Sunday, December 15, 2019

രുചി

ഞാൻ ഉണ്ടാക്കിയ ബ്രൂ കോഫിയെക്കാൾ
രുചി ആയിരുന്നു
അമ്മ ഇട്ടുതന്ന കട്ടൻ കാപ്പിക്ക്
കാരണം
ആരും അറിയാതെ അമ്മ അതിൽ
വാത്സല്യവും ഇട്ടിരിക്കാം

ഞാൻ ഉണ്ടാക്കിയ ചായയെക്കാൾ
രുചി ആയിരുന്നു
ഭാര്യ ഇട്ടുതന്ന ചായക്ക്
കാരണം
എന്നൊടുള്ള പ്രണയവും അവൾ
അതിലിട്ട് തിളപ്പിച്ചിരിക്കാം

ഞാൻ ഉണ്ടാക്കിയ കട്ടൻ‌ ചായയെക്കാൾ
രുചിക്കുറവായിരുന്നു
അപ്പൻ ഇട്ടുതന്ന കട്ടൻ ചായക്ക്
അതിനൊരു കവർപ്പായിരുന്നു
പക്ഷേ
വർഷങ്ങൾക്ക് ശേഷം
അപ്പനിട്ടുതന്ന കട്ടൻ ചായയുടെ രുചി
എന്റെ രുചി മുകുളങ്ങൾ വീണ്ടെടുത്തു
അപ്പോഴതിനു നല്ല രുചിയുണ്ടായിരുന്നു
കാരണം
അപ്പന്മാരുടെ സ്നേഹം
ചിപ്പിക്കുള്ളിലെ മുത്തുപോലെയാണ്.