ആരാണ് ബുദ്ധി ജീവി? ബുദ്ധി ജീവി വർഗ്ഗത്തിൽ ആണ്‍വർഗ്ഗം മാത്രമേ ഉള്ളോ? ചരിത്രാതീത കാലം മുതലേ മനുഷ്യർ ചിന്തിച്ച് തുടങ്ങിയതാണ് ബുദ്ധിജീവികളെക്കുറിച്ച്. ബുദ്ധി ജീവി ആരാണന്ന് അറിയുന്നതിനു മുമ്പ് ജീവി എന്താണന്ന് അറിയണം. അത് സ്ന്വേഷിച്ചു കണ്ടുപിടിക്കണം. ആമസോൺ വനാന്തരങ്ങളിൽ നിന്ന് മൊസ്യപൊട്ടേമ്യൻ സംസ്ക്കാരത്തിലൂടെ ഈജിപ്ഷ്യൻ നദീ തടത്തിലൂടെ നടന്ന് സിന്ധൂനദീ തടത്തിൽ എത്തിയവരാണ് ഇന്ത്യയിലെ ബുദ്ധി ജീവികൾ. അന്നവർക്ക് നടക്കാനും നീന്താനും ഉള്ള ശരീരഘടന ഉണ്ടായിരുന്നു. ഇപ്പോൾ നടക്കാനും നീന്താനുമുള്ള മടികൊണ്ട് കീ ബോർഡിൽ കൊട്ടാനുള്ള കൈഘടനയാണ് ഉള്ളത്. അപ്പോൾ നമ്മൾ പറഞ്ഞ് വന്നത് ബുദ്ധി ജീവികളെ കുറിച്ചാണ്.
നമ്മൾ ബുദ്ധി ജീവികളാണോ എന്ന് സ്വയം പരിശോധിക്കുന്നത് നന്നായിരിക്കും. ബുദ്ധികൊണ്ട് ജിവിക്കുന്നവരെ എല്ലാം ബുദ്ധിജീവികൾ എന്ന് പറയാം. പക്ഷേ ബുദ്ധി കൊണ്ട് ജീവിക്കുന്ന സ്ത്രികളെ ബുദ്ധി ജീവി എന്ന് പറയാത്തത് സ്ത്രികളോടുള്ള അനാദരവും വേർതിരിവും ആണന്ന് പറയേണ്ടി വരുന്നതിൽ സങ്കടം ഉണ്ട്. ബുദ്ധി കൊണ്ട് ജിവിച്ച സരിതയെ നമ്മൾ ബുദ്ധിജീവി എന്ന് വിളിക്കാതെ തട്ടിപ്പുകാരി എന്ന് വിളിക്കൂന്നതിലെ അനൗചിത്യം ഒന്നു ആലോചിച്ചു നോക്കിക്കേ?
നിങ്ങൾ ഒരു ബുദ്ധി ജീവിയാണോ? ബുദ്ധി ജിവിയാകണമെങ്കിൽ/മറ്റുള്ളവര്‍ നിങ്ങളെ ബുദ്ധിജീവിയായി കണക്കാക്കണമെങ്കിൽ ചില സംഗതികൾ നിങ്ങളിൽ ഉണ്ടാകണം...
ബുദ്ധിജീവിയാകാനുള്ള/ബുദ്ധിജീവികൾക്കുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ
1. ഫ്രഞ്ച് താടി ഉണ്ടാകണം. താടിയായിട്ട് വളരുന്നില്ലങ്കിൽ അറ്റ്ലീസ്റ്റ് ഊശാൻ താടിയെങ്കിലും ഉണ്ടാക(ക്ക)ണം. {കഷണ്ടിക്ക് വിഗ്ഗ് വയ്ക്കുന്നതുപോലെ താടിക്കായി എന്തെങ്കിലും ഒട്ടീരു വിദ്യ കണ്ടുപിടിച്ചാൽ നല്ല ബിസ്നസ് ഉണ്ടാകും}.(ഇനി താടി വളരുന്നില്ലങ്കിൽ കരിക്കട്ടയിൽ വെളിച്ചെണ്ണ ഒഴിച്ചിട്ട് തേച്ച് പിടിപ്പിച്ചോ കണ്മഷി തേച്ചോ താടി ഉണ്ടാക്കാം.- ഇങ്ങനെയുണ്ടാക്കിയെടുത്ത ഫ്രഞ്ച്താടി ഈ പോസ്റ്റിലെ ചിത്രത്തിൽ കാണാം)
2. വേഷം ജൂബയും മുണ്ടോ ജീൻസോ ആകാം. കളർഫുൾ ജൂബയാണങ്കിൽ വളരെ നല്ലത്. ജീൻസാണങ്കിൽ നരച്ച ജീൻസേ ഇടാവൂ. .തോളത്ത് ഒരു തുണി സഞ്ചി കൂടി ഉണ്ടാവണം. സഞ്ചിക്കകത്ത് ഭാരമുള്ള എന്തെങ്കിലും ഉള്ളതായി മറ്റുള്ളവർക്ക് തോന്നണം. എവിടെ നിന്നെങ്കിലും ഒരു അരമുറിഇഷ്ടിക പൊതിഞ്ഞ് ഇട്ടാലും മതി. പക്ഷേ സഞ്ചി കൈമാറി പോകാതിരിക്കാൻ ശ്രദ്ധിക്കണം.
3. കട്ടിക്കണ്ണട ഉണ്ടങ്കിൽ നല്ലത്. കണ്ണിൽ ലെൻസ് വെച്ചിട്ടൂണ്ടങ്കിൽ/ലേസർ ട്രീറ്റ് മെന്റ് നടത്തി കണ്ണട ഒഴിവാക്കിയിട്ടൂണ്ടങ്കിൽ പ്ലയിന്‍ ഗ്ലാസ് കട്ടി ഫ്രയിമിൽ വെച്ച് മുഖത്ത് വെച്ചേക്കണം. ഇടയ്ക്കിടയ്ക്ക് കണ്ണാടിയ്ക്ക് മുകളിലൂടെ നോക്കുന്നതും നല്ലതായിരിക്കും.
4. നിങ്ങൾ പറയുന്നത്/എഴുതുന്നത് ഒറ്റഒരുത്തനും മനസിലാകരുത്. സംസാരിക്കുന്നതിന്/എഴുതുന്നതിന് ഒരിക്കലും ഒരു തുടർച്ച ഉണ്ടാകരുത്. അതായത് സംസാരിക്കുന്നതിനും എഴുതുന്നതിനും ഒരു അന്തവും കുന്തവും ഉണ്ടാകരുതന്ന്.
5. മറ്റൂള്ളവരുടെ പേര് / അവർ പറഞ്ഞത് നിങ്ങൾ മൂന്നാമതൊരാളോട്, പറയുമ്പോൾ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് ബുദ്ധി ജീവിയാകാം. അതായത് നിങ്ങളോട് തങ്കച്ചൻ എന്ന ഒരാൾ എന്തെങ്കിലും പറഞ്ഞതായി കരുതുക. നിങ്ങൾ അത് മൂന്നാമതൊരാളോട് പറയുമ്പോൾ തങ്കച്ചൻ എന്ന പേർ പറയുന്നത് തങ്ക്ച് ച്യാൻ എന്ന് ആയിരിക്കണം. കേൾക്കുന്ന ആൾ തങ്ക്ച് ച്യാൻ ഏതോ ചൈന/ബർമ്മ/തായ്ലണ്ട്/കാരൻ ആണന്ന് കരുതിക്കോളും. നിങ്ങളായിട്ട് അത് പറയാൻ പോക്കേണ്ട.
6. സംസാരിക്കുമ്പോൾ ഇടയ്ക്കിടയ്ക്ക് ഊശാൻ താടി തടവുകയോ ചൊറിയുകയോ ആവാം. പക്ഷേ തല തടവുകയല്ലാതെ ഒരിക്കലും ചൊറിയരുത്. പേൻ കടിച്ചാൽ പോലും ചൊറിയാതെ തടവുകയേ ചെയ്യാവൂ. അതും മുന്നീന്ന് പുറകിലേക്ക്. ബുദ്ധി ജീവികൾ ഒരിക്കലും ശബ്ദ്ദം ഉയർത്തി സംസാരിക്കാൻ പാടില്ല. അതുകൊണ്ട് ശബദ്ദത്തിന്റെ മോഡുലസിൽ എപ്പോഴും ശ്രദ്ധ ഉണ്ടാവണം.
7. ജൂബയാണ് ഇട്ടിരിക്കൂന്നതെങ്കിൽ ഇടയ്ക്കിടയ്ക്ക് പോക്കറ്റിൽ കൈയ്യിട്ട് പുറത്ത് എടുക്കണം. പോക്കറ്റിൽ എന്തെങ്കിലും ഉണ്ടാകണമെന്ന് നിർബന്ധം ഇല്ല. ചുമ്മാ കൈ ഇട്ടേക്കണം. കാരണം ബുദ്ധിജീവിയാകേണ്ടത് നിങ്ങളുടെ ആവശ്യമാണ്.
8. സംസാരിക്കൂന്നത് സാഹിത്യഭാഷയിൽ ആകണം. കെൾക്കുന്നവർക്ക് മനസിലാകണമെന്ന് നിങ്ങൾ ഒരിക്കലും നിർബന്ധം പിടിക്കരുത്. അതായത് നിങ്ങൾക്ക് വയറ്റിളക്കം പിടിച്ച് കിടപ്പിലായതുകാരണം രണ്ട് ദിവസം കാണാതിരുന്ന് കാണുമ്പോൾ എവിടെയായിരുന്നു രണ്ട് ദിവസമെന്ന് ആരെങ്കില് ചോദിച്ചാൽ 'കോളറക്കാലത്തെ പ്രണയം' ആസ്വദിക്കുകയായിരുന്നു എന്നും ഇപ്പോൾ 'യുദ്ധവും സമാധാനവും' എന്താണന്ന് മനസിലാകുന്നു എന്നും പറഞ്ഞെക്കണം. കെൾക്കുന്നവന് ഒന്നും മനസിലായില്ലങ്കിലും നിങ്ങൾ ഒരു ബുദ്ധി ജീവിയായതുകൊണ്ട് അവൻ തിരികെ ഒന്നും ചോദിക്കില്ല. അവൻ എന്തെങ്കിലും തിരികെ ചോദിച്ചാൽ നിങ്ങളെ ഒരു ബുദ്ധിജീവിയായി അവൻ കണക്കാക്കുന്നില്ല എന്ന കരുതി അവനോടുള്ള കൂട്ട് വെട്ടിയേക്കണം.
9. ഒരിക്കലും ബാലരമ,പൂമ്പാറ്റ,അമർചിത്രകഥ,ടിന്റുമോൻ,ബോമനും മോളിയും,ബാലമംഗളം, പഴയ മുത്തുച്ചിപ്പി,മുത്ത് തുടങ്ങിയവ മറ്റുള്ളവരുടെ മുന്നിൽ വെച്ച് വായിക്കരുത്. ദി വീക്ക് , ഇന്ത്യാടുഡേ,ഫ്രണ്ട്ലൈൻ എന്നിവയുടെ അകത്ത് വെച്ച് മറ്റുള്ളവർ കാണാതെ വായിക്കൂന്നതിനു കുഴപ്പമില്ല. മാത്രമല്ല യാത്ര ചെയ്യുമ്പോൾ ഒരിക്കലും മലയാള പുസ്ത്കങ്ങൾ മറ്റുള്ളവർ കാൺകെ വായിക്കരുത്. ആർക്കമഡീസന്നോ ആല്‍ക്കെയെന്നോ മറ്റോ (എന്താണാവോ എന്തോ ..ഞാനും കേട്ടീട്ടേ ഉള്ളൂ) പറയുന്ന ആൾ എഴുതിയതോ/ പുസ്തകമോ എവിടെ നിന്നെങ്കിലും ചൂണ്ടി കൈയ്യിൽ കരുതിക്കോളണം.
10. ബുദ്ധിജീവികൾ ഒരിക്കലും ഒറ്റയ്ക്ക് സഞ്ചരിക്കാറില്ല. അതുകൊണ്ട് എപ്പോഴും നിങ്ങളുടെ കൂടെ രണ്ടു മൂന്നുപേരെ കൂടെ കരുതിക്കോളണം.(നിങ്ങൾ ബുദ്ധിജീവിയാകുന്ന തുടക്കത്തിൽ കൂടെ നടക്കാൻ ആളെ കിട്ടില്ല, അതുകൊണ്ട് പണിക്കുവരുന്ന അന്യസംസ്ഥാന തൊഴിലാളിയാണങ്കിലും കൂടെ കൊണ്ടു നടന്നാൽ മതി-പത്തോ മുന്നോറോ കൊടുത്താൽ മതി. കാശ് ഒരു പ്രശ്ന്മാക്കേണ്ട. കാരണം നിങ്ങൾ ഒരു ബുദ്ധിജീവിയാണന്ന് മറ്റുള്ളവരെ ധരിപ്പിക്കേണ്ടത് നിങ്ങളുടെ ആവശ്യമാണ്. നിങ്ങൾ ഒരു ബുദ്ധിജീവിയാണന്ന് മരുള്ളവർ കരുതിക്കഴിഞ്ഞാൽ കൂലിക്ക് കൊണ്ടു നടക്കൂന്നവരെ പിരിച്ചുവിടാം നിങ്ങൾ ബുദ്ധി ജീവിയാണന്ന് കരുതുന്നവർ കൂടെ നടക്കാൻ വന്നോളും കാരണം അവന്മാർക്ക് ബുദ്ധി പോരായല്ലോ).
11. ബുദ്ധി ജീവികൾക്ക് അറിയാത്തതായി ഒന്നും ഇല്ല എന്നതുകൊണ്ട് എന്തു വിഷയത്തെക്കുറിച്ചും ആധികാരികമായി സംസാരിക്കാൻ കഴിയണം. പറയുന്നത് മണ്ടത്തരമാണന്ന് നിങ്ങൾക്ക് അറിയാമെങ്കിലും കേൾക്കുന്ന ആൾക്ക് അത് മണ്ടത്തരമായി തോന്നാൻ പാടില്ല എന്നതിലാണ് ബുദ്ധി ജീവിയുടെ വിജയം. പൊതു വേദിയിൽ സംസാരിക്കുമ്പോൾ ഇടയ്ക്കിടയ്ക്ക് ചില പേപ്പറുകൾ 'തെളിവ്'/'രേഖ'/'പഠനറിപ്പോർട്ട്' എന്നൊക്കെ പറഞ്ഞ് പൊക്കി കാണിച്ചോളണം. ഫോട്ടോസ്റ്റാറ്റ് കടയിൽ കളയാൻ വെച്ചിരിക്കുന്ന മഷി പടർന്ന പേപ്പർ വാങ്ങി ഇതിനായി ഉപയോഗിക്കാവുന്നതാണ്.
12. ആര് എന്തിനെക്കുറിച്ച് ചോദിച്ചാലും അറിയില്ല എന്ന് പറയരുത്. കടിച്ചാൽ പൊട്ടാത്ത വാക്കൂകളും വാചകങ്ങളും ഉപയോഗിച്ച് ചോദ്യകർത്താവിനെ ആക്രമിച്ചോളണം. പിന്നീടൊരു ചോദ്യവും ചോദിക്കാൻ ആ ആൾ തയ്യാറകരുത്. ഉദാഹരണത്തിന് ബ്രിക്സ് ഉച്ചകോടിയിലെ പുതിയെ ബാങ്കിനെക്കുറിച്ച് ചോദിച്ചാൽ നിങ്ങൾക്കതിനെക്കൂറിച്ച് അറിയില്ലങ്കിലും ബാങ്ക് എന്ന വാക്കിൽ കയറിപിടിച്ചോളണം. സ്റ്റേറ്റ് ബാങ്കിനെ തകർക്കാൻ റിലയൻസിനെ കയറൂരി വിട്ടിരിക്കുവാണന്ന് പറഞ്ഞ് സഹകരണ ബാങ്കിലൂടെ റിസർവ് ബാങ്കിലൂടെ ലോകബാങ്കിന്റെ നീരാളിപ്പിടുത്തത്തെക്കുറിച്ച് രണ്ട് മണിക്കൂർ സംസാറ്റിച്ചോളണം. ഇടയ്ക്കിടയ്ക്ക് ആഗോളവത്ക്കരണം,ഗാട്ട് കരാർ,ഉദാരവത്ക്കരണം,ഗ്ലോബൽ ഇക്കോണമി,ഫ്ലകച്ചുവേഷൻ,റിപ്പോ നിരക്ക് എന്നൊക്കെ തട്ടിക്കോളണം.
13. ഇടയ്ക്കിടയ്ക്ക് അവാർഡുകൾ കിട്ടീയതായി നാട്ടുകാരെ അറിയിക്കാൻ സ്വന്തമായി നാലഞ്ച് സംഘടനകളുടെ ലെറ്റർപാഡ് ഉണ്ടാക്കി അതിൽ അവാർഡ് നൽകിയ വാർത്ത എഴുതി പത്രത്തിൽ കൊടുത്ത് അച്ചടിപ്പിച്ചോളണം. സ്വന്തം കാശ് മുടക്കി അനുമോദന സമ്മേളനം നടത്തുന്നതോടൊപ്പം എല്ലാ പോസ്റ്റിലും അനുമോദന ഫ്ല്കസും തൂക്കണം. ഇടയ്ക്കിടയ്ക്ക് സമാന ബുദ്ധിജീവികളുമായി ചേർന്ന് പത്രസമ്മേളനം വിളിക്കുകയോ പ്രസ്താവനകൾ ഒപ്പിട്ട് പത്ര ഓഫീസിൽ എത്തിക്കുകയോ ചെയ്യാം. ഒരു ബുദ്ധിജീവി മറ്റൊരു ബുദ്ധിജീവിയുടെ ബുദ്ധി വളരാൻ സമ്മതിക്കില്ല എന്ന് എപ്പോഴും മനസിൽ ഓർത്തുകൊണ്ടു വേണം മറ്റ് ബുദ്ധി ജീവികളുമായി ബന്ധം സ്ഥാപിക്കുന്നത്.
14. വിദേശ എഴുത്തുകാരുടയും നോവലുകളുടേയും പേർ കാണാതെ പഠിച്ചു വച്ചിരിക്കണം. സ്ഥാനത്തും അസ്ഥാനത്തും ആ പേരുകൾ എടുത്തിട്ട് അലക്കിയേക്കണം. നിങ്ങൾ വായിക്കുന്നത് മനോമരയിലെ ശാന്തമ്മ നാലാഞ്ചിറ എഴുതുന്ന 'സിന്ദൂരത്തിനു നിറം പച്ച' എന്ന നോവൽ ആണങ്കിലും പാബ്ലോ നെരൂദയുടെ 'ദി സാഡസ്റ്റ് ലൈൻസ്' ആണ് വായിക്കുന്നതന്നേ പറയാവൂ. ടോൾസ്റ്റോയി,ഷെല്ലി,ഷേക്സ്പിയർ എന്നിവരുടെ പേരുകൾ കഴിവതും ഒഴിവാക്കിയേക്കണം. എല്ലാവർക്കും അറിയാവുന്ന പേരുകൾ പറഞ്ഞാൽ നിങ്ങളുടെ 'ബുദ്ധി ജീവി' ജീവിതത്തിന് അധികം ആയുസ് ഉണ്ടാവുകയില്ല. പൗലോ കൊയ്ലോ യുടെ ആൽകെമിസ്റ്റിനെക്കുറിച്ച് പറയാതിരിക്കരുത്. നെരൂദയും പഒലോ കൊയ്ലോയും ആണ് ബുദ്ധി ജീവികളുടെ സാഹിത്യകാരന്മാർ. അതുകൊണ്ട് എവിടെ നിന്നെങ്കിലും ഇവരെക്കുറിച്ച് ഒരു പാരഗ്രാഫെങ്കിലും കാണാതെ പഠിച്ച് വെച്ചേക്കണം.
15. ഒരു ബുദ്ധി ജീവി ആരെയും വെറുപ്പിക്കരുത്. ആരു പ്രസംഗത്തിനു വിളിച്ചാലും 'വരില്ല' എന്ന് പറയരുത്, 'തിരക്കുണ്ടങ്കിലും ഞാൻ വരും' എന്ന് മാത്രമേ പറയവൂ. മുന്നിൽ ഇരിക്കുന്നവരുടെ പൾസ് അറിഞ്ഞുമാത്രമേ ബുദ്ധിജീവി സംസാരിക്കാവൂ, പക്ഷേ സംസാരിക്കുന്നത് മുന്നിലിരിക്കുന്നവർക്ക് മനസിലാകാനും പാടില്ല. ഉദാഹരണത്തിനു നിങ്ങളെ മദ്യനിരോദനക്കാർ ബാർ പൂട്ടിയതിനു മന്ത്രിമാർക്ക് അഭിവാദ്യം അർപ്പിച്ചുകൊണ്ട് പ്രസംഗിക്കാൻ വിളിച്ചു എന്നുകരുതുക, മദ്യം കൊണ്ട് ദുരിതം അനുഭവിക്കുന്ന അമ്മ/പെങ്ങ/മക്കളെക്കുറിച്ചും അവരുടെ കണ്ണിരിനെക്കുറിച്ചും പറഞ്ഞ് ദ്യനിരോദനക്കാരുടെ സന്തോഷത്തിൽ പങ്കാളി അയിക്കോളണം. ഇനി നിങ്ങളെ ബാർ മുതലാളി പ്രസംഗിക്കാൻ വിളിച്ചാൽ തൊഴിൽ നഷ്ടപ്പെട്ട് പട്ടിണിയായിപ്പോയ ബാർ തൊഴിലാളികളുടെ കുടുംബത്തിന്റെ ദുരവസ്ഥയിൽ സങ്കടപ്പെട്ടുകൊണ്ട് പ്രസംഗിച്ചെക്കണം.
16. ബുദ്ധിജീവികൾക്ക് വില കൂടണമെങ്കിൽ ഇടയ്ക്കിടയ്ക്ക് ബുക്ക് പ്രസിദ്ധീകരിക്കണം. നിങ്ങൾക്ക് എഴുതാൻ വയ്യങ്കിൽ കൂലിക്ക് ആളെവെച്ച് എഴുതിച്ച് സ്വന്തം കാശുകൊണ്ട് അച്ചടിച്ച് പുസ്തകം ഇറക്കണം. സ്വന്തക്കാരെവെച്ച് ഒരു കമ്മറ്റി ഉണ്ടാക്കി പുസ്തകത്തിനും എഴുത്തുകാരനും ഒരു അവാർഡും വാങ്ങണം.
17. നോക്കിലും നടപ്പിലും എപ്പോഴും ബുദ്ധിജീവികൾ വളരെയേറെ ശ്രദ്ധിക്കണം. കണ്ടാൽ തന്നെ അവനൊരു ബുദ്ധിജീവിയാണന്ന് ആൾക്കാരെക്കൊണ്ട് പറയിപ്പിക്കണം.ബുദ്ധി ജീവികൾ ഒരിക്കലും ആൾക്കാരുടെ മുന്നിൽ പൊട്ടിച്ചിരിക്കാറില്ല എന്നു ഓർക്കണം. ബാക്കിയുള്ളവരെ 'ആക്കി' ചിരിക്കാനേ പാടുള്ളൂ. ബുദ്ധിജീവിയായി ഒരിക്കൽ അംഗീകരിക്കപ്പെട്ട് കഴിഞ്ഞാൽ ആ ലെവലിൽ മാത്രമേ ആൾക്കാരോട് ഇടപെടാവൂ. കാരണം ബുദ്ധിജീവിത്വം കാത്തു സൂക്ഷിക്കേണ്ടത്ത് നിങ്ങളുടെ ആവശ്യമാണ്.
മുകളിൽ പറഞ്ഞിരിക്കൂന്ന കാര്യങ്ങൾ എല്ലാം നിങ്ങൾ ഇപ്പോൾ ചെയ്യുന്നുണ്ടങ്കിൽ നിങ്ങൾ ഇപ്പോൾ തന്നെ ഒരു ബുദ്ധിജീവീയാണ്. ഈ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നുണ്ടങ്കിൽ നിങ്ങൾക്ക് ബുദ്ധിജിവിയാകാം. പത്തുകാര്യങ്ങൾ എങ്കിലും ചെയ്യുന്നുണ്ടങ്കിൽ നിങ്ങൾ വളർന്നു വരുന്ന ബുദ്ധിജീവിയാണ്. ഒന്നുകൂടി ശ്രമിച്ചാൽ ബുദ്ധിജീവി ക്ലബിൽ സ്ഥിര അംഗത്വം ലഭിക്കും. അഞ്ചുകാര്യങ്ങൾക്കും പത്തുകാര്യങ്ങൾക്കും ഇടയിലാണ് നിങ്ങളുടെ റേറ്റിംങ് എങ്കിൽ നിങ്ങൾ ബുദ്ധിജീവി ആകാനും ആകാതിരിക്കാനും സാധ്യതയുണ്ട്. ബുദ്ധിജീവിയാകനോ വേണ്ടയോ എന്ന് നിങ്ങൾക്കു തന്നെ തീരുമാനിച്ച് ബാക്കി കാര്യങ്ങൾ കൂടി ചെയ്യാം. അഞ്ചുകാര്യങ്ങളിൽ താഴെമാത്രമേ നിങ്ങൾക്ക് ചെയ്യാൻ കഴുയുന്നുള്ളൂവെങ്കിൽ നിങ്ങൾ ബുദ്ധിജീവിയാകാനുള്ള സാധ്യത തീരെ കുറവാണ്. എങ്കിലും നിരാശപ്പെടേണ്ടകാര്യമില്ല. എപ്പോഴോ തലേ വര സോറി ബുദ്ധിജീവി വര തെളിയുന്നതെന്ന് പറയാൻ പറ്റില്ലല്ലോ....
ഓൺലൈൻ ബുദ്ധിജീവികൾ
മുകളിൽ കൊടുത്തിരിക്കൂന്ന കാര്യങ്ങൾ എല്ലാം നിങ്ങൾ അനുവർത്തിക്കുന്നുണ്ടങ്കിലും സോഷ്യൽ നെറ്റ് വർക്കിംങ് സൈറ്റുകളിൽ നിങ്ങൾക്ക് ബിദ്ധിജീവി പട്ടം കിട്ടണമെന്നില്ല അതായത് നിങ്ങളെ മറ്റുള്ളവർ ബുദ്ധിജീവിയായി അംഗീകരിക്കണമെന്നില്ല. അതിനു മറ്റ് ചില കാര്യങ്ങൾ കൂടി നിങ്ങൾ പാലിക്കേണ്ടിയിരിക്കുന്നു. ഓൺലൈനിലും ഓഫ്_ലൈനിലും ഉള്ള ബുദ്ധിജീവികൾ രണ്ടും രണ്ട് തരത്തിലുള്ളവർ ആണന്ന് ആദ്യം തന്നെ ഓർക്കുക. ഓൺലൈൻ ബുദ്ധിജീവി പട്ടം കിട്ടാൻ എളുപ്പമാണങ്കിലും അത് നിലനിർത്താൻ ഭയങ്കര പാടാണ്. ഓൺലൈൻ ബുദ്ധിജീവികളെ നമുക്ക് സോഷ്യൽ സൈറ്റ് ബുദ്ധിജീവികൾ എന്നും വിളിക്കാം.
ഓൺലൈൻ/സോഷ്യൽ സൈറ്റ് ബുദ്ധിജീവികൾ ആകാനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ
1. പ്രൈഫൈലിനുള്ള പേര് തിരഞ്ഞെടുക്കുന്നതുമുതൽ ശ്രദ്ധ വേണം. നിങ്ങളുടെ പ്രൊഫൈൽ ശരിയായപേരിൽ വേണോ അതോ 'അനോണി' ആകണോ എന്ന് ആദ്യം തന്നെ തീരുമാനിക്കണം. നിങ്ങൾ സോഷ്യൽ നെറ്റ് വർക്കിംങ് സൈറ്റുകളിൽ പ്രൊഫൈൽ ഉണ്ടാക്കുന്നതോടൊപ്പം കുറഞ്ഞത് ഒരു പത്ത് അനോണികളെ കൂടി ഉണ്ടാക്കണം. അനോണികളിൽ കുറഞ്ഞത് നാലെണ്ണമെങ്കിലും സ്ത്രിപേരിലുള്ളതായിരിക്കണം.(അനോണികൾ എന്തിനാണന്ന് പിന്നീട് മനസിലാകും). നിങ്ങളുടെ അനോണിയെ മനസിലാക്കാവുന്ന രീതിയിലുള്ള ഒരു പോസ്റ്റോ/വാചക ഘടനയോ/വാക്കുകളോ ഒന്നും അനോണിയിൽ നിന്ന് ഉണ്ടാകാൻ പാടില്ല. പിടിക്കപ്പെട്ടൽ പ്രൊഫൈൽ ഡിലിറ്റ് ചെയ്ത് ബുദ്ധിജീവി സ്വപ്നം ഉപേക്ഷിക്കുകയേ വഴിയുള്ളൂ..
2. അടുത്തത് പ്രൊഫൈൽ പികചറും കവർ ഫോട്ടോയും ഇടുമ്പോൾ ശ്രദ്ധിക്കണം. സാഹിത്യകാരന്മാരുടെ/ബുദ്ധിജീവികളുടെ പടമോ വാക്കുകളോ ഒക്കെയായിരിക്കണം കവർ ഫോട്ടോ. ഒരിക്കലും 'ഫ്രീക്ക്' ഫോട്ടോകൾ ഇടാൻ പാടില്ല. ഇടയ്ക്കിടയ്ക്ക് കവർ ഫോട്ടോ മാറ്റിക്കൊണ്ടിരിക്കണം. അനോണിയായിട്ടല്ല നിങ്ങൾ ബുദ്ധിജീവിയാകാൻ പോകുന്നതെങ്കിൽ പ്രൊഫൈൽ പികചറിലെ നിങ്ങളുടെ ഫോട്ടോയ്ക്ക് ഫ്രഞ്ച് താടിയും മുഖത്ത് കണ്ണാടിയും ഉണ്ടാകണം.
3. ദിവസം കുറഞ്ഞത് മൂന്ന് പോസ്റ്റുകളെങ്കിലും ഇടണം. രാഷ്ട്രീയ/സാമൂഹിക/സാമുദായിക വിമർശനങ്ങളായിരിക്കണം ആ പോസ്റ്റിൽ ഉണ്ടാകേണ്ടത്. ബുദ്ധിജീവി ആകാൻ നിങ്ങൾ ശ്രമിക്കുന്ന ആദ്യകാലങ്ങളിൽ പോസ്റ്റുകൾ ആരും ലൈക്കും ഷെയറും ചെയ്യണമെന്നില്ല. അതിനാണ് നിങ്ങൾ സ്വന്തമായി ഉണ്ടാക്കിയിരിക്കുന്ന അനോണികൾ. സ്ത്രി അനോണികളെകൊണ്ട് പോസ്റ്റുകൾ ഷെയർ ചെയ്യിച്ചാൽ ലൈക്കുകളും ഷെയറുകളും വന്നോളും. താൻ വലിയൊരു സംഭവമാണ് , താനില്ലങ്കിൽ ഈ ലോകം എന്നേ നശിച്ചൂ പോയേനെ എന്ന് അരീതിയിലുള്ള പോസ്റ്റുകളും ഇടയ്ക്കിടയ്ക്ക് ആവാം.
4. ഓൺലൈൻ ബുദ്ധിജീവികളുടെ അലിഖിത നിയമം അനുസരിച്ച് നിങ്ങളും മാതൃഭൂമിയെ വീരഭൂമി എന്നും മനോരാമയെ മഞ്ഞരമയെന്നോ നുണരമയെന്നോ വിളിക്കാവൂ. ഓൺലൈൻ ബുദ്ധിജീവികൾ അങ്ങനെയാണ് ചെയ്യുന്നത്. മനോരമയും മാതൃഭൂമിയും നിങ്ങൾ വായിക്കാറില്ലന്നും പണ്ടേ തന്നെ വായന നിർത്തിയാതാണന്നും വീട്ടിൽ ആ പത്രം വരുത്തെണ്ട എന്ന് വീട്ടുകാരോട് പറഞ്ഞിട്ടൂണ്ടന്നും ഇടയ്ക്കിടയ്ക്ക് പോസ്റ്റുകളിലൂടയും കമന്റുകളിലൂടയും പറഞ്ഞു കൊണ്ടിരിക്കണം. പക്ഷേ മനോരമ/മാതൃഭൂമി വാർത്തകളുടെ ലിങ്ക് ഇട്ട് ആ വാർത്തകളിലെ ഓരോ വാചകത്തെയും വിമർശിച്ചോളണം. നിങ്ങൾ ഈ പത്രങ്ങൾ വായിക്കുന്നത് നിർത്തിയല്ലേ പിന്നെന്തിനാണ് ലിങ്ക് ഇടുന്നതെന്ന് ആരെങ്കിലും ചോദിച്ചാൽ 'കള്ള് ഷാപ്പിൽ കള്ളുകുടിക്കാനല്ല ചില്ലറ മാറാനാ കയറിയത്' എന്ന രീതിയിൽ ഉത്തരം നൽകിയേക്കണം.
5. ഇടയ്ക്കിടയ്ക്ക് നിങ്ങൾ വായിച്ച/കണ്ട സിനിമകളുടെ പേരുകൾ സ്റ്റാറ്റസായി ഇടണം. ഇതിനു പുസ്തകം വായിക്കണമെന്നോ/സിനിമ കാണണമെന്നോ നിർബന്ധം ഇല്ല. ഗൂഗ്ഗിളിൽ തപ്പിയാൽ സിനിമ/പുസ്തകങ്ങളുടെ നിരൂപങ്ങൾ ഇഷ്ടം പോലെ കിട്ടൂം. കൊറിയൻ/ജപ്പാൻ/ലാറ്റിനമേരിക്കൻ പുസ്തക/സിനിമകളാണ് ഈ രീതിയിൽ നിങ്ങൾ വായിക്കേണ്ടതും/കാണേണ്ടതും. എവിടെ നിന്നെങ്കിലും കുറച്ച് പുസ്തകങ്ങള് ഒപ്പിച്ച് പടം പിടിച്ചിട്ടാൽ വളരെ നന്നായിരിക്കും.
6. ഓൺലൈൻ ബുദ്ധിജീവികൾ മത/സമുദായ/ജാതി വുവസ്ഥിതികൾക്ക് എതിരെ എപ്പോഴും കലഹിക്കുകയും പോസ്റ്റ് ഇടുകയും ചെയ്യണം. അതുപ്പോലെ തന്നെ മതപരമായ ചടങ്ങുകളെ എതിർക്കുകയും വേണം. നിങ്ങളുടെ ഭാര്യ/മക്കൾ/കുടുംബാംഗങ്ങൾ എന്നിവർ ആരെങ്കിലും മതപരമയ ചടങ്ങുകളിൽ പങ്കെടുക്കുന്നു എന്ന് ആരെങ്കിലും കമന്റിട്ടാൽ മറ്റുള്ളവരുടെ വ്യക്തിപരമായ കാര്യങ്ങൾ തന്നെ ബാധിക്കയില്ലന്ന് പറയുക. സമൂഹത്തെ നന്നാക്കുകമാത്രമാണ് തന്റെ ലക്ഷ്യം എന്ന് തീർത്ത് പറഞ്ഞേക്കൂക.കുടുംബത്തെ നന്നാക്കിയിട്ട് പോരേ സമൂഹത്തെ നന്നാക്കൽ എന്ന രീതിയിലുള്ള ചോദ്യങ്ങൾ വന്നാൽ ഒന്നും നോക്കാതെ ചോദ്യം ചോദിച്ച ആളെ അങ്ങ് ബ്ലോക്കിയേക്കുക. മത/ജാതി വ്യവസ്ഥകളോട് കലഹിക്കുമ്പോൾ 'പണി പാളാതിരിക്കാൻ'ശ്രദ്ധിക്കണം. പ്രത്യേകിച്ച് അനോണി ഐഡിയല്ലങ്കിൽ. നിങ്ങൾ ഇടുന്ന സ്റ്റാറ്റസുകൾ മൊഴിമാറ്റം നടത്തി ലോകത്തിലുള്ള എല്ലാ ഭാഷക്കാരുടേ കൈയ്യിൽ നിന്നും അപ്പനുമമ്മയ്ക്കും വരെ തെറിവിളി വാന്ങിത്തരാൻ കഴിവുള്ളവരോടാണ് ബുദ്ധിജീവി മത്സരിക്കൂന്നതെന്ന് ഓർമ്മ വേണം.
7. ആരാധകർ വെട്ടിക്കിളികളെപ്പോലെയാണന്ന് എപ്പോഴും ഓർമ്മ വേണം. അവരെ പിണക്കിയാൽ നിങ്ങളുടെ ബുദ്ധിജീവിപ്പട്ടം നഷ്ടപ്പെട്ട് പ്രൊഫൈൽ ഡിലീറ്റി ഓടുകയേ രക്ഷയുള്ളൂ എന്ന് ഓർക്കണം. അതുകൊണ്ട് മറ്റൊരു ബുദ്ധിജീവിയുമായി ഒരു ഏറ്റുമുട്ടൽ ഉണ്ടാകാൻ സാധ്യതയുള്ളതായി തോന്നിയാൽ ആ ഏറ്റുമുട്ടൽ ഒഴിവാക്കൂന്നതാണ് നല്ലത്. ഇനി ഏറ്റുമുട്ടൽ ഉണ്ടായാൽ കുറച്ച് അനോണികളെ 'സൈബർ ചാവേറു'കളാക്കി ഏറ്റുമുട്ടൂക. അതുകൊണ്ട് രക്ഷയില്ലങ്കിൽ കുറച്ച് അനോണികളെ 'സൈബർ ഗുണ്ട'കളാക്കി ഏറ്റുമുട്ടൂക. അതുകൊണ്ടൂം രക്ഷയില്ലങ്കില്‍ പ്രൊഫൈൽ ഡിലീറ്റ് ചെയ്ത് ഓടിക്കൊളണം.
8. ഒരിക്കലും ബുദ്ധിജീവികൾ 'വെട്ടൊന്ന് മുറി രണ്ട്' എന്നുള്ള നിലപാടിൽ സ്വന്തം അഭിപ്രായങ്ങൾ പറയരുത്.അഭിപ്രായത്തിന്റെ പേരിൽ(സ്റ്റാറ്റസ്/കമന്റ്) ആരെങ്കിലും തെറിവിളിച്ചാൽ അതിൽ നിന്ന് രക്ഷപെടാൻ എങ്ങോട്ട് വേണമെങ്കിലും വളച്ചൊടിക്കാവുന്ന രീതിയിൽ മാത്രമേ അഭിപ്രായം പറയാവൂ. അല്ലങ്കിൽ നിങ്ങൾ എഴുതുന്നത് ഓർത്തുവെച്ച് ആളുകൾ തരം കിട്ടൂമ്പോൾ തിരിച്ച് പണി തരും.
9. നിങ്ങൾ എന്ന ബുദ്ധിജീവിയെ ആരും ശ്രദ്ധിക്കുന്നില്ല/ഗൗനിക്കുന്നില്ല എന്നു തോന്നിയാൽ സ്ത്രി ഐഡിയിലുള്ള നിങ്ങളൂടെ സ്വന്തം അനോണിയുമായി 'ഒരു സൈബർ തല്ല്' ഉണ്ടാക്കാവുന്നതാണ്. പിന്നെ കുറേ ദിവസം അതിനെക്കുറിച്ചാവും ചർച്ചകൾ. അങ്ങനെ നിങ്ങൾക്ക് വേണ്ടതിൽ അധികം ലൈക്കും ഷെയറും കിട്ടിക്കോളും. ഇവിടയും അനോണികളെ എന്തിനും തയ്യാറാക്കി നിർത്താൻ മറക്കരുത്. കാശ് വാന്ങി ലൈക്കും ഷെയറും കൊടുക്കുന്ന ടീമുകളുടെ സഹായവും തേടാവുന്നതാണ്.
10. അറിയില്ല,കേട്ടിട്ടീല്ല എന്നൊക്കെയുള്ള വാക്കുകൾ ബുദ്ധി ജീവികളുടെ നിഘണ്ടൂവിൽ ഉണ്ടാവാൻ പാടില്ല. നിങ്ങളോട് ഓൺലനിൽ ആരെക്കുറിച്ചു ചോദിച്ചാലും അറിയില്ല എന്നുമാത്രം പറയരുത്. കാരണം നിങ്ങൾ ബുദ്ധിജീവിയാകാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നത് 'മലയാളി സൈബർ ലോകത്താണ്'.'അറിയില്ല' എന്ന് പറയാൻ തോന്നുമ്പോൾ ഷറപ്പോവയുടെ അനുഭവം എപ്പോഴും ഓർമ്മയിൽവരണം. ഓരോമലയാളിയും താനാണ് വലിയ ബുദ്ധിമാൻ എന്ന് കരുതുന്നവരായതുകൊണ്ട് മറ്റുള്ളവരെ ഒന്നു കൊച്ചാക്കാൻ കിട്ടൂന്ന അവസരം ഉപേക്ഷിക്കാറില്ല. {ഈ വലിയ മലയാളി ബുദ്ധിമാന്മാരെ നൈസായി പറ്റിച്ചിട്ട് പോകാം എന്ന് 'നൈജീരയൻ ഇമെയിൽ മുതലാളി പുത്രിമാമാരും'/'ബന്ധുക്കൾ ചതിച്ച കോടീശ്വരിയും' ഒക്കെ കാണിച്ചു തരുന്നുണ്ട്}
11. ആരും ബുദ്ധിജീവികളായി ജനിക്കുന്നില്ല. സമൂഹവും സാഹചര്യവും ആണ് ഒരുവനെ ബുദ്ധിജീവിയാക്കുന്നത്. ബുദ്ധിജീവിയായിക്കഴിഞ്ഞാൽ ഈ സാഹചര്യങ്ങൾ എപ്പോഴും നിലനിർത്താൻ നിങ്ങൾക്ക് കഴിയണം. സമൂഅഹത്തിനു എപ്പോഴും ബുദ്ധിജീവികൾ വേണമെന്നേ ഉള്ളൂ. അത് നിങ്ങൾ തന്നെ ആകണമെന്ന് നിർബന്ധബുദ്ധിയില്ലങ്കിലും ബുദ്ധിജീവിയായി സമൂഹത്തിൽ തന്നെ കഴിയണമെന്ന് നിങ്ങൾക്ക് നിർബന്ധബുദ്ധി ഉണ്ടാവണം. പുതിയ ബുദ്ധിജീവി ഉദയം ചെയ്യുന്നു എന്നു തോന്നിയാലുടനെ അനോണികളെ ഇറക്കിയേക്കണം. അനോണികളെ കൊണ്ട് 'റിപ്പോർട്ട്' ചെയ്യിച്ച് പുതിയ ബുദ്ധിജീവിയുടെ പ്രൊഫൈൽ നശിപ്പിച്ചോളണം.
12. ബുദ്ധിജീവിയായി അംഗീകരിക്കപ്പെട്ടുകഴിഞ്ഞാൽ അടൂത്ത ലക്ഷ്യം 'താത്വികാചാര്യപട്ടം' ആയിരിക്കണം. ബുദ്ധിജീവി വിശ്വസിക്കുന്ന സംഘടന/പാർട്ടി/... തുടങ്ങിയവയുടെ നിലപാടുകൾക്ക് ആവശ്യമായ രീതിയിൽ താത്വികമായ അവലോകനം ഉണ്ടാക്കി നൽകുക എന്നുള്ളതാണ് 'താത്വികാചാര്യപട്ടം' നേടിക്കഴിഞ്ഞ ബുദ്ധിജീവികളുടെ പ്രധാന ജോലി. നിങ്ങളുടെ ഫാൻസുകൾ അവലോകനം ആഹ്ലാദത്തോടെ ഷെയർ ചെയ്യുമ്പോൾ വിമർശകർ അവലോകനത്തെ കീറിമുറിച്ച് 'ഭിത്തിയിൽ ഒട്ടിച്ചേ' ഷെയർ ചെയ്യൂ. ചിലപ്പോൾ വിമർശകർ നിങ്ങളെയും 'തേച്ചെന്നിരിക്കും'. അതുകൊണ്ട് അങ്ങോട്ട് നാലു കൊടുത്താൽ ഇങ്ങോട്ട് രണ്ടെണ്ണമെങ്കിലും കിട്ടും എന്ന് കരുതിയേ താത്വികാചാര്യനാകാനും ബുദ്ധിജീവിയാകാനും ഇറങ്ങി പുറപ്പെടാവൂ....
13. ദുർബല മനസുള്ളവർക്ക് പറഞ്ഞിട്ടൂള്ളതല്ല ബുദ്ധിജീവി പട്ടം. അതുകൊണ്ട് ദുർബലമനസുള്ളവരും നിഷ്കളങ്കരും ബുദ്ധിജീവിയാകാൻ ഇറങ്ങി പുറപ്പെടരുത്....
ഈ ലിസ്റ്റ് പൂർണ്ണമല്ല.... ഇതൊക്കെ പാലിച്ച് കഴിഞ്ഞാൽ നിങ്ങൾക്ക് ബുദ്ധിജീവിയാകാനും ബുദ്ധിജീവിപട്ടം നിലനിർത്തി പോകാനും കഴിയും എന്നും മാത്രം. മുന്നിൽ പോകുന്ന ഞണ്ടിനെ പുറകെ വരുന്ന ഞണ്ട് കാലിൽ കടിച്ച് വലിക്കും എന്ന് പറഞ്ഞതുപോലെ ബുദ്ധിജീവികളെയും പുറകെവരുന്ന ബുദ്ധിജീവികൾ 'പാലം വലിക്കാൻ' ശ്രമിക്കും എന്ന് ഓർത്തിരിക്കുക.