Tuesday, December 8, 2015

ഇതൊന്ന് ഷെയർ ചെയ്യൂ..പ്ലീസ് .... ഒരു ലൈക്കെങ്കിലും ????

കഴിഞ്ഞ ആഴ്ച സോഷ്യൽ മീഡിയ വഴി കിട്ടിയ വാർത്തയാണ് നടൻ ജഗതി ശ്രികുമാർ മരിച്ചു. സോഷ്യൽ മീഡിയവഴി 'കൊല്ലപ്പെടുന്നവരിൽ' അവസാനത്തെ ആളാണ് ജഗതി. മനോരമ ന്യൂസിന്റെ വാർത്ത എന്ന രീതിയിലാണ് 'ജഗതി ശ്രീകുമാറിന്റെ' മരണം 'ഷെയർ' ചെയ്യപ്പെട്ടത്. 

അപകടത്തിനു ശേഷം ജീവിതത്തിലേക്ക് തിരികെ വരുന്ന ഒരാളെയാണ് 'ആരോ ഒരാൾ' കൊന്നത്. അയാൾ സൃഷ്ടിച്ച 'കൊലപാതക' വാർത്ത മറ്റുള്ളവർ ഷെയർ ചെയ്ത് മറ്റുള്ളവരെ അറിയിക്കുകയും ചെയ്ത് സംതൃപ്തിയടഞ്ഞു. എന്തുകൊണ്ടാണ് സോഷ്യൽ മീഡിയാകളിൽ ചില ആളുകൾ മറ്റുള്ളവരെ കൊന്ന് ആനന്ദം കണ്ടെത്തുന്നത്? മാനസിക രോഗാവസ്ഥയോടൊപ്പം ക്രിമിനൽ മനസുള്ളവർക്ക് മാത്രമേ ഇത്തരം വാർത്തകൾ ഉണ്ടാക്കാൻ കഴിയു. ഇത്തരം വാർത്തകൾ കാണുമ്പോൾ അതിലെ സത്യം മനസിലാക്കാതെ പലരും ഈ വാർത്തകൾ ഷെയർ ചെയ്യാറുണ്ട്. പലർക്കും തങ്ങൾക്ക് കിട്ടൂന്ന വാർത്ത സത്യമാണോ എന്ന് മനസിലാക്കാൻ മറ്റ് മാർഗങ്ങൾ ഒന്നും തന്നെ ഉണ്ടാവില്ല. വാർത്തകൾ സത്യമാണോ അല്ലിയോ എന്ന് മനസിലാക്കാൻ മാർഗമുണ്ടങ്കിലും അതിന് ശ്രമിക്കാതെ തന്നെ ഇത്തരം വാർത്തകൾ ഷെയർ ചെയ്യാറുണ്ട്. ഉദാഹരണത്തിന് ജഗതി ശ്രീകുമാറിന്റെ മരണ വാർത്ത ഷെയർ ചെയ്ത് കിട്ടുമ്പോൾ ടിവിയിൽ വാർത്ത കാണാൻ സൗകര്യമുള്ളവർക്ക് മനോരമ ന്യൂസിൽ ആ വാർത്ത കാണിക്കൂന്നുണ്ടോ എന്ന് നോക്കാവുന്നതാണ്. അല്ലങ്കിൽ ഏതെങ്കിലും ന്യൂസ് ചാനലിൽ അങ്ങനെയൊരു വാർത്തയുണ്ടോ എന്ന് നോക്കാവുന്നതാണ്. വാർത്തകൾ/ പോസ്റ്റുകളുടെ നിജസ്ഥിതി അറിയാൻ ശ്രമിക്കാതെ ഷെയർ ചെയ്യുന്നതുമാത്രമാണ് തങ്ങളുടെ ചുമതല എന്ന് കരുതുന്നത് എന്തിനാണ്? സോഷ്യൽ മീഡിയ ഉപയോഗിക്കാൻ എടുക്കുന്ന സമയത്തിൽ അല്പം സമയം വാർത്ത/പോസ്റ്റിന്റെ ആധികാരികത അറിയാൻ 'ഇന്റർനെറ്റ്' ഉപയോഗിക്കാവുന്നതാണ്. മാധ്യമങ്ങളുടെ പേരിൽ വരുന്ന ഇത്തരം ഫേയ്ക്ക് വാർത്തകളുടെ ആധികാരികത ഉറപ്പാക്കാൻ ആ മാധ്യമങ്ങളുടെ ഒഫിഷ്യൽ പേജുകൾ പരിശോധിക്കാവുന്നതാണ്. 

എപ്പോഴും ഈ പരിശോധന പ്രായോഗികമാവാറില്ല എന്നുള്ളത് സത്യമാണ്. ഒരാളെ കാണ്മാനില്ല, രക്തം ആവിശ്യപ്പെട്ടുകൊണ്ടുള്ള അഭ്യർത്ഥനകൾ, മറ്റേതെങ്കിലും തരത്തിലുള്ള സഹായ അഭ്യർത്ഥനകൾ തുടങ്ങിയവയ്ക്ക് എപ്പോഴും അവയുടെ ആധികാരികത പരിശോധിക്കാൻ കഴിയാറില്ല. മറ്റുള്ളവരെ സഹായിക്കാനുള്ള മനസ് , അനുകമ്പ തുടങ്ങിയവ ചൂഷ്ണം ചെയ്യാൻ പലരും സോഷ്യൽ മീഡിയകളെ ഉപയോഗിക്കാറുണ്ട്. തങ്ങൾ 'ഉണ്ടാക്കി' വിടൂന്ന വ്യാജ വാർത്തകൾ പോസ്റ്റുകൾ കൂടുതൽ ആളുകൾ ലൈക്ക്/ ഷെയർ ചെയ്യുമ്പോൾ എന്ത് മാനസിക സുഖമാണ് ഇത്തരം ആളുകൾക്ക് ഉണ്ടാകുന്നത്. മറ്റുള്ളവരെ പറ്റിക്കുമ്പോഴും വേദനിപ്പിക്കുമ്പോഴും കിട്ടുന്ന സുഖം മാത്രമാണ് ഇത്തരം വ്യാജ വാർത്ത/പോസ്റ്റുകൾക്ക് പിന്നിൽ. ഇത്തരക്കാരെ കണ്ടെത്താൻ പലപ്പോഴും കഴിയാറില്ല എന്നതുകൊണ്ട് കൂടുതൽ ആളുകൾ വ്യാജ വാർത്ത/പോസ്റ്റുകൾക്ക് പിന്നിൽ ഒളിഞ്ഞിരിക്കും. പലപ്പോഴും പിടിയിലാകുന്നത് ഇത്തരം വാർത്തകൾ/ പോസ്റ്റുകൾ സത്യമാണന്ന് കരുതി 'ഷെയർ' ചെയ്യുന്നവരാണ്.

കുറെ ദിവസത്തിനകം എനിക്ക് കാണാൻ കഴിഞ്ഞ ചില പോസ്റ്റുകൾ 

ജഗതി ശ്രീകുമാർ മരണപ്പെട്ടു !!!
ഒറ്റനോട്ടത്തിൽ ഈ വാർത്ത സത്യമാണന്നേ തോന്നുകയുള്ളൂ. സത്യമാണന്ന് കരുതിയാണ് പലരും ഷെയർ ചെയ്തതും. 

മനോരമ പോലൊരു ചാനൽ പ്രശസ്തനായ ഒരാൾ 'മരണപ്പെട്ടു' എന്ന വാക്ക് ഉപയോഗിക്കാനുള്ള സാധ്യത തുലോം കുറവാണ്. അന്തരിച്ചു എന്ന വാക്കായിരിക്കും മാധ്യമങ്ങൾ ഉപയോഗിക്കുന്നത്. (അപകടങ്ങളിൽ പെട്ടുള്ള മരണത്തിനാണല്ലോ 'മരണപ്പെട്ടു' എന്നുള്ള വാക്ക് സാധാരണയായി ഉപയോഗിക്കുന്നത്.). { ഈ വ്യാജ വാർത്തയിലെ ഫോട്ടൊയും ഒരു പ്രശ്നമാണ്. പ്രശസ്തരായ സിനിമാനടന്മാർ മരിക്കുമ്പോൾ അവരുടെ കഥാപാത്രവേഷങ്ങൾ 'വാർത്തകളുടെ' കൂടെ ചേർക്കാനുള്ള സാധ്യതയും കുറവാണ് }

വ്യാജ വാർത്തയ്ക്കെതിരെ ജഗതിയുടെ മകൾ ശ്രീലക്ഷ്മി ശ്രീകുമാർ തന്നെ വാർത്ത പ്രചരിച്ച് മണിക്കൂറുകൾക്കകം  ഫേസ്ബുക്കിൽ പോസ്റ്റിട്ടു.

മനോരമ ന്യൂസും ജഗതിയുടെ മകനും നൽകിയ പരാതിയിൽ പോലീസ് അന്വേഷ്ണം ആരംഭിച്ചു എന്ന് വാർത്തകളിൽ നിന്ന് മനസിലാക്കുന്നു. 
ഈ വാർത്തയുടെ ഉറവിടം കണ്ടെത്തി കുറ്റക്കാരെ ശിക്ഷിച്ചാൽ ഇത്തരം വ്യാജ വാർത്തകളുടെ വ്യാപനം തടയാൻ സാധിക്കും. 

ഈ കുട്ടിയെ അറിയുമോ?
കുറേ നാളായി ഷെയർ ചെയ്യപ്പെടുന്ന 'പോസ്റ്റാണ്' ഈ കുട്ടിയെ അറിയുമോ? എന്ന തലക്കെട്ടിലുള്ളത്. രണ്ട് ചിത്രങ്ങളാണ് ഇങനെ കൂടുതൽ ഷെയർ ചെയ്ത് കാണുന്നത്. ഈ ചിത്രങ്ങൾ ഒന്നു സൂക്ഷിച്ച് നോക്കിക്കേ? ഏതെങ്കിലും ചലച്ചിത്ര താരങ്ങളുമായി സാമ്യം തോന്നുന്നുണ്ടോ? അതിലൊന്ന് ഭാവനയും മറ്റൊന്ന്  അമലാപോളുമാണ്.

വേണമെങ്കിൽ ഒരു മാസം കഴിഞ്ഞ് കാണാതാകം !!!
ഇതിൽ ഏറ്റവും രസകരമായ കാര്യം ഭാവനയെ കാണാതായത് 22-12-2015 ൽ ആണ്. അതായത് ഇനിയും ഒരു മാസമുണ്ട് ഭാവനയെ കാണാതാകാൻ !!! - 

വേണമെങ്കിൽ അരമണിക്കൂർ മുമ്പേ പുറപ്പെടാം എന്ന് മാന്നാർ മത്തായി പറയുമ്പോലെയുള്ള ഒരു കാണാതാകൽ. 2015 ഫെബ്രുവരി 23 ന് ഒരാൾ പോസ്റ്റ്/ഷെയർ ചെയത പോസ്റ്റാണ് നവംബറിൽ ചിലർ ഷെയർ ചെയ്തത്. (കുഞ്ഞ് ഭാവനയെ കാണാതാകുന്നതിന് പത്ത് മാസം മുമ്പേയും ഒരു മാസം മുമ്പേയും ആളുകൾ കുഞ്ഞിനെ കണ്ട് അമ്മയെ തിരിച്ചെൽപ്പിക്കാൻ ശ്രമിക്കുന്നു). 

അമലാ പോളിനെ കാണാതായ പോസ്റ്റർ ഒന്നു ശ്രദ്ധിച്ചു നോക്കാമോ? മറ്റൊരു പോസ്റ്ററിലെ ചിത്രത്തിന്റെ മുകളിലേക്ക് അമലപോളിന്റെ ചിത്രം എടൂത്ത് വെച്ചിരിക്കുന്നതാണന്ന് കാണാം. അപ്പോൾ ആ പോസ്റ്റർ ഏതായിരിക്കും. ഇതാ ഈ ചിത്രങ്ങൾ ഒന്നു കൂടി നോക്കൂ.....
ഈ മൂന്ന് ചിത്രങ്ങളിലെയും കണ്ടന്റ് ഒന്നു തന്നെയാണ്. മുകളിലെ ചിത്രത്തിലെ ആദ്യത്തെ ചിത്രത്തിന്റെ ഫോട്ടോയുടെ മുകളിൽ ഭാവനയുടേയും അമലാപോളിന്റെയും ചിത്രങ്ങൾ ചേർത്തിരിക്കുയാണ്.

ഒരു കുട്ടിയെ മൂന്ന് സ്ഥലങ്ങളിൽ നിന്ന് കണ്ടുകിട്ടുമോ??

ദാ ഈ ചിത്രങ്ങൾ ഒന്ന് നോക്കിക്കേ. 

ഒരേ കുട്ടിയെ കേരളത്തിലെ ചാവക്കാട്ട് നിന്നും അവിടെ നിന്ന് രണ്ടായിരം കിലോമീറ്റർ അകലെ മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നും , അവിടെ നിന്ന് അയിരത്തോളം കിലോമീറ്റർ അകലെ ഉത്തർപ്രദേശിലെ വാരണാസിയിൽ നിന്നും  പോലീസിനു കിട്ടിയാലോ?? ആ കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താൻ ഇപ്പോഴും ആളുകൾ സോഷ്യൽ മീഡിയാകളിലൂടേ ശ്രമിക്കൂന്നു.!!!!

ഒരു വർഷത്തിനുമുമ്പുള്ള ജോലി വേണോ???
വാട്സാപ്പിൽ കഴിഞ്ഞ ദിവസം വന്ന ഒരു മെസേജ്. 2014 ഡിസംബറിലെ ഇന്റർവ്യൂ പരസ്യമായിരുന്നു അത്. ആ ചിത്രം കിട്ടിയവൻ ഡേറ്റ് നോക്കാതെ ഷെയർ ചെയ്തതാണ്. 

ഇതുപോലെയാണ് വരുന്ന പല പോസ്റ്റുകളും. എന്താണ് പോസ്റ്റിൽ/പരസ്യത്തിൽ എഴുതിയിരിക്കൂന്നത് എന്നു പോലും നോക്കാതെയാണ് പലരും തങ്ങൾക്ക് ഷെയർ ചെയ്ത് കിട്ടുന്നതെല്ലാം ബാക്കിയുള്ളവർക്ക് നൽകി 'വിശാലമനസ്കർ' ആകുന്നത് !!!

വാർത്തകളും ഫോട്ടോകളും പരസ്യങ്ങളും വെട്ടിമുറിച്ച് ഷെയറടിക്കാം !!!
ചന്ദിക പത്രത്തിൽ വന്ന വനിതാലീഗ് സമ്മേളനത്തിന്റെ പരസ്യത്തിൽ നിന്ന് കുറേഭാഗം മാത്രം മുറിച്ചെടുത്ത് ഷെയർ ചെയ്തവർ ആ പേജ് മുഴുവനായി കാണാതിരുന്നതായിരിക്കും. പക്ഷേ ആദ്യം ആ പോസ്റ്റ്/ചിത്രം ഉണ്ടാക്കിയവൻ തീർച്ചയായും ആ പേജ് കാണാതിരിക്കില്ലല്ലോ? പിന്നെന്തുകൊണ്ടായിരിക്കും അവർ ആ പത്രപേജിന്റെ കുറേഭാഗം മാത്രം മുറിച്ചെടുത്തത്??


ഇല്ലാ അപകടങ്ങൾ സൃഷ്ടിക്കുമ്പോൾ !!
നവംബർ 18 ന് ചെന്നൈ - അഹമ്മദാബാദ് നവജീവർ എക്സ്പ്രസ് ട്രയിൻ അപകടത്തിൽ പെട്ടതായ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് താഴെ കാണുന്നത്. പതിനായിരത്തിലധികം ആളുകൾ ആണ് ഈ പോസ്റ്റ് ഷെയർ ചെയ്തിരിക്കൂന്നത്.

അഞ്ച് ചിത്രങ്ങളാണ് ഈ പോസ്റ്റിൽ ഉള്ളതെങ്കിലും അതിൽ മൂന്ന് ചിത്രങ്ങൾ ആവർത്തിക്കുന്നവയാണ്. 
അതിലെ ആദ്യ ചിത്രം (മൂന്നും അഞ്ചും അതു തന്നെ) അറുപതിലധികം ആളുകൾ കൊല്ലപ്പെട്ട 2010 ജൂലൈ 19 ന് ബംഗാളിലെ സയിന്തിയ സ്റ്റേഷനിൽ ഉത്തൻഗംഗ എക്സ്പ്രസും വനാഞ്ചൽ എക്സ്പ്രസും തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിന്റെതാണ്. 


ലിങ്കുകൾ നോക്കുക ::

രണ്ടാമത്തെ ചിത്രം

2011 ജൂലൈ 10 ന് ഉത്തർപ്രദേശിലെ മാൾവ റയിൽവേസ്റ്റേഷനിടുത്ത് കൽക്കമെയിൽ പാളം തെറ്റിയതിന്റെതാണ്. ഈ അപകടത്തിൽ 60 ൽ അധികം ആളുകൾ ആണ് മരിച്ചത്.

ലിങ്കുകൾ നോക്കുക - 

{2015 ആഗസ്റ്റ് 15 ന് Communist Party of India (CPI) പുറത്തിറക്കിയ 'Railway Accidents' എന്ന വാർത്താകുറിപ്പിൽ - ഉപയോഗിച്ചിരിക്കുന്നത് ടെലിഗ്രാഫിന്റെ ഈ അപകടവാർത്തയുടെ ഇമേജാണ്}

നാലാമത്തെ ചിത്രം

2010 ജനുവരി 16 ന് ഉത്തർപ്രദേശിലെ ടുണ്ടല(Tundla) റയിൽവേ സ്റ്റേഷനു സമീപം കാളിന്ദി എക്സ്പ്രസും ശ്രാം ശക്തി എക്സ്പ്രസും അപകടത്തിൽ പെട്ട ചിത്രമാണ് നാലമത്തേത്.



ലിങ്കുകൾ നോക്കുക - 

ഈ വ്യാജ വാർത്ത ഓരോ ദിവസവും ഫേസ് ബുക്കിൽ പലരും പോസ്റ്റ് ചെയ്യുന്നുണ്ട്.  ഫേസ് ബുക്ക് സേർച്ചിൽ chennai to ahmedabad navajeevan express got accident  എന്ന് സേർച്ച് ചെയ്ത് നോക്കിക്കേ ......


പുര കത്തുമ്പോൾ ഇല്ലാ വാഴ നടന്നുവർ !!
കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ 'ചെന്നൈ വെള്ളപ്പൊക്കത്തിൽ' രാജ്യം ഒന്നാകെ തോളോട്തോൾ ചേർന്ന് ദുരിത ബാധിതർക്ക് സഹായം നൽകുമ്പോൾ ആരുടയോ 'കുബുദ്ധിയിൽ' ഉണ്ടക്കിയ ഒരു വാർത്ത സോഷ്യൽ മീഡിയകളിൽ പലരും ഷെയർ ചെയ്തു. വെള്ളപ്പൊക്കത്തിൽ Madras Crocodile Bank (MCB)യിൽ നിന്ന് മുതലകൾ ചാടിപ്പോയി എന്ന വാർത്ത വെള്ളത്തിൽ കിടക്കുന്ന മുതലയുടെ ചിത്രത്തോടെയാണ് സോഷ്യൽ മീഡിയകളിൽ 'വാർത്ത'യായത്. ഒരു മുതല പോലും MCB യിൽ നിന്ന് പുറത്ത് പോയിട്ടില്ല MCB പറഞ്ഞിട്ടും വ്യാജ വാർത്തയ്ക്കും ശമനം ഉണ്ടായില്ല. ഇപ്പോഴും പുതിയ പുതിയ മുതലപ്പടങ്ങൾ സോഷ്യൽ  മീഡിയാകളിൽ വന്നു കൊണ്ടിരിക്കൂന്നു.

സോഷ്യൽ മീഡിയാകളിൽ പ്രചരിക്കുന്ന ചില ചിത്രങ്ങൾ


ദാ ഈ ചിത്രം നോക്കൂ....

മുകളിലെ ചിത്രം ചെന്നൈയിൽ നിന്നുള്ളതാണന്നാണ് പറയുന്നത്. പക്ഷേ ഈ ചിത്രം ഒരു വർഷത്തിനു മുമ്പള്ളതായി 'ഗൂഗിൾ സേർച്ചിൽ' കാണിക്കുന്നുണ്ട്. 2014 സെപ്റ്റംബറിൽ ഗുജറാത്തിലെ വഡോദരയിൽ ഉണ്ടായ വെള്ളപ്പൊക്ക ചിത്രങ്ങളിൽ ഈ ചിത്രം ബറോഡ റോക്സ്  എന്ന സൈറ്റിൽ കാണാൻ കഴിയും. ഈ ലിങ്കിലെ  മൂന്നാമത്തെ ചിത്രം.

ചെന്നൈയിലെ വെള്ളപ്പോക്കത്തിൽ ജോർജിയയിൽ നിന്നുവരെ വ്യാജമുതലകളെ കൊണ്ടുവന്നു. ദാ ഈ ചിത്രം നോക്കൂ...
മുകളിലെ ചിത്രത്തിൽ ചുമന്ന നിറത്തിൽ കാണിച്ചിരിക്കുന്ന ചിത്രം 2015 ജൂണിൽ ജോർജിയയിലെ Tbilisi ൽ ഉണ്ടായ വെള്ളപ്പൊക്കത്തിന്റേതാണന്നുള്ള രീതിയിൽ സൃഷ്ടിക്കപ്പെട്ട വ്യാജ ഫോട്ടോയാണ്. 


Madras Crocodile Bank (MCB)യിൽ നിന്ന് മുതലകൾ രക്ഷപെട്ടൂ എന്നുള്ളത് വ്യാജ വാർത്തയാണന്ന് MCB തന്നെ പറയുന്നു.

തീർന്നില്ല, ചെന്നൈയിൽ ഇനി പെരുമഴ വരുന്നു എന്ന രീതിയിൽ നാസ എന്തോ അറിയിച്ചു എന്നുള്ള പേരിൽ പുതിയ 'ഫോർവേഡ് /ഷെയർ പോസ്റ്റുകൾ' സോഷ്യൽ മീഡിയകളിൽ കറങ്ങി നടക്കുന്നു. എന്തിനും ഏതിനും നാസയെ കൂട്ടുപിടിക്കുന്നത് ഇപ്പോൾ അസാധാരണമല്ല.

ഇതൊരു വ്യാജ സന്ദേശമാണന്ന് പത്രമാധ്യമങ്ങൾ വഴി അറിയിപ്പ്/വാർത്ത നൽകിയാലും വീണ്ടൂം വീണ്ടും ആളുകൾ ഷെയർ ചെയ്തു കൊണ്ടിരിക്കും...
DNA നൽകിയ വാർത്ത :: Dear people of Chennai, NASA hasn’t predicted a hurricane or excess rainfall

മാതൃഭൂമി വാർത്ത

എന്തുകൊണ്ടാണ് ആളുകൾ ഇങ്ങനെ വ്യാജവാർത്തകളും മറ്റും സൃഷ്ടിക്കുന്നത്....??? ജനങ്ങളുടെ ഇടയിൽ ഭീതി വളർത്തുന്നത്??

ഇല്ലാക്കഥകളും മറ്റും ഷെയർ ചെയ്യുന്നവർ തങ്ങൾ ഷെയർ ചെയ്യുന്നത് അതിന്റെ ആധികാരികത ഒന്നും മനസിലായിട്ടാവില്ല. ചുമ്മാ ഒരു ഷെയർ , അത്രമാത്രം....

സോഷ്യൽ മീഡിയാകളിൽ തങ്ങൾക്ക് കിട്ടുന്നതെല്ലാം ഷെയർ ചെയ്യുന്നതിനെക്കുറിച്ച് Devadas VM നടത്തിയ 'സ്വയ വിമർശന'പരമായ ഒരു നീരീക്ഷണത്തോടെ ഈ പോസ്റ്റ്  അവസാനിപ്പിക്കുന്നു.


ഈ പോസ്റ്റ് ഷെയർ ചെയ്യുന്നില്ലേ? പ്ലീസ് ഒന്നു ഷെയർ ചെയ്യൂ, ഒരു ലൈക്കെങ്കിലും......... പറ്റില്ലല്ലേ...... :)  

Thursday, November 12, 2015

ഫോട്ടോകളെ കള്ളം പറയിപ്പിക്കുമ്പോൾ

ഫോട്ടോകൾ(ചിത്രങ്ങൾ) സത്യം പറയുന്നവയാണന്നും അതൊരിക്കലും കള്ളം പറയുകയില്ല എന്നുമായിരുന്നു നമ്മൾ വിശ്വസിച്ചിരുന്നത്. പക്ഷേ സോഷ്യൽ മീഡിയകൾ/ബ്ലോഗുകൾ എന്ന അവനവൻ പ്രസാധക സങ്കേതങ്ങൾ കൂടുതൽ ജനകീയമായതോടെ സത്യം പറഞ്ഞിരുന്ന അല്ലങ്കിൽ സത്യം മാത്രമേ പറയൂ എന്ന് നമ്മൾ കരുതിയിരുന്ന ഫോട്ടോകൾ കള്ളം പറഞ്ഞു തുടങ്ങി. കള്ളം പറഞ്ഞു തുടങ്ങി എന്നതിനെക്കാൾ കള്ളം പറയിപ്പിച്ചു തുടങ്ങി എന്ന് പറയുന്നതായിരിക്കും ശരി. പല കാരണങ്ങൾ കൊണ്ട് ഫോട്ടോകളെ കള്ളം പറയിപ്പിക്കാൻ 'സോഷ്യൽ മീഡായകൾ' തയ്യാറായി. (ഇവിടെ സോഷ്യൽ മീഡിയാ എന്നതുകൊണ്ട് ഉദ്ദേശിച്ചത് ആ 'പ്ലാറ്റ്ഫോമിനെ'മാത്രമല്ല. ഓൺലൈൻ പത്രങ്ങൾ , ഫേസ്ബുക്ക്,ഗൂഗ്ഗിൽ പ്ലസ്, ട്വിറ്റർ തുടങ്ങിയ വിശാലമായ അർത്ഥത്തിലാണ്). കൂടുതൽ ഷെയർ വാങ്ങി മറ്റുള്ളവരുടെ മുമ്പിൽ താനൊരു സംഭവം ആണന്ന് കാണിക്കാനും , ഹിഡൻ അജണ്ടകളുടെ ലക്ഷ്യ പ്രാപ്തിക്കുവേണ്ടിയും (രാഷ്ട്രീയ , മത , സാമുദായികമായവ ആയിരിക്കും ഇത്തരം ഹിഡൻ അജണ്ടകൾ) , വായനക്കാരെ തെറ്റിദ്ധരിപ്പിച്ച്/ ആകർഷിച്ച്/ പിടിച്ചു വലിച്ച് തങ്ങളുടെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യിപ്പിച്ച് സൈറ്റുകളുടെ 'ട്രാഫിക്' കൂട്ടാൻ വേണ്ടിയുള്ള ഓൺലൈൻ പ്രസിദ്ധീകരണങ്ങളുടെ ബോധപൂർവ്വമായ ശ്രമങ്ങളുടെ ഭാഗമായിട്ടുമൊക്കെയായിരിക്കും ഫോട്ടോകളെ കള്ളം പറയിപ്പിക്കുന്നത്. ഇങ്ങനെ പ്രചരിപ്പിക്കുന്ന അസത്യങ്ങൾക്ക് കൂടുതൽ ആയുസ് ഉണ്ടാവുകയില്ലങ്കിലും അത് സത്യമാണന്ന് കരുതുന്ന ഒരു ചെറിയ ഭാഗമെങ്കിലും ആളുകൾ അവശേഷിക്കും. താത്ക്കാലിക ലഭത്തിനുവേണ്ടീ ഫോട്ടൊകളെകൊണ്ട് കള്ളം പറയിപ്പിക്കുന്നവർ അതല്ല സത്യം എന്ന് ഒരിക്കൽ പോലും 'തങ്ങളുടെ വായനക്കാരെ' അറിയിക്കുകയില്ല.  ഇത്തരം കള്ളവാർത്തകൾ സമൂഹത്തിൽ ഉണ്ടാക്കുന്ന അസഹിഷ്ണത വളരെയാണ്. 'ഫോട്ടോകളെ കള്ളം പറയിപ്പിക്കൂന്നത്' ഒരു വ്യക്തിക്കുനേരയോ പ്രസ്ഥാനത്തിനു/സംഘടനയുടെ നേരയോ മതത്തിന്റെ നേരയോ ഒക്കെയാവാം  . ചിലപ്പോൾ വ്യക്തികൾ പ്രസ്ഥാനങ്ങൾ സ്വയം പുകഴ്ത്തലിനു വേണ്ടിയും ഫോട്ടോകളെ കള്ളം പറയിപ്പിക്കാറുണ്ട് .സോഷ്യൽ മീഡിയാകളിൽ / ഒൺലൈൻ ലോകത്ത് നടക്കുന്ന ഇത്തരം 'കള്ളം പറയിപ്പിക്കൽ' വാർത്തകൾ ചിലപ്പോൾ അച്ചടി ദൃശ്യ മാധ്യമങ്ങൾ കൂടി ഏറ്റെടുക്കാറുണ്ട് .അടൂത്തകാലത്ത്  സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്ന 'ഫോട്ടോകളെ കള്ളം പറയിപ്പിച്ച' ചില ഫോട്ടോകളെ/ വാർത്തകളെ നമുക്ക് നോക്കാം........

:: മെറിൻ ജോസഫ് ഐ.പി.എസും ഒരു കുടയും ::
ഈ ഫോട്ടോ നോക്കുക.

രണ്ടൂ പോലീസുകാർ മറ്റൊരു പോലീസുകാരൻ നിവർത്തിയ കുടയുടെ കീഴിൽ നിൽക്കുന്നതായി മാത്രമേ നമുക്ക് തോന്നുകയുള്ളൂ. കുടയുടെ കീഴിൽ നിൽക്കുന്നത് എ.സി.പി മെറിൻ ജോസഫും ഡി.സി.പി സഞ്ജയ് കുമാറും. പക്ഷേ സോഷ്യൽ മീഡിയാകളിൽ ഈ ഫോട്ടോ/വാർത്ത പ്രചരിപ്പിക്കപ്പെട്ടത് 'എ.സി.പി മെറിൻ ജോസഫ് പോലീസുകാരനെക്കൊണ്ട് കുടപിടിപ്പിച്ചു' എന്നാണ്. 'പോലീസുകാരി പോലീസുകാരനെക്കൊണ്ട് കുടപിടിപ്പിക്കുന്ന ഫോട്ടോ' കണ്ടവർ കണ്ടവർ 'ഷെയർ'ബട്ടണിൽ ഞെക്കി തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി. പോലീസുകാരനെ കീഴാളാക്കിയ ഐ.പി.എസ് ഓഫീസർക്ക് എതിരെ സോഷ്യൽ മീഡിയായിലെ പ്രതിഷേധം ഫലം കണ്ടത്രെ!!!
പോലീസുകാരനെക്കൊണ്ട് കുടപിടിപ്പിച്ച വാർത്ത വന്ന ദിവസം തന്നെ വന്ന മറ്റൊരു ചിത്രം അധികമാരും ശ്രദ്ധിക്കാതെ പോയി.
ഈ ചിത്രങ്ങളെല്ലാം കൂടി ഒരുമിച്ച് കണ്ടാൽ 'പോലീസുകാരനെക്കൊണ്ട് കുടപിടിപ്പിച്ച മെറിൻ ജോസഫ്' ചെയ്ത കുറ്റം എന്താണന്ന് മനസിലാകും.
എന്തായിരുന്നു സംഭവിച്ചത്. സെക്രട്ടറിയേറ്റിനു മുന്നിലെ സമരക്കാരെ നേരിടാൻ നിന്ന പോലീസുകാരുടെ ഇടയിൽ നിന്നുള്ള ചിത്രം. മഴ ചാറിയപ്പോൾ പോലീസുകാരൻ ഡി.സി.പിക്ക് കുട നൂർത്ത് നൽകി. പോലീസുകാരൻ ഡിസിപിക്ക് കുട കൈമാറുന്നതിനിടയിലെ ചെറിയ സമയത്തിനിടയ്ക്ക് നിന്നുള്ള ഫോട്ടോയാണ് പോലീസുകാരനെ കൊണ്ട് കുടപിടിപ്പിച്ച് അതിൽ കൈകെട്ടി നിന്ന ഐ.പി.എസ് ഓഫീസറായ മെറിൻ ജോസഫ്!!. പോലീസുകാരൻ ഡി.സി.പിക്ക് കുട നൽകുമ്പോഴുള്ള 'ഫ്രെയിമിൽ' കൈകെട്ടി നിന്ന 'തെറ്റാണ്' 'ഡ്യുട്ടിയിലുള്ള പോലീസുകാരനെ കുടപിടിപ്പിച്ച' തെറ്റിന്റെ പാപഭാരം മെറിൻ ജോസഫിന് സോഷ്യൽ മീഡിയ ചാർത്തി നൽകിയത്.

മെറിൻ ജോസഫിനു നേരെയുള്ള ആദ്യ 'വിവാദ വാർത്തയായിരുന്നില്ല' ഇത്. നിവിൻ പോളിയുമായി നിൽക്കുന്ന ഫോട്ടോ ഹൈബി ഹീഡൻ എം.എൽ.എയെക്കൊണ്ട് എടുപിച്ച് ആ ഫോട്ടോ മെറിൻ ജോസഫ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു എന്നുള്ള കുറ്റം കണ്ടുപിടിച്ച് ജനങ്ങളെ അറിയിച്ചത് 'സ്റ്റാൻഡ് എലോൺ ചാനൽ' ആയ റിപ്പോർട്ടർ. ആ ചാനലിന്റെ അവതരണത്തിലെയും എഡിറ്റിങ്ങിന്റെയും മികവുകൊണ്ട് അതൊരു വാർത്തയാക്കാൻ ''സ്റ്റാൻഡ് എലോൺ ചാനലി'നു കഴിഞ്ഞു. ഈ ചിത്രം ആയിരുന്നു ആ വിവാദത്തിനു തുടക്കം.
'റിപ്പോർട്ടർ' ആ ചടങ്ങിനെ എഡിറ്റ് ചെയ്ത് വാർത്തയാക്കിയത് എങ്ങനെയെന്ന് നോക്കുക.

സീൻ ഒന്ന് സീൻ രണ്ട് എന്നു പറഞ്ഞ് ദൃശ്യങ്ങൾക്ക് തുടർച്ചയാണന്ന് വരുത്താൻ അവർക്ക് കഴിഞ്ഞു. നിവിൻ പോളി സ്റ്റേജിലേക്ക് വന്നയുടനെ മെറിൻ ജോസഫ് ഹൈബി ഹീഡനെക്കൊണ്ട് ഫോട്ടോ എടുപ്പിച്ച് എന്നാണ് 'റിപ്പോർട്ടർ' റിപ്പോർട്ട് ചെയ്യുന്നത്. ഏതായാലും ഒളിഞ്ഞു നോട്ട റിപ്പോർട്ടിം‌ങ്ങിനു എന്തെങ്കിലും അവാർഡ് നൽകുന്നുണ്ടങ്കിൽ 2015 ലെ അവാർഡ് റിപ്പോർട്ടർ ചാനലിനും അത് റിപ്പോർട്ട് ചെയ്ത സജിൻ ആന്റണിക്കും ക്യാമറമാൻ അഭിലാഷ് കേശവിനും നൽകണം. സുന്ദരിയയതുകൊൻട് മാത്രം വിവാദനായികയായി മാറിയ മേരിൻ ജോസഫ് ഐ.പി.എസ് എന്നതാണ് ഈ വാർത്തയിലെ ഹൈലൈറ്റ്. തങ്ങൾ എന്തുകൊണ്ട് ഇങ്ങനെയൊരു വാർത്തയുണ്ടാക്കി എന്നതിനു കാരണം സജിൻ ആന്റണി ഇവിടെ അറിയാതെ പറഞ്ഞു പോകുന്നു. ആ ഐ.പി.എസ് ഓഫീസർ സുന്ദരിയായതുകൊണ്ട് ഞങ്ങൾ ഇത് വാർത്തയാക്കുന്നു.

ഒരു പൗരന്റെ സ്വകാരതയിലേക്കുള്ള ഒളിഞ്ഞുനോട്ടമായിരുന്നു ഈ വാർത്ത എന്ന് നിസംശയം പറയാം. ഒരു സ്ത്രി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മൊബൈലിലേക്ക് പോലും സൂം ചെയ്ത് അത് വാർത്തയാക്കണമെങ്കിൽ ആ ചാനൽ തങ്ങളുടെ റിപ്പോർട്ടർമാർക്ക് നൽകിയിരിക്കൂന്ന നിർദ്ദേശം എങ്ങനെയായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. വാർത്തകൾ ഒളിഞ്ഞുനോട്ടത്തിലൂടെ സൃഷ്ടിച്ചെടുക്കുന്നത് നിരുത്സാഹപ്പെടുത്തേണ്ടത് തന്നെയാണ്. പൗരന്റെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന ഭരണകൂടങ്ങളുടെ ഭീകരതയെക്കുറിച്ച് ആകുലതപ്പെടൂന്നവർ മാധ്യമങ്ങളുടെ ഇത്തരം കടന്നുകയറ്റങ്ങളെ കാണാതെ പോവുകയാണ്.

നമ്മുടെ മലയാളം പത്രങ്ങൾ മാത്രമല്ല മെറിൻ ജോസഫ് നിവിൻ പോളിയുമായി നിൽക്കുന്ന 'വിവാദ ചിത്രം' വാർത്തയാക്കിയത്. ദേശീയ മാധ്യമങ്ങളും ഹിന്ദി പത്രങ്ങളും അത് വാർത്തയാക്കി. ഓൺലൈൻ വായനക്കാരെ തങ്ങളുടെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യിപ്പിക്കേണ്ടത് അത്യാവശ്യമായ്തുകൊണ്ട് പത്രങ്ങളുടെ ഓൺലൈൻ എഡീഷനുകളിൽ  ഇത്തരം വാർത്തകൾ 'നിർബന്ധമാണ്'.
മെറീൻ ജോസഫ് നൽകിയ മറുപിടിയാണ് ഇതിന്റെ ക്ലൈമാക്സ്.
ഈ വിശദീകരണത്തിന്റെ പിന്തുടർച്ചയായിരുന്നു 'കുടവിവാദം' എന്ന് അനുമാനിക്കുന്നതിൽ തെറ്റില്ല.

:: കെ.എം. മാണിയും ഭക്ഷണവും::
 മന്ത്രി കെ.എം. മാണി ഭക്ഷണത്തിനിരിക്കൂന്ന ചിത്രം സോഷ്യൽ മീഡിയായിൽ 'ഷെയർ'ചെയ്യപ്പെട്ടത് ഇങ്ങനെയായിരുന്നു.

രാഷ്ട്രീയമായിരുന്നു മുകളിലെ ചിത്രത്തിലെ ചർച്ച .കെ.എം.മാണി കൂടെയിരിക്കുന്ന പാവങ്ങൾക്ക് ഭക്ഷണം വിളമ്പാതെ ഭക്ഷണം കഴിക്കുന്നു എന്നായിരുന്നു ആ ചിത്രത്തിന്റെ 'വാർത്ത'. .ഒന്നു രണ്ടു ദിവസത്തിനകം തന്നെ ആ ഫോട്ടൊയുടെ കൂടെയുള്ള ചിത്രങ്ങൾ കൂടി വന്നതോടെ സോഷ്യൽ മീഡിയാകളിൽ ഇട്ട ആദ്യ ഫോട്ടോകൾ പലരും പിൻവലിച്ചു. (ഫോട്ടായ്ക്കായി ഭക്ഷണവേളകളിൽ പോലും ഇടിച്ച് കയറുന്നത് അശ്ലീലകാഴ്ചതന്നെയാണ്)

:: ഹാമിദ് അന്‍സാരിയും ദേശസ്നേഹവും ::
2015 ലെ ജനുവരി 26 ലെ റിപ്പബ്ലിക് ദിന പ്രേഡിലെ പതാക ഉയർത്തലിന്റെ ചിത്രമാണിത്.  രാഷ്ട്രപതി പ്രണാബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍, ചടങ്ങിലെ മുഖ്യാതിഥി ബാറക് ഒബാമ , മിഷേൽ ഒബാമ എന്നിവരോടൊപ്പം ഹാമിദ് അൻസാരി നിൽക്കുന്ന ഈ പടം പിന്നീട് സോഷ്യൽ മീഡിയായിൽ വളരെയേറെ ആളുകൾ പങ്കുവെച്ചു. പക്ഷേ....
2015 ജനുവരി26 ന് റിപ്പബ്ലിക് ദിനാഘോഷ സമയത്ത് ഹാമിദ് അൻസാരി ദേശീയ പതാകയെ സല്യൂട്ട് ചെയ്യാതെ അപമാനിച്ചു എന്നുള്ള വിവാദം സോഷ്യൽ മീഡിയയാണ് തുറന്ന് വിട്ടത്. ട്വിറ്ററിൽ
#HamidAnsariShameOnYou എന്ന ഹാഷ്ടാഗിൽ അനേകം ആളുകൾ ആണ് ഹാമിദ് അൻസാരിയെ ദേശ സ്നേഹം പഠിപ്പിക്കാൻ ട്വീറ്റ് ചെയ്തത്.
ഹാമിദ് അൻസാരി ദേശീയ പതാകയെ സല്യൂട്ട് ചെയ്യാതെ അപമാനിച്ചു എന്നുള്ള വിവാദവും ചർച്ചകളും സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരുന്നപ്പോഴാണ് ഉപരാഷ്ട്രപതിയുടെ ഓഫീസ് തന്നെ വിശദീകരണവുമായി വന്നത്.

"As per the protocol, when the national anthem is played, the Principal Dignitary and persons in uniform take the salute. Those in civil dress stand in attention. "During the Republic Day Parade, the President of India, as Supreme Commander, takes the salute. As per protocol, the Vice President is required to stand in attention," Gurdeep Sappal, Joint Secretary and OSD to the Vice President, said in a statement.

"When the Vice President is the Principal Dignitory, he salutes during the national anthem, wearing headgear, as done at NCC camp this year," Sappal added.
സോഴ്സ് :: firstpost.com 

ഇന്ത്യയുടെ ഫ്ലാഗ് കോഡിന്റെ സെക്ഷൻ 6 ൽ 'സല്യൂട്ടി'നെക്കുറിച്ച് പറഞ്ഞിരിക്കൂന്നത് ഇങ്ങനെയാണ്.

എന്തുകൊണ്ട് ഉപരാഷ്ട്രപതിയായ ഹാമിദ് അൻസാരിക്ക് പോലും തന്റെ ദേശസ്നേഹത്തിന്റെ തെളിവ് ഹാജരാക്കേണ്ടീ വരുന്നു? 

:: എഴുത്തു കൂദാശ , മിശിഹാരാത്രി ::
ഈ ചിത്രം നോക്കുക.

കുറേ വർഷമായി എല്ലാ പൂജവെയ്പ്പ് സമയങ്ങളിലും ഷെയർ ചെയ്ത് വരുന്ന ഒരു ചിത്രം കൂടി കാണുക.

നിർദ്ദേഷമെന്ന് കരുതാമെങ്കിലും ഇതിൽ പതിയിരിക്കുന്ന അപകടം വലുതാണ്. ഈ ചിത്രത്തെക്കുറിച്ച് സെബിൻ 'മിശിഹാരാത്രിയോ മഹാശിവരാത്രിയോ?' എന്ന പേരിൽ 'OpenHouse ഇളംതിണ്ണ' എന്ന ബ്ലോഗിൽ എഴുതിയ 'മിശിഹാരാത്രിയോ മഹാശിവരാത്രിയോ?' എന്ന ബ്ലോഗ്  പോസ്റ്റ് വായിച്ചാൽ ഈ ഫോട്ടോയ്ക്ക് പിന്നിലെ വാസ്തവം അറിയാൻ കഴിയും.

:: ഒരു സ്ത്രി ലെഗിൻസ് ധരിച്ച് യാത്ര ചെയ്താൽ എന്ത് സംഭവിക്കും? ::
ഒരു സ്ത്രി സ്കിൻ കളർ ലെഗിൻസ് ധരിച്ച് ട്രെയിനിൽ യാത്ര ചെയ്താൽ എന്തായിരിക്കും സംഭവിക്കുക. ദാ ഈ ചിത്രം നോക്കുക. ഒരു സ്ത്രി ലഗിൻസ് ധരിച്ച് ട്രയിനിൽ സഞ്ചരിക്കുന്നു.

ലെഗിൻസ് ധരിച്ച് യാത്ര ചെയ്യുന്ന ഒരു സ്ത്രി എന്നതിലപ്പുറത്തേക്ക് ഇതിന് മറ്റൊരു പ്രത്യേകത തോന്നേണ്ട കാര്യമില്ല. പക്ഷേ  ഈ ചിത്രം പലരും സോഷ്യൽ മീഡിയാകളിൽ പോസ്റ്റ്/ഷെയർ ചെയ്തത് ആ സ്ത്രി ഫോൺ ഉപയോഗിക്കുന്ന ശ്രദ്ധയിൽ വസ്ത്രം ധരിക്കാൻ മറന്നു പോയി എന്ന് പറഞ്ഞാണ്. ഇന്ത്യക്കാരെല്ലാം ഫോൺകണ്ടാൽ വസ്ത്രത്തിന്റെ കാര്യം‌പോലും മറക്കും എന്നുള്ള രീതിയിൽ വിദേശികൾ പോലും ഈ ഫോട്ടൊ ഷെയർ ചെയ്തിരിക്കുന്നു!!!

.
എന്തുകൊണ്ടാണ്/ എന്തിനുവേണ്ടീയാണ് ഇങ്ങനെ ഫോട്ടോകളെ കള്ളം പറയിപ്പിക്കുന്നത്???   ഒരു ഫോട്ടോ/പോസ്റ്റ് ഷെയർ ചെയ്യുന്നതിനുമുമ്പ് അതിൽ എന്തെങ്കിലും സത്യമുണ്ടോ എന്ന് ചിന്തിക്കൂന്നത് നന്നായിരിക്കും......

Tuesday, October 27, 2015

സൈബർ പ്രെഡറ്റേഴ്സ് :: ഓൺലൈൻ/സൈബർ കഴുകന്മാർ

സൈബർ പ്രെഡറ്റേഴ്സ് ( Online/Cyber Predators)

പ്രെഡറ്റർ(Predator) എന്ന വാക്കിന്റെ അർത്ഥം  ഇരയായി പിടിച്ചു തിന്നുന്ന മൃഗം എന്നാണ്., സൈബർ ഇടങളിൽ ഒളിഞ്ഞിരുന്ന് കുട്ടികളെ അപകടത്തിൽ പെടുത്താൻ കാത്തിരിക്കൂന്ന ആൾ എന്ന് നമുക്ക് സൈബർ/ഓൺലൈൻ പ്രെഡറ്റേഴ്സിനെ പറയാം.
സൈബർ ഇടങളിലെ ഏറ്റവും അപകടകാരികളാണ് സൈബർ പ്രെഡറ്റേഴ്സ്. സൈബർ ഇടങളിലെ ആൺ/പെൺ കുട്ടികളെ ലൈംഗീകമയി ദുരപയോഗം ചെയ്യുക എന്ന് ലക്ഷ്യത്തോടെ 'പൊയ്മുഖ പ്രൊഫൈലുകളിൽ'(ഫേക്ക് ഐഡികളിൽ) മറഞ്ഞിരിക്കുന്നവരാണ് ഓൺലൈൻ / സൈബർ പ്രെഡറ്റേഴ്സ്.ആൺ/പെൺ വെത്യാസം ഇല്ലാതെ പ്രെഡറ്റ്ർ മിക്കപ്പോഴും ഫേക്ക് ഐഡികളിൽ ആയിരിക്കും സൈബർ ഇടങളിൽ ഇടപെടലുകൾ നടത്തുന്നത് .കുട്ടികളുടെ പ്രൊഫൈലുകളിലും അവരുടെ പോസ്റ്റു(വോളു)കളിലും നാളുകൾ 'ഗവേഷ്ണം' നടത്തിയതിനുശേഷമാണ് പ്രെഡക്റ്റർ തങളുടെ ഇരകളെ കുരുക്കുന്നത്. പ്രൊഫൈലുകളിൽ നിന്ന് ഏജ് ഗ്രൂപ്പും അവരുടെ ഇഷ്ടാനുഷ്ടങളും ഗ്രൂപ്പുകളും പേജ് ലൈക്കുകളും ഫ്രൻട്സ് ലിസ്റ്റിലുള്ളവരെയും ഒക്കെ 'പഠിച്ചതിനുശേഷം' ഫ്രണ്ട് റിക്വിസ്റ്റുകളൊ മെസേജുകളോ അയച്ചു ബന്ധം തുടങ്ങുന്നു. സ്വാഭാവികമായി തുടങുന്ന സൗഹൃദത്തെ പിന്നീട് ലൈംഗീക കാര്യങ്ങളിലേക്ക് വഴിതിരിച്ച് വിട്ട് 'ഇരകളെ' കുടുക്കുകയാണ് പ്രെഡറ്റർ ചെയ്യുന്നത്. കുട്ടികളുടെ സ്റ്റാറ്റസുകൾ (ലൊൺലി,ബോർ....) കണ്ട് അവരുടെ സ്റ്ററ്റസുകൾക്ക് കമ്ന്റുകൾ നൽകി ചാറ്റുകളിലൂടെ ആശ്വസിപ്പിച്ച് പ്രെഡറ്റർ 'ഇരകളെ' കണ്ടെത്താറുണ്ട്. സൈബർ സ്പേസിലൂടേ കുട്ടികൾക്ക് നേരെ ലൈംഗീക അക്രമണം നടത്തുന്നവർ എന്ന് സൈബർ പ്രെഡറ്റേഴ്സ് എന്ന് പറയാം.

ഓൺലൈൻ ചർച്ചാ വേദികളിലും മറ്റും കുട്ടികളുടേ ചോദ്യങൾക്ക് ഉത്തരം നൽകിയും ചർച്ചകളിൽ കുട്ടികളുടെ അഭിപ്രായങൾക്ക് പിന്തുണ നൽകി സംസാരിക്കുകയും ചെയ്യുന്ന പ്രെഡറ്റർ അവർക്ക് വേണ്ടുന്ന സഹായങൾ ചെയ്ത് നൽകുന്നു .കുട്ടികളുടെ ഇഷ്ടങൾ പ്രൊഫൈലുകളിൽ നിന്ന് മനസിലാക്കി അതിനെക്കുറിച്ച് സംസാരിച്ച് തുടങ്ങി കുട്ടിയുടെ കൂടുതൽ വിവരങൾ മനസിലാക്കുന്ന പ്രെഡറ്റർ അവരുമായി കൂടുതൽ ബന്ധങൾ സ്ഥാപിക്കുന്നു. സമ്മാനങൾ അയച്ചു നൽകിയും മറ്റും അവരുടെ വിശ്വാസം പിടിച്ചു പറ്റുന്നു. അതിനുശേഷം കുട്ടികളുടെ നിഷ്കളങ്കതയെ ചൂഷ്ണം ചെയ്ത്  മാനസികവും വികാരപരവുമായി കുട്ടികളെ സ്വാധീനിച്ച് അവരെ ശാരീരികവും സാമ്പത്തികവുമായി മുതലെടുക്കുകയാണ് ചെയ്യുന്നത്.

ചില മെയിൽ ഐഡികളിൽ വയസ് (aa1998@zz.com), ആൺ/പെൺ തിരിച്ചറിയലുകൾ (aa_mon@zz.com,aa_mol@zz.com), ഇവ രൻടും കൂടിയോ ഉള്ളതോ ആയിരിക്കും  (aa_mol_1998@zz.com). ഇങ്ങനെയുള്ള മെയിൽ ഐഡികൾ ശേഖരിക്കൂന്ന പ്രെഡറ്റർ മെയിൽ അയച്ചു ബന്ധം തുടങ്ങും. ഇത്തരം മെയിലുകലീൽ ചിലപ്പോൾ അശ്ലീല ചിത്രങ്ങളോ , അതുപോലുള്ള സൈറ്റുകളുടെ ലിങ്കോ ആയിരിക്കും. ഇത്തരം ഇന്വിറ്റേഷൻ ലിങ്കുകളിൽ നിന്ന് സൈറ്റുകൾ സന്ദർശിച്ചാൽ അത് പ്രെഡറ്റർക്ക് മനസിലാക്കാൻ പറ്റും. അതോടെ കൂടുതൽ ചിത്രങൾ അയച്ച് 'ഇര'കളുമായി ബന്ധം സ്ഥാപിക്കും. പിന്നീട് ചാറ്റുറൂമികളിൽ കൂടിയുള്ള സംഭാഷ്ണത്തിലൂടെ 'ഇരയെ' കുരുക്കുന്നു.

ചില കണക്കുകൾ
>> സൈബർ പ്രെഡറ്റേഴ്സ് ഇരയാക്കൂന്നത് കൂടുതലും കുട്ടികളെയാണ്(13 നും 18 നും ഇടയില്പ്രായമുള്ളവരെ). 
>> കുട്ടികളുൾക്ക് എതിരെ നടക്കൂന്ന ഓൺലൈൻ സെക്സ് ക്രൈമുകളിൽ 65% ശതമാനത്തിലും 'ഇരകളുടെ' സ്വകാര്യ വിവരങ്ങൾ(വീട്,സ്കൂൾ) ശേഖരിച്ചത് സോഷ്യൽ മീഡിയ സൈറ്റുകളിൽ നിന്നാണ്.
>> സൈബർ സ്പേസിൽ ചിലവഴിക്കുന്ന കുട്ടികളിൽ ഏഴിൽ ഒരാൾക്കെന്ന നിലയിൽ നിലയിൽ 'സെക്സിനു' ക്ഷണനം കിട്ടുന്നു.
>> സൈബർ സ്പേസിൽ ലൈംഗീക അതിക്രമങൾക്ക് വിധേയമാകുന്ന കുട്ടികളിൽ 75% പെൺകുട്ടീകളും 25 % ആൺകുട്ടീകളൂം ആണ്.
>> സൈബർ സ്പേസിൽ ലൈംഗീക അതിക്രമങൾക്ക് വിധേയമാകുന്ന കുട്ടികളിൽ 50% ഓൺലിനിൽ പരിചയപ്പെടൂന്ന അപരിചിത ഐഡികളിലേക്ക്(ഫേക്ക് ഐഡികളിൽ) കുട്ടികൾ തങളുടെ    വിവരങ്ങൾ കൈമാറിയിട്ടുൻട് . 
>> ഓൺലൈനിൽ ചിലവഴിക്കുന്ന കുട്ടികളിൽ 34% പേർക്ക് മോശ്മായ പെരുമാറ്റം മറ്റുള്ളവരിൽ നിന്ന് ലഭിച്ചിട്ടൂൻട്.

സൈബർ പ്രെഡറ്റർ തങ്ങളുടെ ഇരകളെ വീഴ്ത്തുന്നതെങ്ങനെ?
സൈബർ പ്രെഡറ്റർ ലക്ഷ്യമിടൂന്നത് കുട്ടികളെ ആയതുകൊൻട് അവരുടെ മാനസിക ശാരീരിക വിചാരവികാരങ്ങളെ ചൂഷ്ണം ചെയ്തുകൊണ്ടാണ് സൈബർ പ്രെഡറ്റർ തങ്ങളുടെ ഇരകളെ കുരുക്കുന്നത്. അവരതിന് പല വഴികളും തിരഞ്ഞെടുക്കും. ആ വഴികളിൽ ചിലത്......

1. സ്വകാര്യ ചാറ്റിം‌ങ്ങിലൂടെ- 
ചാറ്റ് ഐഡികൾ ശേഖരിക്കുന്ന പ്രെഡറ്റർ 'ഇരകളെ' തങ്ങളുടെ ചാറ്റ് റൂമുകളിലേക്ക് ക്ഷണിച്ച് കെണിയിൽ വീഴുത്തുന്നു. ഈമെയിലിൽ നിന്നോ ചാറ്റ് പ്ലാറ്റ്ഫോമുകളിൽ നിന്നോ സോഷ്യൽ സൈറ്റുകളിൽ നിന്നോ ഒക്കെയായിരിക്കും പ്രെഡറ്റർ ചാറ്റ് ഐഡികൾ ശേഖരിക്കുക. ഫേക്ക് ഐഡികളിൽ നിന്ന് ആയിരിക്കൂം ഇവർ ചാറ്റ് റിക്വസ്റ്റുകൾ അയക്കുന്നത്. ഫോൺ വഴിയോ മെസേജുകൾ വഴിയോ പ്രെഡറ്റർ തങ്ങളുടെ ഇരകളുമായുള്ള ബന്ധം ദൃഡമാക്കും. 

2. മുഖസ്തൂതി - 
 തങ്ങളുടെ ഇരകളെ കീഴ്പ്പെടുത്താൻ പ്രെഡറ്റർ ഉപയോഗിക്കുന്ന ഒരു മാർഗമാണ് മുഖസ്തൂതി/പുകഴ്ത്തൽ. 'ഇരകൾ' തങ്ങളുടെ ഏതെങ്കിലും തരത്തിലുള്ള കലാപരമായോ/കായികപരമായോ കഴിവുകൾ കാണിച്ചുകൊണ്ടുള്ള പോസ്റ്റുകൾ അവതരിപ്പിക്കൂമ്പോൾ അതിനെ അഭിനന്ദിച്ചുകൊണ്ടും ഉപദേശങ്ങൾ നൽകിക്കൊണ്ടും 'പ്രെഡറ്റർ' തങ്ങളുടെ ഇരകളുമായുള്ള ബന്ധം ദൃഡമാക്കുന്നു.

3. ഭീഷണിപ്പെടുത്തൽ
ഓൺലൈൻ മാധ്യമം വഴി സൗഹൃദം ഉണ്ടാക്കിയതിനുശേഷം സൗഹൃദം മറ്റ് രീതികളിലേക്ക് വഴിമാറ്റി വിടുകയും സംസാരങ്ങൾ(ചാറ്റുകൾ-വീഡിയോ ഓഡിയോ) റിക്കോർഡ് ചെയ്യുകയോ , പ്രൊഫൈലുകളിൽ നിന്നോ ചാറ്റ് വഴിയോ ലഭിച്ച  ഫോട്ടോകൾ കൈവശപ്പെടുത്തുകയോ ചെയ്തതിനുശേഷം 'പ്രെഡറ്റർ' ഇരകളെ അവ വെച്ച് ഭീക്ഷണിപ്പെടൂത്തി തങ്ങളുടെ വലക്കണ്ണികളിൽ വലിച്ചു മുറുക്കുന്നു. ഈ ചതിക്കുഴികളിൽ വീഴുന്നവർ 'പ്രെഡറ്റർ' ആവശ്യപ്പെടുന്നതെന്തും ചെയ്യാൻ തയ്യാറാവുന്നു. 

4. വ്യക്തിവിവര ശേഖരണത്തിലൂടെ 
സോഷ്യൽ വെബ്സൈറ്റുകൾ വഴി വ്യക്തിവിവരങ്ങൾ ശേഖരിക്കാൻ കഴിയുമ്പോൾ 'സ്വകാര്യ വിവരങ്ങൾ' പലപ്പോഴും ബന്ധം സ്ഥാപിക്കാൻ പ്രെഡറ്റർ ഉപയോഗിക്കുന്നു. സോഷ്യൽ വെബ്സൈറ്റുകളിലെ പ്രൊഫൈലുകളിൽ നിന്നും സ്റ്റാറ്റസ്/പോസ്റ്റുകൾ/ഫോട്ടോകൾ വഴി ശേഖരിക്കുന്ന വിവരങ്ങൾ പരിചിതനായ ഒരാൾ എന്നപോലെ ഇടപെടാൻ  'പ്രെഡറ്റർ'ക്ക് സഹായകമകുന്നു. 

5. സഹതാപം/സഹാനുഭൂതി 
സഹതാപം/സഹാനുഭൂതി പ്രകടിപ്പിച്ചോ 'പ്രെഡറ്റർ' തന്റെ വേട്ടയാടൽ ആരംഭിക്കുന്നു. ഉദാഹരണത്തിനു ഫീലിം‌ങ്ങ് 'എലോൺ'/'ബോർ' .... തുടങ്ങിയ സ്റ്റാറ്റസ് മെസേജുകൾ കണ്ട് സഹതാപമോ സഹാനുഭൂതിയോ പ്രകടിപ്പിച്ച് 'പ്രെഡറ്റർ' ഇരയുമായി ബന്ധം തുടങ്ങുന്നു. സമാന ദുഃഖിതർ എന്ന നിലയിൽ 'ഇര' കൂടുതൽ വിവരങ്ങൾ 'പ്രെഡറ്ററു'മായി പങ്ക് വെയ്ക്കാൻ തയ്യാറാകും. 'പ്രെഡറ്റർ' അത് പിന്നീട് ഉപയോഗിക്കുകയും ചെയ്യുന്നു.

'സ്വീറ്റി' എന്ന പെൺകുട്ടി കുടുക്കിയ ഓൺലൈൻ കഴുകന്മാർ 

സൈബർ ഇടങ്ങളിൽ കുട്ടികളെ ലൈംഗീകമായി ഉപയോഗിക്കുന്നവരെ കണ്ടെത്താൻ വേണ്ടീ നെതര്‍ലന്‍ഡ്‌സിലെ ബാലാവകാശ സംഘടനയായ ടെറെ ഡെസ് ഹോംസ് (Terre des Hommes) ഗ്രാഫിക്സ് സഹായത്തോടെ നിർമ്മിച്ചെടുത്ത പത്തുവയസുകാരി ഫിലിപ്പിനോ
An example of a chatroom where an online a predator approached a digital decoy called "Sweetie." Terre des Hommes
പെൺകുട്ടിയായിരുന്നു 'സ്വീറ്റി'. 'സ്വീറ്റി' എന്ന ചാറ്റ് പേരിൽ സൈബർ ലോകത്തേക്ക് എത്തിയ പത്തുവയസുകാരി ഫിലിപ്പിനോ പെൺകുട്ടിയോട് പത്ത് ആഴ്ചയ്ക്കകം അമ്പതിലധികം രാജ്യങ്ങളിൽ നിന്ന് ഇരുപതിനായിരത്തോളം ആളുകൾ ആണ് ചാറ്റ് ചെയ്യാൻ ചാറ്റ്രൂമിൽ എത്തിയത്. ആയിരത്തിലധികം ആളുകൾ 'സ്വീറ്റി'യുടെ നഗ്നശരീരം ഓൺലൈൻ വഴി കാണാൻ പണം നൽകാൻ തയ്യാറായിരുന്നു. അമേരിക്കയിൽ നിന്ന് 254 പേരും ബ്രിട്ടനിൽ നിന്ന് 110 പെരും ഇന്ത്യയിൽ നിന്ന് 103 ആളുകളും സ്വീറ്റിയോട് അവളുടെ നഗ്നശരീരം വെബ്ക്യാമിനു മുന്നിൽ പ്രദർശിപ്പിക്കാൻ ആവശ്യപ്പെട്ടു. 2013 നവംബറിൽ ആയിരുന്നു  ടെറെ ഡെസ് ഹോംസിന്റെ 'സ്വീറ്റി' ഓപ്പറേഷൻ.  'സ്വീറ്റി' എന്ന കുട്ടിയുമായി ലൈംഗീക ചുവയോടെ ചാറ്റ് ചെയ്തവരുടയും കുട്ടിയെ ലൈംഗീക ഉപയോഗത്തിനായി പ്രേരിപ്പിച്ചവരുടേയും വിവരങ്ങൾ 'ടെറെ ഡെസ് ഹോംസ്' അതാതു രാജ്യങ്ങളിലെ കുറ്റാന്വേഷ്ണ ഏജൻസികൾക്ക് കൈമാറിയിരുന്നെങ്കിലും മിക്കസ്ഥലങ്ങളിലും തുടർ നടപടികൾ ഉണ്ടായില്ല. എന്നാൽ ഓസ്ട്രേലിയയിൽ സ്കോട് റോബർട് ഹൻസ്ൺ (Scott Robert Hansen)  എന്നയാളെ 2014 ഒക്ടോബറിൽ രണ്ടു വർഷത്തെ തടവിന് വിധിച്ചു. 'സ്വീറ്റി' ഓപ്പറേഷനിലെ ആദ്യ ശിക്ഷാനടപടിയായിരുന്നു ഇത്. 


സൈബർ പ്രെഡറ്റേഴ്സിനെ എങനെ തടയാം
>> തങളുടെ വിവരങ്ങൾ അപരിചതരുമായി പങ്കുവയ്ക്കുന്നത് തടയുകയും അപരിചിതരോട് ചാറ്റ് ചെയ്യാതിരിക്കുകയും ചെയ്യുക എന്നുള്ളതാണ് പ്രധാന കാര്യം.
>> പേഴ്സണൽ വിവരങൾ സോഷ്യൽ നെറ്റ്വർക്ക് സൈറ്റുകളിൽ പങ്കുവയ്ക്കാതിരിക്കുക.
>> വിവരങ്ങൾ അന്വേഷിക്കുന്ന അപരിചിത ഐഡികളിൽ വെളിപ്പെടുത്തലുകൾ നടത്താതിരിക്കുക. { കുട്ടികലുടെ പ്രൊഫൈലുകളിൽ നിന്ന് ശെഖരിച്ച വിവരങളുമായിട്ടായിരിക്കും അവർ ആദ്യം    വരിക}
>> ഓൺലൈൻ സ്റ്റാറ്റസുകളും പോസ്റ്റുകളും ആരെല്ലാം കാണണമെന്ന് അവരവർ തന്നെ തീരുമാനിക്കുക. സറ്റാറ്റസുകളിൽ കമന്റുകളുമായി വരുന്ന അപരിചിതരെ അവഗണിക്കുക.
>> ശരിയായ പേര് ഉപയോഗിക്കാതെ നിക്ക് നെയിമുകൾ ഉപയോഗിച്ച് സോഷ്യൽ നെറ്റ്വർക്ക് സൈറ്റുകളിൽ അംഗത്വം എടുക്കുക. { ഫേസ്ബുക്ക് റിയൽ നെയിം പോളിസിയുമായി ബന്ധപ്പെട്ട് നിക്ക് നെയിം യൂസേഴ്സിനെ പേര് മാറ്റാൻ നിർബന്ധിക്കുകയും അങ്ങനെ ചെയ്യാത്തവരുടെ അക്കൗൻടുകൾ ഡി ആക്റ്റിവേറ്റ് ചെയ്യുന്നു എന്നുള്ളതുകൊണ്ട് ഈ നിർദ്ദേശത്തിന് പ്രായോഗികമായ ചില ബുദ്ധിമുട്ടൂകൾ ഉണ്ട്. 'പ്രെഡറ്ററും' മിക്കപ്പോഴും നിക്ക് നെയിമാണ് ഉപയോഗിക്കാറുള്ളത്. }
>> അപരിചിതരുമായി ചാറ്റ് ചെയ്യുമ്പോൾ ലിംഗം, പ്രായം , താമസ സ്ഥലം , പഠിക്കുന്ന സ്ഥലം , വീട് / സ്കൂളുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ.... എന്നീ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുക.
>> ഫോട്ടോകൾ/വീഡിയോകൾ ആവശ്യപ്പെട്ടാൽ അത് അവഗണിക്കുക.
>> ഓൺലൈൻ അപരിചതരെ ഒറ്റയ്ക്ക് നേരിട്ട് കാണാതിരിക്കാൻ കഴിവതും ശ്രമിക്കുക. 
>> പോണോഗ്രാഫിയുമായി ബന്ധപ്പെട്ട സൈറ്റുകൾ/ചിത്രങ്ങൾ/ ലിങ്കുകൾ എന്നിവയുമായി ബന്ധപ്പെട്ട് അപരിചിതരെ അകറ്റി നിർത്തുക.  
>> നോ പറയേണ്ടിടത്ത് നോ പറയുക. അപരിചിതരുമായുള്ള ഓൺലൈൻ ബന്ധത്തിന് സ്വയം അതിർത്തി നിർണ്ണയിക്കുക. പോണോഗ്രാഫി പൂർണ്ണമായും ഒഴിവാക്കുക.
>> അപരിചിതരിൽ നിന്നുള്ള വാഗ്ദാനങ്ങൾ/ സമ്മാനങ്ങൾ തുടങ്ങിയവ നിരുത്സാഹപ്പെടൂത്തുക.
>> കൂട്ടൂകാരെക്കുറിച്ചുള്ള വിവരങ്ങൾ അപരിചിതർക്ക് നൽകുകയോ അവർ നൽകുന്ന ലിങ്കുകൾ/ഫോട്ടോകൾ.... കൂട്ടൂകാർക്ക് ഷെയർ ചെയ്യുകയോ ചെയ്യാതിരിക്കൂക.

മാതാപിതാക്കൾക്ക് / അദ്ധ്യാപകർക്ക് എന്ത് ചെയ്യാൻ സാധിക്കും?
മാതാപിതാക്കൾക്ക്
>> സൈബർ ഇടങ്ങളിൽ ഉപയോഗിക്കേണ്ട മര്യാദകളെക്കുറിച്ച് കുട്ടികളോട് സംസാരിക്കുക. നല്ല ഒരു സൈബർ ഉപഭോക്താവാൻ പരിശീലിപ്പിക്കുക.
>> കുട്ടികളുടെ 'സൈബർ ഇടപെടലുകൾ' നിരീക്ഷിക്കുക.
>> സൈബർ ഇടങ്ങളിൽ കുട്ടികൾ വ്യക്തി വിവരങ്ങൾ നൽകുന്നില്ലന്ന് ഉറപ്പ് വരുത്തുക.
>> സൈബർ ഇടങ്ങളിലെ അപകടങ്ങളെക്കുറിച്ച് കുട്ടികൾക്ക് മനസിലാക്കി കൊടുക്കാൻ ശ്രമിക്കുക.
>> കുട്ടികൾ സൈബർ പ്രെഡറ്റേഴ്സിനു ഇരയായി എന്ന് മനസിലാക്കിയാൽ/ കുട്ടികൾ അതിനെക്കുറിച്ച് നിങ്ങളോട് സംസാരിച്ചാൽ കുട്ടികളെ കൂടുതൽ കുറ്റപ്പെടൂത്തി സംസാരിക്കാതെ അതിന്റെ സാഹചര്യം എന്താണന്ന് മനസിലാക്കി ഉചിതമായി പെരുമാറുക.തെളിവുകൾ നശിപ്പിക്കാതെ പോലീസിൽ പരാതി നൽകുക. നിങ്ങടെ കുട്ടിക്ക് എല്ലാവിധ മാനസികമായ പിന്തുണയും നൽകുക.
>> കുട്ടികൾക്ക് ഒരു പ്ലാറ്റ് ഫോമിൽ തന്നെ(ഉദാ.ഫേസ്ബുക്കീൽ തന്നെ) ഒന്നിൽക്കൂടുതൽ പ്രൊഫൈലുകൾ ഉണ്ടങ്കിൽ അത് എന്തിനാണ് ഉപയോഗിക്കുന്നതെന്ന് മനസിലാക്കുക.
>> കുട്ടികൾ മൊബൈൽ ഫോണുകളിൽ ഉപയോഗിക്കുന്ന സിം നിങ്ങളുടെ തന്നെ പേരിലുള്ളതാണന്ന് ഉറപ്പ് വരുത്തുക. (മറ്റുള്ളവർ നൽകിയതല്ലന്ന് ഉറപ്പ് വരുത്തുക). {നിങ്ങളുടെ പേരിലുള്ള സിം    തന്നെയാണങ്കിൽ അതിലെ ഡേറ്റാ ഉപയോഗം , കോളുകൾ ഒക്കെ നിങ്ങൾക്ക് അറിയാൻ കഴിയും}
>> കുട്ടികൾ ഉപയോഗിക്കുന്ന മൊബൈലുകൾ/ടാബുകൾ/ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയുടെ കോഡ് സൂക്ഷിക്കുക. കുട്ടികൾ സ്വയം വാങ്ങുന്ന ഉപകരണങ്ങളുടേയും കോഡ് മാതാപിതാക്കൾ അറിഞ്ഞിരിക്കൂക. മാതാപിതാക്കളുടെ അറിവോടെയല്ലാതെയുള്ള മൊബൈൽ ഉപയോഗങ്ങൾ നിരുത്സാഹപ്പെടൂത്തുക.
>> കുട്ടികൾക്ക് ലഭിക്കൂന്ന സമ്മാനങ്ങൾ/ഗിഫ്റ്റുകൾ തുടങ്ങിയവയുടെ ഉറവിടം അറിയുക.
>> ഇന്നത്തെകാലത്ത് കുട്ടികളുടെ നെറ്റ് ഉപയോഗം മാതാപിതാക്കളുടെ നിയന്ത്രണത്തിൽ കൊൻടുവരാൻ കഴിയുകയില്ലങ്കിലും കുട്ടികൾ ഇന്റർനെറ്റ് എന്തിനുവേണ്ടിയാണ് ഉപയോഗിക്കുന്നതെന്ന് അറിയാൻ ശ്രമിക്കുക. കുട്ടികൾക്ക് ഇനറ്റ്ർനെറ്റ് ഉപയോഗിക്കാൻ വീട്ടിലെ പൊതുഇടങ്ങളിൽ കമ്പ്യൂട്ടർ സ്ഥാപിക്കുക. സോഫ്റ്റുവെയറുകളുടെ സഹായത്തോടെ കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം മനസിലാക്കാനും നിയന്ത്രിക്കാനും സാധിക്കും.
>> കുട്ടികളിൽ എന്തെങ്കിലും തരത്തിലുള്ള സ്വഭാവ വൈകല്യങ്ങൾ ഉണ്ടായതായി തോന്നിയാൽ അദ്ധ്യാപകരുടെ സഹായം തേടൂക. അവരുടെ നിർദ്ദേശപ്രകാരം വേണമെങ്കിൽ ചൈൽഡ് ലൈൻ പ്രവർത്തകരുടെ സഹായം കൂടീ തേടൂക.

അദ്ധ്യാപകർക്ക്
>> കുട്ടികളുടെ മാതാപിതാക്കളെക്കാൾ കൂടുതൽ അവരുമായി കൂടുതൽ ഇടപെടൂന്നത് അദ്ധ്യാപകർ ആയതുകൊണ്ട് കുട്ടികളുടെ സ്വഭാവ വൈകല്യങ്ങൾ പെട്ടന്ന് മനസിലാകുന്നത് അദ്ധ്യാപകർക്ക് ആണ്. കുട്ടികളിൽ പെട്ടന്ന് എന്തെങ്കിലും തരത്തിലുള്ള സ്വഭാവ വൈകല്യങ്ങൾ (പഠനത്തിലും/സ്വഭാവത്തിലും) ഉൻടായതായി ശ്രദ്ധയിൽ പെട്ടാൽ അതിനുള്ള കാരണങ്ങൾ കൻടെത്താനും പരിഹാരം ഉൻടാക്കാനും അദ്ധ്യാപകർക്ക് കഴിയണം. ചൈൽഡ് ലൈൻ പ്രവർത്തകരുടെ സഹായം ഉറപ്പാക്കാൻ അദ്ധ്യാപകർക്ക് കഴിയും.
>> കുട്ടികൾ കാരണമില്ലാതെ സ്കൂളുകളിൽ നിന്ന് വിട്ടൂ നിന്നാൽ അതിന്റെ കാരണം അന്വേഷിക്കേണ്ടത് അദ്ധ്യാപകർ ആണ്.
>> കുട്ടികൾ എന്തെങ്കിലും തരത്തിലുള്ള 'ചതി'ക്കുഴികളിൽ പെട്ടതായി സംശയം ഉണ്ടായാൽ അവരെ കുറ്റപ്പെടൂത്താതെ അവർക്ക് ആവശ്യമായ മാനസിക പിന്തുണയും കൗൺസിലിം‌ങ്ങും നിയമസഹായവും നൽകാൻ അദ്ധ്യാപകർ ശ്രദ്ധിക്കുക.
>> കുട്ടികളുടെ വീടുകളീലെ സാഹചര്യം എന്താണന്ന് അദ്ധ്യാപകർ(ക്ലാസ് ടീച്ചർ) അറിഞ്ഞിരിക്കൂന്നത് നല്ലതാണ്. തങ്ങളെ അദ്ധ്യാപകർ(ക്ലാസ് ടീച്ചർ) വ്യക്തിപരമായി ശ്രദ്ധിക്കുന്നുണ്ടന്ന് എന്നുള്ള ഒരു തോന്നൽ കുട്ടികൾക്ക് ഉണ്ടാകുന്നത് നല്ലതാണ്.
>> ഐടി ക്ലാസുകളിൽ സൈബർ സുരക്ഷയെക്കുറിച്ചും സൈബർ ക്രൈമിനെക്കുറിച്ചും പഠിപ്പിക്കുക/സെമിനാറുകൾ നടത്തുക.
>> സൈബർ ക്രൈമുകളെക്കുറിച്ച് കുട്ടികളിൽ ഒരു അവബോധം സൃഷ്ടിക്കുക. സൈബർ/ഓൺലൈൻ പ്രെഡറ്റർമാരെക്കുറിച്ചും അവരുടെ സ്വഭാവ രീതികളെക്കുറിച്ചും കുട്ടികളോട് സംസാരിക്കുക. 
>> സ്കൂളുകളിലെ കമ്പ്യൂട്ടർ/ഇന്റ്ർനെറ്റ് ലാബുകൾ എന്നിവയ്ക്ക് പൊതുവായ ഉപയോഗ നിയമങ്ങൾ ഉണ്ടാക്കുക.ദുരുപയോഗങ്ങൾ ഉൻടാകുന്നില്ലന്ന് ഉറപ്പാക്കുക.

എന്താണ് ശിക്ഷ?
ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ് പ്രകാരം കുട്ടികളെ ലൈംഗീകമായി ഉപയോഗിക്കുകയോ അതിനു ശ്രമിക്കുകയോ ചെയ്യുമ്പോൾ സെക്ഷൻ 67(ബി) പ്രകാരമുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കൂന്നതാണ്. ഓൺലൈൻ വഴിയായി കുട്ടികളെ ലൈംഗീകമായി ദുരുപയോഗപ്പെടുത്തുക, അതിനായി ശ്രമിക്കുക/പ്രലോഭിപ്പിക്കുക/ക്ഷണിക്കുക/ആകർഷിക്കുക , കുട്ടികളെ ലൈംഗീകമായി ഉപയോഗിക്കാൻ വേണ്ടിയുള്ള ശ്രമത്തിനായി സഭ്യമല്ലാത്ത രീതിയിലോ അശ്ലീലമായ രീതിയിലോ കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ സൃഷ്ടിക്കുകയോ ശേഖരിക്കുകയോ പരസ്യപ്പെടുത്തുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നതും 67(ബി)പ്രകാരം കുറ്റകരമാണ്. ഈ കുറ്റം ആദ്യമായിട്ടാണ് ചെയ്യുന്നതെങ്കിൽ അഞ്ചുവർഷം വരെ തടവും പത്തുലക്ഷം രൂപ പിഴയായും നൽകാവുന്നതാണ്. വീണ്ടും കുറ്റം ആവർത്തിച്ചാൽ ഏഴുവർഷം വരെ തടവും പത്തു ലക്ഷം രൂപ പിഴയായും ഈടാക്കാവുന്നതാണ്. മാത്രമല്ല സെക്ഷൻ 67(ബി) ജാമ്യരഹിത കുറ്റകൃത്യമാണ്.
:: ******** ::
കൊച്ചിന്‍ റോട്ടറി ക്ലബിന്റെ സാമൂഹിക പ്രവര്‍ത്തന സംഘടനയായ ബോധിനി നിര്‍മിച്ച് ശ്യാമപ്രസാദ് സംവിധാനം ചെയ്ത Online Predators എന്ന ഷോർട്ട് ഫീലിം. 

 - *************** -
അനുബന്ധം 1 :: റഫറൻസ് / കൂടുതൽ വിവരങ്ങൾ ::
http://www.bbc.com/news/uk-24818769
http://www.bbc.com/news/technology-29688996
നെതര്‍ലന്‍ഡ്‌സിലെ ബാലാവകാശ സംഘടനയായ ടെറെ ഡെസ് ഹോംസ്  Terre des Hommes -  https://www.terredeshommes.nl/en
സ്വീറ്റിയെക്കുറിച്ച് കൂടൂതൽ അറിയാൻ :: 
https://www.terredeshommes.nl/en/support-sweetie , https://www.terredeshommes.nl/en/projects/sweetie-20-stop-webcam-child-sex
http://www.internetsafety101.org/predators101.htm
http://www.a-better-child.org/page/784785
http://www.internetsafety101.org/Predatorstatistics.htm
http://www.familysafecomputers.org/predators.htm

https://www.ipredator.co/online-child-predation/

അനുബന്ധം 2 : ചിത്രങ്ങൾ
1. http://images.ninemsn.com.au/resizer.aspx?height=124&width=218&url=http://aca.ninemsn.com.au/img/2012/2506stalk.jpg2. http://yourekavach.com/blog/wp-content/uploads/2015/09/online-predators1.jpg3. https://www.puresight.com/Pedophiles/Online-Predators/online-predators-what-can-you-do-to-protect-your-kids.html4.  https://www.terredeshommes.nl/en5. http://media4.s-nbcnews.com/j/streams/2013/november/131105/8c9593997-131105-sweetie-02.nbcnews-ux-600-480.jpg