Tuesday, December 8, 2015

ഇതൊന്ന് ഷെയർ ചെയ്യൂ..പ്ലീസ് .... ഒരു ലൈക്കെങ്കിലും ????

കഴിഞ്ഞ ആഴ്ച സോഷ്യൽ മീഡിയ വഴി കിട്ടിയ വാർത്തയാണ് നടൻ ജഗതി ശ്രികുമാർ മരിച്ചു. സോഷ്യൽ മീഡിയവഴി 'കൊല്ലപ്പെടുന്നവരിൽ' അവസാനത്തെ ആളാണ് ജഗതി. മനോരമ ന്യൂസിന്റെ വാർത്ത എന്ന രീതിയിലാണ് 'ജഗതി ശ്രീകുമാറിന്റെ' മരണം 'ഷെയർ' ചെയ്യപ്പെട്ടത്. 

അപകടത്തിനു ശേഷം ജീവിതത്തിലേക്ക് തിരികെ വരുന്ന ഒരാളെയാണ് 'ആരോ ഒരാൾ' കൊന്നത്. അയാൾ സൃഷ്ടിച്ച 'കൊലപാതക' വാർത്ത മറ്റുള്ളവർ ഷെയർ ചെയ്ത് മറ്റുള്ളവരെ അറിയിക്കുകയും ചെയ്ത് സംതൃപ്തിയടഞ്ഞു. എന്തുകൊണ്ടാണ് സോഷ്യൽ മീഡിയാകളിൽ ചില ആളുകൾ മറ്റുള്ളവരെ കൊന്ന് ആനന്ദം കണ്ടെത്തുന്നത്? മാനസിക രോഗാവസ്ഥയോടൊപ്പം ക്രിമിനൽ മനസുള്ളവർക്ക് മാത്രമേ ഇത്തരം വാർത്തകൾ ഉണ്ടാക്കാൻ കഴിയു. ഇത്തരം വാർത്തകൾ കാണുമ്പോൾ അതിലെ സത്യം മനസിലാക്കാതെ പലരും ഈ വാർത്തകൾ ഷെയർ ചെയ്യാറുണ്ട്. പലർക്കും തങ്ങൾക്ക് കിട്ടൂന്ന വാർത്ത സത്യമാണോ എന്ന് മനസിലാക്കാൻ മറ്റ് മാർഗങ്ങൾ ഒന്നും തന്നെ ഉണ്ടാവില്ല. വാർത്തകൾ സത്യമാണോ അല്ലിയോ എന്ന് മനസിലാക്കാൻ മാർഗമുണ്ടങ്കിലും അതിന് ശ്രമിക്കാതെ തന്നെ ഇത്തരം വാർത്തകൾ ഷെയർ ചെയ്യാറുണ്ട്. ഉദാഹരണത്തിന് ജഗതി ശ്രീകുമാറിന്റെ മരണ വാർത്ത ഷെയർ ചെയ്ത് കിട്ടുമ്പോൾ ടിവിയിൽ വാർത്ത കാണാൻ സൗകര്യമുള്ളവർക്ക് മനോരമ ന്യൂസിൽ ആ വാർത്ത കാണിക്കൂന്നുണ്ടോ എന്ന് നോക്കാവുന്നതാണ്. അല്ലങ്കിൽ ഏതെങ്കിലും ന്യൂസ് ചാനലിൽ അങ്ങനെയൊരു വാർത്തയുണ്ടോ എന്ന് നോക്കാവുന്നതാണ്. വാർത്തകൾ/ പോസ്റ്റുകളുടെ നിജസ്ഥിതി അറിയാൻ ശ്രമിക്കാതെ ഷെയർ ചെയ്യുന്നതുമാത്രമാണ് തങ്ങളുടെ ചുമതല എന്ന് കരുതുന്നത് എന്തിനാണ്? സോഷ്യൽ മീഡിയ ഉപയോഗിക്കാൻ എടുക്കുന്ന സമയത്തിൽ അല്പം സമയം വാർത്ത/പോസ്റ്റിന്റെ ആധികാരികത അറിയാൻ 'ഇന്റർനെറ്റ്' ഉപയോഗിക്കാവുന്നതാണ്. മാധ്യമങ്ങളുടെ പേരിൽ വരുന്ന ഇത്തരം ഫേയ്ക്ക് വാർത്തകളുടെ ആധികാരികത ഉറപ്പാക്കാൻ ആ മാധ്യമങ്ങളുടെ ഒഫിഷ്യൽ പേജുകൾ പരിശോധിക്കാവുന്നതാണ്. 

എപ്പോഴും ഈ പരിശോധന പ്രായോഗികമാവാറില്ല എന്നുള്ളത് സത്യമാണ്. ഒരാളെ കാണ്മാനില്ല, രക്തം ആവിശ്യപ്പെട്ടുകൊണ്ടുള്ള അഭ്യർത്ഥനകൾ, മറ്റേതെങ്കിലും തരത്തിലുള്ള സഹായ അഭ്യർത്ഥനകൾ തുടങ്ങിയവയ്ക്ക് എപ്പോഴും അവയുടെ ആധികാരികത പരിശോധിക്കാൻ കഴിയാറില്ല. മറ്റുള്ളവരെ സഹായിക്കാനുള്ള മനസ് , അനുകമ്പ തുടങ്ങിയവ ചൂഷ്ണം ചെയ്യാൻ പലരും സോഷ്യൽ മീഡിയകളെ ഉപയോഗിക്കാറുണ്ട്. തങ്ങൾ 'ഉണ്ടാക്കി' വിടൂന്ന വ്യാജ വാർത്തകൾ പോസ്റ്റുകൾ കൂടുതൽ ആളുകൾ ലൈക്ക്/ ഷെയർ ചെയ്യുമ്പോൾ എന്ത് മാനസിക സുഖമാണ് ഇത്തരം ആളുകൾക്ക് ഉണ്ടാകുന്നത്. മറ്റുള്ളവരെ പറ്റിക്കുമ്പോഴും വേദനിപ്പിക്കുമ്പോഴും കിട്ടുന്ന സുഖം മാത്രമാണ് ഇത്തരം വ്യാജ വാർത്ത/പോസ്റ്റുകൾക്ക് പിന്നിൽ. ഇത്തരക്കാരെ കണ്ടെത്താൻ പലപ്പോഴും കഴിയാറില്ല എന്നതുകൊണ്ട് കൂടുതൽ ആളുകൾ വ്യാജ വാർത്ത/പോസ്റ്റുകൾക്ക് പിന്നിൽ ഒളിഞ്ഞിരിക്കും. പലപ്പോഴും പിടിയിലാകുന്നത് ഇത്തരം വാർത്തകൾ/ പോസ്റ്റുകൾ സത്യമാണന്ന് കരുതി 'ഷെയർ' ചെയ്യുന്നവരാണ്.

കുറെ ദിവസത്തിനകം എനിക്ക് കാണാൻ കഴിഞ്ഞ ചില പോസ്റ്റുകൾ 

ജഗതി ശ്രീകുമാർ മരണപ്പെട്ടു !!!
ഒറ്റനോട്ടത്തിൽ ഈ വാർത്ത സത്യമാണന്നേ തോന്നുകയുള്ളൂ. സത്യമാണന്ന് കരുതിയാണ് പലരും ഷെയർ ചെയ്തതും. 

മനോരമ പോലൊരു ചാനൽ പ്രശസ്തനായ ഒരാൾ 'മരണപ്പെട്ടു' എന്ന വാക്ക് ഉപയോഗിക്കാനുള്ള സാധ്യത തുലോം കുറവാണ്. അന്തരിച്ചു എന്ന വാക്കായിരിക്കും മാധ്യമങ്ങൾ ഉപയോഗിക്കുന്നത്. (അപകടങ്ങളിൽ പെട്ടുള്ള മരണത്തിനാണല്ലോ 'മരണപ്പെട്ടു' എന്നുള്ള വാക്ക് സാധാരണയായി ഉപയോഗിക്കുന്നത്.). { ഈ വ്യാജ വാർത്തയിലെ ഫോട്ടൊയും ഒരു പ്രശ്നമാണ്. പ്രശസ്തരായ സിനിമാനടന്മാർ മരിക്കുമ്പോൾ അവരുടെ കഥാപാത്രവേഷങ്ങൾ 'വാർത്തകളുടെ' കൂടെ ചേർക്കാനുള്ള സാധ്യതയും കുറവാണ് }

വ്യാജ വാർത്തയ്ക്കെതിരെ ജഗതിയുടെ മകൾ ശ്രീലക്ഷ്മി ശ്രീകുമാർ തന്നെ വാർത്ത പ്രചരിച്ച് മണിക്കൂറുകൾക്കകം  ഫേസ്ബുക്കിൽ പോസ്റ്റിട്ടു.

മനോരമ ന്യൂസും ജഗതിയുടെ മകനും നൽകിയ പരാതിയിൽ പോലീസ് അന്വേഷ്ണം ആരംഭിച്ചു എന്ന് വാർത്തകളിൽ നിന്ന് മനസിലാക്കുന്നു. 
ഈ വാർത്തയുടെ ഉറവിടം കണ്ടെത്തി കുറ്റക്കാരെ ശിക്ഷിച്ചാൽ ഇത്തരം വ്യാജ വാർത്തകളുടെ വ്യാപനം തടയാൻ സാധിക്കും. 

ഈ കുട്ടിയെ അറിയുമോ?
കുറേ നാളായി ഷെയർ ചെയ്യപ്പെടുന്ന 'പോസ്റ്റാണ്' ഈ കുട്ടിയെ അറിയുമോ? എന്ന തലക്കെട്ടിലുള്ളത്. രണ്ട് ചിത്രങ്ങളാണ് ഇങനെ കൂടുതൽ ഷെയർ ചെയ്ത് കാണുന്നത്. ഈ ചിത്രങ്ങൾ ഒന്നു സൂക്ഷിച്ച് നോക്കിക്കേ? ഏതെങ്കിലും ചലച്ചിത്ര താരങ്ങളുമായി സാമ്യം തോന്നുന്നുണ്ടോ? അതിലൊന്ന് ഭാവനയും മറ്റൊന്ന്  അമലാപോളുമാണ്.

വേണമെങ്കിൽ ഒരു മാസം കഴിഞ്ഞ് കാണാതാകം !!!
ഇതിൽ ഏറ്റവും രസകരമായ കാര്യം ഭാവനയെ കാണാതായത് 22-12-2015 ൽ ആണ്. അതായത് ഇനിയും ഒരു മാസമുണ്ട് ഭാവനയെ കാണാതാകാൻ !!! - 

വേണമെങ്കിൽ അരമണിക്കൂർ മുമ്പേ പുറപ്പെടാം എന്ന് മാന്നാർ മത്തായി പറയുമ്പോലെയുള്ള ഒരു കാണാതാകൽ. 2015 ഫെബ്രുവരി 23 ന് ഒരാൾ പോസ്റ്റ്/ഷെയർ ചെയത പോസ്റ്റാണ് നവംബറിൽ ചിലർ ഷെയർ ചെയ്തത്. (കുഞ്ഞ് ഭാവനയെ കാണാതാകുന്നതിന് പത്ത് മാസം മുമ്പേയും ഒരു മാസം മുമ്പേയും ആളുകൾ കുഞ്ഞിനെ കണ്ട് അമ്മയെ തിരിച്ചെൽപ്പിക്കാൻ ശ്രമിക്കുന്നു). 

അമലാ പോളിനെ കാണാതായ പോസ്റ്റർ ഒന്നു ശ്രദ്ധിച്ചു നോക്കാമോ? മറ്റൊരു പോസ്റ്ററിലെ ചിത്രത്തിന്റെ മുകളിലേക്ക് അമലപോളിന്റെ ചിത്രം എടൂത്ത് വെച്ചിരിക്കുന്നതാണന്ന് കാണാം. അപ്പോൾ ആ പോസ്റ്റർ ഏതായിരിക്കും. ഇതാ ഈ ചിത്രങ്ങൾ ഒന്നു കൂടി നോക്കൂ.....
ഈ മൂന്ന് ചിത്രങ്ങളിലെയും കണ്ടന്റ് ഒന്നു തന്നെയാണ്. മുകളിലെ ചിത്രത്തിലെ ആദ്യത്തെ ചിത്രത്തിന്റെ ഫോട്ടോയുടെ മുകളിൽ ഭാവനയുടേയും അമലാപോളിന്റെയും ചിത്രങ്ങൾ ചേർത്തിരിക്കുയാണ്.

ഒരു കുട്ടിയെ മൂന്ന് സ്ഥലങ്ങളിൽ നിന്ന് കണ്ടുകിട്ടുമോ??

ദാ ഈ ചിത്രങ്ങൾ ഒന്ന് നോക്കിക്കേ. 

ഒരേ കുട്ടിയെ കേരളത്തിലെ ചാവക്കാട്ട് നിന്നും അവിടെ നിന്ന് രണ്ടായിരം കിലോമീറ്റർ അകലെ മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നും , അവിടെ നിന്ന് അയിരത്തോളം കിലോമീറ്റർ അകലെ ഉത്തർപ്രദേശിലെ വാരണാസിയിൽ നിന്നും  പോലീസിനു കിട്ടിയാലോ?? ആ കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താൻ ഇപ്പോഴും ആളുകൾ സോഷ്യൽ മീഡിയാകളിലൂടേ ശ്രമിക്കൂന്നു.!!!!

ഒരു വർഷത്തിനുമുമ്പുള്ള ജോലി വേണോ???
വാട്സാപ്പിൽ കഴിഞ്ഞ ദിവസം വന്ന ഒരു മെസേജ്. 2014 ഡിസംബറിലെ ഇന്റർവ്യൂ പരസ്യമായിരുന്നു അത്. ആ ചിത്രം കിട്ടിയവൻ ഡേറ്റ് നോക്കാതെ ഷെയർ ചെയ്തതാണ്. 

ഇതുപോലെയാണ് വരുന്ന പല പോസ്റ്റുകളും. എന്താണ് പോസ്റ്റിൽ/പരസ്യത്തിൽ എഴുതിയിരിക്കൂന്നത് എന്നു പോലും നോക്കാതെയാണ് പലരും തങ്ങൾക്ക് ഷെയർ ചെയ്ത് കിട്ടുന്നതെല്ലാം ബാക്കിയുള്ളവർക്ക് നൽകി 'വിശാലമനസ്കർ' ആകുന്നത് !!!

വാർത്തകളും ഫോട്ടോകളും പരസ്യങ്ങളും വെട്ടിമുറിച്ച് ഷെയറടിക്കാം !!!
ചന്ദിക പത്രത്തിൽ വന്ന വനിതാലീഗ് സമ്മേളനത്തിന്റെ പരസ്യത്തിൽ നിന്ന് കുറേഭാഗം മാത്രം മുറിച്ചെടുത്ത് ഷെയർ ചെയ്തവർ ആ പേജ് മുഴുവനായി കാണാതിരുന്നതായിരിക്കും. പക്ഷേ ആദ്യം ആ പോസ്റ്റ്/ചിത്രം ഉണ്ടാക്കിയവൻ തീർച്ചയായും ആ പേജ് കാണാതിരിക്കില്ലല്ലോ? പിന്നെന്തുകൊണ്ടായിരിക്കും അവർ ആ പത്രപേജിന്റെ കുറേഭാഗം മാത്രം മുറിച്ചെടുത്തത്??


ഇല്ലാ അപകടങ്ങൾ സൃഷ്ടിക്കുമ്പോൾ !!
നവംബർ 18 ന് ചെന്നൈ - അഹമ്മദാബാദ് നവജീവർ എക്സ്പ്രസ് ട്രയിൻ അപകടത്തിൽ പെട്ടതായ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് താഴെ കാണുന്നത്. പതിനായിരത്തിലധികം ആളുകൾ ആണ് ഈ പോസ്റ്റ് ഷെയർ ചെയ്തിരിക്കൂന്നത്.

അഞ്ച് ചിത്രങ്ങളാണ് ഈ പോസ്റ്റിൽ ഉള്ളതെങ്കിലും അതിൽ മൂന്ന് ചിത്രങ്ങൾ ആവർത്തിക്കുന്നവയാണ്. 
അതിലെ ആദ്യ ചിത്രം (മൂന്നും അഞ്ചും അതു തന്നെ) അറുപതിലധികം ആളുകൾ കൊല്ലപ്പെട്ട 2010 ജൂലൈ 19 ന് ബംഗാളിലെ സയിന്തിയ സ്റ്റേഷനിൽ ഉത്തൻഗംഗ എക്സ്പ്രസും വനാഞ്ചൽ എക്സ്പ്രസും തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിന്റെതാണ്. 


ലിങ്കുകൾ നോക്കുക ::

രണ്ടാമത്തെ ചിത്രം

2011 ജൂലൈ 10 ന് ഉത്തർപ്രദേശിലെ മാൾവ റയിൽവേസ്റ്റേഷനിടുത്ത് കൽക്കമെയിൽ പാളം തെറ്റിയതിന്റെതാണ്. ഈ അപകടത്തിൽ 60 ൽ അധികം ആളുകൾ ആണ് മരിച്ചത്.

ലിങ്കുകൾ നോക്കുക - 

{2015 ആഗസ്റ്റ് 15 ന് Communist Party of India (CPI) പുറത്തിറക്കിയ 'Railway Accidents' എന്ന വാർത്താകുറിപ്പിൽ - ഉപയോഗിച്ചിരിക്കുന്നത് ടെലിഗ്രാഫിന്റെ ഈ അപകടവാർത്തയുടെ ഇമേജാണ്}

നാലാമത്തെ ചിത്രം

2010 ജനുവരി 16 ന് ഉത്തർപ്രദേശിലെ ടുണ്ടല(Tundla) റയിൽവേ സ്റ്റേഷനു സമീപം കാളിന്ദി എക്സ്പ്രസും ശ്രാം ശക്തി എക്സ്പ്രസും അപകടത്തിൽ പെട്ട ചിത്രമാണ് നാലമത്തേത്.



ലിങ്കുകൾ നോക്കുക - 

ഈ വ്യാജ വാർത്ത ഓരോ ദിവസവും ഫേസ് ബുക്കിൽ പലരും പോസ്റ്റ് ചെയ്യുന്നുണ്ട്.  ഫേസ് ബുക്ക് സേർച്ചിൽ chennai to ahmedabad navajeevan express got accident  എന്ന് സേർച്ച് ചെയ്ത് നോക്കിക്കേ ......


പുര കത്തുമ്പോൾ ഇല്ലാ വാഴ നടന്നുവർ !!
കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ 'ചെന്നൈ വെള്ളപ്പൊക്കത്തിൽ' രാജ്യം ഒന്നാകെ തോളോട്തോൾ ചേർന്ന് ദുരിത ബാധിതർക്ക് സഹായം നൽകുമ്പോൾ ആരുടയോ 'കുബുദ്ധിയിൽ' ഉണ്ടക്കിയ ഒരു വാർത്ത സോഷ്യൽ മീഡിയകളിൽ പലരും ഷെയർ ചെയ്തു. വെള്ളപ്പൊക്കത്തിൽ Madras Crocodile Bank (MCB)യിൽ നിന്ന് മുതലകൾ ചാടിപ്പോയി എന്ന വാർത്ത വെള്ളത്തിൽ കിടക്കുന്ന മുതലയുടെ ചിത്രത്തോടെയാണ് സോഷ്യൽ മീഡിയകളിൽ 'വാർത്ത'യായത്. ഒരു മുതല പോലും MCB യിൽ നിന്ന് പുറത്ത് പോയിട്ടില്ല MCB പറഞ്ഞിട്ടും വ്യാജ വാർത്തയ്ക്കും ശമനം ഉണ്ടായില്ല. ഇപ്പോഴും പുതിയ പുതിയ മുതലപ്പടങ്ങൾ സോഷ്യൽ  മീഡിയാകളിൽ വന്നു കൊണ്ടിരിക്കൂന്നു.

സോഷ്യൽ മീഡിയാകളിൽ പ്രചരിക്കുന്ന ചില ചിത്രങ്ങൾ


ദാ ഈ ചിത്രം നോക്കൂ....

മുകളിലെ ചിത്രം ചെന്നൈയിൽ നിന്നുള്ളതാണന്നാണ് പറയുന്നത്. പക്ഷേ ഈ ചിത്രം ഒരു വർഷത്തിനു മുമ്പള്ളതായി 'ഗൂഗിൾ സേർച്ചിൽ' കാണിക്കുന്നുണ്ട്. 2014 സെപ്റ്റംബറിൽ ഗുജറാത്തിലെ വഡോദരയിൽ ഉണ്ടായ വെള്ളപ്പൊക്ക ചിത്രങ്ങളിൽ ഈ ചിത്രം ബറോഡ റോക്സ്  എന്ന സൈറ്റിൽ കാണാൻ കഴിയും. ഈ ലിങ്കിലെ  മൂന്നാമത്തെ ചിത്രം.

ചെന്നൈയിലെ വെള്ളപ്പോക്കത്തിൽ ജോർജിയയിൽ നിന്നുവരെ വ്യാജമുതലകളെ കൊണ്ടുവന്നു. ദാ ഈ ചിത്രം നോക്കൂ...
മുകളിലെ ചിത്രത്തിൽ ചുമന്ന നിറത്തിൽ കാണിച്ചിരിക്കുന്ന ചിത്രം 2015 ജൂണിൽ ജോർജിയയിലെ Tbilisi ൽ ഉണ്ടായ വെള്ളപ്പൊക്കത്തിന്റേതാണന്നുള്ള രീതിയിൽ സൃഷ്ടിക്കപ്പെട്ട വ്യാജ ഫോട്ടോയാണ്. 


Madras Crocodile Bank (MCB)യിൽ നിന്ന് മുതലകൾ രക്ഷപെട്ടൂ എന്നുള്ളത് വ്യാജ വാർത്തയാണന്ന് MCB തന്നെ പറയുന്നു.

തീർന്നില്ല, ചെന്നൈയിൽ ഇനി പെരുമഴ വരുന്നു എന്ന രീതിയിൽ നാസ എന്തോ അറിയിച്ചു എന്നുള്ള പേരിൽ പുതിയ 'ഫോർവേഡ് /ഷെയർ പോസ്റ്റുകൾ' സോഷ്യൽ മീഡിയകളിൽ കറങ്ങി നടക്കുന്നു. എന്തിനും ഏതിനും നാസയെ കൂട്ടുപിടിക്കുന്നത് ഇപ്പോൾ അസാധാരണമല്ല.

ഇതൊരു വ്യാജ സന്ദേശമാണന്ന് പത്രമാധ്യമങ്ങൾ വഴി അറിയിപ്പ്/വാർത്ത നൽകിയാലും വീണ്ടൂം വീണ്ടും ആളുകൾ ഷെയർ ചെയ്തു കൊണ്ടിരിക്കും...
DNA നൽകിയ വാർത്ത :: Dear people of Chennai, NASA hasn’t predicted a hurricane or excess rainfall

മാതൃഭൂമി വാർത്ത

എന്തുകൊണ്ടാണ് ആളുകൾ ഇങ്ങനെ വ്യാജവാർത്തകളും മറ്റും സൃഷ്ടിക്കുന്നത്....??? ജനങ്ങളുടെ ഇടയിൽ ഭീതി വളർത്തുന്നത്??

ഇല്ലാക്കഥകളും മറ്റും ഷെയർ ചെയ്യുന്നവർ തങ്ങൾ ഷെയർ ചെയ്യുന്നത് അതിന്റെ ആധികാരികത ഒന്നും മനസിലായിട്ടാവില്ല. ചുമ്മാ ഒരു ഷെയർ , അത്രമാത്രം....

സോഷ്യൽ മീഡിയാകളിൽ തങ്ങൾക്ക് കിട്ടുന്നതെല്ലാം ഷെയർ ചെയ്യുന്നതിനെക്കുറിച്ച് Devadas VM നടത്തിയ 'സ്വയ വിമർശന'പരമായ ഒരു നീരീക്ഷണത്തോടെ ഈ പോസ്റ്റ്  അവസാനിപ്പിക്കുന്നു.


ഈ പോസ്റ്റ് ഷെയർ ചെയ്യുന്നില്ലേ? പ്ലീസ് ഒന്നു ഷെയർ ചെയ്യൂ, ഒരു ലൈക്കെങ്കിലും......... പറ്റില്ലല്ലേ...... :)