Saturday, August 22, 2009

മൊബൈല്‍ ദുരുപയോഗം തടയാന്‍ :: മൊബൈല്‍ ദുരന്തങ്ങള്‍ ‍- 6

മനുഷ്യന്റെ നിലനില്‌പ് ചില അലിഖിത നിയമങ്ങളെ അടിസ്ഥാനമാക്കിയാണ്. ഈ അലിഖിത നിയമങ്ങള്‍ക്ക് ഭംഗം വന്നു തുടങ്ങുമ്പോള്‍ മനുഷ്യന്റെ ആസ്ഥിത്വം തന്നെ നഷ്‌ടപ്പെടും.മനുഷ്യന്‍ മാറുന്നതിന് അനുസരിച്ച് അല്ലങ്കില്‍ പുരോഗതി ഉണ്ടാകുന്നതിന് അനുസരിച്ച് അലിഖിത നിയമങ്ങള്‍ സമൂഹത്തില്‍ മാറുന്നുണ്ടങ്കിലും ലിഖിത നിയമങ്ങള്‍ മാറ്റങ്ങള്‍ക്ക് പുറം തിരിഞ്ഞു നില്‍ക്കുകയാണ്. കാരണം നമ്മുടെ നിയമ നിര്‍മ്മാണ സഭകള്‍ക്ക് ഇതില്‍ താല്‌പര്യം ഇല്ല എന്നതുതന്നെ കാരണം. സമൂഹത്തിന് അല്ലങ്കില്‍ ലോകത്തിന് ഉണ്ടാകുന്ന പുരോഗതിക്കനുസരിച്ച് നമ്മുടെ നിയമവും മാറേ ണ്ടിയിരിക്കുന്നു. ഒരു ഉദാഹരണം പറയുകയാണങ്കില്‍ ഇന്ത്യയില്‍ ശൈശവ വിവാഹം നിരോധിച്ചിട്ട് വര്‍ഷങ്ങളായി. പെണ്‍കുട്ടികളുടെവിവാഹ പ്രായം പതിനെട്ട് വയസാക്കിയിട്ട് ഇരുപത്തഞ്ചോളം വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇപ്പോഴും നമ്മുടെ നിയമത്തില്‍ ഒരു നിയമം ഉണ്ട് , പതിനഞ്ച് വയസ് കഴിഞ്ഞ ഭാര്യയുമായിനടത്തുന്ന ലൈംഗിക ബന്ധം കുറ്റകരമല്ല. ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നമ്മുടെ നിയമപുസ്തകത്തീല്‍ നിന്ന് ഇത് നീക്കം ചെയ്യാന്‍ ആരും ശ്രദ്ധിച്ചില്ല. കാരണം നമ്മുടെ നിയമനിര്‍മ്മാണ സഭകളില്‍ ഇരിക്കുന്നവര്‍ക്ക് നമ്മുടെ നിയമങ്ങളെക്കുറിച്ച് ഒരു അവഗാഹവും ഇല്ല. അറിവുള്ളവര്‍ അതിന് ശ്രമിക്കാറുമില്ല. ഇതുപോലെയുള്ള അനേകം ‘ലൂപ് ഹോളുകളി’ലൂടെ ആണ് വെറുക്കപെടേണ്ടിയവരും കല്‍ത്തുറങ്ങുകള്‍ക്കുള്ളിലും പെടേണ്ടിയവര്‍ സമൂഹത്തിന്റെ ഉന്നത ശ്രേണികളില്‍ വിഹരിക്കുന്നത്. നമ്മുടെ നിയമങ്ങള്‍ കാലോചിതമായി പരിഷ്‌ക്കരിക്കേണ്ടത് ഇന്നിന്റെ ആവിശ്യകതയാണ്.

നമ്മുടെ നാട്ടില്‍ നിയമങ്ങള്‍ക്ക് ഒരു കുറവും ഇല്ല. നിയമങ്ങള്‍ പാലിക്കപെടാനുള്ളതല്ല മറിച്ച് ലംഘിക്കാനുള്ളതാണ് എന്ന ഒരു വിചാരം നമ്മുടെ ഏവരുടേയും ഉള്ളില്‍ ഉണ്ട്. നിയമങ്ങളെക്കാള്‍ നമുക്ക് ആവിശ്യം ബോധവത്‌ക്കരണമാണ്. കുറഞ്ഞ പക്ഷം മൊബൈല്‍ ഫോണുകളുടെ ഉപയോഗത്തെക്കുറിച്ചെങ്കിലും. ഇന്ന് നമ്മുടെ ലോകത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് മൊബൈല്‍ ഫോണുകളുടെ ദുരുപയോഗം.അടച്ചിട്ട ശീതീകരണ മുറിയില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്കൊന്നും അതിന്റേതായ ഒരു ഫലം സമൂഹത്തിന് നല്‍കാന്‍ കഴിഞ്ഞിട്ടില്ല. നമുക്കിനി ചര്‍ച്ചകള്‍ അല്ല ആവിശ്യം. ബോധവത്ക്കരണവും നടപടികളും ആണ്. നമ്മുടെ കൊച്ചുകേരളത്തിന്റെ കാര്യം തന്നെ എടുക്കുക. മൊബൈല്‍ കുറ്റകൃത്യങ്ങളുടെ ഗ്രാഫ് മുകളിലേക്ക് ഉയരുകതന്നെയാണ്. മൊബൈല്‍ കുറ്റകൃത്യങ്ങള്‍ക്ക് നഗരമന്നോ ഗ്രാമമെന്നോ വെത്യാസം ഇല്ലാതായിരിക്കുന്നു. ഈ കുറ്റകൃത്യങ്ങള്‍ പരിശോധിച്ചാല്‍ ഇതില്‍ ഉള്‍പെട്ടിരിക്കുന്നതിന്റെ ബഹുഭൂരിഭാഗവും കുട്ടികള്‍ ആണന്ന് കാണാം.അറിവില്ലായ്മ കൊണ്ടാണ് ഈ കുറ്റകൃത്യങ്ങളില്‍ അവര്‍ ഉള്‍പ്പെ ടുന്നത് എന്ന് പറയാന്‍ സാധിക്കുകയില്ല.എന്തുകൊണ്ട് കുട്ടികള്‍ ഇതില്‍ പെട്ടുപോകുന്നു. അതിനുമുമ്പ് എന്തെല്ലാമാണ് മൊബൈല്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പെട്ടിരിക്കുന്നതെന്ന് നോക്കാം.

:: മൊബൈല്‍ കുറ്റകൃത്യങ്ങള്‍ ::
മറ്റുള്ളവരെ അപകീര്‍ത്തിപെടുത്താന്‍ മൊബൈല്‍ ഉപയോഗിച്ചാല്‍ അത് കുറ്റകരമാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ‘അശ്ലീല‘കരമായ കണ്ടന്റുകളുടെ കൈമാറ്റം. അശ്ലീലകരമാ യ മെസേജുകള്‍ ,വീഡിയോകള്‍ ഇവ മറ്റൊരാള്‍ക്ക് അയക്കുന്നത് കുറ്റകരമാണ്. പരാതിക്കാരന്‍ ഉണ്ടങ്കിലേ ഇത് കുറ്റകൃത്യങ്ങളുടെ പരിധിയില്‍ പെടുന്നുള്ളു എന്നത് വാസ്തവം.പരാതികള്‍ഇല്ലാതെ നടപടി എടുക്കാന്‍ ആര്‍ക്കും സാധിക്കുകയില്ലല്ലോ? മറ്റുള്ളവരെ ശല്യപ്പെടുത്താന്‍ ‘മിസ്‌ഡ് കാള്‍’ മാത്രമേ ഉപയോഗിക്കു ന്നുള്ളു എങ്കിലും അതിന് പരാതി കിട്ടിയാലും ‘ മിസ്‌ഡ് കാളുകാരന്റെ’ രണ്ടു ദിവസം പോലീസ് സ്റ്റേഷനില്‍ ‘മിസ്‘ ആവും. ആരുടെ പേരിലാണ് കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിച്ച മൊബൈല്‍ കണക്ഷന്‍ അവരായിരിക്കും ആദ്യം കുടുങ്ങുന്നത്.

:: എന്തുകൊണ്ട് കുട്ടികള്‍ മൊബൈല്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നു ?? ::
ഈ ചോദ്യത്തിന് ഉത്തരം തേടുമ്പോള്‍ കിട്ടുന്ന ഉത്തരങ്ങളെല്ലാം കൂടി അപഗ്രഥിച്ചാല്‍ കിട്ടുന്ന ഒറ്റ ഉത്തരം ഇങ്ങനെ ആയിരിക്കും. “മാനസിക സംതൃപ്‌തി”. ഇതൊരു സൈക്കളോജിക്കല്‍ ഫാക്‍റ്ററാണ്. തങ്ങളുടെ കൂട്ടുകാരുടെ മുന്നില്‍ തങ്ങള്‍ വലിയ ആളുകള്‍ ആണന്ന് കാണിച്ച് അവരുടെ മുന്നില്‍ ‘ഒരു ഷൈനിംങ്ങ് ‘ നടത്തുന്നതിനു വേണ്ടിയാണ് കുട്ടികള്‍ മൊബൈല്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടു ന്നത്. തങ്ങള്‍ ചെയ്യുന്നത് എന്തുമാത്രം കുറ്റകരമാണന്ന് അവരപ്പോള്‍ ചിന്തിക്കുന്നുണ്ടാവില്ല. ഒരു പെണ്‍കുട്ടിയുടെ നഗ്നത ഏതെങ്കിലും തരത്തില്‍ തന്റെ മൊബൈലില്‍ പകര്‍ത്തുമ്പോള്‍ ഒരുവന്റെ മനസില്‍ ഉണ്ടാകുന്ന മാനസിക വിചാരം ഈ ഫോട്ടോ/ ക്ലിപ്പിംങ്ങ് ഉപയോഗിച്ച് തന്റെ കൂട്ടുകാരുടെ മുന്നില്‍ തനിക്ക് ഹീറോ ആവാം എന്നതായിരിക്കും. തന്റെ ചുറ്റും ഈ ക്ലിപ്പിംങ്ങ് / ഫോട്ടോ കാണാന്‍ എത്തുന്ന കൂട്ടുകാരുടെ മുന്നില്‍ അല്പ‌നേരത്തേക്കെങ്കിലും താനൊരു ‘താരം’ ആകുമെന്ന് അവനറിയാം. മറ്റുള്ളവരുടെ മുന്നില്‍ ആളാകുന്നതിനു വേണ്ടി മാത്രം പകര്‍ത്തുന്ന ഈ ക്ലിപ്പിംങ്ങുകള്‍ മറ്റുള്ള ഫോണുകളിലേക്ക് പകര്‍ത്തപെടാന്‍ വളരെക്കുറച്ച് സമയം മാത്രമേ വേണ്ടി വരുന്നുള്ളു. അല്പ സമയത്തേക്ക് കൂട്ടുകാരുടെ മുന്നില്‍ കിട്ടുന്ന ഹീറോ ഇമേജ് കുറച്ചു സമയം കഴിയുമ്പോള്‍ സമൂഹ ത്തിന്റെ മുന്നില്‍ തന്റെ വീട്ടുകാര്‍ക്കുകൂടി ‘സീറോ ഇമേജ് ‘ നല്‍കുമെന്ന് അവര്‍ ഓര്‍ക്കുന്നില്ല.തങ്ങളുടേ സേവനം പ്രയോജനപ്പെടുത്തൂന്ന എല്ലാ ഉപഭോക്താക്കളുടേയും മെസേജ് ഡീറ്റയത്സ് സേവനദാതാ ക്കള്‍ തങ്ങളുടെ സെര്‍വറില്‍ സൂക്ഷിച്ചു വയ്ക്കുന്നുണ്ട്.

:: എന്തുകൊണ്ട് കുട്ടികളെ മറ്റുള്ളവര്‍ കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു ? ::
ഒരു പെണ്‍കുട്ടി കുളിക്കുന്നത് മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച ഒരാണ്‍‌കുട്ടിയെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പിടിച്ചു. ജംഗക്ഷനിലെ ചേട്ടന്മാര്‍ പറഞ്ഞിട്ടാണത്രെ അവന്‍ മൊബൈലുമായി ഇറങ്ങിയത്. ഇത് പകര്‍ത്തി കൊടുത്താല്‍ കിട്ടുന്നത് അവനൊരു സിനിമാകാണാനുള്ള കാശ്. ഈ ചിത്രങ്ങള്‍ പകര്‍ത്തുന്നതോടെ ‘ക്യാമറമാന്റെ’ ചുമതല തീര്‍ന്നു. പിന്നീടെല്ലാം ചെയ്യുന്നത്‘ചേട്ടന്മാരാണ്’. ചേട്ടന്മാര്‍ക്ക് താന്‍ പകര്‍ത്തിയ ചിത്രങ്ങള്‍ കൊണ്ട് എന്തെല്ലാം ചെയ്യാന്‍ സാധിക്കുമെന്ന് ‘കുട്ടി ക്യാമറമാന് ‘ ചിന്തിക്കാ‍നുള്ള ശേഷി ഉണ്ടാവുകയില്ല. മറ്റുള്ളവര്‍ കുട്ടികളെ സംശയത്തോടെ അധികം ശ്രദ്ധിക്കുകയില്ല എന്നതുകൊണ്ടാണ് ‘ചേട്ടന്മാര്‍’ പടം പിടിക്കാന്‍ കുട്ടികളെ ഉപയോഗിക്കുന്നത്. പിടിക്കപെട്ടാല്‍ ചേട്ടന്മാര്‍ക്ക് നിഷ്‌പ്രയാസം ഊരിപ്പോരാനും സാധിക്കും.

:: പെണ്‍കുട്ടികള്‍ എന്തുകൊണ്ട് മൊബൈല്‍ വലകളില്‍ കുരുങ്ങുന്നു ? ::
1. സമൂഹത്തിന്റെ മാറ്റം അനുസരിച്ച് നമ്മുടെ കുടുംബങ്ങളിലും വലിയ മാറ്റങ്ങള്‍ തന്നെ സമ്മതിച്ചു. കൂട്ടുകുടുംബങ്ങളില്‍ നിന്ന് അപ്പനും അമ്മയും ഒന്ന് അല്ലങ്കില്‍ രണ്ട് കുട്ടികള്‍ എന്ന അണുകുടുംബങ്ങളി ലേക്ക് നമ്മള്‍ മാറി. മാതാപിതാക്കള്‍ ജോലിക്കായി പോകുന്നതോടെ കുട്ടികള്‍ ഒറ്റപെട്ട അവസ്ഥയി ലേക്ക് മാറുന്നു. ( ഒറ്റപെടുന്നില്ലങ്കിലും തങ്ങള്‍ ഒറ്റപെട്ടുപോയി എന്ന തോന്നലിലേക്ക് കുട്ടികള്‍ എത്തുന്നു.). മാതാപിതാക്കളുടെ അമിത പ്രതീക്ഷകള്‍ കുട്ടികളില്‍ അടിച്ചേല്പിക്കപെടുമ്പോള്‍ ഒരാശ്രയം അവര്‍ തേടുന്നു. പെണ്‍കുട്ടികളാവുമ്പോള്‍ അവര്‍ക്ക് വീടിനു വെളിയില്‍ പോയി മറ്റുള്ളവരോട് ഇടപഴകാനും, തങ്ങളുടെ ദുഃഖങ്ങള്‍ ‘ഷെയര്‍’ ചെയ്യാനുള്ള സാ‍ഹചര്യങ്ങളും കുറവായിരിക്കും. ഈ അവസ്ഥയില്‍ തങ്ങള്‍ക്ക് ലഭിക്കുന്ന ‘മിസ്‌ഡ് കാളിലെ’ കാണാമറയത്തു കാരനോട് അവര്‍ കൂട്ടുകൂടും.

2. കുടുംബങ്ങളിലെ അരക്ഷിതാവസ്ഥയില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടിയുടെ മുന്നില്‍ ദൈവദൂതനായി പ്രത്യക്ഷപെടുന്നവന്‍ അവളോട് സൌഹൃദം സ്ഥാപിച്ച് മൊബൈല്‍ നല്‍കി പിന്മാറും. കുടുംബത്തില്‍ നിന്ന് തനിക്ക് ലഭിക്കാത്ത സംരക്ഷണം ‘ദൈവദൂതനി’ല്‍ നിന്ന് ലഭിക്കുമെന്ന് സ്വപ്നം കണ്ടു തുടങ്ങുന്ന പെണ്‍കുട്ടി അയാളോട് കൂടുതല്‍ അടുക്കുന്നതോടെ അവളെ ‘നാശനരകത്തില്‍’ നിന്ന് രക്ഷിക്കാന്‍ തയ്യാറാകും. കൂടുതല്‍ നാശത്തിലേക്ക് തള്ളിവിട്ട് ‘ദൈവദൂതന്‍’ രക്ഷപെടുകയും ചെയ്യും.

3. ഒരിക്കല്‍പ്പോലും തങ്ങള്‍ ചിന്തിക്കാത്തതരത്തിലുള്ള ചതിയിലൂടെ പെണ്‍കുട്ടികള്‍ മൊബൈല്‍ ദുരന്തങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്. (ഇതിനെക്കുറിച്ച് മുമ്പ് പറഞ്ഞിട്ടുണ്ട്.)

:: കുട്ടികളുടെ മൊബൈല്‍ ദുരുപയോഗം എങ്ങനെ തടയാം?? ::
മൊബൈല്‍ എന്ന ഇലക്‍ട്രോണിക് ഉപകരണത്തെ ഇന്ന് ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യുന്നതും മൊബൈല്‍ ചതിക്കുഴികളില്‍ പെടുന്നതും കുട്ടികളാണ്. കേരളത്തിലെ സ്കൂളുകളില്‍ മൊബൈല്‍ നിരോധിച്ചുകൊണ്ട് നമ്മുടെ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടങ്കിലും അത് കര്‍ശനമായിനടപ്പാക്കാന്‍ നമ്മുടെ ഒരു സ്കൂളിനും കഴിഞ്ഞിട്ടില്ല. ഇടിയ്ക്കിടയ്ക്ക് മൊബൈല്‍ നിരോധനം എന്ന ആവിശ്യം ഉയരാറുണ്ടങ്കിലും അത് ശരിയായ രീതിയില്‍ നമുക്ക് നടപ്പാക്കാന്‍ കഴിയുന്നില്ല. സി.ബി.എസ്.സി സ്കൂളുകളില്‍ മൊബൈല്‍ ഫോണുകള്‍ നിരോധിച്ചു കൊണ്ട് ഉത്തരവിറങ്ങിയെങ്കിലും ആ ഉത്തരവിലും അവ്യക്തയുണ്ട്.

ഉത്തരവുകളോ അറിയിപ്പ് ബോര്‍ഡുകളോ അല്ല നമുക്കാവിശ്യം. ചില സ്കൂളുകളില്‍ ഒരു അറിയിപ്പ് ബോര്‍ഡ് ഇപ്പോഴും അവശേഷിക്കുന്നുണ്ട് ; ‘പുകവലിയും വെറ്റിലമുറുക്കും നിരോധിച്ചിരിക്കൂന്നു.’. ഈ ബോര്‍ഡുകള്‍ ഉള്ളടത്ത് പുകവലിയും വെറ്റിലമുറുക്കും നടക്കാതിരിക്കൂന്നുണ്ടോ? സ്കൂളുകളില്‍ മൊബൈല്‍ നിരോധിച്ചു കൊണ്ടുള്ള ബോര്‍ഡ് വച്ചതുകൊണ്ട് കാര്യമില്ല. കര്‍ശനമായി തന്നെ മൊബൈല്‍ ഫോണുകള്‍ സ്കൂള്‍ കോളേജുകളില്‍ നിരോധിക്കണം. ക്ലാസെടുക്കാന്‍ വരുന്ന അദ്ധ്യാപകര്‍ മൊബൈല്‍ ഫോണുമായി ക്ലാസില്‍ വരുമ്പോള്‍ മൊബൈല്‍ ഫോണുകള്‍ സ്കൂളിലോ
കോളേജിലോ കൊണ്ടുവരാന്‍ പാടില്ല എന്ന് എങ്ങനെ പറയും??

ഇന്നത്തെ നമ്മുടെ വിദ്യാഭ്യാസം കുട്ടികള്‍ വീടുകളില്‍ നിന്ന് മാറിനിന്ന് ഹോസ്റ്റലുകളില്‍ നിന്നുള്ള പഠനം ആണ്. വീട്ടുകാര്‍ക്ക് കുട്ടികളെ വിളിക്കണമെങ്കില്‍ ഫോണ്‍ ആവിശ്യമാണ്. സ്കൂള്‍ കോളേജ് കാമ്പസുകളില്‍ ഫോണ്‍ നിരോധിക്കുകയും ഹോസറ്റലുകളില്‍ വേണാമെങ്കില്‍ ഫോണ്‍ ഉപയോഗി ക്കാനുള്ള അനുവാദം കൊടുക്കുകയും ആവാം. ഹോസറ്റലുകളില്‍ ഉപയോഗിക്കുന്ന ഫോണുകള്‍ സാദാ മൊബൈല്‍ ഫോണുകള്‍ ആയിരിക്കണം. ഒട്ടുമിക്ക നേഴ്‌സിംങ്ങ് കോളേജുകളിലും മൊബൈല്‍ ഫോണുകള്‍ നിരോധിച്ചിട്ടുണ്ട്.

:: ആര്‍ക്കൊക്കെ (കുട്ടികളുടെ) മൊബൈല്‍ ദുരുപയോഗം തടയാം ::
1. മാതാപിതാക്കള്‍ :
1. കുട്ടികളുടെ മൊബൈല്‍ ദുരുപയോഗം തടയാന്‍ കഴിയുന്നത് അവരുടെ മാതാപിതാക്കള്‍ക്ക് തന്നെയാണ്. തങ്ങള്‍ വാങി നല്‍കുന്ന മൊബൈല്‍ ഫോണുകൊണ്ട് കുട്ടികള്‍ എന്തൊക്കെ ചെയ്യുന്നു എന്ന് അറിയേണ്ടത് മാതാപിതാക്കളാണ്. വീട്ടില്‍ വച്ചും തങ്ങളുടെ കുട്ടികള്‍ സെക്യൂരിറ്റി കോഡു കൊണ്ട് ഫോണിന് സംരക്ഷണം തീര്‍ത്തിട്ടുണ്ടങ്കില്‍ സംശയത്തിന്റെ തീപ്പൊരി അവരുടെ മനസില്‍ ഉണ്ടാവണം.
2. കുട്ടികള്‍ക്ക് വാങ്ങിച്ച് നല്‍കുന്ന ഫോണ്‍കൊണ്ട് എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്ന് മാതാപിതാ ക്കള്‍ അറിഞ്ഞിരിക്കണം. തങ്ങള്‍ നല്‍കുന്ന ഫോണുകളിലെ ഫംഗഷനുകള്‍ കുട്ടികള്‍ക്ക് ആവിശ്യമുള്ളതാണോ എന്നുകൂടി മാതാപിതാക്കള്‍ ചിന്തിക്കണം. അതിലുമുപരി കുട്ടിക്ക് മൊബൈല്‍ കൊണ്ട് ആവിശ്യമുണ്ടോ എന്നുകൂടി ചിന്തിക്കണം.
3. കുട്ടി ഉപയോഗിക്കുന്ന സിം ആരുടെ പേരിലുള്ളതാണന്നും മാതാപിതാക്കള്‍ ശ്രദ്ധിക്കണം.
4. വീട്ടിലുള്ളപ്പോള്‍ കുട്ടി രഹസ്യമായി ഫോണ്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ ആ സമയം തന്നെ അതിനെക്കുറിച്ച് ചോദിക്കണം.

2. അദ്ധ്യാപകര്‍ ::
1. വിദ്യാലയങ്ങളില്‍ കര്‍ശനമായി മൊബൈല്‍ നിരോധനം ഏര്‍പ്പെടുത്തണം
2. മൊബൈല്‍ ഫോണുകളുടെ ദുരുപയോഗത്തെക്കുറിച്ച് കുട്ടികള്‍ക്ക് ബോധവത്ക്കരണം നടത്തണം.
3. കുട്ടി വിദ്യാലയത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടങ്കില്‍ ആ കാര്യം മാതാപിതാക്കളെ അറിയിക്കണം.
4. എന്തെങ്കിലും തരത്തിലുള്ള മൊബൈല്‍ ദുരുപയോഗം ശ്രദ്ധയില്‍ പെടുകയാണങ്കില്‍ ബുദ്ധിപര മായ ഇടപെടലിലൂടെ അവയുടെ ഗൌരവതരതയ്ക്ക് ഒത്തവണ്ണം പ്രവര്‍ത്തിക്കണം. ആവിശ്യമെങ്കില്‍ നിയപപാലകരുടെ സഹായവും തേടണം.

3. മൊബൈല്‍ സേവനദാതാക്കള്‍ :
1. ഉപഭോക്താക്കള്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡുകള്‍ ശരിയായതാണന്ന് തന്നെ ഉറപ്പാക്കുക.
2. അനാവിശ്യമായും അസമയങ്ങളിലും നല്‍കുന്ന സൌജന്യങ്ങള്‍ നിര്‍ത്തലാക്കുക.
3. ഉപഭോക്താക്കളുടെ ഡേറ്റാബേസ് തയ്യാറാക്കി തങ്ങളുടെ സൈറ്റുകളില്‍ പ്രദര്‍ശിപ്പിക്കുക. (ലാന്‍ഡ് ഫോണ്‍ നമ്പരുകള്‍ ഇപ്പോള്‍ ഇങ്ങനെ ലഭ്യമാണ് .) മൊബൈലില്‍ നിന്ന് വരുന്ന മിസ്‌ഡ് കോള്‍ ഉറവിടം പെട്ടന്ന് മനസിലാക്കാന്‍ ഇത് ഉപകാരമായിരിക്കും.
4. സ്റ്റുഡന്റ് സിമ്മുകള്‍ നല്‍കുമ്പോള്‍ മാതാപിതാക്കള്‍ വഴിമാത്രം നല്‍കുക. (BSNL സ്റ്റുഡന്റ് സിമ്മുകള്‍ക്ക് അപേക്ഷ സ്വീകരിക്കുമ്പോള്‍മാതാപിതാക്കളുടെ സാനിധ്യവും ആവിശ്യപ്പെടുന്നുണ്ട്.)

4. സര്‍ക്കാര്‍ :
1. മൊബൈല്‍ ദുരുപയോഗം തടയാന്‍ വേണ്ടി കര്‍ശനമായ നിയമങ്ങള്‍ സൃഷ്ടിക്കുക. ആ നിയമങ്ങള്‍ പാലിക്കപെടുന്നുണ്ടന്നും ഉറപ്പാക്കുക.
2. വിദ്യാലയങ്ങളില്‍ ക്യാമറ ഫോണുകള്‍ നിരോധിക്കുക.

5. ഉപഭോക്താക്കള്‍
1. തങ്ങളുടെ ഫോണുകള്‍ മറ്റാരും ദുരുപയോഗം ചെയ്യുന്നില്ലന്ന് ഉറപ്പാക്കുക.
2. സിമ്മുകള്‍ (ഫോണുകള്‍) നഷ്ടപെട്ടാല്‍ സേവനദാതാക്കളുമായി ബന്ധപ്പെട്ട് ആ സിം ബ്ലോക്ക് ചെയ്യുക.
3. കഴിവതും മറ്റുള്ളവര്‍ക്ക് വേണ്ടി തങ്ങളുടെ പേരില്‍ കളക്ഷന്‍ എടുത്ത് നല്‍കാതിരിക്കുക.

കര്‍ശന നിയമങ്ങളോടൊപ്പം ബോധവത്‌ക്കരണം കൂടി ഉണ്ടങ്കിലേ മൊബൈല്‍ ഫോണുകളു ടെ ദുരുപയോഗം തടയാന്‍ സാധിക്കൂ. ഇന്ന് ആവിശ്യത്തെക്കാള്‍ ഉപരിയായി അനാവിശ്യമായി ഉപയോഗിക്കുന്ന ഒരു വസ്തുവായി മൊബൈല്‍ ഫോണുകള്‍ മാറിക്കഴിഞ്ഞിരിക്കുന്നു. സൈബര്‍ കുറ്റകൃത്യങ്ങളോ ടൊപ്പം മൊബൈല്‍ കുറ്റകൃത്യങ്ങളുടേയും എണ്ണം ഇന്ന് കൂടുകയാണ്. നമ്മുടെ കുട്ടികള്‍ ചതിക്കുഴികളില്‍ പെട്ട് അവരുടെ ജീവിതംഹോമിക്കപെടാതിരിക്കാന്‍ നമുക്ക് നമ്മുടെ കണ്ണുകള്‍ തുറന്നുവയ്ക്കാം.


ഈ പരമ്പര ഇവിടെ അവസാനിക്കുന്നു. കമന്റുകളിലൂടയും മെയിലുകളില്‍ക്കൂടിയും ഫോണില്‍ക്കൂടിയും അഭിപ്രായങ്ങള്‍ അറിയച്ചവര്‍ക്ക് നന്ദി.
.

Thursday, August 20, 2009

BSNL സെര്‍വര്‍ ഡൌണായി:: കസ്റ്റ്മര്‍ കെയര്‍ അനുഭവം

BSNL സെര്‍വര്‍ മൂന്നു ദിവസമായി ചെറിയ പണിമുടക്കിലാണ്.

ഒരു മാചിക് വൌച്ചര്‍ ചാര്‍ജ് ചെയ്യാന്‍ ഇന്നലെ മുതല്‍ (അഗസ്റ്റ് 19) നോക്കിയിട്ട് ഒരു രക്ഷയും ഇല്ല. അവസാനം 9400024365 എന്ന കസ്റ്റമര്‍ കെയറിലോട്ട് വിളിച്ചു. പടപേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ അവിടെ പന്തം കൊളുത്തി പട എന്നു പറഞ്ഞതുപോലെയായി കാര്യങ്ങള്‍. ഒന്നില്‍ ഞെക്ക് രണ്ടില്‍ ഞെക്ക് മൂന്നില്‍ ഞെക്ക് എന്നോകെ പറഞ്ഞ് ഒന്നു ഞെക്കി. വീണ്ടും ഒന്നു മുതല്‍ അഞ്ചുവരെ പറഞ്ഞിട്ട് വീണ്ടും ഞെക്കാ‍ന്‍ . വീണ്ടും ഞെക്കി. മാചിക് വൌച്ചറിനെക്കുറിച്ച് ഒരു സ്റ്റ്ഡിക്ലാസ് എടുത്ത തന്നതിനുശേഷമാണ് കമ്പ്യൂട്ടര്‍ ചേച്ചി കസ്റ്റമര്‍ ചേച്ചിക്ക് ഫോണ്‍ കൈമാറിയത്. കസ്റ്റമര്‍ സെന്റ്റിലെ ചേച്ചിയോട് പരാതി ഉണര്‍ത്തിച്ചു. നമ്മുടെ പരാതിയുടെ ദൈന്യത കേട്ടറിഞ്ഞിട്ടാവണം ചേച്ചി സത്യം പറഞ്ഞു. മൂന്നു ദിവസമായി സെര്‍വറിനു ചെറിയ പ്രശ്നമുണ്ട്.( സെര്‍വറിനും പന്നിപ്പനിയോ???). ഇന്നു വൈകിട്ടോടെ ശരിയാകും എന്ന് ചേച്ചി ആശ്വസിപ്പിച്ചു. മാജിക് വൌച്ചറിന്റെ സീരിയല്‍ നമ്പര്‍ വാങ്ങിയിട്ട് ചേച്ചി പറഞ്ഞു “ആറുമണിക്കൂറിനകം ശരിയാകും“.

ആശ്വാസം കൊള്ളുമ്പോള്‍ ചേച്ചിയുടെ അടുത്ത ചോദ്യം തങ്ങളുടെ സര്‍വ്വീസിനെക്കുറിച്ച് മറ്റെന്തെങ്കിലും അറിയണോ?

ഞാനൊരു നിമിഷം സ്റ്റക്കായി. ഞാന്‍ ബി.എസ്.എന്‍.എല്‍. കസ്റ്റമര്‍ കെയറിലേക്ക് തന്നെയല്ലേ വിളിച്ചത്.?? ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലെ കസ്റ്റമര്‍ കെയറില്‍ ജോലി ചെയ്യുന്ന ആള്‍ക്ക് ഇത്രയും താഴ്‌മയോ??? സാധാരണ ഏതെങ്കിലും സര്‍ക്കാര്‍ സ്ഥാപനത്തിലോട്ട് വിളിച്ചാല്‍ ഫോണെടുത്താല്‍ തന്നെ ഭാഗ്യം. എന്തെങ്കിലും ചോദിച്ചാല്‍ “നീ ആരാടാ ചോദ്യങ്ങള്‍ ചോദിക്കാന്‍“ എന്ന മട്ടിലായിരിക്കും ഉത്തരങ്ങള്‍.

“ഒന്നും അറിയേണ്ട എന്ന് “ ഞാന്‍ പറഞ്ഞു. അപ്പോള്‍ അപ്പുറത്തുനിന്നു അടുത്ത ഞെട്ടിക്കല്‍.

“താങ്കള്‍ക്ക് ശുഭദിനം ആശംസിക്കുന്നു.....”

പത്തുമിനിട്ട് നഷ്ടപ്പെടുത്തി നാലിടത്ത് ഞെക്കി കഷ്ടപെട്ടങ്കി‌ലെന്താ ഒരു ശുഭദിനം കിട്ടിയല്ലോ..



മൊബൈല്‍ ഓഫ് ചെയ്തുകഴിഞ്ഞപ്പോള്‍ മറ്റൊന്ന് ഓര്‍മ്മവന്നു. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് BSNLബ്രോഡ് ബാന്റ് കണക്ഷനുവേണ്ടി ആപ്ലിക്കേഷന്‍ കൊടുത്തപ്പോള്‍ ഒരാഴ്‌ച്ക്കകം കിട്ടുമെന്ന് ആപ്ലിക്കേഷന്‍ വാങ്ങിയ ആള്‍ പറഞ്ഞു. രണ്ടാഴ്ച്കഴിഞ്ഞിട്ടും ഒരു വിവരവും ഇല്ലാതായപ്പോള്‍ നേരിട്ട് ഓഫീസില്‍ എത്തി. അവിടെ ചെന്നപ്പോഴല്ലേ കാര്യം മനസിലായത്. രജിസ്റ്ററില്‍ ആരോ ‘പോര്‍ട്ട് നമ്പര്‍‘ അലോട്ട്മെന്റ് എഴുതിയത് തെറ്റിച്ചാണ്. നമ്മള്‍ ചെന്നപ്പോഴാണ് മടക്കി വച്ചിരുന്ന രജിസ്റ്റ്ര് അവര്‍ തുറക്കുന്നത്. “രണ്ടു ദിവസത്തി നകം ശരിയാകും എന്ന് പറഞ്ഞിട്ട് അവിടിത്തെ ഫോണ്‍ നമ്പരും അദ്ദേഹത്തിന്റെ മൊബൈല്‍ നമ്പരും തന്നിട്ട് എഞിനീയര്‍ പറഞ്ഞു, രണ്ടു ദിവസം കഴിഞ്ഞിട്ട് ഒന്നു വിളിച്ചു ചോദിച്ചേര് . ഫോണ്‍ നമ്പരും വാങ്ങി ഇറങ്ങി. മൂന്നു ദിവസം കഴിഞ്ഞിട്ടും കണക്ഷന്‍ കിട്ടാതായപ്പോള്‍ ഓഫീസിലേക്ക് ഫോണ്‍ വിളിച്ചു.


“ഹലോ... SDE ഓഫീസല്ലേ?”
“അതെ”
“.....സാറോണോ?”
“അല്ല... സാര്‍ വെളിയിലേക്ക് പോയതാണ് .. എന്താ കാര്യം?”
“ഞാനൊരു ബ്രോഡ് ബാന്റിന് ആപ്ലിക്കേഷന്‍ കൊടുത്തിരുന്നു”
“ഏതാ എക്സ്‌ചേഞ്ച് ? ഫോണ്‍ നമ്പര്‍ എത്രയാ?”
“...... എക്‍സ്ചേഞ്ചാ. ഫോണ്‍ നമ്പര്‍ 046-- ------ “
“എത്രനാളായി കൊടുത്തിട്ട്”
“മൂന്നാഴ്ചയായി....”
“മൂന്നാഴ്‌ചയായതേയുള്ളോ.... എന്നിട്ടോണോ വിളിക്കുന്നത്? ഇതിന് കുറേ സമയം എടുക്കും. ബാഗ്ലൂരിലൊക്കെ പോയി വന്നാലേ ശരിയാവത്തുള്ളൂ....”
“ഇന്നലെ ശരിയാവുമെന്ന് ...... സര്‍ പറഞ്ഞായിരുന്നു.”
“സാറങ്ങനെയൊന്നും പറയത്തില്ല. ബാഗ്ലൂരിലൊക്കെ പോയി വരാന്‍ സമയം എടുക്കും...”

വീണ്ടും ബാംഗ്ലൂര്‍. ഈ ബാംഗ്ലൂരൊന്ന് പറയുന്ന സ്ഥലം അങ്ങ് ഉഗാണ്ടയിലൊന്നും അല്ലല്ലോ? എന്ത് പറയണമെന്ന് ഒരു നിമിഷം ആലോചിച്ചിട്ട് ഞാന്‍ പറഞ്ഞു.

“സാറെ.. ഈ ബാംഗ്ലൂരിലോട്ട് പോകുന്നത് പോസ്റ്റല്‍ വഴിയൊന്നും അല്ലല്ലോ? അമേരിക്കയി ലാണങ്കിലും പോയി വരാനുള്ള സാദനം പോയിട്ട് വരാന്‍ സമയം കഴിഞ്ഞല്ലോ?”

പെട്ടന്ന് അപ്പുറത്ത് ഫോണ്‍ വച്ചു. ഞാനുടനെ ......സാറിന്റെ മൊബൈലിലേക്ക് വിളിച്ചു. ....സാറിനോട് കണക്ഷനെക്കുറിച്ച് ചോദിച്ചു ചോദിച്ചു. അദ്ദേഹത്തിന്റെ മറുപിടി ഇങനെ..
“അത് മിനിഞ്ഞാന്നേ ശരിയായതാണ്. മോഡത്തിന്റെ ഷോട്ടേജുള്ളതുകൊണ്ടാണ് കണക്ഷന്‍ വൈകുന്നത് . 7 മണിക്ക് മുമ്പ് മോഡം വരികയാണങ്കില്‍ ഇന്നു തന്നെ ആളുവന്ന് കണക്ഷന്‍ തരും. ഞാന്‍ നിങ്ങളുടെ അവിടെയുള്ള ....... നെ പറഞ്ഞേല്‍പ്പിച്ചിട്ടുണ്ട്.“

ഏതായാലും അന്ന് സന്ധ്യയ്ക്ക് തന്നെ മോഡവുമായി ആള്‍ വീട്ടിലെത്തി.

എങ്ങനെയുണ്ട് നമ്മുടെ പൊതുമേഖല സ്ഥാപനങ്ങളുടെ വിവരം നല്‍കല്‍‍.

ഗുണപാഠം :: അറിയാന്‍ വയ്യാത്ത കാര്യങ്ങളില്‍ തലയിട്ട് ഉപദേശം നല്‍കരുത്.

ഷേക്ക് ഹാന്‍ഡ് :: BSNL കസ്റ്റമര്‍ സെന്റ്‌റിന് ഒരു ഷേക്ക്ഹാന്‍ഡ് ഇരിക്കട്ടെ. ഒരപേക്ഷയും കൂടി നല്‍കുന്നു, അവിടെ ഞെക്ക് ഇവിടെ ഞെക്ക് എന്നൊക്കെ പറയാതെ നേരിട്ട് ആരെങ്കിലും കോള്‍ എടുത്താല്‍ വളരെയേറെ സഹായമായിരുന്നേനെ.


Sunday, August 16, 2009

പുതുവര്‍ഷാശംസകള്‍ :


:: എല്ലാ ബൂലോക സുഹൃത്തുക്കള്‍ക്കും പുതുവര്‍ഷാശംസകള്‍ ::

പരിധിക്ക് പുറത്താവുന്ന കുട്ടികള്‍ : മൊബൈല്‍ ദുരന്തങ്ങള്‍ ‍- 5 mobile tragedy5

ചില ചോദ്യങ്ങളും ഉത്തരങ്ങളും നമുക്ക് നോക്കാം. ‘ ഹാപ്പി ഔവര്‍സ് ‘ എന്നാല്‍ എന്താണ് ? സന്തോഷപ്രദമായ മണിക്കൂറുകള്‍ എന്ന് നമുക്ക് ഇതിന് അര്‍ത്ഥം കല്പിക്കാവുന്നതാണ്. ഈശ്വരന്‍ എന്തിനാണ് ‘രാത്രി‘ സൃഷ്ടിച്ചിരിക്കുന്നത് ? വിശ്രമിക്കാന്‍ എന്ന് ഉത്തരം. നിദ്രയില്‍ കൂടി ശരീരത്തിന്റെ സംതുലനാവസ്ഥ പാലിക്കാന്‍ വേണ്ടിയാണല്ലോ ഉറക്കം!! എപ്പോഴാണ് മനുഷ്യര്‍ ഉറങ്ങുന്നത് ? രാത്രിയില്‍ എന്ന് ഉത്തരം. ഈ ചോദ്യങ്ങളെല്ലാംകൂടി ചേര്‍ത്ത് മറ്റൊരു ചോദ്യം എപ്പോഴാണ് മനുഷ്യന് സന്തോഷപ്രദമായ മണിക്കൂറുകള്‍ ലഭിക്കുന്നത് ? ഉത്തരത്തെ ഞാനൊന്ന് വളച്ചൊടിക്കൂന്നു.ഉറങ്ങാത്തപ്പോഴാണ് മനുഷ്യന് സന്തോഷപ്രദമായ മണിക്കൂറുകള്‍ ലഭിക്കുന്നത്. മനുഷ്യരെല്ലാം ഉറങ്ങുന്ന സമയത്ത് സന്തോഷപ്രദമായ മണിക്കൂറുകള്‍ ലഭിക്കുമോ ??? രാത്രിയിലേ സന്തോഷപ്രദമായ മണിക്കൂറുകള്‍ ലഭീക്കൂ എന്നാണ് നമ്മുടെ മൊബൈല്‍ സേവനദാതാക്കളുടെ പക്ഷം. അവരുടെ പരസ്യം ശ്രദ്ധിച്ചിട്ടില്ലേ? രാത്രി പതിനൊന്നു മണിമുതല്‍ രാവിലെ ഏഴുമണിവരെയാണ് മൊബൈല്‍ സേവനദാ താക്കള്‍ ‘ ഹാപ്പി ഔവര്‍സ് ‘ നല്‍കുന്നത്. അപ്പോള്‍ ഈ ‘ ഹാപ്പി ഔവര്‍സ് ‘ ന്റെ ഉപഭോക്താക്കള്‍ ആരാണ് ??? കൂടും കുടുംബവുമുള്ളവന് രാത്രി ഉറങ്ങാനുള്ളതാണ് .അവന്റെ സന്തോഷപ്രദമായ മണിക്കൂറുകള്‍ പകല്‍ സമയത്താണ് ...






ഉറക്കം പിടിച്ച കണ്ണുകളോടെയാണ് കുട്ടികള്‍ രാവിലിത്തെ ക്ലാസുകളില്‍ ഇരിക്കുന്നത് എന്നാണ് ഒരു കോളേജ് അദ്ധ്യാപകന്റെ അനുഭവസാക്ഷ്യം. നമ്മുടെ യുവതലമുറയ്ക്കായ് മൊബൈല്‍ സേവനദാതാക്കളുടെ സമ്മാനമാണ് പാതിരാത്രിയിലെ ‘ ഹാപ്പി ഔവര്‍സ് ‘ . നമ്മുടെ ഓണചന്തകളിലും ഉത്സവചന്തകളിലും കച്ചവടക്കാര്‍ പയറ്റുന്ന ഒരു കച്ചവട തന്ത്രമുണ്ട്. ഒന്നെടുത്താല്‍ ഒന്നു ഫ്രി!!!. ഈ തന്ത്രം തന്നെ മൊബൈല്‍ സേവനദാതാക്കളും പ്രയൊഗ്ഗിക്കുന്നു. ഒരു സിം എടുത്താല്‍ ഒരു സിം ഫ്രി.!! ഇന്ന് സാമ്പത്തിക മാന്ദ്യം ബാധിക്കാത്ത ഒരേ ഒരു മേഖല ഏതാണ് ? ടെലികമ്യൂണിക്കേഷന്‍ മേഖലയില്‍ ഒരു മാന്ദ്യവും വന്നിട്ടില്ല. പച്ചക്കറിയുടേയും മത്സ്യത്തിന്റെയും അരിയുടേയും പഞ്ചസാരയുടേയും വില കുത്തിച്ചു കയറുമ്പോള്‍ ‘സിം‘മ്മിന്റെ വില താഴോട്ടാണ്. മുന്നൂറ് രൂപ കൊടുത്താല്‍ മാത്രം കിട്ടിയിരുന്ന് ‘സിം‘മ്മുകള്‍ക്ക് ഇന്ന് വില അഞ്ചുരൂപാമാത്രം. അതായത് ഒരു മത്തിയുടെ വിലമാത്രം.!!!



ഇനി വീണ്ടും നമ്മള്‍ നമ്മുടെ വിഷയത്തിലേക്ക് . തെക്കന്‍ ജില്ലകളിലൊന്നിലെ സൈബര്‍ സെല്ലില്‍ കിട്ടിയ ഒരു പരാതിയെ തുടര്‍ന്നുള്ള അന്വേഷണം നമ്മുടെ കുട്ടികളുടെ ‘പുതിയ മുഖം’ അനാവരണം ചെയ്യുന്നതാണ്. തന്റെ ഫോണിലേക്ക് തുടര്‍ച്ചയായി ഒരു നമ്പരില്‍ നിന്ന് മിസ്‌ഡ് കോള്‍ വരുന്നു എന്നാണ് പരാതിക്കാരന്‍(ഒരു പിതാവ്) നല്‍കിയ പരാതിയുടെ ചുരുക്കം. ആ പിതാവ് എന്തുകൊണ്ട് ഇങ്ങനെയൊരു പരാതി നല്‍കി. പരാതിക്കാരന്റെ മകള്‍ ഒരു നേഴ്സിംങ്ങ് കോളേജില്‍ പഠിക്കുകയാണ്. ആ കോളേജിലും ഹോസ്റ്റലിലും മൊബൈല്‍ ഉപയോഗ്ഗിക്കാന്‍ പറ്റുകയില്ല. ഈ പെണ്‍കുട്ടി വീട്ടില്‍ വരുന്ന സമയത്താണ് പിതാവിന്റെ മൊബൈല്‍ ഫോണിലേക്ക് മിസ്‌ഡ് കോളിന്റെ പ്രഭാവം. പിതാവിന്റെ പരാതിയെ തുടര്‍ന്ന് സൈബര്‍ സെല്‍ അന്വേഷ്ണം നടത്തുന്നതിനിടയില്‍ ഒരു ദിവസം നേഴ്സിംങ്ങ് കോളേജില്‍ നിന്ന് പിതാവിനൊരു അറിയിപ്പ് കിട്ടി. മൊബൈല്‍ ഉപയോഗിച്ചതിന് അയാളുടെ മകളെ കോളേജില്‍ നിന്ന് പുറത്താക്കുന്നു എന്നായിരുന്നു അറിയിപ്പ്. പിതാവ് കോളേജില്‍ എത്തി. രാത്രിയില്‍ മൊബൈലില്‍ സംസാരിച്ചു കൊണ്ടിരി ക്കുന്നതിനിടയില്‍ വാര്‍ഡന്റെ കൈയ്യില്‍ പെട്ടതാണ്. കോള്‍ രജിസ്റ്റ്ര് പരിശോധിച്ചപ്പോള്‍ ഒരു നമ്പരില്‍ നിന്ന് മാത്രമേ കോളുകള്‍ വരാറുള്ളു. അവസാനത്തെ കോള്‍ റിസീവിംങ്ങ് സമയം 2മണിക്കൂറ് നാല്‍പ്പത്താറു മിനിട്ട്!!!! .താന്‍ മകള്‍ക്ക് മൊബൈല്‍ വാങ്ങി നല്‍കിയിട്ടില്ലന്ന് അയാള്‍ പറയുന്നു. വീട്ടില്‍ വരുമ്പോള്‍ അവളുടെ കൈയ്യില്‍ മൊബൈല്‍ ഉള്ളതായി ആരുടേയും കണ്ണില്‍ പെട്ടിട്ടില്ല. മകളേയുംകൊണ്ട് പിതാവ് തിരിച്ചു വീട്ടിലെത്തി. ചോദിക്കേണ്ട രീതിയില്‍ മകളോട് അയാള്‍ ചോദിച്ചു.”ഫോണ്‍ എവിടെ നിന്നാണ് ???”.





അവള്‍ക്ക് അവളുടെ കാമുകന്‍ വാങ്ങിനല്‍കിയ ഫോണാണ്. ആരും അറിയാതെ മാസങ്ങളോളം അവള്‍ അത് ഉപയോഗിച്ചു എന്ന് കൂടി അറിയുമ്പോഴാണ് മൈബൈലുകാരുടെ ‘ ഹാപ്പി ഔവര്‍സ് ‘ മാതാപിതാക്കള്‍ക്ക് ‘ ഹാപ്പി ഔവര്‍സ് ‘ അല്ല എന്ന് മനസിലാവുന്നത്. ഏതായാലും അപ്പന്‍ മകളെ നല്ലവണ്ണം കൈകാര്യം ചെയ്തു. അപ്പോഴേക്കും സൈബര്‍ സെല്‍ മിസ്‌ഡ് കോള്‍ കാരനേയും കണ്ടെത്തി. സിം എടുത്തിരിക്കുന്ന ആളല്ല ഇപ്പോഴത് ഉപയോഗിക്കുന്നത്. ആ സിം ഉപയോഗിക്കുന്നത് മുകളില്‍ പറഞ്ഞ പെണ്‍കുട്ടിയുടെ കാമുകന്‍. ഇപ്പോള്‍ നിങ്ങള്‍ക്ക് ചിലതൊക്കെ മനസിലായിട്ടുണ്ട് എന്ന് ഞാന്‍ കരുതുന്നു. ഇവിടെ ഒരു കുറ്റവും ചെയ്യാത്ത ഒരാള്‍ ഈ കേസിലേക്ക് വലിച്ചിഴ്‌ക്കപെട്ടിട്ടുണ്ട്. പെണ്‍കുട്ടിയുടെ കാമുകന്‍ ഉപയോഗിക്കുന്ന സിമ്മിന്റെ യഥാര്‍ദ്ധ്യ ഉടമസ്ഥന്‍. തന്റെ കൂട്ടുകാരന് വേണ്ടി സിം എടുത്തു നല്‍കി എന്ന ഒരു കുറ്റം മാത്രമേ അവന്‍ ചെയ്തിട്ടുള്ളു. കൈമാറിമറിയുന്ന സിം കൊണ്ട് എന്ത് വേണമെങ്കിലും ചെയ്യാമെന്നായിട്ടുണ്ട്. പോലീസ് അന്വേഷണം വരുമ്പോള്‍ കുടുങ്ങുന്നത് നിരപരാധികള്‍ ആയിരിക്കും.





മുകളില്‍ കൊടുത്തീരിക്കുന്ന സംഭവത്തിന് അനുബന്ധമായി മറ്റൊരു ആത്മഹത്യ / കൊലപാതക??? കേസ് കൂടി ഓര്‍മ്മിപ്പിക്കുന്നു. മൂന്നുവര്‍ഷങ്ങള്‍ക്ക് മുമ്പ് (അന്ന് മൊബൈല്‍ ഇങ്ങനെ സാധാരണമായിട്ടില്ല.) തിരുവല്ലയില്‍ ഒരു ആത്മഹത്യ / കൊലപാതകം നടന്നു. ഒരു പെണ്‍കുട്ടിയുടെ ശരീരം കത്തിയ നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിയുടെ അമ്മ കേരളത്തിനു വെളിയില്‍ ജോലിചെയ്യുന്നവരായിരുന്നു. കേസ് അന്വേഷണം ഇഴഞ്ഞു നീങ്ങിയപ്പോള്‍ ബന്ധുക്കളില്‍ ചിലര്‍ പോലീസിനെതിരെ തിരിഞ്ഞു. പെണ്‍കുട്ടിയുടെ മൊബൈലിലേക്ക് വന്ന കോളുകള്‍
ആരുടെയൊക്കെ ആണന്ന് അന്വേഷിക്കണം??? ഈ പെണ്‍കുട്ടി മരിക്കുന്നതിന് മുമ്പ് അവളുടെ ഫോണിലേക്ക് വരുന്ന കോളുകള്‍ ആരുടെയൊക്കെയാണന്ന് എന്തുകൊണ്ട് ബന്ധുക്കള്‍ അന്വേഷിച്ചില്ല??? ആ പെണ്‍കുട്ടിയോടു തന്നെ ചോദിച്ചില്ല??? ഉത്തരം കിട്ടത്ത ചോദ്യങ്ങള്‍ക്കും പൂരിപ്പിക്കാനാവാത്ത സമസ്യകളും പോലെ ആ പെണ്‍ക്കുട്ടിയുടെ ആത്മഹത്യ/ കൊലപാതകകേസ് ഇന്നും ഏതോ ഫയലില്‍ ഉണ്ട്. ഇവിടെക്കൊണ്ടും ആ ദുരന്തം അവസാനിച്ചില്ല. പെണ്‍കുട്ടിയോട് അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഒരു ഡ്രൈവറുടെ ആത്മഹത്യ / കൊലപാതകത്തിലാണ് അന്വേഷ്ണം അവസാനിക്കുന്നത്. ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്ക് ഉത്തരം ഇല്ല? ആത്മഹത്യ ആയിരുന്നെങ്കില്‍ എന്തിന്? കൊലപാതകാമാണങ്കില്‍ ആര് ?? ആ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അല്പം കൂടി ജാഗ്രത പുലര്‍ത്തിയിരുന്നെങ്കില്‍ ജീവന്‍ നഷ്ടപ്പെടുകയില്ലായിരുന്നു.




കേരളത്തെ ഞെട്ടിച്ച മറ്റൊരു ആത്മഹത്യക്കേസിന്റെ ചര്‍ച്ച ചൂടുപിടിച്ചപ്പോള്‍ നമ്മള്‍ മറന്നുപോയ ഒന്നുണ്ട്. ആതമഹത്യ ചെയ്ത പെണ്‍കുട്ടികളിലെഒരാളുടെ മൊബൈല്‍. ആ മൊബൈല്‍ ആ കുട്ടിക്ക് എങ്ങനെകിട്ടി???? നമ്മള്‍ പരസ്പരം സമൂഹത്തെ പഴിചാരി രക്ഷപെടാന്‍ സാധിക്കും. ഈ ദുരന്തങ്ങള്‍ സംഭവിക്കുന്നതിന് മുമ്പ് ആ മൊബൈലിനെക്കുറിച്ച് വീട്ടുകാര്‍ ആരെങ്കിലും അറിഞ്ഞിരുന്നു എങ്കില്‍ ആ പെണ്‍കുട്ടികള്‍ ഇപ്പോഴും ജീവനോടെ ഉണ്ടാവുമായിരുന്നു. നഷ്ടപ്പെട്ട ജീവന്‍ ഒരിക്കലും തിരിച്ചു കിട്ടുകയില്ലന്ന് ഓര്‍ക്കുക. പിന്നീട് ഒരു മനസാക്ഷികുത്തിന് ഇടനല്‍കാതിരിക്കാന്‍ ജാഗരൂകരായി ഇരിക്കേണ്ടവര്‍ അതിന് തയ്യാറാകണം. നഷ്ടപെടുന്ന വര്‍ക്ക് ആ വേദന ഒരിക്കലും മാറുകയില്ലന്ന് ഓര്‍ക്കുക. മറ്റുള്ളവര്‍ക്ക് ഒരു സഹതാപനോട്ടത്തില്‍ എല്ലാം അവസാനിപ്പിക്കാം.




ഫ്രി എസ്.എം.എസ്. , ഒരു നമ്പരിലേക്ക് അണ്‍ലിമിറ്റിഡ് കാള്‍ , ഒരു നമ്പരിലേക്ക് മിനിട്ടിന് പത്തുപൈസ ... ഇങ്ങനെയൊക്കെയാണ് സമ്മുടെ മൊബൈല്‍ സേവനദാതാക്കളുടെ ഓഫര്‍. ഈ മൊബൈല്‍ ദാതാക്കളില്‍ മിക്കവര്‍ക്കും ലാന്‍‌ഡ്ഫോണ്‍ സര്‍വ്വീസും ഉണ്ട്. എന്തുകൊണ്ട് അവര്‍ മൊബൈല്‍ സേവനങ്ങള്‍ക്ക് നല്‍കുന്ന ഓഫറുകള്‍ ലാന്‍ഡ് ഫോണിന് നല്‍കുന്നില്ല എന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ??




നമ്മുടെ കുട്ടികളെ സംരക്ഷിക്കേണ്ടത് നമ്മള്‍ തന്നെയാണ് . അവരുടെ തെറ്റുകള്‍ തിരുത്തേണ്ടത് നമ്മള്‍ തന്നെയാണ് . ‘ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് വന്നാല്‍ കാണാന്‍ നല്ല ചേല് ‘ എന്ന് വിചാരിക്കുന്നവരാണ് നമ്മളില്‍ പലരും. അഞ്ചുരൂപായ്ക്ക് ചൂടപ്പം പോലെ വിറ്റഴിഞ്ഞുപോകുന്ന സിമ്മുകളില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങള്‍ നമ്മള്‍ കാണാതിരുന്നു കൂടാ. അടിച്ചിട്ട മുറിയില്‍ പുസ്തകത്തിനുമുന്നില്‍ ഉറക്കളച്ചിരുന്ന പഠിക്കുന്ന കുട്ടികളെ കണ്ട് നമുക്കിന്ന് സന്തോഷിക്കാനാവുമോ?? ചെവിയിലെ ഇയര്‍ഫോണിലൂടെ അവന്റെ അല്ലങ്കില്‍ അവളുടെ കാതുകളിലേക്ക് ഒഴുകി എത്തുന്നത് എന്താണ് ? തലയിലൂടെ പുതപ്പ് വലിച്ചിട്ടാല്‍ അവന്റെ അല്ലങ്കില്‍ അവളുടെ സംസാരം ആരെങ്കിലും കേള്‍ക്കുമോ?? ഉറക്കം തൂങ്ങുന്ന കണ്ണുകളോടെ അവര്‍ പഠിക്കാനായി പോകുമ്പോള്‍ അഭിമാനത്തോടെ അവരെ നോക്കാന്‍ വരട്ടെ. ഒരു പക്ഷേ അവര്‍ ‘ ഹാപ്പി ഔവര്‍സ് ‘ ആഘോഷിക്കുവായിരു
ന്നെങ്കിലോ?????




ഡൈനാമിറ്റിനെ പോലെ ആയിത്തീരുകയാണോ ഇന്നത്തെ ലോകത്ത് മൊബൈല്‍ ??? തന്റെ കണ്ടുപിടിത്തം മനുഷ്യരെ കൊന്നൊടുക്കുന്നു എന്ന് കണ്ട് ഡൈനാമിറ്റ് കണ്ടുപിടിച്ച ആള്‍ എന്ന പേരില്‍ തന്നെ ലോകം അറിയരുതെന്ന് ആഗ്രഹിച്ച നിസഹായനായ ആ വലിയ ശാസ്ത്രജ്ഞന്‍ ആല്‍‌ഫ്രഡ് നൊബൈല്‍ !! നൊബൈല്‍ സമ്മാനത്തിന്റെ ഉപജ്ഞാതാവ് എന്ന പേരില്‍ മാത്രം അറിയപ്പെടാന്‍ ആഗ്രഹിച്ച ആല്‍‌ഫ്രഡ് നൊബൈല്‍ !! ആല്‍‌ഫ്രഡ് നൊബൈലിനെപ്പോലെ മാര്‍ട്ടിന്‍ കൂപ്പറും ചിന്തിക്കുമോ എന്നുള്ളതിന് ഉത്തരം നല്‍കാന്‍ കാലത്തിനുമാത്രമേ കഴിയുകയുള്ളു.




രണ്ടാഴ്ചകള്‍ക്ക് മുമ്പ് പത്തനംതിട്ടയിലെ കോഴഞ്ചേരിഭാഗത്ത് നിന്ന് ഇരട്ട സഹോദരന്മാരെ പോലീസ് അറസ്റ്റ് ചെയ്തു. അവര്‍ ചെയ്ത കുറ്റം എന്താണന്നല്ലേ? അടുത്ത വീട്ടിലെ വീട്ടമ്മ കുളിക്കുന്നത് മൊബൈലില്‍ പകര്‍ത്തി മറ്റുള്ളവര്‍ക്ക് നല്‍കിയതിനായിരുന്നു പോലീസ് അറസ്റ്റ്. ആ വീട്ടമ്മ അവരെ സ്വന്തം സഹോദരന്മാരെപ്പോലെ അവരെ കണ്ട് സ്വാതന്ത്ര്യം ആ വീട്ടില്‍ നല്‍കിയിരുന്നു. ആ സ്വാതന്ത്ര്യം ആണ് ഇരുപതുവയസുള്ള ആ ഇരട്ടസഹോദരന്മാര്‍ ദുര്‍വിനിയോഗം ചെയ്തത്. ഇവരെടുത്ത വീഡിയോ കിട്ടിയ ഒരു ബന്ധു വീട്ടമ്മയുടെ വീട്ടുകാരോട് പറഞ്ഞപ്പോഴാണ് ആ വീട്ടമ്മ തനിക്ക് പറ്റിയ ദുര്‍വിധി അറിയുന്നത്. ആ സമയം തന്നെ അവര്‍ ബോധം കെട്ട് വീണു. ആ വീട്ടമ്മയെ അറിയാവുന്നമറ്റ് പലര്‍ക്കും ഈ മൊബൈല്‍ ക്ലിപ്പിംങ്ങ് കിട്ടിയിട്ടും അവരാരും ഇതിനെക്കുറിച്ച് ആ വീട്ടുകാരെ അറിയിച്ചില്ല എന്നത് നമ്മുടെ സമൂഹത്തിന്റെ
ദുഷ് ചിന്തകളാണ് അനാവരണം ചെയ്യുന്നത്.



ഡൈനാമിറ്റിനെക്കാള്‍ അപകടകാരിയായി മാറിക്കൊണ്ടിരിക്കുന്ന കുട്ടികളുടെ മൊബൈല്‍ ഉപയോഗം തടയാന്‍ നമുക്കെന്ത് ചെയ്യാന്‍ കഴിയും എന്നുള്ള ചിന്തകള്‍ നല്‍കികൊണ്ട് അടുത്ത ആഴ്‌ച ഈ ലേഖന പരമ്പര അവസാനിപ്പിക്കും.