Thursday, April 23, 2020

ദുരന്തങ്ങൾ വരുന്ന വഴി....


രണ്ട്മൂന്ന് മാസങ്ങൾക്ക് മുമ്പാണ്.  സ്കൂളിൽ നിന്ന് വരുന്ന മോളെ വിളിക്കാൻ ഞാൻ വീട്ടിൽ നിന്ന് റോഡിലേക്ക് പോകുന്നു. ഒരു വീടുകൂടി കടന്നു വേണം എനിക്ക് റോഡിൽ എത്താൻ. ആ വീട്ടിലെ പ്ലസ് വൺകാരന്റെ ശബ്ദ്ദം കേട്ട് ഞാൻ നിന്നു...

"എടാ മണ്ടാ നിന്റെ തോക്ക് എനിക്ക് താടാ‍ാ...."

"ദേണ്ടടാ  കത്തി , അതെടുത്ത് കുത്ത്..."

"എനിക്ക് തോക്കില്ലടാ ... നിന്റെ തോക്ക് താടാ..."

"അവനെ കൊല്ലടാ... ദോണ്ടടാ നിന്റെ സൈഡിൽ കൂടി പോകുന്നു . അവനെ വെടിവയ്ക്ക്..."

എന്താ സംഭവം എന്ന് എനിക്ക് മനസിലാകാതെ നിന്നു. അവൻ മൊബൈലും പിടിച്ച് കസേരയിൽ ഇരുന്ന്  ഞെരിപിരി കൊള്ളുന്നത് എനിക്ക് റോഡീൽ നിന്ന് കാണാം. കൊല്ലടാ, കുത്തടാ , ഓടടാ എന്നൊക്കെ ഇവൻ വീണ്ടും വീണ്ടും പറയുന്നുണ്ട്. സംഗതി എന്താണന്ന് അറിയാൻ ഞാൻ കയറി ചെന്നു. ഞാൻ ചെന്നതൊന്നും അവൻ അറിഞ്ഞിട്ടില്ല. ഞാനവന്റെ മൊബൈലിലേക്ക് നോക്കി. അവനിരുന്ന് ഓൺലൈൻ ഗെയിം കളിക്കുകയാണ്. കൂടെ കളിക്കുന്നവരോടാണ് കൊല്ലാനും വെട്ടാനും കുത്താനുമുള്ള നിർദ്ദേശങ്ങൾ....

***********************************
കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ നിന്നൊരു ദുരന്ത വാർത്ത.
പത്താം ക്ലാസ് കാരനെ അവന്റെ കൂട്ടുകാർ വെട്ടിക്കൊന്നു. !!! 

ഓൺലൈൻ ഗെയിം കളിച്ചപ്പോൾ കളിയാക്കിയതിന്റെ പ്രതികാരമാണന്നോ ഫോൺ കൊടുക്കാത്തതിലുള്ള വൈരാഗ്യം ആണന്നോ കൊലപാതക കാരണം പറയുന്നു.
എത്ര നിസാരമായാണ് കൊലപാതകം നടത്തിയത്. ആദ്യം കല്ലെറിഞ്ഞ് വീഴ്ത്തി. പിന്നീട് അടുത്ത കുളത്തിൽ പോയി കുളിച്ച് വന്നിട്ട് അടുത്ത് എവിടെ നിന്നോ കോടാലി (മഴു) എടുത്തുകൊണ്ട് വീണു കിടന്നവന്റെ കഴുത്തിന് മുൻവശത്തും പുറകുവശത്തും വെട്ടിയന്ന്... (സത്യം പറഞ്ഞാൽ ഈ വാർത്ത വായിച്ച് ഞാൻ ഞെട്ടി.) പതിനഞ്ചോ പതിനാറോ വയസുള്ള കുട്ടികളാണ് ഈ ക്രൂരകൃത്യം ചെയ്തിരിക്കൂന്നത്. തങ്ങൾ ദിവസവും കാണുന്ന/കളിക്കുന്ന ഗെയിമുകളിലെ കൊലകൾ എത്ര ഭയാനകമായാണ് അവരെ കീഴടക്കിയിരിക്കുന്നത്?? വിർച്യൽ ലോകത്ത് വരച്ചുണ്ടാക്കിയ മനുഷ്യരെ കൊല്ലുന്നതുപോലെ തങ്ങളുടെ ഒരു കൂട്ടുകാരനെ കൊല്ലാൻ തക്കവണ്ണം മാനസിക കരുത്ത് നേടാൻ അവർക്ക് ആ ഗെയിമുകളിൽ കൂടി കഴിഞ്ഞു എങ്കിൽ നമ്മൾ ഭയപ്പെടേണ്ടി ഇരിക്കുന്നു... നമ്മുടെ കുട്ടികൾക്ക് വെർച്വലും റിയലും ഒന്നും തിരിച്ചറിയാൻ കഴിയാതായ്യിരിക്കുന്നു....
 

കൊലപാതക (ഓൺലൈൻ) ഗെയിമുകളിൽ മുഴകി ഇരിക്കുന്ന കുട്ടികളെ രക്ഷിക്കാൻ നമുക്ക് സാധിക്കുമോ? എന്ന ചോദ്യമാണ് അവശേഷിക്കുന്നത്. ഇവരുടെ മൊബൈൽ ഒന്നു നിങ്ങൾ മാറ്റിവെച്ച് നോക്കിയിട്ടൂണ്ടോ? മാനസികവിഭ്രാന്തി പിടിച്ചവരെപ്പോലെ ഇവർ പെരുമാറുന്നത് നമുക്ക് കാണാൻ കഴിയും (ഞാൻ കണ്ടിട്ടുണ്ട്). ഭൂരിഭാഗം കുട്ടികൾക്കും മാതാപിതാക്കൾ തന്നെയായിരിക്കും ഫോൺ വാങ്ങി നൽകിയത്? എന്തിനുവേണ്ടി ഫോൺ വാങ്ങി നൽകി എന്നതിന് ശരിയായ ഒരു ഉത്തരം പറയാൻ മാതാപിതാക്കൾക്കും കഴിയാറില്ല. ഏത് ഉദ്ദേശത്തിനുവേണ്ടി അവർക്ക് ഫോൺ നൽകി ആ ഉദ്ദേശത്തിനു വേണ്ടി അവർ ഫോൺ ഉപയോഗിക്കുന്നുണ്ടോ എന്ന് മാതാപിതാക്കൾ ശ്രദ്ധിക്കാറുമില്ല.

കുട്ടികൾ നമ്മുടെ ആണ്. അവർ നഷ്ടപ്പെട്ടാൽ ജീവിതാവസാനം വരെ നമുക്ക് സങ്കടം മാത്രമേ . നാട്ടുകാർക്കോ ബന്ധുക്കൾക്കോ പറയാൻ ഒരു കഥമാത്രം. സ്വന്തം മക്കൾ കഥാപാത്രങ്ങൾ മാത്രമായി അവശേഷിക്കേണ്ടവർ ആണോ എന്ന് മാതാപിതാക്കളാണ് ചിന്തിക്കേണ്ടത്. നമ്മുടെ മക്കളെ കൊലയാളി/കൊലപാതക ഗെയിമുകളിൽ നിന്ന് രക്ഷിക്കേണ്ടത് നമ്മൾ തന്നെയാണ്... കാരണം നഷ്ടപ്പെടുന്നത് നമുക്ക് മാത്രമാണ്......

 ഓൺലൈൻ ഗെയിം , കൊലപാതകം , മൊബൈൽ ,

Monday, April 13, 2020

ഉയിർത്തെഴുന്നേൽക്കാൻ മറന്നവൻ(ൾ)



നീ നൽകിയ ചുംബനങ്ങളിലെ രക്തതുള്ളികൾ
എനിക്കായി തീർത്ത ക്രൂശുമരണത്തിലെ
ഹൃദയം തകർത്തുകയറിയ ആണിയുടെ
മുനയിൽ തെറിക്കുന്ന നിണമെന്നറിഞ്ഞില്ല ഞാൻ.

നിന്റെ പ്രണയം ഞാൻ സ്വയം അണിഞ്ഞ
മുൾക്കിരീടമായിരുന്നല്ലേ?
മനസ്‌ മുറിപ്പെടുത്തിയ കുത്തുവാക്കുകളിൽ 
ഒഴുകിയത് എന്റെ ഉള്ളിലെ പ്രണയമായിരുന്നു.

നീ  നേടിയ വെള്ളിക്കാശുകൾ ഒരിക്കൽ
വെറും ലോഹക്കഷ്ണങ്ങൾ മാത്രമാവും.
നീ വിധിച്ച ശിക്ഷ ഏറ്റുവാങ്ങിയ ഞാൻ
ഉയിർത്തെഴുന്നേൽക്കാനാവാതെ തളർന്നുപോകുന്നു....
കാരണം നിനക്ക് ഞാൻ നൽകിയ ചുബനങ്ങൾ 
എന്റെ ജീവശ്വാസമായിരുന്നു...