‍ നമ്പരും അദ്ദേഹത്തിന്റെ മൊബൈല്‍ നമ്പരും തന്നിട്ട് എഞിനീയര്‍ പറഞ്ഞു, രണ്ടു ദിവസം കഴിഞ്ഞിട്ട് ഒന്നു വിളിച്ചു ചോദിച്ചേര് . ഫോണ്‍ നമ്പരും വാങ്ങി ഇറങ്ങി. മൂന്നു ദിവസം കഴിഞ്ഞിട്ടും കണക്ഷന്‍ കിട്ടാതായപ്പോള്‍ ഓഫീസിലേക്ക് ഫോണ്‍ വിളിച്ചു.


“ഹലോ... SDE ഓഫീസല്ലേ?”
“അതെ”
“.....സാറോണോ?”
“അല്ല... സാര്‍ വെളിയിലേക്ക് പോയതാണ് .. എന്താ കാര്യം?”
“ഞാനൊരു ബ്രോഡ് ബാന്റിന് ആപ്ലിക്കേഷന്‍ കൊടുത്തിരുന്നു”
“ഏതാ എക്സ്‌ചേഞ്ച് ? ഫോണ്‍ നമ്പര്‍ എത്രയാ?”
“...... എക്‍സ്ചേഞ്ചാ. ഫോണ്‍ നമ്പര്‍ 046-- ------ “
“എത്രനാളായി കൊടുത്തിട്ട്”
“മൂന്നാഴ്ചയായി....”
“മൂന്നാഴ്‌ചയായതേയുള്ളോ.... എന്നിട്ടോണോ വിളിക്കുന്നത്? ഇതിന് കുറേ സമയം എടുക്കും. ബാഗ്ലൂരിലൊക്കെ പോയി വന്നാലേ ശരിയാവത്തുള്ളൂ....”
“ഇന്നലെ ശരിയാവുമെന്ന് ...... സര്‍ പറഞ്ഞായിരുന്നു.”
“സാറങ്ങനെയൊന്നും പറയത്തില്ല. ബാഗ്ലൂരിലൊക്കെ പോയി വരാന്‍ സമയം എടുക്കും...”

വീണ്ടും ബാംഗ്ലൂര്‍. ഈ ബാംഗ്ലൂരൊന്ന് പറയുന്ന സ്ഥലം അങ്ങ് ഉഗാണ്ടയിലൊന്നും അല്ലല്ലോ? എന്ത് പറയണമെന്ന് ഒരു നിമിഷം ആലോചിച്ചിട്ട് ഞാന്‍ പറഞ്ഞു.

“സാറെ.. ഈ ബാംഗ്ലൂരിലോട്ട് പോകുന്നത് പോസ്റ്റല്‍ വഴിയൊന്നും അല്ലല്ലോ? അമേരിക്കയി ലാണങ്കിലും പോയി വരാനുള്ള സാദനം പോയിട്ട് വരാന്‍ സമയം കഴിഞ്ഞല്ലോ?”

പെട്ടന്ന് അപ്പുറത്ത് ഫോണ്‍ വച്ചു. ഞാനുടനെ ......സാറിന്റെ മൊബൈലിലേക്ക് വിളിച്ചു. ....സാറിനോട് കണക്ഷനെക്കുറിച്ച് ചോദിച്ചു ചോദിച്ചു. അദ്ദേഹത്തിന്റെ മറുപിടി ഇങനെ..
“അത് മിനിഞ്ഞാന്നേ ശരിയായതാണ്. മോഡത്തിന്റെ ഷോട്ടേജുള്ളതുകൊണ്ടാണ് കണക്ഷന്‍ വൈകുന്നത് . 7 മണിക്ക് മുമ്പ് മോഡം വരികയാണങ്കില്‍ ഇന്നു തന്നെ ആളുവന്ന് കണക്ഷന്‍ തരും. ഞാന്‍ നിങ്ങളുടെ അവിടെയുള്ള ....... നെ പറഞ്ഞേല്‍പ്പിച്ചിട്ടുണ്ട്.“

ഏതായാലും അന്ന് സന്ധ്യയ്ക്ക് തന്നെ മോഡവുമായി ആള്‍ വീട്ടിലെത്തി.

എങ്ങനെയുണ്ട് നമ്മുടെ പൊതുമേഖല സ്ഥാപനങ്ങളുടെ വിവരം നല്‍കല്‍‍.

ഗുണപാഠം :: അറിയാന്‍ വയ്യാത്ത കാര്യങ്ങളില്‍ തലയിട്ട് ഉപദേശം നല്‍കരുത്.

ഷേക്ക് ഹാന്‍ഡ് :: BSNL കസ്റ്റമര്‍ സെന്റ്‌റിന് ഒരു ഷേക്ക്ഹാന്‍ഡ് ഇരിക്കട്ടെ. ഒരപേക്ഷയും കൂടി നല്‍കുന്നു, അവിടെ ഞെക്ക് ഇവിടെ ഞെക്ക് എന്നൊക്കെ പറയാതെ നേരിട്ട് ആരെങ്കിലും കോള്‍ എടുത്താല്‍ വളരെയേറെ സഹായമായിരുന്നേനെ.


1 comment:

Anonymous said...

കോട്ടയം പുളിമൂട് ജംഗ്ഷനു അടുത്തുള്ള സെണ്ട്രല്‍ ഫോണ്‍ എക്സ്ചേഞ്ചില്‍ കുറെ -ള്‍ ഉണ്ടായിരുന്നു. ഇപ്പോഴും അവിടെ കാണും. പ്രായം ഊഹിച്ചാല്‍ റിട്ടയര്‍മെന്‍റ് ആയിരിക്കില്ല. അവിടെ നിന്ന് വിളിച്ചാല്‍ നിരക്ക് കുറവായിരുന്നതു കൊണ്ട് എസ് ടി ഡി - ഐ എസ് ഡി വിളിക്കാന്‍ ധാരാളം സാധാരണക്കാര്‍ വരും. മിക്കവരും ദൂരെയുള്ള മക്കളെയും, തമിഴ്നാട്ടിലും മറ്റും സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്തതിന്‍റെ ഡെലിവറി വിവരം അറിയാനും മറ്റുമായി 40-50 രൂപക്കു മേല്‍ വിളിച്ചു പോകുന്നവരാണ്. ബില്ലില്‍ എപ്പോഴും അല്പം ചില്ലറ കൂടി കാണും. ഇവന്മാര്‍ അമ്പതിന്‍റെയും നൂറിന്‍റെയും നോട്ട് വാങ്ങും. ബാക്കി കൊടുക്കാന്‍ ചില്ലറയില്ലെന്നു പറഞ്ഞ് അവിടെയിരിക്കും. നമ്മള്‍ വേറെ നോട്ടും കൊണ്ട് പുറത്തു പോയി കൃത്യം തുക കൊണ്ടുവന്നു കൊടുത്താല്‍ ആദ്യം കൊടുത്ത നോട്ട് തിരിച്ചു തരും. തന്തയാകാന്‍ പ്രായമുള്ളവരോട് പോലും ഇവന്മാരുടെ പെരുമാറ്റം കാണണം. ചില്ലറ ഞാന്‍ എന്താ വീട്ടില്‍ നിന്ന് കൊണ്ടൂവരണോ, ഒരിക്കല്‍ ഒരുത്തന്‍ ചോദിച്ചതാണ്. വിളീക്കാന്‍ വരുന്നവരുമായി മിക്കവാറും സ്റ്റണ്ട്. വാതില്‍ തുറന്നു തല്ലാന്‍ ചെല്ലുക, എടാ പോടാ വിളിക്കുക. കൗണ്ടറിനടുത്തു ചെന്നു നിന്നാല്‍ എന്താ എന്ന് പോലും ചോദിക്കില്ല. ഓഫീസിനുള്ളില്‍ സിഗററ്റും വലിച്ച് തമാശിച്ച് ഇരിക്കും. പിന്നെ നമ്മള്‍ താണു വീണു സാറേ വിളീക്കണം. അവിടെ ഇവന്മാര്‍ക്കൊന്നും വേറെ ഒരു പണിയുമില്ല എന്ന് ഓര്‍ക്കണം. (കൂട്ടത്തില്‍ ഒന്നോ രണ്ടോ മനുഷ്യപ്പറ്റുള്ളവരും ഉണ്ടായിരുന്നു.) ഉഗ്രന്‍ കസ്റ്റമര്‍ കേറ്. ഒരു സമരകാലത്ത് ആ വഴി പോയപ്പോള്‍ കണ്ടൂ സാറന്മാരുടെ ഉഷാര്‍. അതൊക്കെ വച്ചു നോക്കുമ്പോള്‍ BSNL ഫോണില്‍ കൂടെ മധുരമൊഴി കേട്ടെങ്കില്‍ ജയിച്ചു മോനേ, നമ്മള്‍ ജയിച്ചു!