Saturday, September 29, 2012

നിയമങ്ങള്‍ ലംഘിക്കപ്പെടാനുള്ളതാണ്


രാവിലെ  മംഗളം പത്രത്തിലെ ഒരു വാര്‍ത്ത വായിച്ചപ്പോള്‍ ശരിക്കും ഞെട്ടി. 
ആ വാര്‍ത്ത ഇതാണ് . 



എവിടെങ്കിലും ഒക്കെ പോകുമ്പോള്‍ പോകുന്ന വഴിക്ക് മൂത്ര ശങ്ക തോന്നിയാല്‍ ഒഴിഞ്ഞ മൂല നോക്കി മൂത്രം ഒഴിക്കുകയായിരുന്നു പതിവ്. ദൈവമേ ഇനി അങ്ങനെയങ്ങാണം മൂത്രശങ്ക തോന്നി മൂത്രം ഒഴിച്ചാല്‍ ജീവിതം കട്ടപ്പുക ആകുമല്ലോ!!! പൊതുസ്ഥലത്ത് ഒന്നും രണ്ടും ചെയ്യരുതെന്ന് പറഞ്ഞ് 2005 ല്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിട്ടൂണ്ടാത്രെ!!!
ഹാവൂ! രക്ഷപെട്ടു..... 

2005 കഴിഞ്ഞിട്ടൂം 2012 ല്‍ എത്തിയിട്ടൂം പൊതുസ്ഥലത്ത് ശങ്ക വന്നപ്പോഴക്കെ ഒരിടം നോക്കി മൂത്രശങ്ക തീര്‍ത്തിട്ടുണ്ട്.. അപ്പോ പിന്നെ കോടതി പറഞ്ഞാലും വലിയ കാര്യമില്ല....
അല്ലങ്കില്‍ തന്നെ കോടതികള്‍ എന്തെല്ലാം പറയുന്നു....
കോടതി മാത്രം അല്ലല്ലോ സര്‍ക്കാരും എന്തെല്ലാം പറയുന്നു...
എന്നിട്ട് അത് എത്ര പേര്‍ കേള്‍ക്കുന്നുണ്ട്....

പൊതുസ്ഥലത്തെ മൂത്രം ഒഴിക്കല്‍ നിരോധിച്ചത്  ഹൈക്കോടതിയാ....
ഹൈക്കോടതിയെക്കാള്‍ വലിയ കോടതിയാ സുപ്രീം കോടതി... ആ സുപ്രീം കോടതിയാണ് വാഹനങ്ങളിലെ ഗ്ലാസുകളില്‍ ഉള്ളിലെ കാഴ്ചകള്‍ മറയ്ക്കൂന്ന രീതിയില്‍ എന്തെങ്കിലും ഒട്ടിക്കരുതെന്ന് പറഞ്ഞത്... വാഹനങ്ങളിലെ സണ്‍‌ഫിലം നിരോധിച്ചു എന്ന് പത്രങ്ങളായ പത്രങ്ങളൊക്കെ എഴുതി.. എന്നിട്ടെന്തായി...

പാവങ്ങളൊക്കെ തങ്ങളുടെ വാഹനങ്ങളിലെ ഗ്ലാസുകളില്‍ നിന്ന് സണ്‍‌ഫിം‌ലിം കാശു കൊടുത്തും കാശു കൊടുക്കാതയും ഒക്കെയായി വലിച്ചു പറിച്ചും പറിപ്പിച്ചും വാഹനങ്ങള്‍ റോഡിലൂടേ ഓടിക്കൂന്നു....... നിയമം വന്നിട്ടും അത് പാലിക്കാതെ വാഹനം ഓടിച്ച് പാവങ്ങളെ റോഡില്‍ തടഞ്ഞ് പിഴ അടപ്പിച്ചും ഗ്ലാസുകളില്‍ നിന്ന് സന്‍‌ഫിലിം എടുത്ത് കളഞ്ഞും പോലീസ് തങ്ങളുടെ നിയമ ബോധം പാവങ്ങളുടെ മേല്‍ പ്രകടിപ്പിച്ചു...

ഇനി നിങ്ങളോക്കെ റോഡിലൂടെ പോകുമ്പോള്‍ പത്തും അമ്പതും കോടിയും വിലയൊക്കെയുള്ള കാറുകളിലൊക്കെ ഒന്ന് നോക്കിക്കെ.. എത്ര വണ്ടികളില്‍ നിന്ന് സണ്‍ഫിലിം കളഞ്ഞിട്ടുണ്ട്.... അല്ല്ലങ്കില്‍ തന്നെ നിഅയമങ്ങളൊക്കെ എന്നും പാവപ്പെട്ടവനു വേണ്ടിയുള്ളതാണല്ലോ...

രണ്ടോ മൂന്നോ ലക്ഷം ബാങ്കില്‍ നിന്ന് വായ്പ എടുത്തവന്‍ തിരിച്ചടവ് മുടക്കിയാല്‍ നോട്ടീസ് അയിച്ചും പത്രത്തില്‍ പരസ്യം കൊടുത്തും അവന്റെ കുടുംബം വരെ ജപ്തി ചെയ്യുന്ന ബാങ്കുകള്‍ കോടികള്‍ വായ്പ എടുത്ത് തിരിച്ചട്യ്ക്കാത്തവന് വീണ്ടും വീണ്ടും വായ്പ കൊടുക്കും.. ചേട്ടാ എന്തെങ്കിലും ഒന്ന് തിരിച്ചട്യ്ക്ക് എന്നൊക്കെ പറഞ്ഞ് പുറകെ നടക്കും.. അതൊന്നും വായ്പ എടുത്തവന്‍ കേട്ടില്ലങ്കില്‍ അതൊക്കെ അങ്ങ് എഴുതി തള്ളും....
അത്രയേ ഉള്ളൂ ഈ നിയമത്തിന്റെ കാര്യം...
ബാങ്കിനെ മാത്രം എന്തിന് പറയണം...

പുറമ്പോക്ക് അര സെന്റ് കൈയ്യേറിയിവന്റെ കൈയ്യേറ്റം ഒഴുപ്പിക്കാന്‍ ബുള്‍ഡോസറുമായി പത്രക്കാരെയും ചാനലുകാരേയും വിളിച്ചു കൊണ്ടു പോകുന്ന സര്‍ക്കാര്‍ വകുപ്പ് ആയിരക്കണക്ക് ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൈയ്യേറിയവന്റെ കൈയ്യേറ്റം അളക്കാന്‍ അളവുകാരനെകൊണ്ട് നടക്കുകയും ആകാശത്ത് നില്‍ക്കുന്ന ഉപഗ്രഹത്തിന്റെ സഹായത്തോടെ സര്‍വേ നടത്തുകയും ഒക്കെ ചെയ്യുന്നത് നമ്മള്‍ കാണുന്നതാണല്ലേ...
അതെ.. ഇതാണ് നിയമം.. ഇത്രയേ ഉള്ളൂ നിയമം...

വനത്തീന്ന് കൃഷി ഇടത്തിലേക്ക് കിടക്കുന്ന മരത്തിന്റെ കൊമ്പ് പാവപ്പെട്ടവന്‍ മുറിച്ചാല്‍ അവനെ പിടിച്ച് അകത്തിടുന്ന വനം വകുപ്പ് സൂപ്പര്‍ സ്റ്റാറിന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പ് പിടിച്ചാല്‍ സ്റ്റാറിന്റെ വീട്ടില്‍ തന്നെ ആനക്കൊമ്പ് സൂക്ഷിക്കും.. എന്നിട്ട് നിയമം മാറ്റാന്‍ വനം വകുപ്പ് മന്ത്രി തന്നെ കേന്ദ്രത്തിലെ മന്ത്രിക്ക് കത്ത് എഴുതും... 
ഏത് !!! നിയമം സ്വന്തക്കാരനു വേണ്ടി മാറ്റണമെന്ന്..
ഇതാണ് ജനങ്ങളേ നമ്മുടെ നാട്ടിലെ നിയമം...
പാവപ്പെട്ടവന് ഒരു നിയമം.. കാശുള്ളവന് വേറെ നിയമം !!!!

എന്തെല്ലാം ഉത്തരവുകളാ നമ്മുടെ കോടതികള്‍ ഇറക്കിയിട്ടുള്ളത്.....

പാവപ്പെട്ടവനും സംഘടനാ ശേഷി ഇല്ലാത്തവനും എന്തെങ്കിലും ഒക്കെ ചെയ്താല്‍ ഒരായിരം നിയമങ്ങളുടേയും ഒരായിരം കോടതി ഉത്തവുകളുടേയും ലംഘനവും ആകും ആ ചെയ്തികള്‍ ...
പാവപ്പെട്ടവന്‍ നിലം നികത്തിയാല്‍ നെല്‍‌വയല്‍-തണ്ണീര്‍ത്തടം നികത്തിയന്ന് പറഞ്ഞ് അകത്തിടൂം.. കാശുള്ളവന്‍ നികത്തിയാല്‍ അത് വ്യവസായ വിപ്ലവത്തിന്റെ കാഹളം മുഴക്കല്‍ ആകും !!!!

ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം മുടക്കി സമ്മേളനവും പ്രകടനവും നടത്തരുതെന്ന് കോടതി പറഞ്ഞ്.. എന്നിട്ടെന്തായി???

പൊതുസ്ഥലങ്ങളില്‍ പുകവലിക്കരുതെന്ന് കോടതി പറഞ്ഞ്.... എന്നിട്ടെന്തായി???

വിദ്യാലയങ്ങളുടെ അരക്കിലോമീറ്റര്‍ ചുറ്റളവില്‍ പുകയില ഉത്പന്നങ്ങള്‍ വില്‍ക്കരുതന്ന് പറഞ്ഞിട്ടെന്തായി??

ജങ്ങളുടെ സുരക്ഷയെ കരുതി പാന്മസാല പോലുള്ള ഉത്പന്നങ്ങള്‍ സര്‍ക്കാര്‍ നിരോധിച്ചില്ലേ? 
{
ആ സുരക്ഷ മദ്യപിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടേ? മദ്യപിക്കുന്നവരെ രക്ഷിക്കാന്‍ മദ്യം നിരോധിക്കാത്തത് എന്തോന്നും ചോദിക്കരുത്...
}
അങ്ങനെ എന്തെല്ലാം എന്തെല്ലാം നിരോധനങ്ങളും ഉത്തരവുകളും നിയമങ്ങളും !!!!

എലിയെപ്പേടിച്ച് ഇല്ലം ചുടുന്ന രീതിയിലുള്ള നിയമങ്ങളും ഉത്തരവുകളും നമ്മുടെ ഈ കൊച്ചു കേരളത്തില്‍ ഉണ്ടായിട്ടുണ്ട്...

മദ്യത്തിന്റെ കാര്യം ഓര്‍ത്തപ്പോഴാ റയില്‍‌വേയുടെ കാര്യം ഓര്‍ത്തത്... റയില്‍വേ പ്ലാറ്റ് ഫോമിലും കമ്പാര്‍ട്ടുമെന്റിലും മദ്യപിച്ച് കയറിയാല്‍ പിടിച്ച് അകത്തിടും എന്ന് പറഞ്ഞ് ഒരാഴ്ച പുകിലായിരുന്നു.. നിയമം അങ്ങ് കര്‍ശനമാക്കി മുന്നോട്ട് നീങ്ങിയാല്‍ പല ടിടീഇ മാര്‍ക്കും റയില്‍‌വേ പ്ലാറ്റ് ഫോമില്‍ പോലും കയറാന്‍ പറ്റില്ലന്ന് കരുതിയായിരിക്കും മദ്യപിച്ച് ബഹളം വയ്ക്കുന്നവരെ മാത്രം പിടിച്ചാല്‍ മതിയന്ന് റയി‌ല്‍‌വേ അവസാനം കരുതിയത്..... 

അല്ലങ്കില്‍ തന്നെ റയില്‍‌വേയുടെ നിയമം നമ്മള്‍ എന്തിനാ അനുസരിക്കുന്നത്...

ട്രയിന്‍ ചലിച്ചു കൊണ്ടിരിക്കുമ്പോള്‍ കയറാനോ ഇറങ്ങാനോ ശ്രമിക്കരുതെന്ന് എവിടൊക്കെ എഴുതി വെച്ചിരിക്കുന്നു... എന്നിട്ട് നമ്മളത് അനുസരിക്കുന്നുണ്ടോ??
ആളില്ല ലവക്രോസില്‍ വാഹനം കടന്നു പോകുമ്പോള്‍ ഡ്രൈവരോ സഹായിയോ ട്രയിന്‍ വരുന്നില്ലന്ന് ഉറപ്പാക്കിയതിനു ശേഷമേ വാഹനങ്ങള്‍ കടന്നു പോകാവൂ എന്ന് റയില്‍‌വേ പറയുന്നു..... നമ്മുടെ നാട്.. നമ്മുടെ വണ്ടി... നമ്മുടെ സമയം... വേണമെങ്കില്‍ ട്രയിന്‍ നിര്‍ത്തിക്കോ ഞങ്ങള്‍ക്ക് വാഹനം നിര്‍ത്താനോ നോക്കാനോ സൌകര്യം ഇല്ല എന്നാണ് നമ്മളില്‍ പലരും മനസില്‍ പറയുന്നത്....

അല്ലങ്കില്‍ തന്നെ എന്തോന്ന് നിയമം...

പിള്ളാരെ സ്കൂളില്‍ കൊണ്ടു പോകുന്ന വാഹനങ്ങളില്‍ കുട്ടികളെ കുത്തി നിറയ്ക്കരുതെന്ന് പറയുന്നു....
പറയുന്നവരു അവിടെക്കിടന്ന് പറയും... എന്തെങ്കിലും അപകടം പറ്റിയാല്‍ രണ്ട് ദിവസത്തേക്ക് ഉദ്യ്യോഗസ്ഥര്‍ ഭയങ്കര ശുഷ്ക്കാന്തിയുമായി ഇറങ്ങും.. വീണ്ടൂം നിയമങ്ങള്‍ പഴയ പടിയാകും...

നമുക്ക് ലംഘിക്കാന്‍ വേണ്ടി മാത്രമാകുമോ മലമൂത്ര വിസര്‍ജന നിരോധനം എന്ന് ചിന്തിച്ചുകൊണ്ടും ഇനി എവിടെങ്കിലും പോകുന്ന വഴിയില്‍ പെടുക്കാന്‍ മുട്ടിയാല്‍ എന്തുചെയ്യുമെന്ന് ആലോചിച്ചും കൊണ്ട് മംഗളം മടക്കി മനോരമ എടുത്തു...

ഹൈക്കോടതിയുടെ മലമൂത്ര വിസര്‍ജന നിരോധന വാര്‍ത്ത ആദ്യ പേജില്‍ ഇല്ല...
ഇനി നിരോധന വാര്‍ത്ത മനോരമയങ്ങാണം അറിയാതെ പോയതാണോ..
ഹേയ് അതാകാന്‍ വഴിയില്ല.. ഓരോ പേജും അരിച്ചു പെറുക്കി വായിക്കാന്‍ തുടങ്ങി..
ഹൊ!!! വാര്‍ത്ത മനോരമയിലും ഉണ്ട്...
പക്ഷേ മംഗളത്തിലെ വാര്‍ത്തപോലെ പേടിപ്പിക്കുന്ന നിരോധന വാര്‍ത്തയല്ല...
വാര്‍ത്ത താഴെ...


പൊതു ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചതിനു ശേഷം പൊതു സ്ഥലങ്ങളിലെ മല വിസര്‍ജനം നിരോധിക്കണമെന്ന്....
അപ്പോ മൂത്രം ഒഴിക്കുന്നതിനു പ്രശ്നമില്ലേ???
ആ‌വോ !!! 
തദ്ദേശ സ്ഥാപനങ്ങള്‍ കക്കൂസും മൂത്രപ്പുരയും ഒക്കെ പണിതിട്ടേ ഉള്ളത്രെ നിരോധനം !!!
ചുരുക്കിപറഞ്ഞാല്‍ പത്തിരുപത് പഞ്ചവത്സര പദ്ധതികള്‍ കൂടി നടന്നാലും ഈ നിരോധനം നടക്കാന്‍ പോകുന്നില്ലന്ന് !!!
അല്ലങ്കില്‍ തന്നെ ഇത്ര പേടിക്കാന്‍ എന്തിരിക്കുന്നു....
 എത്രയോ നിരോധന ഉത്തരവുകള്‍ നമ്മള്‍ കണ്ടിരിക്കുന്നു...
അല്ലങ്കില്‍ തന്നെ നമൊക്കൊക്കെ ലംഘിക്കാന്‍ വേണ്ടിയാണല്ലോ നിയമങ്ങളും കോടതി ഉത്തരവുകളും....