റേഷൻ കാർഡ് പുതുക്കുന്നതിനുള്ള ഫോം പൂരിപ്പിക്കുന്നതാണല്ലോ നമ്മൾ മലയാളികൾ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന വലിയ തൊന്തരവ് (പ്രതിസന്ധി) . ഈ തൊന്തരിവിനെ (പ്രതിസന്ധിയെ) എങ്ങനെ തരണം ചെയ്യാം അഥവാ ഈ ഫോം എങ്ങനെ പൂരിപ്പിക്കാം എന്ന് നമുക്ക് നോക്കാം. (ആദ്യം ഇതൊന്നു മുഴുവൻ വായിച്ചു നോക്കുക. എന്നിട്ട് മാത്രം ഫോറം പൂരിപ്പിക്കാൻ തുടങ്ങുക)
പേജ് ഒന്ന് - പാർട്ട് എ
1. നിലവിലുള്ള കുടൂംബനാഥന്റെ പേര് - ഇവിടെ ഒന്നും എഴുതേണ്ട കാര്യമില്ല.
2. മുതിർന്ന വനിത അംഗത്തിന്റെ പേര് - മുതിർന്ന വനിത അംഗത്തിന്റെ പേര് മലയാളത്തിൽ ഫോമിൽ എഴുതിയിട്ടൂണ്ട്. അതിനു ശേഷം (ഇംഗ്ലീഷ്) എന്ന് കാണുന്ന സ്ഥലത്ത് മുതിർന്ന വനിതാ അംഗത്തിന്റെ പേര് ഇംഗ്ലീഷിൽ എഴുതുക. (മുതിർന്ന വനിതാ അംഗത്തിന്റെ പേരിലായിരിക്കും കാർഡ് ലഭിക്കുക)
3. മുതിർന്ന പുരുഷ അംഗത്തിന്റെ പേര് മലയാളത്തിലും ഇംഗ്ലീഷിലും എഴുതുക.
4. പഞ്ചായത്ത് /മുൻസിപ്പാലിറ്റി/കോർപ്പറേഷൻ ആണൊ എന്നുള്ള ചോദ്യത്തിനു ശേഷം ഏത് എന്നുള്ള ഉത്തരവും പഞ്ചായത്ത് /മുൻസിപ്പാലിറ്റി/കോർപ്പറേഷൻ പേരും ഫോമിൽ തന്നെ ഉണ്ട്. അവിടെ ഒന്നും തന്നെ എഴുതേണ്ടകാര്യമില്ലങ്കിലും എന്തെങ്കിലും മാറ്റമുണ്ടങ്കിൽ അത് മാറ്റി എഴുതുക. പഞ്ചായത്തിനു P എന്നും മുൻസിപ്പാലിറ്റിക്ക് M എന്നും കോർപ്പറേഷൻ ആണങ്കിൽ C എന്നും എഴുതുക. (നിങ്ങളുടെ താമസ സ്ഥലം ഉൾപ്പെടൂന്നത് എവിടെ ആണന്നാണ് ചോദ്യം.)
5. നിങ്ങളുടെ കൈവശം ഇപ്പോൾ ഉള്ള കാർഡിലെ മേല്‍വിലാസം ആണിത്. ഇവിടെ ഒന്നും എഴുതേണ്ടതില്ല.
6. ഇവിടെ വീട്ടൂ പേര് എഴുതുക.
{അഡ്രസ്/താമസം മാറിയിട്ടൂണ്ടങ്കിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കൂന്ന റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് ഫോമിനോടൊപ്പം നൽകണം.}
7. വീട്ടൂ നമ്പർ - പഴയ വീട്ടുനമ്പറിനു ശേഷം (കുത്തുകൾ ഉള്ള ഭാഗത്ത്) പുതിയ വീട്ടൂ നമ്പർ എഴുതി ചേർക്കുക. (തദ്ദേശ സ്വയഭരണ സ്ഥാപനത്തിൽ നിന്ന് വീട്ടിൽ അടിച്ചിരിക്കുന്ന മെറ്റൽ ഷീറ്റിൽ വീട്ട് നമ്പരും വാർഡ് നമ്പരും ഉണ്ട്)
9. നിങ്ങളുടെ സ്ഥലം എഴുതുക.
10. പിൻകോഡ്( പോസ്റ്റ് ഓഫീസ് കോഡ് നമ്പർ) എഴുതാനുള്ള സ്ഥലം .
11. താലൂക്കിന്റെ പേര് എഴുതുക.
12. വില്ലേജിന്റെ പേര് എഴുതാനുള്ള സ്ഥലം. (നിങ്ങൾ താമസിക്കുന്ന വില്ലേജിനു മാറ്റം ഉണ്ടങ്കിൽ മാത്രം (കുത്തിട്ട ഭാഗത്ത്) എഴുതുക.
{അഡ്രസ്/താമസം മാറിയിട്ടൂണ്ടങ്കിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കൂന്ന റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് ഫോമിനോടൊപ്പം നൽകണം.}
13. വീട് വൈദ്യുതീകരിച്ചതാണോ എന്നുള്ള ചോദ്യവും അതിനുള്ള ഉത്തരവും ഇവിടെ ഉണ്ട്. പഴയ കാർഡിലെ വിവരം ആണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. പഴയ കാർഡ് ലഭിച്ചപ്പോൾ നിങ്ങളുടെ വീട്ടിൽ വൈദ്യുതി ഇല്ലാതിരുന്നെങ്കിലും ഇപ്പോൾ വൈദ്യുതി കണക്ഷൻ ലഭിച്ചിട്ടൂണ്ടങ്കിൽ Y എന്ന് എഴുതുക.
14. വൈദ്യുതി ബില്ലിൽ നിന്ന് ഇലക്ട്രിസിറ്റി കൺസ്യൂമർ നമ്പർ എഴുതുക.
15. വൈദ്യുതി ബില്ലിൽ നിന്ന് ഇലക്ട്രിസിറ്റി സെക്ഷൻ കോഡ് എഴുതുക.
16. പതിനാറാമത്തെ ചോദ്യം നിങ്ങൾക്ക് ഗ്യാസ് കണക്ഷൻ ഉണ്ടോ എന്നാണ്. നിലവിൽ ഗ്യസ് കണക്ഷൻ ഉണ്ടങ്കിൽ വൈ എന്നും ഇല്ലങ്കിൽ നോ എന്നും എഴുതുക.
17. ഗ്യാസ് കൺസ്യൂമർ നമ്പർ എഴ്തുക. ( ഗ്യാസ് കൺസ്യൂമർ ബുക്കിൽ നിന്ന് ഈ നമ്പർ ലഭിക്കും)
18. നിങ്ങൾക്ക് ഇപ്പോൾ ഉള്ള സിലണ്ടറുകളുടെ എണ്ണം എഴുതേണ്ട സ്ഥലം. ഒന്ന് അല്ലങ്കിൽ രണ്ട് എന്ന് അക്കത്തിൽ ( 1 / 2 ) എഴുതുക. (മാറ്റം ഉണ്ടങ്കിൽ മാത്രം എഴുതുക)
19. ഗ്യാസ് കമ്പനി ഏതാണന്നുള്ള ചോദ്യം- ഇന്ത്യൻ ഓയിൽ ഓർപ്പറേഷൻ ആണന്ങ്കിൽ IOC എന്നും ഹിന്ദുസ്ഥാൻ പെട്രോളിയം HPC ആണങ്കിൽ എന്നും ഭാരത് പെട്രോളിയം ആണങ്കിൽ BPC എന്നും എഴുതുക ( ഇതും ഗ്യാസ് കൺസ്യൂമർ ബുക്കിൽ നിന്ന് ലഭിക്കും - 'കസ്റ്റമർ കാർഡ്' ബുക്കിന്റെ പുറത്ത് ഗ്യാസ് കമ്പനിയുടെ പടം ഉണ്ടാകും. അല്ലങ്കിൽ 'കസ്റ്റമർ കാർഡ്' ബുക്കിന്റെ ആദ്യപേജിൽ കാർഡ് സീരിയൽ നമ്പറിന്റെ കൂടെ കമ്പനിയുടെ പേര് ഉണ്ടാകും. (ഇനിയും സംശയം ആണങ്കിൽ)ഏജൻസിക്കാരോട് ചോദിക്കുക.).
20. ഗ്യാസ് ഏജൻസിയുടെ പേരും കോഡും എഴുതാനുള്ള സ്ഥലം - ( ഇതും ഗ്യാസ് കൺസ്യൂമർ ബുക്കിൽ നിന്ന് ലഭിക്കും).
21.സർക്കാർ കുടിവെള്ള പദ്ധതികളിൽ നിന്നുള്ള വാട്ടർ കണക്ഷൻ / പൈപ്പ് കണക്ഷൻ ഉണ്ടോ എന്നാണ് ചോദ്യം. ഉണ്ടങ്കിൽ Y എന്നും ഇല്ലങ്കിൽ N എന്നും എഴുതുക.
22. വാട്ടർ കണക്ഷൻ ഉണ്ടങ്കിൽ അതിന്റെ കൺസ്യൂമർ നമ്പർ എഴുതുക. - വാട്ടർ ബില്ലിൽ നിന്ന് കൺസ്യൂമർ കാർഡ് കിട്ടും.
23. സർക്കാരിന്റെ ഭവന പദ്ധതി പ്രകാരം വീട് ലഭിച്ചിട്ടുണ്ടോ എന്നാണ് ചോദ്യം. ലഭിച്ചിട്ടൂണ്ടങ്കിൽ Y എന്നും ഇല്ലങ്കിൽ N എന്നും എഴുതുക.
24. സർക്കാരിന്റെ ഭവന പദ്ധതി പ്രകാരം വീട് ലഭിച്ചിട്ടുണ്ടങ്കിൽ ആ ഭവന പദ്ധതിയുടെ പേര് എഴുതാനുള്ള സ്ഥലം.
25. കുടുംബത്തിൽ ആർക്കെങ്കിലും ( നിങ്ങളുടെ കാർഡുൽ ഉൾപ്പെട്ടിട്ടൂള്ള/ ഉൾപ്പെടൂത്താൻ ആഗ്രഹിക്കുന്ന ആർക്കെങ്കിലും) ഇപ്പോൾ സർക്കാരിന്റെ ക്ഷേമ പെൻഷൻ ലഭിക്കുന്നുണ്ടോ എന്നാണ് ചോദ്യം. ലഭിക്കുന്നണ്ടങ്കിൽ Y എന്നും ഇല്ലങ്കിൽ N എന്നും എഴുതുക.
26.ക്ഷേമ പെൻഷൻ ലഭിക്കൂന്നുണ്ടങ്കിൽ (ഏത് ക്ഷേമ പദ്ധതി പ്രകാരമാണ് നിങ്ങൾക്ക് പെൻഷൻ ലഭിക്കൂന്നത്) ആ ക്ഷേമ പദ്ധതിയുടെ പേര് എഴുതുക. ഉദാഹരണത്തിനു കര്‍ഷക തൊഴിലാളി പെന്‍ഷന്‍, വാര്‍ദ്ധക്യ കാല പെന്‍ഷന്‍, തയ്യൽ തൊഴിലാളി പെൻഷൻ ....
- പെൻഷൻ ബുക്കിൽ നിന്ന് ഈ വിവരം എഴുതാൻ 'മാർഗ നിർദേശങ്ങളിൽ' പറയുന്നുണ്ട് .വല്ലപ്പോഴും മണി ഓർഡർ ലഭിക്കുന്നുണ്ടങ്കിലും ക്ഷേമ പെൻഷൻ ലഭിക്കൂന്ന പലർക്കും ഈ പെൻഷൻ ബുക്ക് ഇല്ല. ക്ഷേമ പെൻഷൻ ലഭിക്കാൻ കൊടുത്ത അപേക്ഷയുടെ മുകളിൽ ഏത് 'ക്ഷേമ പെൻഷ'നുള്ള അപേക്ഷ എന്ന് പറഞ്ഞിട്ടൂണ്ട്. ആ പേര് ഓർമ്മയുണ്ടങ്കിൽ/ അപേക്ഷുടേ കോപ്പി സൂക്ഷിച്ചിട്ടൂണ്ടങ്കിൽ അതിൽ നിന്ന് പേര് എഴുതുക. അല്ലങ്കിൽ, മണി ഓർഡർ കൈവശം ഉണ്ടങ്കിൽ അതുമായി ലേബർ ഓഫീസിൽ ചെന്ന് ചോദിക്കുക.
27. കാർഡിൽ ഉൾപ്പെടുത്തേണ്ടവരുടെ വിവരങ്ങൾ ആണ് ഈ കോളങ്ങളിൽ എഴുതേണ്ടത്.
ഇതാണ് ഈ ഭാഗം പൂരിപ്പിക്കുന്നതിനുള്ള മാർഗ നിർദേശങ്ങൾ.
പുതിയ കാർഡിൽ ഉൾപ്പെടൂത്താൻ പാടില്ലാവരുടെ പേര് വെട്ടിയിട്ട് അതിനു നേരെ കാരണം എഴുതാൻ ആണ് പറയുന്നത്. വെട്ടുന്ന പേരിന് നേരെ കാരണം എഴുതാൻ പ്രത്യേകം കോളം ഒന്നും ഇല്ലാത്തതുകൊണ്ട് അവസാന കോളത്തിനു ശേഷം പേരിനു നേരെ കാരണം എഴുതുക. നീട്ടീപ്പിടിച്ച് എഴുതാൻ സ്ഥലം ഇല്ലാത്തതുകൊണ്ട് മരിച്ചു പോയ ആളിന്റെ പേര് വെട്ടീയതിനു ശേഷം അതിനെ നേരെ മരണപ്പെട്ടൂ എന്ന് എഴുതുക. കൂടാതെ ഡെത്ത് സർട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം നൽകണം.
പുതിയതായി ആളെ ചേർക്കാൻ ക്രമനമ്പർ ഇട്ട് അതാത് കോളങ്ങളിൽ എഴുതുക. നിങ്ങളുടെ കാർഡിൽ പുതിയതായി ഉൾപ്പെടൂത്തേണ്ടവരുടെ പേരുകൾക്ക് ഫോമിലെ കോളങ്ങൾ തികയുന്നില്ലങ്കിൽ വെള്ളപേപ്പറിൽ പുതിയതായി ചേർക്കേണ്ട അംഗങ്ങളുടെ പേരുകൾ 'ഈ മാതൃകയിൽ' തന്നെ എഴുതി ഫോമിനോടൊപ്പം നൽകിയാൽ മതിയാകും.
ഈ കോളങ്ങൾ പൂരിപ്പിക്കുന്നത് നോക്കാം.
ക്രമനമ്പർ. - ഒന്നാം കോളം
പുതിയതായി എഴുതുമ്പോൾ അടൂത്ത ക്രമനമ്പർ എഴുതുക. തൊട്ട് മുകളിലിത്തെ ക്രമനമ്പറിന്റെ അടൂത്ത സംഖ്യ എഴുതി തുടങ്ങുക. (ഉടമയുടെ ക്രമനമ്പർ കൂടി നോക്കിയിട്ട് എഴുതുക)
പേര് - രണ്ടാമത്തെ കോളം
ഈ കോളത്തിൽ പുതിയതായി ചേർക്കേണ്ട ആളുകളുടെ പേര് എഴുതുക. കുട്ടികളുടെ പേര് ചേർക്കുമ്പോൾ ജനുവരി ഒന്നിന് രണ്ട് വയസ് പൂർത്തിയായവരുടെ പേര് മാത്രമേ എഴുതാവൂ എന്നാണ് മാർഗ നിർദേശത്തിൽ പറയുന്നത്.
പുതിയ ഒരാളിന്റെ പേര് ചേർക്കുമ്പോൾ അയാൾ നിലവിൽ ഒരു കാർഡിലും ഉൾപ്പെട്ടീട്ടീല്ലങ്കിൽ മാത്രമേ ചേർക്കാവു. കുട്ടികളെ ചേർക്കുമ്പോൾ അവരുടേ ബർത്ത് സർട്ടിഫിക്കറ്റും മുതിർന്നവർക്ക് മറ്റൊരു കാർഡിലും ഉൾപ്പെട്ടിട്ടീല്ല എന്ന് തെളിയിക്കൂന്ന രേഖയും അപേക്ഷയോടൊപ്പം നൽകണം.
ആൺ/പെൺ - മൂന്നാം കോളം
പുതിയതായി ചേർക്കുന്ന ആൾ ആണാണങ്കിൽ M എന്നും പെൺ അണങ്കിൽ F എന്നും എഴുതുക.
ഉടമയുമായുള്ള ബന്ധം - നാലാം കോളം.
ഇവിടെ ബന്ധം എഴുതുകയല്ല. മാർഗ നിർദേശങ്ങളിലെ രണ്ട്, മൂന്ന് പേജുകളിലായി തന്നിട്ടൂള്ള പട്ടീകയിലെ 'റിലേഷൻ കോഡ്' നമ്പർ എഴുതുകയാണ് ചെയ്യേണ്ടത്.
ബന്ധത്തിന്റെ കോഡ് എഴുതുന്നതിനു മുമ്പ് 'കുടൂംബത്തിലെ മുതിർന്ന സ്ത്രി' / അവരുടെ സമ്മതപത്രത്തോടെ നിർദേശിക്കപ്പെടൂന്ന സ്ത്രി യാണ് കാർഡ് ഉടമ/ അല്ലങ്കിൽ നിർദ്ദേശിക്കപ്പെടൂന്ന പുരുഷനാണ് കാർഡ് ഉടമസ്ഥൻ എന്ന് ചിന്തിച്ചുകൊണ്ടായിരിക്കണം ബന്ധം കണ്ടു പിടിക്കേണ്ടത്.
ഉദാഹരണത്തിനു കുടുബത്തിലെ മുതിർന്ന സ്ത്രി ഉടമയായ കാർഡീൽ രണ്ടാമത്തെ ക്രമനമ്പറിൽ അവരുടെ ഭർത്താവാണങ്കിൽ 'ഉടമയുമായുള്ള ബന്ധം' ഭർത്താവ് എന്നുള്ളതാണ്. ഭർത്താവിന്റെ 'റിലേഷൻ കോഡ്' 14 ആയതുകൊണ്ട് ആ കോഡ്/ നമ്പർ അവിടെ എഴുതുക. മൂന്നാമത്തെ ക്രമനമ്പറിൽ മകനാണ് വരുന്നതെങ്കിൽ മകന്റെ 'റിലേഷൻ കോഡ്' ആയ 3 എഴുതുക. പുതിയതായി മരുമകളെ ചേർക്കുമ്പോൾ ബന്ധത്തിന്റെ കോളത്തിൽ മരുമകളുടെ 'റിലേഷൻ കോഡ്' ആയ 16 എഴുതുക.
വയസ് - അഞ്ചാം കോളം
നിലവിലുള്ളവരുടെ വയസ് വെട്ടി എഴുതാൻ സ്ഥലം ഇല്ലാത്തതുകൊണ്ട് വെട്ടി എഴുതാൻ ശ്രമികേണ്ട. പുതിയതായി ചേർക്കൂന്നവരുടെ വയസ് ആ കോളങ്ങളിൽ പുതിയതായി എഴുതുക.
ജനന തീയതി.- ആറാം കോളം.
അംഗങ്ങളുടെ എല്ലാം ജനനത്തീയതി(തീയതി-മാസം-വർഷം) എഴുതുക. ജനനത്തീയതി അറിയില്ലങ്കിൽ ജനിച്ച വർഷം മാത്രം എഴുതുക.
തൊഴിൽ , തിരുത്ത് - ഏഴ് , എട്ട് കോളങ്ങൾ
കാർഡിൽ ഇപ്പോഴുള്ളവരുടെ തൊഴിലിൽ എന്തെങ്കിലും വെത്യാസം വന്നിട്ടൂണ്ടങ്കിൽ അത് തിരുത്ത് കോളത്തിൽ എഴുതുക. പുതിയതായി ചേർക്കൂന്നവരുടെ ജോലി 'തൊഴിൽ' എന്ന കോളത്തിലും എഴുതുക. തൊഴിൽ-തിരുത്ത് കോളങ്ങൾ പൂരിപ്പിക്കേണ്ടത് 'മാർഗ നിർദ്ദേശം' മൂന്ന് നാല് പേജുകളീൽ തന്നിട്ടൂള്ള പട്ടികയിലെ 'പ്രൊഫഷൻ കോഡ്' ഉപയോഗിച്ചാണ്. (ഈ പട്ടീകയിൽ ഉൾപ്പെടാത്ത/ഉൾപ്പെടൂത്താൻ പറ്റാത്ത ജോലിയാണ് ചെയ്യുന്നതെങ്കിൽ ആ ജോലി ഈ കോളത്തിൽ എഴുതാം എന്ന് മന്ത്രി പറഞ്ഞിട്ടൂണ്ട്)
ഉദാഹരണത്തിൽ പഴയ കാർഡിൽ ഉൾപ്പെട്ട ആളിന്റെ തൊഴിൽ കോളത്തിൽ 'വിദ്യാര്‍ത്ഥി' എന്നണന്ന് കരുതുക. അയാള്‍ ഇപ്പോൾ വണ്ടീ ഓടിക്കുന്ന തൊഴിലാണ് ഏർപ്പെട്ടീരിക്കൂന്നതെങ്കിൽ 'ഡ്രൈവർ' എന്ന തൊഴിലിന്റെ പ്രൊഫഷൻ കോഡായ 74 തിരുത്ത് കോളത്തിൽ എഴുതുക. പട്ടാളക്കാരനായിരുന്ന ആൾ (സൈനികൻ) പെൻഷൻ പറ്റിയെങ്കിൽ തിരുത്തിൽ 'വിമുക്തഭടന്റെ' പ്രൊഫഷൻ കോഡായ 64 എഴുതുക.
പുതിയയതായി ചേര്‍ക്കുന്ന ആളിന്റെ ജോലി /ആൾ നഴ്സ് ആണങ്കിൽ 'നഴ്സിന്റെ പ്രൊഫഷൻ കോഡായ 30 'തൊഴിൽ' എന്ന കോളത്തിൽ എഴുതുക.
{തന്നിരിക്കൂന്ന പട്ടീകയിൽ ഒന്നും നിങ്ങളുടെ തൊഴിൽ ഉൾപ്പെട്ടിട്ടില്ലങ്കിൽ ആ കോളത്തിൽ നിങ്ങളുടെ തൊഴിൽ എഴുതി ചേർക്കാമെന്ന് മന്ത്രി പറഞ്ഞിട്ടൂണ്ട്}
പ്രവാസി,തിരുത്ത് - ഒൻപത് , പത്ത് കോളങ്ങൾ
റേഷൻ കാർഡീൽ നിലവിലുള്ള ആൾ പ്രവാസി(ഇന്ത്യയ്ക്ക് വെളിയിൽ) ആണ് എങ്കിൽ തിരുത്ത് കോളത്തില്‍ Y എന്ന് രേഖപ്പെടൂത്തുക. പ്രവാസിഅല്ല എങ്കിൽ തിരുത്ത് കോളത്തില്‍ N എന്ന് രേഖപ്പെടൂത്തുക.
പുതിയതായി ചേർക്കൂന്ന ആൾ പ്രവാസി(ഇന്ത്യയ്ക്ക് വെളിയിൽ) ആണങ്കിൽ Y എന്നും പ്രവാസി അല്ലങ്കിൽ 'പ്രവാസി' കോളത്തിൽ N എന്നും എഴുതുക.
മാസവരുമാനം-തിരുത്ത് : കോളം പതിനൊന്ന് , പന്ത്രണ്ട്
ഓരോ അംഗത്തിന്റെയും മാസവരുമാനം എഴുതേണ്ടതാണ്. പഴയ അംഗത്തിന്റെ മാസവരുമാനത്തിൽ മറ്റം ഉണ്ടങ്കിൽ അത് തിരുത്തൽ കോളത്തിലും പുതിയതായി ചേർക്കുന്ന ആളിന്റെ മാസവരുമാനം മാസവരുമാനം എന്ന കോലത്തിലും എഴുതണം. (ശ്രദ്ധിക്കെണ്ട കാര്യം- നിലവിൽ രേഖപ്പെടൂത്തിയിരിക്കൂന്ന മാസവരുമാനത്തിൽ കുറച്ചാണ് എഴുതുന്നതെങ്കിൽ വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് കൂടി നൽക്കെണ്ടതാണ്)
ആദായ നികുതി : കോളം പതിമൂന്ന്
അംഗങ്ങളിൽ ആരെങ്കിലും ആദായ നികുതി നൽകുന്നുണ്ടങ്കിൽ അവരുടേ പേരിനെ നേരെയുള്ള ആദായ നികുതി എന്ന കോളത്തിൽ Y എന്നും ആദായ നികുതി നൽകുന്നില്ലങ്കിൽ N എന്നും എഴുതുക
അന്നപൂർണ്ണ - തിരുത്ത് - കോളം പതിന്നാല് , പതിനഞ്ച്
നിങ്ങളുടെ റേഷൻ കാർഡ് അന്നപൂർണ്ണ പദ്ധതിയിൽ( അന്ത്യോദയ അന്നപൂർണ്ണ) ഉള്ളതാണോ എന്നാണ് ചോദ്യം. (ബിപിഎല്ലിനും താഴീയായി നൽകുന്നതാണ് ഈ കാർഡ്, അതായത് ഏറ്റവും പാവപ്പെട്ടവർക്ക്) ഇത് സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് രേഖപ്പെടൂത്തുന്നതാണ്.
ഇലക്ഷൻ ഐഡി നമ്പർ - കോളം പതിന്നാറ്
പുതിയതായി ചേർക്കൂന്ന ആളിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ തിരിച്ചറിയൽ കാർഡ് ഉണ്ടങ്കിൽ ഇലക്ഷൻ കാർഡ് ഐഡി നമ്പർ ഈ കോളത്തിൽ എഴുതുക..
കാർഡിലെ ആകെ അംഗങ്ങൾ - പുതിയതായി ചേർത്തിരുക്കുന്ന അംഗങ്ങൾ ഉൾപ്പെടെയുള്ള അംഗങ്ങളിൽ നിന്ന് ഒഴിവാക്കുന്ന വരുടെ(പേര് വെട്ടിയവരുടെ) അംഗസംഖ്യയിൽ നിന്ന് കുറച്ചതിനു ശേഷമുള്ള അംഗങ്ങളുടെ എണ്ണം എഴുതുക. (പഴയ സംഖ്യയുടെ ഇപ്പുറത്തായി തിരിച്ചറിയത്തക്കവണ്ണം എഴുതുക)
പ്രായ പൂർത്തിയായവർ - പതിനെട്ട് വയസ് പൂർത്തിയായ അമഗങ്ങളുടെ എണ്ണം എഴുതുക (പഴയ സംഖ്യയുടെ ഇപ്പുറത്തായി തിരിച്ചറിയത്തക്കവണ്ണം എഴുതുക)
കുട്ടികൾ - പതിനെട്ട് വയസിനു താഴെയുള്ള അംഗങ്ങളുടെ എണ്ണം എഴുതുക. (പഴയ സംഖ്യയുടെ ഇപ്പുറത്തായി തിരിച്ചറിയത്തക്കവണ്ണം എഴുതുക)
{കാർഡിലെ ആകെ അംഗങ്ങൾ= പ്രായ പൂർത്തിയായവർ + കുട്ടികൾ
കാർഡിലെ ആകെ അംഗങ്ങൾ , പ്രായ പൂർത്തിയായവർ, കുട്ടികൾ എന്നിവരുടെ എണ്ണം ഫോം നൽകുമ്പോൾ എഴുതുന്നതായിരിക്കും നല്ലത്. (ഞാനൊരു ഹെൽപ്പ് ലൈൻ നമ്പരിൽ വിളിച്ചപ്പോൾ ഇത് അവിടെ വെച്ച് എഴുതിയാൽ മതിയെന്നാണ് പറഞ്ഞത് . }
28. റേഷൻ വിഹിതം ഇപ്പോൾ നിങ്ങൾക്ക് ആവശ്യമുണ്ടോ(അതായത് നിങ്ങളുടേ കാർഡിന് റേഷൻ സാധനങ്ങൾ ആവശ്യമുണ്ടോ) എന്നാണ് ചോദ്യം. ആവശ്യമുണ്ടങ്കിൽ Y എന്നും റേഷൻ ആവശ്യമില്ലങ്കിൽ N എന്നും എഴുതുക.
പാർട്ട് എ ഭാഗം ഇവിടെ അവസാനിക്കുന്നു. ഇനി പാർട്ട് ബി ഭാഗമാണ്. പാർട്ട് ബി മുൻഗണനാ വിഭാഗത്തെ കണ്ടേത്താനായി ഉപയോഗിക്കുന്നതുകൊണ്ട് തെറ്റായ വിവരന്ങൾ നൽകാതെ വെട്ടിത്തിരുത്താതെ ശരിയായ രീതിയിൽ പൂരിപ്പിക്കുക. (പാർട്ട് ബിയിലെ ചോദ്യ നമ്പർ തുടങ്ങുന്നത് 2 മുതലാണ് . ഒന്നാമത്തെ ചോദ്യം കണ്ടില്ല എന്ന് പറഞ്ഞ് നിലവിളിക്കേണ്ട)
2. അംഗങ്ങളുടെ ആധാർ /എൻ.പി.ആർ വിവരങ്ങൾ എഴുതേണ്ട സ്ഥലം.
മൂന്നാമത്തെ കോളമായ ആധാർ/ എൻ.പി.ആർ കോളത്തിൽ
നിങ്ങൾ ഏത് നമ്പർ എഴുതാൻ ആണ് ഉദ്ദേശിക്കുന്നത് , ആ കാർഡിന്റെ പേര് എഴുതുക. ആധാർ നമ്പർ ആണ് നാലാമത്തെ കോളത്തിൽ എഴുതുന്നതെങ്കിൽ ആധാർ/ എൻ.പി.ആർ കോളത്തിൽ ആധാർ എന്ന് എഴുതുക.
നാലാമത്തെ കോളമായ നമ്പർ എന്ന കോളത്തിൽ ആധാർ/ എൻ.പി.ആർ നമ്പർ എഴുതുക. മൂന്നാമത്തെ കോളത്തിൽ എഴുതിയ 'കാർഡി'ന്റെ നമ്പർ തന്നെ ആയിരിക്കണം നാലമത്തെ കോളത്തിൽ എഴുതേണ്ടത്.
{കോളത്തിൽ എഴുതാൻ പറ്റുന്നതിൽ കൂടുതൽ അംഗങ്ങൾ ഉണ്ടങ്കിൽ ഇതേ രീതിയിൽ വെള്ളക്കടലാസിൽ എഴുതി കൊടുക്കുക)
(ആധാർ /എൻ.പി.ആർ കാർഡ് ഇല്ലാത്തവർ ഈ കോളം പൂരിപ്പിക്കേണ്ട എന്ന് മന്ത്രി പറഞ്ഞിട്ടൂണ്ട്)
3. കുടൂബാംഗങ്ങളുടെ ആരോഗ്യപരവും സാമൂഹികവുമായ കൂടുതൽ വിവരങ്ങൾ.
ബി.പി.എൽ പട്ടികയിൽ ഉള്‍പ്പെട്ടവരെ കണ്ടത്താനായി ഈ വിവരങ്ങൾ കൂടി മാനദണ്ഡമാക്കുന്നതാണ്.
ഈ കോളം പൂരിപ്പിക്കുന്നതിനു മാർഗം നിർദേശങ്ങളിലെ നിർദേശം മാത്രം മതിയാവും.
4. സബ്സിഡി ബാങ്ക് അക്കൗണ്ടിലേക്ക് വരാനുള്ള വിവരങ്ങൾ. ഇപ്പോൾ കാർഡിൽ ഉൾപ്പെടുത്തിയിട്ടൂള്ള അർക്കും ബാങ്ക് അക്കൗണ്ട് ഇല്ലങ്കിൽ ഈ ഭാഗം പൂരിപ്പിക്കേണ്ട. ബാങ്ക് അക്കൗണ്ട് എടൂത്തതിനു ശേഷം വിവരങ്ങൾ നൽകാവുന്നതാണ്.
i)ആരുടേ അക്കൗണ്ടിലേക്കാണ് പണം വരേണ്ടത് ആ ആളിന്റെ പേര് ഇംഗ്ലീഷിൽ എഴുതുക.
ii) ബാങ്ക് അക്കൗണ്ട് നമ്പർ എഴുതുക.
iii) ഏത് ബാങ്കിന്റെ അക്കൗണ്ടാണ് നിങ്ങൾ നൽകുന്നത് ആ ബാങ്കിന്റെ പേര്
iv) ബാങ്ക് ജില്ല : ഏത് ജില്ലയിലാണ് നിങ്ങളുടെ ബാങ്ക് ശാഖ (അക്കൗണ്ട് ബുക്കിൽ ബാങ്ക് അഡ്രസിൽ ജില്ല ഉണ്ടാവും)
v) ബാങ്ക് ശാഖയുടെ പേര്
vi) ബാങ്കിന്റെ IFSC കോഡ്
vii) നിങ്ങളുടെ ലാന്റ് ഫോൺ നമ്പർ ഉണ്ടങ്കിൽ അത്
viii) നിങ്ങളുടെ മൊബൈൽ ഫോൺ നമ്പർ
5. കുടുംബത്തിൽ ആരെങ്കിലും (റേഷൻ കാർഡിൽ ഉൾപ്പെട്ട ആരെങ്കിലും) ബിപി_എൽ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടൂണ്ടങ്കിൽ ആ വിവരം എഴുതുക. തദ്ദേശസ്വയംഭരണ സ്ഥാപനത്തിലോ റേഷൻ കടയിലോ ലഭ്യമായ 2009 ലെ ബി.പി.എൽ ലിസ്റ്റിൽ നിന്ന് പേരും ക്രമ നമ്പരും ലഭിക്കുന്നതാണ്.
ബി.പി.എൽ സർവ്വേയെക്കുറിച്ച് അറിയാൻ ഈ ലിങ്കിൽ പോവുക.
ബി.പി.എൽ സർവ്വേയെക്കുറിച്ച് അറിയാൻ ഈ ലിങ്കിൽ പോവുക.
6. കുടുംബത്തിൽ ആരെങ്കിലും (റേഷൻ കാർഡിൽ ഉൾപ്പെട്ട/ഉൾപ്പെടൂത്തിയിട്ടൂള്ള ആരെങ്കിലും) ആദായ നികുതി കൊടുക്കുന്നുണ്ടങ്കിൽ Y എന്നും ഇല്ലങ്കിൽ N എന്നും എഴുതുക.
7 i. കുടുംബത്തിലുള്ള ആര്‍ക്കെങ്കിലും (റേഷൻ കാർഡിൽ ഉൾപ്പെട്ട/ഉൾപ്പെടൂത്തിയിട്ടൂള്ള ആര്‍ക്കെങ്കിലും) നാലു ചക്രവാഹങ്ങൾ (കാറുമുതൽ) സ്വന്തമായിട്ടൂണ്ടങ്കിൽ Y എന്നും ഇല്ലങ്കിൽ N എന്നും എഴുതുക.
ii) വാഹനം സ്വന്തമായിട്ടൂണ്ടങ്കിൽ അതിന്റെ നമ്പരും എഴുതണം.
iii) കുടൂംബം ഏത് വിഭഗത്തിൽ പെടൂന്നു എന്ന് എഴുതുക. ബ്രായ്ക്കറ്റിൽ കൊടുത്തിട്ടൂള്ളതിൽ നിന്ന് ഏതാണന്ന് വെച്ചാൽ അത് എഴുതിയാൽ മതി.
8. കുടൂംബത്തിന് വീട് വയ്ക്കുന്നതിനു ഭൂമി ഉണ്ടങ്കിൽ (സ്വന്തമായി ഇപ്പോൾ സ്വന്തമായി വീടൂണ്ടങ്കിൽ)ഉണ്ട് എന്നെഴുതുക. ഭൂമി ഇല്ലങ്കിൽ ഇല്ല എന്ന് എഴുതുക.
9. കുടൂംബത്തിന് (റേഷൻ കാർഡിൽ പെരുള്ളവർക്ക് സ്വന്തമായി) ആകെയുള്ള ഭൂമിയുടെ അളവ് എഴുതുക.
10. വീടൂണ്ടങ്കിൽ ഉണ്ട് എന്നും വീടില്ലങ്കിൽ ഇല്ല എന്നും എഴുതുക.
11. വീടൂണ്ടങ്കിൽ വീടിന്റെ സ്ഥിതി എഴുതുക. ചോദ്യത്തോടൊപ്പം കൊടുത്തിരിക്കൂന്നത് എഴുതുക.
12. സ്വന്തമായുള്ള വീടിന്റെ വിസ്തീർണ്ണം ചതുരശ്ര അടിയിൽ എഴുതുക.
വീടിന്റെ പ്ലാനിൽ വീടിന്റെ വിസ്തീർണ്ണം ഉണ്ടാവും. അങ്ങനെയൊരു പ്ലാൻ കൈവശം ഇല്ലങ്കിൽ വിസ്തീർണ്ണം കണ്ടുപിടിക്കുക. നീളത്തെ വീതികൊണ്ട് ഗുണിച്ചാൽ വിസ്തീർണം കിട്ടും. സാധാരണ നീളവും വീതിയും അളക്കുന്നത് മീറ്റർ യൂണീറ്റിലായിരിക്കും. മീറ്റർ യൂണിറ്റിലുള്ള നീളത്തെ വീതി കൊണ്ട് ഗുണിക്കുമ്പോൾ കിട്ടൂന്ന വിസ്തീർണ്ണം ചതുരശ്രമീറ്ററിൽ ആയിരിക്കൂം. ചതുരശ്ര മീറ്ററിനെ 10.76 കൊണ്ട് ഗുണിച്ചാൽ ചതുരശ്രയടിയാകും.
ഉദാഹരണത്തിനു 8 മീറ്റർ നീളവും 10 മീറ്റർ വീതിയുമുള്ള ഒരു വീടിന്റെ വിസ്തീർണ്ണം 80 ചതുരശ്ര മീറ്റർ ആയിരിക്കും. 80 നെ 10.76 കൊണ്ട് ഗുണിച്ചാൽ വീടിന്റെ വിസ്തീർണ്ണം ചതുരശ്ര അടിയിൽ (860.8 ചതുരശ്ര അടി) ലഭിക്കും.
വീടിന്റെ പ്ലാനിൽ വീടിന്റെ വിസ്തീർണ്ണം ഉണ്ടാവും. അങ്ങനെയൊരു പ്ലാൻ കൈവശം ഇല്ലങ്കിൽ വിസ്തീർണ്ണം കണ്ടുപിടിക്കുക. നീളത്തെ വീതികൊണ്ട് ഗുണിച്ചാൽ വിസ്തീർണം കിട്ടും. സാധാരണ നീളവും വീതിയും അളക്കുന്നത് മീറ്റർ യൂണീറ്റിലായിരിക്കും. മീറ്റർ യൂണിറ്റിലുള്ള നീളത്തെ വീതി കൊണ്ട് ഗുണിക്കുമ്പോൾ കിട്ടൂന്ന വിസ്തീർണ്ണം ചതുരശ്രമീറ്ററിൽ ആയിരിക്കൂം. ചതുരശ്ര മീറ്ററിനെ 10.76 കൊണ്ട് ഗുണിച്ചാൽ ചതുരശ്രയടിയാകും.
ഉദാഹരണത്തിനു 8 മീറ്റർ നീളവും 10 മീറ്റർ വീതിയുമുള്ള ഒരു വീടിന്റെ വിസ്തീർണ്ണം 80 ചതുരശ്ര മീറ്റർ ആയിരിക്കും. 80 നെ 10.76 കൊണ്ട് ഗുണിച്ചാൽ വീടിന്റെ വിസ്തീർണ്ണം ചതുരശ്ര അടിയിൽ (860.8 ചതുരശ്ര അടി) ലഭിക്കും.
13. പുറമ്പോക്കിലാണ് താമസം എങ്കിൽ അതെ എന്നും അല്ലങ്കിൽ അല്ല എന്നും എഴുതുക.
14. സുരക്ഷിതമായ കക്കൂസ് (വീടിനു സ്വന്തമായി) ഉണ്ടങ്കിൽ ഉണ്ട് എന്നും ഇല്ലങ്കിൽ ഇല്ല എന്നും എഴുതുക.
15. നിങ്ങൾ താമസിക്കുന്നതിനു 500 മീറ്റർ ചുറ്റളവിൽ (കുന്നിൻ പ്രദേശത്ത് 100 മീറ്റർ ചുറ്റളവിൽ) കുടിവെള്ളം ലഭ്യമാണങ്കിൽ(കിണർ/പൈപ്പ്) ഉണ്ട് എന്നും ലഭ്യമല്ലങ്കിൽ ഇല്ല എന്നും എഴുതുക.
ഇതോടേ ഫോമിലെ ചോദ്യങ്ങൾ കഴിഞ്ഞു. നിങ്ങൾ ഈ ഫോമിൽ നൽകിയിരിക്കുന്ന വിവരങ്ങൾ എല്ലാം സത്യവും ശരിയുമാണന്നുള്ള സത്യപ്രസ്താവനയ്ക്ക് താഴെ സ്ഥലവും തീയതിയും പേരും എഴുതി ഒപ്പ് ഇടൂന്നതൊടെ / വിരലടയാളം പതിക്കുന്നതോടെ റേഷൻ കാർഡ് പുതുക്കാനുള്ള അപേക്ഷ ഫോറം പൂരിപ്പിച്ചു കഴിഞ്ഞു.
ഫോം സമർപ്പിക്കാൻ/ഫോട്ടോ എടുക്കാൻ പോകുമ്പോൾ ഇവ കൊണ്ടു പോകാൻ മറക്കരുത്
1.പഴയ റേഷൻ കാർഡ്.
2. ഫോട്ടോ പതിച്ച ഒരു തിരിച്ചറിയൽ കാർഡ്.
3. നിങ്ങൾ ഏതെല്ലാം സർട്ടിഫിക്കറ്റുകളെ അടിസ്ഥാനമാക്കിയാണോ ഫോം പൂരിപ്പിച്ചത് അവയുടെ ഒറിജിനലും കോപ്പിയും (ഒരു ബലത്തിനു കൈയ്യിൽ വെച്ചോ)
4. പുതിയതായി ചേർത്ത കുഞ്ഞുങ്ങളുടെ ബർത്ത് സർട്ടിഫിക്കറ്റ്.
5. മരിച്ചുപോയവരുടെ(കാർഡിൽ നിന്ന് നീക്കം ചെയ്തവരുടെ) ഡെത്ത് സർട്ടിഫിക്കറ്റ്.
6. വിവാഹം കഴിഞ്ഞെത്തി പുതിയതായി ചേർക്കൂന്നവരുടെ മാര്യേജ് സർട്ടിഫിക്കറ്റ്. (ഈ ആളിന്റെ പേർ മറ്റൊരു കാർഡിലും നിലവിൽ ഉണ്ടാകരുത്).
7. വരുമാനം കുറച്ചിട്ടൂണ്ടങ്കിൽ വില്ലേജ് ആഫീസറിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ്.
8. അഡ്രസ് മാറിയിട്ടൂണ്ടങ്കിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കൂന്ന റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്.
9. അപേക്ഷയോടൊപ്പം നൽകുന്ന സർട്ടിഫിക്കറ്റ് കോപ്പികൾ സ്വയം സാക്ഷ്യപ്പെടുത്തി നൽകണം.
പൂരിപ്പിക്കുന്നതിനു മുമ്പ് ഈ കാര്യം കൂടി ഓർത്തിരിക്കൂക. ഒരിക്കലും തെറ്റായ വിവരങ്ങൾ ഫോമിലൂടേ നൽകരുത്. നൽകിയാൽ ....
ഇവിടെ കൊടുത്തിരിക്കൂന്ന വിവരങ്ങൾ പുതുക്കൽ ഫോമിനോടൊപ്പമുള്ള 'ഫാറം പൂരിപ്പിക്കൂന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങളിൽ' നിന്നും ടോൾ ഫ്രി നമ്പരായ 18004251550 ,9495998224 എന്നീ നമ്പരുകളിൽ വിളിച്ച് ചോദിച്ചും , (9495998223, 9495998225 നമ്പരുകളിൽ വിളിച്ചാലും ഫാറം പൂരിപ്പിക്കുന്നതിനുള്ള സഹായങ്ങൾ കിട്ടും) സിവിൽ സപ്ലൈസ് കോർപ്പറേഷൻ വെബ്ബ് സൈറ്റിൽ നൽകിയിരിക്കൂന്ന FAQ ലിങ്കിൽ നിന്നും ശേഖരിച്ച് എഴുതിയിട്ടൂള്ളതാണ്.
നിങ്ങൾക്ക് കാർഡ് പൂരിപ്പിക്കാൻ എന്തെങ്കിലും സംശയം ഇനിയും അവശേഷിക്കുന്നുണ്ടങ്കിൽ ടോൾ ഫ്രി നമ്പരായ 18004251550 ലോ 9495998223,9495998224, 9495998225 എന്നീ നമ്പരുകളീലോ വിളിച്ച് ചോദിക്കാം. അല്ലങ്കിൽ http://www.civilsupplieskerala.gov.in എന്ന URL- ലെ Telephone numbers എന്ന ലിങ്കിൽ നിന്നും ജില്ല/താലൂക്ക് സപ്ലൈ ആഫീസർമാരുടെ നമ്പർ ലഭിക്കും. അവരുമായി ബന്ധപ്പെടൂക. അതുമല്ലങ്കിൽ റേഷൻ കടയുമായി ബന്ധപ്പെട്ട് സംശയങ്ങൾ തീർക്കൂക. അതുമല്ലങ്കിൽ ഫോറം തിരികെ വാങ്ങുന്ന ക്യാമ്പിൽ ഹെല്പ് ഡെസ്ക്കുകളുടെ സഹായത്തോടെ ഫോം പൂരിപ്പിക്കൽ പൂർത്തിയാക്കുക...