Monday, December 3, 2007

നിയമങ്ങള്‍ പാലിക്കുമ്പോള്‍ : (ലേഖനം)

ഇതാ പ്ലാസ്റ്റിക്കിനെ നിരോധിച്ചുകൊണ്ട് ഒരു നിയമം വന്നിരിക്കുന്നു.നമ്മുടെ ഈ കൊച്ചുകേരളത്തില്‍ എന്തെല്ലാം നിയമങ്ങളാണ്. പലതും പാലിക്കപ്പെടാത്തവ.രണ്ടുമൂന്നു മാസം മുന്‍പ് മറ്റൊരു നിയമം കര്‍ശനമാക്കിയിരുന്നു.ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധം.നിയമത്തെ ആരും ചോദ്യം ചെയ്യരുത്.ഹെല്‍മറ്റ് നിര്‍ബന്ധം ആക്കിയതുകൊണ്ട് ആരും ഇരുചക്രവാഹന അപകടത്തില്‍ മരിക്കത്തില്ലല്ലോ എന്ന് ആശ്വസിച്ചിരുക്കുമ്പോഴാണ് ഒരു വാര്‍ത്ത വന്നത്.ഒരാള്‍ ബൈക്കില്‍ നിന്ന് തെറിച്ച് വീണ് മരിച്ചു.വീഴ്ചയുടെ ശക്തിയില്‍ ഹെല്‍മറ്റ് പൊട്ടിപോയത്രെ!!!

ഇരുചക്രവാഹനങ്ങളുടെ പുറകില്‍ ഇരിക്കുന്നവര്‍ക്ക് ഹെല്‍മറ്റ് വേണ്ടേ എന്ന ചോദ്യം പാടില്ല.പിന്നിലിരിക്കുന്നവര്‍ തെറിച്ചുവീണാല്‍ തലയിടിക്കില്ലേ എന്നും ചോദിക്കരുത്.എല്ലാം ഒരു നിയമം ആണ്.അല്ലങ്കില്‍ തന്നെ നിയമങ്ങള്‍ക്ക് കണ്ണും കാതും ഇല്ലന്നാണല്ലോ പറയുന്നത്.ഇരുചക്രവാഹനങ്ങളുടെ പുറകില്‍ ഇരിക്കുന്നവരെ കാണാന്‍ ഈ നിയമത്തിന് കണ്ണില്ല എന്നു മാത്രം
മനസിലാക്കുക.പക്ഷേ ഈ നിയമം തന്നെ ഇപ്പോള്‍ കാണാനില്ല.

നിയമങ്ങള്‍ നിര്‍മ്മിക്കുന്ന നിയമസഭയില്‍ നിന്ന് പുതിയ പുതിയ നിയമങ്ങള്‍ ഇറങ്ങുമ്പോള്‍ മനുഷ്യന്റെ ചങ്കിടിക്കുന്നത് ആരറിയുന്നു.ഇന്നത്തെ നിയമങ്ങള്‍ ചിലപ്പോള്‍ നാളത്തെ ചരിത്ര പുസ്ത്കത്തില്‍ മാത്രമേ കാണാന്‍ കഴിയത്തുള്ളു.കഴിഞ്ഞ വര്‍ഷത്തെ സ്വാശ്രയ നിയമം എന്തുപെട്ടന്നാണ് ചരിത്രം ആയത്.കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചിനെ ഇല്ലാതാക്കി എന്ന് പറയുന്നതുപോലെ ആയിരുന്നു ആ സ്വാശ്രയ നിയമം.എല്ലാവരും നിയമങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണന്ന് പറയുന്നത് സത്യമാണോ?

ബസുകളുടേയും ലോറികളുടേയും മത്സരയോട്ടം കൊണ്ടുള്ള അപകടം കുറയ്ക്കാന്‍ മറ്റൊരു നിയമം വന്നു. സ്പീഡ് ഗവര്‍ണര്‍!!! വണ്ടികളുടെ വേഗത് കൊണ്ടുള്ള അപകടങ്ങളുടെ എണ്ണം കുറഞ്ഞോ എന്ന് ചോദിക്കരുത്.മന്ത്രിമാരുടെ വാഹനങ്ങള്‍ക്ക് സ്പീഡ് ഗവര്‍ണര്‍ വെക്കണമെന്ന് ആരെങ്കിലും പറഞ്ഞതായി കേട്ടിട്ടുണ്ടോ?(മരണം എല്ലായിടത്തും ഉണ്ട്.സമയം ആയാല്‍ സൈക്കിള്‍ ചവിട്ടി
ആണങ്കിലും അതെത്തും.അല്ലങ്കില്‍ പരിക്ഷിത്ത് രാജാവ് രാജ്യത്തും കൊട്ടാരത്തിലും 144 പ്രഖ്യാപിച്ചിട്ട് ഒളിച്ചിരുന്നപ്പോള്‍ മാതളനാരങ്ങയില്‍ കയറി കാലന്‍ എത്തിയില്ലേ??)

നിയമങ്ങള്‍ കര്‍ശനമാക്കുമ്പോള്‍ അത് നാലാള്‍ അറിയണമെങ്കില്‍ എവിടെയെങ്കിലും അത് എഴുതി വയ്ക്കണമെന്ന് നിര്‍ബന്ധമാണ്.”പതിനെട്ട് വയസ്സിന്‍ താഴെയുള്ളവര്‍ക്ക് പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് ശിക്ഷാര്‍ഹമാണ്.എല്ലാ കടകളിലും ഈ ബോര്‍ഡ് കാണാന്‍ തുടങ്ങിയിട്ട് എത്രയോ കാലങ്ങളായി.ഈ ബോര്‍ഡ് വെച്ച്തുകൊണ്ട് +2 വിന് പഠിക്കുന്ന പിള്ളാരാരും പുകവലിയുലപ്ന്നങ്ങള്‍ ഉപയോഗിക്കാതിരിക്കുന്നുണ്ടോ?+2 സ്കൂളിന്റെ മുന്നിലെ മാടക്കടയില്‍ ആകെ ചിലവാകുന്ന് ഒരു സാധനമാണ് സിഗരറ്റ്.മാടക്കടയില്‍ നിന്ന് സ്കൂളിന്റെകത്തേക്ക് കയറിയാലോ?പുകവലിയും വെറ്റിലമുറുക്കും നിരോധിച്ചിരിക്കുന്നു. ഈ ബോര്‍ഡ് ആര്‍ക്ക് വേണ്ടിയാണ്?ഏതായാലും പിള്ളാരാരും സ്കൂളിന്റെ മുറ്റത്ത് പുകവലിക്കത്തില്ല.രക്ഷകര്‍ത്താക്കളാണങ്കില്‍ പ്രോഗസ്സ് കാര്‍ഡ് ഒപ്പിടാനും വോട്ട് ചെയ്യാനും അല്ലാതെ സ്കൂളിന്റെ ഏഴയലോക്കത്തേക്ക് വരത്തില്ല.പിന്നെ ആര്‍ക്ക് വേണ്ടിയാണ്.

എല്ലാ നിയമങ്ങള്‍ക്കും ഒരു ബോര്‍ഡ് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി തീര്‍ന്നിരിക്കുകയാണ്.ഒരു ഗവണ്‍‌മെന്റ് ഓഫിസിലേക്ക് കയറിചെല്ലുമ്പോള്‍ നമ്മളെ ആദ്യം സ്വീകരിക്കുന്നത് എന്തായിരിക്കും.കുറെ പോസ്റ്ററുകള്‍;പണിമുടക്കിന്റെയും സംസ്ഥാന ദേശീയ സമ്മേളനത്തിന്റെയും പോസ്റ്ററുകള്‍.ഇങ്ങിനത്തെ പോസ്റ്ററുകള്‍ ഏതെങ്കിലും കെട്ടിടത്തിന്റെ ഭിത്തിയില്‍ കണ്ടാല്‍ ഉറപ്പിക്കുക.അതൊരു ഗവണ്‍‌മെന്റ് ഓഫീസാകുന്നു.ആ പോസ്റ്റ്‌റുകളുടെ ഇടയില്‍ സൂക്ഷിച്ചു നോക്കിയാല്‍ ഒരു ബോര്‍ഡു കാണാം.”കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും ശിക്ഷാര്‍ഹമാണ്.”കൈക്കൂലി കൊടുത്താലെ കാര്യങ്ങള്‍ നടക്കൂ എന്ന്
മനസിലാക്കാന്‍ ഇതില്‍ കൂടുതല്‍ എന്തു വേണം.പുതിയ ട്രെന്‍ഡ് അനുസരിച്ച് ഗവണ്മെന്റ് ഓഫീസുകളില്‍ കൈക്കൂലി ഇല്ലത്രെ!കാരണം പന്ത്രണ്ടുമാസവും പ്രത്യേക ലോട്ടറികളുടെ കച്ചവടം ഗവണ്മെന്റ് ഓഫീസുകളിലൂടെ ആണല്ലോ!!

കള്ളുഷാപ്പുകളുടേയും ബാറുകളുടേയും ബോര്‍ഡില്‍ മറ്റൊരു മുന്നറിയിപ്പുകാണാം.’മദ്യപാനം ആരോഗ്യത്തിന് ഹാനികരം’. ബോര്‍ഡില്‍ മാത്രമല്ല,കുപ്പിയിലും ഉണ്ട് ഈ മുന്നറിയിപ്പ്.ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളുടെ വില്പന നിരോധിക്കേണ്ടതല്ലെ എന്ന ചോദ്യം പാടില്ല.മദ്യത്തിന്റെ വില്പനകൂടി നിര്‍ത്തി വെച്ചാല്‍ ഖജനാവ് എപ്പോള്‍ എലിപ്പുര ആയന്ന് ചോദിച്ചാല്‍ മതി.മദ്യകുപ്പികളില്‍ മാത്രമല്ല മുന്നറിയിപ്പ്.സിഗരറ്റ് കൂടിന്റെ പുറത്തും ഈ മുന്നരിയിപ്പ് ഉണ്ട്.സിഗരറ്റ്
വലി ആരോഗ്യത്തിന് ഹാനികരം.

കോളകളില്‍ ആരോഗ്യത്തിന് ഹാനികരമായ രീതിയില്‍ കീടനാശിനി അടങ്ങിയിട്ടുണ്ടന്ന് ആരോഗ്യ വകുപ്പ് പ്രഖ്യാപിക്കേണ്ട താമസം നമ്മുടെ ഗവണ്‍‌മെന്റ് കോളനിരോധിച്ചുകൊണ്ട് ഒരു നിയമം കൊണ്ടുവന്നു.ആ നിയമം വന്നതുപോലെ എങ്ങോട്ടോ പോയി.ഇനി എന്നാണാവോ കോളയുടെ പുറത്ത് ഒരു മുന്നറിയിപ്പ് വരുന്നത്.’കോളകുടിക്കുന്നത് ആരോഗ്യത്തിന് ഹാനികരം’

ഏഴുവര്‍ഷം മുന്‍പ് ഉണ്ടാക്കിയ മറ്റൊരു നിയമം ഓര്‍മ്മയുണ്ടോ?പ്രൈവറ്റ് ബസുകളില്‍ സ്ത്രികളുടെ സ്ഥാനം പുറകിലാക്കിയത്. എന്തു പെട്ടന്നാണ് ആ നിയമം മറഞ്ഞ് ഇല്ലാതായത്.ബസുകളില്‍ എന്തെല്ലാം നിയമങ്ങളാണ്.പുകവലി പാടില്ല.,കൈയ്യും തലയും പുറത്തിടരുത്,സ്ത്രികളുടെ സീറ്റില്‍ പുരുഷന്മാര്‍ ഇരിക്കരുത്.ഇത് പണ്ടു തൊട്ടേയുള്ള നിയമങ്ങള്‍.സ്തികളുടെ പെട്ടിപ്പുറത്തുള്ള ഇരുപ്പ് തടയാന്‍ ഡ്രൈവറുടെ സീറ്റിനു പിന്നില്‍ ഗ്രില്ലുവരെ നമ്മള്‍ നിയമത്തിലൂടെ കൊണ്ടുവന്നു.എന്നിട്ടും അപകടങ്ങള്‍ കുറഞ്ഞില്ല.വെറുതെ ഇരുന്നപ്പോള്‍ മറ്റാര്‍ക്കോ ഒരു നിയമം ഉണ്ടാക്കാന്‍ തോന്നി.ബസിന്റെ ജനലില്‍ കൂടി തലപുറത്തു
പോകാതിരിക്കാന്‍ ജനലിന്റെ സൈഡില്‍ ഒരു ക‌മ്പിയും കൂടി അടിക്കണം.പിന്നയും ഉണ്ട് നിയമങ്ങള്‍.
പുറകുവശത്ത് എമര്‍ജന്‍സി എക്സിറ്റ് വാതില്‍,കിളിക്ക് യൂണിഫോം,.....

ബസ്സുകളിലെ നിയമം പറയു‌മ്പോള്‍ ഒരു നിയമത്തിനൂടെ സ്കോപ്പ് ഉള്ള കാര്യം പറയാതിരിക്കാന്‍ വയ്യ.നമ്മുടെ ദീര്‍ഘദൂര ട്രാന്‍സ്പോര്‍ട്ടു ബസുകള്‍ക്ക് രണ്ടു വാതില്‍ ഉണ്ടന്ന് അറിയാമല്ലോ?അതിലൊരു വാതില്‍ മാത്രമെ തുറക്കാറുള്ളു.അത് ഏതാണന്ന് അറിയണമെങ്കില്‍ ബസ്സ് നിര്‍ത്തു‌മ്പോള്‍ ഓരോ വാതുക്കലും ഓടിയെത്തണം.(ബസ് എവിടെ നിര്‍ത്തുമെന്ന് അറിയാന്‍ ഇതു വരെ ഒരു വഴിയും കണ്ടുപിടിച്ചിട്ടില്ല.അത് അറിയണമെങ്കില്‍ ഈശ്വരന്‍ തന്നെ കനിയണം.)ഇപ്പോള്‍ ഏതു വാതിലാണ് തുറക്കുന്നതെന്ന്
അറിയാന്‍ എളുപ്പ വഴിയുണ്ട്.തുറക്കാത്ത് വാതില്‍ കയറുകൊണ്ടോ പ്ലാസ്റ്റിക് കൊണ്ടോ കെട്ടി വച്ചിട്ടുണ്ടാവും.ഒരു വാതില്‍ മാത്രം തുറക്കുന്നതിന്റെ കാരണം കേള്‍ക്കണോ?ആള്‍ക്കാര് ടിക്കറ്റ് എടുക്കാതെ പറ്റിക്കുന്നുണ്ടന്നു പോലും.

നമ്മുടെ കേരളത്തിലെ ബസുകള്‍ക്ക് മാത്രമല്ല രണ്ട് വാതില്‍.മറ്റുള്ള സ്ഥലങ്ങളില്‍ പുറകിലത്തെ വാതില്‍ കയറാനും മുന്നിലത്തെ വാതില്‍ ഇറങ്ങാനും ആണ്.ഈ നിയമം നമ്മുടെ നാട്ടില്‍ എന്തേ വരാന്‍ താമസിക്കുന്നു.നിയമം മാത്രം പോരാ.അത് ട്രാന്‍സ്‌പോര്‍ട്ട് ബസിന്റെ പുറത്ത് എഴുതി വയ്ക്കുകയും വേണം.

പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിച്ചുകൊണ്ട് ഒരു നിയമം ഉണ്ട്.നിയമം വന്ന സമയത്ത് പോലീസ് ഓടിച്ചിട്ട് പുകവലിക്കുന്നവരെ പിടിക്കുമായിരുന്നു.ഇപ്പോഴോ?ചില മതിലുകളിലും ചില സ്ഥലങ്ങളിലും മറ്റൊരു അറിയിപ്പ് കാണാം.‘ഇവിടെ മൂത്രം ഒഴിക്കരുത്’.പട്ടി മയില്‍ക്കുറ്റികാണു‌മ്പോള്‍ പിന്‍ക്കാല്‍ പൊക്കുന്നതുപോലെ ഈ അറിയിപ്പ് കാണുമ്പോള്‍ ആണുങ്ങള്‍ അറിയാതൊന്നു ബ്രേക്കിടും.ബ്രേക്കിട്ടില്ലങ്കില്‍ നമ്മള്‍ എന്ത് മലയാളീസ്.

‘ക്യു’പാലിക്കുക എന്നൊരു ബോര്‍ഡ് നമ്മള്‍ അറിവുവെച്ച കാലം മുതലേ കാണാന്‍ തുടങ്ങിയതാണ്.ആദ്യം വരുന്നവന്‍ ആദ്യം തിരിച്ച് പോകണം എന്നര്‍ത്ഥം.രാവിലെ 8 മണിക്ക് തുടങ്ങുന്ന റയില്‍‌വേ റിസര്‍വേഷന്‍ ക്യൂവില്‍ ആദ്യം വന്നു നിന്നാ‍ലും കൌണ്ടറു തുറന്നുകഴിഞ്ഞാ‍ല്‍ നമ്മളില്‍ പലരും പിന്നിലായിപോകും.റയില്‍‌വേയുടെ ജനറല്‍ കൌണ്ടറിലും ഇതു തന്നെയാണ് സ്ഥിതി. ചിലപ്പോള്‍ ട്രയിന്‍ പോയാലും നമ്മുടെ നില്‍പ്പിന് ഒരനക്കവും ഉണ്ടാവില്ല.സിനിമാടിക്കറ്റ് കൌണ്ടറിലും ഇതു തന്നെ സ്ഥിതി.

ഒരു സ്ഥലത്ത് മാത്രം നമുക്ക് മലയാളിയുടെ ‘ക്യു’കാണാം.ഈ ക്യുവില്‍ എത്തിയാല്‍ ആരും തിരക്ക് കാണാക്കാറില്ല.മഴയായാലും വെയിലായാലും വരിവരിയായി നില്‍ക്കും.എവിടാണന്നല്ലേ?സംശയം വേണ്ട ബിവറേജസ് കോപ്പറേഷന്റെ കൌണ്ടറില്‍!!!(വികടസരസ്വതി കേളക്കും എന്നുറപ്പുള്ള തുകൊണ്ട് ആരും ക്യു തെറ്റിക്കാന്‍ മിനക്കെടാറില്ല.കേള്‍ക്കേണ്ടത് കേട്ടാല്‍ നിയമങ്ങള്‍ പാലിക്കപ്പെടുമെന്ന് അര്‍ത്ഥം)

നിയമങ്ങള്‍ എല്ലാമ്ം കര്‍ശനമാക്കുകയും അതിനെല്ലാം ഒരു മുന്നരിയിപ്പ് ബോര്‍ഡ് വയ്ക്കുകയും ചെയ്യുന്ന ഒരു കാലം വരുന്നതിനെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചുണ്ടുന്റോ? അങ്ങനെയൊരു കാലത്ത്......

അവറാന്‍ മൂന്നാനയും കൂട്ടി പെണ്ണുകാണാന്‍ പെണ്ണിന്റെ വീട്ടിലെത്തി.ഗെയ്റ്റില്‍ ഒരു ബോര്‍ഡ്.‘പട്ടിയുണ്ട്.. കുരച്ച് പേടിപ്പിക്കും ,കടിക്കത്തില്ല ‘ബോര്‍ഡ് കണ്ട് അവറാന്‍ നിന്നു.മൂന്നാന്‍ അവറാന്റെ ചെവിയില്‍ പറഞ്ഞു.”പെണ്‍നിന്റെ തള്ള അകത്തുണ്ടനാ”.അവറാനെയും മൂന്നാനെയും പെണ്ണിന്റെ വീട്ടുകാര്‍ സ്വീകരിച്ചിരുത്തി.അവറാന്റെ മുന്നില്‍ പലഹാരങ്ങള്‍ നിരന്നു.വായിക്കകത്തേക്ക് ഉപ്പേരിയും ലഡുവും തള്ളിയിറക്കുമ്പോഴും അവറാന്റെ കണ്ണ് അടുക്കള ഭാഗത്തേക്ക് ആയിരുന്നു.

തിന്ന് തിന്ന് അവറാന് ഇക്കിള്‍ എടുത്തു തുടങ്ങിയപ്പോള്‍ അവള്‍ അടന്നു വന്നു.”ചായ” അവള്‍ മന്ത്രിച്ചു.അവറാന്റെ കാലില്‍ കൂടി ഒരു വിറയല്‍ കയറി.ട്രേയില്‍ നിന്ന് അവള്‍ ചായ എടുത്ത് അവനു നേരെ നീട്ടി.ചായ വാങ്ങിയപ്പോള്‍ അവന്റെ കൈകള്‍ വിറച്ചു.ചായ വാങ്ങിയപ്പോള്‍ അവളുടെ കൈയ്യില്‍ തോണ്ടാന്‍ അവനൊരു ശ്രമം നടത്താതിരുന്നില്ല.(പട്ടിയുടെ വാല്‍ പന്തീരാണ്ടു കൊല്ലം കുഴലില്‍ ഇട്ടാലും വാല് നേരെ ആവത്തില്ലല്ലോ?)ചായ ഗ്ലാസ് തുളുമ്പി.അവള്‍ കാലിന്റെ തള്ള വിരല്‍ കൊണ്ട് താജ്‌മഹല്‍
വരച്ചു.അവളുടെ മുഖത്ത് വിരിഞ്ഞിറങ്ങുന്ന നാണത്തിന്റെ പുഞ്ചിരിയില്‍ അവന്റെ മനം നിറഞ്ഞു.അവളെ മനസ്സിലേക്ക് സ്കാന്‍ ചെയ്ത് കയറ്റുമ്പോള്‍ അവളുടെ കഴുത്തില്‍ കെട്ടിയിരിക്കുന്ന ചരടിലെ ബോര്‍ഡ് അവന്റെ കണ്ണില്‍ പതിഞ്ഞു.“സ്ത്രിധനം കൊടുക്കുന്നതും വാങ്ങുന്നതും ശിക്ഷാര്‍ഹമാണ് ”അവന്റെ കൈയ്യില്‍ നിന്ന് ചായ ഗ്ലാസ് താഴെ വീണ് പൊട്ടിച്ചിതറി.

2 comments:

കുഞ്ഞന്‍ said...

തെക്കേടാ..

ഇത് നമ്മള്‍ മലയാളികള്‍ക്കു മാത്രം അവകാശപ്പെട്ട കുത്തകവകാശം ആണ്. ആ മലയാളി വിദേശത്തുപോയാ‍ല്‍ വിദേശിയര്‍ അവനെ വണങ്ങുന്നു പുകഴ്ത്തുന്നു, കാരണം അവന്റെ സാമൂഹിക ബോധം..!

Aadhaar said...

Nice post. Thanks for posting.